August 2025 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
August 2025 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 31 ആഗസ്റ്റ് 2025 | #NewsHeadlines

• സ്കിൽ കേരള ഗ്ലോബൽ സമ്മിറ്റ് വൻ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷിച്ചത് അമ്പതിനായിരം തൊ‍ഴിൽ വാഗ്ദാനങ്ങളായിരുന്നെന്നും, എന്നാൽ 128,408 വാഗ്ദാനങ്ങൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

• ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ഓളപ്പരപ്പിലെ രാജാവായി വിബിസി കൈനകരിയുടെ വീയപുരം ചുണ്ടൻ. പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാ​ഗം ചുണ്ടൻ രണ്ടാമതായി ഫിനിഷ് ചെയ്തു.

• സംസ്ഥാനത്ത് മഴ ശക്തമാകുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

• ആദിവാസി നേതാവ് സി കെ ജാനുവും പാർട്ടിയും എൻ ഡി എ മുന്നണി വിട്ടു. മുന്നണിയിൽ നിന്നും സ്ഥാനമാനങ്ങളോ പരിഗണനയോ ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് മുന്നണി വിട്ടത്.

• കണ്ണൂർ കീഴറ സ്ഫോടന കേസിലെ മുഖ്യപ്രതി അനൂപ് മാലിക് പിടിയിൽ. കാഞ്ഞങ്ങാട് നിന്നാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്. കീഴറയിൽ വാടക വീട്ടിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.

• സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മികവാർന്ന രചനകൾ വായനക്കാരിലേക്ക് എത്തിക്കുന്നു. തിരുവനന്തപുരത്ത് നടന്ന കലോത്സവത്തിലെ രചനകൾ 'മഴ മണ്ണിലെഴുതിയത്' എന്ന പേരിൽ മാഗസിൻ രൂപത്തിൽ പുറത്തിറക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

• പശ്‌ചിമതീര കനാലിന്റെ ഭാഗമായ തിരുവനന്തപുരം ജില്ലയിലെ ആക്കുളം മുതൽ തൃശൂർ ജില്ലയിലെ ചേറ്റുവവരെയുള്ള ജലപാത നവംബറിൽ പൂർത്തിയാകും. കോവളം–ബേക്കൽ ജലപാതയുടെ ആദ്യഘട്ടമാണ്‌ കമീഷനിങ് ചെയ്യുക.

• യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുകളുണ്ടാക്കിയ കേസിൽ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാതെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. അടുത്ത ആഴ്ച ഹാജരാകാൻ ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകും.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 30 ആഗസ്റ്റ് 2025 | #NewsHeadlines

• സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കാനും ഭാവിപ്രവർത്തനങ്ങൾക്കായി പൊതുജനാഭിപ്രായം തേടാനും വികസന സദസ്സുകൾ സംഘടിപ്പിക്കും. സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെ തദ്ദേശസ്ഥാപന തലത്തിലാണ് വികസന സദസ്സുകൾ സംഘടിപ്പിക്കുക.

• ആഗോള അയ്യപ്പ സംഗമത്തിന് പൂർണ്ണ പിന്തുണയെന്ന് എൻഎസ്എസ്. ഇടതുപക്ഷ സർക്കാർ ശബരിമല ആചാരം സംരക്ഷിക്കുമെന്ന്
എൻഎസ്എസ് വൈസ് പ്രസിഡന്റ് എൻ. സംഗീത് കുമാർ.

• സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത നിർമാണ പ്രവൃത്തിയിലേക്ക് കടക്കുന്നു. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.

• ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് നൈപുണി പരിശീലനം നല്‍കി തൊഴില്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന സ്‌കില്‍ കേരള ഗ്ലോബല്‍ സമ്മിറ്റ്‌ 2025ന്‌ തുടക്കം. കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു സമ്മിറ്റ്‌ ഉദ്‌ഘാടനം ചെയ്തു.

• കെഎസ്‌ആർടിസിയിൽ ഓണം ബോണസായി 3000 രൂപ സെപ്‌തംബർ മൂന്നിന്‌ വിതരണം ചെയ്യും. മുൻവർഷത്തേക്കാൾ 250 രൂപ കൂട്ടിയാണ്‌ തുക അനുവദിക്കുന്നത്‌.

•  ഇന്ത്യക്ക് മേല്‍ യുഎസ് ചുമത്തിയ 50% താരിഫ് പ്രാബല്യത്തിന് വന്നതിന് പിന്നാലെ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ട് രൂപ. ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം ഒരു ഡോളറിന് 88 രൂപ എന്ന നിലയില്‍ എത്തി.

• ഓണാഘോഷത്തിന് നിറം പകരാൻ നാടെങ്ങും കുടുംബശ്രീയുടെ പൂക്കളെത്തി. ഓണ വിപണി ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ‘നിറപ്പൊലിമ’ പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്ന ജമന്തി, മുല്ല, ചെണ്ടുമല്ലി, താമര തുടങ്ങിയ പൂക്കളാണ് വിപണിയിലേക്കൊഴുകുന്നത്.

• കശുവണ്ടി മേഖലയിലെ തൊഴിലാളികൾ, ഫാക്ടറികളിലെ ജീവനക്കാർ എന്നിവർക്ക് വേണ്ടിയുള്ള 2025 വർഷത്തെ ബോണസ് 20 ശതമാനമായി നിശ്ചയിച്ചു. ബോണസ് അഡ്വാൻസായി 11,000 രൂപയും നിശ്ചയിച്ചു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 29 ആഗസ്റ്റ് 2025 | #NewsHeadlines

• സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

• വയനാട് തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

• മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം.

• സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പരമാവധി ജോലി സമയം വർധിപ്പിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. ജോലി സമയം 9 മണിക്കൂറിൽ നിന്ന് 10 മണിക്കൂറായി ഉയർത്താനാണ് നീക്കം.

• അസം സര്‍ക്കാരിന് വീണ്ടും തിരിച്ചടി. രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്ത മാധ്യമപ്രവര്‍ത്തകന്‍ അഭിസാര്‍ ശര്‍മ്മയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു.

• നിയമസഭ പാസാക്കിയ ബില്ലുകള്‍ ആറുമാസത്തില്‍ കൂടുതല്‍ തടഞ്ഞുവെക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഗവര്‍ണര്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഇടയിലുള്ള സുപ്രധാന കണ്ണിയാണെന്നും ചീഫ് ജസ്റ്റിസ്.

• മഹാരാഷ്‌ട്രയിൽ അനധികൃതമായി നിർമിച്ച ബഹുനിലകെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി.

• കോക്കോണിക്സ് ലാപ്‌ടോപ്പ്‌ അടക്കമുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സിംബാബ്‌വെയുടെ വിപണിയിൽ അവതരിപ്പിക്കാൻ സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെൽട്രോൺ.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 28 ആഗസ്റ്റ് 2025 | #NewsHeadlines

• കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മാ അയ്യൻകാളിയുടെ 162 ആം ജന്മദിനം ഇന്ന്. 

• ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം നടത്തിയ പരിശ്രമങ്ങള്‍ക്കുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ 2025 ലെ ഗോള്‍ഡ് അവാര്‍ഡ്.

• രാജ്യത്ത് ആദ്യമായി വയോജനകമ്മിഷന്‍ യാഥാര്‍ത്ഥ്യമാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനും പുനരധിവാസം സാധ്യമാക്കുന്നതിനും ഉൾപ്പടെ കേരളം രൂപീകരിച്ച വയോജന കമ്മിഷന്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.

• രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കേസെടുത്തു. സംസ്ഥാന ക്രൈം ബ്രാഞ്ച് ആണ് കേസെടുത്തത്. സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്.

• സംസ്ഥാനത്തെ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട മുതിർന്ന പൗരൻമാർക്കുള്ള ഓണസമ്മാനമായ 1000 രൂപയുടെ വിതരണത്തിന് തുടക്കം കുറിച്ചു.

• എ ഐ ക്യാമറകൾ സ്ഥാപിച്ചതിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ആരോപണങ്ങൾ തെളിയിക്കാൻ ഹർജിക്കാരുടെ കൈവശം യാതൊരു തെളിവുമില്ലെന്ന് കോടതി കണ്ടെത്തി.

• സംസ്ഥാനത്ത്‌ പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക്‌ സപ്ലൈകോ ഓണക്കിറ്റ്‌ വാങ്ങുന്നതിനായി 1000 രൂപയുടെ വീതം ഗിഫ്‌റ്റ്‌ കൂപ്പണുകൾ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.

• സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിലെ സജീവ അംഗങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഓണം ഉത്സവ ബത്ത വര്‍ധിപ്പിച്ചു സംസ്ഥാന സര്‍ക്കാർ.

• സമൂഹത്തിൽ വർധിച്ചു വരുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളെയും ലഹരി ഉപയോഗത്തെയും ഫലപ്രദമായി നേരിടാനുള്ള കർമ്മപദ്ധതിയുടെ ഭാഗമായി അധ്യാപകരെ പ്രാഥമിക കൗൺസിലർമാരാക്കി മാറ്റുന്നതിനുള്ള പരിശീലന പരിപാടി നടപ്പിലാക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 27 ആഗസ്റ്റ് 2025 | #NewsHeadlines

• താമരശ്ശേരി ചുരത്തില്‍ മണ്ണും പാറക്കെട്ടുകളും മരങ്ങളും റോഡിലേക്ക് പതിച്ച് മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ ദേശീയ പാത 766 കോഴിക്കോട് വയനാട് പാതയിലെ ചുരം വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിലച്ചു.

• സംസ്ഥാനത്ത് ഓണം സമൃദ്ധമാക്കാന്‍ സര്‍ക്കാര്‍ എല്ലാ ഇടപെടല്‍ ശക്തമാണെന്നും 1800 കേന്ദ്രങ്ങളില്‍ സഹകരണ വിപണി നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്‍സ്യൂമര്‍ഫെഡ് ഓണം സഹകരണ വിപണി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

• മെഡിക്കല്‍ കോളേജുകളില്‍ ശുചീകരണത്തിന് ഇന്‍ഹൗസ് പരിശീലനം നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അണുബാധാ നിയന്ത്രണത്തിന്റെ ഭാഗമായി പരിശീലനവും സര്‍ട്ടിഫിക്കറ്റ് നല്‍കും.

• ആശ്വാസകിരണം പദ്ധതിയില്‍ 2025 ആഗസ്റ്റ് വരേയ്ക്കുള്ള മുഴുവന്‍ ധനസഹായവും അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു. അര്‍ഹരായ ഗുണഭോക്താക്കള്‍ക്കായി എട്ടു കോടി രൂപയാണ് ഓണത്തോടനുബന്ധിച്ച് അനുവദിച്ചിരിക്കുന്നത്.

• ഗ്രാമീണ, നഗര തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ സർക്കാരിന്റെ ഓണസമ്മാനം 200 രൂപ വർധിച്ചിച്ചു. ഇത്തവണ 1200 രൂപവീതം ഓണസമ്മാനം ലഭിക്കുമെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ.

• എ എ വൈ കാർഡുടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചു.

• കൊട്ടാരക്കരയിൽ തെരുവ് നായയുടെ കടിയേറ്റയാൾ പേവിഷബാധയേറ്റ് മരിച്ചു. പെരുകുളം സ്വദേശി ബിജുവാണ് മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയാണ് മരണം.

• കേരളത്തിൽ പകുതിയിലേറെ വിദ്യാർഥികളും പഠിക്കുന്നത്‌ സർക്കാർ സ്‌ക‍ൂളിലെന്ന്‌ കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ സർവേ ഫലം. സർവേ പ്രകാരം സർക്കാർ സ്‌കൂളുകളിൽ 52 ശതമാനവും സ്വകാര്യ സ്‌കൂളുകളിൽ 45 ശതമാനവും വിദ്യാർഥികളും പഠിക്കുന്നു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 26 ആഗസ്റ്റ് 2025 | #NewsHeadlines

• സമഭാവനയുടെ സന്ദേശവുമായി, ഓണക്കാല വിളംബരമായി ഇന്ന് അത്തം. ഇനി പത്തുനാൾ വീട്ടുമുറ്റങ്ങളിൽ ഓണപ്പൂക്കൾ ചിരിക്കും. പത്താം നാൾ തിരുവോണം.

• ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ദ്ധിപ്പിച്ചു. ഇത്തവണ 4500 രൂപ ലഭിക്കും.  പ്രത്യേക ഉത്സവബത്ത 3000 രൂപയായി ഉയര്‍ത്തി നല്‍കുമെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

• ഓണം പ്രമാണിച്ച് സംസ്ഥാനത്തെ കരാര്‍-സ്കീം തൊഴിലാളികള്‍ക്ക് നല്‍കുന്ന ഉത്സവബത്ത 1200 രൂപയില്‍ നിന്ന് 1450 രൂപയായി ഉയര്‍ത്തി. അങ്കണവാടി, ബാലവാടി ഹെല്‍പര്‍മാര്‍, ആയമാര്‍ എന്നിവര്‍ക്കും 1450 രൂപ വീതം ലഭിക്കും.

• പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ദില്ലി സര്‍വകലാശാലയോട് നിര്‍ദ്ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്റെ  ഉത്തരവ് ദില്ലി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

• ലൈംഗിക ആരോപണ വിഷയത്തിൽ മുഖം രക്ഷിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ രാജി ഒഴിവാക്കി കോൺഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്‍ഷന്‍. എംഎൽഎ സ്ഥാനം രാജി വെക്കില്ല.

• സാധാരണക്കാരന് കീശകീറാതെ ഓണം ആഘോഷിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

• സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ വസ്തു നിഷ്ഠമായി മനസിലാക്കുന്നതിന് ജനപക്ഷ സർക്കാരിന് സ്ഥിതി വിവര കണക്കുകകൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

• റിലയന്‍സ് ഫൗണ്ടേഷന്‍ നടത്തുന്ന സ്വകാര്യ മൃഗ പരിപാലന കേന്ദ്രമായ വന്‍താരയ്‌ക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ ഉത്തരവിട്ട് സുപ്രിംകോടതി. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന് സംഘം അന്വേഷിക്കും.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 25 ആഗസ്റ്റ് 2025 | #NewsHeadlines

• മനുഷ്യനെ ബഹിരാകാശത്ത്‌ എത്തിക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ ദ‍ൗത്യത്തിന്റെ ആദ്യ പരീക്ഷണം വിജയകരം. ഇന്റഗ്രേറ്റഡ്‌ എയർ ഡ്രോപ്പ്‌ ടെസ്റ്റ്‌ എന്നറിയിപ്പെടുന്ന പരീക്ഷണമാണ്‌ ഐഎസ്‌ആർഒ വിജയകരമായി പൂർത്തിയാക്കിയത്.

• വിഴിഞ്ഞം തുറമുഖത്തിന് വീണ്ടും ചരിത്ര നേട്ടം; 409 ദിവസങ്ങൾക്കുള്ളിൽ കൈകാര്യം ചെയ്തത് 10 ലക്ഷം കണ്ടെയ്നറുകൾ.

• സംസ്ഥാനസർക്കാരിന്റെ സ‍ൗജന്യഓണക്കിറ്റ്‌ ചൊവ്വാഴ്‌ച മുതൽ വിതരണംചെയ്യും. സംസ്ഥാനതല ഉദ്‌ഘാടനം രാവിലെ 9.30ന്‌ ജില്ലാപഞ്ചായത്ത്‌ ഹാളിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിക്കും.

• ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായുള്ള സപ്ലൈകോയുടെ ഓണച്ചന്തകൾ നാളെ മുതൽ. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

• യൂണിയൻ പബ്ലിക് സർവീസ് കമീഷന്റെ (യുപിഎസ്‍സി) കണക്കിൽ കഴിഞ്ഞവർഷത്തെ നിയമനത്തിൽ കേരളം ഒന്നാമത്‌. 2024ൽ കേരളം ഉൾപ്പെടെയുള്ള 28 സംസ്ഥാനങ്ങളിൽ പിഎസ്‍സി വഴി അയച്ച ആകെ നിയമന ശുപാർശ 67,711. ഇതിൽ കേരളം മാത്രം അയച്ചത് 34,022. അതായത്‌ രാജ്യത്ത് ആകെ നിയമനങ്ങളിൽ 50. 24 ശതമാനം.

• പഞ്ചായത്ത്‌ പരിധിയിൽ വിവിധ കാരണങ്ങളാൽ ഒ‍ൗദ്യോഗിക രേഖകളിൽ ഉൾപ്പെടാത്തതും നികുതി പരിധിയിൽ വരാത്തതുമായ കെട്ടിടങ്ങൾ കണ്ടെത്താൻ സംവിധാനവുമായി തദ്ദേശ ഭരണവകുപ്പ്‌. ഇത്തരം കെട്ടിടങ്ങൾ കണ്ടെത്തി തദ്ദേശസ്ഥാപനങ്ങളുടെ ഡേറ്റാബാങ്കിൽ ഉൾപ്പെടുത്തും.

• കോടികളുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസിനു പിന്നാലെ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷനെ ഫ്രോഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ബാങ്ക് ഓഫ് ഇന്ത്യ.

• സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് സ്വദേശിയായ 25 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 24 ആഗസ്റ്റ് 2025 | #NewsHeadlines

• കൊച്ചിയില്‍ ആരംഭിച്ച കേരള ഏവിയേഷന്‍ സമ്മിറ്റ് 2025 വ്യോമയാന മേഖലയില്‍ വലിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വലിയ മുതല്‍ക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

• സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവത്തിന് സമാപനം. തിരുവനന്തപുരം ജില്ല കലാകിരീടം കരസ്ഥമാക്കി.

• ഓണക്കാലത്തിന് മുന്നോടിയായി സർക്കാർ സംസ്ഥാന സര്‍വീസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

• സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാതയുടെ മുന്നൊരുക്ക പ്രവൃത്തി ആരംഭിച്ചു. പ്രവൃത്തിയുടെ ഒ‍ൗദ്യോഗിക ഉദ്‌ഘാടനം 31ന്‌ പകൽ മൂന്നിന്‌ ആനക്കാംപൊയിലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

• പാക്‌വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക്‌ സെപ്‌തംബർ 24 വരെ നീട്ടി ഇന്ത്യ. ആഗസ്ത്‌ 24 ന്‌ കാലാവധി അവസാനിരിക്കെയാണ്‌ നടപടി. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന്‌ ഇരുരാജ്യങ്ങളുമായി ഉണ്ടായ സംഘർഷാവസ്ഥയെ തുടർന്ന്‌ ഏപ്രിൽ 30 നാണ്‌ പാക്‌ വിമാനങ്ങൾക്ക്‌ വിലക്കേർപ്പെടുത്തിയത്‌.

• യുഎസിലേക്കുള്ള തപാൽ സേവനങ്ങൾ തൽക്കാലത്തേക്ക്‌ നിർത്തിവെച്ചതായി തപാൽ വകുപ്പ്‌ അറിയിച്ചു. നൂറ്‌ ഡോളർ വരെ മൂല്യമുള്ള കത്തുകൾ‍, രേഖകൾ, സമ്മാനങ്ങൾ എന്നിവയൊഴികെ മറ്റെല്ലാ തപാൽ സേവനങ്ങളുമാണ്‌ നിർത്തിയത്‌.

• ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ആദ്യ ജയം. വെസ്റ്റ് ഹാമിനെതിരെ ഗോള്‍മഴ തീര്‍ത്ത ചെല്‍സി ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് വിജയം നേടിയത്. കഴിഞ്ഞ മത്സരത്തില്‍ സമനില നേടിയ ചെല്‍സി തിരിച്ചുവരവ് ഗംഭീരമാക്കി.

• ജമ്മു കശ്മീരിൽ നിരോധിച്ച ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട 215 സ്കൂളുകൾ സർക്കാർ ഏറ്റെടുത്തു. 10 ജില്ലകളിലായി പ്രവർത്തിക്കുന്ന 215 സ്കൂളുകളാണ് സർക്കാർ ഏറ്റെടുത്തത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 23 ആഗസ്റ്റ് 2025 | #NewsHeadlines

• എറണാകുളം കോട്ടയം ജില്ലകളിലെ 2 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

• സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

• വനിതാ ഏകദിന ലോകകപ്പ് മത്സരത്തിനായുള്ള വേദികളിൽ കേരളം ഇല്ല. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം വേദികളുടെ പട്ടികയിലില്ല. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റുന്നത് പരിഗണിച്ചിരുന്നു.

• തെരുവുനായകളെ പിടികൂടി വന്ധ്യംകരിച്ച്, പേവിഷ ബാധയ്‌ക്കെതിരായ വാക്‌സിൻ നൽകി അതേസ്ഥലത്ത്‌ തിരികെവിടണമെന്ന്‌ സുപ്രീംകോടതി.

• സ്വപ്ന സുരേഷ് പ്രതിയായ സ്വർണക്കടത്ത് കേസിൽ മുൻ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്‌ഥർക്ക് 12 കോടി രൂപ പിഴ ചുമത്തി കസ്‌റ്റംസ്. അന്നത്തെ പ്രധാന ഉദ്യോഗസ്ഥർക്കെതിരെയാണ് കസ്റ്റംസ് പിഴ ചുമത്തിയത്.

• ബീഹാറിലെ വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള രേഖയായി ആധാര്‍ പരിഗണിക്കേണ്ടി വരുമെന്ന് സുപ്രീംകോടതി പറഞ്ഞു.

• ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ത്തയുടെ പേരിൽ അസം പൊലീസെടുത്ത രാജ്യദ്രോഹക്കേസില്‍ മാധ്യമ പ്രവര്‍ത്തകരായ സിദ്ധാര്‍ഥ് വരദരാജന്റെയും കരണ്‍ ഥാപ്പറിന്റെയും അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി.

• പ്ലാസ്റ്റിക് മദ്യക്കുപ്പിക്ക് പകരം പണം നൽകുന്ന പദ്ധതി അടുത്ത മാസം ഒന്ന് മുതൽ നടപ്പാക്കുമെന്ന തീരുമാനം മാറ്റി ബെവ്കോ. അടുത്തമാസം 10 ലേക്ക്മാറ്റി. പ്ലാസ്റ്റിക് മദ്യക്കുപ്പി തിരികെ നൽകിയാൽ ഡിപ്പോസിറ്റ് തുക 20 രൂപ മടക്കി നൽകുന്ന പദ്ധതി അടുത്ത മാസം ഒന്ന് മുതൽ നടപ്പാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. 

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 22 ആഗസ്റ്റ് 2025 | #NewsHeadlines

• പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരത്ത് പി ടി പി നഗറിൽ റവന്യൂ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു കുഴഞ്ഞ് വീണത്.

• രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി കേരളം. പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

• 17ാമത് രാജ്യാന്തര ഹ്രസ്വ ചലചിത്ര മേളയ്ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം കൈരളി തീയേറ്ററിൽ മന്ത്രി സജി ചെറിയാന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

• സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന്റെ തെളിവുകൾ പുറത്തുവന്നതോടെ യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനം രാജിവച്ച് രാഹുൽ മാങ്കൂട്ടത്തിൽ.

• റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി വിദേശമന്ത്രി എസ് ജയ്ശങ്കർ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യവും തമ്മിലുള്ള വ്യാപാരബന്ധം വികസിപ്പിക്കുന്നതിനാണ് ചർച്ച ശ്രദ്ധ കേന്ദ്രീകരിച്ചത്.

• പാർലമെന്റിന്റെ വർഷകാല സമ്മേളനം സമാപിച്ചു. ഓൺലൈൻ ചൂതാട്ട നിയന്ത്രണ ബില്ല് രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി. ബില്ലിൽ ചർച്ച ആരംഭിച്ചെങ്കിലും, വോട്ട് മോഷണം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ചർച്ചയില്ലാതെ ബില്ല് പാസാക്കുകയായിരുന്നു.

• ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട് കസ്റ്റഡിയിൽ 30 ദിവസം പൂർത്തിയാക്കുന്ന മന്ത്രിമാരെ അയോഗ്യരാക്കുന്ന വിവാദമായ 130-ാം ഭരണഘടന ഭേദഗതി ബിൽ അടക്കം മൂന്നു ബില്ലുകൾ ആഭ്യന്തര മന്ത്രി അമിത്ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു.

• ഇടുക്കി ഭൂപതിവ് നിയമ ഭേദഗതി പ്രകാരമുള്ള ചട്ടം ഈ മാസം തന്നെ പ്രാബല്യത്തിൽ വരുമെന്ന് റവന്യു മന്ത്രി കെ രാജൻ.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 21 ആഗസ്റ്റ് 2025 | #NewsHeadlines

• കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ആഗസ്റ്റ് 22 മുതല്‍ 27 വരെ സംഘടിപ്പിക്കുന്ന 17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയില്‍ 331 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

• യുവരാഷ്ട്രീയ നേതാവിനെതിരായ വെളിപ്പെടുത്തലിൽ ഉറച്ച് നിൽക്കുന്നതായി നടി റിനി ആൻ ജോർജ്. ഇപ്പോൾ പേര് വെളിപ്പെടുത്താൻ തയാറല്ലെന്നും ആ നേതാവ് ക്രിമിനൽ ബുദ്ധിയുള്ളയാളാണെന്നും റിനി പറഞ്ഞു.

• പുത്തൻ ബസുകളുമായി നിരത്ത്‌ കീഴടക്കാൻ കെഎസ്‌ആർടിസി. എട്ട്‌ വിഭാഗത്തിലായി 143 ബസുകളുടെ ഫ്ലാഗ്‌ ഓഫ്‌ മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴം വൈകിട്ട്‌ 5.30ന്‌ ആനയറ സ്വിഫ്‌റ്റ്‌ ആസ്ഥാനത്ത്‌ നിർവഹിക്കും.

• സംസ്ഥാനത്തെ പട്ടികവർഗ കുടുംബങ്ങളിലെ 60 വയസ് കഴിഞ്ഞവർക്ക് ഉത്സവബത്ത നൽകും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് 1000 രൂപ നൽകാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി.

• പാലക്കാട് വടക്കന്തറയില്‍ വ്യാസ വിദ്യ പീഠം സ്‌കൂളിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പൊലീസ് ഊര്‍ജിത അന്വേഷണം നടത്തണമെന്ന് പാലക്കാട് എസ് എഫ് ഐ.

• അറുപത്‌ ദിവസത്തെ വെടിനിർത്തലിനായി മധ്യസ്ഥ രാജ്യങ്ങൾ മുന്നോട്ടുവച്ച നിർദേശങ്ങൾ ഹമാസ്‌ അംഗീകരിച്ചെങ്കിലും ഗാസ പിടിച്ചെടുക്കാനുള്ള സൈനികനീക്കം ശക്തമാക്കി ഇസ്രയേൽ.

• ലൈഫ് പദ്ധതി പ്രകാരം നിലവിൽ നിർമ്മാണത്തിലുള്ള 1,27,601 വീടുകൾക്കായി 1500 കോടി രൂപ ഹഡ്കോയില്‍ നിന്ന് വായ്പ എടുക്കുന്നതിനായി സര്‍ക്കാര്‍ ഗ്യാരന്റി നില്‍ക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

• നടൻ വിജയ് അധ്യക്ഷനായ തമിഴക വെട്രിക് കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനം ഇന്ന് മധുരൈയിൽ നടക്കും. ഒന്നരലക്ഷം പേരെ പങ്കെടുപ്പിച്ച് സമ്മേളനം നടത്താനാണ് ടിവികെ ഒരുങ്ങുന്നത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 20 ആഗസ്റ്റ് 2025 | #NewsHeadlines

• കേരളത്തിലെ പ്രധാന സർക്കാർ ആശുപത്രികളിൽ മുതിർന്ന പൗരന്മാർക്കായി  സെപ്റ്റംബർ ഒന്ന് മുതൽ പ്രത്യേക ഒപികൾ പ്രവർത്തനസജ്ജമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്.

• പാലിയേക്കര ടോള്‍ തടഞ്ഞതിനെതിരായ ദേശീയപാത അതോറിറ്റിയുടെ അപ്പീല്‍ സുപ്രീം കോടതി തള്ളി. ടോള്‍ തടഞ്ഞ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.

• വ്യവസായി മുഹമ്മദ് ഷർഷാദിനെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ വക്കീൽ നോട്ടീസ് അയച്ചു. വ്യാജ ആരോപണങ്ങളും വ്യക്തി അധിക്ഷേപങ്ങളും ഷർഷാദ് മാധ്യമങ്ങളിലൂടെ നടത്തുന്ന സാഹചര്യത്തിലാണ് നോട്ടീസ്.

• സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറിയെന്ന് മന്ത്രി എം ബി രാജേഷ്. രാജ്യത്ത് ആദ്യമായി നേട്ടം കൈവരിക്കുന്ന സംസ്ഥാനമാണ് കേരളം.

• വിവാഹവാഗ്ദാനം നൽകി വനിതാ ഡോക്ടറെ പീഡിപ്പിച്ചുവെന്ന കേസിൽ റാപ്പർ വേടന്റെ അറസ്റ്റ്‌ തടഞ്ഞ്‌ ഹൈക്കോടതി. വേടൻ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ്‌ റാപ്പറുടെ അറസ്റ്റ്‌ കോടതി തടഞ്ഞത്.

• ഏഷ്യാ കപ്പ് ട്വന്‍റി 20 ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവാണ് ക്യാപ്റ്റൻ. ടെസ്റ്റ് ടീം നായകനായ ശുഭ്മാന്‌‍ ​ഗിൽ വൈസ് ക്യാപ്റ്റനായി ട്വന്റി 20 ടീമിൽ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസൺ പ്രധാന വിക്കറ്റ് കീപ്പറാകും.

• സംസ്ഥാന സർക്കാരുകൾ പാസാക്കുന്ന ബില്ലുകൾ പിടിച്ചുവെച്ച് തീരുമാനം വൈകിപ്പിക്കുന്ന നടപടിക്കെതിരായ കേസിൽ ഗവർണർമാരുടെ അധികാരങ്ങളെ കുറിച്ച് രാഷ്ട്രപതിയുടെ പുതിയ റഫറൻസ് തള്ളി കേരളവും തമിഴ് നാടും.

• പ്രായപൂർത്തിയാകാത്ത വ്യക്തികൾ തമ്മിലുള്ള പ്രണയബന്ധങ്ങളെ പോക്സോ കേസുകളിൽ നിന്നും വ്യത്യസ്തമായി കാണണമെന്ന് സുപ്രീം കോടതി.

• മഹാരാഷ്‌ട്ര നാന്ദേഡിൽ മേഘവിസ്‌ഫോടനത്തെതുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ എട്ടുപേർ മരിച്ചു. നാലുദിവസമായി തുടരുന്ന കനത്തമഴയിൽ മുംബൈ വെള്ളക്കെട്ടിലായി. മിതി നദി കരകവിഞ്ഞു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 19 ആഗസ്റ്റ് 2025 | #NewsHeadlines

• കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ന് പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

• ഗാസയില്‍ വെടിനിര്‍ത്തലിന് വഴിയൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വെടിനിര്‍ത്തല്‍ നിര്‍ദേശം ഹമാസ് അംഗീകരിച്ചതായാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖത്തറും ഈജിപ്ത്തും നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലാണ് ധാരണ.

• ദാരിദ്രനിർമാർജന പദ്ധതിയിലൂടെ ദരിദ്രർക്ക് വീട് നിർമ്മിക്കുന്നതിനായി നൽകിവരുന്ന ധനസഹായം വർധിപ്പിച്ച് സംസ്ഥാന സർക്കാർ. നിലവിൽ നൽകി വരുന്ന തുകയേക്കാൾ 2 ലക്ഷം രൂപയാണ് മന്ത്രിസഭ വർധിപ്പിച്ചത്.

• ധര്‍മ്മസ്ഥലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനായുള്ള പരിശോധനകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ആഭ്യന്തരമന്ത്രി ജി പരമേശ്വര നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.

• പാലിയേക്കര ടോള്‍ പിരിവ്: 150 രൂപ നല്‍കി എന്തിനാണ് ഈ റോഡിലൂടെ ജനങ്ങള്‍ യാത്ര ചെയ്യുന്നത് എന്ന് സുപ്രീം കോടതി.

• സാങ്കേതിക സര്‍വകലാശാലയുടെയും ഡിജിറ്റൽ സര്‍വകലാശാലയുടെയും വൈസ് ചാന്‍സര്‍മാരെ കണ്ടെത്തുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയിൽ യുജിസിയുടെ പ്രതിനിധി ഉണ്ടാകില്ല.

• സംസ്ഥാനത്ത്‌ കര്‍ഷകരില്‍ നിന്ന് നെല്ല്‌ സംഭരിച്ച വകയിൽ കേന്ദ്രസർക്കാർ നൽകാനുള്ളത്‌ 2601 കോടി രൂപ. 2017– 18 സാമ്പത്തിക വര്‍ഷം മുതല്‍ 2024 വരെ 1259 കോടിയും 2024– 25 വര്‍ഷത്തില്‍ സംഭരിച്ച നെല്ലിന്റെ കുറഞ്ഞ താങ്ങു വിലയായ (എംഎസ്‌പി) 1342 കോടിയും ഉൾപ്പെടെയാണിത്.

• കേരളത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ സംരംഭക മേഖലയിൽ കാതലായ മാറ്റത്തിന് തുടക്കം കുറിച്ച് കേരള പഞ്ചായത്ത് രാജ് 2025 ( സംരംഭങ്ങൾക്ക് ലൈസൻസ് നൽകൽ ) ചട്ടം നിലവിൽ വന്നതായി തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് അറിയിച്ചു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 18 ആഗസ്റ്റ് 2025 | #NewsHeadlines

• തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മഴയ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇന്ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു.

• അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മ‍ഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.

• കേരള, കർണാടക തീരങ്ങളിൽ ആഗസ്‌ത്‌ 19 വരെയും ലക്ഷദ്വീപ് തീരത്ത് ഇന്ന് ആഗസ്‌ത്‌ 20 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

• ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ അന്വേഷണമില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ശരിയല്ലെന്ന് മന്ത്രി പി രാജീവ്. കമ്മീഷന്‍ സ്വതന്ത്രവും നിഷ്പക്ഷവും ആയിരിക്കണമെന്നും പി രാജീവ് പറഞ്ഞു.

• പ്രതിപക്ഷം ഉയർത്തിയ വോട്ടർ പട്ടിക ക്രമക്കേട് ആരോപണങ്ങളിൽ അന്വേഷണമുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ട് കൊള്ള ആരോപണം കമ്മീഷൻ നിഷേധിച്ചു.

• കൊച്ചി എയര്‍പോര്‍ട്ടില്‍ വിമാനം തെന്നിമാറി. കൊച്ചി ദില്ലി എയര്‍ ഇന്ത്യ AI 504 വിമാനമാണ് തെന്നിമാറിയത്. ടേക്ക് ഓഫിന് ശ്രമിക്കുന്നതിനിടെയാണ് വിമാനം തെന്നിമാറിയത്.

• കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ടുപേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്.

• സംസ്ഥാനത്ത് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും അനുമതികളും എളുപ്പത്തിലാക്കി കെ സ്വിഫ്റ്റ്.

• സ്‌കൂളുകളിൽ ഓണപ്പരീക്ഷ ഇന്ന് ആരംഭിക്കും. യുപി, ഹൈസ്‌കൂൾ, പ്ലസ്‌ ടു വിദ്യാർഥികൾക്കാണ് തിങ്കളാഴ്‌ച പരീക്ഷ ആരംഭിക്കുന്നത്. എൽപി വിഭാഗത്തിന്‌ ബുധനാഴ്‌ച മുതലാണ്‌ പരീക്ഷ. ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ പരീക്ഷ 26ന്‌ സമാപിക്കും.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 17 ആഗസ്റ്റ് 2025 | #NewsHeadlines

• സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇതിനൊപ്പം ഇടുക്കി മുതൽ വയനാട് വരെയുള്ള 7 ജില്ലകളിൽ യെല്ലോ അലർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

• സെപ്തംബര്‍ 20 ന് പമ്പ തീരത്ത് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്‍റെ നടത്തിപ്പിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയായി 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു.

• സംസ്ഥാനത്തെ പാലം നിർമ്മാണ പ്രവർത്തനങ്ങളിൽ സാങ്കേതിക നടപടിക്രമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാൻ ഉന്നത തല യോഗത്തിൽ തീരമാനമായി.

• സംസ്ഥാനത്തെ 5 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

• വടക്കൻ പാകിസ്ഥാനിലുണ്ടായ മിന്നൽ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 300 കടന്നതായി റിപ്പോർട്ട്.

• തമിഴ്നാട്ടില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംസ്ഥാന പൊലീസും നേര്‍ക്കുനേര്‍. എംഎല്‍എ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു.

• തമിഴ്നാട്ടില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംസ്ഥാന പൊലീസും നേര്‍ക്കുനേര്‍. എംഎല്‍എ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു.

• മലപ്പുറം അരീക്കോട് ചിക്കൻ സാന്‍വിച്ച് കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. നിരവധി ആളുകളെയാണ് ശാരീരികാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 16 ആഗസ്റ്റ് 2025 | #NewsHeadlines

• ഓണവിപണിയിലെ കൃത്രിമമായ വിലക്കയറ്റം പിടിച്ച് നിർത്താനും അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനുമുള്ള സർക്കാർ ഇടപെടലായ കൺസ്യൂമർഫെഡ് ഓണച്ചന്തകൾ ആഗസ്റ്റ് 26 ന് ആരംഭിക്കും.

• കോഴിക്കോട് താമരശ്ശേരിയിൽ ഒൻപത് വയസുകാരി പനി ബാധിച്ച് മരിച്ച സംഭവത്തിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിർണായക കണ്ടെത്തൽ. മസ്തിഷ്ക ജ്വരം ബാധിച്ചാണ് നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

• ചേലക്കര നിയോജക മണ്ഡലത്തിലെ പുതിയ വോട്ടർപട്ടികയിൽ വൻ അട്ടിമറി. കൊണ്ടാഴി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ വോട്ടേഴ്സ് ലിസ്റ്റിലാണ് ക്രമക്കേട് കണ്ടെത്തിയത്.

• മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എ എം എം എയെ ഇനി വനിതകള്‍ നയിക്കും. പ്രസിഡന്റായി ശ്വേത മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരനാണ് ജന. സെക്രട്ടറി.

• പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിനാഘോഷ പോസ്റ്ററിൽ സവർക്കർ. ഗാന്ധിജിയുടെ ചിത്രത്തിന് മുകളിലാണ് സവർക്കറുടെ ചിത്രം നൽകിയിരിക്കുന്നത്. പോസ്റ്റർ പങ്കുവെച്ചതോടെ വിവാദമായി മാറി.

• കുവൈറ്റ് വിഷ മദ്യ ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയായ യുവാവും. ഇരിണാവിലെ പൊങ്കാരൻ സച്ചിനാണ് മരിച്ചത്.

• വീടുകളിൽ ഉൾപ്പെടെ പഞ്ചായത്തുകളിൽ നിന്ന്‌ അംഗീകൃത നമ്പർ ലഭിച്ചിട്ടുള്ള കെട്ടിടത്തിൽ സംരംഭം ആരംഭിക്കാൻ അനുമതിയുമായി സംസ്ഥാന സർക്കാർ.

• തൃശൂർ ജില്ലയിൽ ശക്തമായ മഴയ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ഇന്ന് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 15 ആഗസ്റ്റ് 2025 | #NewsHeadlines

• ഇന്ന് 79-ാമത് സ്വാതന്ത്ര്യദിനം. അടിമത്തത്തിന്റെ ഒരു യുഗത്തിന് അന്ത്യമായതിനൊപ്പം പ്രതീക്ഷയുടെ പുലരിയിലേക്ക് ഇന്ത്യ ഉണർന്നെഴുന്നേറ്റ ദിവസം. രാജ്യത്ത് ആഘോഷങ്ങളുടെ തുടക്കമായി രാവിലെ 7.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി.

• സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന്  കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

• ആലപ്പു‍ഴ കൊമ്മാടിയില്‍ മകൻ മാതാപിതാക്കളെ കൊലപ്പെടുത്തി. തങ്കരാജ്, ആഗ്നസ് എന്നിവരാണ് കൊലചെയ്യപ്പെട്ടത്. ഇരട്ടകൊലപാതകം നടത്തിയതിനു ശേഷം  സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ട ഇവരുടെ മകനായ ബാബുവിനെ പൊലീസ് പിടികൂടി.

• ജമ്മു കാശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘ വിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ ഉയരുന്നു.

• സിനിമാ നിർമാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ബി രാകേഷ് പ്രസിഡന്റായും ലിസ്റ്റിൻ സ്റ്റീഫൻ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

• തൃശൂരിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപ്പട്ടികയിൽ കൂട്ടിച്ചേർത്തത്‌ 67,670 വോട്ട്‌.

• കുട്ടികൾക്ക്‌ സുരക്ഷിതത്വം ഉറപ്പാക്കാൻ ‘ബാലസുരക്ഷിത കേരളം’ എന്ന മാതൃകാപദ്ധതിയുമായി കേരളം. എട്ട്‌ വകുപ്പുകൾചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.

• ബിഹാറിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷത്തോളം ആളുകളുടെ പേര് ഒഴിവാക്കപ്പെടാനുണ്ടായ കാരണ സഹിതം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി ആവശ്യപ്പെട്ടു.

• അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എഡിജിപി എം ആര്‍ അജിത്കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി തള്ളി. പ്രത്യേക വിജിലന്‍സ് കോടതിയാണ് റിപ്പോർട്ട് തള്ളിയത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 14 ആഗസ്റ്റ് 2025 | #NewsHeadlines

• ഇടുക്കി ഉടുമ്പൻചോല വട്ടക്കണ്ണിപാറയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് ആണ് മറിഞ്ഞത്.

• സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു എന്നത് വ്യാജ പ്രചാരണം ആണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

• കാന്‍സര്‍ മരുന്നുകള്‍ പരമാവധി വിലകുറച്ച് നല്‍കാനായി 2024ല്‍ ആരംഭിച്ച കാരുണ്യ സ്പര്‍ശം സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ വഴി അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ കഴിഞ്ഞവര്‍ക്കുള്ള മരുന്നുകളും വിലകുറച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

• ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശത്തെ തള്ളി മന്ത്രി ആര്‍ ബിന്ദു. വിഭജന ഭീതി ദിനാചരണം കേരളത്തിലെ ക്യാമ്പസുകളില്‍ ആ പരിപാടി നടത്തേണ്ടതില്ല എന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

• താല്‍ക്കാലിക വിസി നിയമന കേസില്‍ ഗവര്‍ണര്‍ക്ക് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അവകാശം ആര്‍ക്കാണ് ഉള്ളതെന്ന് ചോദിച്ച സുപ്രീംകോടതി, സെര്‍ച്ച് കമ്മിറ്റിയെ സുപ്രീംകോടതി തീരുമാനിക്കുമെന്നും അറിയിച്ചു.

• പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പത്രിക തള്ളിയതിനെതിരായ നിർമാതാവ് സാന്ദ്ര തോമസിന്‍റെ ഹർജി തള്ളി. എറണാകുളം സബ് കോടതിയാണ് ഹർജി തള്ളിയത്.

• വിദ്യാർഥികളിൽ വായനാശീലം വളർത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകും. അടുത്ത അധ്യയന വർഷം മുതൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

• ഏറ്റുമാനൂർ സ്വദേശി ജെയ്‌നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട്‌ പ്രതി സെബാസ്റ്റ്യനെ 26 വരെ കോടതി റിമാൻഡ്‌ ചെയ്തു. 14 ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായ ശേഷമാണ്‌ ഏറ്റുമാനൂർ മജിസ്‌ട്രേറ്റ്‌ കോടതി സെബാസ്റ്റ്യനെ റിമാൻഡിൽ വിട്ടത്‌.

• ​സ്വകാര്യ ട്യൂഷൻ സെന്ററുകളും മത്സര പരീക്ഷ കേന്ദ്രങ്ങളും നടത്തുകയും ക്ലാസ്‌ എടുക്കുകയും ചെയ്യുന്ന സർക്കാർ, എയ്‌ഡഡ് സ്കൂൾ അധ്യാപകർക്കുമെതിരെ നടപടിയുണ്ടാകും. പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ നിർദ്ദേശ പ്രകാരമാണ് ഇവർക്കെതിരെ നടപടി സ്വീകരിക്കുക. ഇതിൽ വീഴ്‌ച വരുത്തുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകും.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 13 ആഗസ്റ്റ് 2025 | #NewsHeadlines

• വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമല്ല അത് സമയബന്ധിതമായി പൂര്‍ത്തിയാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം വര്‍ധിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

• സപ്ലൈകോയില്‍ നിന്നും വാങ്ങാവുന്ന കേര വെളിച്ചെണ്ണയുടെ അളവ് ഉയർത്തിയതായി ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

• സംസ്ഥനത്തെ സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടുന്നു എന്ന കേന്ദ്രസർക്കാർ വാദം പച്ചക്കള്ളമാണെന്ന് മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ ഒമ്പത് വർഷങ്ങളായി കേരളത്തിൽ ഒരു സർക്കാർ സ്കൂൾ പോലും അടച്ചുപൂട്ടിയിട്ടില്ല എന്നും മന്ത്രി.

• സംസ്ഥാനത്ത് അടിസ്ഥാന സൗകര്യവികസനത്തിൽ 62,000 കോടിയുടെ വികസനം കിഫ്ബി പദ്ധതികൾ വഴി കൊണ്ടുവരാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

• തൃശൂരിൽ വ്യാജ വോട്ട് കൂട്ടിച്ചേർത്ത സംഭവത്തിൽ കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിക്കെതിരെ അന്വേഷണം. കെപിസിസി രാഷ്ട്രീയ കാര്യാ സമിതി അംഗം ടി എൻ പ്രതാപൻ നൽകിയ പരാതിയിൽ ആണ് പോലീസ് അന്വേഷണം.

• കഞ്ചിക്കോട് ബെമല്‍ യൂണിറ്റില്‍ സ‍ൗകര്യവും അനുകൂല സാഹചര്യങ്ങളും ഉണ്ടായിട്ടും പുതിയ നിർമാണ പ്ലാന്റ്‌ തുടങ്ങുന്നതിൽ കേരളത്തെ അവഗണിച്ച്‌ കേന്ദ്രസർക്കാർ. പ്രതിരോധ മന്ത്രാലയത്തിന്‌ കീഴിലെ ഭാരത്‌ എർത്ത് മൂവേഴ്‌സ്‌ ലിമിറ്റഡ്‌ അഞ്ചാമത്തെ നിർമാണ യൂണിറ്റിന്‌ മധ്യപ്രദേശിലെ ഭോപാലിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്‌ കല്ലിട്ടു.

• അങ്കമാലി-എരുമേലി ശബരിപാതയ്‌ക്ക്‌ ഭൂമി ഏറ്റെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ റെയിൽവേ ബോർഡ്‌ കത്ത്‌ നൽകുംമുമ്പേ നടപടിയാരംഭിച്ച്‌ സംസ്ഥാനസർക്കാർ. പാതയ്‌ക്ക്‌ 391.6 ഹെക്ടറാണ്‌ ഏറ്റെടുക്കേണ്ടത്‌.

• 2023–24 സാമ്പത്തിക വര്‍ഷം വരെ വിദ്യാഭ്യാസം, ആരോഗ്യം, സമൂഹികക്ഷേമം ഉള്‍പ്പെടെയുള്ളവയ്ക്ക് ചെലവഴിക്കുന്നതിനായി സെസിലൂടെ സമാഹരിച്ച 3.69 ലക്ഷം കോടി രൂപ കേന്ദ്രം വകമാറ്റിയതായി സിഎജി റിപ്പോർട്ട്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 12 ആഗസ്റ്റ് 2025 | #NewsHeadlines

• സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർഗോഡ് എന്നീ നാല് ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ട്.

• വാൽപ്പാറയിൽ കുട്ടിയെ കടിച്ചുകൊന്ന് പുലി. അസം സ്വദേശികളുടെ എട്ടുവയസ്സുള്ള കുട്ടിയെയാണ് കടിച്ചു കൊന്നത്. വേവർലി എസ്റ്റേറ്റിലാണ് സംഭവം.

• ദില്ലിയിലെ തെരുവുനായ ശല്യത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. തെരുവുനായകളെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ഷെൽട്ടർ ഹോമിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി. സ്വമേധയാ സ്വീകരിച്ച ഹർജിയിലാണ് കോടതി നടപടി.

• കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ തള്ളിപ്പറഞ്ഞ കർണാടക സഹകരണ മന്ത്രി കെ എൻ രാജണ്ണയെ ഹൈക്കമാൻഡ് പുറത്താക്കി. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് പരസ്യമായി സമ്മതിച്ചതിനെ തുടർന്ന് ആയിരുന്നു നടപടി.

• വെളിച്ചെണ്ണ വിലവര്‍ധനവില്‍ സര്‍ക്കാര്‍ ഇടപെടല്‍. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ കൂടുതല്‍ സ്റ്റോക്കുകള്‍ എത്തിത്തുടങ്ങിയെന്ന് സപ്ലൈകോ മാനേജര്‍ രമേഷ്.

• സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി. മോശമായി പെരുമാറിയാല്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുതെന്നും മന്ത്രി.

• ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് വിവാദ സർക്കുലർ ഇറക്കി ഗവർണർ രാജേന്ദ്ര ആർലേക്കർ. സർവകലാശാലകൾക്ക് ഔദ്യോഗികമായി രാജ്ഭവൻ നിർദേശം നൽകി.

• വോട്ടര്‍ പട്ടിക ക്രമക്കേട് തൃശ്ശൂരിലും സ്ഥിരീകരിക്കുന്ന വെളിപ്പെടുത്തലുമായി വീട്ടമ്മ. ഞങ്ങള്‍ പോലും അറിയാതെ ആറ് കള്ളവോട്ടുകള്‍ ഞങ്ങളുടെ മേല്‍വിലാസത്തില്‍ ചേര്‍ത്തുവെന്ന് വീട്ടമ്മ മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0