വമ്പൻ ട്വിസ്റ്റ്; സ്ക്കൂൾ കായികമേളയിലെ പുഴു വിവാദം, വ്യാജ പ്രചാരണം നടത്തിയ അധ്യാപകൻ അറസ്റ്റിൽ; പിടിയിലായ ആൾ കോണ്ഗ്രസ്സ് ടിക്കറ്റിൽ മത്സരിച്ചയാൾ.. #SportsMeet


കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കായികമേള അലങ്കോലപ്പെടുത്താൻ ലക്ഷ്യമിട്ട് ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന വ്യാജ പ്രചാരണം ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. സംഭവത്തിൽ വ്യാജ പ്രചാരണം നടത്തിയ കായിക അധ്യാപകൻ എറണാകുളം പെരുമ്പാവൂർ സ്വദേശിയായ ജിജോ ജെയിംസിനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലയിലെ വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച വ്യക്തി കൂടിയാണ് ഇയാൾ.

ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് പിന്നീട് ഉത്തരവിറക്കി.

കഴിഞ്ഞ ദിവസം പ്രഭാതഭക്ഷണത്തിൽ പുഴുവിനെ കിട്ടിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ പ്രധാന വേദിയായ എൻഐടി മൈതാനത്തേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെ, ഉച്ചഭക്ഷണം കഴിക്കാനെത്തിയ ഇതേ അധ്യാപകൻ വീണ്ടും സമാനമായ ആരോപണവുമായി രംഗത്തെത്തി. ആദ്യ സംഭവത്തിന് ശേഷം പൊലീസ് ഇയാളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ചൂടോടെ വിളമ്പിയ സാമ്പാർ കഴിച്ചുകൊണ്ടിരിക്കെ ഇയാൾ ജീവനുള്ള പുഴുവിനെ എടുത്തു കാണിച്ച് പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു.

കഴിഞ്ഞ 10 വർഷമായി മേളയിലെ ഭക്ഷണത്തിൽ പുഴു ഇല്ലായിരുന്നുവെന്ന് ഇയാൾ വിളിച്ചുപറഞ്ഞതോടെ സ്ഥലത്ത് വലിയ ബഹളമുണ്ടാവുകയും പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പെരുമ്പാവൂരിലെ ഒരു എയ്ഡഡ് സ്കൂൾ അധ്യാപകനാണ് പിടിയിലായ ജിജോ ജെയിംസ്. എറണാകുളം ജില്ലയിലെ വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച വ്യക്തി കൂടിയാണ് ഇയാൾ. ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാല് മണിക്കൂർ തിളച്ചുമറിയുന്ന സാമ്പാറിലും ആവിയിൽ വേവിക്കുന്ന പുട്ടിലും ജീവനുള്ള പുഴു എങ്ങനെ വരുമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ മാധ്യമപ്രവർത്തകരോട് ചോദിച്ചു.

അധ്യാപകൻ പുഴുവിനെ കൊണ്ടുവന്ന് ഭക്ഷണത്തിൽ ഇടുന്നത് കണ്ട രണ്ട് തൊഴിലാളികൾ അവിടെയുണ്ടായിരുന്നെന്നും, രണ്ട് ചാനലുകളുടെ കാമറകൾ ഉടൻ അവിടെയെത്തിയതും മുൻകൂട്ടി നിശ്ചയിച്ച തിരക്കഥയുടെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ കായികമേള അലങ്കോലമാക്കാൻ ശ്രമിക്കുന്ന സാമൂഹിക വിരുദ്ധരാണ് ഇതിന് പിന്നിൽ. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശനമായ വകുപ്പുതല നടപടികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അധ്യാപകൻ്റെ നടപടിക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് കെഎസ്ടിഎ അടക്കമുള്ള ഇടത് അധ്യാപക സംഘടനകളും ആരോപിച്ചു. കായികമേളയിൽ പങ്കെടുക്കുന്ന കുട്ടികളുടെ പ്രായത്തട്ടിപ്പുമായി ബന്ധപ്പെട്ടും കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.


Hashtags: #KeralaSportsMeet #SchoolSports #FakeNews #TeacherArrest #Kozhikode #EducationNews #MalayalamNews #Controversy
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0