March 2024 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
March 2024 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 31 മാർച്ച് 2024 #NewsHeadlines

• ഇന്ത്യാസഖ്യം ആഹ്വാനം ചെയ്ത മഹാറാലി ഇന്ന് നടക്കും. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് ദില്ലിയിലെ രാം ലീല മൈതാനിയിലാണ് മഹാറാലി ആരംഭിക്കുക.

• കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചു. 2020 മുതല്‍ 2022 വരെയുളള രണ്ട് സാമ്പത്തിക വര്‍ഷത്തെ പിഴയും പലിശയും അടയ്ക്കണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ ദിവസം 1823 കോടി രൂപ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു.

• ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സിന് തോൽവി. 11.3 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 102 റൺസെടുത്ത പഞ്ചാബിന് 20 ഓവർ പൂർത്തിയായപ്പോൾ നേടാനായത് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് മാത്രമാണ്.

• നർത്തകനും നടനുമായ ഡോ. ആർ.എൽ.വി രാമകൃഷ്ണനെ അപമാനിച്ചെന്ന പരാതിയിൽ കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്.

• വെന്തുരുകി പാലക്കാട്. ജില്ലയിൽ ചൂട് 43 ഡിഗ്രി കടന്നു. ഈ വർഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയാണ് ഇത്. ആലത്തൂർ എരിമായൂർ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിലാണ് ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് ചൂട് 43.1 ഡിഗ്രി രേഖപ്പെടുത്തിയത്.

• ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

ഇതുവരേയുള്ള വാർത്തകൾ ഒറ്റ നോട്ടത്തിൽ - 30-03-2024 #NewsAtGlance

• ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമത്വം കാണിക്കുന്നതിനായി രാജ്യത്ത് മൂന്നാഴ്ചത്തേയ്ക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി എം.വി ഷറഫുദ്ദീന്‍ ആണ് പിടിയിലായത്.

• 2017 -18 മുതല്‍ 2020 -21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയുമടക്കം 1700 കോടിയുടെ ആദായനികുതി വകുപ്പിന്റെ നോട്ടീസ് കോണ്‍ഗ്രസിന് ലഭിച്ചതിന് പിന്നാലെ സിപിഐക്കും തൃണമൂല്‍ കോണ്‍ഗ്രസിനും ആധായനികുതി വകുപ്പിന്റെ നോട്ടീസ്. 11 കോടി നല്‍കണമെന്ന് കാണിച്ചാണ് സിപിഐക്ക് നോട്ടീസ്.

• സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറ്റം തുടരുന്നു. സംസ്ഥാനത്ത് ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില 50,000 കടന്നു. 1040 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,400 രൂപയിലെത്തി. ഗ്രാമിന് 130 രൂപയാണ് വര്‍ധിച്ചത്. 6300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

• ബ്ലസിയുടെ ആടുജീവിതം ഇന്റർനെറ്റിൽ. വ്യാജ പതിപ്പ് അപ്‌ലോഡ് ചെയ്തത് കാനഡയിൽ നിന്ന്. മലയാളികളെ കേന്ദ്രീകരിച്ച് സൈബർസെൽ അന്വേഷണം നടത്തുകയാണ്. ഒന്നിലധികം സ്ഥലങ്ങളിൽ നിന്ന് ചിത്രം പകർത്തിയതായും സംശയമുണ്ട്. മലയാളികളുടെ വാട്സ്ആപ്, ടെലഗ്രാം ഗ്രൂപ്പുകൾ സൈബർസെല്ലിന്റെ നിരീക്ഷണത്തിലാണ്.

• മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചുള്ള ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിക്ക് അനുമതി നല്‍കി ഡല്‍ഹി പൊലീസ്. മറ്റന്നാള്‍ രാംലീല മൈതാനിയില്‍ റാലി നടത്താനാണ് അനുമതി.

• ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് രണ്ടാം ജയം. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ഏഴു വിക്കറ്റിന് തോൽപ്പിച്ചു.
19 പന്ത് ബാക്കി നിൽക്കേയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 183 റൺസ് വിജയലക്ഷ്യം മറികടന്നത്.

•  ഇന്ത്യയിൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ എണ്ണം 22 വർഷത്തിനിടെ ഇരട്ടിയായി ഉയർന്നെന്ന് കണക്ക്. സെക്കൻഡറി വിദ്യാഭ്യാസമോ ഉന്നത വിദ്യാഭ്യാസമോ നേടിയവരിലെ തൊഴിലില്ലായ്മ നിരക്ക് 2000 ത്തിൽ 35.2 % ആയിരുന്നത് 2022 ൽ 65.7 % ആയാണ് ഉയർന്നത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 29 മാർച്ച് 2024 #NewsHeadlines

• രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ഒരാൾ അറസ്റ്റിൽ. കർണാടക സ്വദേശി മുസമ്മിൽ ശരീഫ് ആണ് അറസ്റ്റിലായത്. സ്ഫോടനക്കേസിന്റെ മുഖ്യ ആസൂത്രകനാണ് പിടിയിലായ മുസമ്മിൽ ശരീഫ് എന്ന് എൻഐഎ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ തെരച്ചലിലാണ് ഇയാള്‍ അറസ്റ്റിലായത്.

• സംസ്ഥാനത്ത് വരും മണിക്കൂറിൽ മഴയ്ക്ക് സാധ്യത. 4 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. 40 കീ.മീ വേ​ഗത്തിൽ കാറ്റും വീശാനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

• ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്സഭ മണ്ഡലങ്ങളിലായി 14 പേർ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.

• ഇന്ത്യയിലെ അഭ്യസ്തവിദ്യരായ യുവാക്കളില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നതായി ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐഎല്‍ഒ) റിപ്പോര്‍ട്ട്. തൊഴില്‍ രഹിത ഇന്ത്യക്കാരില്‍ 83 ശതമാനവും ചെറുപ്പക്കാരാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ ഡെവലപ്‌മെന്റ് (ഐഎച്ച്ഡി) യുമായി ചേര്‍ന്ന് ഐഎല്‍ഒ നടത്തിയ പഠനത്തില്‍ പറയുന്നു.

• പൗരത്വനിയമ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ക്ഷേത്ര പൂജാരിക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍. സിഎഎ വിജ്ഞാപനത്തിലാണ് പരാമര്‍ശം. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപേക്ഷകര്‍ മറ്റ് രേഖകളോടൊപ്പം സമര്‍പ്പിക്കേണ്ടതാണിത്.

• മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വേതനം കേന്ദ്ര സർക്കാർ പുതുക്കിയപ്പോൾ കേരളത്തോട്‌ അവഗണയെന്ന് റിപ്പോർട്ട്. ചില സംസ്ഥാനങ്ങൾക്ക്‌ 10 ശതമാനത്തിലേറെ വർധിപ്പിച്ചപ്പോൾ ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന കേരളത്തിന്‌ വർധിപ്പിച്ചത് 3.9 ശതമാനം മാത്രം.

• പിഎച്ച്ഡി പ്രവേശനത്തിന് ദേശീയ യോഗ്യതാ പരീക്ഷയുടെ (നെറ്റ്) മാർക്കുമാത്രം മാദനണ്ഡമാക്കി യുജിസി. 2024-25 അക്കാദമിക വർഷംമുതൽ പിഎച്ച്‌ഡി പ്രവേശനത്തിന്‌ നെറ്റ്‌ സ്‌കോർ മാനദണ്ഡമാക്കും.

• എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനം പിടിച്ചുപറി സംഘത്തെപ്പോലെയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എത്രനാള്‍ വേണമെങ്കിലും തന്നെ കസ്റ്റഡിയില്‍ വച്ചോളൂ എന്നും ഡല്‍ഹി മദ്യനയ കേസില്‍ തനിക്കെതിരെ തെളിവുകളൊന്നും ഇഡിയുടെ പക്കല്‍ ഇല്ലെന്നും കെജ്‌രിവാള്‍ കോടതിയില്‍ സ്വയം വാദിച്ചു. ഇതേ കേസില്‍ കുറ്റാരോപിതനായ രാഘവ റെഡ്ഡി തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ 55 കോടി ബിജെപിക്ക് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 27 മാർച്ച് 2024 #NewsHeadlines

• കെഎസ്ഇബിയ്ക്ക് 767 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. 2022-23 ലെ കെഎസ്ഇബിയുടെ നഷ്ടം ഏറ്റെടുത്താണ് തുക അനുവദിച്ചത്. പുറത്ത് നിന്ന് വൈദ്യുതി വാങ്ങി സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ഇബിയ്ക്ക് ആശ്വാസമാകുന്നതാണ് നടപടി.

• റഷ്യയിലെ യുദ്ധമുഖത്ത് കുടുങ്ങിയവർക്ക് നാട്ടിലേക്ക് തിരികെയെത്താൻ വഴിയൊരുങ്ങി. യുദ്ധത്തിൽ പരിക്കേറ്റ മലയാളികളെ എംബസിയിൽ എത്തിച്ചു. പാസ്പോർട്ട് നഷ്ടപ്പെട്ട ഇവർക്ക് താത്കാലിക യാത്രാരേഖകൾ നൽകും.

• ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വിരമിക്കുന്നു. ലോകായുക്തയായി 5 വർഷം കാലാവധി പൂർത്തിയാക്കിയ ജസ്റ്റിസ് സിറിയക് ജോസഫ് 2024 മാർച്ച് 27 -ലാണ് വിരമിക്കുന്നത്.

• സംസ്ഥാനത്ത് താപനില ഉയരുന്നു. നിലവില്‍ തൃശൂര്‍ ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്. തൃശൂരില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. ഇടുക്കി, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങള്‍ ഒഴികെ ബാക്കി 11 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

• ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം ആരംഭിച്ചതിനുശേഷം ആദ്യമായി ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതി. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് വച്ച് പലസ്തീന്‍ പ്രശ്‌നം സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ യോഗം ചേര്‍ന്നു. യുഎസ് ഒഴികെയുള്ള 14 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.

• പ്രവാസികളുടെ യാത്രാദുരിതത്തിന് അറുതിവരുത്താനും വിമാനക്കമ്പനികളുടെ കൊള്ളയ്‌ക്ക്‌ തടയിടാനും ലക്ഷ്യമിടുന്ന ഗൾഫ്‌ യാത്രാക്കപ്പൽ പദ്ധതി യാഥാർഥ്യത്തിലേക്ക്. ഇതിന്റെ സാധ്യതകൾ തേടി കേരള മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ ബുധനാഴ്ച കൊച്ചിയിൽ പ്രാഥമികചർച്ച നടക്കും.

• തെരഞ്ഞെടുപ്പ്‌ കമീഷണർമാരുടെ നിയമനത്തിൽ സുതാര്യതയില്ലെന്ന പ്രതിപക്ഷപാർടികളുടെ വാദം ശരിവച്ച്‌ സുപ്രീംകോടതിയും. ‘തെരഞ്ഞെടുപ്പ്‌ കമീഷണർമാരുടെ തസ്‌തികകളിലേക്ക്‌ പരിഗണിക്കപ്പെട്ടവരുടെ വിവരങ്ങൾ നിയമനസമിതിയിലെ എല്ലാ അംഗങ്ങൾക്കും വിതരണം ചെയ്യാതിരുന്നത്‌ ആശങ്കാജനകമാണെന്ന്‌’–- സുപ്രീംകോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

• ഇന്ത്യയെ സമീപഭാവിയില്‍ തന്നെ വികസിത രാജ്യമാക്കുമെന്ന അവകാശവാദം വെറും അസംബന്ധമാണെന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് അടിസ്ഥാനപരമായ പ്രശ്‌നങ്ങളുണ്ടെന്നും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജൻ.

• ഇ ഡി അറസ്റ്റിനെതിരായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി ഇന്ന് പരിഗണിക്കും. ഇ ഡി നടപടി നിയമവിരുദ്ധമെന്ന് ഹർജിയിൽ വാദം. എന്നാൽ ഇഡി കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ അനുവദിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്.

• ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും വേതനം ഉറപ്പാക്കുന്നതിലും ഏറെ ദൂരം മുന്നിലെത്താനായെന്ന കേന്ദ്രസർക്കാരിൻ്റെ അവകാശ വാദം പൊള്ളയാണെന്ന ആരോപണവുമായി  കർണാടകത്തിൽ നിന്നുള്ള ബഹുത്വ ഫോറം.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 26 മാർച്ച് 2024 #NewsHeadlines

• അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കി എഎപി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതി വളഞ്ഞ് പ്രതിഷേധിക്കാനാണ് എഎപി നേതൃത്വം ആഹ്വാനം ചെയ്തിരിക്കുന്നത്.

• സംസ്ഥാനത്ത് അന്തരീക്ഷ താപനില സാധാരണ നിലയിൽ നിന്നും മൂന്ന് ഡിഗ്രി മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതോടെ ഇന്നലെ പാലക്കാട് എരിമയൂർ സ്റ്റേഷനിൽ രേഖപ്പെടുത്തിയ താപനില 43.3 ഡിഗ്രി സെൽഷ്യസ്. ഇന്നലെ സംസ്ഥാനത്തെമ്പാടും താപനില സാധാരണ നിലയേക്കാൾ ഉയർന്നതോടെ അസ്വസ്ഥത നിറഞ്ഞ കാലാവസ്ഥയാണ് പൊതുവെ അനുഭവപ്പെട്ടത്.

• ക്ഷേമ പെൻഷനിലെ കേന്ദ്ര — സംസ്ഥാന വിഹിതം ചേര്‍ത്ത് തുക മുൻകൂറായി നല്‍കിയിട്ടും കേന്ദ്ര സംവിധാനത്തിലെ സാങ്കേതിക പ്രശ്നം കാരണം രണ്ട് ലക്ഷത്തോളം പേര്‍ക്ക് പെന്‍ഷന്‍ കിട്ടിയില്ല. കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് (പബ്ലിക് ഫിനാൻസ് മാനേജ്മെന്റ് സിസ്റ്റം) എന്ന നെറ്റ്‌വർക്ക് വഴി ആക്കണമെന്ന് നിർദേശിച്ചിരുന്നു. എല്ലാ മാസവും ഈ സംവിധാനം വഴി ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തിക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്.

• ലോക്സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർദ്ധന. മൂന്ന് ലക്ഷത്തിലധികം യുവ സമ്മതിദായകരാണ് സംസ്ഥാനത്ത് പുതുതായി ചേർന്നത്.

• ആറ്റിങ്ങലില്‍ വോട്ടഭ്യര്‍ത്ഥനയ്ക്ക് വിഗ്രഹ ചിത്രം ഉപയോഗിച്ച സംഭവത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി വി മുരളീധരനെതിരെ പരാതി നല്‍കി സിപിഐഎം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് പരാതി നല്‍കിയത്.

• സർക്കാരുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പരിശോധിക്കാൻ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ കീഴിൽ വസ്തുതാ പരിശോധനാ യൂണിറ്റ് സ്ഥാപിച്ചുകൊണ്ടുള്ള വിജ്ഞാപനം സുപ്രീം കോടതി സ്റ്റേ ചെയ്തു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 25 മാർച്ച് 2024 #NewsHeadlines

• രാജ്യം ഇന്ന് ഹോളി ആഘോഷിക്കും. ഉത്തരേന്ത്യയിലാണ് പ്രധാനമായും ഹോളി ആഘോഷം. പരസ്പരം ചായങ്ങള്‍ തേച്ചും വര്‍ണ്ണങ്ങള്‍ വാരിവിതറിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് ഹോളി ആഘോഷിക്കും.

• മുംബൈ ഇന്ത്യൻസിനെ ആറ്‌ റണ്ണിന്‌ തോൽപ്പിച്ച്‌ ഗുജറാത്ത്‌ ടൈറ്റൻസ്‌  ഐപിഎൽ ക്രിക്കറ്റിൽ അരങ്ങേറി. ഗുജറാത്ത്‌ ഉയർത്തിയ 169 റൺ വിജയലക്ഷ്യം എത്തിപ്പിടിക്കാനാകാതെ മുംബൈ വീണു.

• വോട്ടുചെയ്യാൻ മടിച്ചുനിൽക്കുന്ന യുവാക്കളെയും നഗരവാസികളെയും പോളിങ്‌ബൂത്തിലെത്തിക്കാൻ തെരഞ്ഞെടുപ്പ്‌ കമീഷൻ. പോളിങ്‌ ശതമാനം 80 ന്‌ മുകളിലെത്തിക്കുകയാണ്‌ ലക്ഷ്യം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 77.67 ശതമാനവും നിയമസഭാ തെരഞ്ഞെടുപ്പിൽ 74.06 ശതമാനവുമായിരുന്നു.

• നെല്ല് സംഭരണ പദ്ധതി പ്രകാരമുള്ള താങ്ങുവിലയിനത്തിൽ ലഭിക്കേണ്ടിയിരുന്ന കുടിശിക 852.29 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. ഇതിൽ 2019–21 വർഷങ്ങളിൽ കുടിശികയായിരുന്ന 116 കോടി രൂപ ഉൾപ്പെടുന്നു. ഇനിയും 756.25 കോടി കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാൻ ബാക്കിയാണ്.

• കേരളത്തിന് ഇന്ന് വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനം. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം നോക്കിയാൽ എല്ലാ ദിവസവും ചില ജില്ലകളിലെങ്കിലും വേനൽ മഴ ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്. ഇന്ന് തലസ്ഥാനമടക്കം 5 ജില്ലകളിൽ വേനൽ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 24 മാർച്ച് 2024 #NewsHeadlines

• പഞ്ചാബ് മദ്യനയത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ ഇ ഡി അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. പഞ്ചാബ് ബിജെപി അധ്യക്ഷൻ തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി.

• ഇന്ന് രാത്രി കേരളത്തില്‍ മിതമായ വേനല്‍ മഴക്ക് സാധ്യത. വരും മണിക്കൂറുകളില്‍ കേരളത്തിലെ എട്ട് ജില്ലകളില്‍ വരെ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

• നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി നല്‍കാത്ത രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതിയില്‍. രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും എതിര്‍കക്ഷികളാക്കിയാണ് സംസ്ഥാനത്തിന്റെ നിര്‍ണായക നീക്കം.

• വേദനസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, അണുബാധയ്ക്കെതിരായ മരുന്നുകൾ തുടങ്ങി 800 അവശ്യമരുന്നുകളുടെ വില ഏപ്രിൽ ഒന്നുമുതൽ വർധിപ്പിക്കാൻ കേന്ദ്രസർക്കാർ.

• റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിൽ ഒരു പതിറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും വലിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 133 ആയി ഉയർന്നു. പരിക്കേറ്റ്‌ ചികിത്സയിലുള്ള 121 പേരിൽ കുട്ടികളടക്കം 60 പേരുടെ നില അതീവ ഗുരുതരം. മരണസംഖ്യ ഇനിയും ഉയർന്നേക്കും.

• വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പാറക്കല്ലുകളുമായി പോയ ടിപ്പറിൽ നിന്നും പാറക്കല്ല് തെറിച്ചു വീണ് മരിച്ച ബൈക്ക് യാത്രക്കാരനായ ബിഡിഎസ് വിദ്യാർത്ഥി അനന്തുവിന്റെ കുടുംബത്തിന് നഷ്ട പരിഹാര തുകയായി 1 കോടി രൂപ നൽകുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. മരിച്ച അനന്തുവിന്റെ വീട്ടിലെത്തിയ അദാനി കമ്പനി പ്രതിനിധികള്‍ ഇക്കാര്യം കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു.

• ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമർശത്തിൽ സത്യഭാമയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് പട്ടിക ജാതി, പട്ടിക ഗോത്ര വർഗ കമ്മിഷൻ. പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നല്‍കിയിരിക്കുന്നത്. കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 23 മാർച്ച് 2024 #NewsHeadlines

• റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. വെടിവയ്പ്പിന് പിന്നാലെ ഹാളിനകത്ത് സ്‌ഫോടനങ്ങളുണ്ടായി.

• ദില്ലി മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ നിഷേധിച്ച് കോടതി. 7  ദിവസത്തേക്ക് കെജ്‌രിവാളിനെ ഇ ഡി കസ്റ്റഡിയിൽ വിട്ടു. മാർച്ച് 28 നു കെജ്‌രിവാളിനെ വീണ്ടും കോടതിയിൽ ഹാജരാക്കും.

• രാജ്യത്തെ പ്രധാന കോര്‍പറേറ്റ് ഗ്രൂപ്പുകളിലൊന്നായ അഡാനി ഗ്രൂപ്പ് തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ രാഷ്ട്രീയപാർട്ടികൾക്ക് പണമൊഴുക്കിയതിന്റെ വിവരങ്ങള്‍ ഒടുവില്‍ പുറത്ത്. ആദ്യം പുറത്തുവന്ന രേഖകളിലൊന്നും അഡാനിയുടെയും റിലയന്‍സിന്റെയും നേരിട്ടുള്ള സംഭാവനകളുടെ വിവരങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍  കൂടുതൽ വിവരങ്ങള്‍ പുറത്തുവന്നതോടെ ഇരു കമ്പനികളും ബിജെപിക്കായി പണം നൽകിയതായി വ്യക്‌തമായി.

• ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് എതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് ജയം. ആറ് വിക്കറ്റിനാണ് ചെന്നൈയുടെ വിജയം. 174 റൺസ് വിജയലക്ഷ്യം 8 പന്ത് ബാക്കി നിൽക്കെ ചെന്നൈ മറി കടന്നു.

• മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ആര്‍എല്‍വി രാമകൃഷ്ണനെ ക്ഷണിച്ച് കലാമണ്ഡലം. ഇന്ന് വൈകിട്ട് അഞ്ചിന് കലാമണ്ഡലത്തിലെ കൂത്തംബലത്തിലാണ് അവതരണം.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 21 മാർച്ച് 2024 #NewsHeadlines

• തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം ചോദ്യം ചെയ്തുളള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹർജിയിൽ കോടതി നിർദ്ദേശപ്രകാരം കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഹര്‍ജിക്കാര്‍ രാഷ്ട്രീയ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കേന്ദ്രസര്‍ക്കാരിൻ്റെ വാദം.

• എസ്ബിഐക്ക് ഇലക്ടറൽ ബോണ്ടുകളുടെ സീരീയൽ നമ്പറുകൾ കൈമാറാനുള്ള സുപ്രീംകോടതി നിര്‍ദേശത്തിൻ്റെ സമയ പരിധി ഇന്നവസാനിക്കും. നമ്പരുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകും.

• ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ കടപ്പത്രത്തിലൂടെ 12000 കോടി വീതം വീണ്ടും കടമെടുക്കുന്നു. നാളെയാണ് ഇരു സംസ്ഥാനങ്ങളും കൂടി ചേര്‍ന്ന് 24000 കോടി കടമെടുക്കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി.

• സംസ്ഥാനത്തെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അന്തര്‍ദേശീയ അംഗീകാരം. ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിനാണ് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഹീമോഫീലിയയുടെ അംഗീകാരം ലഭിച്ചത്.

• കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വെയിറ്റിങ് ലിസ്റ്റ് റദ്ദാക്കലിന്റെ പേരില്‍ ഇന്ത്യന്‍ യാത്രക്കാരില്‍ നിന്ന് റെയില്‍വേ പിഴിഞ്ഞെടുത്തത് 1229.85 കോടി രൂപ. വിവരാവകാശ പ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്ക് മറുപടിയായാണ് 2021 മുതല്‍ 24 ജനുവരി വരെയുള്ള കണക്കുകള്‍ റെയില്‍വേ പുറത്തുവിട്ടത്.

• കേരളത്തിന്‌ കിട്ടിക്കൊണ്ടിരുന്ന ഭക്ഷ്യധാന്യത്തിൽ 10 ലക്ഷം ടൺ വെട്ടിക്കുറച്ച്‌ കേന്ദ്രസർക്കാർ. റേഷൻ വിഹിതമായി വർഷം 24 ലക്ഷം ടൺ ഭക്ഷ്യധാന്യം ലഭിച്ചത്‌ 14.25 ലക്ഷം ടണ്ണായാണ്‌ കുറച്ചത്‌.

• ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് കണക്കുകൾ പ്രസിദ്ധീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. മാർച്ച് 25 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം.

• രാജ്യത്തെ ജലസംഭരണികളിൽ ജലനിരപ്പ് അഞ്ചു വർഷത്തിൽ ഏറ്റവും താഴ്ന്ന നിലയിലെന്ന് സർക്കാർ കണക്കുകൾ. കേന്ദ്ര സർക്കാർ മേൽനോട്ടം വഹിക്കുന്ന 150 ജലസംഭരണികളിൽ ജലനിരപ്പ് സംഭരണശേഷിയുടെ 40 ശതമാനം മാത്രമാണെന്നും സർക്കാർ രേഖകൾ വ്യക്തമാക്കുന്നു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 20 മാർച്ച് 2024 #NewsHeadlines

• രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു . മാധ്യമ പ്രവര്‍ത്തകരെ ആവശ്യവിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഇതോടെ പോസ്റ്റല്‍ ബാലറ്റില്‍ വോട്ട് രേഖപ്പെടുത്താം.

• ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണ സംഘങ്ങള്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കി.

• സംസ്ഥാനത്തെ ടെക്‌സ്‌റ്റൈല്‍ ഷോറൂമുകളില്‍ തൊഴില്‍ വകുപ്പ് നടത്തിയ വ്യാപക മിന്നല്‍ പരിശോധനയെ തുടര്‍ന്ന് മുന്നൂറോളം നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ലേബര്‍ കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. സംസ്ഥാനത്തെ 82 ഷോറൂമുകളില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.

• സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു. 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

• പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജികൾ പരിഗണിച്ച് സുപ്രീം കോടതി. പൗരത്വ നിയമ ഭേദഗതി വിജ്ഞാപനത്തിന് ഇടക്കാല സ്റ്റേയില്ല. ഉപഹർജികളില്‍ മറുപടി നല്‍കാന്‍ സാവകാശം വേണമെന്ന് കേന്ദ്രം കോടതിയിൽ ആവശ്യപ്പെട്ടു.

• സീറ്റ് വിഭജന ചർച്ചയിലെ പ്രശ്നങ്ങളെ തുടർന്ന് കേന്ദ്ര മന്ത്രി പശുപതി പരസ് രാജിവെച്ചു. കഴിഞ്ഞ ദിവസം എൻഡിഎ സീറ്റ് ചർച്ചയിൽ പശുപതി പരസിൻ്റെ ലോക് ജന ശക്തിക്ക് സീറ്റ് നൽകിയിരുന്നില്ല.

• തമിഴ്‌നാട്‌ സർക്കാരിൽനിന്ന്‌ 1076 കോടിയുടെ മെഗാ ഓർഡർ സ്വന്തമാക്കി വ്യവസായവകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനം കെൽട്രോൺ. തമിഴ്‌നാട്‌ ടെക്‌സ്റ്റ്‌ ബുക്ക്‌ ആൻഡ്‌ എഡ്യൂക്കേഷണൽ സർവീസ്‌ കോർപറേഷന്റെ മൂന്നു മത്സരാധിഷ്‌ഠിത ടെൻഡറുകളിൽ പങ്കെടുത്താണ്‌ ഓർഡർ സ്വന്തമാക്കിയത്‌.

• ഇന്ത്യയിലെ പ്രധാന നാല് ഐടി ഭീമന്‍മാര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പിരിച്ചുവിട്ടത് 50,875 ജീവനക്കാരെ. രാജ്യത്തെ പ്രധാന സോഫ്റ്റ്‌വേര്‍ സേവനദാതാക്കളായ ടിസിഎസില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പദം വരെ 10,669 പേരെയാണ് പിരിച്ചുവിട്ടത്. ഇന്‍ഫോസിസ് 24182, വിപ്രോ 18510, എച്ച്സിഎല്‍ ടെക് 2486 ജീവനക്കാരെ വീതം ഒഴിവാക്കി.

• പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി സംസ്ഥാനത്തേക്കുള്ള 13 ട്രെയിനുകള്‍ റദ്ദാക്കി. 13 ട്രെയിനുകള്‍ പൂര്‍ണമായും 14 ട്രെയിനുകള്‍ ഭാഗികമായുമാണ് റദ്ദാക്കിയിരിക്കുന്നത്. 20 മുതല്‍ 27 വരെ നിയന്ത്രണം തുടരും.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 19 മാർച്ച് 2024 #NewsHeadlines

• പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേരളസർക്കാർ, ഡിവൈഎഫ്ഐയിന്റെതടക്കം 250ലധികം ഹരജികളാണ് കോടതി ഇന്ന് പരിഗണിക്കുക. മൂന്നാമത്തെ കേസായി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

• സരസ്വതി സമ്മാൻ പുരസ്കാരം കവി പ്രഭാവർമയ്ക്ക്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. രൗദ്ര സാത്വികം എന്ന കാവ്യാഖ്യായികയ്ക്കാണ് പുരസ്കാരം.

• എതിര്‍ശബ്ദങ്ങളെ നിഷ്പ്രഭമാക്കി അഞ്ചാമതും റഷ്യന്‍ പ്രസിഡന്റായി വ്ലാദിമിർ പുടിൻ. തിങ്കളാഴ്‌ച വോട്ടെണ്ണൽ  പൂർത്തിയായപ്പോൾ പുടിന് 87.83 ശതമാനം വോട്ട്‌ ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. 2030 വരെ പുടിന്‌ അധികാരത്തില്‍ തുടരാം.

• സംസ്ഥാനത്ത് ഇന്ന് കൂടുതൽ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, കൊല്ലം,ആലപ്പുഴ, കോട്ടയം,പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്,തിരുവനന്തപുരം, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലാണ് താപനില ഉയരുക.

• കേരളത്തിന് അധിക അരി നൽകേണ്ട സാഹചര്യമില്ലെന്നും എഫ്‌സിഐ ഗോഡൗണിൽനിന്ന്‌ നേരിട്ട്‌ ടെൻഡറിൽ പങ്കെടുത്ത്‌ ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ സംസ്ഥാനത്തെ അനുവദിക്കില്ലെന്നും കേന്ദ്രം. കേന്ദ്ര ഭക്ഷ്യ-മന്ത്രി പിയൂഷ് ​ഗോയൽ മന്ത്രി ജി ആർ അനിലിന് അയച്ച കത്തിലാണ് ഇക്കാര്യം ആവർത്തിച്ചത്‌.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 18 മാർച്ച് 2024 #NewsHeadlines

• ഇലക്ടറൽ ബോണ്ട് കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബോണ്ടുകളുടെ നമ്പർ എസ്ബിഐ പുറത്തുവിടണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിരുന്നു.നമ്പരുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട് ഏതു രാഷ്ട്രീയ പാര്‍ട്ടിക്ക് ലഭിച്ചുവെന്ന് അറിയാനാകും.

• ഇരുചക്രവാഹനങ്ങളിലെ അഭ്യാസപ്രകടനങ്ങൾ തടയുന്നതിന്റെ ഭാഗമായി പോലീസും മോട്ടോർ വാഹനവകുപ്പും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 26 പേരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും നാലുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനും നടപടി സ്വീകരിച്ചു. 4,70,750 രൂപ പിഴ ഈടാക്കി.

• സംസ്ഥാനത്ത് 10 ജില്ലകള്‍ക്ക് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 20 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി വരെയും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും കോട്ടയം, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും തിരുവനന്തപുരം, എറണാകുളം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയുമാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

• സംസ്ഥാന സഹകരണവകുപ്പ്‌ നടപ്പാക്കുന്ന ‘നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ’ ക്യാമ്പയിനിലൂടെ ആശ്വാസം ലഭിച്ചത്‌ 10.69 ലക്ഷം കുടുംബത്തിന്‌. കുടിശ്ശികയിനത്തിൽ സഹകരണ ബാങ്കുകൾ എഴുതിത്തള്ളിയത്‌ 1960.15 കോടി രൂപ.

• സംസ്ഥാനത്ത്‌ റബറിന്റെ താങ്ങുവില 170ൽ നിന്ന്‌ 180 രൂപയാക്കി വർധിപ്പിക്കുമെന്ന ബജറ്റ്‌ പ്രഖ്യാപനം നടപ്പാക്കി എൽഡിഎഫ്‌ സർക്കാർ. റബർ ഇൻസെന്റീവ്‌ പദ്ധതിയിൽ ലക്ഷക്കണക്കിന്‌ കർഷകർക്ക്‌ ഗുണകരമാകുന്നതാണ്‌ നടപടി. ഇതിനായി 24.48 കോടി രൂപകൂടി അനുവദിച്ചിട്ടുണ്ട്‌.

• സുപ്രിംകോടതിയിൽ മുദ്രവച്ച കവറിൽ നൽകിയ ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. 2019ൽ സുപ്രിംകോടതിയിൽ നൽകിയ വിവരങ്ങളാണ് പുറത്തുവിട്ടത്. രേഖകൾ പ്രകാരം 2019-20ൽ ബിജെപിക്ക് 2555 കോടി രൂപ ലഭിച്ചു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 17 മാർച്ച് 2024 #NewsHeadlines

• ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 19 ന് ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങും. കേരളത്തിൽ രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26 ന് ആവും വോട്ടെടുപ്പ്. മേയ് 7, 13, 20,25, ജൂൺ ഒന്ന് തീയതികളിലാണ് തെരഞ്ഞെടുപ്പിൻ്റെ മറ്റ് ഘട്ടങ്ങൾ.

• ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും, 40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കുംവോട്ട് ഫ്രം ഹോംസൗകര്യം പ്രയോജനപ്പെടുത്താം. അതായത് വീട്ടില്‍വച്ചുതന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം. തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപനത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

• ബുധനാഴ്ച വരെ സംസ്ഥാനത്ത് ഉയര്‍ന്ന താപനില തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സാധാരണയുള്ളതിനേക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

• ദില്ലി മദ്യനയ അഴിമതികേസില്‍ തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ.കവിതയെ ഇഡി ചോദ്യംചെയ്യുന്നത് തുടരുന്നു. ഈ മാസം 23 വരെയാണ് കവിതയെ ഇഡി കസ്റ്ററ്റഡിയില്‍ വിട്ടിരിക്കുന്നത്.

• സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ് താൽക്കാലികമായി നിർത്തിവച്ചതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. റേഷൻ വിതരണം എല്ലാ കാർഡുകൾക്കും സാധാരണനിലയിൽ നടക്കും.

• പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കേരളം. സിഎഎ ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരാണെന്നു ചൂണ്ടിക്കാട്ടിയാണ് കേരളം സുപ്രീംകോടതിയിൽ ഹർജി നൽകിയത്. നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നും കേരളം ഹർജിയിൽ ആവശ്യപ്പെട്ടു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 14 മാർച്ച് 2024 #NewsHeadlines

• തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ തീരുമാനിക്കാനുള്ള സെര്‍ച്ച് കമ്മിറ്റി യോഗം ഇന്ന് നടന്നേക്കും.. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളിന്റെ നേതൃത്വത്തില്‍ രുപീകരിച്ച സമിതിയാണ് തീരുമാനം എടുക്കുക. ആഭ്യന്തര സെക്രട്ടറിയും, പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് സെക്രട്ടറിയും സെർച്ച് കമ്മിറ്റിയിൽ ഉണ്ട്.

• കൊടുംചൂടിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 10 കോടി യൂണിറ്റ്‌ പിന്നിട്ടു. വൈകിട്ട്‌ ആറു മുതൽ 11 വരെയുള്ള വൈദ്യുതി ഉപയോഗം 5000 മെഗാവാട്ടിന്‌ മുകളിലാണ്‌. വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിലേക്ക്‌ കുതിക്കുന്ന പശ്ചാത്തലത്തിൽ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വ്യാഴാഴ്‌ച ഉന്നതതല യോഗം ചേരും.

• കാലാവധി പൂർത്തിയായി ഒരുവർഷം പിന്നിട്ട ലൈസൻസ്‌ പുതുക്കാൻ ഡ്രൈവിങ്‌ ടെസ്‌റ്റ്‌  വിജയിക്കണമെന്ന്‌ ഹൈക്കോടതി. ടെസ്‌റ്റ്‌ നടത്തിയിട്ടില്ലെങ്കിൽ ലൈസൻസ് പുതുക്കാനുള്ള അപേക്ഷ നിരസിക്കാമെന്നും കോടതി വ്യക്തമാക്കി.

• കെഎസ്‌എഫ്‌ഇയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 35 കോടി രൂപ സർക്കാരിന്‌ കൈമാറി. മന്ത്രി കെ എൻ ബാലഗോപാലിന്  കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ ചെക്ക്‌ കൈമാറി.

• വ്യവസായ വകുപ്പ് ആവിഷ്കരിച്ച സംരംഭകവർഷം പദ്ധതിയിൽ തുടർച്ചയായ രണ്ടാം വർഷവും സംസ്ഥാനത്ത് ഒരു ലക്ഷം സംരംഭങ്ങൾ പുതുതായി ആരംഭിച്ചു. ‘സംരംഭക വർഷം രണ്ട്’ പദ്ധതിയിൽ 11 മാസത്തിനിടെ 1,00,018 സംരംഭങ്ങളാണ് ആരംഭിച്ചത്. ഇതുവഴി 6712 കോടിയുടെ നിക്ഷേപവും 2,09,735 തൊഴിലും സൃഷ്ടിച്ചു.

• പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമനടപടികളിലേക്ക് കേരളം. സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിന് അനുസൃതമായി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട തുടർനിയമനടപടി സുപ്രീം കോടതി മുഖേന അടിയന്തരമായി സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരം ഒറിജിനൽ സ്യൂട്ട് നേരത്തെ തന്നെ സുപ്രീം കോടതി മുമ്പാകെ സംസ്ഥാനം ഫയൽ ചെയ്തിരുന്നു.

• പിറ്റ്ബുൾ, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ അടക്കം 23 ഇനം നായകളുടെ ഇറക്കുമതിയും വിൽപനയും നിരോധിച്ച് കേന്ദ്രസർക്കാർ. മനുഷ്യജീവന് അപകടകാരികളാണെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി. നായകളുടെ ഇറക്കുമതി, പ്രജനനം, വിൽപ്പന എന്നിവ തടയണമെന്ന് സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ നിർദേശം.

• സംസ്ഥാനത്ത് ഞായറാഴ്ച്ച വരെ ഒന്‍പത് ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. 





ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 13 മാർച്ച് 2024 #NewsHeadlines

• കേരള ഹൈക്കോടതി ജഡ്ജിമാരിയായി ആറ് അഭിഭാഷകരെ നിയമിക്കാന്‍ ശുപാര്‍ശ. സുപ്രീം കോടതി കൊളീജിയം ആണ് ശുപാര്‍ശ നല്‍കിയത് അബ്ദുള്‍ ഹക്കീം, ശ്യാം കുമാര്‍, ഹരിശങ്കര്‍ വിജയന്‍ മേനോന്‍, മനു ശ്രീധരന്‍ നായര്‍, ഈശ്വരന്‍ സുബ്രമണി, മനോജ് പി എം എന്നിവരെ ജഡ്ജിമാരായി നിയമിക്കാനാണ് ശുപാര്‍ശ.

• സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ ഭാഗമായി പുതിയ ഡ്രൈവിങ് സ്‌കൂള്‍ ആരംഭിക്കുന്നതിനൊരുങ്ങി ഗതാഗത വകുപ്പ്. ഇത് സംബന്ധിച്ച് സാങ്കേതികത പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ക്ക് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കി.

• ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്ബിഐ. വിവരങ്ങള്‍ കൈമാറാന്‍ സുപ്രീം കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. കോടതി ഉത്തരവ് ലംഘിച്ചാല്‍ കോടതി അലക്ഷ്യ നടപടിയെടുക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. വിവരങ്ങള്‍ ക്രോഡീകരിച്ച് നല്‍കാന്‍ സമയം വേണം എന്നായിരുന്നു എസ്ബിഐ വാദം.

• വവ്വാലുകളില്‍ നിപ സാന്നിധ്യം. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കോഴിക്കോട്, വയനാട് ജില്ലകളിലെ പഴം തീനി വവ്വാലുകളിലാണ് വൈറസ് സാന്നിധ്യം. നിപ ബാധിത മേഖലകളില്‍ നിന്ന് 2023 ഫെബ്രുവരി, ജൂലായ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ശേഖരിച്ച വവ്വാലുകളുടെ സ്രവത്തിലാണ് വൈറസ് സാന്നിധ്യം.

• സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ചും കുപ്പിവെള്ളം വില്‍ക്കുന്ന കടകള്‍ കേന്ദ്രീകരിച്ചും പരിശോധനകള്‍ നടത്തുന്നതാണ്.

• കുറഞ്ഞ വിലയ്ക്ക്‌ ഗുണനിലവാരമുള്ള അരി  ബുധനാഴ്‌ച മുതൽ  സംസ്ഥാനത്ത്‌ വിതരണം തുടങ്ങും. സംസ്ഥാന സർക്കാർ സപ്ലൈകോവഴി ശബരി കെ- റൈസ് ബ്രാൻഡിൽ വിപണിയിലെത്തിക്കുന്ന അരിയുടെ വിതരണോദ്ഘാടനം പകൽ 12ന്‌ അയ്യൻകാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

• കേരളത്തിന്റെ സവിശേഷ സാഹചര്യം കണക്കിലെടുത്ത്‌ സംസ്ഥാനത്തിന്‌ ആശ്വാസമേകുന്ന പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന്‌ കേന്ദ്ര സർക്കാരിനോട്‌ സുപ്രീംകോടതി.

• സിനിമ റിലീസ്‌ ചെയ്‌ത്‌ 48 മണിക്കൂർവരെ നിരൂപണത്തിനുൾപ്പെടെ നിയന്ത്രണം  വേണമെന്നതടക്കമുള്ള നിർദേശവുമായി അമിക്കസ്‌ ക്യൂറിയുടെ റിപ്പോർട്ട്‌. സമൂഹമാധ്യമങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും സിനിമ നിരൂപണങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ വാർത്താവിതരണ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും നിർദേശിച്ചു.

• പീക്ക് അവറിൽ സംസ്ഥാനത്തെ വൈദ്യുതോപയോഗം സർവകാല റെക്കോഡും ഭേദിച്ചതോടെ കെഎസ്ഇബിക്ക് ആശങ്ക.
പീക്ക് അവറിലെ ഉപയോഗം സർവകാല റെക്കോഡായ 5031 മെഗാവാട്ടിലേക്കെത്തി. കഴിഞ്ഞവർഷം ഏപ്രിൽ 18ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടിന്റെ ഉപയോഗമാണ് മറികടന്നത്. ഇതിന് പുറമെ സംസ്ഥാനത്തെ ആകെ വൈദ്യുതോപയോഗം 100.1002 ദശലക്ഷം യൂണിറ്റ് പിന്നിടുകയും ചെയ്തു. ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന ഉപയോഗമാണിത്.

• മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവച്ചതിന് പിന്നാലെ നയാബ് സൈനി പുതിയ ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബിജെപി ഹരിയാന സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്ര എംപിയുമാണ് നായബ് സിങ് സൈനി. സത്യപ്രതിജ്ഞ വൈകിട്ട് 5 ന് നടക്കും.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 12 മാർച്ച് 2024 #NewsHeadlines

• സിഎഎ ചട്ടങ്ങള്‍ ഔദ്യോഗികമായി പുറത്തിറക്കി പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ചെയ്ത് കേന്ദ്ര സർക്കാർ. ഇതോടെ പൗരത്വ നിയമം നിലവില്‍ വന്നു. സിഎഎ ചട്ടങ്ങള്‍ ഔദ്യോഗികമായി പുറത്തിറക്കി.

• സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷൻ മാര്‍ച്ച് 15 ന് വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും.

• 2024 – 25 അധ്യയന വർഷത്തെ സ്കൂൾ പാഠപുസ്തകത്തിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം മാർച്ച് 12 ന് തിരുവനന്തപുരത്ത് നടക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.

• ലോകത്തെ അസന്തുഷ്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 11-ാമത്. 71 രാജ്യങ്ങളിലെ 4,00,000 പേരെ ഉള്‍പ്പെടുത്തി നടത്തിയ മെന്റല്‍ സ്റ്റേറ്റ് ഓഫ് വേള്‍ഡ് റിപ്പോര്‍ട്ടിലാണ് ഇന്ത്യൻ ജനത അസന്തുഷ്ടരാണെന്ന വെളിപ്പെടുത്തല്‍. ഉസ്ബെക്കിസ്ഥാനാണ് ഈ പട്ടികയില്‍ മുന്നിൽ.

• ആണവായുധ പ്രഹരശേഷിയുള്ള അഗ്‌നി 5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 6,000 കിലോ മീറ്റര്‍ പരിധിയിലുള്ള ലക്ഷ്യത്തെ കൃത്യതയോടെ ആക്രമിക്കാന്‍ കഴിയും എന്നതടക്കമാണ് അഗ്‌നിയുടെ നേട്ടം.

• കാസർഗോഡ്- തിരുവനന്തപുരം വന്ദേഭാരത് സർവീസ് മംഗലാപുരം വരെ നീട്ടി. നാളെ സ്‌പെഷ്യൽ സർവീസ് 9.15ന് മംഗലാപുരത്ത് നിന്ന് ആരംഭിക്കും. മംഗലാപുരത്ത് നിന്ന് രാവിലെ 6.10ന് ആരംഭിക്കുന്ന സർവീസ് 3.10ന് തിരുവനന്തപുരത്ത് എത്തും.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 11 മാർച്ച് 2024 #NewsHeadlines

• വന്യജീവി ശല്യം തടയുന്നതിനായി കേരളവും കര്‍ണാടകയും തമ്മില്‍ അന്തര്‍ സംസ്ഥാന സഹകരണ കരാറില്‍ ഒപ്പുവച്ചു. വന്യമൃഗ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ബന്ദിപ്പൂരില്‍ ചേര്‍ന്ന വനംമന്ത്രിമാരുടെ യോഗത്തിൽ ഇരു സംസ്ഥാനങ്ങളും കരാറിൽ ഒപ്പുവച്ചത്.

• തെരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ കൈമാറാത്ത വിഷയത്തില്‍ എസ്ബിഐക്കെതിരെ സുപ്രീംകോടതിയില്‍ സിപിഐഎമ്മും കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു. എസ്ബിഐയുടെ സമയം നീട്ടാനുള്ള അപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഹര്‍ജി. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നു.

• അടുത്ത വര്‍ഷം അവസാനത്തോടെ സമുദ്രനിരപ്പില്‍ നിന്നും ആറുകിലോമീറ്റര്‍ (6000മീറ്റര്‍) ആഴത്തിലേക്ക് ഇന്ത്യന്‍ ശാസ്ത്രജ്ഞരെ അയക്കുമെന്ന് ഭൗമശാസ്ത്ര മന്ത്രി കിരണ്‍ റിജിജ്ജു.

• സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ആലപ്പുഴ, കോട്ടയം ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം ഉയർന്ന താപനില അനുഭവപ്പെടുന്നതിനാൽ ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

• സംസ്ഥാനത്ത് ചൂട് കൂടുന്നു. ഉയര്‍ന്ന താപനില സാധാരണയെക്കാൾ രണ്ട് മുതല്‍ മൂന്നു ഡിഗ്രി വരെ കൂടുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. പാലക്കാട്, കൊല്ലം ജില്ലകളിൽ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂർ, കാസര്‍കോട് ജില്ലകളിൽ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

•  2024 ഓസ്‌കറില്‍ മികച്ച നടനായി കിലിയന്‍ മര്‍ഫിയെ തെരഞ്ഞെടുത്തു. ഓപ്പന്‍ഹെയ്മറിലെ പ്രകടനത്തിനാണ് മര്‍ഫി മികച്ച നടന്‍ പുരസ്‌കാരത്തില്‍ മുത്തമിട്ടത്. സഹനടനായി റോബര്‍ട്ട് ഡൗണി ജൂനിയറും പുരസ്‌കാരം നേടി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 10 മാർച്ച് 2024 #NewsHeadlines

• ഇലക്ഷന്‍ കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ രാജി. നിലവില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രമാണ് ഇലക്ഷന്‍ കമ്മിഷനില്‍ ഉള്ളത്.

• സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും, അധ്യാപകർക്കും, കേന്ദ സർവീസ്‌ ഉദ്യോഗസ്ഥർക്കുമടക്കം ക്ഷാമബത്ത വർധിപ്പിച്ചു. വിരമിച്ച വിവിധ വിഭാഗങ്ങൾക്കുള്ള ക്ഷാമാശ്വാസവും ഉയർത്തിയതായും ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത ഏഴിൽനിന്ന്‌ ഒമ്പത്‌ ശതമാനമായി ഉയർത്തി. സർവീസ്‌ പെൻഷൻകാർക്കും ഇതേ നിരക്കിൽ ക്ഷാമാശ്വാസം വർധിക്കും.

• പാലക്കാട് കനല്‍ചാട്ടത്തിനിടെ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബാലാവകാശ കമ്മീഷന്‍ നിര്‍ദേശപ്രകാരമാണ് ആലത്തൂര്‍ പൊലീസ് കേസെടുത്തത്. സംഭവത്തിൽ ബാലാവകാശകമ്മീഷന്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

• അര നൂറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ തലശ്ശേരി മാഹി ബൈപ്പാസ് യാഥാർത്ഥ്യമായി. ഉദ്ഘാടനത്തിന് മുന്നോടിയായി ട്രയൽ റണ്ണിനായി ബൈപ്പാസ് തുറന്ന് കൊടുത്തു. കണ്ണൂർ മുഴുപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ ദൈർഘ്യത്തിലാണ് മാഹി ബൈപ്പാസ്.

• കുടുംബശ്രീ മിഷനിലെ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ കാലയളവില്‍ മാസത്തില്‍ ഒരു ദിവസത്തെ വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ ഗവേണിംങ് ബോഡി യോഗത്തില്‍ തീരുമാനമായതായി മന്ത്രി എം ബി രാജേഷ്.

• എഴുപത്തിയൊന്നാം ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി  ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റിന പിഷ്‌കോവ. ലെബനന്റെ യാസ്മിന സെയ്‌തൂൺ ഫസ്‌റ്റ്‌ റണ്ണർഅപ്‌ ആയി. കഴിഞ്ഞവർഷത്തെ ജേതാവ്‌ പോളണ്ടിന്റെ കരോലിന ബിലാവ്‌സ്‌ക ക്രിസ്റ്റീനയെ കിരീടമണിയിച്ചു.

• ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റ് തികച്ച് ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ. ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഫാസ്റ്റ് ബൗളറാണ് അദ്ദേഹം. ധർമശാലയിൽ ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റിൻ്റെ മൂന്നാം ദിനം കുൽദീപ് യാദവിനെ പുറത്താക്കിയാണ് 41-കാരൻ ഈ ചരിത്ര നേട്ടം കൈവരിച്ചത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 07 മാർച്ച് 2024 #NewsHeadlines

• 2023ല്‍ രാജ്യത്ത് അഞ്ച് ലക്ഷം പേര്‍ കുടിയിറക്കിനെത്തുടര്‍ന്ന് ഭവനരഹിതരായെന്ന് കണക്കുകള്‍. ചേരിനിര്‍മ്മാര്‍ജനം, നഗരം മോടിപിടിപ്പിക്കല്‍, അടിസ്ഥാന സൗകര്യ വികസനം, പാരിസ്ഥിതിക പദ്ധതികള്‍, ദുരന്ത നിവാരണം, അനധികൃത കൈയേറ്റം തുടങ്ങിയ പേരിലാണ് കുടിയിറക്കല്‍ നടന്നത്.

• സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായ വന്യജീവി ആക്രമണം മൂലമുള്ള ദാരുണ സംഭവങ്ങള്‍ കണക്കിലെടുത്ത് മനുഷ്യ വന്യ ജീവി സംഘര്‍ഷം സംസ്ഥാന പ്രത്യേക ദുരന്തമായി (സ്‌റ്റേറ്റ് സ്‌പെസിഫിക്ക് ഡിസാസ്റ്റര്‍) പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

• കടമെടുപ്പു പരിധി വെട്ടികുറച്ചതില്‍ കേന്ദ്രത്തിനെതിരെ സുപ്രീംകോടതയില്‍ കേരളം നല്‍കിയ ഹര്‍ജിയില്‍ വിജയം.സംസ്ഥാനത്തിന് അവകാശപ്പെട്ട 13608 കോടി ഉടന്‍ അനുവദിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

• കൊച്ചിക്ക് അഭിമാനമായി മെട്രോ ഇനി തൃപ്പൂണിത്തുറയിലേക്കും. പ്രധാനമന്ത്രി നരേന്ദ്രമോഡി ഓൺലൈനിലൂടെ മെട്രോയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

• കോടതികളുടെ പരിപാടികളില്‍ പൂജയും വിളക്ക് കൊളുത്തലും പോലുള്ള മതപരമായ ആചാരങ്ങൾ ഒഴിവാക്കണമെന്ന് സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് അഭയ് എസ്. ഓക. മതപരമായ ചടങ്ങുകള്‍ക്ക് പകരം ഇന്ത്യന്‍ ഭരണഘടനയെ ആദരിച്ചുകൊണ്ട് കോടതി പരിപാടികള്‍ തുടങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

• തൃശ്ശൂര്‍ സ്വദേശി മനോജ് ചാക്കോ നേതൃത്വം നല്‍കുന്ന വിമാനക്കമ്പനി 'ഫ്‌ളൈ91'-ന് സർവീസ് നടത്താൻ അനുമതി. സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) ആണ് 
എയർ ഓപ്പറേറ്റർ അനുമതി നൽകിയത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 06 മാർച്ച് 2024 #NewsHeadlines

• കൊച്ചി മെട്രോ സർവീസ് ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമര്‍പ്പിക്കും. രാവിലെ പത്തിന് ഓൺലൈൻ ആയാണ് പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്യുക.

• രാജ്യത്തെ 67 ലക്ഷം കുട്ടികൾക്ക് ഒരു ദിവസം മുഴുവൻ ഭക്ഷണം ലഭിക്കുന്നില്ലെന്ന് സർവേ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ 2019-2021ലെ ദേശീയ കുടുംബ ആരോഗ്യസർവേ പ്രകാരം ഇന്ത്യയിലെ ഭക്ഷണമില്ലാത്ത (സീറോ ഫുഡ് ) കുട്ടികളുടെ എണ്ണം 19 ശതമാനമാണെന്ന് പുതിയ പഠനം കണക്കാക്കുന്നു. 24 മണിക്കൂർ നേരം കലോറിയടങ്ങിയ ഭക്ഷണം ലഭിക്കാത്ത അവസ്ഥയെയാണ് സീറോ ഫുഡ് എന്ന് പറയുന്നത്.

• സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്‍ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ് എന്നിവയുടെ പ്രവർത്തനം ഒരുമണിക്കൂറോളം നിലച്ചു. ആഴക്കടൽ വഴിയുള്ള കേബിളുകളിലെ കേടുപാടാണ് പ്രശ്‌നത്തിന് കാരണമായത്.

• രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒടിടി (ഓവർ-ദ-ടോപ്) പ്ലാറ്റ്ഫോം അവതരിപ്പിക്കാനൊരുങ്ങി കേരളം. കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്ഫോമായ സി സ്പേസ് ഒടിടി വ്യാഴാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും. 7ന് രാവിലെ 9.30 ന് തിരുവനന്തപുരം കൈരളി തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒടിടി പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്യും.

• കേരളത്തിലെത്തിയ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ സർവകാല റെക്കോഡ്‌. 2023ൽ രാജ്യത്തിനകത്തുനിന്ന് 2,18,71,641 സന്ദർശകർ കേരളത്തിൽ എത്തിയെന്നും മുൻവർഷത്തെ അപേക്ഷിച്ച് 15.92 ശതമാനം വർധനയാണിതെന്നും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്  പറഞ്ഞു.

• മേയ് 10ന് ശേഷം സിവിലിയൻ വസ്ത്രത്തിൽ പോലും ഇന്ത്യൻ സൈനികരെ മാലദ്വീപിൽ തുടരാൻ അനുവദിക്കില്ലെന്ന് പ്രസിഡൻ്റ് മുഹമ്മദ് മുയിസു. ഇന്ത്യൻ സിവിലിയൻ സംഘം മാലദ്വീപിലെത്തി ഒരാഴ്ചയ്ക്കുള്ളിലാണ് മുയിസുവിന്റെ പ്രസ്താവന.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0