ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 20 മാർച്ച് 2024 #NewsHeadlines

• രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു . മാധ്യമ പ്രവര്‍ത്തകരെ ആവശ്യവിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഇതോടെ പോസ്റ്റല്‍ ബാലറ്റില്‍ വോട്ട് രേഖപ്പെടുത്താം.

• ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണ സംഘങ്ങള്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കി.

• സംസ്ഥാനത്തെ ടെക്‌സ്‌റ്റൈല്‍ ഷോറൂമുകളില്‍ തൊഴില്‍ വകുപ്പ് നടത്തിയ വ്യാപക മിന്നല്‍ പരിശോധനയെ തുടര്‍ന്ന് മുന്നൂറോളം നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ലേബര്‍ കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. സംസ്ഥാനത്തെ 82 ഷോറൂമുകളില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.

• സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു. 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

• പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജികൾ പരിഗണിച്ച് സുപ്രീം കോടതി. പൗരത്വ നിയമ ഭേദഗതി വിജ്ഞാപനത്തിന് ഇടക്കാല സ്റ്റേയില്ല. ഉപഹർജികളില്‍ മറുപടി നല്‍കാന്‍ സാവകാശം വേണമെന്ന് കേന്ദ്രം കോടതിയിൽ ആവശ്യപ്പെട്ടു.

• സീറ്റ് വിഭജന ചർച്ചയിലെ പ്രശ്നങ്ങളെ തുടർന്ന് കേന്ദ്ര മന്ത്രി പശുപതി പരസ് രാജിവെച്ചു. കഴിഞ്ഞ ദിവസം എൻഡിഎ സീറ്റ് ചർച്ചയിൽ പശുപതി പരസിൻ്റെ ലോക് ജന ശക്തിക്ക് സീറ്റ് നൽകിയിരുന്നില്ല.

• തമിഴ്‌നാട്‌ സർക്കാരിൽനിന്ന്‌ 1076 കോടിയുടെ മെഗാ ഓർഡർ സ്വന്തമാക്കി വ്യവസായവകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനം കെൽട്രോൺ. തമിഴ്‌നാട്‌ ടെക്‌സ്റ്റ്‌ ബുക്ക്‌ ആൻഡ്‌ എഡ്യൂക്കേഷണൽ സർവീസ്‌ കോർപറേഷന്റെ മൂന്നു മത്സരാധിഷ്‌ഠിത ടെൻഡറുകളിൽ പങ്കെടുത്താണ്‌ ഓർഡർ സ്വന്തമാക്കിയത്‌.

• ഇന്ത്യയിലെ പ്രധാന നാല് ഐടി ഭീമന്‍മാര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പിരിച്ചുവിട്ടത് 50,875 ജീവനക്കാരെ. രാജ്യത്തെ പ്രധാന സോഫ്റ്റ്‌വേര്‍ സേവനദാതാക്കളായ ടിസിഎസില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പദം വരെ 10,669 പേരെയാണ് പിരിച്ചുവിട്ടത്. ഇന്‍ഫോസിസ് 24182, വിപ്രോ 18510, എച്ച്സിഎല്‍ ടെക് 2486 ജീവനക്കാരെ വീതം ഒഴിവാക്കി.

• പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി സംസ്ഥാനത്തേക്കുള്ള 13 ട്രെയിനുകള്‍ റദ്ദാക്കി. 13 ട്രെയിനുകള്‍ പൂര്‍ണമായും 14 ട്രെയിനുകള്‍ ഭാഗികമായുമാണ് റദ്ദാക്കിയിരിക്കുന്നത്. 20 മുതല്‍ 27 വരെ നിയന്ത്രണം തുടരും.