ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 18 മാർച്ച് 2024 #NewsHeadlines

• ഇലക്ടറൽ ബോണ്ട് കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബോണ്ടുകളുടെ നമ്പർ എസ്ബിഐ പുറത്തുവിടണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിരുന്നു.നമ്പരുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട് ഏതു രാഷ്ട്രീയ പാര്‍ട്ടിക്ക് ലഭിച്ചുവെന്ന് അറിയാനാകും.

• ഇരുചക്രവാഹനങ്ങളിലെ അഭ്യാസപ്രകടനങ്ങൾ തടയുന്നതിന്റെ ഭാഗമായി പോലീസും മോട്ടോർ വാഹനവകുപ്പും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 26 പേരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും നാലുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനും നടപടി സ്വീകരിച്ചു. 4,70,750 രൂപ പിഴ ഈടാക്കി.

• സംസ്ഥാനത്ത് 10 ജില്ലകള്‍ക്ക് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 20 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി വരെയും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും കോട്ടയം, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും തിരുവനന്തപുരം, എറണാകുളം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയുമാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

• സംസ്ഥാന സഹകരണവകുപ്പ്‌ നടപ്പാക്കുന്ന ‘നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ’ ക്യാമ്പയിനിലൂടെ ആശ്വാസം ലഭിച്ചത്‌ 10.69 ലക്ഷം കുടുംബത്തിന്‌. കുടിശ്ശികയിനത്തിൽ സഹകരണ ബാങ്കുകൾ എഴുതിത്തള്ളിയത്‌ 1960.15 കോടി രൂപ.

• സംസ്ഥാനത്ത്‌ റബറിന്റെ താങ്ങുവില 170ൽ നിന്ന്‌ 180 രൂപയാക്കി വർധിപ്പിക്കുമെന്ന ബജറ്റ്‌ പ്രഖ്യാപനം നടപ്പാക്കി എൽഡിഎഫ്‌ സർക്കാർ. റബർ ഇൻസെന്റീവ്‌ പദ്ധതിയിൽ ലക്ഷക്കണക്കിന്‌ കർഷകർക്ക്‌ ഗുണകരമാകുന്നതാണ്‌ നടപടി. ഇതിനായി 24.48 കോടി രൂപകൂടി അനുവദിച്ചിട്ടുണ്ട്‌.

• സുപ്രിംകോടതിയിൽ മുദ്രവച്ച കവറിൽ നൽകിയ ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. 2019ൽ സുപ്രിംകോടതിയിൽ നൽകിയ വിവരങ്ങളാണ് പുറത്തുവിട്ടത്. രേഖകൾ പ്രകാരം 2019-20ൽ ബിജെപിക്ക് 2555 കോടി രൂപ ലഭിച്ചു.