ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 10 മാർച്ച് 2024 #NewsHeadlines

• ഇലക്ഷന്‍ കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ രാജി. നിലവില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രമാണ് ഇലക്ഷന്‍ കമ്മിഷനില്‍ ഉള്ളത്.

• സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും, അധ്യാപകർക്കും, കേന്ദ സർവീസ്‌ ഉദ്യോഗസ്ഥർക്കുമടക്കം ക്ഷാമബത്ത വർധിപ്പിച്ചു. വിരമിച്ച വിവിധ വിഭാഗങ്ങൾക്കുള്ള ക്ഷാമാശ്വാസവും ഉയർത്തിയതായും ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത ഏഴിൽനിന്ന്‌ ഒമ്പത്‌ ശതമാനമായി ഉയർത്തി. സർവീസ്‌ പെൻഷൻകാർക്കും ഇതേ നിരക്കിൽ ക്ഷാമാശ്വാസം വർധിക്കും.

• പാലക്കാട് കനല്‍ചാട്ടത്തിനിടെ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബാലാവകാശ കമ്മീഷന്‍ നിര്‍ദേശപ്രകാരമാണ് ആലത്തൂര്‍ പൊലീസ് കേസെടുത്തത്. സംഭവത്തിൽ ബാലാവകാശകമ്മീഷന്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

• അര നൂറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ തലശ്ശേരി മാഹി ബൈപ്പാസ് യാഥാർത്ഥ്യമായി. ഉദ്ഘാടനത്തിന് മുന്നോടിയായി ട്രയൽ റണ്ണിനായി ബൈപ്പാസ് തുറന്ന് കൊടുത്തു. കണ്ണൂർ മുഴുപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ ദൈർഘ്യത്തിലാണ് മാഹി ബൈപ്പാസ്.

• കുടുംബശ്രീ മിഷനിലെ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ കാലയളവില്‍ മാസത്തില്‍ ഒരു ദിവസത്തെ വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ ഗവേണിംങ് ബോഡി യോഗത്തില്‍ തീരുമാനമായതായി മന്ത്രി എം ബി രാജേഷ്.

• എഴുപത്തിയൊന്നാം ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി  ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റിന പിഷ്‌കോവ. ലെബനന്റെ യാസ്മിന സെയ്‌തൂൺ ഫസ്‌റ്റ്‌ റണ്ണർഅപ്‌ ആയി. കഴിഞ്ഞവർഷത്തെ ജേതാവ്‌ പോളണ്ടിന്റെ കരോലിന ബിലാവ്‌സ്‌ക ക്രിസ്റ്റീനയെ കിരീടമണിയിച്ചു.

• ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റ് തികച്ച് ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ. ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഫാസ്റ്റ് ബൗളറാണ് അദ്ദേഹം. ധർമശാലയിൽ ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റിൻ്റെ മൂന്നാം ദിനം കുൽദീപ് യാദവിനെ പുറത്താക്കിയാണ് 41-കാരൻ ഈ ചരിത്ര നേട്ടം കൈവരിച്ചത്.