ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 25 മാർച്ച് 2024 #NewsHeadlines

• രാജ്യം ഇന്ന് ഹോളി ആഘോഷിക്കും. ഉത്തരേന്ത്യയിലാണ് പ്രധാനമായും ഹോളി ആഘോഷം. പരസ്പരം ചായങ്ങള്‍ തേച്ചും വര്‍ണ്ണങ്ങള്‍ വാരിവിതറിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് ഹോളി ആഘോഷിക്കും.

• മുംബൈ ഇന്ത്യൻസിനെ ആറ്‌ റണ്ണിന്‌ തോൽപ്പിച്ച്‌ ഗുജറാത്ത്‌ ടൈറ്റൻസ്‌  ഐപിഎൽ ക്രിക്കറ്റിൽ അരങ്ങേറി. ഗുജറാത്ത്‌ ഉയർത്തിയ 169 റൺ വിജയലക്ഷ്യം എത്തിപ്പിടിക്കാനാകാതെ മുംബൈ വീണു.

• വോട്ടുചെയ്യാൻ മടിച്ചുനിൽക്കുന്ന യുവാക്കളെയും നഗരവാസികളെയും പോളിങ്‌ബൂത്തിലെത്തിക്കാൻ തെരഞ്ഞെടുപ്പ്‌ കമീഷൻ. പോളിങ്‌ ശതമാനം 80 ന്‌ മുകളിലെത്തിക്കുകയാണ്‌ ലക്ഷ്യം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 77.67 ശതമാനവും നിയമസഭാ തെരഞ്ഞെടുപ്പിൽ 74.06 ശതമാനവുമായിരുന്നു.

• നെല്ല് സംഭരണ പദ്ധതി പ്രകാരമുള്ള താങ്ങുവിലയിനത്തിൽ ലഭിക്കേണ്ടിയിരുന്ന കുടിശിക 852.29 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. ഇതിൽ 2019–21 വർഷങ്ങളിൽ കുടിശികയായിരുന്ന 116 കോടി രൂപ ഉൾപ്പെടുന്നു. ഇനിയും 756.25 കോടി കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാൻ ബാക്കിയാണ്.

• കേരളത്തിന് ഇന്ന് വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനം. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം നോക്കിയാൽ എല്ലാ ദിവസവും ചില ജില്ലകളിലെങ്കിലും വേനൽ മഴ ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്. ഇന്ന് തലസ്ഥാനമടക്കം 5 ജില്ലകളിൽ വേനൽ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.