ബലാത്സം​ഗക്കേസ്: റാപ്പർ വേടന് വ്യവസ്ഥകളോടെ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി, 9ന് ഹാജരാകണം #VEDAN



എറണാകുളം: ബലാത്സം​ഗക്കേസിൽ റാപ്പർ വേടന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. വ്യവസ്ഥകളോടെയാണ് കോടതി വേടന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബർ 9 ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചു. അന്വേഷണ സംഘത്തിന് മുന്നിൽ വേടൻ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി നിർദേശിച്ചു.

 തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലാണ് വേടന് ജാമ്യം ലഭിച്ചിരിക്കുന്നത്. യുവ‍‍ഡോക്ടറാണ് വേടനെതിരെ പീഡന പരാതി നൽകിയത്.

കേസെടുത്തതു മുതൽ ഒളിവിലായിരുന്നു വേടൻ. അന്തിമ ഉത്തരവ് വരും വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പൊലീസിനോട് നിർദേശിച്ചിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരമുളള ബന്ധമാണുണ്ടായതെന്നും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായപ്പോൾ ആ ബന്ധത്തെ ബലാത്സം​ഗമെന്ന് വ്യാഖ്യാനിക്കുകയായിരുന്നുവെന്നുമാണ് വേടൻ കോടതിയിൽ വാദിച്ചത്.

 ബന്ധത്തിൻ്റെ തുടക്കത്തിൽ യുവതിയെ വിവാഹം ചെയ്യാൻ ഉദ്ദേശിച്ചിരുന്നു, പിന്നീട് ബന്ധം വഷളാവുകയായിരുന്നുവെന്നും വേടൻ്റെ അഭിഭാഷകൻ കോടതയിൽ വാദിച്ചിരുന്നു. അതുകൊണ്ടു തന്നെ അവർക്കിടയിൽ നടന്ന ലൈംഗിക ബന്ധം ബലാത്സംഗമാകുമോ എന്നായിരുന്നു പ്രതിഭാഗത്തിൻ്റെ ചോദ്യം.

വിഷാദത്തിലായതിനാലാണ് പരാതി നൽകാൻ വൈകിയത് എന്നായിരുന്നു വേടൻ്റെ വാദങ്ങളോടുള്ള അതിജീവിതയുടെ മറുപടി. ഈ കാലയളവിൽ ജോലി ചെയ്തിരുന്നുവോ എന്നു കോടതി ചോദിച്ചപ്പോൾ വിഷാദ രോഗത്തിലായിരുന്നു എന്നു പറയുന്ന കാലത്തും പരാതിക്കാരി ജോലി ചെയ്തിരുന്നുവെന്ന് വേടൻ്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ നിയമ പ്രശ്‌നങ്ങൾ മാത്രം പറഞ്ഞാൽ മതിയെന്നാണ് അതിജീവിതയുടെ അഭിഭാഷകയോടു കോടതി പറഞ്ഞത്.

 സോഷ്യൽ മീഡിയയിൽ വന്നതും ഫാൻസും പൊതുജനങ്ങളും പറയുന്നതും കോടതിയിൽ പറയരുതെന്നും കോടതി പറഞ്ഞു. വേടനെതിരെ പൊലീസ് പുതിയ എഫ്ഐആർ ഇട്ട കാര്യവും അതിജീവിതയുടെ അഭിഭാഷക കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇരുകൂട്ടരുടെയും വാദം പൂർത്തിയായതോടെ കേസിൽ വിധി പറയാൻ ഇന്നത്തേക്ക് കോടതി മാറ്റുകയായിരുന്നു.    

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0