ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 06 മാർച്ച് 2024 #NewsHeadlines

• കൊച്ചി മെട്രോ സർവീസ് ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമര്‍പ്പിക്കും. രാവിലെ പത്തിന് ഓൺലൈൻ ആയാണ് പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്യുക.

• രാജ്യത്തെ 67 ലക്ഷം കുട്ടികൾക്ക് ഒരു ദിവസം മുഴുവൻ ഭക്ഷണം ലഭിക്കുന്നില്ലെന്ന് സർവേ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ 2019-2021ലെ ദേശീയ കുടുംബ ആരോഗ്യസർവേ പ്രകാരം ഇന്ത്യയിലെ ഭക്ഷണമില്ലാത്ത (സീറോ ഫുഡ് ) കുട്ടികളുടെ എണ്ണം 19 ശതമാനമാണെന്ന് പുതിയ പഠനം കണക്കാക്കുന്നു. 24 മണിക്കൂർ നേരം കലോറിയടങ്ങിയ ഭക്ഷണം ലഭിക്കാത്ത അവസ്ഥയെയാണ് സീറോ ഫുഡ് എന്ന് പറയുന്നത്.

• സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്‍ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ് എന്നിവയുടെ പ്രവർത്തനം ഒരുമണിക്കൂറോളം നിലച്ചു. ആഴക്കടൽ വഴിയുള്ള കേബിളുകളിലെ കേടുപാടാണ് പ്രശ്‌നത്തിന് കാരണമായത്.

• രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒടിടി (ഓവർ-ദ-ടോപ്) പ്ലാറ്റ്ഫോം അവതരിപ്പിക്കാനൊരുങ്ങി കേരളം. കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്ഫോമായ സി സ്പേസ് ഒടിടി വ്യാഴാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും. 7ന് രാവിലെ 9.30 ന് തിരുവനന്തപുരം കൈരളി തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒടിടി പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്യും.

• കേരളത്തിലെത്തിയ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ സർവകാല റെക്കോഡ്‌. 2023ൽ രാജ്യത്തിനകത്തുനിന്ന് 2,18,71,641 സന്ദർശകർ കേരളത്തിൽ എത്തിയെന്നും മുൻവർഷത്തെ അപേക്ഷിച്ച് 15.92 ശതമാനം വർധനയാണിതെന്നും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്  പറഞ്ഞു.

• മേയ് 10ന് ശേഷം സിവിലിയൻ വസ്ത്രത്തിൽ പോലും ഇന്ത്യൻ സൈനികരെ മാലദ്വീപിൽ തുടരാൻ അനുവദിക്കില്ലെന്ന് പ്രസിഡൻ്റ് മുഹമ്മദ് മുയിസു. ഇന്ത്യൻ സിവിലിയൻ സംഘം മാലദ്വീപിലെത്തി ഒരാഴ്ചയ്ക്കുള്ളിലാണ് മുയിസുവിന്റെ പ്രസ്താവന.