ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 23 മാർച്ച് 2024 #NewsHeadlines

• റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. വെടിവയ്പ്പിന് പിന്നാലെ ഹാളിനകത്ത് സ്‌ഫോടനങ്ങളുണ്ടായി.

• ദില്ലി മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ നിഷേധിച്ച് കോടതി. 7  ദിവസത്തേക്ക് കെജ്‌രിവാളിനെ ഇ ഡി കസ്റ്റഡിയിൽ വിട്ടു. മാർച്ച് 28 നു കെജ്‌രിവാളിനെ വീണ്ടും കോടതിയിൽ ഹാജരാക്കും.

• രാജ്യത്തെ പ്രധാന കോര്‍പറേറ്റ് ഗ്രൂപ്പുകളിലൊന്നായ അഡാനി ഗ്രൂപ്പ് തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ രാഷ്ട്രീയപാർട്ടികൾക്ക് പണമൊഴുക്കിയതിന്റെ വിവരങ്ങള്‍ ഒടുവില്‍ പുറത്ത്. ആദ്യം പുറത്തുവന്ന രേഖകളിലൊന്നും അഡാനിയുടെയും റിലയന്‍സിന്റെയും നേരിട്ടുള്ള സംഭാവനകളുടെ വിവരങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍  കൂടുതൽ വിവരങ്ങള്‍ പുറത്തുവന്നതോടെ ഇരു കമ്പനികളും ബിജെപിക്കായി പണം നൽകിയതായി വ്യക്‌തമായി.

• ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് എതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് ജയം. ആറ് വിക്കറ്റിനാണ് ചെന്നൈയുടെ വിജയം. 174 റൺസ് വിജയലക്ഷ്യം 8 പന്ത് ബാക്കി നിൽക്കെ ചെന്നൈ മറി കടന്നു.

• മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ആര്‍എല്‍വി രാമകൃഷ്ണനെ ക്ഷണിച്ച് കലാമണ്ഡലം. ഇന്ന് വൈകിട്ട് അഞ്ചിന് കലാമണ്ഡലത്തിലെ കൂത്തംബലത്തിലാണ് അവതരണം.