ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 26 മാർച്ച് 2024 #NewsHeadlines

• അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കി എഎപി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതി വളഞ്ഞ് പ്രതിഷേധിക്കാനാണ് എഎപി നേതൃത്വം ആഹ്വാനം ചെയ്തിരിക്കുന്നത്.

• സംസ്ഥാനത്ത് അന്തരീക്ഷ താപനില സാധാരണ നിലയിൽ നിന്നും മൂന്ന് ഡിഗ്രി മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതോടെ ഇന്നലെ പാലക്കാട് എരിമയൂർ സ്റ്റേഷനിൽ രേഖപ്പെടുത്തിയ താപനില 43.3 ഡിഗ്രി സെൽഷ്യസ്. ഇന്നലെ സംസ്ഥാനത്തെമ്പാടും താപനില സാധാരണ നിലയേക്കാൾ ഉയർന്നതോടെ അസ്വസ്ഥത നിറഞ്ഞ കാലാവസ്ഥയാണ് പൊതുവെ അനുഭവപ്പെട്ടത്.

• ക്ഷേമ പെൻഷനിലെ കേന്ദ്ര — സംസ്ഥാന വിഹിതം ചേര്‍ത്ത് തുക മുൻകൂറായി നല്‍കിയിട്ടും കേന്ദ്ര സംവിധാനത്തിലെ സാങ്കേതിക പ്രശ്നം കാരണം രണ്ട് ലക്ഷത്തോളം പേര്‍ക്ക് പെന്‍ഷന്‍ കിട്ടിയില്ല. കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് (പബ്ലിക് ഫിനാൻസ് മാനേജ്മെന്റ് സിസ്റ്റം) എന്ന നെറ്റ്‌വർക്ക് വഴി ആക്കണമെന്ന് നിർദേശിച്ചിരുന്നു. എല്ലാ മാസവും ഈ സംവിധാനം വഴി ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തിക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്.

• ലോക്സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർദ്ധന. മൂന്ന് ലക്ഷത്തിലധികം യുവ സമ്മതിദായകരാണ് സംസ്ഥാനത്ത് പുതുതായി ചേർന്നത്.

• ആറ്റിങ്ങലില്‍ വോട്ടഭ്യര്‍ത്ഥനയ്ക്ക് വിഗ്രഹ ചിത്രം ഉപയോഗിച്ച സംഭവത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി വി മുരളീധരനെതിരെ പരാതി നല്‍കി സിപിഐഎം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് പരാതി നല്‍കിയത്.

• സർക്കാരുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പരിശോധിക്കാൻ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ കീഴിൽ വസ്തുതാ പരിശോധനാ യൂണിറ്റ് സ്ഥാപിച്ചുകൊണ്ടുള്ള വിജ്ഞാപനം സുപ്രീം കോടതി സ്റ്റേ ചെയ്തു.