ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 17 മാർച്ച് 2024 #NewsHeadlines

• ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 19 ന് ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങും. കേരളത്തിൽ രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26 ന് ആവും വോട്ടെടുപ്പ്. മേയ് 7, 13, 20,25, ജൂൺ ഒന്ന് തീയതികളിലാണ് തെരഞ്ഞെടുപ്പിൻ്റെ മറ്റ് ഘട്ടങ്ങൾ.

• ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും, 40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കുംവോട്ട് ഫ്രം ഹോംസൗകര്യം പ്രയോജനപ്പെടുത്താം. അതായത് വീട്ടില്‍വച്ചുതന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം. തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപനത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

• ബുധനാഴ്ച വരെ സംസ്ഥാനത്ത് ഉയര്‍ന്ന താപനില തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സാധാരണയുള്ളതിനേക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

• ദില്ലി മദ്യനയ അഴിമതികേസില്‍ തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ.കവിതയെ ഇഡി ചോദ്യംചെയ്യുന്നത് തുടരുന്നു. ഈ മാസം 23 വരെയാണ് കവിതയെ ഇഡി കസ്റ്ററ്റഡിയില്‍ വിട്ടിരിക്കുന്നത്.

• സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ് താൽക്കാലികമായി നിർത്തിവച്ചതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. റേഷൻ വിതരണം എല്ലാ കാർഡുകൾക്കും സാധാരണനിലയിൽ നടക്കും.

• പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കേരളം. സിഎഎ ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരാണെന്നു ചൂണ്ടിക്കാട്ടിയാണ് കേരളം സുപ്രീംകോടതിയിൽ ഹർജി നൽകിയത്. നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നും കേരളം ഹർജിയിൽ ആവശ്യപ്പെട്ടു.