ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 31 മാർച്ച് 2024 #NewsHeadlines

• ഇന്ത്യാസഖ്യം ആഹ്വാനം ചെയ്ത മഹാറാലി ഇന്ന് നടക്കും. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് ദില്ലിയിലെ രാം ലീല മൈതാനിയിലാണ് മഹാറാലി ആരംഭിക്കുക.

• കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചു. 2020 മുതല്‍ 2022 വരെയുളള രണ്ട് സാമ്പത്തിക വര്‍ഷത്തെ പിഴയും പലിശയും അടയ്ക്കണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ ദിവസം 1823 കോടി രൂപ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു.

• ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സിന് തോൽവി. 11.3 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 102 റൺസെടുത്ത പഞ്ചാബിന് 20 ഓവർ പൂർത്തിയായപ്പോൾ നേടാനായത് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് മാത്രമാണ്.

• നർത്തകനും നടനുമായ ഡോ. ആർ.എൽ.വി രാമകൃഷ്ണനെ അപമാനിച്ചെന്ന പരാതിയിൽ കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്.

• വെന്തുരുകി പാലക്കാട്. ജില്ലയിൽ ചൂട് 43 ഡിഗ്രി കടന്നു. ഈ വർഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയാണ് ഇത്. ആലത്തൂർ എരിമായൂർ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിലാണ് ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് ചൂട് 43.1 ഡിഗ്രി രേഖപ്പെടുത്തിയത്.

• ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.