ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 21 മാർച്ച് 2024 #NewsHeadlines

• തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം ചോദ്യം ചെയ്തുളള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹർജിയിൽ കോടതി നിർദ്ദേശപ്രകാരം കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഹര്‍ജിക്കാര്‍ രാഷ്ട്രീയ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കേന്ദ്രസര്‍ക്കാരിൻ്റെ വാദം.

• എസ്ബിഐക്ക് ഇലക്ടറൽ ബോണ്ടുകളുടെ സീരീയൽ നമ്പറുകൾ കൈമാറാനുള്ള സുപ്രീംകോടതി നിര്‍ദേശത്തിൻ്റെ സമയ പരിധി ഇന്നവസാനിക്കും. നമ്പരുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകും.

• ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ കടപ്പത്രത്തിലൂടെ 12000 കോടി വീതം വീണ്ടും കടമെടുക്കുന്നു. നാളെയാണ് ഇരു സംസ്ഥാനങ്ങളും കൂടി ചേര്‍ന്ന് 24000 കോടി കടമെടുക്കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി.

• സംസ്ഥാനത്തെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അന്തര്‍ദേശീയ അംഗീകാരം. ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിനാണ് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഹീമോഫീലിയയുടെ അംഗീകാരം ലഭിച്ചത്.

• കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വെയിറ്റിങ് ലിസ്റ്റ് റദ്ദാക്കലിന്റെ പേരില്‍ ഇന്ത്യന്‍ യാത്രക്കാരില്‍ നിന്ന് റെയില്‍വേ പിഴിഞ്ഞെടുത്തത് 1229.85 കോടി രൂപ. വിവരാവകാശ പ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്ക് മറുപടിയായാണ് 2021 മുതല്‍ 24 ജനുവരി വരെയുള്ള കണക്കുകള്‍ റെയില്‍വേ പുറത്തുവിട്ടത്.

• കേരളത്തിന്‌ കിട്ടിക്കൊണ്ടിരുന്ന ഭക്ഷ്യധാന്യത്തിൽ 10 ലക്ഷം ടൺ വെട്ടിക്കുറച്ച്‌ കേന്ദ്രസർക്കാർ. റേഷൻ വിഹിതമായി വർഷം 24 ലക്ഷം ടൺ ഭക്ഷ്യധാന്യം ലഭിച്ചത്‌ 14.25 ലക്ഷം ടണ്ണായാണ്‌ കുറച്ചത്‌.

• ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് കണക്കുകൾ പ്രസിദ്ധീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. മാർച്ച് 25 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം.

• രാജ്യത്തെ ജലസംഭരണികളിൽ ജലനിരപ്പ് അഞ്ചു വർഷത്തിൽ ഏറ്റവും താഴ്ന്ന നിലയിലെന്ന് സർക്കാർ കണക്കുകൾ. കേന്ദ്ര സർക്കാർ മേൽനോട്ടം വഹിക്കുന്ന 150 ജലസംഭരണികളിൽ ജലനിരപ്പ് സംഭരണശേഷിയുടെ 40 ശതമാനം മാത്രമാണെന്നും സർക്കാർ രേഖകൾ വ്യക്തമാക്കുന്നു.