ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 29 മാർച്ച് 2024 #NewsHeadlines

• രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ഒരാൾ അറസ്റ്റിൽ. കർണാടക സ്വദേശി മുസമ്മിൽ ശരീഫ് ആണ് അറസ്റ്റിലായത്. സ്ഫോടനക്കേസിന്റെ മുഖ്യ ആസൂത്രകനാണ് പിടിയിലായ മുസമ്മിൽ ശരീഫ് എന്ന് എൻഐഎ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ തെരച്ചലിലാണ് ഇയാള്‍ അറസ്റ്റിലായത്.

• സംസ്ഥാനത്ത് വരും മണിക്കൂറിൽ മഴയ്ക്ക് സാധ്യത. 4 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. 40 കീ.മീ വേ​ഗത്തിൽ കാറ്റും വീശാനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

• ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്സഭ മണ്ഡലങ്ങളിലായി 14 പേർ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.

• ഇന്ത്യയിലെ അഭ്യസ്തവിദ്യരായ യുവാക്കളില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നതായി ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐഎല്‍ഒ) റിപ്പോര്‍ട്ട്. തൊഴില്‍ രഹിത ഇന്ത്യക്കാരില്‍ 83 ശതമാനവും ചെറുപ്പക്കാരാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ ഡെവലപ്‌മെന്റ് (ഐഎച്ച്ഡി) യുമായി ചേര്‍ന്ന് ഐഎല്‍ഒ നടത്തിയ പഠനത്തില്‍ പറയുന്നു.

• പൗരത്വനിയമ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ക്ഷേത്ര പൂജാരിക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍. സിഎഎ വിജ്ഞാപനത്തിലാണ് പരാമര്‍ശം. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപേക്ഷകര്‍ മറ്റ് രേഖകളോടൊപ്പം സമര്‍പ്പിക്കേണ്ടതാണിത്.

• മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വേതനം കേന്ദ്ര സർക്കാർ പുതുക്കിയപ്പോൾ കേരളത്തോട്‌ അവഗണയെന്ന് റിപ്പോർട്ട്. ചില സംസ്ഥാനങ്ങൾക്ക്‌ 10 ശതമാനത്തിലേറെ വർധിപ്പിച്ചപ്പോൾ ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന കേരളത്തിന്‌ വർധിപ്പിച്ചത് 3.9 ശതമാനം മാത്രം.

• പിഎച്ച്ഡി പ്രവേശനത്തിന് ദേശീയ യോഗ്യതാ പരീക്ഷയുടെ (നെറ്റ്) മാർക്കുമാത്രം മാദനണ്ഡമാക്കി യുജിസി. 2024-25 അക്കാദമിക വർഷംമുതൽ പിഎച്ച്‌ഡി പ്രവേശനത്തിന്‌ നെറ്റ്‌ സ്‌കോർ മാനദണ്ഡമാക്കും.

• എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനം പിടിച്ചുപറി സംഘത്തെപ്പോലെയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എത്രനാള്‍ വേണമെങ്കിലും തന്നെ കസ്റ്റഡിയില്‍ വച്ചോളൂ എന്നും ഡല്‍ഹി മദ്യനയ കേസില്‍ തനിക്കെതിരെ തെളിവുകളൊന്നും ഇഡിയുടെ പക്കല്‍ ഇല്ലെന്നും കെജ്‌രിവാള്‍ കോടതിയില്‍ സ്വയം വാദിച്ചു. ഇതേ കേസില്‍ കുറ്റാരോപിതനായ രാഘവ റെഡ്ഡി തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ 55 കോടി ബിജെപിക്ക് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.