ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 14 മാർച്ച് 2024 #NewsHeadlines

• തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ തീരുമാനിക്കാനുള്ള സെര്‍ച്ച് കമ്മിറ്റി യോഗം ഇന്ന് നടന്നേക്കും.. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളിന്റെ നേതൃത്വത്തില്‍ രുപീകരിച്ച സമിതിയാണ് തീരുമാനം എടുക്കുക. ആഭ്യന്തര സെക്രട്ടറിയും, പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് സെക്രട്ടറിയും സെർച്ച് കമ്മിറ്റിയിൽ ഉണ്ട്.

• കൊടുംചൂടിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 10 കോടി യൂണിറ്റ്‌ പിന്നിട്ടു. വൈകിട്ട്‌ ആറു മുതൽ 11 വരെയുള്ള വൈദ്യുതി ഉപയോഗം 5000 മെഗാവാട്ടിന്‌ മുകളിലാണ്‌. വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിലേക്ക്‌ കുതിക്കുന്ന പശ്ചാത്തലത്തിൽ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വ്യാഴാഴ്‌ച ഉന്നതതല യോഗം ചേരും.

• കാലാവധി പൂർത്തിയായി ഒരുവർഷം പിന്നിട്ട ലൈസൻസ്‌ പുതുക്കാൻ ഡ്രൈവിങ്‌ ടെസ്‌റ്റ്‌  വിജയിക്കണമെന്ന്‌ ഹൈക്കോടതി. ടെസ്‌റ്റ്‌ നടത്തിയിട്ടില്ലെങ്കിൽ ലൈസൻസ് പുതുക്കാനുള്ള അപേക്ഷ നിരസിക്കാമെന്നും കോടതി വ്യക്തമാക്കി.

• കെഎസ്‌എഫ്‌ഇയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 35 കോടി രൂപ സർക്കാരിന്‌ കൈമാറി. മന്ത്രി കെ എൻ ബാലഗോപാലിന്  കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ ചെക്ക്‌ കൈമാറി.

• വ്യവസായ വകുപ്പ് ആവിഷ്കരിച്ച സംരംഭകവർഷം പദ്ധതിയിൽ തുടർച്ചയായ രണ്ടാം വർഷവും സംസ്ഥാനത്ത് ഒരു ലക്ഷം സംരംഭങ്ങൾ പുതുതായി ആരംഭിച്ചു. ‘സംരംഭക വർഷം രണ്ട്’ പദ്ധതിയിൽ 11 മാസത്തിനിടെ 1,00,018 സംരംഭങ്ങളാണ് ആരംഭിച്ചത്. ഇതുവഴി 6712 കോടിയുടെ നിക്ഷേപവും 2,09,735 തൊഴിലും സൃഷ്ടിച്ചു.

• പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമനടപടികളിലേക്ക് കേരളം. സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിന് അനുസൃതമായി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട തുടർനിയമനടപടി സുപ്രീം കോടതി മുഖേന അടിയന്തരമായി സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരം ഒറിജിനൽ സ്യൂട്ട് നേരത്തെ തന്നെ സുപ്രീം കോടതി മുമ്പാകെ സംസ്ഥാനം ഫയൽ ചെയ്തിരുന്നു.

• പിറ്റ്ബുൾ, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ അടക്കം 23 ഇനം നായകളുടെ ഇറക്കുമതിയും വിൽപനയും നിരോധിച്ച് കേന്ദ്രസർക്കാർ. മനുഷ്യജീവന് അപകടകാരികളാണെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി. നായകളുടെ ഇറക്കുമതി, പ്രജനനം, വിൽപ്പന എന്നിവ തടയണമെന്ന് സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ നിർദേശം.

• സംസ്ഥാനത്ത് ഞായറാഴ്ച്ച വരെ ഒന്‍പത് ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. 





ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0