എറണാകുളം : കൊച്ചുകുട്ടിയായ മകനെയും 26 നായ്‌ക്കളെയും വാടക വീട്ടില്‍ ഉപേക്ഷിച്ച് യുവാവ് നാടുവിട്ടു. വിദേശത്തു ജോലി ചെയ്യുന്ന അമ്മ പൊലീസിന്റെ സഹായം തേടി മകനെ മാതാപിതാക്കളുടെ പക്കലേൽപിച്ചു. എറണാകുളം തൃപ്പൂണിത്തുറയിലാണ് സംഭവം. നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെയാണ് പൊലീസെത്തി രക്ഷിച്ചത്. ഞായറാഴ്ചയാണ് നായ്ക്കള്‍ക്കൊപ്പം കുട്ടിയെ ഉപേക്ഷിച്ച് യുവാവ് നാടുവിട്ടത്. 30,000 രൂപ മുതൽ 50,000 രൂപ വരെ വിലവരുന്ന നായ്ക്കളെയാണ് യുവാവ് ഉപേക്ഷിച്ചത്.
3 ദിവസമായി ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞ നായ്ക്കളെ സൊസൈറ്റി ഫോർ ദ് പ്രിവൻഷൻ ഓഫ് ക്രുവെൽറ്റി ടു അനിമൽസ് പ്രവർത്തകരും ഏറ്റെടുത്തു. 3 മാസം മുൻപാണു സുധീഷ് എസ് കുമാർ എന്നയാൾ എരൂർ അയ്യംപിള്ളിച്ചിറ റോഡിൽ നാലാം ക്ലാസുകാരനായ മകനുമായി വീടു വാടകയ്ക്ക് എടുത്തത്. മുന്തിയ ഇനം നായ്ക്കളെയും വീട്ടിലേക്കു കൊണ്ടുവന്നിരുന്നു. നായ്ക്കളുടെ ശല്യത്തെക്കുറിച്ചു സമീപവാസികളുടെ പരാതിയിൽ നഗരസഭ നോട്ടിസ് നൽകി.