ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 11 മാർച്ച് 2024 #NewsHeadlines

• വന്യജീവി ശല്യം തടയുന്നതിനായി കേരളവും കര്‍ണാടകയും തമ്മില്‍ അന്തര്‍ സംസ്ഥാന സഹകരണ കരാറില്‍ ഒപ്പുവച്ചു. വന്യമൃഗ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ബന്ദിപ്പൂരില്‍ ചേര്‍ന്ന വനംമന്ത്രിമാരുടെ യോഗത്തിൽ ഇരു സംസ്ഥാനങ്ങളും കരാറിൽ ഒപ്പുവച്ചത്.

• തെരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ കൈമാറാത്ത വിഷയത്തില്‍ എസ്ബിഐക്കെതിരെ സുപ്രീംകോടതിയില്‍ സിപിഐഎമ്മും കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു. എസ്ബിഐയുടെ സമയം നീട്ടാനുള്ള അപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഹര്‍ജി. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നു.

• അടുത്ത വര്‍ഷം അവസാനത്തോടെ സമുദ്രനിരപ്പില്‍ നിന്നും ആറുകിലോമീറ്റര്‍ (6000മീറ്റര്‍) ആഴത്തിലേക്ക് ഇന്ത്യന്‍ ശാസ്ത്രജ്ഞരെ അയക്കുമെന്ന് ഭൗമശാസ്ത്ര മന്ത്രി കിരണ്‍ റിജിജ്ജു.

• സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ആലപ്പുഴ, കോട്ടയം ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം ഉയർന്ന താപനില അനുഭവപ്പെടുന്നതിനാൽ ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

• സംസ്ഥാനത്ത് ചൂട് കൂടുന്നു. ഉയര്‍ന്ന താപനില സാധാരണയെക്കാൾ രണ്ട് മുതല്‍ മൂന്നു ഡിഗ്രി വരെ കൂടുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. പാലക്കാട്, കൊല്ലം ജില്ലകളിൽ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂർ, കാസര്‍കോട് ജില്ലകളിൽ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

•  2024 ഓസ്‌കറില്‍ മികച്ച നടനായി കിലിയന്‍ മര്‍ഫിയെ തെരഞ്ഞെടുത്തു. ഓപ്പന്‍ഹെയ്മറിലെ പ്രകടനത്തിനാണ് മര്‍ഫി മികച്ച നടന്‍ പുരസ്‌കാരത്തില്‍ മുത്തമിട്ടത്. സഹനടനായി റോബര്‍ട്ട് ഡൗണി ജൂനിയറും പുരസ്‌കാരം നേടി.