ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 13 മാർച്ച് 2024 #NewsHeadlines

• കേരള ഹൈക്കോടതി ജഡ്ജിമാരിയായി ആറ് അഭിഭാഷകരെ നിയമിക്കാന്‍ ശുപാര്‍ശ. സുപ്രീം കോടതി കൊളീജിയം ആണ് ശുപാര്‍ശ നല്‍കിയത് അബ്ദുള്‍ ഹക്കീം, ശ്യാം കുമാര്‍, ഹരിശങ്കര്‍ വിജയന്‍ മേനോന്‍, മനു ശ്രീധരന്‍ നായര്‍, ഈശ്വരന്‍ സുബ്രമണി, മനോജ് പി എം എന്നിവരെ ജഡ്ജിമാരായി നിയമിക്കാനാണ് ശുപാര്‍ശ.

• സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ ഭാഗമായി പുതിയ ഡ്രൈവിങ് സ്‌കൂള്‍ ആരംഭിക്കുന്നതിനൊരുങ്ങി ഗതാഗത വകുപ്പ്. ഇത് സംബന്ധിച്ച് സാങ്കേതികത പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ക്ക് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കി.

• ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്ബിഐ. വിവരങ്ങള്‍ കൈമാറാന്‍ സുപ്രീം കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. കോടതി ഉത്തരവ് ലംഘിച്ചാല്‍ കോടതി അലക്ഷ്യ നടപടിയെടുക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. വിവരങ്ങള്‍ ക്രോഡീകരിച്ച് നല്‍കാന്‍ സമയം വേണം എന്നായിരുന്നു എസ്ബിഐ വാദം.

• വവ്വാലുകളില്‍ നിപ സാന്നിധ്യം. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കോഴിക്കോട്, വയനാട് ജില്ലകളിലെ പഴം തീനി വവ്വാലുകളിലാണ് വൈറസ് സാന്നിധ്യം. നിപ ബാധിത മേഖലകളില്‍ നിന്ന് 2023 ഫെബ്രുവരി, ജൂലായ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ശേഖരിച്ച വവ്വാലുകളുടെ സ്രവത്തിലാണ് വൈറസ് സാന്നിധ്യം.

• സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ചും കുപ്പിവെള്ളം വില്‍ക്കുന്ന കടകള്‍ കേന്ദ്രീകരിച്ചും പരിശോധനകള്‍ നടത്തുന്നതാണ്.

• കുറഞ്ഞ വിലയ്ക്ക്‌ ഗുണനിലവാരമുള്ള അരി  ബുധനാഴ്‌ച മുതൽ  സംസ്ഥാനത്ത്‌ വിതരണം തുടങ്ങും. സംസ്ഥാന സർക്കാർ സപ്ലൈകോവഴി ശബരി കെ- റൈസ് ബ്രാൻഡിൽ വിപണിയിലെത്തിക്കുന്ന അരിയുടെ വിതരണോദ്ഘാടനം പകൽ 12ന്‌ അയ്യൻകാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

• കേരളത്തിന്റെ സവിശേഷ സാഹചര്യം കണക്കിലെടുത്ത്‌ സംസ്ഥാനത്തിന്‌ ആശ്വാസമേകുന്ന പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന്‌ കേന്ദ്ര സർക്കാരിനോട്‌ സുപ്രീംകോടതി.

• സിനിമ റിലീസ്‌ ചെയ്‌ത്‌ 48 മണിക്കൂർവരെ നിരൂപണത്തിനുൾപ്പെടെ നിയന്ത്രണം  വേണമെന്നതടക്കമുള്ള നിർദേശവുമായി അമിക്കസ്‌ ക്യൂറിയുടെ റിപ്പോർട്ട്‌. സമൂഹമാധ്യമങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും സിനിമ നിരൂപണങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ വാർത്താവിതരണ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും നിർദേശിച്ചു.

• പീക്ക് അവറിൽ സംസ്ഥാനത്തെ വൈദ്യുതോപയോഗം സർവകാല റെക്കോഡും ഭേദിച്ചതോടെ കെഎസ്ഇബിക്ക് ആശങ്ക.
പീക്ക് അവറിലെ ഉപയോഗം സർവകാല റെക്കോഡായ 5031 മെഗാവാട്ടിലേക്കെത്തി. കഴിഞ്ഞവർഷം ഏപ്രിൽ 18ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടിന്റെ ഉപയോഗമാണ് മറികടന്നത്. ഇതിന് പുറമെ സംസ്ഥാനത്തെ ആകെ വൈദ്യുതോപയോഗം 100.1002 ദശലക്ഷം യൂണിറ്റ് പിന്നിടുകയും ചെയ്തു. ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന ഉപയോഗമാണിത്.

• മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവച്ചതിന് പിന്നാലെ നയാബ് സൈനി പുതിയ ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബിജെപി ഹരിയാന സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്ര എംപിയുമാണ് നായബ് സിങ് സൈനി. സത്യപ്രതിജ്ഞ വൈകിട്ട് 5 ന് നടക്കും.