April 2024 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
April 2024 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - 30 ഏപ്രിൽ 2024 #NewsHeadlines

● സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉഷ്ണ തരംഗത്തില്‍ ഉടനൊന്നും മാറ്റമുണ്ടാകില്ല. പാലക്കാട് ഓറഞ്ച് അലർട്ടും കൊല്ലം തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

● ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പോളിംഗ് ദിനത്തില്‍ 71.27 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

● സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് പരിഷ്‌കരണം. എസ്എസ്എല്‍സിക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് ബോണസ് പോയിന്റ് ഉണ്ടാകില്ല.

● സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനം പ്രതിസന്ധിയിലേക്ക് കടക്കുമെന്നും മന്ത്രി.

● മൺസൂൺ, വേനൽ മഴകളിൽ വൻകുറവുണ്ടായതിനെ തുടർന്ന്‌  ഇടുക്കി അണക്കെട്ടിൽ സംഭരണ ശേഷിയുടെ 36.30 ശതമാനം (2338.44 അടി) വെള്ളം മാത്രം.

● രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി പ്രവർത്തിക്കാൻ വിഴിഞ്ഞത്തിന് കേന്ദ്ര തുറമുഖമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഇതോടെ വലിയ കപ്പലുകൾക്ക് (മദർഷിപ്‌) അടുക്കാനും ചരക്കുകൾ കൈമാറ്റം ചെയ്യാനും സംവിധാനമുള്ള ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞം മാറും.

● ലോക്‌സഭ തെരഞ്ഞെടുപ്പ് ആറാം ഘട്ടം വിജ്ഞാപനം തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കി. ആറ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി  മെയ് 25ന് നാണ് വോട്ടെടുപ്പ്.

● ഓയൂർ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിലെ മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. വിദ്യാർത്ഥിയായ തൻ്റെ പഠനം തുടരാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം.

● ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി കൊല്‍ക്കത്ത.
ഡല്‍ഹിയെ 20 ഓവറില്‍ 153 റണ്‍സിലൊതുക്കിയ കൊല്‍ക്കത്ത 16.3 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - 29 ഏപ്രിൽ 2024 #NewsHeadlines

● മണിപ്പൂരിൽ വീണ്ടുമുണ്ടായ സംഘർഷത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് ഗുരുതര പരുക്കേറ്റു. കാംങ്‌പോക്പിയിലെ സദര്‍ ഹില്‍സിലാണ് വെടിവയ്പ്പുണ്ടായത്. ഗ്രാമത്തിന് കാവല്‍ നില്‍ക്കുന്ന വളന്‍റിയറായ കുക്കി വിഭാഗത്തില്‍നിന്നുള്ളയാളാണ് കൊല്ലപ്പെട്ടത്.

● മദ്യനയ അഴിമതി കേസിൽ ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. അറസ്റ്റ് ചോദ്യം ചെയ്ത് കേജരിവാളിന്റെ ഹർജി ദില്ലി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

● ജലഗതാഗത രംഗത്ത് രാജ്യത്തിന്‌ മാതൃകയായ കേരളത്തിന്റെ സ്വന്തം കൊച്ചി ജലമെട്രോയിൽ ഇതിനകം യാത്ര ചെയ്തത്‌ 20 ലക്ഷം പേർ. പ്രവർത്തനം ആരംഭിച്ച്‌ ഒരുവർഷവും മൂന്നുദിവസവും പിന്നിടുമ്പോഴാണ്‌ ഈ നേട്ടം. 2023 ഏപ്രിൽ 25നാണ്‌ ജലമെട്രോ സർവീസുകൾ ഉദ്‌ഘാടനം ചെയ്‌തത്‌.

● സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ ലൈഫ് മിഷനിലൂടെ നാലു ലക്ഷം വീട്‌ പൂർത്തിയായി. ഏപ്രിൽവരെ 4,03,568 വീടാണ് നിർമിച്ചത്. പുരോ​ഗമിക്കുന്നു. കഴിഞ്ഞ സാമ്പത്തികവർഷംമാത്രം 63,518 എണ്ണം പൂർത്തിയായി.

● സാമ്പത്തിക പ്രശ്‌നങ്ങൾമൂലം അമേരിക്കയിൽ ഒരു ബാങ്ക്‌ കൂടി തകർന്നു. ഫിലാഡൽഫിയ ആസ്ഥാനമായുള്ള റിപ്പബ്ലിക്‌ ഫസ്റ്റ്‌ ബാൻകോപ്പ്‌ ആണ്‌ തകർന്നത്‌. 

● കൊക്കോ വിലയിൽ വൻ കുതിപ്പ്‌. കൊക്കോ കർഷകർക്ക് ഉണർവേകി ചരിത്രത്തിലാദ്യമായി പൊതുവിപണിയിൽ ഒരുകിലോ ഉണക്ക കൊക്കോയുടെ വില 1020 രൂപ കടന്നു. രണ്ടുമാസംമുമ്പ് 260 രൂപയായിരുന്നു. വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് കച്ചവടക്കാർ പറയുന്നു.

● കോട്ടയം, ഇടുക്കി ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രമായ വാഗമൺ മലനിരകളിൽ നിന്നും മലയാളി ഗവേഷകർ പുതിയ സസ്യത്തെ കണ്ടെത്തി. 'ലോറസിയെ ' കുടുംബത്തിൽ കുറ്റിപ്പാണലിന്റെ ജനുസിൽപ്പെട്ട സസ്യത്തിന് ‘ലിറ്റ്സിയ വാഗമണ്ണിക്ക’ എന്നാണ് പേരിട്ടിരിക്കുന്നത്.

● സംസ്ഥാനത്ത് കൊടും ചൂട് ശമനമില്ലാതെ തുടരുന്നു. ചൂട് അതി കഠിനമാകാൻ സാധ്യതയുള്ള മൂന്ന് ജില്ലകളിൽ ഇന്ന് ഉഷ്ണ തരംഗത്തിന് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് ഉഷ്ണ തരംഗ സാധ്യതയുള്ളത്. ജനങ്ങൾ ജാഗ്രത പാലിക്കണം.

● ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ ജയം. സൺറൈസേഴ്സ് ഹൈദരാബാദിനെ 78 റൺസിന് തകർത്ത ചെന്നൈ 9 മത്സരങ്ങളിൽ അഞ്ച് വിജയവുമായി പോയിൻ്റ് പട്ടികയിൽ മൂന്നാമതെത്തി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - 28 ഏപ്രിൽ 2024 #NewsHeadlines

● ആറ്‌ മാസത്തിലേറെ വച്ചുതാമസിപ്പിച്ച ഭൂപതിവ്  നിയമ ഭേദഗതി ബിൽ ഉൾപ്പെടെ അഞ്ച് ബില്ലുകളിൽ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞയുടൻ ഗവർണർ ഒപ്പിട്ടത് വിവാദത്തിലേക്ക്.

●  രാജമലയിൽ വരയാടുകളുടെ കണക്കെടുപ്പ് തിങ്കളാഴ്ചമുതൽ ആരംഭിക്കും. ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായി വരുന്ന ചിന്നാർ, ഇരവികുളം, പാമ്പാടുംചോല എന്നിവിടങ്ങളിലാണ് നാലുദിവസം നീളുന്ന കണക്കെടുപ്പ് നടക്കുന്നത്.

● കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഞായറാഴ്‌ച ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ 40 ഡിഗ്രിക്കു മുകളിൽ താപനില രേഖപ്പെടുത്തിയ സാഹചര്യത്തിലാണിത്‌.

● കൂടുതല്‍ പേര്‍ നോട്ടയ്ക്ക് വോട്ട് ചെയ്താല്‍ വീണ്ടും തെര‍ഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. തെര‍ഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് ചൂണ്ടികാണിച്ചാണ് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂ‍‍ഡ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

● ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് പത്ത് റണ്‍സ് വിജയം. 257 റണ്‍സ് പിന്തുടര്‍ന്ന മുംബൈയ്ക്ക് 9 വിക്കറ്റിന് 247 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

● മദ്യനയ കേസിലെ ഇ.ഡി. അറസ്റ്റിനെ ചോദ്യംചെയ്തുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.

● മെഡിക്കൽ വിദ്യാർഥികൾക്കിടയിലെ വിഷാദവും ആത്മഹത്യയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാൻ വിദ്യാർഥികളിലും അധ്യാപകരിലും സർവേ നടത്താൻ ദേശീയ മെഡിക്കൽ കമ്മിഷന്റെ പ്രത്യേക കർമസേന.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - 27 ഏപ്രിൽ 2024 #NewsHeadlines


● ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ രാജ്യത്തെ 88 മണ്ഡലങ്ങൾ വിധിയെഴുതി. 60. 96 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഉയർന്ന പോളിംഗ് ത്രിപുരയിലും കുറഞ്ഞ പോളിംഗ് ഉത്തർപ്രദേശിലും രേഖപ്പെടുത്തി.

● ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. 70.35 ശതമാനം പേർ ഇത്തവണ വോട്ട് രേഖപ്പെടുത്തി. കണ്ണൂർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. കുറവ് പത്തനംതിട്ട മണ്ഡലത്തിലും.

● പലസ്‌തീനെതിരായ ഇസ്രയേൽ ആക്രമണങ്ങളിൽ പ്രതിഷേധിച്ച ഇന്ത്യൻ വംശജയായ വിദ്യാർഥിനി അമേരിക്കയിൽ അറസ്റ്റിൽ. യുഎസിലെ പ്രിൻ​സ്റ്റൺ യൂനിവേഴ്സിറ്റിയിൽ പ്രതിഷേധം നടത്തിയതിനാണ് കോയമ്പത്തൂർ സ്വദേശിയായ അചിന്ത്യ ശിവലിംഗം അറസ്റ്റിലായത്.

● സംസ്ഥാനത്ത് ആദ്യമായി ഉഷ്ണതരംഗം സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പാലക്കാട് ജില്ലയിലാണ് ഉഷ്ണതരംഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം റെക്കോഡ് ചൂടാണ് രേഖപ്പെടുത്തിയത്. 41.4 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്.

● സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ 11 പേർ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട്, കോഴിക്കോട് ജില്ലകളിൽ മൂന്ന് വീതം മരണം റിപ്പോർട്ട് ചെയ്തു.

● ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരീയ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വെള്ളിയാഴ്ച രാത്രി 11:06 ഓടെ അനുഭവപ്പെട്ടതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി വ്യക്തമാക്കി.

● ഐപിഎല്ലിലെ നിർണായക പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരുവിന്‌ ജയം. സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ 35 റണ്ണിന്‌ തോൽപ്പിച്ചു. ഐപിഎൽ ക്രിക്കറ്റിൽ അവസാനസ്ഥാനത്തുള്ള ബംഗളൂരുവിന്റെ രണ്ടാംജയമാണ്‌.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 25 ഏപ്രിൽ 2024 #NewsHeadlines

● ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് മുതലുള്ള ഒന്നരമാസത്തെ  പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശം ഇന്നലെ അവസാനിച്ചു. ഇനിയുള്ള മണിക്കൂറുകൾ നിശബ്ദ പ്രചാരണത്തിൻ്റേത്.

● കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപകൂടി സർക്കാർ സഹായമായി കഴിഞ്ഞ ദിവസം അനുവദിച്ചു. മാസാദ്യം 20 കോടി രുപ നൽകിയിരുന്നു. ഏപ്രിലിൽമാത്രം 50 കോടി രൂപയാണ്‌ നൽകിയത്‌.

● ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ രണ്ടാംഘട്ടത്തിന്‌ മണിക്കൂറുകൾമാത്രം ശേഷിക്കവേ ഇലക്‌ട്രോണിക്‌ വോട്ടിങ് യന്ത്രങ്ങളുമായി (ഇവിഎം) ബന്ധപ്പെട്ട കേസിൽ തെരഞ്ഞെടുപ്പ് കമീഷനുനേരെ ചോദ്യങ്ങൾ ഉന്നയിച്ച്‌ സുപ്രീംകോടതി.

● വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട്‌ യമനിലെ ജയിലിൽകഴിയുന്ന നിമിഷപ്രിയയെ നേരിട്ടുകണ്ട്‌ അമ്മ പ്രേമകുമാരി. 11 വർഷങ്ങൾക്കുശേഷമാണ്‌ അമ്മയും മകളും കാണുന്നത്‌. ബുധൻ ഉച്ചയോടെയാണ്‌ സനയിലെ ജയിലിലെത്തി മകളെ കണ്ടത്‌.

● തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷൻ നവീകരണം കെ റെയിൽ നടത്തും. ബുധനാഴ്‌ചയാണ്‌ ഇതുസംബന്ധിച്ച്‌ തീരുമാനമുണ്ടായത്‌. ടെൻഡർ തുറന്നപ്പോൾ കുറഞ്ഞ തുക ക്വോട്ട്‌ ചെയ്‌ത കെ റെയിലിന്‌ പ്രവൃത്തി ലഭിക്കുകയായിരുന്നു.

● ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹിയ്ക്ക് ജയം. ഗുജറാത്തിനെ നാല് റണ്‍സിനാണ് ഡല്‍ഹി പരാജയപ്പെടുത്തിയത്. 225 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിന്റെ ഇനിങ്‌സ് 220 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

● ഇലക്ടറല്‍ ബോണ്ട് വിഷയത്തിൽ കേന്ദ്രസർക്കാരിന് വീണ്ടും തിരിച്ചടി. പദ്ധതിയിലൂടെ നടപ്പാക്കിയ കൊടുക്കല്‍ വാങ്ങലുകളെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി.

● വയനാട് ബത്തേരിയില്‍ വോട്ടേഴ്‌സിനെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ പിടികൂടി. 1500ഓളം കിറ്റുകളാണ് പിടികൂടിയിരിക്കുന്നത്. കിറ്റുകള്‍ എത്തിച്ചതിന് പിന്നില്‍ ബിജെപിയാണെന്ന് എല്‍ഡിഎഫും യുഡിഎഫും ആരോപിച്ചു.

● സംസ്ഥാനത്ത് ചൂട് കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച്ച വരെ 12 ജില്ലകളിൽ യല്ലോ മുന്നറിയിപ്പ് നൽകി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 24 ഏപ്രിൽ 2024 #NewsHeadlines

● സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയര്‍ന്നുവരുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപയോഗം കുറയ്ക്കാനുള്ള ആഹ്വാനവുമായി കേരള സര്‍ക്കാര്‍. സ്ഥാപനങ്ങളും പൊതുജനങ്ങളും ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ജാഗരൂകരാകണം, ഊര്‍ജ്ജ സംരക്ഷണ പരിപാടികളുമായി സഹകരിക്കണം എന്നുമാണ് നിർദേശം.

● ഗാസയിലെ ഇസ്രയേൽ വംശഹത്യ 200 ദിവസം പിന്നിടുമ്പോഴും സമാധാനം അകലെ. ലോകരാഷ്‌ട്രങ്ങളും മനുഷ്യാവകാശ സംഘടനകളും വിലക്കിയിട്ടും  ഗാസയ്‌ക്കെതിരായ ആക്രമണങ്ങൾ ശക്തമായി തുടരുന്നു.

● മാസങ്ങള്‍ക്കു ശേഷം നാസയുടെ നക്ഷത്രാന്തര പര്യടന പേടകമായ വോയേജർ ഭൂമിയിലേക്ക് മനസിലാക്കാനാവുന്ന സന്ദേശങ്ങൾ അയച്ചതായി നാസ.

● സൗരയൂഥം വിട്ട് ഇന്റര്‍സ്‌റ്റെല്ലാർ സ്‌പേസിലേക്ക് പ്രവേശിച്ച ആദ്യ മനുഷ്യനിര്‍മിത വസ്തുവാണ് വോയേജര്‍-1.  പിന്നാലെ തന്നെ വോയേജര്‍-2 ഉം ഈ നേട്ടം കൈവരിച്ചു.

● തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ ഓൺലൈനായി ലഭിക്കുന്ന കെ സ്മാർട്ടിൽ ഇനി കെട്ടിട രേഖകളും ലഭിക്കും. ഇതോടെ തദ്ദേശസ്ഥാപനങ്ങൾ വഴി ഭൂമി, കെട്ടിട സംബന്ധമായ എല്ലാ സേവനങ്ങളും സുഗമമായി നടത്താനാകും.

● എട്ടുപേരുടെ ജീവനെടുത്ത കളമശേരി സ്‌ഫോടന കേസിൽ പൊലീസ്‌ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച 3578 പേജുള്ള കുറ്റപത്രത്തിൽ തമ്മനം ചിലവന്നൂർ വേലിക്കകത്ത് ഡൊമിനിക് മാർട്ടിൻ മാത്രമാണ് പ്രതി.

● ഇന്ത്യയിലെ മനുഷ്യാവകാശ ധ്വംസനത്തില്‍ ആശങ്ക രേഖപ്പെടുത്തി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. വംശീയ കലാപം ഇപ്പോഴും ശമിച്ചിട്ടില്ലാത്ത മണിപ്പൂരിലും മറ്റിടങ്ങളിലും വ്യാപക മനുഷ്യാവകാശ ലംഘനം തുടരുന്നതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ചൂണ്ടിക്കാട്ടുന്നു.

● ഐപിഎല്ലില്‍ ചെന്നൈയ്‌ക്കെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് തകര്‍പ്പന്‍ ജയം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 6 വിക്കറ്റിന്റെ ജയമാണ് നേടിയിരിക്കുന്നത്.

● മധ്യദൂര ബാലിസ്റ്റിക് മിസൈലിന്റെ പുതിയ വകഭേദം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. സ്ട്രൈക്ക് റേഞ്ച് എയര്‍-ലേഞ്ച്ഡ് ബാലിസ്റ്റിക് മിസൈല്‍ ആണ് വിജയകരമായി പരീക്ഷിച്ചത്. 250 കിലോമീറ്റര്‍ പ്രഹര ശേഷി ഉള്ളതാണ് മിസൈല്‍.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 23 ഏപ്രിൽ 2024 #NewsHeadlines

● കേരള തീരത്ത് നാളെ രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. സെക്കന്‍ഡില്‍ 10 സെന്റി മീറ്റര്‍ മുതല്‍ 55 സെന്റി മീറ്റര്‍ വരെ മാറി വരാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

● കൊല്ലം പാര്‍ലമെന്റ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന് ആക്രമണത്തില്‍ കണ്ണിന് പരിക്കേറ്റ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.

● ലത്തീൻ അതിരൂപതയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന ആരോപണവുമായി ബിഷപ് തോമസ് ജെ നെറ്റോ. പള്ളികളിൽ ഇന്നലെ വായിച്ച സർക്കുലറിലാണ് അക്കൗണ്ട് മരവിപ്പിച്ച കാര്യം ബിഷപ്പ് അറിയിച്ചത്. അക്കൗണ്ട് മരവിപ്പിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രാലയമെന്നും ബിഷപ്പിന്റെ വിമർശനം ഉന്നയിച്ചു.

● ചെസ് ടൂർണമെന്റ് ചരിത്രത്തിൽ അഭിമാന നേട്ടവുമായി ഇന്ത്യൻ താരം. ഫിഡെ കാൻഡിഡേറ്റസ് ചെസ് ടൂർണമെന്റിൽ ഇന്ത്യയുടെ ഡി ഗുകേഷ് ചാമ്പ്യൻ. 9 പോയിന്റുമായി മുന്നിലെത്തിയാണ് ​ഗുകേഷ് ടൂർണമെന്റിലും ചെസ് ചരിത്രത്തിലും നേട്ടം കൈവരിച്ചത്.

● കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സ്വത്ത് മുസ്‍ലിംകൾക്ക് വീതിച്ചുനൽകുമെന്നും കടന്നുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നും ഉള്ള പ്രധാനമന്ത്രി മോഡിയുടെ പ്രസംഗം വിവാദത്തിൽ.

● സ്വന്തം ഡോക്‌ടറെ ദിവസേന പതിനഞ്ച്‌ മിനിറ്റ്‌ വീഡിയോ കോൺഫറൻസിങിലൂടെ കാണണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്റെ ആവശ്യം തള്ളി റൗസ്‌ അവന്യൂകോടതി.

● ആരോഗ്യ ഇൻഷുറൻസിനുളള പ്രായപരിധി ഒഴിവാക്കി ഇൻഷുറൻസ് റെഗുലേറ്ററി ഡവലപ്‌മെന്റ്‌ അതോറിറ്റി ഓഫ് ഇന്ത്യ. മുൻപ്‌ 65 വയസിന് താഴെയുള്ളവർക്ക് മാത്രമേ കമ്പനികൾ ആരോഗ്യ ഇൻഷുറൻസ് നൽകിയിരുന്നുള്ളു.

● ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. 9 വിക്കറ്റിനാണ് രാജസ്ഥാന്‍ മുബൈയെ തകര്‍ത്തത്. 180 റണ്‍സ് വിജയലക്ഷ്യം എട്ടു പന്ത് ബാക്കിനില്‍ക്കെ രാജസ്ഥാന്‍ മറികടന്നു.

● ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് പാലക്കാട്ടെ മുന്‍ ഡിസിസി അധ്യക്ഷന്‍ എ വി ഗോപിനാഥ്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 22 ഏപ്രിൽ 2024 #NewsHeadlines

● തുടര്‍ച്ചയായി പ്രമേഹം പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. ദില്ലി റൗസ് അവന്യു കോടതിയാണ് ഹർജി പരിഗണിക്കുക.

● സർവീസ്‌ ആരംഭിച്ച്‌ ആറുമാസത്തിന്‌ മുമ്പുതന്നെ 10 ലക്ഷം യാത്രികരുമായി അതിശയിപ്പിച്ച കൊച്ചി ജലമെട്രോ ഒന്നാംവയസ്സിലേക്കെത്തുമ്പോൾ യാത്രികരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നതായി പ്രവർത്തന റിപ്പോർട്ട്.

● ലോക് സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണയുമായി യാക്കോബായ സഭ. സഭയുടെ പ്രതിസന്ധികളിൽ സഹായിച്ചവരെ തിരിച്ച് സഹായിക്കണമെന്ന് സഭാ നേതൃത്വം ആഹ്വാനം ചെയ്തു. മലങ്കര മെത്രാപ്പൊലീത്ത ജോസഫ് ​ഗ്രി​ഗോറിയസ് വിശ്വാസികൾക്ക് നൽകിയ സന്ദശേത്തിലാണ് നിലപാട് വ്യക്തമാക്കിയത്.

●  പിഎച്ച്‌ഡി പ്രവേശനത്തിന്‌ നെറ്റ്‌ (നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്‌) മാർക്ക്‌ മാത്രം അടിസ്ഥാനമാക്കിയതിന്‌ പിന്നാലെ പുതിയ പരിഷ്‌കാരവുമായി യുജിസി. നാലുവർഷ ബിരുദം 75 ശതമാനം മാർക്കോടെ പൂർത്തിയാക്കുന്നവർക്ക്‌ നേരിട്ട്‌ നെറ്റ്‌ പരീക്ഷ എഴുതാമെന്ന്‌ യുജിസി ചെയർമാൻ.

● വോട്ടിംങ് ദിനത്തില്‍ പോളിംങ് സ്റ്റേഷനില്‍ വെടിവെപ്പും, സംഘര്‍ഷവും ഉണ്ടായതിന് പിന്നാലെ റീം പോളിംങ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന മണിപ്പൂര്‍ ലോക്സഭാ മണ്ഡലത്തിലെ 11 ബൂത്തുകളിലാണ് റീം പോളിംങ് പ്രഖ്യാപിച്ചത്.

● ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സിന് ജയം. മൂന്ന് വിക്കറ്റുകളുടെ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. 143 റണ്‍സ് വിജയലക്ഷ്യം 5 പന്ത് ബാക്കിനില്‍ക്കെ മറികടന്നു. ഗുജറാത്തിന്റെ സീസണിലെ നാലാം ജയമാണിത്.

● ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ ഇന്ത്യയില്‍ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളിലാണ് ഇത് നടപ്പാക്കുക.

● വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയെ കാണാന്‍ മാതാവ് യെമനിലെത്തി. മകളെ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്ന് മാതാവ് പ്രേമകുമാരി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 21 ഏപ്രിൽ 2024 #NewsHeadlines

● ആലപ്പുഴയില്‍ രണ്ട് പ്രദേശങ്ങളില്‍ താറാവുകളില്‍ പക്ഷിപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ 2023ലെ കേരള പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള മേല്‍നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

● ഇന്ത്യയിൽ മത വേർതിരിവും വർഗീയ കലാപങ്ങളും വർധിക്കുന്നത് ആശങ്കാജനകമെന്ന് മലങ്കര ഓർത്തഡോക്സ് സഭ  തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തോസ് മെത്രാപോലീത്ത.

● തെരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ തിരികെ കൊണ്ടുവരുമെന്ന് കേന്ദ്രധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമൻ.

● തമിഴ്‌നാട്ടിൽ നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്‌ക്കെതിരെ കേസ്. വോട്ടെടുപ്പ് ദിനത്തിൽ ചട്ടങ്ങൾ ലംഘിച്ച് ആൾക്കൂട്ടത്തിനൊപ്പം പോളിംഗ് സ്‌റ്റേഷനിലെത്തിയതിനാണ് കേസ്. ആൾക്കൂട്ടവുമായി ബൂത്തിലെത്തിയത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന പരാതിയിലാണ് കേസ്.

● ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. ഡല്‍ഹി ക്യാപിറ്റല്‍സിനെ 67 റണ്‍സിന് തകര്‍ത്തു. 267 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 199 റണ്‍സിന് ഓള്‍ഔട്ടായി.

● ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ജയിലില്‍ ഇന്‍സുലിന്‍ നിഷേധിച്ച വിഷയത്തില്‍ ലെഫ്റ്റനെന്റ് ഗവര്‍ണറിനെതിരെ ഗുരുതര ആരോപണം. ഇന്‍സുലിന്‍ നിഷേധിച്ചും ഡോക്ടറെ കാണാന്‍ അനുവദിക്കാതെയും തിഹാര്‍ ജയിലിനുള്ളില്‍ സാവധാനം മരണത്തിലേക്ക് തള്ളിവിടുകയാണെന്ന് ആം ആദ്മി പാര്‍ട്ടി വിമര്‍ശിച്ചു.

● ഗുസ്തി താരം വിനേഷ് ഫോഗടിന് ഒളിംപിക്‌സ് യോഗ്യത. ഏഷ്യന്‍ ഒളിമ്പിക് യോഗ്യത റൗണ്ടിന്റെ സെമിയില്‍ ഖസാക്കിസ്ഥാന്‍ താരത്തെ തോല്‍പ്പിച്ച് വിനേഷ് പാരിസ് ഒളിമ്പിക്‌സിന് യോഗ്യത നേടി. 50 കിലോ ഫ്രീ സ്‌റ്റൈല്‍ വിഭാഗത്തിലാണ് വിനേഷിന്റെ ജയം.


ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 20 ഏപ്രിൽ 2024 #NewsHeadlines

• ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വോട്ടെടുപ്പിൽ വെള്ളിയാഴ്‌ച വൈകിട്ട്‌ ഏഴ്‌ വരെ 62.37 പോളിങ്‌ രേഖപ്പെടുത്തി. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ്‌ വോട്ടെടുപ്പ്‌ നടന്നത്‌.

• പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യാപക അക്രമം. മണിപ്പൂരില്‍ മെയ്തി സംഘടനയായ ആരംഭായ് തെങ്കോലിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ പോളിങ് ബൂത്തുകള്‍ പിടിച്ചെടുത്തു.

• പൂരപ്രേമികള്‍ക്കുമുന്നില്‍ നിറക്കാഴ്ചയൊരുക്കി കുടമാറ്റം. തെക്കേ ഗോപുരനടയില്‍ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി വാനിലേയ്ക്കുയര്‍ത്തിയത് വര്‍ണ്ണാഭമായ കുടകൾ.

• പ്ലസ്‌ടു കോഴക്കേസിലെ മറുപടിസത്യവാങ്‌മൂലത്തിൽ വിജിലൻസ്‌ അഡീഷണൽ ലീഗൽ അഡ്വൈസറുടെ നിയമോപദേശംകൂടി ഫയൽ ചെയ്‌ത മുസ്ലിംലീഗ്‌ നേതാവ്‌ കെ എം ഷാജിക്ക്‌ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം.

• വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

• നവകേരള ബസ് അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കാന്‍ കെഎസ്ആര്‍ടിസിയില്‍ ആലോചന. കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തും.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 19 ഏപ്രിൽ 2024 #NewsHeadlines

● ദില്ലിയിലെ ആം ആദ്മി പാർട്ടി നേതാവും എംഎൽഎയുമായ അമാനത്തുള്ള ഖാനെ ഇഡി അറസ്റ്റ് ചെയ്തു. ദില്ലി വഖഫ് ബോർഡുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടിൽ ഇഡി അന്വേഷണത്തിലാണ് അറസ്റ്റ്. ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.

● ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, വിദ്വേഷം ഉളവാക്കുന്ന തരത്തിലും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തവര്‍ക്കെതിരെ സംസ്ഥാനത്ത് ഇതുവരെ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

● തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട പോളിങ്‌ ഇന്ന് നടക്കും . 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലേക്കാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 19 ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് ജൂൺ ഒന്ന് വരെയാണ് നടക്കുന്നത്.

● ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു. ഡെക് കേഡറ്റ് ആൻ ടെസ ജോസഫ് കൊച്ചിയിൽ വിമാനം ഇറങ്ങി. ബാക്കിയുള്ള 16 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു.

● ടാങ്കിൽ‍ ജലം കുറയുമ്പോൾ‍ സ്വമേധയാ പ്രവർത്തിക്കുന്ന പമ്പുകളുടെ പ്രവർത്തനം വൈകിട്ട്‌ ആറുമുതൽ 12 വരെ (പീക്‌ ടൈം) നിയന്ത്രിക്കണമെന്ന്‌ കെഎസ്‌ഇബി അഭ്യർഥിച്ചു.

● സംസ്ഥാനത്തെ അഞ്ചു ലക്ഷം വീടുകളിലേക്ക്‌ വാണിജ്യ കണക്‌ഷൻ നൽകാൻ സജ്ജമായി കെ ഫോൺ. ഇതിനുള്ള സാങ്കേതിക സൗകര്യങ്ങളും സാധന സാമഗ്രികളും ഒരുക്കി. നിലവിൽ 5388 വീടുകളിൽ കണക്ഷൻ നൽകിയിട്ടുണ്ട്.

● ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് മൂന്നാം ജയം. പഞ്ചാബ് കിങ്‌സിനെ 9 റൺസിന് തോൽപ്പിച്ചു. 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 183 റൺസിന് ഓൾ ഔട്ട്‌ ആയി.

● മഴ കുറഞ്ഞതോടെ പ്രവർത്തനം സാധാരണ നിലയിലെത്തിക്കാൻ നടപടികൾ ഊർജ്ജിതമാക്കി ദുബായ് വിമാനത്താവളം. മഴയെതുടർന്ന് 1244 വിമാനങ്ങളാണ് കഴിഞ്ഞ രണ്ടുദിവസത്തിനിടെ ദുബായിൽ റദ്ദാക്കിയത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 18 ഏപ്രിൽ 2024 #NewsHeadlines

● ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നവരുടെ ബാലറ്റുകള്‍ ഉദ്യോഗസ്ഥര്‍ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍.

● മനുഷ്യന്റെ ആരോഗ്യത്തിനോടൊപ്പം മൃഗങ്ങളുടേയും പ്രകൃതിയുടേയും ആരോഗ്യം ഉറപ്പ് വരുത്തി പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുവാനായി 'വണ്‍ ഹെല്‍ത്തിന്റെ'  പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രണ്ടര ലക്ഷത്തോളം കമ്മ്യൂണിറ്റി വോളണ്ടിയര്‍മാര്‍ക്ക് പരിശീലനവും നല്‍കി.

● ലോക്സഭാ ഇലക്ഷന്റെ ഒന്നാം ഘട്ടം ഇന്ന്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ്‌ വെള്ളിയാഴ്‌ച വോട്ടെടുപ്പ്‌. ഒറ്റഘട്ടത്തിൽ വോട്ടെടുപ്പ്‌ പൂർത്തിയാകുന്ന 39 സീറ്റുള്ള തമിഴ്‌നാടാണ്‌ പ്രധാനം.

● യുഎഇയിൽ 75 വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയിൽ വൻ നാശനഷ്ടം. റാസൽ ഖൈമയിലും അൽ ഐനിലും ശക്തമായ മണ്ണിടിച്ചിലിനെത്തുടർന്ന്‌ ഗതാഗതം താറുമാറായി. നൂറുകണക്കിനുപേർ ഫ്ലാറ്റുകളിലും വീടുകളിലും കുടുങ്ങി.

● ഇലകട്രോണിക്സ് വോട്ടിംങ് യന്ത്രങ്ങളില്‍ തട്ടിപ്പ് നടത്തിയാല്‍ ശിക്ഷിക്കാന്‍ നിയമമുണ്ടോയെന്ന് ചോദ്യമുയര്‍ത്തി സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷനോടാണ് കോടതിയുടെ ചോദ്യം. ഇവിഎം വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളും ഒത്തുനോക്കണമെന്ന ഹരജി പരിഗണിക്കവെയാണ് കോടതി കമ്മീഷനോട് ചോദ്യമുന്നയിച്ചത്.

● KSRTCക്ക് റെക്കോഡ് കളക്ഷൻ. ഏപ്രിൽ 15ലെ വരുമാനം 8.57 കോടി രൂപ. 4179 ബസുകൾ നിരത്തിലിറങ്ങി. ഇതിന് മുൻപ് 2023 ഏപ്രിൽ 24 ന് ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നതെന്ന് കെഎസ്ആർടിസി അറിയിച്ചു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 17 ഏപ്രിൽ 2024 #NewsHeadlines

● എൽഡിഎഫ് സ്ഥാനാർത്ഥി ശൈലജ ടീച്ചർക്കെതിരെ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്തു. ന്യൂ മാഹി പഞ്ചായത്ത് അംഗമായ അസ്ലമിനെതിരെയാണ് കേസെടുത്തത്.

● ലോക്‌സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സജ്ഞയ് കൗൾ.

● മെയ് പകുതിയോടെ കേരളത്തിൽ കാലവർഷമെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.  വടക്കുപടിഞ്ഞാറൻ, കിഴക്ക്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങൾ ഒഴികെ രാജ്യത്തിന്റെ മിക്കഭാ​ഗങ്ങളിലും ഇക്കൊല്ലം മൺസൂണിൽ സാധാരണയിൽ കവിഞ്ഞ മഴ ലഭിക്കുമെന്നാണ് പ്രവചനം.

● ഛത്തീസ്ഗഢിൽ 29 നക്സലൈറ്റുകളെ സുരക്ഷാസേന വെടിവച്ചുകൊന്നു.
ഇന്നലെ ഉച്ചയോടെ ഛത്തീസ്ഗഢിലെ കങ്കർ ജില്ലയിലാണ് സൈന്യം നക്സൽ വിരുദ്ധ ഓപ്പറേഷനിടെ മുതിർന്ന നക്സൽ നേതാവ് ശങ്കർ റാവു ഉൾപ്പെടെയുള്ളവരെ വധിച്ചതെന്ന് സുരക്ഷാസേന അറിയിച്ചു.

●  ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകർത്ത് രാജസ്ഥാൻ. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരിൽ വിജയം രാജസ്ഥാൻ കൈക്കലാക്കുകയായിരുന്നു.

● ഗള്‍ഫില്‍ കനത്ത മഴ തുടരുന്നു. യുഎഇയിലെ വിവിധയിടങ്ങള്‍ വെളളത്തിനടിയിലായി. ഒമാനില്‍ മഴയില്‍ 10 കുട്ടികളുള്‍പ്പെടെ മരിച്ചവരുടെ എണ്ണം 18 ആയി. ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും മഴ ബാധിച്ചു.

● കേരളത്തിലേക്ക് ആദ്യമായി ഡബിള്‍ ഡക്കര്‍ തീവണ്ടി വരുന്നു. കോയമ്പത്തൂര്‍ -കെ.എസ്.ആര്‍. ബെംഗളൂരു ഉദയ് എക്‌സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ പരീക്ഷണയോട്ടം ബുധനാഴ്ച നടക്കും. റെയില്‍വേയുടെ ഉദയ് എക്‌സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ഡക്കര്‍ എ.സി. ചെയര്‍കാര്‍ തീവണ്ടിയാണിത്.

● ചൂട് കനത്തതോടെ കടലിൽനിന്നുള്ള മത്സ്യങ്ങളുടെ ലഭ്യത ക്രമാതീതമായി കുറഞ്ഞു. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ കൂടുതൽ കിട്ടിക്കൊണ്ടിരുന്ന കണവയും അയലയും പകുതിപോലും കിട്ടാനില്ല. കടലിൽ ചൂട് കൂടുന്നതിനാൽ മത്സ്യങ്ങൾ മുകൾത്തട്ടിലേക്കു വരാതെ ചൂട് കുറഞ്ഞിടത്തേക്ക് പോകുന്നതാണ് മീൻ കുറയാൻ കാരണം.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 16 ഏപ്രിൽ 2024 #NewsHeadlines

● ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് പൊരുതി തോറ്റ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഐ പി എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ സ്വന്തമാക്കിയ ഹൈദരാബാദിനോട് 25 റൺസിനാണ് ബാംഗ്ലൂർ പരാജയപ്പെട്ടത്.

● ഇറാന്‍ സൈന്യം പിടികൂടിയ കപ്പലിലെ മലയാളികള്‍ കുടുംബത്തെ ഫോണ്‍ വിളിച്ചു. കോഴിക്കോട് സ്വദേശി ശ്യാംനാഥ്, തൃശ്ശൂര്‍ സ്വദേശിനി ആന്‍ ടെസ എന്നിവരാണ് വീട്ടുകാരെ ഫോണ്‍ ചെയ്തു. സുരക്ഷിതനാണെന്നും മറ്റു ബുദ്ധിമുട്ടുകള്‍ ഇല്ലെന്നും ഇരുവരും കുടുംബത്തെ അറിയിച്ചു.

● ഏഷ്യാനെറ്റ് സംഘടിപ്പിക്കുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയ്‌ക്കെതിരെ ഹൈക്കോടതിയുടെ നോട്ടീസ്. പരിപാടിയുടെ ഉള്ളടക്കം അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് ഹൈക്കോടതി നിർദേശം നൽകി.

● തിരുവനന്തപുരം വിമാനത്താവളം പൂർണമായും അദാനി കമ്പനിക്ക്‌ കൈമാറുന്നതിന്‌ മുന്നോടിയായി 600 ജിവനക്കാർക്കും കൂട്ടസ്ഥലംമാറ്റം. അദാനിയുമായി കേന്ദ്രസർക്കാർ വച്ച കരാറിനെ തുടർന്നാണ്‌ എയർപോർട്ട് അതോറിറ്റി ജീവനക്കാരെ മാറ്റുന്നത്.

● പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലില്ലാത്ത തരത്തില്‍ പണമൊഴുകുന്നു. ആദ്യഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ രാജ്യത്ത് പിടിച്ചെടുത്ത കണക്കില്‍പ്പെടാത്ത പണത്തിന്റെയും മറ്റ് വസ്തുക്കളുടെയും മൂല്യം 4650 കോടി കടന്നു. പൊതു തെരഞ്ഞെടുപ്പ് ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുകയാണ് ഇപ്പാള്‍ പിടിച്ചെടുത്തിരിക്കുന്നത്.

● മദ്യനയ അഴിമതിക്കേസില്‍ ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ഇഡിക്ക് നോട്ടീസയച്ച് സുപ്രീംകോടതി. ഹര്‍ജിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ വ്യക്തത നല്‍കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡിക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്.

● തൃശൂര്‍ പൂരത്തിന് ആനകളും,പൊതുജനവും തമ്മിലുള്ള അകല പരിധി ആറ് മീറ്ററാക്കി ഹൈക്കോടതി. ആനകളുടെ ഫിറ്റ് നസ് പരിശോധന നിരീക്ഷിക്കാന്‍ മൂന്നംഗ അഭിഭാഷക സംഘത്തെയും ഹൈക്കോടതി നിയോഗിച്ചു . പത്ത് മീറ്റര്‍ പരിധി അപ്രായോഗികമെന്ന് പാറമേക്കാവ്,തിരുവമ്പാടി ദേവസ്വങ്ങള്‍ ഹൈക്കോടതിയെ അറിയിച്ചു.

● ഇസ്രയേലിനെതിരായ ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയ്സി. ആക്രമണത്തിലൂടെ ശത്രുവിനെ പാഠം പഠിപ്പിച്ചുവെന്നും ഇറാന്‍ സൈന്യത്തെ പ്രശംസിക്കുന്നുവെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

● കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് ഇന്നും നാളെയും കടലാക്രമണത്തിന് സാധ്യത എന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം. കേരളതീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും നാളെ രാത്രി പതിനൊന്നര വരെ 0.5 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 15 ഏപ്രിൽ 2024 #NewsHeadlines

● ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ മുംബൈയിലെ വീടിന് നേരെ വെടിവയ്പ്പ് നടന്ന സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഉത്തരവാദിത്വം ഏറ്റെടുത്ത് ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയി രംഗത്തെത്തി.

● ഒമാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 12 പേര്‍ മരിച്ചു. മരിച്ചവരില്‍ കൊല്ലം സ്വദേശിയും. ഒമ്പത് വിദ്യാര്‍ത്ഥികളും രണ്ടു സ്വദേശികളും മരിച്ചവരില്‍ ഉള്‍പ്പെടും.

● വരും ദിവസങ്ങളിലും കേരളത്തിൽ കന്നത്ത ചൂട് തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ ഏപ്രിൽ 17 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

● അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട്‌ സൗദി കുടുംബത്തിന്റെ വക്കീലുമായി ഓൺലൈനിൽ കൂടിക്കാഴ്ച നടന്നു. കരാർ പ്രകാരമുള്ള ഒന്നരക്കോടി സൗദി റിയാൽ തയാറാണെന്നും തുടർ നടപടികൾ ആരംഭിക്കണമെന്നും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സഹായ സമിതി അംഗങ്ങളും ആവശ്യപ്പെട്ടു.

● ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ തറപറ്റിച്ച് ചെന്നെ സൂപ്പർ കിങ്സ്. 207 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ മുംബൈയ്ക്ക് 6 വിക്കറ്റ് നഷ്‌ടത്തിൽ 186 റൺസേ എടുക്കാനായുള്ളൂ. രോഹിത് ശർമ പുറത്താകാതെ നേടിയ സെഞ്ചുറിക്കും മുംബൈയെ രക്ഷിക്കാനായില്ല.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 13 ഏപ്രിൽ 2024 #NewsHeadlines

● ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യവകുപ്പ്. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം.

● വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

● ബെംഗളുരുവിലെ രാമേശ്വരം കഫേയില്‍ നടന്ന സ്‌ഫോടനത്തിന്റെ ആസൂത്രകരായ രണ്ടുപോര്‍ ബംഗാളില്‍ എന്‍ഐഎയുടെ  പിടിയിലായി. പശ്ചിമബംഗാളിലെ കിഴക്കന്‍ മിഡ്ണാപൂര്‍ ജില്ലയിലെ കാന്തിയില്‍ നിന്നാണ് ഇരുവരും പിടിയിലായത്.

● ഹൈക്കോടതിയുടെ അനുകൂലവിധിക്കു പിന്നാലെ സംസ്ഥാനത്ത്‌ ആരംഭിച്ച സഹകരണ ചന്ത ജനകീയമാകുന്നു. തെരഞ്ഞെടുത്ത 86 സൊസൈറ്റിയിലും ത്രിവേണി സൂപ്പർമാർക്കറ്റുകളിലുമാണ്‌ ചന്ത തുടങ്ങിയത്‌.

● ഇറാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യമന്ത്രാലയം. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇസ്രയേലിനെതിരെ ഇറാന്‍ നേരിട്ട് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് നിര്‍ദേശം.

● വടക്കന്‍ ഇസ്രയേലിലേക്ക് റോക്കറ്റ് തൊടുത്ത് ഇറാന്‍ പിന്തുണയുള്ള ഭീകര സംഘടനയായ ഹിസ്ബുല്ല. തെക്കന്‍ ലെബനനില്‍ ഇസ്രയേലി സേന നടത്തിയ ആക്രമണത്തിനുള്ള മറുപടിയാണ് റോക്കറ്റാക്രമണമെന്ന് ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിസ്ബുല്ല പ്രസ്താവിച്ചു.

● 34 കോടി രൂപ കണ്ടെത്തിയതോടെ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങി. പണം സമാഹരിച്ച കാര്യം സൗദി കുടുംബത്തെ അബ്ദുൽ റഹീം നിയമസഹായ സമിതി അറിയിച്ചു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 12 ഏപ്രിൽ 2024 #NewsHeadlines

● വിഷു ചന്ത നടത്താന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. വിഷു റംസാന്‍ ചന്തകള്‍ക്ക് അനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് കണ്‍സ്യൂമര്‍ ഫെഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

● തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ ബാബു മതചിഹ്നങ്ങള്‍ ദുരുപയോഗിച്ചെന്ന കേസില്‍ ഹൈക്കോടതി വിധിപറഞ്ഞു. തൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി ശരിവച്ചു. കെ ബാബുവിന് എംഎല്‍എയായി തുടരാം.

● ലക്ഷദ്വീപിൽ ഉൾക്കടലിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി. ഇന്നലെ പുലർച്ചെയാണ് ഭൂചലനം ഉണ്ടായത്.

● സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഞായറാഴ്ച വരെ ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡി​ഗ്രി സെൽഷ്യസ് വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 40 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കാം.

● ജോലിക്കിടെ അപകടത്തിൽപ്പെട്ട്‌ ഭാഗികമായി അംഗഭംഗം വന്നവർക്കും അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കുമുള്ള ഇഎസ്‌ഐ പെൻഷൻ മുടങ്ങി. കേന്ദ്രസർക്കാരിനുകീഴിലെ ഇഎസ്‌ഐ കോർപറേഷൻ നേരിട്ടുനൽകുന്ന പെൻഷനാണ്‌ മുടങ്ങിയത്‌.

● വയനാട്‌ വന്യജീവി സങ്കേതത്തിലെ ബത്തേരി റെയ്‌ഞ്ചിലുണ്ടായ തീപിടിത്തത്തിൽ 200 ഏക്കർ വനം കത്തിനശിച്ചു.

● ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യൻസിന് അനായാസ ജയം. 7 വിക്കറ്റിനാണ് മുംബൈ ആർസിബിയെ വീഴ്ത്തിയത്. ആർസിബി മുന്നോട്ടുവച്ച 197 റൺസ് വിജയലക്ഷ്യം 15.3 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി മുംബൈ മറികടന്നു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 11 ഏപ്രിൽ 2024 #NewsHeadlines

● ചന്ദ്രയാന്‍ നാലിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഇതിലൂടെ രാജ്യത്തിന്റെ ചന്ദ്രനെ കുറിച്ചുള്ള പര്യവേക്ഷണം മുന്നോട്ടു പോവുകയാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്.

● ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ തന്നെ അറസ്റ്റ്‌ ചെയ്‌ത ഇഡി നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ സുപ്രീംകോടതിയിൽ.

● ഐഫോണ്‍ അടക്കം സുരക്ഷിതമാക്കിയ ഉപകരണങ്ങളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്നതിനുള്ള സോഫ്റ്റ്‌വേര്‍ കമ്പനിയുടെ സഹായം തേടിയവരുടെ പട്ടികയില്‍ എന്‍ഫോഴ്സ്‌മെന്റ് ഡ‍യറക്ടറേറ്റ്(ഇഡി) എന്ന് റിപ്പോർട്ട്.

● ലോകത്ത് മഞ്ഞപ്പിത്തം പിടിമുറുക്കുന്നു. പ്രതിദിനം 3500 ഹെപ്പറ്റൈറ്റിസ് ബാധിതര്‍ മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യക്കാണ് രണ്ടാം സ്ഥാനം. ചൈനയാണ് ഒന്നാമത്. പോര്‍ച്ചുഗലില്‍ ആഗോള ഹെപ്പറ്റൈറ്റിസ് ഉച്ചകോടി നടക്കാനിരിക്കെയാണ് ലോകാരോഗ്യ സംഘടനയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

● ഡല്‍ഹി മന്ത്രി രാജ്കുമാര്‍ ആനന്ദ് സ്ഥാനം രാജിവച്ച് പാര്‍ട്ടി വിട്ടു. പട്ടേല്‍ നഗര്‍ എംഎല്‍എ ആയ ആനന്ദ് സാമൂഹ്യ ക്ഷേമ, പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പുകളുടെ ചുമതലയാണ് വഹിച്ചിരുന്നത്. അഴിമതിവിരുദ്ധ പാര്‍ട്ടിയായി ഉയര്‍ന്നു വന്ന എഎപി ഇപ്പോള്‍ അഴിമതിയില്‍ മുങ്ങിയെന്ന് രാജ്കുമാര്‍ ആനന്ദ് ആരോപിച്ചു.

● ഡല്‍ഹി മന്ത്രി രാജ്കുമാര്‍ ആനന്ദ് സ്ഥാനം രാജിവച്ച് പാര്‍ട്ടി വിട്ടു. രാജിക്കു പിന്നില്‍ ബിജെപി സമ്മര്‍ദമെന്ന് എഎപി ആരോപിച്ചു.
പട്ടേല്‍ നഗര്‍ എംഎല്‍എ ആയ ആനന്ദ് സാമൂഹ്യ ക്ഷേമ, പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പുകളുടെ ചുമതലയാണ് വഹിച്ചിരുന്നത്. അഴിമതിവിരുദ്ധ പാര്‍ട്ടിയായി ഉയര്‍ന്നു വന്ന എഎപി ഇപ്പോള്‍ അഴിമതിയില്‍ മുങ്ങിയെന്ന് രാജ്കുമാര്‍ ആനന്ദ് ആരോപിച്ചു.

● കനത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കിക്കൊണ്ട് ഹൈക്കോടതി പ്രമേയം പാസ്സാക്കി. ജില്ലാ കോടതികളിൽ വെള്ള ഷർട്ടും ബാൻഡും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം. കറുത്ത കോട്ടും ഗൗണും നിർബന്ധമില്ല.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 10 ഏപ്രിൽ 2024 #NewsHeadlines

● മാസപ്പിറവി കണ്ടു. കേരളത്തില്‍  ചെറിയ പെരുന്നാള്‍ ഇന്ന്. എന്നാൽ മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ പെരുന്നാള്‍ നാളെ ആഘോഷിക്കും.

● കാലാവസ്ഥാ വ്യതിയാനങ്ങളുടെ ദോഷഫലങ്ങളിൽനിന്ന്‌ മുക്തരായിരിക്കുക എന്നത്‌ അവകാശമാണെന്ന്‌ അംഗീകരിച്ച്‌ സുപ്രീംകോടതി. ഭരണഘടനയുടെ 14,21 അനുച്ഛേദങ്ങളിൽ കാലാവസ്ഥാ വ്യതിയാനങ്ങളുടെ ദോഷഫലങ്ങളിൽനിന്നും മുക്തരാകാനുള്ള അവകാശവും ഉൾപ്പെടുന്നതായി മൂന്നംഗ ബെഞ്ച്‌ നിരീക്ഷിച്ചു.

● ആഡംബരജീവിതശൈലി പ്രതിഫലിപ്പിക്കുന്നതോ ഗണ്യമായ വിലയുള്ളതോ അല്ലെങ്കിൽ സ്ഥാനാർഥികളുടെയോ ബന്ധുക്കളുടെയോ എല്ലാ ജംഗമസ്വത്തുക്കളുടെയും വിശദാംശങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്ന്‌ സുപ്രീംകോടതി.

● രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി ഗാര്‍ഹിക കടം വര്‍ധിക്കുന്നു. 2023 ഡിസംബറില്‍ കുടുംബങ്ങളുടെ കടം എക്കാലത്തെയും ഉയര്‍ന്ന തോതിലേക്ക് കുതിച്ചുയര്‍ന്നു. മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ (ജിഡിപി) 40 ശതമാനം എന്ന റെക്കോഡ് നിരക്കില്‍ ഗാര്‍ഹികവായ്പ എത്തിയതായി മോത്തിലാല്‍ ഓസ്‌വാളിന്റെ അറ്റ സാമ്പത്തിക റിപ്പോര്‍ട്ടില്‍ പറയുന്നു.

● ഇന്ത്യയിലെ ബാങ്കുകൾ നേരിടുന്നത് രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ നിക്ഷേപ പ്രതിസന്ധിയെന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) കണക്കുകൾ. ക്രെഡിറ്റ്- ഡിപ്പോസിറ്റ് (സിഡി) അനുപാതം 80% ആണ്. 2005ന് ശേഷം ആദ്യമായാണ് ഇത്രയും ഉയർന്ന സിഡി അനുപാതം രേഖപ്പെടുത്തുന്നതെന്നും ലൈവ്മിൻ്റ് റിപ്പോർട്ട് ചെയ്തു.

● സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ. ആദ്യമായി പ്രതിദിന വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റ് കടന്നു. 110.10 ദശലക്ഷം യൂണിറ്റാണ് കഴിഞ്ഞ ദിവസത്തെ  മൊത്ത വൈദ്യുതി ഉപഭോഗം. പീക് ടൈമിലെ വൈദ്യുതി ആവശ്യകതയും സർവകാല റെക്കോർഡിലാണ്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 09 ഏപ്രിൽ 2024 #NewsHeadlines

● സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ്റെ രണ്ടു ഗഡുവിൻ്റെ വിതരണം ഇന്ന് ആരംഭിക്കും. 3200 രുപവീതമാണ്‌ ലഭിക്കുക. കഴിഞ്ഞമാസം ഒരു ഗഡു നൽകിയിരുന്നു. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ടുവഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലുമാകും പെൻഷൻ എത്തിക്കുക.

● തിങ്കളാഴ്‌ച മാസപ്പിറ ദൃശ്യമാകാത്തതിനെ തുടർന്ന് ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയപെരുന്നാള്‍ ബുധനാഴ്‌ച. യുഎഇ, സൗദി, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെല്ലാം ബുധനാഴ്‌ച പെരുന്നാള്‍ ആഘോഷിക്കും.

● കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങൾ പരമാവധി ഒഴിവാക്കണമെന്ന് സുപ്രീംകോടതി. വരൾച്ചാസഹായ ഫണ്ട് അനുവദിക്കാത്ത കേന്ദ്ര നടപടിക്കെതിരായ കർണാടകത്തിന്റെ ഹർജി പരിഗണിക്കവെയാണ്‌ നിരീക്ഷണം.

● സൂര്യനെ പൂർണമായി ചന്ദ്രൻ മറയ്‌ക്കുന്ന അപൂർവ സൂര്യഗ്രഹണ കാഴ്‌ചയ്‌ക്ക്‌ സാക്ഷ്യംവഹിച്ച്‌ വടക്കേ അമേരിക്ക. അമേരിക്ക, മെക്‌സിക്കോ, ക്യാനഡ തുടങ്ങിയ രാജ്യങ്ങളിലാണ്‌ ഗ്രഹണം ദൃശ്യമായത്.

● വിഷു-റംസാൻ ആഘോഷങ്ങൾക്ക് തിരിച്ചടിയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി. കൺസ്യൂമർ ഫെഡിന്റെ റംസാൻ‑വിഷു ചന്തകൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകിയില്ല. കമ്മിഷന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഇന്ന് ഹർജി പരിഗണിക്കുമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.

● രാജ്യത്തെ ദളിത്, പിന്നാക്ക, ആദിവാസി വിഭാഗത്തിലെയും സാമ്പത്തിക ശേഷിയില്ലാത്ത കുടുംബങ്ങളിലെയും വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള തീരുമാനവുമായി യൂണിവേഴ്സിറ്റി ഗ്രാന്റസ് കമ്മിഷന്‍ (യുജിസി). പിഎച്ച്ഡിക്കും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (എന്‍ഇടി) നിര്‍ബന്ധമാക്കി.

● സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചു. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികൾ ആണ് മത്സര രംഗത്തുള്ളത്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ കോട്ടയത്തും കുറവ് സ്ഥാനാർത്ഥികൾ ആലത്തൂരിലും.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0