ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 10 ഏപ്രിൽ 2024 #NewsHeadlines

● മാസപ്പിറവി കണ്ടു. കേരളത്തില്‍  ചെറിയ പെരുന്നാള്‍ ഇന്ന്. എന്നാൽ മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ പെരുന്നാള്‍ നാളെ ആഘോഷിക്കും.

● കാലാവസ്ഥാ വ്യതിയാനങ്ങളുടെ ദോഷഫലങ്ങളിൽനിന്ന്‌ മുക്തരായിരിക്കുക എന്നത്‌ അവകാശമാണെന്ന്‌ അംഗീകരിച്ച്‌ സുപ്രീംകോടതി. ഭരണഘടനയുടെ 14,21 അനുച്ഛേദങ്ങളിൽ കാലാവസ്ഥാ വ്യതിയാനങ്ങളുടെ ദോഷഫലങ്ങളിൽനിന്നും മുക്തരാകാനുള്ള അവകാശവും ഉൾപ്പെടുന്നതായി മൂന്നംഗ ബെഞ്ച്‌ നിരീക്ഷിച്ചു.

● ആഡംബരജീവിതശൈലി പ്രതിഫലിപ്പിക്കുന്നതോ ഗണ്യമായ വിലയുള്ളതോ അല്ലെങ്കിൽ സ്ഥാനാർഥികളുടെയോ ബന്ധുക്കളുടെയോ എല്ലാ ജംഗമസ്വത്തുക്കളുടെയും വിശദാംശങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്ന്‌ സുപ്രീംകോടതി.

● രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി ഗാര്‍ഹിക കടം വര്‍ധിക്കുന്നു. 2023 ഡിസംബറില്‍ കുടുംബങ്ങളുടെ കടം എക്കാലത്തെയും ഉയര്‍ന്ന തോതിലേക്ക് കുതിച്ചുയര്‍ന്നു. മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ (ജിഡിപി) 40 ശതമാനം എന്ന റെക്കോഡ് നിരക്കില്‍ ഗാര്‍ഹികവായ്പ എത്തിയതായി മോത്തിലാല്‍ ഓസ്‌വാളിന്റെ അറ്റ സാമ്പത്തിക റിപ്പോര്‍ട്ടില്‍ പറയുന്നു.

● ഇന്ത്യയിലെ ബാങ്കുകൾ നേരിടുന്നത് രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ നിക്ഷേപ പ്രതിസന്ധിയെന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) കണക്കുകൾ. ക്രെഡിറ്റ്- ഡിപ്പോസിറ്റ് (സിഡി) അനുപാതം 80% ആണ്. 2005ന് ശേഷം ആദ്യമായാണ് ഇത്രയും ഉയർന്ന സിഡി അനുപാതം രേഖപ്പെടുത്തുന്നതെന്നും ലൈവ്മിൻ്റ് റിപ്പോർട്ട് ചെയ്തു.

● സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ. ആദ്യമായി പ്രതിദിന വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റ് കടന്നു. 110.10 ദശലക്ഷം യൂണിറ്റാണ് കഴിഞ്ഞ ദിവസത്തെ  മൊത്ത വൈദ്യുതി ഉപഭോഗം. പീക് ടൈമിലെ വൈദ്യുതി ആവശ്യകതയും സർവകാല റെക്കോർഡിലാണ്.