ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 16 ഏപ്രിൽ 2024 #NewsHeadlines

● ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് പൊരുതി തോറ്റ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഐ പി എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ സ്വന്തമാക്കിയ ഹൈദരാബാദിനോട് 25 റൺസിനാണ് ബാംഗ്ലൂർ പരാജയപ്പെട്ടത്.

● ഇറാന്‍ സൈന്യം പിടികൂടിയ കപ്പലിലെ മലയാളികള്‍ കുടുംബത്തെ ഫോണ്‍ വിളിച്ചു. കോഴിക്കോട് സ്വദേശി ശ്യാംനാഥ്, തൃശ്ശൂര്‍ സ്വദേശിനി ആന്‍ ടെസ എന്നിവരാണ് വീട്ടുകാരെ ഫോണ്‍ ചെയ്തു. സുരക്ഷിതനാണെന്നും മറ്റു ബുദ്ധിമുട്ടുകള്‍ ഇല്ലെന്നും ഇരുവരും കുടുംബത്തെ അറിയിച്ചു.

● ഏഷ്യാനെറ്റ് സംഘടിപ്പിക്കുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയ്‌ക്കെതിരെ ഹൈക്കോടതിയുടെ നോട്ടീസ്. പരിപാടിയുടെ ഉള്ളടക്കം അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് ഹൈക്കോടതി നിർദേശം നൽകി.

● തിരുവനന്തപുരം വിമാനത്താവളം പൂർണമായും അദാനി കമ്പനിക്ക്‌ കൈമാറുന്നതിന്‌ മുന്നോടിയായി 600 ജിവനക്കാർക്കും കൂട്ടസ്ഥലംമാറ്റം. അദാനിയുമായി കേന്ദ്രസർക്കാർ വച്ച കരാറിനെ തുടർന്നാണ്‌ എയർപോർട്ട് അതോറിറ്റി ജീവനക്കാരെ മാറ്റുന്നത്.

● പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലില്ലാത്ത തരത്തില്‍ പണമൊഴുകുന്നു. ആദ്യഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ രാജ്യത്ത് പിടിച്ചെടുത്ത കണക്കില്‍പ്പെടാത്ത പണത്തിന്റെയും മറ്റ് വസ്തുക്കളുടെയും മൂല്യം 4650 കോടി കടന്നു. പൊതു തെരഞ്ഞെടുപ്പ് ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുകയാണ് ഇപ്പാള്‍ പിടിച്ചെടുത്തിരിക്കുന്നത്.

● മദ്യനയ അഴിമതിക്കേസില്‍ ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ഇഡിക്ക് നോട്ടീസയച്ച് സുപ്രീംകോടതി. ഹര്‍ജിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ വ്യക്തത നല്‍കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡിക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്.

● തൃശൂര്‍ പൂരത്തിന് ആനകളും,പൊതുജനവും തമ്മിലുള്ള അകല പരിധി ആറ് മീറ്ററാക്കി ഹൈക്കോടതി. ആനകളുടെ ഫിറ്റ് നസ് പരിശോധന നിരീക്ഷിക്കാന്‍ മൂന്നംഗ അഭിഭാഷക സംഘത്തെയും ഹൈക്കോടതി നിയോഗിച്ചു . പത്ത് മീറ്റര്‍ പരിധി അപ്രായോഗികമെന്ന് പാറമേക്കാവ്,തിരുവമ്പാടി ദേവസ്വങ്ങള്‍ ഹൈക്കോടതിയെ അറിയിച്ചു.

● ഇസ്രയേലിനെതിരായ ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയ്സി. ആക്രമണത്തിലൂടെ ശത്രുവിനെ പാഠം പഠിപ്പിച്ചുവെന്നും ഇറാന്‍ സൈന്യത്തെ പ്രശംസിക്കുന്നുവെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

● കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് ഇന്നും നാളെയും കടലാക്രമണത്തിന് സാധ്യത എന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം. കേരളതീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും നാളെ രാത്രി പതിനൊന്നര വരെ 0.5 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0