● തിങ്കളാഴ്‌ച മാസപ്പിറ ദൃശ്യമാകാത്തതിനെ തുടർന്ന് ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ്
രാജ്യങ്ങളില്‍ ചെറിയപെരുന്നാള്‍ ബുധനാഴ്‌ച. യുഎഇ, സൗദി, കുവൈത്ത്, ഖത്തര്‍,
ബഹ്‌റൈന്‍ എന്നിവിടങ്ങളിലെല്ലാം ബുധനാഴ്‌ച പെരുന്നാള്‍ ആഘോഷിക്കും.
● കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങൾ പരമാവധി
ഒഴിവാക്കണമെന്ന് സുപ്രീംകോടതി. വരൾച്ചാസഹായ ഫണ്ട് അനുവദിക്കാത്ത കേന്ദ്ര
നടപടിക്കെതിരായ കർണാടകത്തിന്റെ ഹർജി പരിഗണിക്കവെയാണ് നിരീക്ഷണം.
● സൂര്യനെ പൂർണമായി ചന്ദ്രൻ മറയ്‌ക്കുന്ന അപൂർവ സൂര്യഗ്രഹണ കാഴ്‌ചയ്‌ക്ക്
സാക്ഷ്യംവഹിച്ച് വടക്കേ അമേരിക്ക. അമേരിക്ക, മെക്‌സിക്കോ, ക്യാനഡ തുടങ്ങിയ
രാജ്യങ്ങളിലാണ് ഗ്രഹണം ദൃശ്യമായത്.
● വിഷു-റംസാൻ ആഘോഷങ്ങൾക്ക് തിരിച്ചടിയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ
നടപടി. കൺസ്യൂമർ ഫെഡിന്റെ റംസാൻ‑വിഷു ചന്തകൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ്
കമ്മിഷൻ അനുമതി നൽകിയില്ല. കമ്മിഷന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ
സമീപിച്ചിട്ടുണ്ടെന്നും ഇന്ന് ഹർജി പരിഗണിക്കുമെന്നും മന്ത്രി വി എൻ വാസവൻ
പറഞ്ഞു.
● രാജ്യത്തെ ദളിത്, പിന്നാക്ക, ആദിവാസി വിഭാഗത്തിലെയും സാമ്പത്തിക
ശേഷിയില്ലാത്ത കുടുംബങ്ങളിലെയും വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുന്ന
തരത്തിലുള്ള തീരുമാനവുമായി യൂണിവേഴ്സിറ്റി ഗ്രാന്റസ് കമ്മിഷന്‍ (യുജിസി).
പിഎച്ച്ഡിക്കും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (എന്‍ഇടി) നിര്‍ബന്ധമാക്കി.
● സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചു. 20 മണ്ഡലങ്ങളിലായി 194
സ്ഥാനാർത്ഥികൾ ആണ് മത്സര രംഗത്തുള്ളത്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ
കോട്ടയത്തും കുറവ് സ്ഥാനാർത്ഥികൾ ആലത്തൂരിലും.