ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 25 ഏപ്രിൽ 2024 #NewsHeadlines

● ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് മുതലുള്ള ഒന്നരമാസത്തെ  പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശം ഇന്നലെ അവസാനിച്ചു. ഇനിയുള്ള മണിക്കൂറുകൾ നിശബ്ദ പ്രചാരണത്തിൻ്റേത്.

● കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപകൂടി സർക്കാർ സഹായമായി കഴിഞ്ഞ ദിവസം അനുവദിച്ചു. മാസാദ്യം 20 കോടി രുപ നൽകിയിരുന്നു. ഏപ്രിലിൽമാത്രം 50 കോടി രൂപയാണ്‌ നൽകിയത്‌.

● ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ രണ്ടാംഘട്ടത്തിന്‌ മണിക്കൂറുകൾമാത്രം ശേഷിക്കവേ ഇലക്‌ട്രോണിക്‌ വോട്ടിങ് യന്ത്രങ്ങളുമായി (ഇവിഎം) ബന്ധപ്പെട്ട കേസിൽ തെരഞ്ഞെടുപ്പ് കമീഷനുനേരെ ചോദ്യങ്ങൾ ഉന്നയിച്ച്‌ സുപ്രീംകോടതി.

● വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട്‌ യമനിലെ ജയിലിൽകഴിയുന്ന നിമിഷപ്രിയയെ നേരിട്ടുകണ്ട്‌ അമ്മ പ്രേമകുമാരി. 11 വർഷങ്ങൾക്കുശേഷമാണ്‌ അമ്മയും മകളും കാണുന്നത്‌. ബുധൻ ഉച്ചയോടെയാണ്‌ സനയിലെ ജയിലിലെത്തി മകളെ കണ്ടത്‌.

● തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷൻ നവീകരണം കെ റെയിൽ നടത്തും. ബുധനാഴ്‌ചയാണ്‌ ഇതുസംബന്ധിച്ച്‌ തീരുമാനമുണ്ടായത്‌. ടെൻഡർ തുറന്നപ്പോൾ കുറഞ്ഞ തുക ക്വോട്ട്‌ ചെയ്‌ത കെ റെയിലിന്‌ പ്രവൃത്തി ലഭിക്കുകയായിരുന്നു.

● ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹിയ്ക്ക് ജയം. ഗുജറാത്തിനെ നാല് റണ്‍സിനാണ് ഡല്‍ഹി പരാജയപ്പെടുത്തിയത്. 225 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിന്റെ ഇനിങ്‌സ് 220 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

● ഇലക്ടറല്‍ ബോണ്ട് വിഷയത്തിൽ കേന്ദ്രസർക്കാരിന് വീണ്ടും തിരിച്ചടി. പദ്ധതിയിലൂടെ നടപ്പാക്കിയ കൊടുക്കല്‍ വാങ്ങലുകളെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി.

● വയനാട് ബത്തേരിയില്‍ വോട്ടേഴ്‌സിനെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ പിടികൂടി. 1500ഓളം കിറ്റുകളാണ് പിടികൂടിയിരിക്കുന്നത്. കിറ്റുകള്‍ എത്തിച്ചതിന് പിന്നില്‍ ബിജെപിയാണെന്ന് എല്‍ഡിഎഫും യുഡിഎഫും ആരോപിച്ചു.

● സംസ്ഥാനത്ത് ചൂട് കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച്ച വരെ 12 ജില്ലകളിൽ യല്ലോ മുന്നറിയിപ്പ് നൽകി.