April 2025 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
April 2025 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 30 ഏപ്രിൽ 2025 | #NewsHeadlines

• പഹൽഗാം ഭീകരാക്രമണത്തിന്‌ തിരിച്ചടി നൽകാൻ സൈന്യത്തിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണസ്വാതന്ത്ര്യം നൽകി. തിരിച്ചടി ഏത്‌ രീതിയിൽ വേണമെന്നും എപ്പോൾ വേണമെന്നും ലക്ഷ്യകേന്ദ്രം ഏതായിരിക്കണമെന്നും സൈന്യത്തിന്‌ തീരുമാനിക്കാം.

• പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യാ-പാക് സംഘര്‍ഷം യുദ്ധസമാന സാഹചര്യത്തിലേക്ക്. അതിര്‍ത്തിയിലെ സാഹചര്യം സംബന്ധിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്‌ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്‌ച നടത്തി.

• രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടി പെഗാസിസ് സ്പൈവേര്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി.

• ലക്ഷങ്ങൾ കാത്തിരിക്കുന്ന തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. രാവിലെ പതിനൊന്നരയ്ക്ക് തിരുവമ്പാടിയിലും പന്ത്രണ്ടരയ്ക്ക് പാറമേക്കാവിലും കൊടിയേറും.

• ചീഫ് സെക്രട്ടറി, വനം മേധാവി എന്നിവരടക്കം സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ഏതാനും ഉന്നത ഉദ്യോഗസ്ഥർ ഇന്നു പടിയിറങ്ങുന്നു. പുതിയ ചീഫ് സെക്രട്ടറിയായി എ.ജയതിലക് ഇന്ന് ചുമതലയേൽക്കും 

• വന്യജീവി ആക്രമണത്തെ തുടര്‍ന്നുള്ള ജീവഹാനിയും നാശനഷ്ടങ്ങളും വ്യാപകമായ സാഹചര്യത്തില്‍ 1972ലെ കേന്ദ്ര വന്യജീവി (സംരക്ഷണം) നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നതിന്റെ സാധ്യതകള്‍ തേടി കേരളം.

• പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന്‌ കശ്മീർ താഴ്‌വരയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. കശ്മീരിലെ 87 ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിൽ 48 കേന്ദ്രങ്ങളാണ്‌ അടച്ചത്‌.

• സംസ്ഥാനത്ത് ഇന്നും നാളെയും കടുത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്. കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ട്.

•  ഐപിഎൽ ക്രിക്കറ്റിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന് 14 റൺ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത കൊൽക്കത്ത ഒമ്പത്‌ വിക്കറ്റ്‌ നഷ്ടത്തിൽ 204 റണ്ണെടുത്തു.

• സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നുകുട്ടികൾ കുളത്തില്‍ മുങ്ങിമരിച്ചു. കല്ലടിക്കോട് കരിമ്പ മീൻവല്ലം തുടിക്കോട്ടെ കുളത്തിലാണ് അപകടമുണ്ടായത്.

• നവംബർ ഒന്നിന്ന് അതിദരിദ്രർ ഇല്ലാത്ത കേരളമായി സംസ്ഥാനത്തെ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാടിന് നല്ലത് സംഭവിച്ചാൽ അത് അംഗീകരിക്കാൻ ചില കൂട്ടർക്ക് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 29 ഏപ്രിൽ 2025 | #NewsHeadlines



• പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള പേപ്പൽ കോൺക്ലേവ് മെയ് ഏഴിന് നടക്കും. വത്തിക്കാനിൽ നടന്ന കർദിനാൾമാരുടെ യോഗത്തിലാണ് തീരുമാനം. വോട്ടവകാശമുള്ള 135 കർദിനാൾമാർ കോൺക്ലേവിൽ പങ്കെടുക്കും.

• സിനിമ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. അദ്ദേഹത്തിന്റെ ആദ്യചിത്രമായ പിറവിക്ക് കാൻ ഫിലിം ഉത്സവത്തിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ചു.

• റഫാല്‍ യുദ്ധവിമാന കരാറില്‍ ഒപ്പുവെച്ച് ഇന്ത്യയും,ഫ്രാന്‍സും. 63,000 കോടി രൂപയുടെ കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. നാവിക സേനയ്ക്കായി മറീന്‍ (റഫാല്‍ എം ) വിഭാഗത്തിലുള്ള യുദ്ധവിമാനമാണ് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങുക.

• പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും, കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും തമ്മില്‍ പ്രത്യേക കൂടിക്കാഴ്ച നടത്തി.

• സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ക്രൂരമായി പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ തുഷാര കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. തുഷാരയുടെ ഭര്‍ത്താവ് പൂയപ്പള്ളി ചരുവിള വീട്ടില്‍ ചന്തുലാല്‍, മാതാവ് ലാലി എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

• ഇടുക്കിയിലെ ഭൂമിപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാണ്‌ ലക്ഷ്യമെന്നും ഭൂ പതിവ് നിയമ ഭേദഗതി ചട്ടരൂപീകരണം മേയിൽ പൂർത്തിയാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

• ഇന്ത്യയുടെ ഹോക്കി ഗോൾകീപ്പറായിരുന്ന മലയാളി പി ആർ ശ്രീജേഷ്‌ പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ ദ്രൗപതി മുർമുവാണ്‌ സമ്മാനിച്ചത്‌.

• പഹല്‍ ഗാം ഭീകരക്രമണവുമായി ബന്ധപ്പെട്ട ഭീകരര്‍ നുഴഞ്ഞു കയറിയത് ഒന്നര വര്‍ഷം മുന്‍പ് എന്ന് വിവരം. സാമ്പ – കത്വ മേഖലയില്‍ അതിര്‍ത്തി വേലി മുറിച്ചാണ് നുഴഞ്ഞു കയറിയതെന്നാണ് സൂചന.

• ശരിഅത്ത് കോടതികള്‍ക്ക് നിയമപരമായ അംഗീകാരമില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സുധാംശു ധുലിയ, എ അമാനുള്ള എന്നിവരുള്‍പ്പെട്ട ബഞ്ചിന്റേതാണ് ഉത്തരവ്. കാസി, കാജിയത് (ദാരുള്‍ കാജ), ശരിഅത്ത് തുടങ്ങി ഏതു പേരിലുമുള്ള കോടതികള്‍ക്കും നിയമപരമായ അംഗീകാരമില്ല.

പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 28 ഏപ്രിൽ 2025 | #NewsHeadlines

• പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കുമെന്നും ഭീകര്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്നും ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി.

• പഹല്‍ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രൻ്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.

• ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായി ലിവർപൂൾ ഫുട്ബോൾ ക്ലബ്ബ്. സ്വന്തം തട്ടകമായ ആൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ടോട്ടനം ഹോട്ട്സ്പറിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്താണ് ലിവർപൂൾ കിരീടം ഉറപ്പിച്ചത്.

• മധ്യപ്രദേശില്‍ വാൻ കിണറിലേക്ക് മറിഞ്ഞ് പത്ത് പേര്‍ മരിച്ചു. മന്ദ്‌സൗർ ജില്ലയിൽ ഞായറാഴ്ച  ആണ് അപകടം ഉണ്ടായത്. 13 പേരുമായി പോയ വാനാണ് അപകടത്തില്‍പ്പെട്ടത്.

• വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണം മേയിൽ തുടങ്ങും. ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രണ്ടുമുതൽ നാലുഘട്ടംവരെ ഒറ്റത്തവണയായാണ്‌ നിർമാണം.

• ത്രിരാഷ്‌ട്ര വനിതാ ഏകദിന ക്രിക്കറ്റ്‌ ടൂർണമെന്റിൽ ഇന്ത്യ ഒമ്പത്‌ വിക്കറ്റിന്‌ ശ്രീലങ്കയെ തോൽപ്പിച്ചു.

• അറബിക്കടലില്‍ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി നാവിക സേന. ദീര്‍ഘദൂര കപ്പല്‍വേധ മിസൈലുകളാണ് നാവികസേന പരീക്ഷിച്ചത്. സേനയുടെ ആയുധ സംവിധാനങ്ങളുടെ ക്ഷമതയും സജ്ജതയുമാണ് പരീക്ഷിച്ചുറപ്പിച്ചത്. ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് നാവിക സേന വ്യക്തമാക്കി.

• പഹൽഗാം ഭീകരാക്രമണത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ചൈന. ഭീകരാക്രമണത്തിനുശേഷം സംഭവ വികാസങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി.

പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 27 ഏപ്രിൽ 2025 | #NewsHeadlines

• പഹൽഗാം ഭീകരാക്രമണത്തിൽ തിരിച്ചടിച്ച് ഇന്ത്യ. ഉറി അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നു. ഝലം നദിയിലെ ജലനിരപ്പ് ഉയർന്നു. പാകിസ്ഥാനിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

• പഹല്‍ഗാം ഭീകരാക്രമണത്തിന്റെ അന്വേഷണ ചുമതല ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിച്ച് ആഭ്യന്തര മന്ത്രാലയം. ഇതിന്റെ ഔദ്യോഗികമായ അറിയിപ്പ് മന്ത്രാലയം പുറത്തിറക്കി.

• ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകർ പിടിയിൽ. ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും ആണ് ഹൈബ്രിഡ് കഞ്ചാവുമായി കൊച്ചിയിൽ പിടിയിലായത്.

• ഇറാന്‍ തുറമുഖത്ത് ശനിയാഴ്ച ഉണ്ടായ സ്‌ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. 500ഓളം പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം.

• പ്രശസ്ത ചരിത്രകാരൻ ഡോ എംജിഎസ് നാരായണൻ അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ അധ്യക്ഷനായിരുന്നു.

• വ്യവസായ വകുപ്പ്‌ കൊച്ചിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റ്‌ കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ താൽപ്പര്യപത്രം ഒപ്പുവച്ച 4410 കോടി രൂപയുടെ 13 പദ്ധതികൾക്ക്‌ മെയിൽ തുടക്കമാകും. ഇതുവഴി 9700 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.

• പഹൽഗാം ഭീകരാക്രമണത്തിന്‌ പിന്നാലെ ജമ്മു-കശ്‌മീരിലെ ഇന്ത്യാ– പാക് നിയന്ത്രണരേഖയിൽ സംഘർഷഭീതി. വെടിനിർത്തൽ കരാർ ലംഘിച്ച് പാക് പോസ്റ്റുകളിൽനിന്ന് പ്രകോപനമില്ലാതെ വെടിയുതിർത്തതോടെ ഇന്ത്യ തിരിച്ചടിച്ചു.

• കേരള ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി, സൂപ്പർ കപ്പ്‌ ഫുട്‌ബോൾ ക്വാർട്ടറിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെ രണ്ടാംനിര ടീമിനോട്‌ തോറ്റ്‌ ദാവീദ്‌ കറ്റാലയുടെ സംഘം മടങ്ങി. 2-1ന്റെ ജയത്തോടെ ബഗാൻ സെമിയിലേക്ക്‌ മുന്നേറി.

പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 26 ഏപ്രിൽ 2025 | #NewsHeadlines


• വിടവാങ്ങിയ പോപ്പ് ഫ്രാൻസിസ് മാര്‍പാപ്പയുടെ സംസ്കാരച്ചടങ്ങ് ഇന്ന് ഇന്ത്യൻ സമയം 1.30ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ദിവ്യബലിയോടെ ആരംഭിക്കും.

• വഖഫ് നിയമഭേദഗതി സ്റ്റേ ചെയ്യുന്നതിനെ ശക്തമായി എതിര്‍ത്ത് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം.

• മുൻ ഐഎസ്ആർഒ ചെയർമാനും പ്രശസ്ത ശാസ്ത്ര‍ജ്ഞനുമായ കെ കസ്തൂരിരം​ഗൻ അന്തരിച്ചു. ബെംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം.

• നിയന്ത്രണ രേഖയിൽ വീണ്ടും വെടിവെയ്പ്പ്. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലും ഇന്ത്യൻ പോസ്റ്റുകളിലും പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തിയത്. പാക് പ്രകോപനത്തിനു ഉടൻ തന്നെ തിരിച്ചടി നൽകിയതായി ഇന്ത്യൻ സൈന്യം അറിയിച്ചു.

• ബന്ദിപ്പോറ ഏറ്റുമുട്ടലിൽ ലഷ്‌കർ ഇ തൊയ്ബ കമാൻഡറെ സൈന്യം വധിച്ചു. അൽത്താഫ് ലല്ലി എന്ന ഭീകരനെയാണ് വധിച്ചത്.

• ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ അതിവേഗ ഇന്റർനെറ്റ് സേവനം നൽകുന്ന കെ ഫോൺ പദ്ധതിയിലെ ഡാറ്റാ പരിധി വർധിപ്പിച്ചു. 20 എംബിപിഎസ് വേഗത്തിൽ ദിവസം 1.5 ജിബിയായിരുന്നത്‌ ഒരു മാസത്തേക്ക് 1000 ജിബിയാക്കിയാണ് ഉയർത്തിയത്.

• നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിക്ക് തിരിച്ചടി. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസയയ്ക്കണമെന്ന ഇഡിയുടെ ആവശ്യം ഡൽഹി റോസ് അവന്യൂ കോടതി തള്ളി.

• പാകിസ്താന് മുന്നറിയിപ്പ് നൽകി ഇന്ത്യ. ജവാനെ വിട്ട് നൽകിയില്ലെങ്കിൽ കടുത്ത പ്രഹരം നേരിടേണ്ടി വരും. ബിഎസ്എഫ് മേധാവി ആഭ്യന്തര സെക്രട്ടറിയെ സാഹചര്യങ്ങൾ അറിയിച്ചു.

പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 25 ഏപ്രിൽ 2025 | #NewsHeadlines

• പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ്റെ സംസ്കാരം ഇന്ന് നടക്കും.

• ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാൻ. പഞ്ചാബിലെ ഫിറോസ്പൂർ സെക്ടറിലാണ് സംഭവം. അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി മറികടന്ന ജവാനെയാണ് പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തത്.

• പേരൂർക്കട അമ്പലമുക്കിലെ അലങ്കാരച്ചെടി വിൽപ്പനശാലയിലെ ജീവനക്കാരി വിനീതയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി.

• പഹൽ​ഗാമിൽ നിരപരാധികളെ കൂട്ടക്കൊലചെയ്‌ത ഭീകരരുടെ നടപടിക്ക് ബദലായി നയതന്ത്രയുദ്ധം പ്രഖ്യാപിച്ച ഇന്ത്യ, പാകിസ്ഥാനെ ലക്ഷ്യമിട്ട് സൈനികാഭ്യാസങ്ങൾ തുടങ്ങി.

• പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികൾ എടുത്തതിന് പിന്നാലെ സൈനിക അഭ്യാസം നടത്താനൊരുങ്ങി പാക് നാവിക സേന.

• കേരള പൊലീസിന്റെ കുപ്പായം ഐ എം വിജയൻ ഇന്ന്‌ അമ്പത്താറാം പിറന്നാൾ ദിവസം അഴിച്ചുവയ്‌ക്കുന്നു. മലപ്പുറത്ത്‌ എംഎസ്‌പി അസി. കമാൻഡന്റ്‌ ആയ വിജയന്‌ പൊലീസ്‌ സേന യാത്രയയപ്പ്‌ നൽകും.

• കക്കയം ജലവൈദ്യുത പദ്ധതിയുടെ പെൻസ്റ്റോക്കിൽ ചേര്‍ച്ച, ഉത്തര കേരളത്തിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി. സുരക്ഷ മുൻനിർത്തി ഇന്നലെ രാവിലെ മുതൽ വൈദ്യുതോല്പാദനം നിർത്തിവച്ചിരിക്കുകയാണ് 

• പഹൽഗാം ആക്രമണത്തിൽ ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുന്നു. കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ഇന്ന് ശ്രീനഗറിൽ എത്തും.

പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 24 ഏപ്രിൽ 2025 | #NewsHeadlines

• ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. ആക്രമണത്തെ മന്ത്രിസഭ സമിതിയോഗം അപലപിച്ചു. തിരിച്ചടിയുടെ ഭാഗമായി അട്ടാരി അതിർത്തി അടയ്ക്കും. പാകിസ്താനുമായുള്ള സിന്ധു നദീജല കരാർ റദ്ദാക്കി. പാക് പൗരന്മാർക്ക് വിസ നൽകില്ലെന്നും തീരുമാനം.

• ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് സുരക്ഷാ ഏജന്‍സികള്‍. മൂന്ന് പേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.

• തിരുവാതുക്കൽ ഇരട്ട കൊലപാതക കേസിലെ പ്രതി അസം സ്വദേശി അമിത് പിടിയിൽ. ത്യശൂർ മാളയിൽ നിന്നാണ് പിടിയിലായത്. കോഴി ഫാമിൽ ഒളിവിലായിരുന്നു ഇയാൾ.

• പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍.രാമചന്ദ്രന്റെ സംസ്‌കാരം നാളെ. എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

• 2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക്‌ (കീം) ബുധനാഴ്ച തുടക്കമായി.

• ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷന്‍ അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വത്തിക്കാനിലേക്ക് പതിനായിരക്കണക്കിന് വിശ്വാസികൾ.

• പുതിയ അധ്യയന വർഷം മുതൽ അഞ്ച്, ആറ്, ഏഴ് ക്ലാസുകളില്‍ സബ‌്ജക്ട് മിനിമം നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ വിതരണോദ്ഘാടനം കോട്ടണ്‍ഹില്‍ സ്കൂളില്‍ നിർവഹിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

• ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 6.3 ശതമാനമായി കുറച്ച് ലോകബാങ്ക്. താരിഫ് യുദ്ധം ഉള്‍പ്പെടെയുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് വളര്‍ച്ചയില്‍ 0.4 പോയിന്റിന്റെ കുറവ് വരുത്തിയത്.

പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 23 ഏപ്രിൽ 2025 | #NewsHeadlines

• ജമ്മു കശ്മീരിലെ പെഹൽഗാം സന്ദർശിക്കാനെത്തിയ വിനോദസ‍ഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 27 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ.

• സംസ്ഥാനത്തെ 752 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ- ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

• ഇന്ത്യ അമേരിക്ക വ്യാപാരകരാറിന്റെ അന്തിമ രൂപരേഖയ്‌ക്ക്‌ ഇരുരാജ്യങ്ങളും അംഗീകാരം നൽകി. ഇന്ത്യയിൽ സന്ദർശനം നടത്തുന്ന അമേരിക്കൻ വൈസ്‌ പ്രസിഡന്റ്‌ ജെ ഡി വാൻസ്‌ ഇക്കാര്യം സ്ഥിരീകരിച്ചു.

• കുവൈത്തിൽ മയക്കുമരുന്ന് സംബന്ധിച്ച കേസുകളിൽ ശക്തമായ ശിക്ഷകൾ നടപ്പിലാക്കാൻ പുതിയ കരട് നിയമം സമർപ്പിച്ചു. ഈ നിയമപ്രകാരം, മയക്കുമരുന്ന് കടത്ത്, വിതരണം, ഉപയോഗം എന്നിവയ്ക്ക് വധശിക്ഷയും ഉയർന്ന പിഴയും ശിക്ഷയായി നൽകാനായി വ്യവസ്ഥ ചെയ്യുന്നു.

• യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 1009 പേര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനം യുപി പ്രയാഗ് രാജ് സ്വദേശി ശക്തി ദുബേക്കാണ്.

• ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്നുള്ള ഔദ്യോഗിക ദുഖാചരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികാഘോഷത്തില്‍ ഇന്നലെയും ഇന്നും നടത്താനിരുന്ന വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ കലാപരിപാടികള്‍ മാറ്റിവെച്ചു.

• ഇന്ത്യയിലെ ഇ‑കൊമേഴ്‌സ് വിപണി അമേരിക്കന്‍ കമ്പനികള്‍ക്ക് പൂര്‍ണമായും തുറന്ന് നല്‍കണമെന്ന ആവശ്യവുമായി യുഎസ്.

• നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി നല്‍കാന്‍ വൈകിപ്പിക്കുന്ന തമിഴ്‌നാട് ഗവര്‍ണറുടെ നിലപാട് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് കേരളത്തിന് ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.

പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 22 ഏപ്രിൽ 2025 | #NewsHeadlines

• പോപ്പ് ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു. അന്ത്യം 88-ാം വയസ്സിൽ. 2001ല്‍ കര്‍ദിനാളായി. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയായും 266-ാമത്തെ മാർപാപ്പയുമായിരുന്നു.

• വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് തള്ളിയത്.

• ലഹരിക്കേസില്‍ നടന് ഷൈന്‍ ടോം ചാക്കോയുടെ മൊഴി വിശ്വാസത്തില്‍ എടുത്തിട്ടില്ലെന്ന് കൊച്ചി കമ്മിഷണര്‍ പുട്ട വിമലാദിത്യ മാധ്യമങ്ങളോട്.

• രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. ആഘോഷങ്ങളുടെ ഭാഗമായി എന്റെ കേരളം വിപണന മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

• സുപ്രീം കോടതിക്കും ജഡ്മിമാര്‍ക്കുമെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെതിരെ ക്രിമിനല്‍ കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടി ഹര്‍ജി.

• . 123 പട്ടികവർഗ കുടുംബങ്ങൾക്ക്‌ പരൂർകുന്ന് പുനരധിവാസ മേഖലയിൽ നിർമിച്ച വീടിന്റെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്‌ച കൈമാറും. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി കൽപ്പറ്റയിൽ നടക്കുന്ന ജില്ലാതല യോഗത്തിലാണ് താക്കോൽ കൈമാറുന്നത്.

• കഞ്ചിക്കോട്‌ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്‌ട്രീസ്‌ (ഐടിഐ) സ്വകാര്യവൽക്കരിക്കാനുള്ള നടപടി ഊർജിതമാക്കി കേന്ദ്രസർക്കാർ. പദ്ധതികൾ ഏറ്റെടുക്കാതെ നിഷ്‌ക്രിയമാക്കിയശേഷം വിൽക്കാനാണ്‌ നീക്കം.

• 2025 നവംബർ ഒന്ന് കേരള പിറവിദിനത്തോടെ അതിദരിദ്രരായ ഒരു കുടുംബത്തെ പോലും കണ്ടെത്താനാകാത്ത ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ.

പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 21 ഏപ്രിൽ 2025 | #NewsHeadlines


• കോതമംഗലത്ത് ഗ്യാലറി തകര്‍ന്നുവീണ് അപകടം. അടിവാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീഴുകയായിരുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റു.

• കർണാടക മുൻ ഡിജിപിയെ മരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ സ്വദേശിയാ ഓം പ്രകാശിനെയാണ് ബെംഗളൂരുവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

• ഈ അധ്യയന വർഷത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.

• കണ്ടൽ നശീകരണം തടയാനും കാടുകളുടെ സംരക്ഷണത്തിനുമായി സംസ്ഥാനത്ത് 200 ഹെക്ടര്‍ കണ്ടല്‍ക്കാടുകള്‍ കൂടി സംരക്ഷിത വനമാക്കുന്നതായി സംസ്ഥാന സർക്കാർ.

പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 19 ഏപ്രിൽ 2025 | #NewsHeadlines

• ദില്ലിയിൽ കെട്ടിടം തകർന്ന് വീണ് അപകടത്തിൽ നാല് മരണം. ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേരാണ് മരിച്ചതെന്നാണ് വിവരം. 14 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്.

• ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയ സംഭവത്തിൽ നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും.

• കോന്നി ആനക്കൊട്ടിലിൽ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലുവയസുകാരൻ മരിച്ചു. അടൂർ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഇളകി നിൽക്കുകയായിരുന്ന തൂണിൽ പിടിച്ച് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് തൂണ് കുഞ്ഞിന്റെ ദേഹത്തേയ്ക്ക് വീണത്.

• ലഹരി ഉപയോഗത്തിനെതിരെ സേ നോ ടു ഡ്രഗ്സ് ക്യാമ്പയിനുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. മയക്കുമരുന്ന് ഉപയോഗവും അതുമായി ബന്ധപ്പെട്ടുള്ള അക്രമങ്ങളും മരണങ്ങളുമൊക്കെ സംബന്ധിച്ച വാര്‍ത്തകള്‍ കേരളത്തില്‍ കൂടി വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ക്യാമ്പയിനുമായി കേരള ബ്ലാസ്റ്റേഴ്സ് എത്തുന്നത്.

• ചൂരല്‍മല‑മുണ്ടക്കൈ ദുരന്തബാധിതര്‍ക്കുള്ള പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയതിനെതിരെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിൻ്റെ അപ്പീല്‍.സുപ്രീം കോടതിയിലാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.

പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 18 ഏപ്രിൽ 2025 | #NewsHeadlines

• ക്രിസ്‌തുവിന്റെ പീഢാനുഭവ സ്‌മരണപുതുക്കി വിശ്വാസികൾ ഇന്ന്‌ ദുഃഖവെള്ളി ആചരിക്കും. പള്ളികളിൽ പ്രത്യേക പ്രാർഥനകളുണ്ടാകും.

• വഖഫ് സ്വത്തുക്കളില്‍ മാറ്റം വരുത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. നിലവില്‍ വഖഫായ സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്നും ഡീനോട്ടിഫിക്കേഷന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.

• കേരളത്തിൻറെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിങ് മെയ് രണ്ടിന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി തുറമുഖം രാജ്യത്തിന് സമർപ്പിക്കും.

• കോടതികൾ രാഷ്ട്രപതിയെ നയിക്കുന്ന ഒരു സാഹചര്യം ജനാധിപത്യത്തിൽ ഉണ്ടാകാൻ പാടില്ലെന്നും രാഷ്ട്രപതിയെ നിയന്ത്രിക്കാനും സമയപരിധി നിശ്ചയിക്കാനും ജുഡീഷ്യറിക്ക് അധികാരമില്ലെന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ.

• കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി സുപ്രീംകോടതി തള്ളി.

• ലഹരി ഉപയോഗിച്ച് സിനിമ സെറ്റിൽ ശൈല്യമുണ്ടാക്കിയ നടൻ ഷൈൻ ടോം ചാക്കോയെന്ന് വെളിപ്പെടുത്തി നടി വിന്‍സി അലോഷ്യസ്. ഫിലിം ചേമ്പറിന് നടി പരാതി നൽകി.

• ഓസ്ട്രേലിയൻ ക്രിസ്ത്യൻ മിഷണറി ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസിനെയും കുടുംബത്തെയും ചുട്ടു കൊന്ന കേസിലെ പ്രതിയെ ജയിൽ മോചിതനാക്കി ഒഡിഷ സർക്കാർ. 25 വർഷമായി ജയിലിലായിരുന്ന മഹേന്ദ്ര ഹെംബ്രാമിനെയാണ് വിട്ടയച്ചത്.

• ഐപിഎൽ 2025-ൽ മുംബൈ ഇന്ത്യൻസിന് മൂന്നാം ജയം. സൺറൈസേഴ്‌സ് ഹൈദരാബാദിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി. 163 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ മറികടന്നാണ് മുംബൈയുടെ ജയം.

പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 15 ഏപ്രിൽ 2025 | #NewsHeadlines

• ചരിത്രത്തില്‍ ആദ്യമായി വനിതകള്‍ മാത്രമായ ബഹിരാകാശ ദൗത്യം ആരംഭിച്ചു. ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ കമ്പനിയുടെ ബഹിരാകാശ പേടകത്തിലാണ് യാത്ര.

• എൻ.സി.ഇ.ആർ.ടി ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍ നല്‍കാനുള്ള തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

• ഗുജറാത്തില്‍ 1,800 കോടിയുടെ മയക്കുമരുന്ന് പിടികൂടി. 300 കിലോയോളം വരുന്ന മെത്തഫെറ്റമിനാണ് പിടികൂടിയത്. കോസ്റ്റ് ഗാര്‍ഡ് ആണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്.

• സമഗ്ര ശിക്ഷ പദ്ധതി പ്രകാരം ലഭിക്കേണ്ട കേന്ദ്രവിഹിതം തടഞ്ഞു വച്ചതിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നു. 2152 കോടി രൂപയാണ് കേന്ദ്രവിഹിതം ലഭിക്കാനുള്ളത്.

• ലക്നൗവിൽ ആശുപത്രിയിൽ വൻ തീപിടിത്തം. ഇരുന്നൂറോളം രോ​ഗികളെയും കൂട്ടിരിപ്പുകാരെയും ഒഴിപ്പിച്ചു. ലക്നൗവിലെ ലോക് ബന്ധു ആശുപത്രിയിലാണ് തിങ്കൾ രാത്രിയോടെ തീപിടിത്തമുണ്ടായത്.

• 2024 ഒക്ടോബർ ആയപ്പോഴേക്കും ജപ്പാനിലെ ജനസംഖ്യ 12 കോടിയായി കുറഞ്ഞുവെന്ന് ഔദ്യോഗിക കണക്കുകൾ. മുൻ വർഷത്തെ അപേക്ഷിച്ച് 898,000 ആളുകളുടെ കുറവാണ്‌ സൂചിപ്പിക്കുന്നത്‌. ലോകത്തിൽ ഏറ്റവും കുറവ്‌ ജനനനിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ്‌ ജപ്പാൻ.

• കണ്ണൂര്‍ മുന്‍എഡിഎം നവീന്‍ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ മ‍ഞ്ജുഷ സുപ്രീംകോടതിയെ സമീപിച്ചു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ മ‍ഞ്ജുഷ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

• ഐപിഎല്ലിൽ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ മിന്നും വിജയവുമായി ചെന്നൈ സൂപ്പര്‍ കിങ്സ്. ലക്നൗ സൂപ്പർ ജയന്റ്സിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു. 167 റൺസ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറിൽ മറികടന്നു.

പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 11 ഏപ്രിൽ 2025 | #NewsHeadlines

• മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ പട്യാല ഹൌസ് കോടതിയിൽ എത്തിച്ചു. കനത്ത സുരക്ഷയോടെയാണ് റാണയെ കോടതിയിലേക്ക് എത്തിച്ചത്.

• മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ വായ്‌പ എഴുതിത്തള്ളുന്നത്‌ പരിഗണിക്കണമെന്ന്‌ കേന്ദ്രസർക്കാരിനോട്‌ ആവർത്തിച്ച്‌ ആവശ്യപ്പെട്ട്‌ ഹൈക്കോടതി.

• തൃശൂർ മാളയിൽ അറ് വയസുകാരനെ കുളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ നിർണായക വിവരങ്ങൾ പുറത്ത്. പ്രതി ജോജോ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായി കണ്ടെത്തൽ.

• സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ സേവനം ഓഫീസിൽ പോകാതെതന്നെ ഇനി വിരൽത്തുമ്പിൽ. വിവാഹസർട്ടിഫിക്കറ്റും കെട്ടിടനിർമാണ പെർമിറ്റുമടക്കം 900ത്തിലേറെ സേവനങ്ങൾ ഇനി ജനങ്ങൾക്ക്‌ ഓൺലൈനിലൂടെ ലഭിക്കും.

• കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ 4 പേരെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടത്തമ്പലം സ്വദേശി സജീവ് മോഹനും ഭാര്യയും മക്കളെയുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

• കോൺഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു. ഇന്നു പുലർച്ചെ നാലരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

• സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളെയും, ജനങ്ങളെയും ബാധിക്കുന്ന സാങ്കേതികമായ കുതിപ്പാണ് കെ സ്മാര്‍ട്ട് പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്ന് സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് 

• ബലാത്സംഗ കേസിൽ വീണ്ടും വിവാദ വിധിയുമായി അലഹബാദ് ഹൈക്കോടതി. ഇര പ്രശ്നം ക്ഷണിച്ച് വരുത്തിയതാണെന്ന് കാട്ടി ബലാത്സംഗ കേസിൽ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു. 2024 സെപ്റ്റംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി നടപടി. ജസ്റ്റിസ് സഞ്ജയ് കുമാർ സിങ്ങാണ് വിധി പറഞ്ഞത്. 

പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 10 ഏപ്രിൽ 2025 | #NewsHeadlines

• ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ തിരിച്ചടി തീരുവ മരവിപ്പിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. 90 ദിവസത്തേക്ക് തീരുവ 10 ശതമാനം മാത്രമാക്കുമെന്നും ട്രംപ് വ്യക്തമാക്കി.

• സംസ്ഥാനം ലഹരിക്കെതിരെ യുദ്ധം നയിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വരും തലമുറകളെ കൊടും വിപത്തുകളിൽ നിന്നും രക്ഷിക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

• മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറി അമേരിക്ക. ഇന്നോ നാളെയോ ഇന്ത്യയിൽ എത്തിക്കും. ഡൽഹിയിലും മുംബൈയിലും ജയിലുകൾ സജ്ജമാക്കി. പ്രത്യേക എൻഐഎ സംഘമാണ് റാണയെ ചോദ്യം ചെയ്യുക.

• പാതിവില തട്ടിപ്പ് കേസിൽ സായിഗ്രാം ഡയറക്ടർ കെ എൻ ആനന്ദകുമാറിന് തിരിച്ചടി. ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

• സംസ്ഥാനത്ത് പൊതു വിദ്യാലയങ്ങളിൽ പാചകത്തിന്‌ ഇനി മുതൽ സൗരോർജം. സംസ്ഥാന സർക്കാരിന്റെ നെറ്റ്‌ സീറോ കാർബൺ കേരളം പദ്ധതിയുടെ ഭാഗമായി എനർജി മാനേജ്‌മെന്റ്‌ സെന്റർ ആണ്‌ സ്‌മാർട്‌ ഇലക്‌ട്രിക്‌ കിച്ചൺ പദ്ധതി നടപ്പാക്കുന്നത്.

• റിസർവ്വ്‌ ബാങ്ക്‌ വാണിജ്യബാങ്കുകൾക്ക്‌ നൽകുന്ന ഹ്രസ്വകാല വായ്‌പയുടെ പലിശനിരക്കായ റിപ്പോ 0.25 ശതമാനം കുറച്ചു. ഇതോടെ റിപ്പോനിരക്ക് 6.25ൽ നിന്ന്‌ ആറു ശതമാനമായി.

• മസ്‌കത്ത്‌ അന്താരാഷ്ട്ര പുസ്തക മേളയുടെ തിയതികൾ പ്രഖ്യാപിച്ചു. ഏപ്രിൽ 23 മുതൽ മെയ് 3 വരെ യാണ് 29-ാമത് പുസ്തക മേള നടക്കുക. നിരവധി സാംസ്കാരിക പരിപാടികളും വിപുലമായ പ്രദർശനങ്ങളും പ്രവർത്തനങ്ങളും മേളയിൽ ഉണ്ടായിരിക്കും.

• ടൂറിസ്റ്റ് കാര്യങ്ങൾക്ക് ഒന്നാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മദ്യം വിളമ്പുന്നതിന് അനുമതി നൽകി പുതിയ മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. വിവാഹം, അന്തർദേശീയ കോൺഫറൻസ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകള്‍ക്കാണ് ഇളവ് നൽകിയിരിക്കുന്നത്.

• ഫാഷൻ ​ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ എം. സി കമറുദ്ദീനും പൂക്കോയ തങ്ങളും ഇഡിയുടെ കസ്റ്റഡിയിൽ. തിങ്കളാഴ്ചയാണ് ഇരുവരെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 09 ഏപ്രിൽ 2025 | #NewsHeadlines

• വഖഫ് നിയമം പ്രാബല്യത്തില്‍ വന്നു. കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ബില്ല് പാസാക്കി രണ്ട് ദിവസത്തിനകം രാഷ്ട്രപതിയുടെ അംഗീകാരം നേടിയിരുന്നു.

• കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 102.62 കോടി രൂപകൂടി അനുവദിച്ചു. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ആണ് ഇക്കാര്യം അറിയിച്ചത്.

• അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദര്‍ശിച്ച് മുഴുവന്‍ കുട്ടികളുടെയും സ്‌കൂള്‍ പ്രവേശനം ഉറപ്പാക്കാന്‍ പ്രത്യേക ക്യാമ്പയിന്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

• ഷഹബാസ് കൊലപാതക കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഈ മാസം പതിനൊന്നിലേക്ക് മാറ്റി. കസ്റ്റഡിയിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് നിയമത്തിൻ്റെ ആനുകൂല്യം നൽകരുതെന്ന് ഷഹബാസിൻ്റെ അഭിഭാഷകൻ.

• നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞു വയ്ക്കുന്ന ഗവർണർമാരുടെ നടപടിക്ക് പൂർണ്ണമായും തടയിട്ട് സുപ്രീംകോടതി. ബില്ലുകളിൽ മൂന്നുമാസത്തിനകം ഗവർണർ തീരുമാനമെടുക്കണം. ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കാൻ ഗവർണർക്ക് വിവേചന അധികാരമില്ലെന്നും സുപ്രീംകോടതി.

• ചെെനയിൽനിന്നുള്ള ചില ഉത്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തുന്ന 104 ശതമാനം അധികച്ചുങ്കം ബുധൻ മുതൽ പ്രാബല്യത്തിൽവരുമെന്ന് വെെറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ് അറിയിച്ചു.

• കേരള സർവകലാശാല എംബിഎ മൂന്നാം സെമസ്റ്റർ പ്രോജക്ട്‌ ഫിനാൻസ്‌ പരീക്ഷയുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവത്തിൽ അധ്യാപകനെ ജോലിയിൽനിന്ന് പിരിച്ചുവിടാൻ ശുപാർശ.

• സൗദി അറേബ്യ, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളുമായി കുവൈത്തിനെ ബന്ധിപ്പിക്കുന്ന റെയിൽവെ ശൃംഖലയുടെ ആദ്യഘട്ട വികസനത്തിനുള്ള കരാറിൽ കുവൈത്ത് ഒപ്പുവച്ചു.

• മുനമ്പം നിവാസികള്‍ക്ക് എല്ലാ റവന്യൂ അവകാശങ്ങളും നല്‍കണമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടെന്ന് മന്ത്രി കെ രാജന്‍ അഭിപ്രായപ്പെട്ടു.മുനമ്പം കമ്മീഷൻ റിപ്പോർട്ട് വരുന്നതോടുകൂടി പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കുമെന്നും മന്ത്രി.

പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 08 ഏപ്രിൽ 2025 | #NewsHeadlines

• രാജ്യത്ത് പാചകവാതക സിലിണ്ടറിൻ്റെ വില കൂട്ടി. ഗാര്‍ഹിക ഉപയോഗത്തിനു‍ള്ള സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്.

• പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്‌സൈസ് തീരുവ കൂട്ടി കേന്ദ്രം. പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപയുടെ വർധനവാണ് ഉണ്ടാകുന്നത്. അധിക ബാധ്യത എണ്ണക്കമ്പനികൾ ഏറ്റെടുത്തേക്കും.

• താമരശ്ശേരി ഷഹബാസ് കൊലപാതക കേസിൽ കസ്റ്റഡിയിൽ കഴിയുന്ന വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.

• കൊച്ചി തൊഴിൽ പീഡനക്കേസിൽ കെൽട്രോയിലെ മുൻ മാനേജർ മനാഫിനെതിരെ വീണ്ടും കേസെടുത്തു. അപകീർത്തികരമായ ദൃശ്യങ്ങൾ യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്.

• ഏപ്രില്‍ 10 മുതല്‍ കേരളത്തിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും ഏകീകൃത സോഫ്റ്റ് വെയർ ആയ കെ- സ്മാർട്ടിന് കീഴില്‍ പ്രവര്‍ത്തിക്കുമെന്നും കെ സ്മാര്‍ട്ട് വന്‍ വിജയമായെന്നും മന്ത്രി എം ബി രാജേഷ്.

• തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

• മാലിന്യമുക്ത നവകേരളം ക്യാമ്പയിനിലൂടെ 1027 തദ്ദേശസ്ഥാപനങ്ങൾ ശുചിത്വമികവിൽ. 939 പഞ്ചായത്ത്‌, 83 മുനിസിപ്പാലിറ്റി, അഞ്ച്‌ കോർപറേഷൻ എന്നിവയാണ്‌ ഇതുവരെ ശുചിത്വമികവ്‌ കൈവരിച്ചത്‌.

• ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി മുനമ്പം കമീഷന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ സഹായകമാകുമെന്ന്‌ നിയമമന്ത്രി പി രാജീവ്‌.

• ആഗോള രാജ്യങ്ങളിലെ മാതൃമരണ കണക്കില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യ. ലോകത്ത് മാതൃമരണം (എംഎംആര്‍) ഏറ്റവും കുടുതല്‍ സംഭവിക്കുന്ന നൈജീരിയയ്ക്ക് തൊട്ടുപിന്നിലാണ് ഇന്ത്യയുടെ സ്ഥാനമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 07 ഏപ്രിൽ 2025 | #NewsHeadlines

• ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം ശക്തമായി. അഞ്ച് സംസ്ഥാനങ്ങളിലെ 21 നഗരങ്ങളില്‍ പകല്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസ് പിന്നിട്ടു. ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ അടുത്ത മൂന്ന് ദിവസം ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

• കേരള സർവകലാശാലയിലെ എം ബി എ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടമായ സംഭവത്തിൽ വിദ്യാർത്ഥികൾക്കുള്ള പുന:പരീക്ഷ ഇന്ന് നടക്കും.

• ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ കിരീടമുറപ്പിക്കാനിറങ്ങിയ ലിവർപൂളിന്‌ അപ്രതീക്ഷിത തോൽവി. ഫുൾഹാമിനോട്‌ 3-2ന്‌ കീഴടങ്ങി.

• എസ്ഡിപിഐ സംസ്ഥാന നേതാവിന് സ്വന്തം പൊലീസ് ക്യാന്റീൻ കാർഡ് നൽകിയ ആലുവ സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്‌ഐയെ സസ്‌പെൻഡ്‌ ചെയ്തു. അന്വേഷണവിധേയമായാണ് എഎസ്‌ഐ എ കെ സലീമിനെ റൂറൽ എസ്‌പി ഡോ. വൈഭവ് സക്‌സേന സസ്‌പെൻഡ്‌ ചെയ്തത്.

• യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടപ്പാക്കുന്ന മനുഷ്യാവകാശ വിരുദ്ധ യാഥാസ്ഥിതിക നയങ്ങള്‍ക്കെതിരെ സ്വന്തം രാജ്യത്തും യൂറോപ്യൻ നഗരങ്ങളിലും വ്യാപക പ്രതിഷേധം. യുഎസിലെ അമ്പതോളം സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങി കൂറ്റന്‍ പ്രകടനങ്ങള്‍ നടത്തി.

• വംശീയ കലാപം തുടരുന്ന മണിപ്പൂരില്‍ സമാധാനം ഇനിയുമകലെ. കലാപം അവസാനിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാകതെ പിരിഞ്ഞു.

• മിനിമം മാർക്ക്‌ അടിസ്ഥാനമാക്കിയുള്ള എട്ടാം ക്ലാസ്‌ പരീക്ഷയില്‍ ഹിന്ദി ഭാഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടിതെറ്റി. ആകെ 3.87 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതിയപ്പോള്‍ 42,810 (12.69 ശതമാനം) പേരും തോറ്റു. ഇവര്‍ക്ക് ഇ ഗ്രേഡാണ്‌ ലഭിച്ചത്.

• ഐബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നിൽ ചാടി മരിച്ചത് ആൺസുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിന്റെ ലൈംഗിക ചൂഷണം മൂലമാണെന്ന് പൊലീസ്. ഒരു വർഷത്തോളം പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കുകയും ഗർഭഛിദ്രത്തിന് ശേഷം വിവാഹത്തിൽനിന്ന് സുകാന്ത് പിന്മാറി‍യതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും പൊലീസ് പറയുന്നു.

പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 06 ഏപ്രിൽ 2025 | #NewsHeadlines

• ഇരുസഭകളിലും നടന്ന മാരത്തൺ ചർച്ചകൾക്ക് അവസാനം പാർലമെന്റ് വഖഫ് ഭേദഗതി ബിൽ പാസാക്കിയതിന് ദിവസങ്ങൾക്ക് ശേഷം രാഷ്ട്രപതി ദ്രൗപതി മുർമു 2025 വഖഫ് (ഭേദഗതി) ബില്ലിന് അംഗീകാരം നൽകി.

• ഒരു നൂറ്റാണ്ടിൽ അധികമായി ലോക സഞ്ചാരികളെ അടക്കം വിസ്മയിപ്പിച്ചിരുന്ന പാമ്പൻ പാലത്തിന് പുതുജന്മം. 2019 ൽ തറക്കല്ലിട്ട പാമ്പൻ 2.0 പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും.

• സംസ്ഥാന സ്‌കൂള്‍ സിലബസില്‍ മിനിമം മാര്‍ക്ക് സമ്പ്രദായം നടപ്പിലാക്കിയുള്ള എട്ടാം ക്ലാസിലെ ആദ്യ പരീക്ഷാഫലം ഇന്ന്  പ്രഖ്യാപിക്കും. ഓരോ വിഷയത്തിലും 30 ശതമാനം മാര്‍ക്ക് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്തും.

• വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

• തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പൊലീസ് മേധാവിയുടെ മേല്‍നോട്ടം വേണമെന്ന് ഹൈക്കോടതി. കലക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നിയന്ത്രണത്തിലാകണം പൂരം നടത്തേണ്ടതെന്നും ഹൈക്കോടതി നിർദേശിച്ചു.

• ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ ഒന്നാമത് ഇലോൺ മസ്ക്. മലയാളികളിൽ ഇക്കുറിയും ഒന്നാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ഇന്ത്യക്കാരിൽ ഏറ്റവും സമ്പന്നൻ മുകേഷ് അംബാനി.

• സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) കൊച്ചിയിലെ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ തുടര്‍നടപടി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

• ഐപിഎൽ ക്രിക്കറ്റിൽ ശനിയാഴ്ച രണ്ടാം മത്സരത്തിൽ രാജസ്ഥാൻ 50 റൺസിന്റെ ആധികാരിക വിജയം നേടി. സ്കോർ: രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 205/4, പഞ്ചാബ് കിങ്സ് 155/9.

പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 05 ഏപ്രിൽ 2025 | #NewsHeadlines


• മധ്യ യുക്രേനിയൻ നഗരമായ ക്രിവി റിഹിൽ റഷ്യയുടെ മിസൈൽ ആക്രമണം. ആക്രമണത്തിൽ 18 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി യുക്രേനിയൻ ഉദ്യോഗസ്ഥർ.

• വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെന്‍ഷന്‍കൂടി അനുവദിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഏപ്രില്‍ മാസത്തെ പെന്‍ഷനാണ് വിഷുവിന് മുമ്പ് വിതരണം ചെയ്യുന്നത്.

• വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലന്‍റെ ഓഫീസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ചെന്നൈ കോടമ്പാക്കത്തെ ഓഫീസിലാണ് ഇഡി റെയ്ഡ് നടത്തുന്നത്.

• ദില്ലി എന്‍ സി ആര്‍ ഭാഗങ്ങളില്‍ പടക്കങ്ങള്‍ക്ക് വര്‍ഷം നീണ്ടുനില്‍ക്കുന്ന നിരോധനം ഏര്‍പ്പെടുത്തി സുപ്രീംകോടതി. ദില്ലിക്ക് പുറമേ യുപി, ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍പ്പെടുന്ന എന്‍ സി ആര്‍ ജില്ലകളിലും പടക്കങ്ങളുടെ നിര്‍മാണം, വിതരണം, വ്യാപാരം എന്നിവ പൂര്‍ണമായും നിരോധിച്ചു.

• ലോക ബോക്സിങ് കപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ ഹിതേഷ്. ലോക ബോക്സിങ് കപ്പിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഹിതേഷ്. സെമിഫൈനലില്‍ ഫ്രാൻസിന്റെ ഒളിമ്പ്യൻ മക്കൻ ട്രോറെയെയാണ് ഇടിച്ചിട്ടത്.

• കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ ലക്ഷണങ്ങളോടെ നാൽപ്പതുകാരി ചികിത്സ തേടി. മലപ്പുറം കുറ്റിപ്പുറം സ്വദേശിനിയാണ് ചികിത്സതേടിയത്.

• മധ്യപ്രദേശിലെ ജബൽപൂരിൽ രണ്ട് വൈദികരെ വിഎച്ച്പി പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ആക്രമണം നടന്ന് നാല് ദിവസത്തിന് ശേഷമാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

• സംസ്ഥാനത്ത്  പരക്കെ മഴ സാധ്യത. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് ആണ്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0