പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 10 ഏപ്രിൽ 2025 | #NewsHeadlines

• ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ തിരിച്ചടി തീരുവ മരവിപ്പിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. 90 ദിവസത്തേക്ക് തീരുവ 10 ശതമാനം മാത്രമാക്കുമെന്നും ട്രംപ് വ്യക്തമാക്കി.

• സംസ്ഥാനം ലഹരിക്കെതിരെ യുദ്ധം നയിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വരും തലമുറകളെ കൊടും വിപത്തുകളിൽ നിന്നും രക്ഷിക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

• മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറി അമേരിക്ക. ഇന്നോ നാളെയോ ഇന്ത്യയിൽ എത്തിക്കും. ഡൽഹിയിലും മുംബൈയിലും ജയിലുകൾ സജ്ജമാക്കി. പ്രത്യേക എൻഐഎ സംഘമാണ് റാണയെ ചോദ്യം ചെയ്യുക.

• പാതിവില തട്ടിപ്പ് കേസിൽ സായിഗ്രാം ഡയറക്ടർ കെ എൻ ആനന്ദകുമാറിന് തിരിച്ചടി. ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

• സംസ്ഥാനത്ത് പൊതു വിദ്യാലയങ്ങളിൽ പാചകത്തിന്‌ ഇനി മുതൽ സൗരോർജം. സംസ്ഥാന സർക്കാരിന്റെ നെറ്റ്‌ സീറോ കാർബൺ കേരളം പദ്ധതിയുടെ ഭാഗമായി എനർജി മാനേജ്‌മെന്റ്‌ സെന്റർ ആണ്‌ സ്‌മാർട്‌ ഇലക്‌ട്രിക്‌ കിച്ചൺ പദ്ധതി നടപ്പാക്കുന്നത്.

• റിസർവ്വ്‌ ബാങ്ക്‌ വാണിജ്യബാങ്കുകൾക്ക്‌ നൽകുന്ന ഹ്രസ്വകാല വായ്‌പയുടെ പലിശനിരക്കായ റിപ്പോ 0.25 ശതമാനം കുറച്ചു. ഇതോടെ റിപ്പോനിരക്ക് 6.25ൽ നിന്ന്‌ ആറു ശതമാനമായി.

• മസ്‌കത്ത്‌ അന്താരാഷ്ട്ര പുസ്തക മേളയുടെ തിയതികൾ പ്രഖ്യാപിച്ചു. ഏപ്രിൽ 23 മുതൽ മെയ് 3 വരെ യാണ് 29-ാമത് പുസ്തക മേള നടക്കുക. നിരവധി സാംസ്കാരിക പരിപാടികളും വിപുലമായ പ്രദർശനങ്ങളും പ്രവർത്തനങ്ങളും മേളയിൽ ഉണ്ടായിരിക്കും.

• ടൂറിസ്റ്റ് കാര്യങ്ങൾക്ക് ഒന്നാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മദ്യം വിളമ്പുന്നതിന് അനുമതി നൽകി പുതിയ മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. വിവാഹം, അന്തർദേശീയ കോൺഫറൻസ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകള്‍ക്കാണ് ഇളവ് നൽകിയിരിക്കുന്നത്.

• ഫാഷൻ ​ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ എം. സി കമറുദ്ദീനും പൂക്കോയ തങ്ങളും ഇഡിയുടെ കസ്റ്റഡിയിൽ. തിങ്കളാഴ്ചയാണ് ഇരുവരെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0