October 2024 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
October 2024 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 31 ഒക്റ്റോബർ 2024 - #NewsHeadlinesToday

• പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തം നേരിടുന്ന സ്‌പെയിനിൽ മരണസംഖ്യ ഉയരുന്നു. കിഴക്കൻ പ്രവിശ്യയായ വലൻസിയയിലും സമീപത്തുമാണ് കനത്ത വെള്ളപ്പൊക്കമുണ്ടായത്.

• വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചയാളെ കണ്ടെത്തി പൊലീസ്. മഹാരാഷ്ട്രയിലെ ഗോണ്ടിയ സ്വദേശിയായ 35കാരനാണ് ഭീഷണിക്ക് പിന്നിലെന്ന് നാഗ്പൂര്‍ പൊലീസാണ് കണ്ടെത്തിയത്.

• നാഷണല്‍ സര്‍വീസ് സ്‌കീം നടത്തുന്നത് മികച്ച പ്രവര്‍ത്തനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സേവനമനോഭാവത്തോടെ സമൂഹത്തില്‍ ഇടപെടുന്നതില്‍ എന്‍എസ്എസ് വളരെ മുന്നിലാണ് എന്നും മുഖ്യമന്ത്രിപറഞ്ഞു.

• ഇന്ത്യ- ചൈന അതിർത്തിയിൽ പെട്രോളിംഗ് നടപടികൾ ഇന്ന് ആരംഭിക്കും..ഡെപ്സാങിലും ഡെംചോകിലും ഇരു രാജ്യങ്ങളിലെയും സൈനിക പിന്മാറ്റം പൂർത്തിയായതായി കരസേന അറിയിച്ചിരുന്നു.

• കാസര്‍ഗോഡ് വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. സംഭവത്തില്‍ ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം.

• വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി.ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അമിക്കസ് ക്യൂറി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

• മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ആനകൾ കൂട്ടത്തോടെ ചരിഞ്ഞ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വൈൽഡ് ലൈഫ് കൺട്രോൾ ബ്യൂറോയും സംസ്ഥാന സർക്കാരും. ഏഴ് ആനകളാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇവിടെ ചരിഞ്ഞത്.

• കന്നുകാലികൾക്ക്‌ ഇൻഷുറൻസ്‌ പരിരക്ഷ ഉറപ്പാക്കി സർക്കാർ. സംസ്ഥാന ഇൻഷൂറൻസ്‌ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കന്നുകാലി ഇൻഷൂറൻസ്‌ പദ്ധതിക്ക്‌ തുടക്കമായി.

• ഉക്രെയിനുമായുള്ള പിരിമുറുക്കങ്ങൾക്കിടയിൽ ആണവപരീക്ഷണം നടത്തി റഷ്യ. ചൊവ്വ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിന്റെ നിരീക്ഷണത്തിലാണ് ആണവ മിസൈലുകളുടെ  പരീക്ഷണം നടന്നത്.

• ഇന്ത്യൻ ഹോക്കി മുൻതാരം പി ആര്‍ ശ്രീജേഷിന്റെ കായിക ജീവിതം എല്ലാവര്‍ക്കും പ്രത്യേകിച്ച് ഏതൊരു കായിക താരത്തിനും മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അര്‍പ്പണമനോഭാവവും കഠിനാധ്വാനവും ലക്ഷ്യബോധവും പ്രകടിപ്പിച്ച ശ്രീജേഷ് സഹതാരങ്ങള്‍ക്ക് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

• ഇന്ത്യ- ചൈന അതിർത്തിയിൽ പെട്രോളിംഗ് നടപടികൾ ഇന്ന് ആരംഭിക്കും. ഡെപ്സാങിലും ഡെംചോകിലും ഇരു രാജ്യങ്ങളിലെയും സൈനിക പിന്മാറ്റം പൂർത്തിയായതായി കരസേന അറിയിച്ചിരുന്നു.

• തെലങ്കാനയിൽ മയോണൈസ് നിരോധിച്ച് ഉത്തരവിറക്കി ഭക്ഷ്യസുരക്ഷാ വിഭാഗം. ഒരു വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

• സംസ്ഥാനത്തെ ആദിവാസി മേഖലകളിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 30 ഒക്റ്റോബർ 2024 - #NewsHeadlinesToday

• നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അഡീഷണൽ എസ് പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം കേ സ് അന്വേഷിക്കും.

• ഒളിമ്പിക്സ് ഹോക്കിയിൽ രണ്ടാം തവണയും വെങ്കലമെഡൽ നേട്ടം കൈവരിച്ച പി ആർ ശ്രീജേഷിന് ഇന്ന് സംസ്ഥാന സർക്കാരിന്റെ സ്വീകരണം.

• സ്പാനിഷ്, മാസഞ്ചര്‍ സിറ്റി താരം റോഡ്രിക്കിന് ഈ വര്‍ഷത്തെ ബാലര്‍ ഡി ഓര്‍ പുരസ്‌കാരം.

• പൊതുമേഖലാ-ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് ഓഫിസര്‍മാരെയും ജീവനക്കാരെയും കൂട്ടമായി ഒഴിവാക്കുന്നതിന് നീക്കം. എല്ലാ മാസങ്ങളിലും ജീവനക്കാരുടെ കാര്യക്ഷമത വിലയിരുത്തി അയോഗ്യരെന്ന് കണ്ടെത്തുന്നവരെ മുന്‍കൂര്‍ വിരമിക്കലിലൂടെ ഒഴിവാക്കണമെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദേശം.

• കെഎസ്‌ഇബിക്ക്‌ കീഴിൽ വിവിധ സൗരോർജ പദ്ധതികളിലൂടെ കേരളം കൈവരിച്ചത്‌ 1051.42 മെഗാവാട്ട്‌ വൈദ്യുതശേഷി. സൗരോർജ സ്ഥാപിതശേഷിയിൽ രാജ്യത്ത്‌ മൂന്നാം സ്ഥാനത്തുള്ള കേരളം കഴിഞ്ഞ മൂന്നു വർഷത്തിലാണ്‌  വൻ കുതിച്ചുചാട്ടം നടത്തിയത്‌.

• പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയർത്തുന്നതിനുള്ള പദ്ധതി ജനപങ്കാളിത്തതോടെ നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

• സംസ്ഥാനത്ത്‌ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള കരടു വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,59,57,734 വോട്ടർമാരാണുള്ളത്‌. ഇതിൽ 1,25,36,261 പുരുഷന്മാരും 1,34,21,132 സ്‌ത്രീകളും 341 ട്രാൻസ്‌ജൻഡേഴ്‌സുമാണ്‌.

• സംസ്ഥാനത്ത് സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിൽ 12 മെഡിക്കൽ പിജി സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമീഷന്റെ അനുമതി.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 29 ഒക്റ്റോബർ 2024 - #NewsHeadlinesToday

• ദീപാവലി മുന്നേ തന്നെ നോയിഡയില്‍ വായുമലിനീകരണം രൂക്ഷം. നോയിഡ, ഗ്രേയ്റ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവടങ്ങളില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 169 നിന്നും പൊടുന്നനെ 304ല്‍ എത്തി.

• കേരളത്തിൽ വൈദ്യുതി ആവശ്യകത വർധിക്കുന്നുവെന്നും ആഭ്യന്തര ഉത്പാദനം വർധിപ്പിക്കേണ്ടത് പ്രധാനമാണെന്നും, വൈദ്യുതി മുടങ്ങാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തൊട്ടിയാർ ജല വൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

• വിമാനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും പിന്നാലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി. തിരുപ്പതിയിലെ ഇസ്‌കോണ്‍ ക്ഷേത്രത്തിനാണ് ഐഎസ്‌ഐഎസ് ക്ഷേത്രം തകര്‍ക്കുമെന്ന ഭീഷണി ലഭിച്ചത്.

• നാടിനെ നടുക്കിയ പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്. 50,000 രൂപ പിഴയും വിധിച്ചു. 2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം.
• ജമ്മുകശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരർ വെടിവെപ്പ് നടത്തി. 15 റൗണ്ട് വെടിയുതിർത്തതായി സൈന്യം അറിയിച്ചു. വെടിവെപ്പ് നടത്തിയ ശേഷം ഭീകരർ വനമേഖലയിലേക്ക് കടന്നതായാണ് സൂചന. ഭീകരർക്കായുള്ള തിരച്ചിൽ സേന ശക്തമാക്കിയിട്ടുണ്ട്.

• 2024ലെ ബാലൻ ഡി ഓർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മാഞ്ചസ്റ്റർ സിറ്റി താരം റോഡ്രിക്കാണ്‌ ഈ വർഷത്തെ മികച്ച പുരുഷ കളിക്കാരനുള്ള പുരസ്‌കാരം. വനിതകളിൽ സ്‌പെയ്‌നിന്റെ ബാഴ്‌സലോണ താരം അയ്‌താന ബോൻമാറ്റിയെയാണ്‌ മികച്ച താരമായി തെരഞ്ഞെടുത്തത്‌.

• കാസർകോട് ജില്ലയിലെ അഞ്ഞൂറ്റമ്പലം വീരർക്കാവ് കളിയാട്ടത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച്‌ നൂറ്റിയൻപതിലധികം പേർക്ക്‌ പരിക്ക്‌.  തിങ്കൾ രാത്രി പന്ത്രണ്ടോടെയാണ് അപകടം.

• ഹോക്കിതാരം ഒളിമ്പ്യൻ പി ആർ ശ്രീജേഷ്‌ സംസ്ഥാന സ്കൂൾ കായിക മേളയുടെ ബ്രാൻഡ് അംബാസഡറാകും. നവംബർ നാലിന് കൊച്ചിയിൽ ആരംഭിക്കുന്ന മേളയുടെ സാംസ്കാരിക പരിപാടി നടൻ മമ്മൂട്ടി ഉദ്‌ഘാടനം ചെയ്യുമെന്ന്‌ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

• ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ലക്ഷ്യത്തിലേക്കെത്തുന്നതിന്റെ ഭാഗമായുള്ള ഹരിത മാതൃകാ പ്രഖ്യാപനങ്ങൾ കേരളപ്പിറവി ദിനത്തിൽ നടക്കും.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 28 ഒക്റ്റോബർ 2024 - #NewsHeadlinesToday

• ട്രാമി കൊടുങ്കാറ്റിൽ ഫിലിപ്പീൻസിൽ നൂറിലേറെ മരണം. കാണാതായവരെ കണ്ടെത്തുന്നതടക്കം  രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

• കേന്ദ്ര സഹായം ലഭിച്ചാലും ഇല്ലെങ്കിലും വയനാട്ടിലെ ഹതഭാഗ്യരെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ദുരിത ഉണ്ടായപ്പോൾ സഹായം നിഷേധിക്കുകയാണ് കേന്ദ്രം ചെയ്തത് എന്നും മുഖ്യമന്ത്രി.

• രാജ്യത്തെ വിമാനങ്ങള്‍ക്ക് നിരന്തരം വ്യാജ ബോംബ് ഭീഷണി നേരിട്ടതിന് പിന്നാലെ മൂന്നു സംസ്ഥാനങ്ങളിലെ ഇരുപത്തിമൂന്നോളം ഹോട്ടലുകള്‍ക്കും ബോംബ് ഭീഷണി. കൊല്‍ക്കത്ത, തിരുപ്പതി, രാജ്‌കോട്ട് എന്നിവടങ്ങളിലുള്ള ഹോട്ടലുകള്‍ക്കാണ് ഇത്തവണ ഭീഷണി.
• തൊട്ടിയാർ ജലവൈദ്യുത പദ്ധതിക്ക് ഒടുവിൽ പുനർജന്മം. ഇടുക്കി ജില്ലയിലെ തൊട്ടിയാർ ജലവൈദ്യുത പദ്ധതി കേരളത്തിന്‍റെ വൈദ്യുതി മേഖലക്ക് കരുത്തേകി കൊണ്ട് ഒക്ടോബർ 28 തിങ്കളാഴ്ച യാഥാർത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

• കേരളത്തെ നടുക്കിയ കളമശേരി സ്‌ഫോടനം നടന്നിട്ട്‌ ചൊവ്വാഴ്‌ച ഒരുവർഷം. കളമശേരി സാമ്ര കൺവൻഷൻ സെന്ററിലെ യഹോവയുടെ സാക്ഷികളുടെ കൺവൻഷനിലാണ്‌ 2023 ഒക്ടോബർ 29ന്‌ രാവിലെ 9.30ന്‌ സ്‌ഫോടനമുണ്ടായത്‌.

• കാൽസ്യം സപ്ലിമെന്റായ ഷെൽക്കാൾ 500ന്റെ അടക്കം നാലു വ്യാജ മരുന്ന് കണ്ടെത്തി കേന്ദ്ര ഡ്രഗ് റെഗുലേറ്ററി അതോറിറ്റി.  45 മരുന്ന് ഗുണനിലവാര പരിശോധനയിലും പരാജയപ്പെട്ടു.

• സംസ്ഥാന ഫിഷറീസ്‌ വകുപ്പിന്റെ  മുതലപ്പൊഴി ഫിഷിങ്‌ ഹാർബർ വികസന പദ്ധതിക്ക്‌ കേന്ദ്ര അംഗീകാരം. പദ്ധതി യാഥാർഥ്യമായാൽ 415 യന്ത്രബോട്ടുകൾക്ക്‌ ദിവസവും തുറമുഖത്ത്‌ എത്താം.

• സാമൂഹ്യനീതിയും മതേതരത്വവുമാണ് ടിവികെയുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് നടൻ വിജയ്. തമിഴക വെട്രികഴകം സമത്വത്തിലൂന്നിയാണ് പ്രവർത്തിക്കുകയെന്നും വിജയ് പറഞ്ഞു. ടിവികെയുടെ ആദ്യ സംസ്ഥാന സമ്മേളനവേദിയിൽ സംസാരിക്കുകയായിരുന്നു വിജയ്.

• തൃശൂർ പൂരം അലങ്കോലമാക്കിയ സംഭവത്തിൽ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിയിൽ കേസെടുത്തു. സംഭവത്തിൽ ആരെയും പ്രതിചേർത്തിട്ടില്ല.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 27 ഒക്റ്റോബർ 2024 - #NewsHeadlinesToday

• സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം. ഇന്ന് ഒരു ജില്ലയിലും മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

• ഓൺലൈനിലൂടെ ഓഹരി ഇടപാട്‌ നടത്തി വൻതുക ലാഭവിഹിതമായി നേടാമെന്ന്‌ വിശ്വസിപ്പിച്ച്‌ വനിതാ ഡോക്ടറിൽനിന്നും 87.23 ലക്ഷം തട്ടിയെടുത്തു. ഉള്ളൂർ സ്വദേശിയായ വനിതാ ഡോക്ടറിൽനിന്നാണ്‌ കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ചു തവണയായി തട്ടിപ്പ് നടത്തിയത്.

• അനധികൃതമായി അമേരിക്കയിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ കുടിയേറ്റക്കാരെ വിമാനം ചാർട്ടർ ചെയ്ത്‌ തിരിച്ചയച്ച്‌ അമേരിക്ക. അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ മന്ത്രാലയമാണ്‌ ഇക്കാര്യം പറഞ്ഞത്‌. ഒക്ടോബർ 22നാണ്‌ ഇവരെ തിരിച്ചയച്ചത്‌.

• വിമാന സർവീസിനെ താളംതെറ്റിക്കുന്ന നിലയിൽ വ്യാജബോംബ്‌ ഭീഷണി വ്യാപകമായതോടെ സമൂഹ മാധ്യമങ്ങൾക്ക്‌ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. വ്യാജവിവരങ്ങൾ പ്രചരിക്കുംമുമ്പ്‌ സമൂഹമാധ്യമങ്ങൾ അടിയന്തരനടപടികൾ സ്വീകരിക്കണമെന്നാണ്‌ നിർദേശം.

• രാജ്യത്തെ 67 മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് ഡ്രഗ് റെഗുലേറ്ററി അതോറിട്ടി കണ്ടെത്തി. കേന്ദ്ര സര്‍ക്കാര്‍ ഡ്രഗ് റെഗുലേറ്ററായ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്റേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ ലബോറട്ടറികള്‍ 49ഉം സംസ്ഥാനങ്ങളിലെ ലാബുകള്‍ 18ഉം മരുന്നുകള്‍ക്കാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്.

• പി പത്മരാജൻ ട്രസ്റ്റ്‌ എയർ ഇന്ത്യ എക്സ്പ്രസുമായി ചേർന്ന്‌ സംഘടിപ്പിച്ച പത്മരാജൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തിനുമുള്ള പുരസ്‌കാരം 'ആട്ട'ത്തിന്റെ സംവിധായകൻ ആനന്ദ് ഏകർഷിക്ക് നടൻ ജയറാം സമ്മാനിച്ചു.

• കോൺക്രീറ്റ് മിക്സർ വാഹനം റെയിൽവേ ട്രാക്കിൽ കടന്നു വന്നതിനെ തുടർന്ന് വന്ദേഭാരത് എക്സ്പ്രസ് വൻ ദുരന്തത്തിൽ നിന്ന് ഒഴിവായത് തലനാരിഴക്ക് . തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ് ആണ് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച ഉച്ചക്ക് 12.30ന് വൻ ദുരന്തത്തിൽ നിന്നും ഒഴിവായത്.

• ബോണസ്, പി.എഫ് വിഷയങ്ങൾ ഉന്നയിച്ച് തിരുവല്ലം ടോൾ പ്ലാസയിൽ ജീവനക്കാർ നടത്തിയ സമരം അവസാനിച്ചു. കമ്പനിയുമായി നടത്തിയ ചർച്ചയിൽ പരിഹാരമായെന്ന് ജീവനക്കാർ.

• പശ്ചിമ ബംഗാളിൽ പുകയില- നിക്കോട്ടിൻ അടങ്ങിയ ഗുട്ഖ, പാൻ മസാല ഉൽപ്പന്നങ്ങളുടെ നിർമ്മാണം, സംഭരണം, വിൽപ്പന, വിതരണം എന്നിവയുടെ നിരോധനം നവംബർ 7 മുതൽ ഒരു വർഷത്തേക്ക് കൂടി നീട്ടി സർക്കാർ.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 26 ഒക്റ്റോബർ 2024 - #NewsHeadlinesToday

• സംസ്ഥാനത്ത് ഇന്നും മഴ തുടരും, വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്.

• ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കരയിലെ ഏറ്റവും വലിയ നടക്കുന്ന ജീവിയെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയാണെന്നും ഡിവിഷന്‍ ബെഞ്ച്.

• കര്‍ണാടകയില്‍ കൊപ്പല്‍ ജില്ലയിലെ മരകുമ്പി ഗ്രാമത്തില്‍ ദളിതര്‍ക്കെതിരെ അതിക്രമം നടത്തുകയും കുടിലുകള്‍ ചുട്ടെരിക്കുകയും ചെയ്ത സംഭവത്തില്‍ 98 പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പത്ത് വര്‍ഷം മുമ്പ് നടന്ന അതിക്രമത്തിലാണ് കൊപ്പല്‍ ജില്ലാ കോടതി വിധി.

• ദില്ലിയില്‍ വായുമലിനീകരണം രൂക്ഷമായതോടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. പുറംജോലികള്‍ പരമാവധി കുറയ്ക്കണമെന്നാണ് പ്രധാന നിര്‍ദേശം.

• വയനാട് പുനരധിവാസത്തിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രതിസന്ധിയാകരുതെന്ന് ഹൈക്കോടതി. അമികസ് ക്യൂറി റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

• തപാൽവകുപ്പിന്റെ ആർഎംഎസ്‌ (റെയിൽ മെയിൽ സർവീസ്‌) ഓഫീസുകൾ പൂട്ടാനൊരുങ്ങി കേന്ദ്ര സർക്കാർ. തപാൽവകുപ്പ്‌ 150–-ാം വാർഷികം ആഘോഷിക്കുമ്പോഴാണ്‌ കുത്തകകൾക്ക്‌ സഹായകരമാകുന്ന കേന്ദ്രനടപടി.

• പൊതുമേഖലാ ബാങ്കുകളുടെ ലയനം തുടങ്ങിയതോടെ ഒന്നരലക്ഷം ഒഴിവുകൾ നികത്താതെ കേന്ദ്രസർക്കാർ. 2017 ൽ ബാങ്ക്‌ ലയനം തുടങ്ങിയതിന്‌ പിന്നാലെ ഒഴിവുകൾ നികത്താതെ ജീവനക്കാർക്ക്‌ അമിത ജോലിഭാരം അടിച്ചേൽപ്പിക്കുകയാണെന്നും റിപ്പോർട്ട്.

• മുണ്ടക്കൈയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി  മൂന്നുതവണ അപേക്ഷ നൽകിയിട്ടും കേന്ദ്രസർക്കാർ പ്രത്യേക സഹായം നൽകിയില്ലെന്ന് കേരളം ഹൈക്കോടതിയിൽ.

• കാനഡയിൽ പഠിക്കാൻ പോകുംമുമ്പ് ഇന്ത്യൻ വിദ്യാര്‍ഥികള്‍ രണ്ടുവട്ടം ആലോചിക്കണമെന്ന് കാനഡയിലെ ഇന്ത്യയുടെ മുന്‍ ഹൈകമീഷണര്‍ സഞ്ജയ് വര്‍മ.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 25 ഒക്റ്റോബർ 2024 - #NewsHeadlinesToday

• സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 4 ജില്ലകളിൽ ഓറഞ്ച് അലേർട്ടും 7 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു

• ജമ്മു – കശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ജമ്മു-കശ്മീരിലെ ബാരാമുള്ളയിലാണ് ഭീകരാക്രമണമുണ്ടായത്. സംഭവത്തിൽ രണ്ട് പോര്‍ട്ടര്‍മാരും കൊല്ലപ്പെട്ടു.

• സുപ്രീം കോടതിയുടെ 51ആം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചു. നവംബര്‍ പത്തിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഖന്നയെ നിയമിക്കുന്നത്.

• സംസ്ഥാനത്തെ പച്ചക്കറി ഉൽപ്പാദനം 25 ലക്ഷം ടണ്ണാക്കാനുള്ള സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞത്തിന്‌ അന്തിമരൂപമായി. കൃഷി വകുപ്പിന്‌ പുറമേ മറ്റ്‌ വകുപ്പുകൾക്കും  ചുമതലകൾ വിഭജിച്ച്‌ നൽകിയാണ്‌ പ്രവർത്തനം. നവംബർ മുതൽ കൃഷി ആരംഭിക്കും.

• ആന്ധ്രക്കും ബിഹാറിനും ആറായിരത്തി എഴ്നൂറ്റി തൊണ്ണൂറ്റി എട്ട് കോടി രൂപയുടെ റെയില്‍വേ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. അതേ സമയം കേരളം ആവശ്യപ്പെട്ട കെ. റെയില്‍ അടക്കമുള്ള വിവിധ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാന്‍ കേന്ദ്രം ഇതുവരെയും തയ്യാറായിട്ടില്ല.

• അതിതീവ്ര ചുഴലിയായി മാറിയ ദാന വീശീയടിച്ചു തുടങ്ങി. വെള്ളി അതിരാവിലെ ഒഡിഷയിലെ ഭിട്ടര്‍കനിക ദേശീയോദ്യാനത്തിനും ധമ്ര തുറമുഖത്തിനും ഇടയിൽ  കരതൊടും.

• പൗരന്റെ വയസ്സ്‌ നിർണിയിക്കാൻ ആധാർ കാർഡിനെക്കാൾ ആധികാരികം സ്‌കൂൾ സർട്ടിഫിക്കറ്റെന്ന്‌ സുപ്രീംകോടതി. ജനനത്തീയതി തെളിയിക്കാന്‍ ആധാര്‍ ആധികാരിക രേഖയല്ല.

• അങ്കമാലി-എരുമേലി ശബരിപാതയ്‌ക്കായി സംസ്ഥാന സർക്കാർ ത്രികക്ഷി കരാർ സാധ്യത ആലോചിക്കുന്നു.  കരാർ തയ്യാറാക്കാൻ ഗതാഗതവകുപ്പ്‌ സെക്രട്ടറി കെ റെയിലിനെ ചുമതലപ്പെടുത്തി.

• തൃശൂർ ന​ഗരത്തിലെ സ്വർണാഭരണ നിർമാണശാലകളിലും മൊത്തവ്യാപാര കേന്ദ്രങ്ങളിലും ഷോറൂമുകളിലും ജിഎസ്ടി വകുപ്പ് മിന്നൽ പരിശോധന നടത്തി. കേരളം കണ്ട ഏറ്റവും വലിയ ജിഎസ്‌ടി ഇന്റലിജൻസ്‌ റെയ്‌ഡിൽ 104 കിലോ അനധികൃത സ്വർണം പിടിച്ചെടുത്തു.

• സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കുടുംബം റിയാദിലേക്ക്. മോചനം വൈകുന്ന സാഹചര്യത്തിലാണ് റഹീമിനെ കാണാനായി ഉമ്മയും സഹോദരനും അമ്മാവനും റിയാദിലേക്ക് പോകുന്നത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 24 ഒക്റ്റോബർ 2024 - #NewsHeadlinesToday

• സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പായ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.

• പാപ്പരത്ത ഹർജി പ്രഖ്യാപിച്ച ബൈജൂസിന് കൂടുതൽ തിരിച്ചടികൾ. ബിസിസിഐയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ സുപ്രീം കോടതി റദ്ദാക്കി.

• പ്രാദേശിക സമൂഹത്തെക്കൂടി ടൂറിസം വികസനത്തിന്റെ ഭാഗമാക്കുന്നതിനായി ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷന്‍ പദ്ധതിയുടെ വിപുലീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 6.64 കോടി രൂപയുടെ ഭരണാനുമതി നല്‍കി.

• ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയെന്ന് മന്ത്രി വി എന്‍ വാസവന്‍. 10000ത്തോളം വാഹനങ്ങള്‍ക്ക് നിലക്കലില്‍ തന്നെ പാര്‍ക്ക് ചെയ്യാം, എല്ലാ ഭക്തർക്കും ദർശന സൗകര്യം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

• സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സർവീസ്‌ പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചു. യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസ്‌ ഉൾപ്പെടെ എല്ലാ മേഖലയിലും ആനുകൂല്യം ലഭിക്കും.

• കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച എക്സ്പ്ലോസീവ് ആക്ടിലെ ഉത്കണ്ഠ രേഖപ്പെടുത്തി കേന്ദ്രത്തിന് കത്തയക്കാൻ മന്ത്രിസഭായോഗ തീരുമാനം. തൃശ്ശൂര്‍പൂരം ഉള്‍പ്പെടെയുള്ള പരിപാടികളിലെ കരിമരുന്ന് പ്രയോഗത്തെ പ്രതികൂലമായി ബധിക്കുമെന്ന വിലയിരുത്തലിലാണ് കേന്ദ്രത്തിന് കത്തയക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്.

• അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് തന്നെ. ആശാ ലോറൻസിന്റെ ഹർജി ഹൈക്കോടതി തള്ളി. മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ടു നൽകണമെന്നാവശ്യപ്പെട്ടാണ് ഇളയ മകൾ ആശാ ലോറൻസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

• കേന്ദ്ര സഹായത്തിനായി കാത്തുനിൽക്കാതെ തന്നെ വയനാട് ഉരുൾപൊട്ടൽ മേഖലയിൽ പുനരധിവാസം
മുന്നോട്ട് കൊണ്ടുപോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

•  സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങൾക്ക്‌ കീഴിലും എംസിഎഫുകൾ (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) സ്ഥാപിക്കാൻ പുറമ്പോക്ക്‌ ഭൂമി അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഓരോ കേസും പ്രത്യേകം പരിഗണിച്ചാണ് അനുവദിക്കുക.

• ലാൻഡ് പൂളിങ്‌ സ്കീമിൽ ചട്ടങ്ങൾ ഉൾപ്പെടുത്തിയശേഷം സ്ഥലം ഏറ്റെടുക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ വികസനപദ്ധതിയായി ഇൻഫോപാർക്ക് മൂന്നാംഘട്ടത്തിന്റെ വിപുലീകരണം. പദ്ധതിക്കായി 300 ഏക്കർ കൈമാറാനുള്ള ധാരണപത്രത്തിൽ ജിസിഡിഎയും ഇൻഫോപാർക്കും വൈകാതെ ഒപ്പുവയ്‌ക്കും.

• വ്യവസായ ആവശ്യങ്ങൾക്കുള്ള സ്‌പിരിറ്റിന്റെ ഉൽപ്പാദനം, സംഭരണം, വിതരണം തുടങ്ങിയവ നിയന്ത്രിക്കാൻ  സംസ്ഥാനങ്ങൾക്ക്‌ അധികാരമുണ്ടെന്ന്‌ സുപ്രീംകോടതി. ഈ കാര്യങ്ങൾക്കായി സംസ്ഥാനങ്ങൾക്ക്‌ നിയമനിർമാണങ്ങൾ നടത്താം.

• ദിന അതിതീവ്രചുഴലിക്കാറ്റ് ഇന്ന് രാത്രി തീരം തൊടും . ഒഡിഷയിലെ ബാലസോറിന് സമീപം ദമ്ര തുറമുഖത്തും, ബംഗാളിലെ സാഗർ ദ്വീപിലുമായാകും ചുഴലിക്കാറ്റ് തീരം തൊടുക.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 23 ഒക്റ്റോബർ 2024 - #NewsHeadlinesToday

• ഡൽഹിയിലെ വായനിലവാര സൂചിക താഴേക്ക്‌. വായുമലിനീകരണം നേരിടാൻ കമീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ്‌ ദേശീയ തലസ്ഥാന പ്രദേശത്ത്‌ വിറക്‌ കത്തിക്കൽ, കൽക്കരി ഉപയോഗം, ഡീസൽ ജനറ്റേറുകളുടെ പ്രവർത്തനം എന്നിവ നിരോധിച്ചു.

• സംസ്ഥാന സ്‌കൂള്‍ കായികമേള എറണാകുളം ജില്ലയിലെ 17 വേദികളിലായി നവംബര്‍ 4 മുതല്‍ 11 വരെ നടക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കലാപരിപാടികള്‍ നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും.

• തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജകരമായി. കരള്‍ രോഗം മൂലം കാന്‍സര്‍ ബാധിച്ച പത്തനംതിട്ട റാന്നി സ്വദേശിക്കാണ് കരള്‍ മാറ്റിവച്ചത്.

• റോഡ് സുരക്ഷ കമീഷണറായി ഡിജിപി നിതിൻ അ​ഗവർവാളിനെ നിയമിച്ചു. ബിഎസ്എഫ് മേധാവി സ്ഥാനം ഒഴിഞ്ഞ് കേരള കേ‍ഡറിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് നിയമനം.

• കൊൽക്കത്തയിലെ ആർജി കർ ആശുപത്രിയിൽ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച് ഡോക്ടർമാർ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മമതാ ബാനർജിയുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് സമരം പിൻവലിച്ചത്.

• സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലാണ് സംഭവമുണ്ടായത്.

• പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കാൻ ഇന്ത്യ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ.

• ദാനാ ചുഴലിക്കാറ്റിനെ നേരിടാൻ ഒഡിഷയിലും പശ്ചിമബം​ഗാളിലും മുൻകരുതൽ നടപടി തുടങ്ങി. അപകട സാധ്യത മേഖലകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. 23 മുതൽ 26 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

• പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് അയ്യപ്പൻകാവിനുസമീപം ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ അഞ്ച് പേർ മരിച്ചു.

• മദ്രസകളുടെ കാര്യത്തിൽമാത്രം എന്തിനാണ്‌ ഇത്ര ആശങ്ക കാണിക്കുന്നതെന്ന്‌ ദേശീയ ബാലാവകാശ കമീഷനോട്‌ സുപ്രീംകോടതി. എല്ലാ മത വിഭാഗങ്ങളോടും ഒരേ നിലപാടാണോ ബാലാവകാശ കമീഷനുള്ളതെന്ന് ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ ചോദിച്ചു.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 22 ഒക്റ്റോബർ 2024 - #NewsHeadlinesToday

• സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്.

• ഡിസംറോടെ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം ലോകത്തിന്‌ സമർപ്പിക്കും. ഒന്നാംഘട്ടം പൂർത്തിയാകുന്നതോടെയാണ്‌ കമീഷനിങ്‌.

• സർക്കാർ ഓൺലൈൻ സേവനങ്ങൾ ഒരു കുടക്കീഴിലാക്കാൻ കേരളം ഒരുങ്ങുന്നു. ‘ഡിജിറ്റൽ കേരള ആർകിടെക്‌ചർ’ പദ്ധതിക്ക്‌ കീഴിൽ യുഎസ്‌ഡിപി (യൂണിഫൈഡ്‌ സർവീസ്‌ ഡെലിവറി പ്ലാറ്റ്‌ഫോം) വികസിപ്പിക്കാൻ ഐടി മിഷന്‌ അനുമതി ലഭിച്ചു.

• മതനിരപേക്ഷത എപ്പോഴും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമായിരുന്നെന്ന്‌ സുപ്രീംകോടതി. 42-ാം ഭേദഗതി വഴി ഭരണഘടനയുടെ ആമുഖത്തിൽ  ‘സോഷ്യലിസ്റ്റ്‌’, ‘സെക്കുലർ’ എന്നീ വാക്കുകൾ ഉൾപ്പെടുത്തിയതിന്‌ എതിരായ ഹർജികൾ പരിഗണിക്കവെയാണ്‌ സുപ്രധാന നിരീക്ഷണം.

• വിനോദസഞ്ചാരികൾക്കായി സർക്കാർ സബ്സിഡിയിൽ വീട്ടുമുറ്റത്തും കാരവൻ പാർക്കുകൾ ഒരുക്കാം. വീടുകളോട് ചേർന്നും തോട്ടങ്ങളിലും കാരവൻ പാർക്കുകൾ നി‌ർമിക്കാൻ ടൂറിസം വകുപ്പ് അനുമതി ലഭിക്കും.

• ഡൽഹിയിൽ പടക്ക വിൽപ്പന അനുവദിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി. നഗരത്തിൽ ആവശ്യത്തിന് മലിനീകരണം ഉള്ളപ്പോൾ പടക്ക വിൽപ്പന അനുവദിക്കുകയില്ലെന്ന്‌ ഹൈക്കോടതി പറഞ്ഞു.

• അപമര്യാദയായി പെരുമാറിയെന്ന നടിയുടെ പരാതിയില്‍ നടനും എംഎല്‍എയുമായ എം മുകേഷ് അറസ്റ്റിൽ.

• ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കൂടുതല്‍ വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 21 ഒക്റ്റോബർ 2024 - #NewsHeadlinesToday

• ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എഴായി.  നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗന്ദർബാൽ ജില്ലയിൽ ഗഗൻഗിറിലെ തുരങ്ക നിർമ്മാണ സൈറ്റിലാണ് വെടിവയ്പ്പുണ്ടായത്.

• സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്.

• വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മേഘാലയ സർക്കാർ 1.37 കോടി രൂപ നൽകി.

• തുടരെയുള്ള ബോംബ് ഭീഷണിയിൽ വലഞ്ഞ് വ്യോമ ​ഗതാ​ഗതം. കഴിഞ്ഞ ദിവസങ്ങളിലായി ഭീഷണി ലഭിച്ച വിമാനങ്ങളിൽ 46 വിമാനങ്ങൾക്കും ഭീഷണി സന്ദേശമെത്തിയത് ഒരേ എക്സ് അക്കൗണ്ടിൽ നിന്നാണെന്നാണ് വിവരം.

• ട്വന്റി20 വനിതാ ക്രിക്കറ്റ്‌ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ 32 റണ്ണിന്‌ തോൽപ്പിച്ച്‌ ന്യൂസിലൻഡ്‌ കന്നിക്കിരീടം ചൂടി. പൊരുതിക്കളിച്ച ദക്ഷിണാഫ്രിക്കയുടെ ആദ്യ ഫൈനലായിരുന്നു ഇത്‌.

• പൂരത്തിലെ പ്രധാന ആകർഷണമായ വെടിക്കെട്ട്‌  അസാധ്യമാക്കുന്ന വിധത്തിൽ നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ.

• മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു. 72 വയസായിരുന്നു. രാത്രി 8.30ഓടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

• ഇറാനില്‍ പ്രത്യാക്രമണം നടത്താന്‍ ഇസ്രയേല്‍ തയ്യാറെടുക്കുന്നതിനിടെ ഇതുസംബന്ധിച്ചുള്ള യുഎസ് ഇന്റലിജന്‍സിന്റെ രഹസ്യരേഖകള്‍ ചോര്‍ന്നു. രേഖകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് യു.എസ്. അന്വേഷണം ആരംഭിച്ചു.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 20 ഒക്റ്റോബർ 2024 - #NewsHeadlinesToday

• സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിിരുവനന്തപുരം ഇടുക്കി ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്.

• നടൻ സിദ്ദിഖിനെതിരായ റിപ്പോർട്ട് സുപ്രീംകോടതിയിൽ ഫയൽ ചെയ്ത് കേരളം. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

• സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയില്‍ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

• ദില്ലിയില്‍ വീണ്ടും കനത്ത വായു മലിനീകരണം. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് വീണ്ടും വളരെ താഴ്ന്ന നിലയിലേക്ക് പോയി. ഇതേതുടര്‍ന്ന് ജനങ്ങള്‍ക്ക് ശ്വാസംമുട്ടലടക്കമുള്ള ബുദ്ധിമുട്ടുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

• എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂ വകുപ്പ്. ലാൻഡ് റവന്യൂ ജോ കമ്മീഷണർ എ ഗീതയ്ക്കാണ് അന്വേഷണ ചുമതല.

• മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ  നൂറ്റിയൊന്നിന്റെ നിറവിൽ. ഞായറാഴ്‌ച 102–ാം വയസ്സിലേക്ക്‌ പ്രവേശിക്കുകയാണ്‌ അദ്ദേഹം. തിരുവനന്തപുരത്ത്‌ വേലിക്കകത്ത് വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണ് വി എസ് ഇപ്പോൾ.

• തിരുവനന്തപുരം– കണ്ണൂർ ജനശതാബ്ദി എക്‌സ്‌പ്രസിലെ എൽഎച്ച്‌ബി കോച്ചുകൾ ദീർഘദൂരയാത്രയ്ക്ക്‌ അനുയോജ്യമല്ലെന്ന്‌ യാത്രക്കാർ. ഇരിപ്പിടങ്ങളുടെ സ്ഥാനം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് ആക്ഷേപം.

• വ്യാജ ബോംബ് ഭീഷണി ആഭ്യന്തര, അന്താരാഷ്ട്ര വിമാനസർവീസുകളെ താളം തെറ്റിക്കുന്നു. തിങ്കളാഴ്ച മുതൽ ഇതുവരെ അമ്പതോളം വിമാനത്തിനാണ് ഭീഷണിയുണ്ടായത്.

• കലിക്കറ്റ് സർവകലാശാലാ പൂർവവിദ്യാർഥിനിയുടെ ഇന്റേണൽ മാർക്ക് റദ്ദാക്കിയ ​ചാൻസലർകൂടിയായ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്ക് തിരിച്ചടി. ഇന്റേണൽ മാർക്ക് റദ്ദാക്കിയ ചാൻസലറുടെ നടപടി ഹൈക്കോടതി സ്റ്റേചെയ്തു.

• സംസ്ഥാനത്ത്‌ പുനർവിഭജിച്ച പകുതിയോളം വാർഡുകളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കി. ഡീലിമിറ്റേഷൻ കമീഷൻ വിളിച്ചുചേർത്ത യോഗത്തിൽ കലക്ടർമാരാണ്‌ ഇക്കാര്യം അറിയിച്ചത്‌.

• എന്റെ ഭൂമി സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനം’ യാഥാ‍ര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ ഭൂരേഖ വിവരങ്ങള്‍ ഇനി വിരല്‍തുമ്പില്‍ ലഭിക്കും. റവന്യു, രജിസ്ട്രേഷന്‍ സര്‍വേ വകുപ്പുകള്‍ സംയുക്തമായാണ് ഈ സംവിധാനം നടപ്പാക്കുന്നത്.

• ഷോളയാർ ഡാമിൽ ജലനിരപ്പ് 2662.10 അടിയായതിനെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഞായർ രാവിലെ 6നും വൈകിട്ട് 6നും ഇടയിൽ ആവശ്യമായ മുന്നറിയിപ്പോടെ ഡാം തുറന്നു ഘട്ടം ഘട്ടമായി 100 ക്യുമെക്‌സ് ജലം പൊരിങ്ങൽക്കുത്ത് ഡാമിലൂടെ ചാലക്കുടി പുഴയിലേക്ക് ഒഴുക്കും.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 19 ഒക്റ്റോബർ 2024 - #NewsHeadlinesToday

• കണ്ണൂർ സ്പോർട്സ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. 50 – ൽ അധികം കുട്ടികൾ ഇതിനോടകം ആശുപത്രിയിൽ ചികിത്സ തേടി.

• വടക്കാഞ്ചേരി - മണ്ണൂത്തി ദേശീയ പാതയിൽ നീലീപ്പാറ ക്വാറിക്ക് സമീപം അമിതവേഗതയിലെത്തിയ  ട്വന്റി ഫോര്‍ വാര്‍ത്താ സംഘത്തിന്റെ കാറിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു.

• കാസർകോട്–തിരുവനന്തപുരം ദേശീയപാത 66ന്റെ  പ്രവൃത്തികൾ പകുതിയിലേറെ പൂർത്തിയായി. 701.451 കിലോമീറ്ററിൽ 360 കിലോമീറ്ററാണ്‌ പൂർത്തിയായത്‌. 16 റീച്ചിലായി 2025 അവസാനത്തോടെ പദ്ധതി പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം.

• സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം ഇരിട്ടിയിലധികം വർധിച്ചതായി സിഎജി റിപ്പോർട്ട്‌. 2023 സെപ്‌തംബർവരെയുള്ള കണക്കനുസരിച്ച്‌ ലാഭമുണ്ടാക്കിയ 58 പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം ലാഭം 1,368.72 കോടി രൂപ.

• മുണ്ടക്കൈ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കേരളത്തിന് പ്രത്യേക ധനസഹായം അനുവദിക്കുന്നത്‌ പരിഗണനയിലാണെന്ന നിലപാട്‌ കേന്ദ്രസർക്കാർ ഹൈക്കോടതിയിലും ആവർത്തിച്ചു. സംസ്ഥാനം വിശദമായ മെമ്മോറാണ്ടം നൽകുന്നതിന്റെ അടിസ്ഥാനത്തിൽ ഇത്‌ പരിഗണിക്കുമെന്നും കോടതിയിൽ പറഞ്ഞു.

• ശൈശവവിവാഹങ്ങൾ തടയാൻ കർശന മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീംകോടതി. ശൈശവവിവാഹം വ്യക്തികളുടെ പരമാധികാരത്തിന്റെയും സ്വതന്ത്രമായ തെരഞ്ഞെടുപ്പിനുള്ള അവകാശത്തിന്റെയും ലംഘനമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

• ദൂരദര്‍ശന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റേയും ഹിന്ദി ദിനാചരണത്തിന്റേയും ഭാഗമായി തമിഴ് നാടിന്റെ ഔദ്യോഗിക ഗാനം ആലപിച്ചതില്‍ ദ്രാവിഡ എന്ന വാക്ക് ഒഴിവാക്കിയതിനെതിരെ വിമര്‍ശനവുമായി കമല്‍ഹാസൻ.

• നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ 56 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. നടപടി നേരിട്ടവയില്‍ മുഖ്യ പങ്കും കേരളത്തിലാണ്.  ഹവാല ഇടപാടിലൂടെ വന്ന പണം രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്നതായി അന്വേഷണ ഏജന്‍സി പറയുന്നു.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 18 ഒക്റ്റോബർ 2024 - #NewsHeadlinesToday

• സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പില്ലെങ്കിലും ചില ജില്ലകളില്‍ നേരിയ രീതിയിലുള്ള മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒക്ടോബര്‍ 21 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.

• എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി പി ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കി.

• ശബരിമല തീർഥാടകർക്കും ജീവനക്കാർക്കും അഞ്ചുലക്ഷം രൂപ  അപകട ഇൻഷുറൻസ്‌ ഏർപ്പെടുത്തി ദേവസ്വംബോർഡ്‌. വെർച്വൽ ക്യൂ സംവിധാനംവഴി ബുക്ക്‌ ചെയ്യുന്ന തീർഥാടകർക്കും സ്ഥിരം, താൽക്കാലിക ജീവനക്കാർക്കുമാണ്‌ ഇൻഷുറൻസ്‌ പരിരക്ഷ ലഭിക്കുക.

• പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ടോടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്ക് അറസ്റ്റ് വാറണ്ട്. നവംബർ 18നകം അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് ഉത്തരവ്.

• ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍ നയത്തില്‍ മാറ്റം വരുത്തി റെയില്‍വേ. ട്രെയിന്‍ യാത്രകളിലെ റിസര്‍വേഷന്‍ 120 ദിവസം എന്നത് മാറ്റി 60 ദിവസം മുമ്പ് മാത്രമാക്കി പരിമിതപ്പെടുത്തിയാണ് റെയില്‍വേ പുതിയ നയം നടപ്പാക്കിയത്.

• ബിഹാറില്‍ വിഷമദ്യം കുടിച്ച് 20 പേര്‍ മരിച്ചു. സംസ്ഥാനത്തെ സിവാന്‍, സരണ്‍ ജില്ലകളിലാണ് സംഭവം. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

• ബംഗ്ലാദേശിൽനിന്ന്‌ അസമിൽ കുടിയേറിയവർക്ക്‌ പൗരത്വം അനുവദിക്കാൻ പൗരത്വ നിയമത്തിൽ കൂട്ടിച്ചേർത്ത ആറ് എ വകുപ്പിന്റെ  ഭരണഘടനാസാധുത ശരിവച്ച് സുപ്രീംകോടതി.

• ലോകത്ത്‌ അതിദരിദ്രർ ഏറ്റവും കൂടുതലുള്ളത്‌ ഇന്ത്യയിലാണെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന റിപ്പോർട്‌. 112 രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ ലോകത്താകെ 100 കോടിയിലേറെ പേർ അതിദരിദ്രാവസ്ഥയിലാണെന്ന്‌ യുഎൻ ഡവലപ്‌മെന്റ്‌ പ്രോഗ്രാം റിപ്പോർട് വ്യക്തമാക്കുന്നു.

• രക്തധമനികളെ സാരമായി ബാധിക്കുന്ന അയോർട്ടിക് അന്യൂറിസത്തിനുള്ള എൻഡോ വാസ്ക്കുലർ അയോർട്ടിക് റിപ്പയർ (ഇവിഎആർ) ചികിത്സയിലൂടെ  100 പേർക്ക് സാന്ത്വനമേകി   കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 17 ഒക്റ്റോബർ 2024 - #NewsHeadlinesToday

• നീതിദേവതയുടെ കണ്ണുകള്‍ ഇനി മൂടിവെയ്ക്കില്ല. ചരിത്രപരമായ തീരുമാനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്. മാത്രമല്ല കൈകളിലുണ്ടായിരുന്ന വാളുകളും മാറ്റിയിട്ടുണ്ട്.

• സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശൂർ മുതൽ കാസറഗോഡ് വരെയുള്ള ജില്ലകളിൽ.യെല്ലോ അലർട്ട്.

• വിരമിച്ചവരെ റെയിൽവേയിൽ ഒഴിവുള്ള തസ്തികകളിൽ നിയമിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ആവശ്യമായ നിയമനം കരാർ അടിസ്ഥാനത്തിൽ നടത്താൻ സോൺ ജനറൽ മാനേജർമാർക്ക്‌ റെയിൽവേ ബോർഡ്‌  കത്തയച്ചു. ഇതോടെ പുതിയ നിയമനങ്ങൾ ഇല്ലാതാകും.

• ജമ്മു കശ്മീരില്‍ ഒമര്‍ അബ്ദുളള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശ്രീനഗറില്‍ ഇന്ത്യാ സഖ്യ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രൗഢഗംഭീരമായ ചടങ്ങുകള്‍.

• ദില്ലിയിലെ വായു മലിനീകരണത്തില്‍ ഹരിയാന, പഞ്ചാബ് സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. വയലുകള്‍ കത്തിക്കുന്നവര്‍ക്കെതിരെ എന്തുകൊണ്ട് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ഇരു സംസ്ഥാനങ്ങളോടും അന്വേഷിച്ചു..

• വാഹനത്തിന് വിൽപ്പനാനന്തര സേവനം നൽകിയില്ലെന്ന പരാതിയിൽ ബൈക്ക് നിർമാതാക്കൾക്കും ഡീലർക്കും 5.39 ലക്ഷം രൂപ പിഴ വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

• സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി 4 മുതല്‍ 8 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. 4ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും.

• മഹാരാജാസ് കോളേജിന് ഓട്ടോണമസ് പദവി നഷ്ടമായെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കോളേജ് പ്രിൻസിപ്പൽ. പദവി നീട്ടി നൽകണമെന്ന് 2019 –ൽ തന്നെ അപേക്ഷിച്ചതാണെന്നും വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിച്ച് ആശങ്കപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രിൻസിപ്പൽ പറഞ്ഞു.

• വിഷവാതകം ശ്വസിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം. ഗുജറാത്തിലാണ് സംഭവം. കച്ചിയിലെ ഇമാമി അഗ്രോടെക് കമ്പനിയിലാണ് അപകടമുണ്ടായത്.

• ശബരിമല മണ്ഡലകാലത്തേക്കുള്ള വെര്‍ച്വല്‍ ബുക്കിംഗ് ആരംഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്‌.

• മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് തിരിച്ചടി. സെഷന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സുരേന്ദ്രന്റെ പേര് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയാണ് സ്റ്റേ ചെയ്തത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 16 ഒക്റ്റോബർ 2024 - #NewsHeadlinesToday

• തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.

• നടന്‍ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് കടന്നുകളഞ്ഞ കേസിലാണ് നടപടി. റോഡ് സുരക്ഷാ ക്ലാസിലും പങ്കെടുക്കണം.

• വയനാട് ലോക്സഭാ, പാലക്കാട്, ചേലക്കര ഉപ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്നിടത്തെയും വോട്ടെടുപ്പ് നവംബർ 13ന് നടക്കും. നവംബർ 23ന് ആയിരിക്കും വോട്ടെണ്ണൽ.

• മഹാരാഷ്ട്ര-ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ ഒറ്റഘട്ടമായും ജാർഖണ്ഡിൽ രണ്ടു ഘട്ടമായിട്ടുമായിരിക്കും തെരഞ്ഞെടുപ്പ്.

• കണ്ണൂര്‍ മുന്‍ എഡിഎം മരണത്തില്‍ ജില്ലാ കളക്ടറോട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി കെ രാജന്‍.

• രജിസ്ട്രേഷൻവകുപ്പിൽ എല്ലാ മൂല്യങ്ങൾക്കുമുള്ള മുദ്രപ്പത്രങ്ങൾ ഇ-സ്റ്റാമ്പിങ്ങിലൂടെ ലഭ്യമായിത്തുടങ്ങി. ഈ സംവിധാനമേർപ്പെടുത്തിയ ആദ്യ സംസ്ഥാനമാണ്‌ കേരളം. ഏത് മൂല്യത്തിലുള്ളതും ലഭ്യമാകുമെന്നതിനാൽ മുദ്രപ്പത്ര ക്ഷാമമെന്ന പരാതിയുണ്ടാകില്ല.

• ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താതെ ശബരിമലയിൽ എത്തുന്ന തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരത്തിൽ ദര്‍ശനം ഉറപ്പുവരുത്തിയിരുന്നുവെന്നും  മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

• മനുഷ്യനെ ചന്ദ്രനിലെത്തിച്ച ഏകരാജ്യമെന്ന യു.എസിന്റെ കുത്തക തകർക്കാൻ ലക്ഷ്യമിട്ട് ചൈനയും. അതിനുള്ള ബൃഹദ്പദ്ധതി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്നതിനൊപ്പം ബഹിരാകാശനിലയത്തിനു സമാനമായി ‘ചാന്ദ്രനിലയം’ നിർമിക്കുകയാണ് പ്രധാനലക്ഷ്യം.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 15 ഒക്റ്റോബർ 2024 - #NewsHeadlinesToday

• സംസ്ഥാനത്ത് രണ്ടു ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മലപ്പുറം കണ്ണൂര്‍ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്.

• മുണ്ടക്കൈ പുനരധിവാസത്തിന്‌ കേരളത്തിന്‌ ലഭിക്കേണ്ട അടിയന്തര സാമ്പത്തിക സഹായം ഉടൻ നൽകണമെന്നും ദുരിതബാധിതരുടെ വായ്പ പൂർണമായും എഴുതിത്തള്ളണമെന്നും കേരള നിയമസഭ ഏകകണ്‌ഠമായി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

• ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യന്‍ ഹൈക്കമീഷണറെയും പ്രതിയാക്കാനുള്ള കാനഡ സര്‍ക്കാരിന്റെ നീക്കത്തില്‍ കടുത്ത നടപടിയുമായി ഇന്ത്യ.

• യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂന്നു അക്കാദമിക് വിദഗ്ധര്‍ക്ക് ഈ വര്‍ഷത്തെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം. ദാരന്‍ അകെമോഗ്ലു, സൈമണ്‍ ജോണ്‍സണ്‍, ജെയിംസ് റോബിന്‍സണ്‍ എന്നിവര്‍ക്കാണ് നൊബേല്‍ ലഭിച്ചത്.

• 2024ലെ ആഗോള പട്ടിണി സൂചികയിൽ അയൽരാജ്യങ്ങളായ ശ്രീലങ്കയ്‌ക്കും(56) നേപ്പാളിനും(68)  ബംഗ്ലാദേശിനും(84) പിന്നിലായി 105-ാം സ്ഥാനത്ത് ഇന്ത്യ.

• പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വാങ്ങാതെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

• സംസ്ഥാന ജലപാതയുടെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഉള്‍പ്പെടെ നടക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

• വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രമായ കുറുവ ദ്വീപ്‌ ചൊവ്വാഴ്‌ച തുറക്കും. എട്ടുമാസമായി അടച്ചിട്ടിരുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ ഹൈക്കോടതി നൽകിയ അനുമതിയുടെ അടിസ്ഥാനത്തിലാണ്‌ കുറുവയിൽ സഞ്ചാരികൾക്ക്‌ പ്രവേശനം നൽകുന്നത്‌.

• ജമ്മു-കശ്‌മീരിൽ നാഷണൽ കോൺഫറൻസ്‌ നേതാവ്‌ ഒമർ അബ്‌ദുള്ളയുടെ നേതൃത്വത്തിലുള്ള സർക്കാർ ഒക്‌ടോബർ 16ന്‌ സത്യപ്രതിജ്ഞ ചെയ്യും. സർക്കാർ രൂപീകരിക്കാൻ ഒമർ അബ്ദുള്ളയ്ക്ക് ഗവർണർ മനോജ് സിൻഹ കത്ത് നൽകി.

• തൃശൂർ പൂരത്തിനിടയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങി. തൃശ്ശൂർ സിറ്റി പൊലീസാണ് സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആരംഭിച്ചത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 14 ഒക്റ്റോബർ 2024 - #NewsHeadlinesToday

• സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും വരുന്ന അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്.

• നടന്‍ ബാല അറസ്റ്റില്‍. മുന്‍ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതാണ് പരാതി.

• ശബരിമലയിൽ വരുന്ന തീർത്ഥാടകർക്ക് തിരിച്ചു പോകേണ്ടി വരില്ലെന്ന് മന്ത്രി വിഎൻ വാസവൻ. സ്പോട്ട് ബുക്കിങ്ങിന് പകരം ക്രമീകരണം ഏർപ്പെടുത്തും. ഇടത്താവളങ്ങളിൽ അക്ഷയ സെന്ററുകളുടെ സഹായത്തോടെ ബുക്കിംഗ് സൗകര്യം ഒരുക്കും.

• ഹരിപ്പാട് വലിയഴീക്കൽ ഹാർബർ ഡ്രഡ്ജിങ്ങിന് 5.53 കോടി രൂപ അനുവദിച്ചതായി മന്ത്രി സജി ചെറിയാൻ. നാലുമാസത്തിനുള്ളിൽ ഇടമുട്ട് നിർമാണം പൂർത്തിയാക്കുമെന്നും മന്ത്രിപറഞ്ഞു.

• എല്ലാവർക്കും അടച്ചുറപ്പുള്ള വീടെന്ന ലക്ഷ്യത്തിനായുള്ള കേരള സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ലൈഫിൽ ഇതുവരെ ചെലവഴിച്ചത്‌ 18,072.95 കോടി രൂപയെന്ന് റിപ്പോർട്ട്.

• പ്രശസ്‌ത ഗായിക മച്ചാട്ട്‌ വാസന്തി അന്തരിച്ചു. കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്‌ ചികിത്സയിലായിരുന്നു.

• മൂന്നു ദിവസത്തിനുള്ളിൽ കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തുലാവർഷം ആരംഭിക്കാൻ സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. നാല്‌ ദിവസത്തിനുള്ളിൽ കാലവർഷം രാജ്യത്തുനിന്ന്‌ പൂർണമായി വിടവാങ്ങും. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം വരുംദിവസം ശക്തിപ്രാപിക്കും.

• കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരിൽ ആ​ദ്യ സര്‍ക്കാരിന് അധികാരമേറാൻ വഴിയൊരുക്കി രാഷ്‌ട്രപതി ഭരണം പിൻവലിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മു വിജ്ഞാപനത്തിൽ ഒപ്പിട്ടു.

• മദ്രസകൾക്കും  മദ്രസാബോർഡുകൾക്കുമുള്ള സർക്കാർ ധനസഹായം അവസാനിപ്പിക്കണമെന്നും മദ്രസാബോർഡുകൾ അടച്ചുപൂട്ടണമെന്നും ദേശീയ ബാലാവകാശ കമീഷന്‍. സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കമീഷൻ ചെയർപേഴ്‌സൺ പ്രിയങ്ക് കാനൂംഗോ അയച്ച കത്തിലാണ് ആവശ്യം.

• ചരിത്ര നേട്ടവുമായി ഇലോൺ മസ്‌കിന്റെ ഉടമസ്ഥതിയിലുള്ള സ്‌പേസ്‌ എക്‌സ്‌. സറ്റാർഷിപ്പ്‌ റോക്കറ്റ്‌ വിക്ഷേപിച്ച്‌ നിമിഷങ്ങൾക്കകം അതിന്റെ ബൂസ്റ്റർ ഭാഗം അതേ ലോഞ്ച്‌ പാഡിൽ തന്നെ തിരിച്ചിറക്കിയാണ്‌ സ്‌പേസ്‌ എക്‌സ്‌ ചരിത്രം സൃഷ്‌ടിച്ചിരിക്കുന്നത്‌. ബഹിരാകാശ ലോകത്തെ്‌ ആദ്യമായാണ്‌ ലോഞ്ച്‌ പാഡിലേക്ക്‌ റോക്കറ്റ്‌ തിരിച്ചിറക്കുന്നത്‌.

• നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്.

• ഗുജറാത്തില്‍ വന്‍ ലഹരി വേട്ട. അന്‍കലേശ്വരില്‍ 5000 കോടി വില വരുന്ന 518 കിലോ കൊകെയ്ന്‍ പിടികൂടി. ദില്ലി പോലീസും ഗുജറാത്ത് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ലഹരി വസ്തു പിടികൂടിയത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 13 ഒക്റ്റോബർ 2024 - #NewsHeadlinesToday

• ഇന്ന് വിജയദശമി, ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ ചുവടുവയ്ക്കുന്ന വിദ്യാരംഭം ഇന്നാണ്.

• മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബ സിദ്ദിഖിയെ ഒരു സംഘം വെടിവെച്ച് കൊന്നു. മുംബൈയിലെ ബാന്ദ്രയിലായിരുന്നു സംഭവം.

• അധ്യാപകനും മനുഷ്യാവകാശ പ്രവർത്തകനുമായ ജി എൻ സായിബാബ അന്തരിച്ചു. ഡൽഹി സർവകലാശാല മുൻ അധ്യാപകനായിരുന്ന അദ്ദേഹത്തെ യുഎപിഎ ചുമത്തി തടവിലിട്ടിരുന്നു.

• ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി ട്വന്റി പരമ്പരയിലെ മൂന്ന് മാച്ചുകളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി.

• ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ മികച്ച പ്രകടനവുമായി സഞ്ജു.  40 പന്തുകളില്‍നിന്ന് സഞ്ജു ട്വന്റി20 രാജ്യാന്തര കരിയറിലെ ആദ്യ സെഞ്ച്വറി കുറിച്ചു.

• കേന്ദ്ര തീരദേശ ജല ഗുണനിലവാര സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്ത്. മൂന്ന് വ്യത്യസ്ത തീരപ്രദേശങ്ങളില്‍ നിന്നെടുത്ത ജലസാംപിളുകള്‍ ശേഖരിച്ച് നടത്തിയ പഠനത്തിലാണ് ശുചിത്വത്തില്‍ കേരളം മികച്ചതാണെന്നു കണ്ടെത്തിയത്.

• ഇന്ത്യൻ രൂപയുടെ മൂല്യം അമേരിക്കൻ ഡോളറുമായുള്ള വിനിമയത്തിൽ ചരിത്രത്തിലെ ഏറ്റവും താഴ്‌ന്ന നിലവാരത്തിൽ. ഇന്റർബാങ്ക് ഫോറെക്‌സ് വിപണിയിൽ 83.96 നിരക്കിലാണ് രൂപ വ്യാപാരം ആരംഭിച്ചത്.

• ലോകത്തില്‍ എട്ടില്‍ ഒന്ന് സ്ത്രീകള്‍ 18 വയസിന് മുന്‍പ് ബലാത്സംഗത്തിനോ ലൈംഗികാതിക്രമത്തിനോ ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കി യൂണിസെഫ് റിപ്പോര്‍ട്ട്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 12 ഒക്റ്റോബർ 2024 - #NewsHeadlinesToday

• പീഡനക്കേസിൽ നടൻ സിദ്ദീഖ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും. തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിലെ സിറ്റി കണ്ട്രോൾ റൂമിലാണ് ഹാജരാവുക.

• സംസ്ഥാനത്ത് ഇന്നും മഴ തുടരും. തെക്കൻ- മധ്യ കേരളത്തിൽ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ട്.

• സംസ്ഥാന  ഭവന നിർമാണ ബോർഡിന്റെ ഗൃഹശ്രീ പദ്ധതി വഴി  ഈ വർഷം  450 വീടുകൾ ഉയരും.  സർക്കാരിന്റെ  നാലാം വാർഷികത്തിന്റെ ഭാഗമായി നൂറുദിന കർമപദ്ധതിയിൽ  ദുർബല വിഭാഗക്കാർക്ക്‌ വീട്‌ നിർമിക്കാൻ  സബ്‌സിഡി അനുവദിക്കും.

• തമിഴ്നാട് തിരുവള്ളൂർ കവരപേട്ട റെയിൽവെ സ്റ്റേഷന് സമീപം നിർത്തിയിട്ട ചരക്കുട്രെയിനിൽ മൈസൂരു-ദർഭം​ഗ ബാ​ഗ്മതി എക്സ്പ്രസ് (12578) ഇടിച്ചുകയറി. ബാ​ഗ്മതി എക്സ്പ്രസിന്റെ 13 കോച്ച് പാളം തെറ്റി.

• സാങ്കേതിക തകരാറിനെ തുടര്‍ന്ന് മൂന്നു മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്ന എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി തിരുച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കി.

• പ്രസിഡന്റ്‌ പി ടി ഉഷയും 12 അംഗ ഭരണസമിതിയും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ  ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷനുള്ള ധനസഹായം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നിര്‍ത്തി വച്ചു.

• പൂജ തിരക്കിനെ തുടര്‍ന്ന് മംഗളൂരു-കൊല്ലം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. മംഗളൂരു ജങ്ഷന്‍--കൊല്ലം പ്രതിവാര സ്പെഷ്യല്‍ (06047) തിങ്കള്‍ രാത്രി 11 ന് മംഗളൂരു ജങ്ഷനില്‍നിന്ന് പുറപ്പെടും.

•   2024 ലെ  സമാധാനത്തിനുള്ള നൊബേല്‍ ജാപ്പനീസ് സംഘടനയായ നിഹോണ്‍ ഹിഡാന്‍ക്യോയ്ക്ക്. ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളിലെ അണുബോംബ് സ്ഫോടനം അതിജീവിച്ചവരുടെ സന്നദ്ധ സംഘടനയാണ്‌ നിഹോണ്‍ ഹിഡാന്‍ക്യോ.

• ഒമര്‍ അബ്ദുള്ള ജമ്മുകശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. സത്യ പ്രതിജ്ഞ ബുധനാഴ്ച്ചക്ക് മുന്‍പെന്നു സൂചന.

• കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ലോകത്തെ വന്യജീവിസമ്പത്ത് 73 ശതമാനത്തിലേക്ക് ചുരുങ്ങിയതായി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ (WWF) റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0