February 2025 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
February 2025 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 28 ഫെബ്രുവരി 2025 - #NewsHeadlinesToday

• വയനാട് പുനരധിവാസം വേഗത്തിലാക്കാൻ സംസ്ഥാന സര്ക്കാർ. വയനാട് മുണ്ടകൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഒരു വീടിന് 20ലക്ഷം രൂപ നിശ്ചയിച്ചു.

• വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. പാങ്ങോട് പൊലീസ് മെഡിക്കല്‍ കോളേജില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

• വേനൽച്ചൂടിനൊപ്പം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും കുതിക്കുന്നു. ഫെബ്രുവരിയിൽ വൈദ്യുതി ആവശ്യം ശരാശരി 89.5 ദശലക്ഷം യൂണിറ്റിലെത്തി.

• കേരള ഫുട്‌ബോൾ അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായി ഷാജി സി കുര്യനെ നിയമിച്ചു. പി അനിൽകുമാറിന്‌ പകരമാണ്‌ ഷാജി ചുമതലയേൽക്കുന്നത്‌.

• രാജ്യത്തെ 140 കോടി ജനങ്ങളില്‍ 100 കോടിപ്പേര്‍ക്കും വിവേചനാധികാരത്തോടെ ചെലവഴിക്കാനുള്ള വരുമാനമില്ല. 10 ശതമാനം വരുന്ന സമ്പന്നര്‍ക്ക് മാത്രമേ ആവശ്യാനുസരണം വരുമാനം ചെലവഴിക്കാന്‍ സാധിക്കുന്നുള്ളുവെന്ന് വെഞ്ച്വര്‍ കാപ്പിറ്റല്‍ കമ്പനിയായ ബ്ലൂം വെഞ്ചേഴ്സ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

• ഹണി ബഞ്ചമിനെ കൊല്ലം കോർപ്പറേഷൻ മേയറായി തെരഞ്ഞെടുത്തു. ഡെപ്യൂട്ടി മേയറായി എസ് ജയനും തെരഞ്ഞെടുക്കപ്പെട്ടു.

• മൂന്നുമാസത്തെയും കുടിശികയും ഇൻസെന്റീവും ഉൾപ്പടെ ആശാ വർക്കേഴ്സിന് ജനുവരിയിലെ ഓണറേറിയം അനുവദിച്ചു.

• എസ്എസ്എൽസി, പ്ലസ് ടു തലങ്ങളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് പിഎസ്‌സി വഴിയുള്ള യൂണിഫോം സർവീസുകളിലെ നിയമനത്തിന് വെയിറ്റേജ് അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 27 ഫെബ്രുവരി 2025 - #NewsHeadlinesToday

• 2024ല്‍ ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാമത്. സൈനിക നിയന്ത്രണത്തിലുള്ള മ്യാന്‍മാറാണ്  പട്ടികയില്‍ ഒന്നാമത്.

• വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് പിന്നില്‍ സാമ്പത്തിക പ്രതിസന്ധി. വെഞ്ഞാറമൂട് കൂട്ട കൊലപാതകം സാമ്പത്തിക പ്രതിസന്ധിയെന്ന നിഗമനത്തിലാണ് പൊലീസ്.

• അമേരിക്കൻ സരോദ്‌ വാദകൻ കെൻ സുക്കർമാൻ അന്തരിച്ചു. ബുധൻ പുലർച്ചെ 3.30ന്‌ സ്വിറ്റ്‌സർലൻഡിലെ ബാസലിലായിരുന്നു അന്ത്യം.

• ലയണൽ മെസിക്ക്‌ പിഴയിട്ട്‌ അമേരിക്കൻ മേജർ ലീഗ്‌ സോക്കർ. എതിർ സഹപരിശീലകനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനാണ്‌ ഇന്റർ മയാമി ക്യാപ്‌റ്റന്‌ പിഴ. അർജന്റീന മുന്നേറ്റക്കാരൻ അച്ചടക്കം ലംഘിച്ചതായി കണ്ടെത്തി.

• റെയിൽവേ റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ പരീക്ഷയോടനുബന്ധിച്ച്‌ ഏതാനും ട്രെയിനുകൾക്ക്‌ അധിക കോച്ച്‌ അനുവദിച്ചു.

• ഇസ്രയേൽ സൈന്യത്തിന്‌ നിർമിത ബുദ്ധി, ക്ലൗഡ്‌ സേവനങ്ങൾ ലഭ്യമാക്കുന്നതിനെതിരെ മൈക്രോസോഫ്റ്റ്‌ ജീവനക്കാരുടെ പ്രതിഷേധം ശക്തമായി തുടരുന്നു.

• പത്തനംതിട്ട കൂടലിൽ 13 വയസ്സുകാരന് പിതാവിന്റെ ക്രൂരമർദ്ദനം . പിതാവ് ലഹരിക്ക് അടിമയെന്ന് സൂചന. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം സി ഡബ്ല്യൂ സി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.

• ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ മഹാകുംഭമേളയിലെ ശിവരാത്രി സ്‌നാനത്തിനായി വന്‍ ജന പ്രവാഹം. ത്രിവേണീ സംഗമത്തിലെ ശിവരാത്രി സ്‌നാനത്തോടെ തീര്‍ത്ഥടക സംഗമം ഇന്ന് സമാപിക്കും. ഇതുവരെ 64 കോടിയിലേറെ തീര്‍ത്ഥടകര്‍ മഹാകുംഭ മേളയില്‍ പങ്കെടുത്തു എന്നാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ കണക്ക്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 26 ഫെബ്രുവരി 2025 - #NewsHeadlinesToday

• വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ പ്രതി അഫാന്‍ ലഹരി ഉപയോഗിച്ചതിന് തെളിവുകളുണ്ടെന്ന് പൊലീസ്. ഏത് തരം ലഹരിയാണ് പ്രതി ഉപയോഗിച്ചതെന്ന് പരിശോധനക്ക് ശേഷമേ വ്യക്തമാകൂ.

• ഒഡിഷയില്‍ പുരിക്ക് സമീപം ചൊവ്വാഴ്ച രാവി 6.10ഓടെ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ബംഗാള്‍ ഉള്‍ക്കടലില്‍ 91 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അധികൃതര്‍ അറിയിച്ചു.

• സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോൺ കണക്‌ഷനായി ബിപിഎൽ കുടുംബങ്ങൾക്ക്‌ ഓൺലൈനായി അപേക്ഷിക്കാൻ സൗകര്യമൊരുക്കും.

• സിഖ് വിരുദ്ധകലാപത്തിനിടെ സരസ്വതി വിഹാറില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ കോണ്‍ഗ്രസ് എംപികൂടിയായ സജ്ജന്‍ കുമാറിന് ജീവപര്യന്തം ശിക്ഷ.

• ചാനല്‍ചര്‍ച്ചയില്‍ മത വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ റിമാന്‍റിലായതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പി സി ജോര്‍ജ്ജ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുന്നു.

• സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ഒറ്റപെട്ട സ്ഥലങ്ങളിലാണ് ഇന്ന് ഉഷ്ണ തരംഗ മുന്നറിയിപ്പ്.

• ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് (ഐഐടി മദ്രാസ്) റെയിൽവേ മന്ത്രാലയത്തിന്റെ സഹകരണത്തോടെ 422 മീറ്റർ നീളമുള്ള ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് നിർമ്മിച്ചു.

• പാതിവില തട്ടിപ്പ് കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് റിട്ട. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരെ പൊലീസ് ഒഴിവാക്കും. നിയമ നടപടിക്രമങ്ങള്‍ പാലിച്ച് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 25 ഫെബ്രുവരി 2025 - #NewsHeadlinesToday


• വെഞ്ഞാറമൂട്ടിൽ യുവാവ് അഞ്ചുപേരെ വെട്ടുക്കൊന്നു. സ്വന്തം കുടുംബാം​ഗങ്ങളെ ഉൾപ്പടെയാണ് യുവാവ് വെട്ടിക്കൊന്ന്. പേരുമല സ്വദേശി അഫാനാണ് ക്രൂര കൃത്യം ചെയ്തത്.

• മനുഷ്യ- വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു.

• മലയാള സിനിമാ നിര്‍മാതാക്കളില്‍ ഒരു വിഭാഗം ആഹ്വാനം ചെയ്ത സിനിമാ പണിമുടക്കിന് യാതൊരുവിധ പിന്തുണയും സംഘടനയുടെ ഭാഗത്ത് നിന്നുമുണ്ടാവില്ലെന്ന് താരസംഘടനയായ അമ്മ.

• ജില്ലാതല ആശുപത്രികളിൽ ആദ്യമായി ഫാറ്റി ലിവർ ക്ലിനിക്കുകൾ ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കരൾ രോഗങ്ങൾ പ്രത്യേകിച്ച് ഫാറ്റി ലിവർ രോഗം നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുക എന്നതാണ് ലക്ഷ്യം.

• മത വിദ്വേഷക പരാമര്‍ശ കേസില്‍ ബിജെപി നേതാവ് പി സി ജോര്‍ജ്ജിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോട്ടയം ഈരാറ്റുപേട്ട മജിസ്ട്രേറ്റാണ് റിമാന്‍ഡ് ചെയ്തത്.

• ആറളത്തുണ്ടായ അസാധാരണ സംഭവമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. അതുകൊണ്ട് ജനങ്ങളില്‍ നിന്ന് അസാധാരണ പ്രതീകരണമുണ്ടാകും. ആറളത്ത് സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കുകയും കര്‍മ്മപരിപാടികള്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി ശശീന്ദ്രന്‍.

• ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് എ യിലെ സെമി ചിത്രം തെളിഞ്ഞു. ഇന്ത്യയും ന്യൂസിലന്‍ഡും ഗ്രൂപ്പില്‍ നിന്ന് സെമി ടിക്കറ്റെടുത്തപ്പോള്‍ ബംഗ്ലാദേശും ആതിഥേയരായ പാകിസ്താനും പുറത്തായി.

• മൂല്യവർധിതമാക്കാൻ ഇറക്കുമതി നടത്തുന്ന കുരുമുളക്‌ ആറു മാസത്തിനകം റീ ഷിപ്പ്‌മെന്റ് നടത്താൻ ആവശ്യമായ മാറ്റങ്ങൾ ഇറക്കുമതിനയത്തിൽ വരുത്തുമെന്ന കേന്ദ്ര വാണിജ്യമന്ത്രിയുടെ വെളിപ്പെടുത്തൽ ദക്ഷിണേന്ത്യൻ കുരുമുളക്‌ ഉൽപാദകർക്ക്‌ ആശ്വാസം പകരുമെന്ന് റിപോർട്ട്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 24 ഫെബ്രുവരി 2025 - #NewsHeadlinesToday

• കണ്ണൂര്‍ ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഇന്നലെ വൈകുന്നേരം നാലോടെ പതിമൂന്നാം ബ്ലോക്ക് കരിക്കിൻ മുക്കിലാണ് സംഭവം.

• ചികിത്സയിൽക്കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് വത്തിക്കാൻ. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ വൃക്കകൾക്കും തകരാർ സംഭവിച്ചുവെന്നാണ് മെഡിക്കൽ റിപ്പോർട്ടിലുള്ളത്.

• ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് കിടിലൻ ജയം. പാക്കിസ്ഥാൻ ഉയർത്തിയ 242 എന്ന ലക്ഷ്യം കോലിയുടെ സെഞ്ച്വറി മികവിൽ നാല്  വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്.

• നിക്ഷേപക ഉച്ചകോടിയിൽ ലഭിച്ച താത്പര്യ പത്രങ്ങളുടെ തുടർ നടപടികൾക്കായി സർക്കാർ മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ചു. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പി രാജീവ്.

• സംസാരിക്കാത്തതിന്റെ പേരിലുണ്ടായ അക്രമങ്ങളെ തുടർന്ന് കർണാടക മഹാരാഷ്ട്ര ബസ് സർവീസ് താൽക്കാലികമായി നിർത്തിവച്ചു.

• ഭാഷാ പോരിൽ തമിഴ്നാട്ടിൽ പ്രതിഷേധം വ്യാപിക്കുന്നു. പാളയംകോട്ടെ റെയിൽവേ സ്റ്റേഷനിലും ഡിഎംകെയുടെ പ്രതിഷേധമുണ്ടായി. ഹിന്ദിയിലുള്ള നെയിംബർഡ് പ്രതിഷേർധക്കാർ മായ്ച്ചു.

• പാതിവിലത്തട്ടിപ്പിൽ റിമാൻഡിലുള്ള മുഖ്യപ്രതി അനന്തുകൃഷ്ണനെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്.

• കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നല്ല നേതാക്കളുടെ അഭാവമുണ്ടെന്നും ജനസമ്മതിയില്‍ താനാണ് മുന്നിലെന്നും തരൂർ.

• കോഴിക്കോട് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു. കൊയിലാണ്ടി സ്വദേശിയായ 39 കാരിയാണ് രോഗം ബാധിച്ച് മരിച്ചത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 23 ഫെബ്രുവരി 2025 - #NewsHeadlinesToday

• ഒന്നര ലക്ഷം കോടി രൂപയുടെ വൻ നിക്ഷേപ പ്രഖ്യാപനവുമായി ആഗോള നിക്ഷേപക ഉച്ചകോടി കൊച്ചിയിൽ സമാപിച്ചു. നിക്ഷേപ വാഗ്ദാനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയെന്ന് മന്ത്രി പി.രാജീവ്.

• ഈ സർക്കാരിന്റെ കാലത്ത് 43,637 നിയമനങ്ങൾ സർക്കാർ, എയിഡഡ് മേഖലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ നടന്നതായി മന്ത്രി വി ശിവൻകുട്ടി.

• ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി വിവിധ ജില്ലകളിലായി 79 റോഡുകളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമായി 356.97 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കി.

• സംസ്ഥാനത്ത് താപനില വർധിക്കാൻ സാധ്യത. സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സൽഷ്യസ് താപനില ഉയരാൻ സാദ്ധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ്.

• ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി വത്തിക്കാൻ. മാർപാപ്പയ്ക്ക് കടുത്ത ശ്വാസതടസം ഉണ്ടായതിനെത്തുടർന്ന് ശനിയാഴ്ച കൃത്രിമശ്വാസവും രക്തവും നൽകേണ്ടിവന്നതായി വത്തിക്കാൻ അധികൃതർ അറിയിച്ചു.

• പൊലീസ് എടുത്ത് മാറ്റിയ ടെലഫോൺ പോസ്റ്റ് ട്രാക്കിൽ വീണ്ടും കൊല്ലം കുണ്ടറയിൽ ട്രെയിൻ അട്ടിമറിക്ക് ആസൂത്രിത നീക്കമെന്ന് സൂചന. കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റിട്ടാണ് അട്ടമറിക്ക് ശ്രമം നടക്കുന്നത്. പുനലൂര്‍ റെയില്‍വേ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

• ഝാർഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാർ സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് തുടർന്നുള്ള വിദഗ്ധ പരിചരണം ഉറപ്പാക്കി. കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു.

• പ്രമുഖ മാവോയിസ്റ്റ് നേതാവ് സന്തോഷ് തമിഴ്‌നാട്ടില്‍ വച്ച് കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പിടിയിലായി.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 22 ഫെബ്രുവരി 2025 - #NewsHeadlinesToday

• വ്യവസായത്തിന് അനുയോജ്യമല്ലാത്ത നാടെന്ന അപഖ്യാതി തിരുത്തി വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം വളരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

• അമേരിക്കന്‍ അന്വേഷണ ഏജന്‍സി എഫ്‌ബിഐയുടെ ഡയറക്ടറായ്‌ കാഷ്‌ പട്ടേൽ നിയമിതനായി. പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാണ്‌ ഗുജറാത്തിൽ വേരുകളുള്ള കാഷ്‌ പട്ടേൽ.

• മുണ്ടക്കൈ ചൂരൽമല പുനരധിവാസപദ്ധതി മാർച്ച് 31നുമുമ്പ്‌ പൂർത്തിയാക്കണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലെന്ന് കേന്ദ്രസർക്കാരിനോട് ഹെെക്കോടതി. നിബന്ധനകൊണ്ട് കേന്ദ്രസർക്കാർ എന്താണ് ഉദ്ദേശിക്കുന്നതെന്നും ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ് ഈശ്വരൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദിച്ചു.

• ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ഫൈനലിൽ. ഗുജറാത്തിനെതിരായ മത്സരം സമനിലയിൽ അവസാനിച്ചു. ആദ്യ ഇന്നിങ്സിലെ 2 റൺസ് ലീഡ് ആണ് കേരളത്തിന് തുണയായത്.

• വാർത്ത നൽകുമ്പോൾ മാധ്യമപ്രവർത്തകർ ജാഗ്രതയും സൂക്ഷ്‌മതയും ഉത്തരവാദിത്വവും പുലർത്തണമെന്ന്‌ സുപ്രീംകോടതി. വിവിധ പത്രങ്ങളിൽ വന്ന വാർത്തയുടെ പേരിലുള്ള അപകീർത്തിക്കേസിലെ തുടർനടപടികൾ സ്‌റ്റേ ചെയ്‌താണ്‌ സുപ്രീംകോടതിയുടെ നിരീക്ഷണം.

• ചാനല്‍ചര്‍ച്ചയ്ക്കിടെ മതവിദ്വേഷം വളര്‍ത്തുന്നതരത്തില്‍ പരാമര്‍ശം നടത്തിയെന്ന കേസില്‍ ബിജെപി നേതാവ് പി സി ജോര്‍ജ്ജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിതള്ളി.

• കൊയിലാണ്ടിയില്‍ ആനയിടഞ്ഞ സംഭവം: ആനയുടെ കാലില്‍ ചങ്ങല ഇല്ലാത്തതും, പടക്കം പൊട്ടിച്ചതുമാണ് അപകടകാരണമെന്ന് അന്തിമ റിപ്പോര്‍ട്ട്.

• സംസ്ഥാന കോൺഗ്രസിൽ തന്നെ ഒറ്റപെടുത്തുന്നുവെന്ന് ഹൈക്കമാന്റിന് പരാതി നൽകി വർക്കിംങ് കമ്മറ്റി അംഗം ശശി തരൂർ. എന്നാൽ വിഷയത്തിൽ തുടർ ചർച്ചകൾ വേണ്ടന്ന് ഹൈക്കമാൻഡ് ശശിതരൂരിന് മുന്നറിയിപ്പ് നൽകി.

• സംസ്ഥാനത്ത് 30000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ്. ഇൻവെസ്റ്റ്‌ കേരള നിക്ഷേപക ഉച്ചകോടിയിലാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്.

• മസ്തകത്തില്‍ മുറിവേറ്റ അതിരപ്പള്ളിയിലെ കൊമ്പന്‍ ചരിഞ്ഞു. കഴിഞ്ഞ ദിവസം ആനയെ മയക്കുവെടി വച്ച് പിടികൂടി കോടനാട് അഭയാരണ്യത്തിലെത്തിച്ചിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണ് കാട്ടുകൊമ്പന്‍ ചരിഞ്ഞത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 21 ഫെബ്രുവരി 2025 - #NewsHeadlinesToday

• എറണാകുളം കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ സെന്‍ട്രല്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ മനീഷ്, സഹോദരി ശാലിനിയും അമ്മ ശകുന്തള എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തി.

• 25 സെന്റില്‍ കൂടുതലുള്ള ഭൂമി തരംമാറ്റലിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച ഫീസ് ശരിവെച്ച് സുപ്രീംകോടതി. തരം മാറ്റലിന് അധിക ഭൂമിയുടെ 10 ശതമാനം ഫീസ് അടച്ചാല്‍ മതിയെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.

• ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരം പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

• സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍കൂടി അനുവദിച്ചു. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

• ദില്ലിയുടെ പുതിയ മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു. ദില്ലി ലെഫ്റ്റനന്റ് ഗവർണർ വികെ സക്സേനയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

• സംസ്ഥാനത്തെ എൻജിനിയറിങ്‌, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സിലേക്കുള്ള ‘കീം’ 2025 പ്രവേശന പരീക്ഷക്ക്‌ അപേക്ഷ ക്ഷണിച്ചു. മാർച്ച് 10ന്‌ വൈകിട്ട്‌ അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം.

• കഴിഞ്ഞ വര്‍ഷം രാജ്യത്ത് 1700 മണിക്കൂറോളം ഇന്റര്‍നെറ്റ് വിഛേദിച്ചതായി സോഫ്റ്റ്‌വേര്‍ ഫ്രീഡം ലോ സെന്ററിന്റെ റിപ്പോര്‍ട്ട്. കലാപം രൂക്ഷമായിരിക്കുന്ന മണിപ്പൂരിലാണ് ഏറ്റവും കൂടുതല്‍ സമയം ഇന്റര്‍നെറ്റ് വിഛേദിച്ചത്.

• കൈക്കൂലി കേസില്‍ പിടിയിലായ എറണാകുളം ആര്‍ടിഒ ടി എം ജെഴ്‌സനെതിരെ എക്‌സൈസ് കേസെടുക്കുമെന്ന് പോലീസ്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 20 ഫെബ്രുവരി 2025 - #NewsHeadlinesToday

• വയനാട് ടൗൺഷിപ്പ് നിർമാണത്തിനുള്ള എല്ലാ നടപടികളും പൂർത്തീകരിച്ചതായി മന്ത്രി കെ രാജൻ. വീട് വേണ്ടെന്ന് തീരുമാന്നിക്കുന്നവർക്ക് മാനദണ്ഡങ്ങൾ പാലിച്ച് 15 ലക്ഷം നൽകും എന്നും മന്ത്രി.

• രേഖ ഗുപ്ത ദില്ലി മുഖ്യമന്ത്രി. ഷാലിമാർ ബാഗ് മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രേഖ ഗുപ്ത ദില്ലിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ്.

• മതവിദ്വേഷം ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. നിലവില്‍ പരമാവധി 3 വര്‍ഷം വരെ തടവ് മാത്രമാണ് ശിക്ഷയെന്നും അത് വർദ്ധിപ്പിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ.

• മുല്ലപ്പെരിയാർ കേസിൽ കേരളത്തിനും തമിഴ്‌നാടിനും 
സ്വീകാര്യമായ പരിഹാരമുണ്ടാക്കണമെന്ന്‌ മേൽനോട്ട സമിതിക്ക്‌ സുപ്രീംകോടതിയുടെ നിർദേശം.

• ഇരട്ടസെഞ്ചുറി കരുത്തിൽ ആതിഥേയരായ പാകിസ്ഥാനെ വീഴ്‌ത്തി ന്യൂസിലൻഡ്‌ തുടങ്ങി. ചാമ്പ്യൻസ്‌ ട്രോഫി ക്രിക്കറ്റ്‌ ഉദ്‌ഘാടന മത്സരത്തിൽ 60 റണ്ണിനാണ്‌ ജയം.

• അമേരിക്കയില്‍ നിന്നും തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയില്‍ ബന്ധിച്ച് വിമാനത്തിൽ കയറ്റുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് വൈറ്റ് ഹൗസ്.

• ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ശ്വാസകോശ അണുബാധ കുറഞ്ഞെന്ന് വത്തിക്കാന്‍. സഹപ്രവര്‍ത്തകരുമായി ഫ്രാന്‍സിസ് മാര്‍പാപ്പ സംസാരിച്ചു.

• മഹാകുംഭ മേളയിലെ നദീജലത്തിൽ ഉയർന്ന അളവിൽ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടെന്നും  അതിനാൽ കുളിക്കാൻ അനുയോജ്യമല്ലെന്നും ഇന്ത്യയിലെ പരമോന്നത മലിനീകരണ നിയന്ത്രണ അതോറിറ്റി.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 19 ഫെബ്രുവരി 2025 - #NewsHeadlinesToday

• പാതിവില തട്ടിപ്പ് കേസിൽ എൻജിഒ കോൺഫെഡറേഷൻ സ്ഥാപകൻ ആനന്ദകുമാറിനെയും കോൺഗ്രസ് നേതാവ് ലാലി വിൻസെൻ്റിനെയും ഇ ഡി വിശദമായി ചോദ്യം ചെയ്യും.

• വയനാട് തലപ്പുഴ പിലാക്കാവ് കമ്പമലയില്‍ വനത്തില്‍ തീയിട്ടയാള്‍ പിടിയില്‍. തൃശിലേരി മണിയന്‍കുന്ന് സ്വദേശി സ്വദേശി സുധീഷ് ആണ് പിടിയിലായത്. ഇന്ന് മാനന്തവാടി കോടതിയില്‍ ഹാജരാക്കും.

• റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള യു എസ്- റഷ്യ ഉന്നതതല ചര്‍ച്ച വിജയമെന്ന് റഷ്യ.

• കാര്യവട്ടം ക്യാമ്പസിലെ റാഗിങ്ങില്‍ ഏഴ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതായി പ്രിൻസിപ്പാൾ അറിയിച്ചു.

• ഓരോ വിദ്യാർഥിയെയും ചേർത്തുപിടിച്ചുള്ള വിദ്യാഭ്യാസത്തിലൂടെ അക്കാദമിക്‌ രംഗത്ത്‌ കൂടുതൽ മികവേകാൻ സമഗ്രഗുണമേന്മാ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്‌. സ്‌പീക്കർ എ എൻ ഷംസീർ പദ്ധതി ഉദ്‌ഘാടനംചെയ്‌തു.

• കൊച്ചി കപ്പൽശാല ലോകത്തെ രണ്ടാമത്തെ വലിയ അന്താരാഷ്ട്ര ഷിപ്പിങ് കമ്പനിയായ എപി മൊള്ളർ മെസ്‌കുമായി ധാരണപത്രം ഒപ്പുവച്ചു.

• സംസ്ഥാനതലത്തിൽ റാഗിങ് വിരുദ്ധ സെൽ രൂപീകരിക്കുമെന്ന്‌ മന്ത്രി ആർ ബിന്ദു. റാഗിങ് തടയാൻ കോളേജ്, സർവകലാശാല, യുജിസി തലത്തിലുള്ള ത്രിതല സംവിധാനമാണ് നിലവിലുള്ളത്‌.

• അമേരിക്ക നാടുകടത്തുന്ന, ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്കായി താൽക്കാലിക ഷെൽട്ടർ ഒരുക്കാൻ തയാറാണെന്ന് കോസ്റ്ററീക്ക. അമേരിക്ക പുറത്താക്കുന്ന എല്ലാ കുടിയേറ്റക്കാരെയും സ്വീകരിക്കുമെന്ന് കോസ്റ്ററീക്ക ഔദ്യോ​ഗികമായി അറിയിച്ചു.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 18 ഫെബ്രുവരി 2025 - #NewsHeadlinesToday

• കാനഡയിൽ വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ തലകീഴായി മറിഞ്ഞു. ടൊറോന്റോയിലെ പിയേഴ്സൺ വിമാനത്താവളത്തിലായിരുന്നു സംഭവം.

• തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി തെരഞ്ഞെടുത്തു. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ സ്ഥാനമൊഴിയുന്ന സാഹചര്യത്തലാണ് തീരുമാനം.

• റെഗുലേഷനെതിരെ യു ജി സിയെ പ്രതിഷേധം അറിയിക്കാന്‍ കേരള സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ തീരുമാനം. യോഗത്തിൽ പങ്കെടുത്ത 82ല്‍ 80 പേരും യു ജി സിക്കെതിരെ ശക്തമായ രീതിയില്‍ പ്രതിഷേധിച്ചു.

• ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രതിശീര്‍ഷ ഫണ്ട് വിനിയോഗത്തില്‍ രാജ്യത്ത് കേരളം ഏറ്റവും മുന്നില്‍. നീതി ആയോഗിന്റെ പ്രത്യേക പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

• പത്തനംതിട്ട പെരുനാട്ടിലെ സി ഐ ടി യു- ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മുഴുവന്‍ പ്രതികളെയും പിടികൂടി പൊലീസ്.

• പീഡനക്കേസിൽ നടൻ സിദ്ദിഖ് കുറ്റക്കാരനെന്ന് പോലീസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു. ഇതിന് ദൃശ്യങ്ങളും, സാക്ഷി മൊഴികളും ഉണ്ടെന്നും പോലീസ്.

• മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയുടെ പുനരധിവാസത്തില്‍ കേന്ദ്രം നല്‍കിയ വായ്പാ തുക വകുപ്പുകള്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനം.

• മീറ്റർ ഇടാത്ത ഓട്ടോറിക്ഷകൾക്കെതിരെ കടുത്ത നടപടിയിലേക്ക് മോട്ടോർ വാഹന വകുപ്പ്. സ്റ്റിക്കർ പതിപ്പിച്ചിട്ടും മീറ്റർ ഇടാതെ സർവീസ് നടത്തിയാൽ പെർമിറ്റ് റദ്ദാക്കും.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 17 ഫെബ്രുവരി 2025 - #NewsHeadlinesToday

• ഇന്ത്യൻ കൂടിയേറ്റക്കാരെ നാടുകടത്തുന്നത് തുടര്‍ന്ന് അമേരിക്ക. 112 കുടിയേറ്റക്കാരുമായി മൂന്നാം അമേരിക്കന്‍ സൈനിക വിമാനം പഞ്ചാബില്‍ ഇറങ്ങി.

• പത്തനംതിട്ട പെരുന്നാട് മഠത്തുംമൂഴിയില്‍ സിഐടിയു പ്രവര്‍ത്തകനായ ജിതിനെ കുത്തി കൊലപ്പെടുത്തി, പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് റിപ്പോർട്ട്.

• നാടിനെ ഞെട്ടിച്ച പോട്ട ബാങ്ക് കവര്‍ച്ചാ കേസിൽ പ്രതി പിടിയില്‍. ചാലക്കുടി ആശാരിക്കാട് സ്വദേശി റിജോ ആന്റണിയാണ് തൃശൂര്‍ റൂറല്‍ പൊലീസിൻ്റെ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്.

• രാജ്യത്ത്‌ ആശാ പ്രവർത്തകർക്ക്‌ കൂടുതൽ മാസ ഓണറേറിയം നൽകുന്നത്‌ കേരളമെന്ന്‌ ദേശീയ ആരോഗ്യ ദൗത്യം റിപ്പോർട്ട്.

• സംസ്ഥാനത്ത്‌ വേനൽച്ചൂട്‌ ഉയർന്നു. ജനങ്ങൾ ജാഗ്രത നിർദേശങ്ങൾ പാലിക്കണമെന്ന്‌ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ്. സാധാരണയിൽനിന്ന്‌ രണ്ടുമുതൽ മൂന്നു ഡിഗ്രിവരെ താപനില ഉയരും.

• അനധികൃത സ്വത്തുസമ്പാദന കേസുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയ തമിഴ് നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ തമിഴ് നാട് സര്‍ക്കാരിന് കര്‍ണ്ണാടക കൈമാറി.

• സംസ്ഥാനത്തിന്റെ വ്യവസായ വളര്‍ച്ചയിലും, നിക്ഷേപ സൗഹൃദാന്തരീക്ഷത്തിലും ഒന്നാമതെത്തിച്ചതില്‍ റോഡുകളുടെ പങ്ക് വളരെ വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

• ശശി തരൂരിന്റെ പ്രസ്താവന വസ്തുനിഷ്ഠമായ യാഥാര്‍ഥ്യമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 16 ഫെബ്രുവരി 2025 - #NewsHeadlinesToday

• കുംഭമേളയിൽ പങ്കെടുക്കാനായി പ്രയാഗ് രാജിലേക്കു പോകാനെത്തിയ ജനകൂട്ടത്തെ തുടർന്ന് ന്യൂ ദില്ലി റെയിൽവേ സ്റ്റേഷനിൽ തിക്കുംതിരക്കിലും പെട്ട് 18 പേർക്ക് ദാരുണാന്ത്യം.

• കോട്ടയം നഴ്സിങ്ങ് കോളോജിലെ റാഗിങ്ങ് സംഭവത്തിൽ കൂടുതൽ നടപടികൾ. റാഗിങ്ങ് കേസിലെ പ്രതികളായ അഞ്ച് വിദ്യാർഥികളുടെ തുടർ പഠനം തടയാൻ നഴ്സിങ്ങ് കൗൺസിൽ തീരുമാനിച്ചു.

• സോഷ്യൽ മീഡിയയുടെ കടന്നുകയറ്റം കുട്ടികളെ വഴി തെറ്റിക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അടുത്ത വർഷം മുതൽ ബോധവത്കരണത്തിന് കൂടുതൽ ഊന്നൽ നൽകുമെന്നും മന്ത്രി.

• അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി 119 പേരെക്കൂടി യുഎസിലെ ട്രംപ് ഭരണകൂടം സൈനിക വിമാനത്തിൽ ഇന്ത്യയിലിറക്കിവിട്ടു.

• വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ശനിയാഴ്ച നടന്ന രണ്ട് ഓപ്പറേഷനുകളിലായി 15 ഭീകരരെ വധിച്ചു. നാല് സൈനികരും കൊല്ലപ്പെട്ടു.

• മുതിർന്ന ബഹിരാകാശ ശാസ്‌ത്രജ്‌ഞനും ഇന്ത്യയുടെ ആദ്യ വാർത്താവിനിമയ പരീക്ഷണ ഉപഗ്രഹം ആപ്പിളിന്റെ പ്രൊജക്ട്‌ ഡയറക്ടറുമായ ആർ എം വാസഗം അന്തരിച്ചു.

• ട്രാൻസ്ജെൻഡർമാർക്ക് ഇനി യുഎസ് സൈന്യത്തിൽ പ്രവേശനമില്ല. ട്രാൻസ്ജെൻഡറുകളെ നീക്കം ചെയ്യാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന്റെ ഉത്തരവിനു പിന്നാലെയാണ് നടപടി.

• വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ നല്‍കിയ വായ്പയിൽ കേന്ദ്രസര്‍ക്കാരിന് മനുഷ്യത്വമില്ലെന്നും ആവശ്യമെങ്കില്‍ സിപിഐഎമ്മുമായി യോജിച്ച് പ്രക്ഷോഭം നടത്തുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 15 ഫെബ്രുവരി 2025 - #NewsHeadlinesToday

• കോട്ടയം നഴ്സിങ്ങ് കോളേജ് ഹോസ്റ്റലില്‍ നടന്ന റാഗിങ്ങുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ പ്രൊഫ. സുലേഖ എ.ടി., അസി. പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെ  അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

• തൃശൂരിൽ പട്ടാപ്പകൽ ജീവനക്കാരെ ബന്ദികളാക്കി ബാങ്ക് കൊള്ള. ഇന്നലെ  ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ ഞെട്ടിച്ചുകൊണ്ടുള്ള കവർച്ച നടന്നത്.

• രാജ്യത്ത് ആദ്യമായി ബുള്ളറ്റ്‌ ട്രെയിൻ കോച്ചുകൾ പൊതുമേഖല സ്ഥാപനം പുറത്തിറക്കുന്നു. ഭാരത് എർത്‌ മൂവേഴ്‌സ്‌ ലിമിറ്റഡാണ്‌ (ബെമൽ) കോച്ചുകൾ നിർമ്മിക്കുന്നത്.

• വ്യവസായ മേഖലയിലെ കേരളത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയെ പ്രകീർത്തിച്ച്‌ ശശി തരൂർ എംപി.

• താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല.

• അമേരിക്കയിൽ നിയമവിരുദ്ധരായി കഴിയുന്ന അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഇന്ന് അമൃത്സറിൽ എത്തിയേക്കും.

• കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ ഇതുവരെ പങ്കെടുത്തത് ഒരു ലക്ഷത്തിലധികം പേർ എന്ന് ആരോഗ്യ മാന്ത്രി വീണ ജോർജ്.

• കേരളം മുഴുവൻ വലവിരിച്ച ‘പാതിവില’തട്ടിപ്പിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. മുഖ്യപ്രതി അനന്തുകൃഷ്ണന്റെ ബാങ്ക് ഇടപാടുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ തേടി ഇ.ഡി. വിവിധ ബാങ്കുകൾക്ക് നോട്ടീസ് നൽകി.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 14 ഫെബ്രുവരി 2025 - #NewsHeadlinesToday

• ഇന്ന് പുൽവാമ ദിനം. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാരുടെ ത്യാഗത്തിന്റെ ആറാം വാർഷികം. 2019 ഫെബ്രുവരി 14-നാണ് ജമ്മു കശ്മീരിലെ പുൽവാമയിൽ സി.ആർ.പി.എഫ്. ജവാൻമാർ സഞ്ചരിച്ച വാഹനത്തിന് നേരേയായിരുന്നു ഭീകരാക്രമണം.

• മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. മുഖ്യമന്ത്രി പദത്തിൽ സമവായമാകാത്തതിനെ തുടർന്നാണ് നടപടി. ഇക്കാര്യം വ്യക്തമാക്കി രാഷ്ട്രപതി വിജ്ഞാപനമിറക്കി.

• കോഴിക്കോട് കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു.

• സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി വീണ്ടും മാറ്റിവെച്ചു. ഇത് എട്ടാം തവണയാണ് കേസ് മാറ്റിവെച്ചത്.

• യു ജി സി മാർഗ്ഗരേഖ സംസ്ഥാന മാനദണ്ഡങ്ങൾക്ക് യോജിക്കാത്തത് എന്ന് മന്ത്രി ആർ ബിന്ദു. യു ജി സി മാർഗ്ഗരേഖ സംബന്ധിച്ച് പഠിക്കാൻ കമ്മിറ്റി നിയോഗിച്ചു.

• കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന മലയോര ഹൈവേയുടെ 250 കിലോമീറ്റർ പൂർത്തിയായി. ഒരു വർഷത്തിനുള്ളിൽ 200 കിലോമീറ്റർകൂടി നിർമാണം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.

• സംസ്ഥാനത്ത്‌ ആംബുലൻസുകളുടെ വാടകനിരക്ക്‌ ഏകീകരിച്ച്‌ സർക്കാർ ഉത്തരവിറക്കി. 20 കിലോമീറ്റർ കണക്കാക്കിയാണ്‌ മിനിമം ചാർജ്‌ നിശ്‌ചയിച്ചത്‌. റിട്ടേൺ ചാർജും ഇതിൽ ഉൾപ്പെടും. ഒരുമണിക്കൂർ കഴിഞ്ഞേ വെയ്‌റ്റിങ്‌ ചാർജ്‌ ഈടാക്കാനാകൂ.

• സംസ്ഥാനത്തെ 30 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഈ മാസം 24ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാൻ.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 13 ഫെബ്രുവരി 2025 - #NewsHeadlinesToday

• ഡിജിറ്റൽ റീ സർവെ പ്രവർത്തനങ്ങളുടെ മൂന്നാം ഘട്ടത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 14 വെള്ളിയാഴ്ച റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കും.

• സംസ്ഥാന ചരിത്രത്തിലാദ്യമായി വരവും ചെലവും രണ്ട് ലക്ഷം കോടി രൂപ കടക്കുന്ന ബജറ്റാണ് ഇത്തവണത്തേതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റ് ചർച്ചകൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

• സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തിൽ വയനാട്ടിൽ ഒരാൾ കൊല്ലപ്പെട്ടു. വയനാട് അട്ടമല സ്വദേശി രാമു എന്ന ബാലകൃഷ്ണനാണ് കൊല്ലപ്പെട്ടത്.

• കയർ ബോർഡ് ജീവനക്കാരി ജോളി മധു തൊഴിൽ പീഡനത്തെക്കുറിച്ച് എഴുതിയ കത്ത് പുറത്ത്. തനിക്ക് മാനസിക പീഡനം നേരിടേണ്ടി വന്നുവെന്ന് ജോലി കത്തിൽ പറയുന്നു.

• നടന്‍ കമൽഹാസൻ തമിഴ്‌നാട്ടിൽ നിന്നും രാജ്യസഭയിലേക്ക്. ഭരണകക്ഷിയായ ഡിഎംകെയുടെ സീറ്റിലാണ് കമൽഹാസന്‍ പാര്‍ലമെന്റില്‍ എത്തുക.

• പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിമാനത്തിന് നേരെ ഭീകരാക്രമണ മുന്നറിയിപ്പ്. അന്വേഷണം ശക്തമാക്കി മുംബൈ പൊലീസ് .
മുംബൈ പോലീസിന് പൊലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാത ഫോൺ സന്ദേശം ലഭിച്ചത്.

•  രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നിര്‍ണായക വിഷയങ്ങളില്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച ചര്‍ച്ച നടത്തും.

• ഇംഗ്ലണ്ടും ഇന്ത്യയും തമ്മില്‍ അഹമ്മദാബാദില്‍ നടന്ന അവസാന ഏകദിന മത്സരവും വിജയിച്ച് ഇന്ത്യ. മൂന്ന് മത്സരങ്ങളുണ്ടായിരുന്ന പരമ്പരയില്‍ ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 12 ഫെബ്രുവരി 2025 - #NewsHeadlinesToday

• നിയമസഭയിൽ ബജറ്റിൻമേലുള്ള പൊതുചർച്ച ഇന്ന് അവസാനിക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ ചർച്ചയ്ക്ക് മറുപടി നൽകും.

• സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കാട്ടാന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വനം വകുപ്പ് ഉന്നതതല യോഗം ഇന്ന്. ഉച്ചയ്ക്ക് 2.30 ന് വഴുതയ്ക്കാട് വനം വകുപ്പ് ആസ്ഥാനത്താണ് യോഗം.

• വയനാട് നൂല്‍പ്പുഴയില്‍ യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലയില്‍ ഹര്‍ത്താല്‍.

• നെൽവയൽ തണ്ണീർത്തട നിയമത്തില്‍ ഇള‍വ് നല്‍കി സംസ്ഥാന സര്‍ക്കാര്‍. നിശ്ചിത വിസ്തൃതിയുള്ള തണ്ണീർത്തട ഭൂമിയിൽ വീട് നിർമ്മിക്കാൻ ഭൂമി തരം മാറ്റേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്.

• പാതിവില തട്ടിപ്പ് കേസിൽ ഇ സി ഐ ആർ രജിസ്റ്റർ ചെയ്ത് ഇ ഡി. ഇ ഡിയുടെ കൊച്ചി യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്ത്. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഇ ഡി തേടി.

• സംസ്ഥാനത്ത് പട്ടികവർഗക്കാരായ ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും പോഷകാഹാര പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പദ്ധതി "ജനനി ജന്മരക്ഷ'യ്ക്ക് നാലുവർഷത്തിൽ ചെലവഴിച്ചത്‌ 70.68 കോടി രൂപയെന്ന് മന്ത്രി ഒ ആർ കേളു.

• പ്രസിഡന്റായി ചുമതലയേറ്റ്‌ ഒരുമാസത്തിനുള്ളിൽ ഡോണൾഡ്‌ ട്രംപ്‌ ചൈനയ്‌ക്കെതിരായി ചുമത്തിയ പുതിയ തീരുവകൾ നിലവിൽ വന്നു.

• ലോട്ടറിക്ക് സേവന നികുതി ഏര്‍പ്പെടുത്താനുള്ള അധികാരം സംസ്ഥാന സർക്കാരിനാണെന്ന് സുപ്രീം കോടതി ഉത്തരവ്. നികുതി ചുമത്താന്‍ അധികാരം കേന്ദ്രസർക്കാരിനില്ലെന്നും കോടതി.

• എ ഐ സാധ്യതകൾ അതിശയകരം, ദശലക്ഷക്കണക്കിന് ജീവിതങ്ങളെ പരിവർത്തനം ചെയ്യാൻ കഴിയുമെന്ന്‌ പ്രധാന മന്ത്രി നരേന്ദ്ര മോഡി.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 11 ഫെബ്രുവരി 2025 - #NewsHeadlinesToday

• ഇടുക്കി പെരുവന്താനം ചേന്നാപ്പാറയില്‍ കൊമ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയഇസ്മയിൽ ആണ് മരിച്ചത്.

• മനുഷ്യ-വന്യജീവി സംഘർഷത്തിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മറ്റി അന്തിമരൂപം നൽകി.

• അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന്‌ സമവായമാകാത്ത സാഹചര്യത്തിൽ മണിപ്പുർ രാഷ്ട്രപതി ഭരണത്തിലേക്ക്‌.

• സ്വകാര്യ സർവ്വകലാശാല ബില്ലിന് മന്ത്രിസഭായോഗത്തിന്റെ അനുമതി. നടപ്പ് സഭാ സമ്മേളന കാലയളവിൽ ബില്ല് നിയമസഭയിൽ അവതരിപ്പിക്കും.
കേരളത്തിനകത്തു തന്നെ ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം മേഖല വിപുലീകരിക്കുകയാണ് ലക്ഷ്യം.

•  അര്‍ഹതപ്പെട്ടവര്‍ക്ക് സമയബന്ധിതമായി ഭവന നിർമ്മാണ അനുമതി നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

• കോഴിക്കോട് വടകരയില്‍ ഒമ്പത് വയസ്സുകാരിയെ വാഹനമിടിപ്പിച്ച് കടന്നു കളഞ്ഞ പ്രതി ഒടുവിൽ പിടിയില്‍. വിദേശത്തായിരുന്ന പ്രതി പുറമേരി സ്വദേശിയായ ഷെജില്‍ ആണ് പിടിയിലായത്.

• വിവാദ ഇലക്ടറല്‍ ബോണ്ട് സംഭാവനയ്ക്ക് പിന്നാലെ ഇലക്ടറല്‍ ട്രസ്റ്റ് സംഭാവനയിലും ബിജെപിയുടെ ആധിപത്യം. 2023–24ല്‍ ആകെ ലഭിച്ച ട്രസ്റ്റ് സംഭാവനയില്‍ 857 കോടി (70 ശതമാനം) ബിജെപി അക്കൗണ്ടിലാണ് എത്തിയത്.

• പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ കോടതി ഇന്ന് പരിഗണിക്കും.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 10 ഫെബ്രുവരി 2025 - #NewsHeadlinesToday

• നിയമസഭയിൽ ബജറ്റിൻ മേലുള്ള പൊതുചർച്ചയ്ക്ക് ഇന്ന് തുടക്കമാകും. വകുപ്പ് തിരിച്ചുള്ള ചർച്ചയാകും നടക്കുക.

• സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡി​ഗ്രി സെൽഷ്യസ് മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

• മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് രാജിവെച്ചു. ആഭ്യന്തരമന്ത്രി അമിത്ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. കലാപം ആരംഭിച്ച് ഒന്നര വർഷങ്ങൾക്ക് ശേഷമാണ് രാജി.

• രാജ്യത്ത്‌ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം. നിതി ആയോഗിന്റെ 2023ലെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക അവലോകന റിപ്പോർട്ട് പ്രകാരം കേരളത്തിലെ ബഹുമുഖ ദരിദ്രരുടെ എണ്ണം 0.55 ശതമാനമായി കുറഞ്ഞു.

• രാത്രി സമയങ്ങളിൽ സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾ നിർദേശപരമാണ് മദ്രാസ് ഹൈക്കോടതി. എന്നാൽ നിയന്ത്രണ നിർദേശങ്ങൾക്ക് നിർബന്ധ സ്വഭാവമില്ലെന്നും ഹൈക്കോടതി.

• രാജ്യ വിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും കേസ്.ഒഡീഷ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

• ട്വന്റി ട്വന്റി പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയും നേടി ഇന്ത്യ. കട്ടക്കില്‍ നടന്ന ഏകദിനത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം.

• തിരുപ്പതി ലഡ്ഡു വിവാദത്തിൽ നാലുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. നെയ്യ് വിതരണം ചെയ്ത മൂന്ന് കമ്പനി മേധാവികൾ ഉൾപ്പടെയാണ് അറസ്റ്റിലായത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 09 ഫെബ്രുവരി 2025 - #NewsHeadlinesToday

• 27 വർഷങ്ങൾക്കു ശേഷം ഡൽഹിയിൽ ബിജെപി അധികാരത്തിലേക്ക്‌. 70 ൽ 48 സീറ്റുകൾ ബിജെപി നേടിയപ്പോൾ 22 ഇടങ്ങളിൽ മാത്രമാണ്‌ എഎപിക്ക്‌ വിജയിക്കാനായത്‌.

• തിരുവനന്തപുരം പൂവാറിലെ കപ്പല്‍ നിര്‍മ്മാണശാലയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. സംസ്ഥാന ബജറ്റിലെ ധനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതീക്ഷയിലാണ് തീരദേശം.

• കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി മുതല്‍ 3 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

• സംസ്ഥാനത്തെ കാർഷികേതര മേഖലയിലെ പ്രതിദിന വേതനം ദേശീയ ശരാശരിയെക്കാള്‍ ഇരട്ടിയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ നിയമസഭയില്‍ വച്ച സാമ്പത്തിക സര്‍വേ.

• പാതിവില തട്ടിപ്പില്‍ കൂടുതല്‍ പരാതികള്‍ പൊലീസിന് ലഭിച്ചു. കേസുകളുടെ അന്വേഷണം ഉടനെ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും. അതത് ജില്ലകളിലെ ക്രൈം ബ്രാഞ്ച് യൂണിറ്റുകളെ അന്വേഷണം ഏല്‍പ്പിക്കാനാണ് സാധ്യത.

• സംസ്ഥാനത്ത് പഠനത്തിലും തൊഴിലിലും മുന്നേറ്റം സൃഷ്ട്രിച്ച് സ്ത്രീകൾ. ഒന്നാംക്ലാസ് മുതൽ ബിരുദാനന്തരതലംവരെ ഈ വർഷം പ്രവേശനം നേടിയ ആകെ വിദ്യാർഥികളുടെ എണ്ണത്തിന്റെ 50 ശതമാനത്തിനുമുകളിൽ പെൺകുട്ടികളാണ്.

• മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന് എസ്റ്റേറ്റ് ഏറ്റെടുക്കലിലെ ആശയക്കുഴപ്പം നീങ്ങി. കോടതി ഉത്തരവ് പാലിച്ച് നഷ്ടപരിഹാരം നല്‍കി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ തീരുമാനം.

• അമേരിക്കയില നോമിലേക്കുള്ള യാത്രയ്ക്കിടെ അലാസ്കയ്ക്ക് മുകളില്‍ വച്ച് കാണാതായ യാത്രാവിമാനം മഞ്ഞുപാളികളില്‍ ഇടിച്ച് തകര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന പത്തുപേരും കൊല്ലപ്പെട്ടു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0