Death എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Death എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പയ്യമ്പലത്ത് ഒഴുക്കിൽപ്പെട്ട് മരിച്ചത് ആസ്സാം സ്വദേശി #Flash_News

 

 

കണ്ണൂര്: പയ്യമ്പലത്ത് ഇന്നലെ വൈകിട്ട് ഒഴുക്കിൽപ്പെട്ട് മരിച്ചയാളെ തിരിച്ചറിഞ്ഞു. ആസ്സാം  സ്വദേശി രാജൻ സിഗാണ് മരിച്ചത്. ആസ്സാമിലെ ദിബ്രുഗട്ട്    സ്വദേശിയാണ് ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് ഒഴുക്കിൽ പെട്ടത്. തുടർന്ന് എട്ടുമണിയോടെ ഇയാളുടെ മൃതദേഹം തീരത്തടിയുകയായിരുന്നു. ശക്തമായ തിരമാല കാരണം തുടക്കത്തിൽ രക്ഷാപ്രവർത്തനം സാധിച്ചില്ല. ഫയർ ഫോഴ്സ് എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നു ഒരു മണിക്കൂറിന് ശേഷം നൂറു മീറ്റർ അപ്പുറം  മൃതദേഹം തീരത്തടിഞ്ഞത്. ഇന്നു 12 മണിയോടെയാണ്   മൃതദേഹം തിരിച്ചറിയാൻ സാധിച്ചത്.            

എ കെ ജോൺ അന്തരിച്ചു #Flash_News


ആലപ്പുഴ: മുൻ മുഖ്യമന്ത്രി എ കെ ആന്റണിയുടെ സഹോദരൻ എ കെ ജോൺ (75) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്‌ ചികിത്സയിലായിരുന്നു. ചികിത്സയുടെ ഭാഗമായി ഒരാഴ്ചയായി ആശുപത്രിയിൽ കഴിയവെയാണ്‌ അന്ത്യം. ചേർത്തലയിലെ കുടുംബ വീട്ടിലായിരുന്നു താമസം. മൃതദേഹം നാളെ വൈകിട്ട് 3ന് ചേർത്തല മുട്ടം പള്ളിയിൽ സംസ്‌കരിക്കും.

‌ഭാര്യ: ജേർളി ജോൺ, ‌മകൻ: ജോസഫ് 

നവജാത ശിശു കൊലപാതക കേസ്; അനീഷയും ഭവിനും പോലീസ് കസ്റ്റഡിയിൽ #Newborn_babies



 

 

 തൃശൂർ പുതുക്കാട് നവജാത ശിശുവിനെ  കൊലപ്പെടുത്തിയ  കേസിലെ പ്രതി അനീഷ യൂട്യൂബ് നോക്കിയാണ് പ്രസവിച്ചതെന്ന് പോലീസ് പറഞ്ഞു. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചതുകൊണ്ട് പ്രസവത്തിന് സഹായകമായെന്ന് മൊഴിയിൽ പറയുന്നു. അനീഷ ശുചിമുറിയിലാണ്  പ്രസവിച്ചത്. വയറ്റിൽ തുണി കെട്ടി ഗർഭം മറച്ചുവെച്ചതായും അനീഷ പോലീസിനോട് പറഞ്ഞു.പ്രതികളായ അനിഷയെയും ഭവിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും.

കുഞ്ഞുങ്ങളെ കുഴിച്ചിട്ട സ്ഥലത്ത് ഫോറൻസിക് വിഭാഗം പരിശോധന നടത്തും. രണ്ട് കുഞ്ഞുങ്ങളെയും അനീഷ കൊലപ്പെടുത്തിയതായി എഫ്‌ഐആറിൽ പറയുന്നു. അനീഷയുടെയും ഭവിയുടെയും അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി തെളിവെടുപ്പ് പൂർത്തിയാക്കി. ആദ്യ കൊലപാതകം 2021 ലും രണ്ടാമത്തെ കൊലപാതകം 2024 ലും നടന്നു. കേസിലെ ഒന്നാം പ്രതി അനീഷയും രണ്ടാമത്തെ പ്രതി ഭവിയും ആണ്.

സിനിമ,സീരിയൽതാരം മീന ഗണേഷിന് അന്ത്യാഞ്ജലി... #Obituary

  


സിനിമ,സീരിയൽതാരം മീനഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1976 മുതൽ സിനിമ സീരിയൽ രംഗത്ത് സജീവമായിരുന്നു മീന ഗണേഷ്.

മീന ഗണേഷ് കൂടുതൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത് വാസന്തിയും, ലക്ഷ്മിയും, പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ്. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരമാണ് മീന ഗണേഷ്. നന്ദനം, കരുമാടികുട്ടന്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷം ശ്രദ്ധേയമായിരുന്നു. അഞ്ച് വര്‍ഷം മുന്‍പ് മീനയ്ക്ക് പക്ഷാഘാതം വന്നിരുന്നു.  പല വര്‍ഷങ്ങളായി മീന അഭിനയ രംഗത്ത് നിന്ന് ഇടവേളയെടുത്തിട്ട്. കാലിന് വയ്യാതെ വന്നതോടെയാണ് അഭിനയരംഗത്ത് നിന്ന് താൽക്കാലികമായി മീന ഗണേഷ് ഇടവേളയെടുത്തത്.

പത്തൊന്‍പതാമത്തെ വയസില്‍ നാടക രംഗത്തിലൂടെയാണ് മീന ഗണേഷ് അഭിനയ രംഗത്ത് എത്തുന്നത്.
നാടക രംഗത്ത് എസ്എൽ പുരം സൂര്യ സോമ, കായംകുളം കേരള തിയറ്റേഴ്സ്, തൃശൂർ ചിന്മയി തുടങ്ങി കേരളത്തിലെ വിവിധ നാടക സമിതികളുടെ നാടകത്തില്‍ മീന പ്രവര്‍ത്തിച്ചിട്ടുണ്ട്. നാടക രംഗത്ത് നിരവധി പുരസ്കാരങ്ങളും നടി നേടിയിരുന്നു.

ആദ്യ സിനിമ പിഎ ബക്കറിന്‍റെ മണി മുഴക്കം ആയിരുന്നു. നാടക രംഗത്തെ പരിചയമാണ് എഎന്‍ ഗണേഷുമായുള്ള വിവാഹത്തില്‍ എത്തിയത്.സംവിധായകന്‍ മനോജ് ഗണേഷ്, സംഗീത എന്നിവര്‍ മക്കളാണ്. സംസ്കാരം വൈകീട്ട് ഷോര്‍ണൂര്‍ ശാന്തി തീരത്ത് നടക്കും.

ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നു എങ്കിലും മറ്റുള്ളവരുടെ സഹായത്താലാണ് അവസാന സമയത്ത് സീരിയല്‍ സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ എത്തിയത്. അതിനിടെയാണ് അസുഖം വല്ലാതെ തളർത്തുന്നത്. രക്ത സമ്മര്‍ദ്ദത്തിന്‍റെ പ്രശ്നങ്ങള്‍ മീനയെ അലട്ടിക്കൊണ്ടിരുന്നു. പിന്നാലെ ഭർത്താവ് എഎന്‍ ഗണേഷിന്‍റെ മരണത്തോടെ  മീനഗണേഷ് തനിച്ചായിരുന്നു.

വിനോദ യാത്രക്ക് പോയ വിദ്യാർഥികൾ കടലിൽ മുങ്ങി മരിച്ചു... #Obituary

 


 കർണാടകയിൽ വിനോദസഞ്ചാരത്തിന് പോയ നാല് വിദ്യാർത്ഥികൾ കടലിൽ മുങ്ങിമരിച്ചു. ഉത്തര കന്നഡയിലെ മുരുഡേശ്വര് ബീച്ചില് ചൊവ്വാഴ്ചയാണ് സംഭവം. കോലാർ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനികളായ ശ്രാവതി, ദീക്ഷ, ലാവണ്യ, ലിപിക എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരമാണ് 46 വിദ്യാർഥികളും അധ്യാപകരും അടങ്ങുന്ന സംഘം മുരുഡേശ്വറിലെത്തിയത്. ശക്തമായ തിരമാലകൾ ഉള്ളതിനാൽ ബീച്ചിൽ ഇറങ്ങരുതെന്ന് ലൈഫ് ഗാർഡിൻ്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഇതു വകവയ്ക്കാതെ കടലിൽ ഇറങ്ങിയ ഏഴു വിദ്യാർഥികൾ മുങ്ങിമരിച്ചു. ഇവരിൽ മൂന്നുപേരെ സുരക്ഷാ ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളികളും ചേർന്ന് കരയ്ക്കെത്തിച്ചു. മരിച്ച നാലുപേരിൽ ഒരാളുടെ മൃതദേഹം സംഭവദിവസം വൈകിയും മൂന്നുപേരുടെ മൃതദേഹം ഇന്നലെയും കണ്ടെത്തി.

സംഭവത്തിൽ വിദ്യാർഥി സംഘത്തെ നയിച്ച അധ്യാപകർക്കെതിരെ കർണാടക പൊലീസ് കേസെടുത്തു. ഇവരെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മരിച്ച വിദ്യാർത്ഥികളുടെ കുടുംബത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു

കല്ല്യാശേരിയിൽ  വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം... #obituary

 

 കോളേജിലേക്കുള്ള യാത്രക്കിടെ സ്കൂട്ടർ അപകടത്തിൽ വിദ്യാർഥി മരിച്ചു. സഹപാഠിക്ക് ഗുരുതര പരിക്ക്. അഞ്ചാംപീടിക ആംസ്റ്റക് കോളേജ് യൂണിയൻ ചെയർമാൻ ചേലേരിയിലെ അബു സമദ് മഹലിലെ പി സി മുഹമ്മദ് (19) ആണ് മരിച്ചത്. ബിഎ ഇംഗ്ലീഷ് രണ്ടാംവർഷ വിദ്യാർഥിയാണ്.

വെള്ളിയാഴ്ച രാവിലെ 9.20ന് ധർമശാല കണ്ണപുരം റോഡിൽ കല്യാശേരി വീവേഴ്സ് സൊസൈറ്റിക്ക് സമീപത്താണ് അപകടം. കോളേജിലേക്ക്  പോകുന്നതിനിടെ എതിർഭാഗത്തു നിന്നും വരികയായിരുന്ന ഗുഡ്സ് ഓട്ടോയിലിടിച്ച് മറിയുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ മുഹമ്മദിനെ തളിപ്പറമ്പിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സ്കൂട്ടറിൽ കൂടെയുണ്ടായിരുന്ന കൊളച്ചേരിയിലെ സൽമാനാ(19)ണ് ഗുരുതര പരിക്കേറ്റത്. ബികോം രണ്ടാംവർഷ വിദ്യാർഥിയാണ്. സൽമാനെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സാഹിത്യ നിരൂപകനും അധ്യാപകനുമായ എം ആർ ചന്ദ്രശേഖരൻ അന്തരിച്ചു... #Obituary

 


സാഹിത്യ നിരൂപകനും അധ്യാപകനുമായ എം ആർ ചന്ദ്രശേഖരൻ അന്തരിച്ചു. 96 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ 1.15ന് എറണാകുളത്തെ ഹോസ്പിസിലായിരുന്നു അന്ത്യം.

നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡും വിവർത്തനത്തിനുള്ള എം എൻ സത്യാർത്ഥി അവാർഡും നേടിയിട്ടുണ്ട്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ രണ്ട് ദിവസം മുൻപാണ് ഇവിടെ പ്രവേശിപ്പിച്ചത്.

എംആർസി അക്കാദമിയുടെ ജനറൽ കൗൺസിലിലും എക്സിക്യൂട്ടീവ് കമ്മിറ്റിയിലും അംഗവും ശ്രദ്ധേയനായ വിമർശകനുമായിരുന്നു. അമ്പതിലധികം പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു.

തൃശൂർ വിവേകോദയം ബോയ്‌സ് സ്‌കൂൾ, കേരളവർമ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

കാലിക്കറ്റ് സര്‍വകലാശാല സെനറ്റ്, സിന്‍ഡിക്കേറ്റ്, തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ എന്നിവയിലും അംഗമായിരുന്നു. മുണ്ടശേരിയുടെ നവജീവന്‍, മാതൃഭൂമി ദിനപത്രം തുടങ്ങിയ സ്ഥാപനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ്; കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്, പ്രതി പത്മരാജൻ്റെ അറസ്റ്റ് രേഖപ്പെടുത്തി... #Crime_News

 

കൊല്ലം ചെമ്മമുക്കിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി കേസിൽ പ്രതി പത്മരാജൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. അനിലയും പത്മരാജനും തമ്മിലുള്ള കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. ഇരുവരുടെയും ബന്ധുക്കളുടെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്തും.

വൈദ്യപരിശോധന പൂർത്തിയാക്കി ഉച്ചയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കാനാണ് പൊലീസ് നീക്കം. അനിലയുടെ പോസ്റ്റ്‌മോർട്ടവും ഇന്ന് തന്നെ പൂർത്തിയാകും. സംശയാസ്പദമായ അസുഖമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.യുവതിയ്ക്കൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന യുവാവ് സോണിക്ക് പൊള്ളലേറ്റു.

ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. അനിലയും സോണിയും സഞ്ചരിച്ചിരുന്ന കാറിൽ പത്മരാജൻ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീ പടർന്നതോടെ സോണി കാറിൽ നിന്ന് ഇറങ്ങി ഓടി. എന്നാൽ, അനിലയ്ക്ക് പുറത്തിറങ്ങി രക്ഷപ്പെടാനായില്ല. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തീയണച്ച ശേഷം അനിലയെ ആശുപത്രിയിലേക്ക് മാറ്റി.

ദാരുണം!! കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് 5 മെഡിക്കൽ വിദ്യാർഥികൾ മരിച്ചു... #Obituary

 

 ആലപ്പുഴ : ദേശീയപാതയിൽ കളർകോട് ചങ്ങനാശേരി ജങ്ഷനു വടക്ക് കെഎസ്ആർടിസി ബസിൽ കാർ ഇടിച്ച് അഞ്ചു പേർ മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥികളായ ദേവാനന്ദൻ (മലപ്പുറം), ശ്രീദീപ് (പാലക്കാട്), മുഹമ്മദ് ജബ്ബാർ (കണ്ണൂർ), ആയുഷ് ഷാജി (ആലപ്പുഴ), മുഹമ്മദ് ഇബ്രാഹിം (ലക്ഷദ്വീപ്) എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

തിങ്കളാഴ്ച രാത്രി 9.30നായിരുന്നു അപകടം. ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്ന ബസിൽ ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ടവേര കാർ ഇടിക്കുകയായിരുന്നു. 11 പേരാണ് കാറിൽ ഉണ്ടായിരുന്നത്. ബസ് യാത്രക്കാർക്കും പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥികളായ കൃഷ്ണദേവ് (ചേർത്തല), ആനന്ദ് (കൊല്ലം), ആൽവിൻ (എടത്വ), മുഹ്‌സിൻ (കൊല്ലം), ഗൗരിശങ്കർ (തൃപ്പൂണിത്തുറ) എന്നിവർ ആശുപത്രി വിട്ടു. ഫൈൻഡൻസൺ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബസ് യാത്രക്കാരായ ഷീബ (40), ബിയ (26), ബിനോജ് (50), അബ്ദുൾ ഗഫൂർ (60) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാക്കൾക്ക് ദാരുണാന്ത്യം... #Accident_News

 

 


 നെടുമ്പ്രക്കാട്ടുണ്ടായ വാഹനാപകടത്തിൽ യുവാക്കൾ മരിച്ചു. പുതുവൽ നികർത്തിൽ പരേതനായ രമേശൻ്റെ മകൻ അമ്പാടി എന്ന നവീൻ (24), സാന്ദ്ര നിവാസിൽ വിജയപ്പൻ്റെ മകൻ ശ്രീഹരി (24) എന്നിവരാണ് മരിച്ചത്. കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ചേർത്തല ബോയ്സ് ഹൈസ്കൂളിന് സമീപം പുലർച്ചെയായിരുന്നു അപകടം.

ദാരുണം! കെ എസ് ആര്‍ ടി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീ മരിച്ചു... #Obituary

 


 കെഎസ്ആർടിസി ബസിൽ നിന്ന് വീണ യുവതിക്ക് ദാരുണാന്ത്യം. ഇടുക്കി ഏലപ്പാറയിലാണ് സംഭവം. കെഎസ്ആർടിസി ബസിൻ്റെ വാതിൽ തുറന്ന് യുവതി പുറത്തേക്ക് വീണു. സ്വര്‍ണമ്മയാണ് മരിച്ചത്.
കുമളിയിൽ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ചിന്നാറിൽ നിന്ന് നാല് മൈൽ അകലെ ഏറമ്പാടത്താണ് അപകടം. ഒരു വളവിൽ വാതിൽ തുറക്കുകയായിരുന്നു.
എങ്ങനെയാണ് വാതിൽ തുറന്നത് എന്നതിനെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് അന്വേഷണം നടത്തിവരികയാണ്. സ്വർണമ്മ ബസിൽ കയറിയതിനു ശേഷമാണ് വാതിൽ തുറന്നതും വാഹനം അൽപ്പം നീങ്ങിയതും. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയും പുറത്ത് വന്നിട്ടില്ല.

തളിപ്പറമ്പിൽ ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ... #Obituary

 


കണ്ണൂർ തളിപ്പറമ്പിൽ ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തോപ്പുംപടി സ്വദേശി ആൻ മരിയയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ അവസാന വർഷ ഫിസിയോതെറാപ്പി വിദ്യാർഥിനിയാണ്.

ആൻ മരിയയെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് സംഭവം. ആൻ മരിയ ഇന്നലെ  ക്ലാസ്സിൽ പോയിരുന്നില്ല. വൈകുന്നേരം സഹപാഠികൾ എത്തി അന്വേഷിച്ചപ്പോൾ ഹോസ്റ്റൽ ബാത്ത്റൂം പൂട്ടിയ നിലയിൽ കണ്ടെത്തി. തുടർന്ന് പരിശോധിച്ചപ്പോഴാണ് ആൻ മരിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തെ തുടർന്ന് അധികൃതർ പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

പത്തനംതിട്ട സ്വദേശിയായ നഴ്‌സിംഗ് വിദ്യാർത്ഥിനി അമ്മുവിൻ്റെ മരണത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കണ്ണൂർ സ്വദേശിയായ ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിയും ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ നാലാം വർഷ വിദ്യാർഥിയുമായ അമ്മു എസ് സജീവിൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി സഹപാഠികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പ്രതികളായ അഞ്ജന മധു, അലീന ദിലീപ്, എ ടി അക്ഷിത എന്നിവർ റിമാൻഡിലാണ്.

ദാരുണം;ആംബുലൻസ് താഴ്ചയിലേക്ക് മറിഞ്ഞ് രോഗി മരിച്ചു... #Accident_News

 

എറണാകുളം മുളക്കുളത്ത് ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. പോത്താനിക്കാട് സ്വദേശി ബിൻസൺ (37) ആണ് മരിച്ചത്. രോഗിയുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ദാരുണമായ അപകടം. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി മരിച്ചു.

ആംബുലൻസ് റോഡിൽ നിന്ന് തെറിച്ചു വീണു. അപകടത്തിൽ വാഹനം പൂർണമായും തകർന്നു. രോഗിയെ കൂടാതെ ഡ്രൈവർ ഉൾപ്പെടെ നാല് പേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ  രാത്രിയാണ് അപകടം.

മഞ്ഞപ്പിത്തം ബാധിച്ച്  ചികിത്സയിലായിരുന്ന തളിപ്പറമ്പിലെ സഹോദരന്മാർ മരണപ്പെട്ടു... #Jaundice

 


മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന തളിപ്പറമ്പിലെ സഹോദരങ്ങൾ മരണപ്പെട്ടു. ഹിദായത്ത് നഗർ റഷീദാസിലെ എം. അൻവർ (44),സഹോദരൻ സാഹിർ (40) എന്നിവരാണ് മരണപ്പെട്ടത്.

ഏതാനും ദിവസം മുമ്പ് കോഴിക്കോട് നിന്നും ഇവർ കുടുംബസമേതം ഭക്ഷണം കഴിച്ചിരുന്നു.അതിന് ശേഷമാണ് മഞ്ഞപ്പിത്തം ബാധിച്ചതെന്ന് സംശയിക്കുന്നത്.

ഇവർ കോഴിക്കോട്ടെ മിംസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സാഹിർ ഇന്നലെയും അൻവർ ഇന്ന് രാവിലെയുമാണ് മരണപ്പെട്ടത്.

തളിപ്പറമ്പിലെ പ്രമുഖ വ്യാപാരിയായിരുന്ന പരേതനായ പി.സി.പി.മഹമ്മൂദ് ഹാജിയുടെയും ആമിനയുടെയും മക്കളാണ്.മുബീന സ്റ്റോൺ ക്രഷർ ഉടമയാണ് അൻവർ. സാഹിർ കോഴിക്കോട് റെഡിമെയ്ഡ് മൊത്ത വ്യാപാരിയാണ്.

മൃതദേഹം ഇന്ന് ഉച്ചക്ക് രണ്ടിന് സയ്യിദ് നഗർ ജുമാഅത്ത് പള്ളിയിൽ പൊതുദർശനത്തിന് ശേഷം വൈകുന്നേരം നാലിന് വലിയ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ കബറടക്കം നടക്കും.

ആലുവയിൽ കണ്ണൂർ സ്വദേശിയായ ജിം ട്രെയിനറെ വാടക വീട്ടിൽ കൊലപ്പെടുത്തി... #Crime_News

കൊച്ചി: ആലുവയിൽ ജിം ട്രെയിനറെ കൊലപ്പെടുത്തിയ സംഭവത്തിൽ മണിക്കൂറുകള്‍ക്കുള്ളിൽ പ്രതി പിടിയിൽ. ആലുവ ചുണങ്ങുംവേലിൽ ഫിറ്റ്നെസ് സെന്‍റര്‍ നടത്തുന്ന കൃഷ്ണ പ്രതാപാണ് എടത്തല പൊലീസിന്‍റെ പിടിയിലായത്. 

ജിമ്മിലെ ട്രെയിനറായ കണ്ണൂര്‍ സ്വദേശി സാബിത്ത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന കൃഷ്ണ പ്രതാപിനെ പൊലീസ് പിടികൂടുകയായിരുന്നു. 

ജിം നടത്തിപ്പുക്കാരനായ കൃഷ്ണ പ്രതാപിന്‍റെ കൂടെയാണ് സാബിത്ത് ജോലി ചെയ്തിരുന്നത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലി ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു. ചുണങ്ങം വേലിയിലെ വാടക വീടിന് മുന്നിലാണ് യുവാവിനെ പുലര്‍ച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. സംഭവം നടന്ന മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 

എഡിഎം നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും... #Kannur_News

 


എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. എഡിഎമ്മിനെതിരെ കോഴ ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. നവീൻ്റെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത കൂടുതൽ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാനാണ് നിലവിൽ സംഘത്തിൻ്റെ തീരുമാനം.

അതേസമയം, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ള പിപി ദിവ്യ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കും. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ആരോപണവിധേയയായ പി.പി.ദിവ്യയെ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തുനിന്നും നീക്കി. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റാണ് ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കിയത്. ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് ആദ്യഘട്ടത്തിൽ ദിവ്യയടക്കമുള്ള സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് സ്വീകരിച്ചത്. എന്നാൽ ഒടുവിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങി അദ്ദേഹം രാജിവച്ചു.

നവീൻ ബാബുവിൻ്റെ സഹോദരൻ അഡ്വ. പ്രവീണ്‍ ബാബു തൻ്റെ പരാതിയിൽ എല്ലാവിധ നടപടികളും സ്വീകരിച്ച് ശിക്ഷ നടപ്പാക്കിയാൽ മാത്രമേ പൂർണമായ ആശ്വാസം ലഭിക്കുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

നവീൻ ബാബുവിന്റെ മരണം; കണ്ണൂരിൽ ഇന്നും പ്രതിഷേധം കടുക്കും... #Naveen_Babu

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കണ്ണൂരിൽ ഇന്നും പ്രതിഷേധം കടുക്കും. കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. ആരോപണ വിധേയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ്‌ ഇന്ന് മാർച്ച് നടത്തും.

കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് ജീവനക്കാർ ഇന്ന് സംസ്ഥാന വ്യാപകമായി അവധിയെടുത്ത് പ്രതിഷേധിക്കും. നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും മലയാലപ്പുഴ പഞ്ചായത്തിൽ ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട് .

എഡിഎം കെ. നവീൻ ബാബുവിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിൽ എത്തിക്കും.മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ പത്തനംതിട്ട കളക്ട്രേറ്റിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും. നാട്ടിലേക്ക് ട്രാൻസ്ഫറായി മടങ്ങാനിരിക്കെയാണ് നവീനെ കണ്ണൂരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുന്നത്.

എഡിഎം നവീൻ ബാബുവിന്റെ മരണം: റവന്യൂ മന്ത്രിക്ക് കലക്ടർ പ്രാഥമിക റിപ്പോർട്ട് നൽകി... #Kannur

 
കണ്ണൂർ: കണ്ണൂർ എഡിഎം കെ നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ റവന്യു വകുപ്പ് മന്ത്രിക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ ഉന്നയിച്ച വിഷയം സംബന്ധിച്ച് പരാതിക്കാരന്റെ ഭാഗത്തുനിന്ന് രേഖാമൂലമുള്ള പരാതിയൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് കലക്ടർ റിപ്പോർട്ടിൽ അറിയിച്ചു. കൂടുതൽ അന്വേഷണം നടത്തിയ ശേഷം വിശദമായ റിപ്പോർട്ട് കലക്ടർ മന്ത്രിക്ക് സമർപ്പിക്കും. 

രത്തന്‍ ടാറ്റയുടെ സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ; ഇന്ന് പൊതുദര്‍ശനം... #Ratan_Tata

 


വ്യവസായ രംഗത്തെ അതികായൻ രത്തൻ ടാറ്റയ്ക്ക് വിട നൽകാൻ രാജ്യം. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് നടക്കും. രാവിലെ 10 മണി മുതൽ മുംബൈ എൻസിപിഎ ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. മഹാരാഷ്ട്രയിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്ന് വിനോദ പരിപാടികൾ ഉണ്ടാകില്ല. ഇന്ന് നടത്താനിരുന്ന സംസ്ഥാന സർക്കാരിൻ്റെ എല്ലാ പരിപാടികളും റദ്ദാക്കിയതായി മഹാരാഷ്ട്ര മന്ത്രി ദീപക് കേസാർകർ അറിയിച്ചു.

ദ്രൗപതി മുർമു രത്തൻ ടാറ്റയ്ക്ക് രാഷ്ട്രപതി അനുശോചന കുറിപ്പിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചു. ദീർഘവീക്ഷണവും അനുകമ്പയും ഉള്ള വ്യക്തിത്വമായിരുന്നു രത്തൻ ടാറ്റയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വ്യവസായത്തിലും ജീവകാരുണ്യത്തിലും ശാശ്വതമായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് രത്തൻ ടാറ്റയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു.

രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ചയാണ് രത്തൻ ടാറ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെൻ്റിലേറ്ററിലായിരുന്നു. അദ്ദേഹത്തിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ടാറ്റ ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് അത് വീണ്ടും വഷളായി.

ബുധനാഴ്ച രാത്രി 11.45 ഓടെയാണ് രത്തൻ ടാറ്റയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പിൻ്റെ ചെയർമാനായിരുന്ന രത്തൻ ടാറ്റയെ രാജ്യം പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി ആദരിച്ചു.

നടൻ ടി പി മാധവൻ അന്തരിച്ചു... #Obituary

നടൻ ടി പി മാധവൻ അന്തരിച്ചു. 86 വയസായിരുന്നു. അന്ത്യം കൊല്ലത്തെ ആശുപത്രിയിൽ വച്ചായിരുന്നു. അമ്മയുടെ സ്ഥാപക ജനറൽ സെക്രട്ടറി ആയിരുന്നു. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചത്. ഏറെ നാളായി വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയാണ് അദ്ദേഹം. 2015ലെ ഹരിദ്വാര്‍ യാത്രക്കിടയിലെ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷമാണ് ഗാന്ധി ഭവനില്‍ വിശ്രമജീവിതത്തിന് എത്തിയത്. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടിപി മാധവനെ ചില സഹപ്രവര്‍ത്തകരാണ് ഗാന്ധിഭവനില്‍ എത്തിച്ചത്.

ഗാന്ധി ഭവനില്‍ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും മാധവന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് മറവി രോഗം ബാധിച്ചു. പ്രശസ്ത അധ്യാപകന്‍ പ്രഫ. എന്‍പി പിള്ളയുടെ മകനാണ് ടിപി മാധവന്‍.

തിരുവനന്തപുരം വഴുതക്കാടാണ് ഇദ്ദേഹത്തിന്റെ ജന്മദേശം. നടന്‍ മധുവാണ് മാധവന് സിനിമയില്‍ അവസരം നല്‍കുന്നത്. 600ല്‍ അധികം സിനിമകളിലും ടെലി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. താരംസംഘടനയായ ‘അമ്മ’യുടെ സ്ഥാപക ജനറല്‍ സെക്രട്ടറി ആയിരുന്നു ടിപി മാധവന്‍.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0