News Malayoram News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
News Malayoram News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചോദ്യപേപ്പര്‍ ചോര്‍ച്ച;ക്രൈംബ്രാഞ്ച് കേസെടുത്തു,എംഎസ് സൊല്യൂഷൻസ് ഉടമയിൽ നിന്നും അധ്യാപകരിൽ നിന്നും മൊഴിയെടുക്കും... #Kerala

 


 പത്താം ക്ലാസ് ഇംഗ്ലീഷ്, പ്ലസ് വൺ അർദ്ധവാർഷിക പരീക്ഷകളുടെ ചോദ്യങ്ങൾ പരീക്ഷയ്ക്ക് മുമ്പ് യൂട്യൂബ് ചാനലിൽ വന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരോ മറ്റ് ജീവനക്കാരോ ഉൾപ്പെട്ടതായി അറിവില്ലെന്നാണ് ഉദ്യോഗസ്ഥർ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. ഉദ്യോഗസ്ഥരിൽ നിന്ന് വിവരം ലഭിച്ച ശേഷം പ്രതികളായ എംഎസ് സൊല്യൂഷൻസ് ഉടമയിൽ നിന്നും അധ്യാപകരിൽ നിന്നും മൊഴിയെടുക്കും.

വീണ്ടും ചോദ്യപേപ്പർ ചോർച്ച?; പത്താം ക്ലാസ് കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പർ എംഎസ് സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനലില്‍... #Edu_news

ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണവിധേയരായ എംഎസ് സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനലിലൂടെ വീണ്ടും ചോദ്യപേപ്പർ ചോർന്നതായി സംശയം. ഇന്ന് നടന്ന പത്താം ക്ലാസ് രസതന്ത്ര പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായാണ് സംശയം ഉയർന്നിരിക്കുന്നത്. ആകെ 40 മാർക്കിൻ്റ ചോദ്യങ്ങളിൽ 32 മാർക്കിൻ്റ ചോദ്യങ്ങളും ഇന്നലെ എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിൽ വന്നതായാണ് ആരോപണം. കെഎസ്‌യു ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

അതേപടിയുള്ള ചോദ്യങ്ങൾ അല്ലെങ്കിലും, പേപ്പറിലുള്ളതിനോട് വളരെ സാമ്യമുള്ള ചോദ്യങ്ങളാണ് എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിൽ വന്നിരിക്കുന്നത്. ഇത്തരത്തിൽ ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാൻ എംഎസ് സൊല്യൂഷൻസ് പണം ആവശ്യപ്പെടുന്നതായും കെഎസ്‌യു ആരോപിച്ചു. ഈ പണം ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നാണ് എംഎസ് സൊല്യൂഷൻസിന്റെ വാദം. എത്ര കുട്ടികൾ ഇത്തരത്തിൽ പണം നൽകി ചോദ്യങ്ങൾ വാങ്ങി എന്നതടക്കം അന്വേഷണം നടക്കേണ്ടതുണ്ടെന്നും കെഎസ്‌യു പറയുന്നു.

സിനിമ,സീരിയൽതാരം മീന ഗണേഷിന് അന്ത്യാഞ്ജലി... #Obituary

  


സിനിമ,സീരിയൽതാരം മീനഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1976 മുതൽ സിനിമ സീരിയൽ രംഗത്ത് സജീവമായിരുന്നു മീന ഗണേഷ്.

മീന ഗണേഷ് കൂടുതൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത് വാസന്തിയും, ലക്ഷ്മിയും, പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ്. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരമാണ് മീന ഗണേഷ്. നന്ദനം, കരുമാടികുട്ടന്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷം ശ്രദ്ധേയമായിരുന്നു. അഞ്ച് വര്‍ഷം മുന്‍പ് മീനയ്ക്ക് പക്ഷാഘാതം വന്നിരുന്നു.  പല വര്‍ഷങ്ങളായി മീന അഭിനയ രംഗത്ത് നിന്ന് ഇടവേളയെടുത്തിട്ട്. കാലിന് വയ്യാതെ വന്നതോടെയാണ് അഭിനയരംഗത്ത് നിന്ന് താൽക്കാലികമായി മീന ഗണേഷ് ഇടവേളയെടുത്തത്.

പത്തൊന്‍പതാമത്തെ വയസില്‍ നാടക രംഗത്തിലൂടെയാണ് മീന ഗണേഷ് അഭിനയ രംഗത്ത് എത്തുന്നത്.
നാടക രംഗത്ത് എസ്എൽ പുരം സൂര്യ സോമ, കായംകുളം കേരള തിയറ്റേഴ്സ്, തൃശൂർ ചിന്മയി തുടങ്ങി കേരളത്തിലെ വിവിധ നാടക സമിതികളുടെ നാടകത്തില്‍ മീന പ്രവര്‍ത്തിച്ചിട്ടുണ്ട്. നാടക രംഗത്ത് നിരവധി പുരസ്കാരങ്ങളും നടി നേടിയിരുന്നു.

ആദ്യ സിനിമ പിഎ ബക്കറിന്‍റെ മണി മുഴക്കം ആയിരുന്നു. നാടക രംഗത്തെ പരിചയമാണ് എഎന്‍ ഗണേഷുമായുള്ള വിവാഹത്തില്‍ എത്തിയത്.സംവിധായകന്‍ മനോജ് ഗണേഷ്, സംഗീത എന്നിവര്‍ മക്കളാണ്. സംസ്കാരം വൈകീട്ട് ഷോര്‍ണൂര്‍ ശാന്തി തീരത്ത് നടക്കും.

ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നു എങ്കിലും മറ്റുള്ളവരുടെ സഹായത്താലാണ് അവസാന സമയത്ത് സീരിയല്‍ സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ എത്തിയത്. അതിനിടെയാണ് അസുഖം വല്ലാതെ തളർത്തുന്നത്. രക്ത സമ്മര്‍ദ്ദത്തിന്‍റെ പ്രശ്നങ്ങള്‍ മീനയെ അലട്ടിക്കൊണ്ടിരുന്നു. പിന്നാലെ ഭർത്താവ് എഎന്‍ ഗണേഷിന്‍റെ മരണത്തോടെ  മീനഗണേഷ് തനിച്ചായിരുന്നു.

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത... #Rain_Alert

 


കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതിനാലാണ് മഴയ്ക്ക് സാധ്യത.

അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇത് കൂടുതൽ ശക്തി പ്രാപിച്ച് തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ച് ഭക്ഷ്യവകുപ്പ്... #Kerala_NEWS

 


റേഷൻ കടകളുടെ സമയം പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ് രാവിലെ എട്ടര മുതൽ 12 മണി വരെയും വൈകിട്ട് നാലു മുതൽ 7 മണി വരെയും റേഷൻകടകൾ തുറന്നു പ്രവർത്തിക്കും. അരമണിക്കൂർ പ്രവർത്തന സമയം ഇതോടെ കുറയും.

നിലവിൽ രാവിലെ എട്ടു മുതൽ 12 വരെയും നാലു മുതൽ ഏഴ് വരെയും ആയിരുന്നു പ്രവർത്തന സമയം. റേഷൻ വ്യാപാരി സംഘടനകൾ ഇന്ന് ഭക്ഷ്യ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. റേഷൻ വ്യാപാരികളുമായി രണ്ടാംഘട്ട ചർച്ച ജനുവരി ഒമ്പതിന് നടക്കും. ഉത്തരവ് സർക്കാർ ഉടൻ പുറത്തിറക്കും.

ചർച്ചയിൽ KTPDS ആക്റ്റിലെ അപാകതകൾ പരിഹരിക്കാമെന്ന് മന്ത്രി വ്യാപാരികൾക്ക് ഉറപ്പു നൽകി. ആക്ടിൽ ഭേദഗതി വരുത്തണമെന്നായിരുന്നു റേഷൻ വ്യാപാരികളുടെ പ്രധാന ആവശ്യം.

സർക്കാരിൻറെ എല്ലാ പൊതു അവധികളും റേഷൻ കടകൾക്കും നൽകണമെന്നും റേഷൻ വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു. അവധി ദിവസം റേഷൻ കടകൾ പ്രവർത്തിപ്പിക്കുന്നവക്കെതിരെ നടപടി വേണമെന്നും ചർച്ചയിൽ ആവശ്യം ഉയർന്നു. വേതന പാക്കേജും ക്ഷേമനിധിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പിന്നീട് ചർച്ച ചെയ്യും.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0