jaundice എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
jaundice എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തളിപ്പറമ്പില്‍ മഞ്ഞപിത്തം; ഉറവിടം കണ്ടെത്താന്‍ വ്യാപക പരിശോധന... #Kannur_News

 


 മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത തളിപ്പറമ്പ മേഖലയിൽ ഉറവിടം കണ്ടെത്താൻ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് വ്യാപക പരിശോധന നടത്തി, ഹോട്ടലുകള്‍,  കൂൾ ബാറുകൾ എന്നിവിടങ്ങളില്‍  നടന്ന പരിശോധനയിൽ നിരവധി ചട്ടലംഘനങ്ങൾ കണ്ടെത്തി കുടിവെള്ള പരിശോധനാ റിപ്പോർട്ട് വ്യാജമായി തയ്യാറാക്കുന്നതായി കണ്ടെത്തി. ഹെൽത്ത് കാർഡില്ലാതെ ജോലി ചെയ്യുന്ന ഹോട്ടലുകളുടെ വിവരങ്ങൾ ശേഖരിച്ചു.

കുടിവെള്ളം പരിശോധിച്ചതിൻ്റെ വിശദാംശങ്ങൾ സൂക്ഷിക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകും നഗരത്തിൽ കുടിവെള്ളം എത്തിക്കുന്ന ജപ്പാൻ കുടിവെള്ള പദ്ധതിയിലെ ജലം പരിശോധിച്ചതിൽ ഇകൊളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താനായില്ല. നഗരത്തിൽ വിതരണം ചെയ്യുന്ന മറ്റു കുടിവെള്ള സ്രോതസുകളെക്കുറിച്ചും അന്വേഷിക്കും. വെള്ളത്തിൻ്റെ കൂടുതൽ സാമ്പിളുകൾ പരിശോധനക്കായി ശേഖരിക്കും.

ജില്ലാ സർവേലൻസ് ഓഫീസർ ഡോ. കെ സി സച്ചിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡിൽ ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ടി  സുധീഷ്, ജില്ലാ എപ്പിഡെമോളജിസ്റ്റ് അഭിഷേക്, ഹെൽത്ത് ഇന്സ്പെക്ടർമാരായ ബിജു, ശ്രീകാന്ത്, മോഹിത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പവിത്രൻ ദിൽന, ഭാവന എന്നിവര്യമുണ്ടായിരുന്നു. 

ആരോഗ്യ പ്രവർത്തകരെ അറിയിക്കണം


കണ്ണൂർ ഗവ. മെഡിക്കൽ കോളേജിനിനിന്നുള്ള കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ വിദഗ്‌ധ സംഘവും ഉറവിടം കണ്ടെത്താൻ പരിശോധന തുടങ്ങി ഡിസീസ് മാപ്പ് തയ്യാറാക്കി  തുടര്‍ പ്രവർത്തനങ്ങൾ ഊര്‍ജിതമാക്കി.  മലവിസർജ്യം കലർന്ന വെള്ളം കുടിക്കാൻ ഉപയോഗിക്കുന്നതായാണ് പ്രാഥമികനിഗമനം.

കൂട്ടുകുടുംബമായി കൂടുതൽ അംഗങ്ങൾ താമസിക്കുന്ന വീടുകളിൽ ഒരാൾക്ക് രോഗം വന്നാൽ രോഗവ്യാപനത്തിൻ്റെ സാഹചര്യം ഉള്ളതായി ആരോഗ്യ വകുപ്പ് കണ്ടെത്തി. രോഗം വന്നവർ വിവരം ആരോഗ്യപ്രവർത്തകരോട് പറയാതിരിക്കുന്നതും പ്രശ്നം സങ്കീർണമാക്കും.

രോഗംവന്നവര്‍  ആദ്യം ക്ലിനിക്കുകളിൽ കാണിച്ച് മഞ്ഞപ്പിത്തമാണെന്ന് തെളിഞ്ഞാൽ പച്ചമരുന്ന് ചികിത്സകരെ സമീപിക്കുന്നതായും ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

രോഗം ബാധിച്ചത് 477 പേർക്ക്


തളിപ്പറമ്പിൽ ഈ വർഷം മെയിലാണ് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത്. ആരോ ഗ്യവകുപ്പിൻ്റെ കണക്ക് പ്രകാരം 477 പേർക്ക് മഞ്ഞപിത്ത ബാധയുണ്ട് .നവംബര്‍ ഡിസംബര്‍ മാസങ്ങളിലായി 61 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. തളിപ്പറമ്പ് നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമാണ് കേസുകൾ ഏറെയും.മഞ്ഞപ്പിത്തം ബാധിച്ചവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. നഗരങ്ങളിൽനിന്ന് ശീതളപാനിയങ്ങളും ഭക്ഷണവും കഴിച്ചവരിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തത്. മേഖലയിലെ മുഴുവൻ സ്കൂളുകളിലും കോളേജുകളിലും ആരോഗ്യ വകുപ്പ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

ഹെപ്പറ്റൈറ്റിസ് എ വൈറസ് കാരണമുള്ള മഞ്ഞപ്പിത്തം കേരളത്തിൽ വ്യാപകം... #Hepatitis

 


ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം കേരളത്തിൽ വ്യാപകമാണ്. സംസ്ഥാനത്ത് ഈ വർഷം 17,865 പേർക്കാണ് രോഗം ബാധിച്ചത്. മുമ്പ് ആരോഗ്യത്തിന് വലിയ ഭീഷണിയൊന്നുമല്ലാതിരുന്ന ഹെപ്പറ്റൈറ്റിസ് എ ഇപ്പോൾ ഗുരുതരാവസ്ഥയിലാണ്. 82 പേരാണ് ഈ വർഷം രോഗം ബാധിച്ച് മരിച്ചത്.

കരൾ ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങളുടെ പ്രവർത്തന വൈകല്യമാണ് കാരണം. കുടിക്കുന്ന വെള്ളത്തിന് കുഴപ്പമുണ്ട് എന്നാണ് മഞ്ഞപ്പിത്തം സൂചിപ്പിക്കുന്നത്. ഒപ്പം ശുചിത്വമില്ലായ്മയും.

തളിപ്പറമ്പിലെ മഞ്ഞപ്പിത്ത വ്യാപനം ഗൗരവതരം; കർമപദ്ധതി നടപ്പിലാക്കും-ഡിഎംഒ... #Kannur_News

 


തളിപ്പറമ്പിൽ മഞ്ഞപ്പിത്ത രോഗം (ഹെപ്പറ്റൈറ്റിസ് എ) മൂലം  സഹോദരങ്ങൾ മരണപ്പെടാനിടയുണ്ടായ സംഭവം അങ്ങേയറ്റം ഗൗരവത്തോടെ കാണുന്നതായി ഡിഎംഒ ഡോ. പീയുഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു. മേഖലയിലെ കുടിവെള്ളം വിദഗ്ധ പരിശോധനക്കായി ശേഖരിക്കും. ആവശ്യമെങ്കിൽ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും.
രോഗം കണ്ടെത്തി വിദഗ്ധ ചികിത്സ ലഭിച്ചിട്ടും മഞ്ഞപ്പിത്തം വളരെ വേഗം മൂർച്ഛിക്കുകയും മരണങ്ങൾ ഉണ്ടാവുകയും ചെയ്തതിന്റെ കാരണങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ്  പരിശോധന നടത്തും. മഞ്ഞപ്പിത്ത വ്യാപനം തടയുന്നതിനായി തളിപ്പറമ്പ് നഗരസഭ, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുമായി ചേർന്ന് ആരോഗ്യ വകുപ്പ് തെളിച്ചം (ദി എജുക്കേഷൻ ആൻഡ് ലൈഫ് സ്‌റ്റൈൽ ചേഞ്ച് ഫോർ ഹെപ്പറ്റൈറ്റിസ് എ മാനേജ്‌മെൻറ്) പദ്ധതി നടപ്പിലാക്കും.

ഈ വർഷം മെയ് മാസത്തിലാണ് തളിപ്പറമ്പിൽ ആദ്യത്തെ മഞ്ഞപ്പിത്ത കേസ് (ഹെപ്പറ്റൈറ്റിസ്-എ) റിപ്പോർട്ട് ചെയ്തത്. പിന്നീട് ട്യൂഷൻ സെന്ററിലെ വിദ്യാർഥികൾക്ക് രോഗം ബാധിക്കുകയും വീടുകളിലേക്ക് പടരുകയും ചെയ്തു. തളിപ്പറമ്പ് നഗരത്തെ ആശ്രയിക്കുന്ന സമീപ പഞ്ചായത്തുകളിലും രോഗബാധിതരുണ്ട്. ഇതുവരെ 340 മഞ്ഞപ്പിത്ത കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

50 ഓളം പേർ കിടത്തി ചികിത്സ എടുത്തു. ആകെ രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്തത്.
രോഗം പടർന്നു പിടിക്കാനിടയാക്കിയ കിണർ ഉപയോഗം നിർത്തിക്കുകയും ഈ വർഷം ജൂലൈയിൽ തളിപ്പറമ്പ് മുൻസിപ്പൽ വൈസ് ചെയർമാനെ പങ്കെടുപ്പിച്ചു കൊണ്ട് ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം തളിപ്പറമ്പിൽ ആരോഗ്യ വകുപ്പ് നടത്തുകയുണ്ടായി. മഞ്ഞപ്പിത്തതിനെതിരെ വിപുലമായ പ്രചാരണ പ്രവർത്തനങ്ങളാണ് നടന്നു വന്നിരുന്നത്.
തളിപ്പറമ്പിൽ നിലവിൽ 15 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവർക്കാണ് കൂടുതൽ മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്.

ബന്ധുവിന്റെ വീടു കാണൽ ചടങ്ങിൽ പങ്കെടുത്തത്  വഴിയാണ് രോഗം മൂലം മരണപ്പെട്ട വ്യക്തി അസുഖബാധിതൻ ആയത് എന്നാണ് നിഗമനം.
രോഗം ബാധിച്ചവർ വീടുകളിൽ ആവശ്യമായ നിയന്ത്രണങ്ങൾ പാലിക്കാത്തതാണ് രോഗപകർച്ച തടയുന്നതിനു തടസ്സമായി നിൽക്കുന്നതെന്ന് ഡി എം ഒ പറഞ്ഞു. തളിപ്പറമ്പിൽ ഭൂരിഭാഗം കേസുകളും ഇത്തരം സെക്കൻഡറി കേസുകൾ ആണ്.


ടോയ്ലെറ്റ് ഉപയോഗ ശേഷം കൈകാലുകൾ രോഗികൾ നന്നായി കഴുകാത്തതാണ് രോഗവ്യാപനത്തിന്റെ അടിസ്ഥാനം. ടോയ്‌ലറ്റ് ഉപയോഗ ശേഷം സോപ്പുപയോഗിച്ച് കൈകാലുകൾ നന്നായി കഴുകണം. മലവിസർജ്യത്തിലൂടെ പോകുന്ന വൈറസുകൾ കൈകളിൽ തങ്ങിനിൽക്കുകയും അത് മറ്റുള്ളവർക്ക് രോഗം സമ്മാനിക്കുകയും ആണ് ചെയ്തിരിക്കുന്നത്-ഡി എം ഒ കൂട്ടിച്ചേർത്തു.
 

മഞ്ഞപ്പിത്തം ബാധിച്ച്  ചികിത്സയിലായിരുന്ന തളിപ്പറമ്പിലെ സഹോദരന്മാർ മരണപ്പെട്ടു... #Jaundice

 


മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന തളിപ്പറമ്പിലെ സഹോദരങ്ങൾ മരണപ്പെട്ടു. ഹിദായത്ത് നഗർ റഷീദാസിലെ എം. അൻവർ (44),സഹോദരൻ സാഹിർ (40) എന്നിവരാണ് മരണപ്പെട്ടത്.

ഏതാനും ദിവസം മുമ്പ് കോഴിക്കോട് നിന്നും ഇവർ കുടുംബസമേതം ഭക്ഷണം കഴിച്ചിരുന്നു.അതിന് ശേഷമാണ് മഞ്ഞപ്പിത്തം ബാധിച്ചതെന്ന് സംശയിക്കുന്നത്.

ഇവർ കോഴിക്കോട്ടെ മിംസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സാഹിർ ഇന്നലെയും അൻവർ ഇന്ന് രാവിലെയുമാണ് മരണപ്പെട്ടത്.

തളിപ്പറമ്പിലെ പ്രമുഖ വ്യാപാരിയായിരുന്ന പരേതനായ പി.സി.പി.മഹമ്മൂദ് ഹാജിയുടെയും ആമിനയുടെയും മക്കളാണ്.മുബീന സ്റ്റോൺ ക്രഷർ ഉടമയാണ് അൻവർ. സാഹിർ കോഴിക്കോട് റെഡിമെയ്ഡ് മൊത്ത വ്യാപാരിയാണ്.

മൃതദേഹം ഇന്ന് ഉച്ചക്ക് രണ്ടിന് സയ്യിദ് നഗർ ജുമാഅത്ത് പള്ളിയിൽ പൊതുദർശനത്തിന് ശേഷം വൈകുന്നേരം നാലിന് വലിയ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ കബറടക്കം നടക്കും.

സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു; പ്രതിദിന പനി രോഗികൾ പതിനായിരം കടന്നു... #Jaundice

 


സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു. ആറുമാസത്തിനിടെ 27 പേർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ജൂൺ മാസത്തിൽ മാത്രം അഞ്ച് മരണം. രോഗം ബാധിച്ചവരിൽ ഏറെയും യുവാക്കളാണ്. പ്രതിദിന പനി രോഗികൾ പതിനായിരം കടന്നു. ഈ മാസം മാത്രം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 690 പേർക്ക്.

രോഗബാധിതർ ഏറെയും വടക്കൻ ജില്ലക്കാർ. പനിബാധിതരുടെ എണ്ണത്തിലും വർധനവ് ഉണ്ടായി. പ്രതിദിന പനി രോഗികൾ പതിനായിരം കടന്നു. ഡെങ്കി, എലിപ്പനി കേസുകളിലും വർദ്ധനവുണ്ട്. അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം മലപ്പുറം വള്ളിക്കുന്ന് ഭാഗത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നുണ്ട്. വള്ളിക്കുന്ന് അത്താണിക്കലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. 284 രോഗികളാണ് അത്താണിക്കലിൽ ഉള്ളത്. ഈ സാഹചര്യത്തിൽ കടുത്ത ജാഗ്രതാ നിർദേശം ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്.

സംസ്ഥാനത്ത് മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു; രണ്ടാഴ്ചയ്ക്കിടെ മഞ്ഞപ്പിത്തം ബാധിച്ചത് 245 പേര്‍ക്ക്... #JAUNDICE



തിരുവനന്തപുരം: സംസ്ഥാനത്ത് മഞ്ഞപ്പിത്തവും വയറിളക്കവും പടരുന്നു. സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ അമ്പതിനായിരത്തിലേറെ പേരാണ് രോഗബാധിതരായത്. രണ്ടാഴ്ചയ്ക്കിടെ മഞ്ഞപ്പിത്തം ബാധിച്ചത് 245 പേര്‍ക്കാണ്. മൂന്നുപേര്‍ മരിച്ചു.

ആറു മാസത്തിനിടെ രണ്ടേകാല്‍ ലക്ഷം പേരാണ് രോഗബാധിതരായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ചികിത്സ തേടിയത്. ഡെങ്കിപ്പനിയും സംസ്ഥാനത്ത് വ്യാപകമായി പടരുന്നുണ്ട്. കോഴിക്കോട് കുറ്റ്യാടി അടക്കമുള്ള മലയോരമേഖലകളില്‍ നിരവധി ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊച്ചി കളമശ്ശേരി മേഖലയിലും നിരവധി പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശിച്ചു. തിളപ്പിച്ച വെള്ളത്തില്‍ തിളപ്പിക്കാത്ത വെള്ളം ചേര്‍ത്ത് നല്‍കുക, ചട്നിയിലും മോരിലുമൊക്കെ ശുദ്ധമല്ലാത്ത വെള്ളം ചേര്‍ത്ത് ഉപയോഗിക്കുക എന്നിവയിലൂടെ ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കൊതുകുവഴിയാണ് ഡെങ്കിപ്പനി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. അതിനാൽ കൊതുകു നശീകരണം ഊർജ്ജിതമാക്കാൻ മന്ത്രി ആവശ്യപ്പെട്ടു.


ജാഗ്രത! തളിപ്പറമ്പിലും പരിസരത്തും മഞ്ഞപ്പിത്ത വ്യാപനം; രണ്ട് ആഴ്ചയിൽ 43 രോഗികൾ... #Jaundice


തളിപ്പറമ്പ് നഗരസഭയിലും   സമീപ പഞ്ചായത്തുകളിലും മഞ്ഞപ്പിത്തം പടരുന്നു. ചെറിയ കാലയളവിൽത്തന്നെ രോഗികളുടെ എണ്ണം വർധിച്ചത് ആരോഗ്യ വിഭാഗത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.

രോഗവ്യാപനം തടയാൻ കർശന നിർദേശങ്ങളാണ് നഗരസഭാധികാരികൾക്കും പഞ്ചായത്തുകൾക്കും നൽകിയിരിക്കുന്നത്. തളിപ്പറമ്പിലെ പ്രഭവകേന്ദ്രത്തിൽനിന്ന് ഒൻപതുപേർക്ക് രോഗബാധയുണ്ടായി എന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 

ജൂൺ 25-നാണ് നഗരസഭാപരിധിയിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മഞ്ഞപ്പിത്തം സമീപ പഞ്ചായത്തുകളിലേക്കുകൂടി പടർന്നതോടെ ഏഴോം പി.എച്ച്.സി.യുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളാരംഭിച്ചു.

നഗരസഭകളിൽനിന്നും ഗ്രാമപ്പഞ്ചായത്തുകളിൽനിന്നും പ്രതിദിന കണക്കുകൾ ശേഖരിച്ചുതുടങ്ങി. 

തളിപ്പറമ്പ്, ആന്തൂർ നഗരസഭ, പരിയാരം, കുറുമാത്തൂർ, ഏഴോം, ചപ്പാരപ്പടവ്, ആലക്കോട് തുടങ്ങിയ പഞ്ചായത്തുകളിലേക്ക് പ്രതിരോധ പ്രവർത്തനം വ്യാപിപ്പിച്ചു. രോഗികളെ കണ്ടെത്തിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പേരുവിവരങ്ങൾ ശേഖരിച്ചു.

രോഗവ്യാപനമുണ്ടായതായി തിരിച്ചറിഞ്ഞ കെട്ടിടത്തിലെ കിണർ വെള്ളം അണുവിമുക്തമാക്കുന്ന നടപടികളും തുടങ്ങി. ശുചീകരണ പ്രവർത്തനങ്ങളും ബോധവത്കരണ പ്രവർത്തനങ്ങളും കാര്യക്ഷമമാക്കാൻ ഉദ്യാഗസ്ഥരും ജനപ്രതിനിധികളും മുന്നിട്ടിറങ്ങിയിട്ടുണ്ട്.

നിർദേശം പാലിച്ചില്ലെങ്കിൽ കർശന നടപടി



നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് നഗരത്തിലെ ഹോട്ടലുകളിലും മറ്റ് സ്ഥാപനങ്ങളിലും പരിശോധനകൾ നടത്തുന്നുണ്ട്. നഗരസഭാധികാരികൾ നൽകുന്ന നിർദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും തുടങ്ങിയിട്ടുണ്ട്. 

നിർദേശങ്ങൾ പാലിക്കാത്തവരിൽനിന്ന് പിഴയായി 2.17 ലക്ഷം രൂപ അടയ്ക്കാൻ നോട്ടീസ് ഇതിനോടകം നൽകിക്കഴിഞ്ഞു.

കഴിഞ്ഞദിവസത്തെ പരിശോധനയിൽ ഏഴോം പഞ്ചായത്തിൽ മൂന്നുപേർക്ക് മഞ്ഞപ്പിത്തം കണ്ടെത്തിയിട്ടുണ്ട്. ഒരുമാസം മുൻപ് പരിയാരം ഗ്രാമപ്പഞ്ചായത്തിലും ഏതാനും പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. 

അവിടെ രോഗബാധ കെട്ടടങ്ങിയപ്പോഴാണ് തളിപ്പറമ്പ് നഗരപരിധിയിൽ വീണ്ടും രോഗികളെത്തിയത്.

ചപ്പാരപ്പടവില്‍ മഞ്ഞപ്പിത്ത കേസുകള്‍ വര്‍ധിക്കുന്നു: ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്.... #Jaundice




ചപ്പാരപ്പടവ് പഞ്ചായത്തില്‍ മഞ്ഞപ്പിത്ത (ഹെപ്പറ്റെറ്റിസ് എ)കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ പ്രദേശത്ത് ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം 50 ല്‍ അധികം മഞ്ഞപ്പിത്ത കേസുകളും രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള പ്രദേശമാണ് ചപ്പാരപ്പടവ് പഞ്ചായത്ത്.

ഈ വര്‍ഷം ജില്ലയില്‍ പരിയാരം, തൃപ്പങ്ങോട്ടൂര്‍, മാലൂര്‍ എന്നീ പ്രദേശങ്ങളിലാണ് മഞ്ഞപ്പിത്ത ഔട്ട് ബ്രേക്കുകള്‍ ആയി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നത്. ഈ ഔട്ട്ബ്രേക്കുകളും മറ്റ് ഒറ്റപ്പെട്ട കേസുകളും കൂടി ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 150 ഓളം മഞ്ഞപ്പിത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഔട്ബ്രേക് റിപ്പോര്‍ട്ട് ചെയ്ത പരിയാരത്ത് ഒരു കാവിലെ ഉത്സവസ്ഥലത്ത് നിന്ന് ഐസ്‌ക്രീം കഴിച്ചതുമായി ബന്ധപ്പെട്ടാണ് കുറച്ചു കേസുകള്‍ ഉണ്ടായിരുന്നത്.

ചപ്പാരപ്പടവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പുതിയ ഒമ്പതു മഞ്ഞപ്പിത്ത കേസുകള്‍ അഞ്ചാം വാര്‍ഡ് പ്രദേശത്താണ്.
 
പ്രദേശത്തെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്തു. മൈക്ക് അനൗണ്‍സ്മെന്റ് നടത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ സി സച്ചിന്റെ നേത്ര്വത്വത്തിലുള്ള ജില്ലാ ടീം സ്ഥലം സന്ദര്‍ശിച്ചു

മഞ്ഞപിത്തം ബാധിച്ച് ഒരു മരണം കൂടി ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം....#Jaundice

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണം കൂടി. പോത്തുകൽ കോടാലിപ്പൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് മരിച്ചത്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗബാധിതനായിരുന്നു സക്കീർ. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് മരണം.

  കഴിഞ്ഞ വെള്ളിയാഴ്ച മലപ്പുറം നിലമ്പൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചിരുന്നു. നിലമ്പൂർ ചാലിയാർ സ്വദേശി റനീഷ് (42) ആണ് മരിച്ചത്. രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

കേരളത്തിൽ പലയിടത്തും മഞ്ഞപ്പിത്തം പടരുകയാണ് , മഞ്ഞപിത്തം ബാധിച് ഒരാള്‍ മരിച്ചു ; ജനങ്ങള്‍ ജാഗ്രത പാലിക്കണം... #Jaundice


 മലപ്പുറം നിലമ്പൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നിലമ്പൂർ ചാലിയാർ സ്വദേശി റനീഷ് (42) ആണ് മരിച്ചത്. രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അതിനിടെ ഇന്ന് രാവിലെ ആറ് മണിയോടെ മരിച്ചു.

കേരളത്തിൽ പലയിടത്തും മഞ്ഞപ്പിത്തം പടരുകയാണ്. ഈ ആഴ്ചയിൽ മാത്രം ഇത് രണ്ടാമത്തെ മരണമാണ്. കോഴിക്കോട് മഞ്ഞപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അധ്യാപികയും കഴിഞ്ഞ നാലിന് മരിച്ചിരുന്നു.
 

അതിനിടെ എറണാകുളം വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു. ആരോഗ്യവകുപ്പിൻ്റെ കണക്ക് പ്രകാരം രണ്ടാഴ്ചയ്ക്കിടെ 127 പേർക്ക് രോഗം ബാധിച്ചു. പമ്പിംഗിൽ വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥയാണ് മഞ്ഞപ്പിത്തത്തിന് കാരണമെന്ന് വേങ്ങൂർ പഞ്ചായത്ത് അധികൃതർ ആരോപിച്ചു.ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് .

രോഗം ശാരീരികമായും സാമ്പത്തികമായും വേങ്ങൂരിലെ ഓരോ വീടും തകർക്കുകയാണ്. വേങ്ങൂർ അമ്പാടൻ വീട്ടിൽ ശ്രീകാന്തും ഭാര്യ അഞ്ജനയും സഹോദരൻ ശ്രീനിയും ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0