Taliparamba എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Taliparamba എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തളിപ്പറമ്പിൽ ‘മാടൻ മോക്ഷം’ ; ആവേശത്തോടെ കലാസ്വാദകർ, മാർച്ച് 20ന് വൈകുന്നേരം 7 മണിക്ക് പ്രദർശനം. #MadanMoksham

തളിപ്പറമ്പ് :
ആലപ്പുഴ മരുതം തിയേറ്റർ ഗ്രൂപ്പിന്റെ ശ്രദ്ധേയമായ നാടകാവിഷ്കാരമായ ‘മാടൻ മോക്ഷം’ ഈ മാസം 20-ാം തീയതി വെള്ളിയാഴ്ച രാത്രി 7 മണിക്ക് തളിപ്പറമ്പിലെ ചിന്മയ വിദ്യാലയത്തിൽ അരങ്ങേറും. നാടക നടനും സിനിമാതാരവുമായ സന്തോഷ് കീഴാറ്റൂർ പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ തളിപ്പറമ്പിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രശസ്ത സാഹിത്യകാരൻ ജയമോഹന്റെ കൃതിയെ ആസ്പദമാക്കി രാജ്മോഹൻ നീലേശ്വരം രചനയും ജോസ് മഠത്തിൽ സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ നാടകം, നാടൻ വിശ്വാസങ്ങളും സാമൂഹിക യാഥാർത്ഥ്യങ്ങളും ചേർത്തിണക്കിയ ശക്തമായ അവതരണമായിരിക്കും. മാടൻ ആചാരങ്ങളും അതുമായി ബന്ധപ്പെട്ട ആത്മീയ-സാംസ്കാരിക പശ്ചാത്തലങ്ങളും ആഴത്തിൽ അവതരിപ്പിക്കുന്നതിലൂടെ പ്രേക്ഷകർക്ക് ഒരു വ്യത്യസ്ത നാടകാനുഭവം നൽകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
പ്രവേശനം പാസ് മുഖേന മാത്രമായിരിക്കും. നാടകപ്രേമികൾക്ക് നിയന്ത്രിത പ്രവേശനം ഉറപ്പാക്കുന്നതിനായി മുൻകൂട്ടി പാസ് കൈപ്പറ്റണമെന്ന് സംഘാടകർ അറിയിച്ചു.
പുരോഗമന കലാസാഹിത്യ സംഘം തളിപ്പറമ്പ് മേഖലാ കമ്മിറ്റി, ജീവ കലാ കേന്ദ്രം തളിപ്പറമ്പ്, മാസ് ആർട്സ് സൊസൈറ്റി തളിപ്പറമ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് നാടകം തളിപ്പറമ്പിൽ അരങ്ങേറുന്നത്. കലാസാഹിത്യ രംഗത്ത് സജീവമായ സംഘടനകൾ ഒന്നിച്ചു ചേർന്ന് ഒരുക്കുന്ന ഈ വേദി, പ്രാദേശിക കലാപ്രേമികൾക്ക് ഒരു വലിയ സാംസ്കാരിക ആഘോഷമാകുമെന്ന് പ്രതീക്ഷിക്കുന്നു.
നാടകത്തിലെ പ്രധാന അഭിനേതാവും കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡ് ജേതാവുമായ ശിവൻ അയോധ്യയെ ചടങ്ങിൽ ആദരിക്കുമെന്നും സംഘാടകർ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ എം.വി. ജനാർദ്ദനൻ, പി. സുമേഷ്, രജിത മധു, എം. സന്തോഷ്, കെ. ബിജുമോൻ എന്നിവർ പങ്കെടുത്തു. നാടകത്തിന്റെ വിജയകരമായ നടത്തിപ്പിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അവർ അറിയിച്ചു.

മലയോര മേഖലയ്ക്ക് പുത്തൻ ഉണർവ്വേകി മംഗര പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു. #Mangara_Bridge


കണ്ണൂർ: മലയോര മേഖലയുടെ വികസനക്കുതിപ്പിൽ നിർണ്ണായക നാഴികക്കല്ലാകാൻ പോകുന്ന മംഗര പാലം ജനങ്ങൾക്കായി തുറന്നുകൊടുക്കുന്നു. 2026 മാർച്ച് 9 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങിൽ വെച്ച് ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ. എം.വി. ഗോവിന്ദൻ മാസ്റ്റർ പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. വർഷങ്ങളായുള്ള നാട്ടുകാരുടെ കാത്തിരിപ്പിനാണ് ഇതോടെ ശുഭപര്യവസാനമാകുന്നത്.

​കാസർഗോഡ് - കണ്ണൂർ ജില്ലകളിലെ മലയോര നിവാസികൾക്ക് ഈ പാലം ഒരു വലിയ യാത്രാവിപ്ലവമാണ് സമ്മാനിക്കുന്നത്. നിലവിൽ ഗതാഗത സൗകര്യങ്ങൾ പരിമിതമായ ഉൾപ്രദേശങ്ങളിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് അതിവേഗം എത്തിച്ചേരാൻ മംഗര പാലം സഹായിക്കും. പ്രവാസികൾക്കും വിദേശ യാത്രക്കാർക്കും ഒരുപോലെ ഗുണകരമാകുന്ന ഈ പാത, മലയോര മേഖലയുടെ വിനോദസഞ്ചാര-വാണിജ്യ സാധ്യതകൾക്ക് പുതിയ വാതിലുകൾ തുറന്നിടുകയാണ്.

​യാത്രാദൂരം ലാഭിക്കാം എന്നതാണ് ഈ പാലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വയനാട്, മൈസൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്ര സുഗമമാക്കാൻ മംഗര പാലം വഴി സാധിക്കും. ചരക്കുനീക്കം വേഗത്തിലാകുന്നതോടെ കാർഷിക മേഖലയ്ക്കും ഇത് വലിയ കരുത്താകും. അന്തർസംസ്ഥാന യാത്രകൾക്കും വിനോദസഞ്ചാര പാക്കേജുകൾക്കും ഈ പുതിയ റൂട്ട് വലിയ മുതൽക്കൂട്ടാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.

​ആധുനികമായ നിർമ്മാണ രീതികളും മനോഹരമായ കാഴ്ചകളും മംഗര പാലത്തെ ശ്രദ്ധേയമാക്കുന്നു. പ്രാദേശികമായ വികസനത്തിനൊപ്പം തന്നെ രണ്ട് ജില്ലകളെയും അയൽ സംസ്ഥാനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന കണ്ണിയായി ഈ പാലം മാറും. തിങ്കളാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ നിരവധി ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക നേതാക്കളും പങ്കെടുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

റോഡ് സുരക്ഷാ മാസാചരണം; ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ച് തളിപ്പറമ്പ സബ് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസ്. #Road_Safety

തളിപ്പറമ്പ : മോട്ടോർ വാഹന വകുപ്പ് തളിപ്പറമ്പ സബ് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ ഹെവി എക്വിപ്മെന്റ് ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് ആയ തളിപ്പറമ്പ നാടുകാണി കിൻഫ്ര പാർക്കിലെ ഹാം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മികച്ച റോഡ് സൗകര്യങ്ങൾ വികസിച്ചു വരുന്നതോടൊപ്പം അപകട നിരക്കും വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ വിവിധ പരിപാടികൾ വകുപ്പ് സംഘടിപ്പിച്ചു വരുന്നത്. റോഡ് ഉപഭോക്താക്കളിലേക്ക് ഏറ്റവും ലളിതമായ രീതിയിൽ ഗൗരവകരമായ  കാര്യങ്ങൾ എത്തിച്ചു നൽകുവാൻ സാധിക്കുന്ന തരത്തിലാണ് ബോധവൽക്കരണ പരിപാടികൾസംവിധാനം ചെയ്തിരിക്കുന്നത്.
അതിന്റെ ഭാഗമായാണ് മലബാറിലെ ആദ്യത്തെ ക്രെയിൻ ഫോർക്ക് ലിഫ്റ്റ് തുടങ്ങിയ ഹെവി എക്വിപ്മെന്റ് പഠന സ്ഥാപനമായ ഹാം ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസ്സ് സംഘടിപ്പിച്ചത്. പരിപാടിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്റ്റർ ശ്രീ. സുധാകരൻ ക്ലാസ് നയിച്ചു. ഹാം ഇൻസ്റ്റിറ്റ്യൂട്ട് മാനേജിങ്ങ് ഡയറക്റ്റർ മൊയ്ദു സ്വാഗതവും എച്ച്.ഒ.ഡി സുബിൻ സേവിയർ നന്ദിയും പറഞ്ഞു.

റോഡ് സുരക്ഷ വ്യക്തിഗത ഉത്തരവാദിത്തമെന്ന ബോധം വളർത്തുകയും, നിയമങ്ങൾ കൃത്യമായി പാലിക്കുന്ന ശീലങ്ങൾ ഡ്രൈവർമാരിലും റോഡ് ഉപയോക്താക്കളിലും ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ ബോധവൽക്കരണ ക്ലാസ് പങ്കെടുത്തവർക്കിടയിൽ മികച്ച അവബോധം സൃഷ്ടിച്ചതായി അധികൃതർ വിലയിരുത്തി. ഇത്തരത്തിലുള്ള പരിശീലനവും ബോധവൽക്കരണ പ്രവർത്തനങ്ങളും തുടർച്ചയായി സംഘടിപ്പിക്കുന്നതിലൂടെ റോഡ് അപകടങ്ങൾ കുറയ്ക്കാനും സുരക്ഷിതമായ യാത്രാസംസ്കാരം സമൂഹത്തിൽ സ്ഥാപിക്കാനുമാകുമെന്ന് പരിപാടിയുടെ സംഘാടകർ അറിയിച്ചു.

സുരക്ഷിത റോഡിലൂടെ സുരക്ഷിതമായ യാത്ര ; റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി തളിപ്പറമ്പ SRTO ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. #RoadSafetyMonth

 

കണ്ണൂർ : സംസ്ഥാനത്തെ റോഡ് സൗകര്യങ്ങൾ വികസിക്കുന്നതിനൊപ്പം റോഡ് അപകടങ്ങളും വർദ്ധിക്കുന്നു എന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്. അനുദിനം വർദ്ധിക്കുന്ന വാഹനങ്ങളും കൂടിയാകുമ്പോൾ അപകടങ്ങളുടെ നിരക്കും ഉയരുകയാണ്. ചെറിയ അശ്രദ്ധകളും, നിയമ ലംഘനങ്ങളും കാരണമാണ് വലിയ അപകടങ്ങൾ ഉണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് സുരക്ഷിത യാത്രയ്ക്കായ് റോഡ് സുരക്ഷാ മാസാചരണം സംഘടിപ്പിക്കുന്നത്. 2026 ജനുവരി 1 മുതൽ 31 വരെ വിവിധങ്ങളായ പരിപാടികളോടെ സംഘടിപ്പിക്കുന്ന റോഡ് സുരക്ഷാ മാസാചരണം ലക്ഷ്യമിടുന്നത് അപകടരഹിതമായ റോഡ് യാത്രയാണ്.


പരിപാടിയോടനുബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് – സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ്, തളിപ്പറമ്പയുടെ നേതൃത്വത്തിൽ റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് ഉൾപ്പടെ വിവിധ പരിപാടികൾ വിഭാവനം ചെയ്തിട്ടുണ്ട്.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ നാടുകാണിയിലെ കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന ഹെവി എക്വിപ്മെന്റ്ട്രെയിനിങ്ങ് സ്ഥാപനമായ HAM Institute and Services ന്റെ സഹകരണത്തോടെ, 2026 ജനുവരി 1 മുതൽ 31 വരെ ആചരിക്കുന്ന “റോഡ് സുരക്ഷാ മാസം 2026 -ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബോധവത്കരണ ക്ലാസ് ജനുവരി 19 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് HAM ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസിൽ നടക്കും.

റോഡ് അപകടങ്ങൾ മൂലമുള്ള ജീവൻനഷ്ടവും പരിക്കുകളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ,“സുരക്ഷിത റോഡുകൾ, സുരക്ഷിത ജീവിതം” എന്നമുദ്രാ വാക്യം ഉയർത്തിയാണ് ഈ വർഷത്തെ റോഡ് സുരക്ഷാ മാസാചരണം സംഘടിപ്പിക്കുന്നത്.

ക്ലാസിൽ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ പങ്കെടുക്കുകയും, റോഡ് നിയമങ്ങളുടെ പ്രാധാന്യം, ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവയുടെ നിർബന്ധിത ഉപയോഗം, അമിത വേഗതയും മദ്യപിച്ചുള്ള വാഹനമോടിക്കലും മൂലമുണ്ടാകുന്ന അപകടങ്ങൾ, വാഹന ഓടിക്കുന്നവരും കാൽ നടയാത്രക്കാരും പാലിക്കേണ്ട സുരക്ഷാ മാർഗങ്ങൾ, യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും റോഡ് സുരക്ഷാ ബോധവത്കരണത്തിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് വിശദമായ അവബോധം നൽകുകയും ചെയ്യും.

സമൂഹത്തിൽ റോഡ് സുരക്ഷാ സംസ്കാരം വളർത്തുന്നതിനും, അപകടരഹിതമായ യാത്ര ഉറപ്പാക്കുന്നതിനുമായി നടത്തുന്ന ഈ ബോധവത്കരണ പരിപാടി വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജനകരമാകുമെന്നും മുഴുവൻ ആളുകളും പരിപാടിയിൽ സന്നിഹിതരാകണമെന്നും സംഘാടകർ അറിയിച്ചു.

അമിതവേഗത്തിൽ വന്ന കാറിടിച്ച്‌ അമ്മയ്ക്കും മകനും പരിക്കേറ്റ സംഭവം, യുവതി അറസ്റ്റിൽ. #Car_Accident

ആലക്കോട് : സ്‌ക്കൂള്‍ ബസില്‍ നിന്നു മകനേയും കൂട്ടി വീട്ടിലേക്ക് നടന്നുപോകവെ കാറിടിച്ച് അമ്മക്കും മകനും പരിക്കേറ്റു. തിമിരി പനംകുറ്റിയിലെ ഐക്കമത്ത് വീട്ടില്‍ ശരണ്യ (33), മകന്‍ റിഷാന്‍ (എട്ട്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നവംബര്‍ 26 ന് വൈകുന്നേരം 4.55 നായിരുന്നു സംഭവം.

പനംകുറ്റി താഴെ എന്ന സ്ഥലത്ത് സ്‌ക്കൂള്‍ ബസില്‍  വന്നിറങ്ങിയ
മകനുമായി നടന്നുപോകവെ പെരിങ്ങാല ഭാഗത്തുനിന്നും അമിതവേഗത്തില്‍ വന്ന കെ.എല്‍.01-വി.വൈ 9208 നമ്പര്‍ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. കാറോടിച്ച പയ്യാവൂര്‍ സ്വദേശി ആനിയുടെ പേരില്‍ ആലക്കോട് പോലീസ് കേസെടുത്തു.

കണ്ണൂർ തളിപ്പറമ്പിൽ മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച നിലയിൽ. #FlashNews


തളിപ്പറമ്പ് : കണ്ണൂരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പിനടുത്ത  കുറുമാത്തൂരിലാണ് സംഭവം. ജാബിര്‍-മുബഷീറ ദമ്പതികളുടെ മകന്‍ ഹാമിഷ് ആണ്  മരിച്ചത്. കൈയില്‍ നിന്ന് കുഞ്ഞ് അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്നാണ് മാതാവ് മുബഷീറ പറയുന്നത്.

ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. മുബഷീറയുടെ നിലവിളി കേട്ട് എത്തിയ സമീപവാസികളാണ് കിണറ്റില്‍ വീണ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. കുളിപ്പിക്കുന്നതിനായി കിണറിന്റെ ഭാഗത്തുകൊണ്ടുവന്നപ്പോള്‍ കുഞ്ഞ് വഴുതി അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്നാണ് മുബഷീറ നാട്ടുകാരോട് പറഞ്ഞത്.

തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

തളിപ്പറമ്പിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. #RoadAccident

തളിപ്പറമ്പ് : യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. തളിപ്പറമ്പ കുപ്പത്തെ കെ.എം.സിദീഖിന്റെയും മുംതാസിന്റെയും മകന്‍ ഷമില്‍ ആണ് മരിച്ചത്. തളിപ്പറമ്പ് ആലക്കോട് റോഡില്‍ അണ്ടിക്കളത്ത് വെച്ചുണ്ടായ അപകടത്തിലാണ് അന്ത്യം. ഷമിൽ സഞ്ചരിച്ച ബൈക്ക് ഓട്ടോയുമായി കൂട്ടിയിടിച്ച് ആയിരുന്നു അപകടം.

കണ്ണൂരിന്റെ സന്നദ്ധ രക്തദാന രംഗത്ത് നിറ സാന്നിദ്ധ്യമായ അജീഷ് തടിക്കടവ് അന്തരിച്ചു. #Ajeesh_Thadikkadavu


ആലക്കോട് : കണ്ണൂരിന്റെ മലയോര മേഖലയിൽ  രക്തദാന പ്രവർത്തനത്തിലൂടെയും ജീവ കാരുണ്യ പ്രവർത്തനത്തിലൂടെയും ശ്രദ്ധേയനായ ആലക്കോട് തടിക്കടവ് കരിങ്കയത്തെ സി കെ അജീഷ് (47) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് മരണം.


കരുവൻ ചാലിലെ രേഖ അഡ്വർടൈസിംഗ് സ്ഥാപന ഉടമയാണ്.


അറുപതിലധികം തവണ സന്നദ്ധ രക്ത ദാനം നടത്തുകയും രക്ത ദാന പ്രവർത്തനങ്ങൾ നടത്തുകയും ജീവകാരുണ്യ പ്രവർത്തകനങ്ങൾ ഏകോപിപ്പിക്കുകയും രക്ത ദാതാക്കളെ കൂട്ടിയിണക്കി രക്ത ദാന സേനയുണ്ടാക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ചു വരികയുമായിരുന്നു.

തടിക്കടവ് മേഖലയുടെ രാഷ്ട്രീയ സാമൂഹ്യ - കലാ സാംസ്ക്കാരിക മേഖലകളിൽ നിറസാന്നിധ്യവുമായിരുന്നു. നിരവധി ബഹുമതികളും അനുമോദനങ്ങളും ലഭിച്ചിട്ടുണ്ട്.

ഭാര്യ: റിട്ട. പ്രഥമാധ്യാപിക എം. കെ. ഉമാദേവി. (ഒറ്റത്തൈ ഗവ.യു.പി സ്കൂൾ ). സഹോദരൻ : സജിത്ത് (രേഖ സ്റ്റിക്കർ വർക്ക്‌സ്, കരുവഞ്ചാൽ). ഭൗതിക ശരീരം ഉച്ചക്ക് ശേഷം 1:30 മുതൽ 2 മണി വരെ കരുവൻചാൽ ടൗണിൽ പൊതുദർശനത്തിന് വെക്കും. ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ 10 മണിക്ക്.

സൂ സഫാരി പാര്‍ക്ക് യാഥാര്‍ത്ഥ്യത്തിലേക്ക് ; തുടര്‍ നടപടികള്‍ക്കായി സന്തോഷ്‌ ജോര്‍ജ് കുളങ്ങര ഉള്‍പ്പെടെയുള്ളവര്‍ അടങ്ങുന്നത വിദഗ്ദ സമിതി. #ZooSafari_Park

തളിപ്പറമ്പ് : നാടുകാണിയിലെ നിർദിഷ്ട സൂ സഫാരി പാർക്ക് സ്ഥാപിക്കുന്നതിനുള്ള 252. 8 ഏക്കർ ഭൂമി സംസ്ഥാന മ്യൂസിയം മൃഗശാല വകുപ്പിന് കൈമാറി സർക്കാർ ഉത്തരവായത്തിന് ശേഷം തുടര്‍ നടപടിയായി സൂ സഫാരി പാര്‍ക്ക് നിര്‍മിക്കുന്നതിനായി വിദഗ്ദ സമിതിയെ നിശ്ചയിച് ഉത്തരവായത്. മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയും , തളിപ്പറമ്പ എം എല്‍ എ എം വി ഗോവിന്ദന്‍ മാസ്റ്ററും , ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ യോഗത്തിന്റെതാണ് തീരുമാനം.  
പദ്ധതിക്കായി വിശദമായ ഡിപിആർ തയ്യാറാക്കുന്നതിന് രണ്ടുകോടി രൂപ സർക്കാർ നേരത്തെ തന്നെ ബജറ്റിൽ അനുവദിച്ചിരുന്നു. ഡിപിആർ തയ്യാറാക്കുന്നതും മറ്റും പ്രവർത്തനങ്ങൾക്കുമായാണ് അഞ്ചംഗ വിദഗ്ദ സമിതിയെ തീരുമാനിച്ചത്.  റിട്ടയർഡ് ഐ.എഫ്.എസ്. ഉദ്യോഗസ്ഥനായ ജെയിംസ് വർഗീസിന്റെ നേതൃത്വത്തിൽ അഞ്ചംഗ വിദഗ്ദ സമിതിയാണ് നിലവില്‍ വന്നത്. സന്തോഷ്‌ ജോർജ് കുളങ്ങര , വനം വകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷൻ ഐ.എഫ്.എസ് , മൃഗശാല വകുപ്പ് ഡയരക്ടർ 
മഞ്ജുള ദേവി, മൃഗശാല വകുപ്പ് മുൻ ഡയരക്ടർ അബു  എബ്രഹാം എന്നിവരാണ് മറ്റ് അംഗങ്ങൾ.  ജനുവരി അവസാനത്തോടെ വിശദ ഡി പി ആര്‍ സമർപ്പിക്കും. തുടര്‍ന്ന്‍ ആവശ്യമായ സര്‍ക്കാര്‍ അംഗീകാരം ലഭ്യമാകുന്നതോടെ ടെണ്ടര്‍ നടപടികളിലേക്ക് കടക്കും.  
“ ലോകത്തിലെ ഏറ്റവും മികച്ച വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നായി കേരളം ഇതിനകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ടോപ്‌ ട്രെണ്ടിംഗ് ഡെസ്റ്റിനേഷനുകളായി കേരളത്തിലെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും മാറിയിരിക്കുന്നു. അതിലേക്കുള്ള സുപ്രധാനമായ ചുവടുവയ്പാണ് തളിപ്പറമ്പ് നാടുകാണിയിലെ സൂ സഫാരി പാർക്ക്. പാർക്ക് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച് കഴിഞ്ഞത്‌മുതല്‍ അതിനായി പ്രാഥമിക ചിലവുകള്‍ക്ക് ബജറ്റില്‍ പണം നീക്കി വച്ച് , 252 ഏക്കര്‍ ഭൂമി കൈമാറിക്കൊണ്ട് ഉത്തരവായി, ഇപ്പോള്‍ വിദഗ്ദ സമിതിയെയും തീരുമാനിച്ചിരിക്കുന്നു. വളരെ വേഗത്തിലാണ് കാര്യങ്ങളെല്ലാം നടക്കുന്നത്. പാർക്കിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഡി പി ആര്‍ തയ്യാറാക്കല്‍ ഉടൻ ആരംഭിക്കും. തളിപ്പറമ്പിനെ ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന പറശ്ശിനിക്കടവ് പില്‍ഗ്രിം ടൂറിസം , കരിമ്പം ഫാം ടൂറിസം, വെള്ളിക്കീൽ ഇക്കോ പാര്‍ക്ക് , തെയ്യം മ്യൂസിയം , ഹാപ്പിനസ് പാര്‍ക്കുകള്‍ തുടങ്ങിയ അഭിമാന പദ്ധതികൾക്കൊപ്പം സൂ സഫാരി പാർക്കും യാഥാർഥ്യമാകുന്നതോടെ നാടിന്റെ മുഖഛായ മാറും” - എം വി ഗോവിന്ദൻ മാസ്റ്റര്‍എംഎൽഎ പറഞ്ഞു.

തളിപ്പറമ്പ് തീപ്പിടിത്തം ; സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് പരിഗണിക്കുമെന്നു എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ. #Taliparamba_Fire

തളിപ്പറമ്പ : തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിൽ വ്യാഴാഴ്ച ഉണ്ടായ തീപ്പിടിത്തത്തിൽ വലിയ തോതിൽ  നാശനഷ്ടം സംഭവിച്ച  വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ പറഞ്ഞു. അഗ്നിബാധിത പ്രദേശത്ത്  സന്ദർശനം നടത്തിയ ശേഷം തളിപ്പറമ്പ് താലൂക്ക് ഓഫീസിൽ ചേർന്ന വിവിധ വകുപ്പ് മേധാവികളുടെയും വ്യാപാരികളുടെയും തൊഴിലാളി പ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചതായും എംഎൽഎ പറഞ്ഞു. കണ്ണൂർ ജില്ലയിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് തളിപ്പറമ്പിൽ സംഭവിച്ചത്. നൂറിലേറെ കടകളാണ് പൂർണമായും അഗ്നിക്കിരയായത്. 
കോഴിക്കോട് മിഠായി തെരുവിൽ ഉണ്ടായ തീപിടിത്തമുൾപ്പടെ സമാന സംഭവങ്ങളിൽ  നഷ്ടപരിഹാരം നൽകിയതുൾപ്പടെ പരിശോധിച്ച് അർഹമായ സഹായം ലഭ്യമാക്കുന്നതിനാണ് സര്ക്കാരിനോട് അഭ്യർത്തിച്ചിട്ടുള്ളത്. 

പ്രധാന തീരുമാനങ്ങൾ ;

ഒരാഴ്ചയ്ക്കകം  എല്ലാ വ്യാപാരികളിൽ നിന്നും നഷ്ടപരിഹാരത്തിനുള്ള അപേക്ഷ  സ്വീകരിക്കാൻ റവന്യൂ വകുപ്പ് അടിയന്തരമായി നടപടി സ്വീകരിക്കും. 

നഷ്ടപരിഹാരം അനുവദിക്കുന്നതിൽ സങ്കേതികത്വം ഒഴിവാക്കി ദുരന്ത ബാധിതർക്ക് അനൂകൂലമായ നടപടികൾ സ്വീകരിക്കണം 

വ്യാപാരസമുച്ചയങ്ങളിലെ നൂറിലേറെ കടകളിൽ ജോലി ചെയ്തിരുന്ന ഭിന്നശേഷിയുള്ളവർ ഉൾപ്പെടെയുള്ള 400 ലേറെ തൊഴിലാളികളുടെ പുനരധിവാസം പരിഗണിക്കണം 

സർക്കാറിന്റെ ഭാഗത്ത് നിന്നുള്ള പരമാവധി സഹായം ദുരന്തബാധിതർക്ക് നൽകാൻ ശ്രമിക്കും.

അഗ്നിബാധ നിയന്ത്രണ വിധേയമാക്കാൻ സഹായിച്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഫയർഫോഴ്സ് യൂണിറ്റുകൾ, ജില്ലാ ഭരണകൂടം, പോലീസ്, സന്നദ്ധ പ്രവർത്തകർ, കക്ഷിരാഷ്ട്രീയഭേദമന്യേ പ്രവർത്തിച്ച നാട്ടുകാർ എന്നിവരെ അഭിനന്ദിക്കുന്നു.

വ്യാപാരികളെയും തൊഴിലാളികളെയും പുനരധിവസിപ്പിക്കാൻ എല്ലാവിധ  സഹകരണവും  പൊതുസമൂഹത്തിൽ നിന്നും ഉണ്ടാവണം.

തളിപ്പറമ്പിൽ വൻ അഗ്നിബാധ, നിരവധി കടകൾ കത്തി നശിച്ചു. #Taliparamba_Fire


തളിപ്പറമ്പ് : കണ്ണൂര്‍ തളിപ്പറമ്പില്‍ വന്‍തീപ്പിടിത്തം. ബസ് സ്റ്റാന്‍ഡിന് സമീപം ദേശീയപാതയോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് തീപ്പിടിച്ചിരിക്കുന്നത്. കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയിൽനിന്നാണ് ആദ്യം തീപടർന്നതെന്നാണ് വിവരം.

വീഡിയോ >>

മൊബൈല്‍ ഷോപ്പുകളും തുണിക്കടകളും ഉള്‍ക്കൊള്ളുന്നതാണ് കെട്ടിടം. ഇതുവരെ ആളാപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കണ്ണൂര്‍, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് അഗ്നിശമനസേന പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.

വൈകീട്ട് അഞ്ചരയോടെയാണ് തീപിടത്തമുണ്ടായത്. ഒരു മണിക്കൂറിലേറെയായി തീ ആളി കത്തുകയാണ്. അഞ്ചോളം കടകള്‍ ഇതിനകം കത്തി നശിച്ചു. ഇതുവരെ തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല.

ടോയിലറ്റ് മാലിന്യം ബസ് സ്റ്റാന്റിലേക്ക് ; തളിപ്പറമ്പിൽ ജനങ്ങളെ ദുരിതത്തിലാക്കിയ സ്ഥാപനം പൂട്ടിച്ചു. #Taliparamba_BusStand

തളിപ്പറമ്പ് : ടോയിലറ്റ് മാലിന്യം റോഡിലേക്ക് ഒഴുക്കിവിടുന്ന സ്ഥാപനം തളിപ്പറമ്പ് നഗരസഭ അടച്ചുപൂട്ടി. മാസങ്ങളായി നാട്ടുകാര്‍ക്കും നഗരസഭക്കും ഇത് തീരാതലവേദനയായി മാറിയിരുന്നു. തളിപ്പറമ്പ് മെയിൻ റോഡിൽ ബസ്റ്റാൻ്റിന് സമീപം പ്രവര്‍ത്തിക്കുന്ന പവിഴം ബേങ്കേഴ്‌സ് എന്ന സ്ഥാപനത്തിലെ ശുചിമുറിയിലെ മലിനജലമാണ് ബസ്റ്റാന്റിന് സമീപം പൊതുസ്ഥലത്തേക്ക് ഒഴുക്കിയത്. 

കഴിഞ്ഞ ദിവസം മുതല്‍ മാലിന്യം ഒഴുക്ക് രൂക്ഷമായതോടെ  കടുത്ത ദുര്‍ഗന്ധം കാരണം ഓട്ടോറിക്ഷാ  ഡ്രൈവർമാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഓട്ടോബേയിലേക്കുള്ള പാര്‍ക്കിംഗ് സ്ഥലത്തേക്കാണ് മലിനജലം ഒഴുകിയത്തിയിരുന്നത്. ഇന്നലെ മുതല്‍ നഗരസഭാ ജീവനക്കാര്‍ മാലിന്യത്തിന്റെ ഉറവിടം തേടി പരിശോധന ആരംഭിച്ചിരുന്നു. 

പവിഴം ബേങ്കേഴ്‌സിന്റെ ശുചിമുറിയും സ്ഥാപനവും ഇന്ന് രാവിലെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ. നബീസബീവി, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ് നിസാര്‍, നഗരസഭ സെക്രട്ടറി കെ.പി.സുബൈര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധിച്ചു.

എട്ടുവയസുകാരിക്ക് പീഡനം; പ്രതിക്ക് 77 വർഷം തടവ് #LATEST_NEWS


തളിപ്പറമ്പ്:
എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 77 വര്‍ഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ.

ഉളിക്കൽ മണിപ്പാറ മല്ലിശ്ശേരിവീട്ടില്‍ പത്മനാഭനെയാണ് (54) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍. രാജേഷ് ശിക്ഷിച്ചത്. 2021 ആഗസ്റ്റിലായിരുന്നു കേസിനാസ്പദസംഭവം.

2022ലെ ക്രിസ്തുമസ് അവധിക്കാലത്തും പീഡനം നടന്നു. ആദ്യം തളിപ്പറമ്പ്  പോലീസ്  രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ഉളിക്കല്‍ സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. വിചാരണയുടെ അവസാന ഘട്ടത്തില്‍ കോടതിയെ കബളിപ്പിച്ചു മുങ്ങിയ പ്രതിയെ ഉളിക്കല്‍ പോലിസ് പിന്നീട് പിടികൂടുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.

നടുവിൽ താവുകുന്നിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം. #Accident

ആലക്കോട് : നടുവിൽ താവുകുന്നിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കരുവഞ്ചാൽ എത്താക്കാട്ട് ട്രേഡേഴ്സിന്റെ ലോറിയാണ് അപകടത്തിൽ പെട്ടത്. ആലക്കോട് ഭാഗത്തേക്ക് പോയ ലോറി തലകീഴായി മറിയുകയായിരുന്നു. റോഡിന് സമീപമുള്ള സതീശൻ എന്നയാളുടെ വീട്ടിലേക്കാണ് മറിഞ്ഞത്. ഇലക്ട്രിക്ക് പോസ്റ്റ് തകർത്ത് മുന്നോട്ട് നീങ്ങിയ വണ്ടി വീടിന് മുന്നിലുള്ള മരത്തിൽ തങ്ങി നിന്നതിനാൽ വൻ അപകടം ഒഴിവായി. അപകടത്തിൽ ആളപായമില്ല.

അമിത്ഷായുടെ സന്ദര്‍ശനം; നാളെ ഭക്തര്‍ക്ക് സന്ദര്‍ശന വിലക്ക് #Amit_Shah


തളിപ്പറമ്പ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജരാജേശ്വര ക്ഷേത്ര സന്ദര്‍ശനം നാളെ. സന്ദര്‍ശനം പ്രമാണിച്ച് തളിപ്പറമ്പില്‍ അതികര്‍ശനമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി പോലീസ്. നാളെ വൈകുന്നേരം 5 മുതല്‍ അമിത് ഷാ ക്ഷേത്രദര്‍ശനം നടത്തി തിരിച്ചുപോകുന്നതുവരെ ക്ഷേത്രത്തില്‍ മറ്റാര്‍ക്കും പ്രവേശനമുണ്ടാവില്ല.

ക്ഷേത്രത്തിലേക്കുള്ള റോഡ് ഇടുങ്ങിതായതിനാല്‍ റോഡിലും മറ്റ് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ക്ഷേത്ര കവാടത്തിന് സമീപത്തെ മരങ്ങള്‍ പോലും സുരക്ഷയുടെ ഭാഗമായി മുറിച്ചുനീക്കിയിട്ടുണ്ട്.

ഇസഡ് പ്ലസ് സുരക്ഷയുള്ള അമിത് ഷായുടെ ക്ഷേത്രസന്ദര്‍ശത്തിന് കനത്ത സുരക്ഷയാണ് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ അഞ്ചിനാണ് അദ്ദേഹം ക്ഷേത്രത്തിലെത്തുക. പ്രധാന വഴിപാടായ പൊന്നിന്‍കുടം സമര്‍പ്പിച്ച് തൊഴുന്ന അമിത്ഷാ പട്ടം, താലി നെയ്യമൃത് വഴിപാടുകളും ക്ഷേത്രത്തില്‍ നടത്തും. 

വരൂ കഴിക്കൂ, ഇത് വെറൈറ്റിയാണ്.. കണ്ണൂര്‍ കൂവേരിയില്‍ നിന്നും വൈറലായ ഒരു 'ഡ്രാഗണ്‍ ഫ്രൂട്ട് വിജയഗാഥ'.. #Dragon_Fruit_Koovery

രാജൻ ഡ്രാഗൺ ഫ്രൂട്ട് വില്പനക്കിടയിൽ
 
തളിപ്പറമ്പ : പഴക്കടകളില്‍ വ്യത്യസ്ത രൂപം കൊണ്ടും വില കൊണ്ടും വ്യത്യസ്ഥമാകുന്ന ഒന്നാണ് ഡ്രാഗണ്‍ ഫ്രൂട്ട്. റീലുകളിലും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും വൈറലായ ഇത് പക്ഷെ കഴിച്ചവര്‍ക്ക് വ്യത്യസ്ത അഭിപ്രായമായിരിക്കും. അതുകൊണ്ട് തന്നെ ഒന്നില്‍ അധികം തവണ വാങ്ങാത്തവരാണ് നമ്മളില്‍ പലരും. വിദേശത്ത് നിന്നും ഇറക്കമതി ചെയ്യുന്നത് എന്ന് തോന്നിപ്പിക്കുമാറ് നമ്മുടെ നാടിന്റെ യാതൊരു ച്ഛായയും ഇല്ലാത്ത ഈ പഴത്തിനെ കേരളത്തില്‍ കണ്ണൂരില്‍ ഇങ്ങ് തളിപ്പറമ്പിനടുത്ത കൂവേരി തേറണ്ടിയില്‍ വിജയകരമായി കൃഷി ചെയ്യുന്നുണ്ട് എന്നറിയുമ്പോള്‍ നമ്മളില്‍ പലര്‍ക്കും അത്ഭുദം തോന്നിയേക്കാം.


കൂവേരി തേറണ്ടിയിലെ പി. രാജനും കുടുംബവും ആണ് ഈ വ്യത്യസ്ഥ കൃഷിയില്‍ നൂറുമേനി നേടിയിരിക്കുന്നത്.

പൂര്‍ണ്ണമായും ജൈവ രീതിയില്‍ കൃഷി ചെയ്യുന്നതിനാലും, കൃത്യമായ മൂപ്പ് എത്തിയതിന് ശേഷം മാത്രം വിളവെടുക്കുന്നതിനാലും മാര്‍ക്കറ്റില്‍ ലഭ്യമാകുന്നതിനേക്കാള്‍ മികച്ച ഗുണവും സ്വാദും ഈ 'നാടന്‍ ഡ്രാഗണ്‍ ഫ്രൂട്ടില്‍' ഗ്യാരണ്ടിയാണ്. അതുകൊണ്ട് തന്നെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് പോലും കൂവേരിയില്‍ എത്തി ഡ്രാഗണ്‍ ഫ്രൂട്ട് വാങ്ങുന്നവര്‍ ഏറെയാണ്‌.



കള്ളിമുള്‍ചെടി വര്‍ഗ്ഗത്തില്‍ പെടുന്ന ഇവ പിതായ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ആൻറി ഓക്സിഡൻറുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാൽ ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്ന് വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു.


ജിംനേഷ്യങ്ങളില്‍ വര്‍ക്ക്ഔട്ട്‌ ചെയ്യുന്നവര്‍ ഇവ ഉപയോഗിച്ച് സ്മൂത്തികളും ഷേക്കുകളും ഉണ്ടാക്കി കഴിക്കുന്നത് മികച്ച ഫലം നല്‍കുന്നുണ്ട്. മാത്രമല്ല വ്യത്യസ്ത രുചിയും നിറവും ഉള്ളതിനാല്‍ ഇവ കുട്ടികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. മാത്രമല്ല ഇവ ജീവിതശൈലീ രോഗങ്ങളെ ചെറുക്കാൻ ഏറെ നല്ലതാണ് ഡ്രാഗൺ ഫ്രൂട്ട്. ഇതിൽ കലോറി കുറവും നാരുകൾ കൂടുതലുമാണ്. ഇതിനാൽ പ്രമേഹ രോഗികൾക്ക് കഴിയ്ക്കാവുന്ന മികച്ച ആഹാരമാണ്. അമിത രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ എന്നിവ നിയന്ത്രിക്കാനും രോഗ പ്രതിരോധശേഷി വർദ്ധിപ്പിയ്ക്കാനും ഇത് ഉത്തമമാണ്. കലോറി കുറവും നാരുകളുമുള്ളതിനാൽ തന്നെ അമിതഭാരം കുറയ്ക്കാൻ ഉത്തമമാണ് മാത്രമല്ല പോളിഫിനോളുകൾ അടങ്ങിയ ഈ പഴം ക്യാൻസർ പോലുള്ള രോഗങ്ങൾ തടയാനും ഏറെ ഗുണകരമാണ്. ഇതിൽ ബീറ്റാ ടാനിനുകൾ അടങ്ങിയിട്ടുണ്ട്. ഇതിനാൽ ഹൃദയാരോഗ്യത്തിന് നല്ലതാണ്. ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും മികച്ചതാണ് ഇത്. ഇതിലെ ചെറിയ കറുത്ത വിത്തുകൾ ഒമേഗ ത്രീ, ഒമേഗ 9 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. ഇത് കാർഡിയോ വാസ്‌കുലാർ രോഗങ്ങൾ അകറ്റാൻ ഏറെ നല്ലതാണ്.

മുന്‍കാലങ്ങളില്‍ എക്സ്പോര്‍ട്ട് ക്വാളിറ്റി ഉള്ളവ തിരഞ്ഞെടുത്തതിനു ശേഷം മൂപ്പ് എത്താത്തതും രുചി ഇല്ലാത്തതുമായ ഇറക്കുമതി ചെയ്ത ഡ്രാഗണ്‍ ഫ്രൂട്ടുകള്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയവര്‍ക്ക് ഇവയുടെ യഥാര്‍ത്ഥ രുചിയും ഗുണവും ലഭിക്കാത്തതിനാല്‍ പിന്നീട് വാങ്ങതിരിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ടെന്ന് രാജന്‍ പറയുന്നു. എന്നാല്‍ കൃത്യ സമയത്തുള്ള വിളവെടുപ്പും ശാസ്ത്രീയവും ജൈവ രീതിയില്‍ ഉള്ളതുമായ കൃഷി രീതി പിന്തുടരുന്നതിനാലാണ് യഥാര്‍ത്ഥ രുചിയും ഗുണവും ഉള്ള ഡ്രാഗണ്‍ഫ്രൂട്ടുകള്‍ഉപഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കാനാകുന്നത് എന്ന് രാജന്‍ പറയുന്നു.



ഭാര്യയും മക്കളും അടങ്ങുന്ന കുടുംബമാണ് രാജനെ കൃഷിയില്‍ പിന്തുണക്കുന്നതും പരിചരണത്തിലും വിപണനത്തിലും സഹായിക്കുന്നതും.. കനത്ത മഴ ആയതിനാല്‍ ഇപ്പോള്‍ വിപണനത്തിന് മാന്ദ്യം നേരിടുന്നതായി ഇദ്ദേഹം പറയുന്നു. അതിനാല്‍ വിവിധ സ്ഥലങ്ങളില്‍ വഴിയരികില്‍ നേരിട്ടാണ് കച്ചവടം. ആവശ്യമുള്ളവർക്ക് കഴിച്ച് നോക്കി ബോധ്യപ്പെട്ടത്തിന് ശേഷം മാത്രം വാങ്ങാനുള്ള അവസരവും ഉണ്ട്.
തളിപ്പറമ്പ - ആലക്കോട് റോഡില്‍ നാടുകാണിയില്‍ നിര്‍ദ്ധിഷ്ട സഫാരി പാര്‍ക്കിന് സമീപത്താണ് ഇപ്പോള്‍ വില്‍പ്പനക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. നമ്മുടെ നാട്ടിലെ കര്‍ഷകന്റെ കഠിന പ്രയത്നത്താല്‍ മികച്ച രുചിയും ഗുണവുമുള്ള "കൂവേരി ഡ്രാഗണ്‍ ഫ്രൂട്ടുകള്‍" ലഭിക്കുമ്പോള്‍ അവ വാങ്ങി രാജനെയും കുടുംബത്തെയും സഹായിക്കുന്നതോടൊപ്പം ആരോഗ്യവും സംതൃപ്തിയും ഉറപ്പിക്കാം.


ഡ്രാഗണ്‍ ഫ്രൂട്ട് മാത്രമല്ല ഇവയുടെ വിവിധ തരത്തില്‍ വളര്‍ച്ചയെത്തിയ തൈകളും രാജന്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡ്രാഗണ്‍ ഫ്രൂട്ടോ തൈകളോ വാങ്ങാന്‍ താല്പര്യമുള്ളവര്‍ ഉടന്‍ ബന്ധപ്പെടുക :


പി. രാജന്‍, തേറണ്ടി, കൂവേരി, കണ്ണൂര്‍ ജില്ല. ഫോണ്‍ : +91 9400549397

മലയോര മേഖലയുടെ ആരോഗ്യ സംരക്ഷണത്തിന് അൻപതാണ്ട് ; ചികിത്സാ ഇളവുകളുമായി ആലക്കോട് സഹകരണാശുപത്രി.. #Alakode_Hospital

അലക്കോട് : കണ്ണൂരിന്റെ മലയോര മേഖലയുടെ ആരോഗ്യസംരക്ഷണത്തിൽ 1975 മുതൽ ജനങ്ങൾക്കൊപ്പം പ്രതിജ്ഞാബദ്ധമായി മുന്നേറുന്ന കണ്ണൂർ ആലക്കോട്ടെ പി രാമവർമ്മ രാജ മെമ്മോറിയൽ സഹകരണ ആശുപത്രി, സുവർണ്ണ ജൂബിലി വർഷം ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ, ആശുപത്രി ജനങ്ങൾക്കായി നിരവധി ചികിത്സാ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു.

ജൂൺ മാസം മുഴുവനും നടക്കുന്ന ഈ പ്രത്യേക പദ്ധതി പ്രകാരം:

🔹 വിവിധ ചികിൽസാ വിഭാഗങ്ങളിൽ ചികിത്സകൾക്ക്  ഇളവുകൾ

🔹 ₹2200 മൂല്യമുള്ള EXECUTIVE HEALTH CHECKUP ₹800 രൂപയ്ക്ക് മാത്രം

🔹 BPL കുടുംബങ്ങളിലെ രോഗികൾക്ക് ഫീസ് ഇനത്തിൽ 50% വരെ ഇളവ്.

🔹 സൗജന്യ മെഡിക്കൽ ക്യാമ്പുകൾ.

എന്നിവയുൾപ്പടെ സാധാരണക്കാർക്കും അതുപോലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും മികച്ച ആരോഗ്യ സേവനം ലഭ്യമാക്കുന്നതിനുള്ള ഈ ചുവടുവെപ്പ്, സമൂഹത്തിന്റെ മെഡlllllpp ശക്തിപ്പെടുത്തും എന്നത് ഉറപ്പാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 
അലക്കോട് സഹകരണ ആശുപത്രി,
 
 
Tags  :
Alakode, Alakode Hospital, Alakode Co Op Hospital, Kannur, Taliparamba, Latest News, Flash News, News Alerts, Local News 

ദാരുണം : തളിപ്പറമ്പ് കൂവേരിയിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ചു. #Accident

തളിപ്പറമ്പ് : കൂവേരിയിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ചു.  വൈകിട്ട് അഞ്ചരയോടെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. നെല്ലിപ്പറമ്പ് താമസിക്കുന്ന പി. അബ്ദുല്ലത്തീഫിന്റെ മകൻ മുഹമ്മദ് ഷാഹിദ് എം (19) മരണപ്പെട്ടു.

വൈകീട്ട് അഞ്ചരയോടെ കൂവേരി തൂക്കു പാലത്തിന് സമീപത്ത് കുളിക്കുവാനായി ഇറങ്ങിയപ്പോഴായിരുന്നു അപകടം.

മാതാവ് : ശരീഫ. എം. സഹോദരങ്ങൾ : സഫ്‌വാന, സുഫൈദ്, ഷഹീൻ

തളിപ്പറമ്പിനടുത്ത ഏര്യത്ത് വൻ കഞ്ചാവ് വേട്ട, പ്രതി രക്ഷപ്പെട്ടു. #Crime

തളിപ്പറമ്പ : എര്യം തെന്നത്ത് പോലീസിന്റെ വന്‍ കഞ്ചാവ് വേട്ട. കുപ്രസിദ്ധ കഞ്ചാവ് വില്‍പ്പനക്കാരന്‍ കെ. ഷമ്മാസിന്റെ വീട്ടില്‍ നിന്നാണ് രണ്ട് കിലോ 350 ഗ്രാം കഞ്ചാവ് പിടിച്ചത്. വീടിനകത്ത് അലമാരയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. പോലീസിനെ കണ്ടയുടന്‍ പ്രതി ഷമ്മാസ് ഓടി രക്ഷപ്പെട്ടു. 

തളിപ്പറമ്പ്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ എക്‌സൈസ് കേസുകളില്‍ പ്രതിയാണ് ഷമ്മാസ്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. പരിയാരം പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

നോമ്പെടുത്ത് സ്വാശ്രയ സംഘാംഗങ്ങൾ.. വ്യത്യസ്ഥമാണ് എളംമ്പേരത്തെ സമൂഹ നോമ്പ് തുറ.. #Elamberam


"മുസ്‌ലിം വിശ്വാസികളുടെ നോമ്പിന്റെ വിശുദ്ധി ചോരാതെ നോമ്പെടുത്തു തന്നെ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു സമൂഹത്തിന് മാതൃകയായി കണ്ണൂർ തളിപ്പറമ്പ എളംമ്പേരത്തെ ലക്ഷ്യ സ്വാശ്രയ സംഘം."


തളിപ്പറമ്പ : എളംമ്പേരം ലക്ഷ്യ സ്വാശ്രയ സ്വയം സംഘത്തിന്റെ ആഭിമുഖ്യത്തിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. സ്വാശ്രയ സംഘാംഗങ്ങൾ നോമ്പ് എടുത്തതിന് ശേഷമാണ് നോമ്പ് തുറ സംഘടിപ്പിച്ചത്. 

വാർഡ് മെമ്പർ ശ്രീജ അധ്യക്ഷയായ ചടങ്ങിൽ പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ഷെരീഫ് ഈസ ഉദ്ഘാടനം ചെയ്തു.

സർവ്വ മതങ്ങളും നന്മയ്ക്ക് വേണ്ടിയാണ് ഉദ്ഭവിച്ചത്, എന്നാൽ അതിന്റെ പ്രാവർത്തനത്തിലെ പ്രശ്നങ്ങളാണ് ലോകത്തെ കാലുഷിതമാക്കുന്നത് എന്ന് ഉദ്ഘടന പ്രസംഗത്തിൽ ഷെരീഫ് ഈസ പറഞ്ഞു.

പി രമേശൻ സ്വാഗതവും സി കണ്ണൻ ആശംസയും സംഘം സെക്രട്ടറി ബിജേഷ് നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0