കണ്ണൂർ തളിപ്പറമ്പിൽ ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തോപ്പുംപടി സ്വദേശി ആൻ മരിയയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ അവസാന വർഷ ഫിസിയോതെറാപ്പി വിദ്യാർഥിനിയാണ്.
ആൻ മരിയയെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് സംഭവം. ആൻ മരിയ ഇന്നലെ ക്ലാസ്സിൽ പോയിരുന്നില്ല. വൈകുന്നേരം സഹപാഠികൾ എത്തി അന്വേഷിച്ചപ്പോൾ ഹോസ്റ്റൽ ബാത്ത്റൂം പൂട്ടിയ നിലയിൽ കണ്ടെത്തി. തുടർന്ന് പരിശോധിച്ചപ്പോഴാണ് ആൻ മരിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് അധികൃതർ പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
പത്തനംതിട്ട സ്വദേശിയായ നഴ്‌സിംഗ് വിദ്യാർത്ഥിനി അമ്മുവിൻ്റെ മരണത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കണ്ണൂർ സ്വദേശിയായ ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിയും ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ നാലാം വർഷ വിദ്യാർഥിയുമായ അമ്മു എസ് സജീവിൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി സഹപാഠികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പ്രതികളായ അഞ്ജന മധു, അലീന ദിലീപ്, എ ടി അക്ഷിത എന്നിവർ റിമാൻഡിലാണ്.