കർണാടകയിൽ വിനോദസഞ്ചാരത്തിന് പോയ നാല് വിദ്യാർത്ഥികൾ കടലിൽ മുങ്ങിമരിച്ചു. ഉത്തര കന്നഡയിലെ മുരുഡേശ്വര് ബീച്ചില് ചൊവ്വാഴ്ചയാണ് സംഭവം. കോലാർ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനികളായ ശ്രാവതി, ദീക്ഷ, ലാവണ്യ, ലിപിക എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരമാണ് 46 വിദ്യാർഥികളും അധ്യാപകരും അടങ്ങുന്ന സംഘം മുരുഡേശ്വറിലെത്തിയത്. ശക്തമായ തിരമാലകൾ ഉള്ളതിനാൽ ബീച്ചിൽ ഇറങ്ങരുതെന്ന് ലൈഫ് ഗാർഡിൻ്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഇതു വകവയ്ക്കാതെ കടലിൽ ഇറങ്ങിയ ഏഴു വിദ്യാർഥികൾ മുങ്ങിമരിച്ചു. ഇവരിൽ മൂന്നുപേരെ സുരക്ഷാ ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളികളും ചേർന്ന് കരയ്ക്കെത്തിച്ചു. മരിച്ച നാലുപേരിൽ ഒരാളുടെ മൃതദേഹം സംഭവദിവസം വൈകിയും മൂന്നുപേരുടെ മൃതദേഹം ഇന്നലെയും കണ്ടെത്തി.
സംഭവത്തിൽ വിദ്യാർഥി സംഘത്തെ നയിച്ച അധ്യാപകർക്കെതിരെ കർണാടക പൊലീസ് കേസെടുത്തു. ഇവരെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മരിച്ച വിദ്യാർത്ഥികളുടെ കുടുംബത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു