തിരുവനന്തപുരം : ബെവ്കോയിൽ റെക്കോർഡ് ബോണസ്. 1,02,500 രൂപ ബോണസ് നൽകാൻ ധാരണയായി. എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ മാനേജ്മെന്റും തൊഴിലാളി യൂണിയൻ പ്രതിനിധികളും നടത്തിയ ചർച്ചയിലാണ് തീരുമാനം. റെക്കോർഡ് വിൽപ്പന കണക്കിലെടുത്ത് അതനുസരിച്ച് ജീവനക്കാർക്ക് ബോണസ് നൽകാൻ തീരുമാനിച്ചതായി എംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ബോണസിൽ എട്ട് ശതമാനം വർധനവാണ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബെവ്കോയുടെ വിറ്റുവരവ് 19,700 കോടി രൂപയായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 650 കോടി രൂപയുടെ അധിക വരുമാനം ഇതിലൂടെ ലഭിച്ചു.
മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ ബോണസുമായി ബന്ധപ്പെട്ട് ഇന്ന് ചർച്ച നടത്തിയിരുന്നു. ബെവ്കോയിലെ എല്ലാ യൂണിയനുകളും യോഗത്തിൽ പങ്കെടുത്തു. ഈ യോഗത്തിലാണ് ബെവ്കോയിലെ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസ് ആയി നൽകാൻ തീരുമാനമെടുത്തത്.
കടകളിലേയും ഹെഡ്ക്വാർട്ടേഴ്സിലേയും ക്ലിനിങ് സ്റ്റാഫിനും എംപ്ലോയ്മെന്റ് സ്റ്റാഫിനും 6000 രൂപ ബോണസ് ആയി നൽകും. കഴിഞ്ഞ വർഷം ഇത് 5000 രൂപയായിരുന്നു. ഹെഡ് ഓഫീസിലേയും വെയർ ഹൌസുകളിലേയും സുരക്ഷാ ജീവനക്കാർക്ക് 12500 രൂപ ബോണസ് ആയി ലഭിക്കും.
കഴിഞ്ഞവർഷം 95,000 രൂപയായിരുന്നു ബോണസ്. അതിന് മുമ്പത്തെ വർഷം 90,000 രൂപയായിരുന്നു സ്ഥിരം ജീവനക്കാർക്ക് ബോണസ് ലഭിച്ചത്.