ആലപ്പുഴ : ദേശീയപാതയിൽ കളർകോട് ചങ്ങനാശേരി ജങ്ഷനു വടക്ക് കെഎസ്ആർടിസി ബസിൽ കാർ ഇടിച്ച് അഞ്ചു പേർ മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥികളായ ദേവാനന്ദൻ (മലപ്പുറം), ശ്രീദീപ് (പാലക്കാട്), മുഹമ്മദ് ജബ്ബാർ (കണ്ണൂർ), ആയുഷ് ഷാജി (ആലപ്പുഴ), മുഹമ്മദ് ഇബ്രാഹിം (ലക്ഷദ്വീപ്) എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.
തിങ്കളാഴ്ച രാത്രി 9.30നായിരുന്നു അപകടം. ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്ന ബസിൽ ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ടവേര കാർ ഇടിക്കുകയായിരുന്നു. 11 പേരാണ് കാറിൽ ഉണ്ടായിരുന്നത്. ബസ് യാത്രക്കാർക്കും പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥികളായ കൃഷ്ണദേവ് (ചേർത്തല), ആനന്ദ് (കൊല്ലം), ആൽവിൻ (എടത്വ), മുഹ്‌സിൻ (കൊല്ലം), ഗൗരിശങ്കർ (തൃപ്പൂണിത്തുറ) എന്നിവർ ആശുപത്രി വിട്ടു. ഫൈൻഡൻസൺ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബസ് യാത്രക്കാരായ ഷീബ (40), ബിയ (26), ബിനോജ് (50), അബ്ദുൾ ഗഫൂർ (60) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.