രത്തന്‍ ടാറ്റയുടെ സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ; ഇന്ന് പൊതുദര്‍ശനം... #Ratan_Tata

 


വ്യവസായ രംഗത്തെ അതികായൻ രത്തൻ ടാറ്റയ്ക്ക് വിട നൽകാൻ രാജ്യം. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് നടക്കും. രാവിലെ 10 മണി മുതൽ മുംബൈ എൻസിപിഎ ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. മഹാരാഷ്ട്രയിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്ന് വിനോദ പരിപാടികൾ ഉണ്ടാകില്ല. ഇന്ന് നടത്താനിരുന്ന സംസ്ഥാന സർക്കാരിൻ്റെ എല്ലാ പരിപാടികളും റദ്ദാക്കിയതായി മഹാരാഷ്ട്ര മന്ത്രി ദീപക് കേസാർകർ അറിയിച്ചു.

ദ്രൗപതി മുർമു രത്തൻ ടാറ്റയ്ക്ക് രാഷ്ട്രപതി അനുശോചന കുറിപ്പിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചു. ദീർഘവീക്ഷണവും അനുകമ്പയും ഉള്ള വ്യക്തിത്വമായിരുന്നു രത്തൻ ടാറ്റയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വ്യവസായത്തിലും ജീവകാരുണ്യത്തിലും ശാശ്വതമായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് രത്തൻ ടാറ്റയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു.

രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ചയാണ് രത്തൻ ടാറ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെൻ്റിലേറ്ററിലായിരുന്നു. അദ്ദേഹത്തിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ടാറ്റ ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് അത് വീണ്ടും വഷളായി.

ബുധനാഴ്ച രാത്രി 11.45 ഓടെയാണ് രത്തൻ ടാറ്റയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പിൻ്റെ ചെയർമാനായിരുന്ന രത്തൻ ടാറ്റയെ രാജ്യം പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി ആദരിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0