September 2025 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
September 2025 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 30 സെപ്റ്റംബർ 2025 | #NewsHeadlines

• ബീഹാറിലെ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തിന് ശേഷമുള്ള അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് 65 ലക്ഷം പേരുകളാണ് കമ്മീഷന്‍ വെട്ടി മാറ്റിയിരുന്നത്.

• തിരുവനന്തപുരത്തെ ബി ജെ പി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യാ കേസില്‍ കൂടുതല്‍ പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യും. അനിലിന്റെ ഓഫീസിലെ ജീവനക്കാരിയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

• പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും മുഖ്യമന്ത്രിയോട് പറയുന്നതിനായി ഒരുക്കിയ 'മുഖ്യമന്ത്രി എന്നോടൊപ്പം’ (സിഎം വിത്ത് മി) സിറ്റിസൺ കണക്ട് സെന്റർ പ്രവർത്തനം ആരംഭിച്ചു. 1800-425-6789 എന്ന ടോൾഫ്രീ നമ്പരിലൂടെയാണ് സേവനം ലഭ്യമാക്കുക.

• റഷ്യയ്ക്കെതിരെ പോരാടാൻ ഉക്രയ്‌ൻ പ്രസിഡന്റ്‌ വൊളോദിമിർ സെലൻസ്‌കി ആവശ്യപ്പെട്ട ദീർഘദൂര ടോമഹോക് മിസൈൽ നൽകുന്ന കാര്യം പരി​ഗണിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്.

• തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ പേരുചേർക്കാൻ ആദ്യ ദിവസമായ തിങ്കളാഴ്‌ച അപേക്ഷിച്ചത്‌ 2,285 പേർ. 83 പേർ തിരുത്തലിനും 266 പേർ വാർഡ്‌ മാറ്റുന്നതിനും 69 പേർ പേര്‌ ഒഴിവാക്കുന്നതിനും അപേക്ഷ നൽകി.

• സമ​ഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉദ്ദേശ്യശു​ദ്ധിയിൽ സംശയം പ്രകടിപ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. നിയമസഭ ഏകകണ്ഠമായി പ്രമേയം അം​ഗീകരിച്ചു.

• നെല്ല് സംഭരണത്തിന്റെ കണക്കുകൾ യഥാസമയം കൊടുക്കാത്തതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ തുക തടഞ്ഞുവച്ചതെന്നത് വ്യാജപ്രചാരണമെന്ന് ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍. ഇപ്രകാരം കണക്കുകളൊന്നും നൽകാനില്ലെന്ന് മന്ത്രി വ്യക്തമാക്കി.

• 2025ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) 2015ലെ കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്ലുകൾ നിയമസാഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 29 സെപ്റ്റംബർ 2025 | #NewsHeadlines

• അത്യന്തം ആവേശം നിറച്ച ഏഷ്യാ കപ്പ് ഫൈനലില്‍ നാടകാന്തം ഇന്ത്യയ്ക്ക് ജയം. പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യന്‍ ജയം.

• പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും മുഖ്യമന്ത്രിയോട് പറയുന്നതിനായി ‘മുഖ്യമന്ത്രി എന്നോടൊപ്പം’ സിറ്റിസൺ കണക്ട് സെന്റർ ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും.

• ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് നടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കും. ഒക്ടോബർ 4 ന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും ചടങ്ങ് നടക്കുക.

• ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാലി ഗ്രാമത്തിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായ 67 പേര്‍ മരിച്ചതായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. ദുരന്തമുണ്ടായി 52 ദിവസം കഴിഞ്ഞിട്ടും ഒരു തെളിവുകളും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പ്രഖ്യാപനം.

• വിഴിഞ്ഞം തുറമുഖാധിഷ്‌ഠിത വ്യവസായങ്ങൾക്കായി ആദ്യഘട്ടത്തിൽ ഏറ്റെടുക്കുന്നത്‌ 3000 ഏക്കർ. ഇതിൽ 2000 ഏക്കർ കണ്ടെത്തി. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്‌, കിൻഫ്ര, കെഎസ്‌ഐടിഎൽ തുടങ്ങിയ ഏജൻസികളാണ്‌ ഭൂമി ഏറ്റെടുക്കുക.

• മരണത്തിനിടയാക്കിയ നടൻ വിജയിയുടെ റാലിയിൽ പൊലീസ് കരുതിയത് 10,000 പേർ എത്തുമെന്ന്. എന്നാൽ പങ്കെടുത്തത് 50,000 ന് മുകളിൽ എന്നാണ് സൂചന. 10,000 പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നതെന്ന് എഡിജിപി ഡേവിഡ്സൺ ദേവാശിർവാദം പറഞ്ഞു.

• ലഡാക്കിൽ സംഘർഷത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മാറ്റി ഉടൻ പൂർവസ്ഥിതിയിലെത്തുമെന്ന് കേന്ദ്രസർക്കാർ. സംസ്ഥാന പദവി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ആണ് ഇളവ്.

• വോട്ടര്‍ പട്ടിക ഡാറ്റ സ്വകാര്യ കമ്പനികള്‍ക്ക് ലഭ്യമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കിയത് വിവാദത്തിലേക്ക്. റിപ്പോര്‍ട്ടേഴ‍്സ് കളക്ടീവാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 28 സെപ്റ്റംബർ 2025 | #NewsHeadlines

• തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്‍ കരൂരിൽ നടത്തിയ രാഷ്ട്രീയ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് കുട്ടികളടക്കം 40 പേര്‍ക്ക് ദാരുണാന്ത്യം. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. 

• രാജ്യത്തിന് തന്നെ മാതൃകയായ തുരുത്തി ടവറുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. രാജ്യത്തെതന്നെ ഏറ്റവും വലിയ ഭവന പുനരധിവാസ പദ്ധതിയാണ് തുരുത്തി ഇരട്ട ടവർ.

• വൈജ്ഞാനിക സമൂഹമായി മാറാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് ആഗോള പിന്തുണ ഉറപ്പാക്കാൻ പ്രവാസി പ്രൊഫഷണലുകളുടെ സഹകരണം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

• സംസ്ഥാനത്ത് ശക്തമായ മഴ തുടരും. വരുംദിവസങ്ങളിലും ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

• തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കാൻ വീണ്ടും അവസരം. തിങ്കളാഴ്ച മുതൽ പേര് ചേര്‍ക്കാൻ കഴിയും. അടുത്ത മാസം 25നാണ് അന്തിമ വോട്ടര്‍പട്ടിക ഇറക്കുന്നത്. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സായവര്‍ക്ക് ഒക്ടോബർ 14 വരെ ഓൺലൈനായി പേര് ചേർക്കാം.

• നവംബർ ഒന്നിന് സംസ്ഥാനം അതിദാരിദ്ര്യമുക്തമാകാൻ തയ്യാറെടുക്കുമ്പോൾ, തിരുവനന്തപുരത്തും നടപടികള്‍ പുരോഗമിക്കുകയാണ്. ജില്ലയിൽ അതിദരിദ്രരായി കണ്ടെത്തിയവരിൽ 94.86% കുടുംബങ്ങളെയും ഇതിനോടകം അതിദാരിദ്ര്യമുക്തമാക്കാൻ സാധിച്ചു.

• പാകിസ്ഥാൻ ഭീകരവാദത്തെ മഹത്വവത്കരിക്കുന്ന രാജ്യമാണെന്നും അൽ ഖായിദ തലവൻ ഒസാമ ബിൻ ലാദന് അഭയം നൽകിയെന്നും യു എൻ പൊതുസഭയിൽ ഇന്ത്യ.

• ഭൂട്ടാനില്‍ നിന്ന് അടക്കം വാഹനം എത്തിക്കുന്ന തട്ടിപ്പ് സംഘത്തിലെ ഇടനിലക്കാരെ സംബന്ധിച്ച് കസ്റ്റംസിന് വിവരം ലഭിച്ചതായി സൂചന.ഓപ്പറേഷന്‍ നുംഖൂറിന്റെ ഭാഗമായി 36വണ്ടികള്‍ പിടിച്ചെടുത്തെന്ന് കസ്റ്റംസ് അറിയിച്ചു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 27 സെപ്റ്റംബർ 2025 | #NewsHeadlines

• ഇന്ന് ലോക ടൂറിസം ദിനം; കേരളത്തിന്റെ സ്റ്റാർട്ടപ്പ് ഹബ്ബ് ആകാനൊരുങ്ങി വയനാട്. മുണ്ടകൈ-ചൂരൽമല ഉരുൾ പൊട്ടലിന് ശേഷം മരവിപ്പിലായ ടൂറിസം മേഖലയെ തിരികെ പിടിക്കാൻ നിരവധി പദ്ധതികളാണ്ഒരുങ്ങുന്നത്.

• ഓപ്പറേഷന്‍ നംഖോറില്‍ വാഹനം പിടിച്ചെടുത്ത കേസിൽ നടൻ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍. കസ്റ്റംസ്  ലാന്‍ഡ് റോവര്‍ വാഹനം പിടിച്ചെടുത്തത് ചോദ്യം ചെയ്താണ് ഹര്‍ജി.

• തിരുവനന്തപുരം ജില്ലയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിലേയ്ക്കുള്ള സന്ദര്‍ശനം നിരോധിച്ചു. പ്രതികൂല കാലാവസ്ഥ കാരണം ഇനി ഒരു നിർദ്ദേശം ഉണ്ടാകുന്നതുവരെ അടച്ചിടുന്നതായിട്ടാണ് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചിരിക്കുന്നത്.

• ലഡാക്കിന്‌ സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ നേതാവ്‌ സോനം വാങ്ചുക്ക് അറസ്റ്റിൽ. ദേശീയ സുരക്ഷാ നിയമപ്രകാരം ലേ പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

• ഇസ്രയേൽ അധിനിവേശ വെസ്റ്റ്‌ബാങ്കിലെ പലസ്‌തീൻ സെറ്റിൽമെന്റുകളിൽ മനുഷ്യാവകാശലംഘനങ്ങൾക്ക്‌ കൂട്ടുനിന്ന 68 ബഹുരാഷ്‌ട്ര കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്തി ഐക്യരാഷ്‌ട്ര സംഘടന.

• ഇൻഫോപാർക്ക് മൂന്നാംഘട്ടമടക്കം വികസന പദ്ധതികൾക്കായി ലാൻഡ്‌ പൂളിങ് വഴി ഭൂമി കണ്ടെത്താൻ നടപടികൾ ഉ‍ൗർജിതം. 29ന്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ജിസിഡിഎയും ഇൻഫോപാർക്കും ഇതിനായുള്ള ധാരണപത്രം ഒപ്പിടും.

• ഇന്ത്യക്കെതിരായ താരിഫ് ആക്രമണത്തിന്റെ ഭാഗമായി മരുന്നുകളുടെ ഇറക്കുമതിക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ 100 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ വ്യാപാരത്തില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയെ ഈ നീക്കം സാരമായി ബാധിക്കും.

• പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കാനൊരുങ്ങി സെര്‍ജിയോ ബുസ്കെറ്റ്സ്. മേജർ ലീ​ഗ് സോക്കറിന്റെ ഈ സീസൺ അവസാനം വിരമിക്കുമെന്ന് താരം സമൂഹമാധ്യമം വഴി അറിയിച്ചു.

• ഫിലിപ്പീൻസിൽ വീശിയടിച്ച കൊടുങ്കാറ്റിൽ മൂന്ന് മരണം. ഉഷ്ണമേഖലാ കൊടുങ്കാറ്റായ ബുവലോയിയെത്തുടർന്ന് തലസ്ഥാനമായ മനില ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കടുത്ത നാശനഷ്ടങ്ങളുണ്ടായി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 26 സെപ്റ്റംബർ 2025 | #NewsHeadlines

• അട്ടപ്പാടിയിലെ ജനങ്ങൾക്ക്‌ മികച്ച ആരോഗ്യ പരിചരണം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ. കോട്ടത്തറ ആശുപത്രിയിൽ‍ 13.66 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു.

• സംസ്ഥാനത്ത് പുതുക്കിയ മഴ ജാഗ്രത നിദേശങ്ങൾ പുറപ്പെടുവിപ്പിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തിൽ വീണ്ടും കനത്ത മഴ ലഭിച്ചിരുന്നു. ഈ നില തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

• ചരിത്രത്തിൽ ആദ്യമായി സുബ്രതോ കപ്പ് കേരളത്തിന്. ഉത്തരാഖണ്ഡിലെ അമിനിറ്റി സിബിഎസ്‌ഇ പബ്ലിക്‌ സ്‌കൂളിനെ രണ്ട്​ഗോളുകൾക്കാണ് കേരളം തകർത്തത്.

• റഷ്യയിൽനിന്ന്‌ എണ്ണ വാങ്ങുന്നത്‌ ഇന്ത്യ അവസാനിപ്പിക്കണമെന്നു യുഎസ്‌ ഊർജ സെക്രട്ടറി ക്രിസ്‌ റൈറ്റ്‌. അമേരിക്കയിൽനിന്ന്‌ ഇന്ത്യ എണ്ണ വാങ്ങുമെന്നാണ്‌ പ്രതീക്ഷ. റഷ്യ ഒഴികെ ഏതു രാജ്യത്തുനിന്ന് എണ്ണ വാങ്ങിയാലും വിരോധമില്ല എന്നും യു.എസ്.

• അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിനെതിരായ പൊതുതാല്പര്യ ഹര്‍ജിയില്‍ ഹര്‍ജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

• സംസ്ഥാനത്ത് വിവിധ ജില്ലകളിൽ നിന്നായി ഈ വർഷം ജൂലെെ വരെ കാണാതായത് 6,667 പേരെയെന്ന് ക്രെെം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ.
കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലെ കണക്കുകൾ പരിശോധിച്ചാൽ ഒരോ വർഷവും വലിയ വർധനവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

•  ഫെന്റനൈൽ ഉൾപ്പെടെയുള്ള നിരോധിത മയക്കുമരുന്നുകൾ കടത്തിയതിന് രണ്ട് ഇന്ത്യക്കാർക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തി. ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ട്രഷറി വകുപ്പിന്റെ വിദേശ ആസ്തി നിയന്ത്രണ ഓഫിസ് ഇന്ത്യ ആസ്ഥാനമായുള്ള ഒരു ഓൺലൈൻ ഫാർമസിക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

• പലസ്തീനിലെ ഏറ്റവും വലിയ ഭൂപ്രദേശമായ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ ഇസ്രയേലിനെ അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുസ്ലിം നേതാക്കൾക്ക് ഉറപ്പ് നൽകിയതായി റിപ്പോർട്ട്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 25 സെപ്റ്റംബർ 2025 | #NewsHeadlines

• ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കത്തുന്നു. ലഡാക്കിന് സംസ്ഥാന പദവിയും ഒപ്പം ആറാം ഷെഡ്യൂൾ പ്രകാരം പ്രത്യേക പദവിയും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങളാണ് ലേയിൽ സംഘർഷഭരിതമായത്.

• കേരളത്തിൻ്റെ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി പ്രകാശ് അഭിത്കര്‍. സംസ്ഥാനത്തെ ആശുപത്രികള്‍ സന്ദര്‍ശിച്ച ശേഷം ആരോഗ്യ വകുപ്പുമായി നടത്തിയ ചര്‍ച്ചയിലാണ് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ടീം കേരളത്തെ അഭിനന്ദിച്ചത്.

• കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ആദ്യ നോഡായ പാലക്കാട് സ്മാർട് സിറ്റിയുടെ (ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ) അടിസ്ഥാന സൗകര്യവികസനത്തിനുള്ള ടെണ്ടർ നടപടികൾ കേരളം പൂർത്തിയാക്കി.

• പിഡിപി നേതാവ്‌ അബ്ദുൾ നാസർ മദനി ഉൾപ്പെട്ട ബെംഗളൂരു സ്ഫോടനക്കേസിൽ നാല് മാസത്തിനകം വിചാരണക്കോടതി വിധി പറയണമെന്ന് സുപ്രീംകോടതി. 16 വര്‍ഷമായി വിചാരണ പൂര്‍ത്തിയാകാത്തതിനാല്‍ താന്‍ ജയിലില്‍ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടി കേസിലെ 28-ാം പ്രതിയായ താജുദ്ദീന്‍ നല്‍കിയ ഹർജിയിലാണ് സുപ്രിംകോടതിയുടെ ഉത്തരവ്.

• ഉക്രയ്‌നെതിരായ യുദ്ധത്തിൽ റഷ്യയെ സാമ്പത്തികമായി സഹായിക്കുന്നത്‌ ഇന്ത്യയും ചൈനയുമാണെന്ന യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ വാദത്തെ നിശിതമായി വിമർശിച്ച്‌ ചൈന.

• രാജ്യത്തെ 28 സംസ്ഥാനങ്ങളുടെ ധനസ്ഥിതി അവലോകനംചെയ്‌ത്‌ കംപട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ ഓഫ്‌ ഇന്ത്യ തയ്യാറാക്കിയ റിപ്പോർട്ടുപ്രകാരം മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെയും കടത്തിന്റെയും അനുപാതത്തിൽ കേരളം പതിനഞ്ചാമത്‌.

• ഇന്ത്യയിലും 26 വിദേശ രാജ്യങ്ങളിലുമായി ഏകദേശം 45 ലക്ഷം വിദ്യാർത്ഥികൾ എഴുതുന്ന പരീക്ഷയുടെ കലണ്ടർ സി ബി എസ്ഐ പുറത്തിറക്കി. സിബിഎസ്ഇ 10, 12 ക്ലാസുകളുടെ പരീക്ഷാ 2026 ഫെബ്രുവരി 17നും ജൂലൈ 15നും ഇടയിൽ നടക്കും.

• ഇന്ത്യയിലും 26 വിദേശ രാജ്യങ്ങളിലുമായി ഏകദേശം 45 ലക്ഷം വിദ്യാർത്ഥികൾ എഴുതുന്ന പരീക്ഷയുടെ കലണ്ടർ സി ബി എസ്ഐ പുറത്തിറക്കി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 24 സെപ്റ്റംബർ 2025 | #NewsHeadlines

• ജില്ലകളിലും സംവിധാനമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 5 കോടി രൂപ ചെലവഴിച്ച് ജില്ലയിലെ നിലവിലുള്ള നേത്ര ചികിത്സാ യൂണിറ്റുകളെ നവീകരിച്ചതിന് പുറമേ 6 ദൃഷ്ടി യൂണിറ്റുകള്‍ കൂടി ആരംഭിച്ചതോടെയാണ് ഇത് സാധ്യമിയത്.

• 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ ദാദ സാഹിബ് ഫാൽക്കെ പുരസ്‌കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി മോഹൻലാൽ. സിനിമ മേഖലയിലെ പരമോന്നത ബഹുമതിയാണ് മോഹൻലാൽ ഏറ്റുവാങ്ങിയത്.

• മെസിയെ കാണാൻ എല്ലാവർക്കും സൗകര്യം ഒരുക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. മത്സരം നവംബറിൽ തന്നെ നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. മത്സരം സംബന്ധിച്ച് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുമെന്നും കൃത്യം തീയതി മുഖ്യമന്ത്രി പ്രഖാപിക്കുമെന്നും മന്ത്രി അറിയിച്ചു.

• കേരളത്തിൽ പന്ത് തട്ടാനെത്തുന്ന അർജൻ്റീനക്ക് എതിരാളി ഓസ്‌ട്രേലിയൻ ദേശീയ ഫുട്ബോൾ ടീം. മത്സരകാര്യത്തിൽ ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി ധാരണയില്‍ എത്തിയിട്ടുണ്ട്.

• തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനൊരുങ്ങി കേരളം. തെരഞ്ഞെടുപ്പ്‌ പ്രക്രിയ നവംബറിൽ തുടങ്ങി വോട്ടെടുപ്പ്‌ ഡിസംബറിൽ നടക്കുമെന്നാണ്‌ സൂചന.

• കേരളത്തിന്റെ മഹാമാതൃകയായി ലോകം ശ്രദ്ധിക്കുന്ന കുടുംബശ്രീയിൽ ഇനി എല്ലാകുടുംബങ്ങൾക്കും അംഗമാകാം. ദാരിദ്ര്യനിർമാർജന പദ്ധതിയെന്ന നിലയിൽ നിലവിൽ ദരിദ്രകുടുംബങ്ങൾ മാത്രമാണ്‌ അംഗങ്ങൾ. എല്ലാ കുടുംബങ്ങൾക്കും അയൽക്കൂട്ടം അംഗങ്ങളാകാമെന്നതടക്കം കുടുംബശ്രീ കമ്യൂണിറ്റി ഡെവലപ്‌മെന്റ്‌ സൊസൈറ്റി യുടെ ബൈലോ ഭേദഗതിചെയ്‌തു.

• ഛത്തീസ്ഗഢിന് പിന്നാലെ മതപരിവര്‍ത്തനം ആരോപിച്ച് ഝാര്‍ഖണ്ഡിലും ആള്‍ക്കൂട്ട വിചാരണ. ടാറ്റാനഗര്‍ റെയില്‍വെ സ്റ്റേഷനില്‍ ബജ്‍റംഗ്‌ദള്‍ പ്രവര്‍ത്തകരും റെയില്‍വേ ഉദ്യോഗസ്ഥരും ചേര്‍ന്ന് കന്യാസ്ത്രീയെയും 19 ആദിവാസി കുട്ടികളെയും അഞ്ച് മണിക്കൂറോളം തടഞ്ഞുവച്ചു.

• ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ചയിലേക്ക് കൂപ്പുകുത്തി. ഇന്നലെ രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ഒരു ഡോളറിന് 88.53 രൂപ എന്ന നിലയിലേക്കാണ് രൂപ ഇടിഞ്ഞത്. ഇന്ത്യൻ ഉല്പന്നങ്ങൾക്ക് അമേരിക്ക കൂടുതൽ തീരുവ ഏർപ്പെടുത്തിയതും എച്ച്1ബി വിസ ഫീസ് വര്‍ധിപ്പിച്ചതുമാണ് രൂപയുടെ മൂല്യം ഇടിയാൻ പ്രധാന കാരണം.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 23 സെപ്റ്റംബർ 2025 | #NewsHeadlines

• കേരളത്തിലെ വോട്ടർപ്പട്ടികയുടെ തീവ്ര പുനഃപരിശോധന നീട്ടി വെക്കണമെന്ന ആവശ്യവുമായി കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ.

• വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യുനമര്‍ദ്ദം രൂപെപ്പെട്ടതോടെ സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴ ലഭിക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

• സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിൽ. ഗ്രാമിന് 10,320 രൂപയും പവന് 82,560 രൂപയുമായി. പവന് 320 രൂപയാണ് ഇന്ന് വർധിച്ചത്. ശനിയാഴ്ചത്തെ 82,240 രൂപയായിരുന്നു ഇതിന് മുന്‍പുള്ള വലിയ വില.

• കേരള സർവകലാശാല ചട്ടങ്ങൾ കാറ്റിൽപ്പറത്തി വിസി മോഹനൻ കുന്നുമ്മൽ. നാലു മാസത്തിലൊരിക്കൽ സെനറ്റ് യോഗം ചേരണമെന്ന സർവ്വകലാശാല ചട്ടം ആണ് വൈസ് ചാൻസിലർ മറികടന്നിരിക്കുന്നത്.

• രാജ്യത്ത് ഇരട്ട സ്ലാബ് ജി എസ് ടി പരിഷ്‌കരണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 5, 12, 18, 28 ശതമാനം എന്നിങ്ങനെ നാല്‌ സ്ലാബുകളായിരുന്ന നികുതി ഘടനയിൽ ഇന്നുമുതൽ 5 ശതമാനം, 18 ശതമാനം സ്ലാബുകൾ മാത്രമേ ഉണ്ടാകൂ.

• അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ വൻ സ്ഫോടനം. തിറ വാലിയിലെ മതൂർ ദാര പ്രദേശത്ത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 23 പേർ കൊല്ലപ്പെട്ടു.

• പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമാക്കുന്നതിന് കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

• ഗർഭിണികൾക്കുള്ള ശുശ്രൂഷയ്ക്കും ജീവിതശൈലീരോഗങ്ങൾ തടയുന്നതിനും പ്രത്യേക പരിഗണന നൽകി 14.39 കോടി രൂപയുടെ 12 പദ്ധതികളുമായി സംസ്ഥാന ആയുഷ്‌ വകുപ്പ്‌. വന്ധ്യതാ ക്ലിനിക്കും ആയുർവേദ സാധ്യതകൾ ഉപയോഗിച്ചുള്ള നേത്ര ചികിത്സയും കൂടുതൽ സ്ഥലങ്ങളിലേക്ക്‌ വ്യാപിപ്പിക്കും.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 22 സെപ്റ്റംബർ 2025 | #NewsHeadlines

• പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. 172 ലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യ ഏ‍ഴ് പന്തുകള്‍ ബാക്കി നില്‍ക്കെ വിജയത്തിലെത്തുകയായിരുന്നു.

• രാജ്യത്ത് ഇരട്ട സ്ലാബ് ജി എസ് ടി പരിഷ്‌കരണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. അഞ്ച് ശതമാനം പതിനെട്ട് ശതമാനം എന്നിങ്ങനെ രണ്ട് പ്രധാന സ്ലാബുകളിലായിരിക്കും പുതിയ നിരക്ക്.

• ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശിയ പാളികൾ അറ്റകുറ്റപ്പണികൾക്ക് ശേഷം തിരികെ എത്തിച്ചു. സെപ്തംബർ 21ന് പുലർച്ചെയാണ് സ്വർണ്ണം പൂശിയ പാളികൾ സന്നിധാനത്ത് അറ്റകുറ്റപണികള്‍ക്ക് ശേഷം തിരികെ എത്തിച്ചത്.

• സപ്ലൈകോ തിങ്കൾ മുതൽ വെളിച്ചെണ്ണ, തുവരപ്പരിപ്പ്‌, ചെറുപയർ എന്നിവ വില കുറച്ച്‌ വിൽക്കും. സബ്‌സിഡിയുള്ള ശബരി വെളിച്ചെണ്ണയ്‌ക്ക്‌ ലിറ്ററിന്‌ 20 രൂപയും സബ്‌സിഡിയിതര വെളിച്ചെണ്ണയ്‌ക്ക്‌ 30 രൂപയുമാണ്‌ കുറച്ചത്‌.

• നീണ്ട 19 വർഷമായി സൗദിയിലെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ കേസിൽ കീഴ്ക്കോടതിയുടെ വിധി ശരിവെച്ച് സൗദി സുപ്രീംകോടതി. അപ്പീൽ കോടതിയുടെ വിധിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളുകയായിരുന്നു.

• ഇന്ത്യയിലെ ഏറ്റവും വലിയ ഉള്ളി ഉല്പാദിപ്പിക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്രയിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ സെപ്റ്റംബർ 12 മുതൽ പ്രക്ഷോഭത്തിൽ.

• പട്ടിക വിഭാഗത്തില്‍പ്പെട്ട പതിനേഴ് വിദ്യാര്‍ത്ഥികളെ പൈലറ്റുമാരാക്കി സംസ്ഥാന സര്‍ക്കാര്‍. രണ്ട് എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്തായി വിദ്യാര്‍ഥികള്‍ക്ക് ഏവിയേഷന്‍ കോഴ്‌സ് പഠിയ്ക്കുന്നതിന് സഹായം നല്‍കിയെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കി.

• യൂറോപ്പിലെ നിർണായക മേഖലയായ ബാൾട്ടിക് കടലിനു മുകളിലൂടെ നിരീക്ഷണ വിമാനത്തെ അയച്ച് റഷ്യ. റഷ്യൻ നിർമിത ഐഎൽ–20 നിരീക്ഷണവിമാനമാണ് ചിത്രങ്ങൾ പകർത്താനും മറ്റ് നിരീക്ഷങ്ങൾക്കുമായി ബാൾട്ടിക് കടലിന് മുകളിലൂടെ പറന്നത്. ഇതോടെ ജർമ്മനിയും സ്വീഡനും അവരുടെ വ്യോമസേനാ യുദ്ധവിമാനങ്ങൾ മേഖലയിൽ വിന്യസിച്ചു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 21 സെപ്റ്റംബർ 2025 | #NewsHeadlines

• ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്. 2023ലെ പുരസ്‌കാരത്തിനാണ് മോഹന്‍ലാല്‍ അര്‍ഹനായത്.

• ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കാനുള്ള ബൃഹദ്‌ പദ്ധതികൾക്ക്‌ രൂപംനൽകി പമ്പയിൽ ആഗോള അയ്യപ്പസംഗമം നടന്നു. വിശ്വാസികളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കാനുള്ള സമാനതകളില്ലാത്ത മുന്നേറ്റംകൂടിയായി മാറിയ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു.

• കേരളം രൂപീകരിച്ച്‌ 75 വർഷം പൂർത്തിയാകുന്ന 2031ൽ സംസ്ഥാനം എങ്ങനെയായിരിക്കണം എന്നതിന്‌ രൂപംകൊടുക്കാൻ ഒക്‌ടോബറിൽ ‘വിഷൻ 2031’ എന്ന പേരിൽ 33 സെമിനാറുകൾ സംഘടിപ്പിക്കും.

• കോംഗോയിൽ എബോളരോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടന. എബോള വന്ന 31 പേർ മരിച്ചതായാണ് റിപ്പോർട്ട്. 48 കേസുകളാണ് നിലവിൽ സ്ഥിരീകരിച്ചവ. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഇതാദ്യമായാണ് എബോള സ്ഥിരീകരിക്കുന്നതെന്നും ഡബ്ള്യു എച്ച് ഓ ട്വീറ്റ് ചെയ്തു.

• തിരുവനന്തപുരത്ത് സാമ്പത്തിക ബാധ്യതയെ തുടർന്ന് ബിജെപി കൗൺസിലർ തിരുവല്ല അനിൽകുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിജെപി നേതാക്കളുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ്.

• സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം കാരക്കാട് സ്വദേശിയായ 13കാരനാണ് കോഴിക്കോട് മെഡിക്കൽ കൊളേജിൽ ചികിത്സ തേടിയത്. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളവരുടെ എണ്ണം പത്തായി.

• സംസ്ഥാനത്തെ വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്കും, ഹൈന്ദവ സ്ഥാപനങ്ങള്‍ക്കുമായി കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയത് 639 കോടി രൂപ. 2016 മുതൽ 2025 സെപ്റ്റംബർ 15 വരെ 639 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്.

• കേരള മീഡിയ അക്കാദമിയുടെ 2024–25ലെ ഇന്ത്യ മീഡിയ പേഴ്സൺ അവാർഡ് രാജ്ദീപ് സർദേശായിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. 30 ന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരള ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 20 സെപ്റ്റംബർ 2025 | #NewsHeadlines

• മണിപ്പൂരിൽ അസം റൈഫിൾസ് ജവാന്മാർ സഞ്ചരിച്ച ട്രക്കിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. ആറ് ജവാന്മാർക്ക് ആക്രമണത്തിൽ പരിക്കേറ്റു.

• അഞ്ചാമത് ചാമ്പ്യൻസ് ബോട്ട് ലീ​ഗിൽ വീയപുരം ജേതാക്കൾ. മേല്‍പാട് ചുണ്ടന്‍ രണ്ടാമതെത്തി. നിരണം ചുണ്ടനാണ് മൂന്നാം സ്ഥാനം. കുട്ടനാട് താലൂക്കിലെ കൈനകരി ഗ്രാമപഞ്ചായത്തില്‍ പമ്പയാറ്റിലാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടന്നത്.

• തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയകൾ നടത്തുന്നതിന് യാതൊരുവിധ പ്രതിസന്ധിയും നിലവിലില്ലെന്ന് ആശുപത്രി അധികൃതർ. ഉപകരണങ്ങളുടെ ക്ഷാമം മൂലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയകൾ വീണ്ടും തടസപ്പെടുന്നു എന്ന തരത്തിൽ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

• വോട്ടുകൊള്ളയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ആക്രമണം തുടര്‍ന്ന് രാഹുല്‍ ഗാന്ധി. വോട്ടുകൊള്ള കണ്ടിട്ടും കള്ളന്മാരെ സംരക്ഷിക്കുന്നു എന്നാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം.

• ‘ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കോട്ടിങ്ങ് ഡിസ്പോസിബിള്‍ വസ്തുക്കളുടെ ഉപഭോഗം പരമാവധി കുറച്ചു’: പേപ്പര്‍ ഗ്ലാസ്സുകള്‍ നിരോധിക്കേണ്ടതിൻ്റെ ശ്രദ്ധ കഷണിക്കലിന് മറുപടി നല്‍കി മന്ത്രി എം ബി രാജേഷ്.

• പാലിയേക്കരയിലെ ടോള്‍ പിരിവിന് ഉപാധികളോടെ അനുമതി നല്‍കാമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച ഉത്തരവ്  ഹൈക്കോടതി  തിങ്കളാഴ്ച പുറപ്പെടുവിക്കും. ടോൾ പിരിവിനുള്ള വിലക്ക് തിങ്കളാഴ്ച വരെ തുടരുമെന്നും കോടതി വ്യക്തമാക്കി.

• സപ്ലൈകോ ഓണച്ചന്ത ഉദ്ഘാടനത്തിലെ പ്രസംഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രി ജി ആര്‍ അനില്‍ പച്ചക്കള്ളം പറഞ്ഞു എന്ന് പറഞ്ഞത് പ്രകോപനം കൊണ്ടാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

• കൃഷിക്കും വീട് നിർമ്മാണത്തിനുമായി പതിച്ചു നൽകിയ ഭൂമിയിൽ വക മാറ്റിയുള്ള വിനിയോഗം ക്രമവല്‍ക്കരിക്കുന്നതിന് 3,000 ചതുരശ്ര അടി വരെ കോമ്പൗണ്ടിങ് ഫീസ് സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കി. ഇത് സംബന്ധിച്ച ഭൂപതിവ് നിയമത്തിലെ ചട്ടഭേദഗതിക്ക് നിയമസഭാ സബ്ജക്ട് കമ്മിറ്റി അംഗീകാരം നൽകി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 19 സെപ്റ്റംബർ 2025 | #NewsHeadlines

• അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടിക്ക് രോഗമുക്തി. മലപ്പുറം ചേളാരി സ്വദേശിയായ 11കാരി ഇന്നലെ ആശുപത്രി വിട്ടു. കുട്ടി പൂർണ ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇനി രോഗം ബാധിച്ച് കോഴിക്കോട് ജില്ലയിൽ 10 പേരാണ് ചികിത്സയിലുള്ളത്. ആരുടെയും നില ഗുരുതരമല്ല.

• അമീബിക് മസ്തിഷ്‌ക ജ്വരം; കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനം വാര്‍ത്തയാക്കി ബിബിസി: മുന്നോട്ടു പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ഊര്‍ജമെന്ന് മന്ത്രി വീണാ ജോര്‍ജ്.

• നിയമസഭയില്‍ അവതരിപ്പിച്ച വനം ഭേദഗതി ബില്ലും വനം വന്യജീവി സംരക്ഷണ ഭേദഗതി ബില്ലും സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. പാമ്പുകളെ പിടിക്കാനും കൊല്ലാനും നിയന്ത്രണമില്ലെന്ന് എ കെ ശശീന്ദ്രൻ സഭയിൽ പറഞ്ഞു.

• മുഖ്യമന്ത്രിയായിരുന്നപ്പോൾ ശിവഗിരിയിൽ പൊലീസിനെകയറ്റി നരനായാട്ട്‌ നടത്തിയ എ കെ ആന്റണിയുടെ ഇപ്പോഴത്തെ ഖേദപ്രകടനംകൊണ്ട് ശ്രീനാരായണീയരുടെ ദുഃഖം മാറില്ലെന്ന്‌ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ.

• ഷിപ്പിങ്, ലോജിസ്റ്റിക്സ്, ഫിഷറീസ്, വിദ്യാഭ്യാസം, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിൽ കേരളത്തിന് വൻ വികസന സാധ്യതകളാണുള്ളതെന്ന് ഇന്ത്യയിലെ യൂറോപ്യൻ യൂണിയൻ അംബാസഡർ ഹെർവ് ഡെൽഫിൻ.

• മലേഗാവ് സ്‌ഫോടന കേസിൽ കുറ്റവിമുക്തരാക്കപ്പെട്ട ഏഴ് പേർക്കും ദേശീയ അന്വേഷണ ഏജൻസിക്കും നോട്ടീസ് അയച്ച് ബോംബെ ഹൈക്കോടതി. സ്ഫോടന ഇരകളുടെ കുടുംബാംഗങ്ങൾ സമർപ്പിച്ച അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.

• മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ ദേശീയ തിരിച്ചറിയൽ കാർഡ് റദ്ദാക്കിയതായി ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമ്മിഷൻ. അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ഹസീനയ്ക്ക് വോട്ട് ചെയ്യാനാകില്ല.

• ധർമ്മസ്ഥല ബങ്കലെഗുഡേ വനത്തിൽ നിന്ന് വീണ്ടും തലയോട്ടികളും അസ്ഥികൂടങ്ങളും കിട്ടിയതായി റിപ്പോർട്ട്. ഇന്നലെ രണ്ട് തലയോട്ടികള്‍ കൂടി കണ്ടെടുത്തു. സമീപത്തുനിന്ന് ഏഴു വർഷങ്ങൾക്കു മുമ്പ് കാണാതായ ഒരാളുടെ തിരിച്ചറിയൽ കാർഡും കിട്ടി. ഇതോടെ രണ്ടുദിവസത്തെ തെരച്ചിലിൽ കിട്ടിയ തലയോട്ടികളുടെ എണ്ണം ഏഴായി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 18 സെപ്റ്റംബർ 2025 | #NewsHeadlines

• കേരളത്തിൽ നിർണയ എന്ന പേരിൽ അതിവിപുലമായ ലാബ് ശൃംഖല വരുന്നു. അടിയന്തരപ്രമേയത്തിന് മറുപടിയായി ആരോഗ്യമന്ത്രി വീണാ ജോർജ് നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

• പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വിരണാസിയിൽ ഉൾപ്പെടെ വോട്ട് മോഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തു വിടാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാവിലെ 10 മണിക്കാണ് ദില്ലിയില്‍ പ്രത്യേക വാര്‍ത്ത സമ്മേളനം വിളിച്ചത്.

• ആഗോള അയ്യപ്പ സംഗമം നടത്താന്‍ സുപ്രീംകോടതി അനുമതി. അയപ്പസംഗമം നടത്താമെന്നും ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

• സംരംഭക വര്‍ഷത്തില്‍ വ്യവസായ മേഖലയില്‍ കേരളത്തിന് മികച്ച രീതിയില്‍ മുന്നേറാന്‍ കഴിഞ്ഞുവെന്ന് മന്ത്രി പി രാ ജീവ് നിയമസഭയില്‍ അറിയിച്ചു. മൂന്നു ലക്ഷത്തിലധികം പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞു. നിക്ഷേപങ്ങളും തൊഴിലവസരങ്ങളും വര്‍ധിച്ചുവെന്നും മന്ത്രി പറഞ്ഞു.

• ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ തീരുമാനിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം.

• ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായി പുതിയ സംരംഭം ആരംഭിക്കും. 'മുഖ്യമന്ത്രി എന്നോടൊപ്പം' എന്ന പേരിൽ സമഗ്ര സിറ്റിസൺ കണക്ട് സെന്റർ ആരംഭിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.

• ടൂറിസം, ഐടി, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ), ഹരിത ഊർജം മേഖലകളിൽ കേരളം മുന്നേറുന്നുവെന്ന്‌ പഠനം. എംഎസ്എംഇ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ നടത്തിയ പഠനത്തിൽ 2021- മുതൽ -25 വരെ 70,916 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതികൾ കേരളത്തിലെത്തി.

• രാജ്യവ്യാപകമായി വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം നടപ്പിലാക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് കമ്മിഷൻ നീക്കം പകുതിയിലധികം വോട്ടര്‍മാരെ ബാധിക്കും. ഫലത്തില്‍ അത്രയും പേര്‍ വ്യക്തമായ രേഖകള്‍ സമര്‍പ്പിച്ച് വീണ്ടും പേരുചേര്‍ക്കേണ്ടിവരും.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 17 സെപ്റ്റംബർ 2025 | #NewsHeadlines

• സ്ത്രീ ക്ലിനിക്കുകള്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്കുള്ള സമര്‍പ്പണം; ആറ് മാസത്തിലൊരിക്കല്‍ ആരോഗ്യ പരിശോധന നടത്തണം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

• കർണാടകയിൽ വൻ ബാങ്ക് കൊള്ള. വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിലാണ് കവർച്ച നടന്നത്. ഏകദേശം 8 കോടി രൂപയും 50 പവൻ സ്വർണവുമാണ് കൊള്ളയടിക്കപ്പെട്ടത്.

• മലപ്പുറം എടവണ്ണയിൽ വൻ ആയുധവേട്ട. ഇരുപത് എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും 200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്സും വീട്ടിൽ നിന്നും കണ്ടെത്തി.

• 386 കോടിയിലേറെ രൂപയുടെ വിറ്റുവരവ് സപ്ലൈകോയിലുണ്ടായെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. സബ്സിഡി ഇനത്തിൽ 180 കോടിയാണ്. നോൺ സബ്സിഡി ഇനത്തില്‍ 206 കോടി രൂപയാണ് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. കർഷകർക്ക് കൊടുക്കാനുളള
242 കോടി രൂപ ഈയാഴ്ച തന്നെ കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

• പൊതുവിപണിയിൽ വിലക്കയറ്റം പിടിച്ച്‌ നിർത്താൻ ഓണക്കാലത്തെ വിപണി ഇടപെടൽ തുടരുമെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിയമസഭയെ അറിയിച്ചു. കുറഞ്ഞ നിരക്കിൽ പ്രതിമാസം 28 കിലോ അരി സപ്ലൈകോ ഒ‍ൗട്ട്‌ലറ്റുകൾ വഴി വിതരണം ചെയ്യും.

• സംസ്ഥാനത്ത് ഗവേഷണാധിഷ്ഠിതവും, നവീനവുമായ ബിരുദാന്തര ബിരുദ കരിക്കുലം തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു.

• വയനാട് എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ പുരനധിവാസ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുണഭോക്താക്കളുടെ പട്ടിക തയാറായിട്ടുണ്ട്. 104 ഗുണഭോക്താക്കൾക്ക് 15 ലക്ഷം രൂപ നൽകി. ബാക്കി 295 ഗുണഭോക്താക്കൾ വീടിന് സമ്മതപത്രം നൽകി.

• ട്രംപിന്റെ തീരുവ യുദ്ധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ഇന്ത്യ‑യുഎസ് വ്യാപാര കരാര്‍ ചര്‍ച്ച വീണ്ടും തുടങ്ങി. 50% താരീഫ് ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയിലെ കയറ്റുമതിക്കാര്‍, പ്രത്യേകിച്ച് വസ്ത്ര വ്യാപാരമേഖലയിലുള്ളവര്‍ വലിയ പ്രതിസന്ധിയിലാണ്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 16 സെപ്റ്റംബർ 2025 | #NewsHeadlines

• 2025-26 വർഷത്തെ സ്കോളർഷിപ്പ് നൽകുന്നതിനോടൊപ്പം ആയിരം വിദ്യാർത്ഥികൾക്ക് വിദേശ പഠനം സാധ്യമാക്കിയതിന്റെ പ്രഖ്യാപനവും കൂടി നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ.

• സംസ്ഥാനത്ത് മിൽമാ പാലിന്റെ വില വർധിപ്പിക്കില്ലെന്ന് മിൽമ ചെയർമാൻ കെ എസ് മണി. മിൽമ ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

• ഇടതടവില്ലാത്ത അതിവേഗ ഇന്റർനെറ്റ് സേവനം നൽകുന്ന ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ നെറ്റ് സംവിധാനം പണിമുടക്കി. യുഎസിൽ മാത്രം ഇന്ന് രാവിലെ 43,000-ത്തിലധികം തടസ്സ റിപ്പോർട്ടുകൾ ചെയ്യപ്പെട്ടു.

• ഇസ്രയേലിന്റെ കടന്നാക്രമണത്തെയും അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനത്തെയും ചെറുക്കാൻ യോജിച്ച് പ്രവർത്തിക്കാൻ ആഹ്വാനംചെയ്‌ത്‌ അറബ്, ഇസ്ലാമിക ഉച്ചകോടി.

• വഖഫ്‌ നൽകണമെങ്കിൽ അഞ്ചുവർഷം ഇസ്ലാം മതാചാരങ്ങൾ പിന്തുടരുന്നയാളാകണമെന്നതടക്കം വഖഫ്‌ ഭേദഗതി നിയമത്തിലെ ചില വിവാദ വ്യവസ്ഥകൾ സുപ്രീംകോടതി സ്റ്റേചെയ്‌തു.

• 15-ാം കേരള നിയമസഭയുടെ 14-ാം സമ്മേളനത്തിന് തുടക്കമായി. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, മുൻ സ്പീക്കർ പി പി തങ്കച്ചൻ, എം എൽ എ വാഴൂർ സോമൻ എന്നിവർക്ക് ആദരം അർപ്പിച്ച ശേഷം സഭ പിരിഞ്ഞു.

• മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ കുക്കി നേതാവിന്റെ വീട് ആക്രമികള്‍ തീയിട്ട് നശിപ്പിച്ചു. കുക്കി നാഷണല്‍ ഓര്‍ഗനൈസേഷന്‍ (കെഎന്‍ഒ) നേതാവ് കാല്‍വിന്‍ ഐഖെന്‍തങ്ങിന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്.

• മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഓഗസ്റ്റില്‍ 0.52 ശതമാനമായി ഉയര്‍ന്നു. ജൂലൈയില്‍ ഇത്-0.58 ശതമാനമായിരുന്നുവെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 15 സെപ്റ്റംബർ 2025 | #NewsHeadlines

• ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ ഏ‍ഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. 128 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് അഭിഷേക് ശര്‍മ നല്‍കിയത്.

• സംസ്ഥാനത്തെ സർക്കാർ ഉടമസ്ഥതയിലുള്ള സ്‌റ്റേഡിയങ്ങളും വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഗ്രൗണ്ടുകളും വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് കളിക്കാൻ തുറന്നു കൊടുക്കുന്നത് പരിഗണനയിലെന്ന് മന്ത്രി വി ശിവൻകുട്ടി.

• നാടിൻ്റെ പൊതു ആവശ്യം പരിഗണിച്ചാണ് കേന്ദ്ര വന്യജീവി നിയമഭേദഗതിയിൽ ഇളവ് വരുത്തിയത് എന്ന് മന്ത്രി പി രാജീവ്. ബില്ല് നാളെ നിയമസഭയിൽ അവതരിപ്പിക്കും. ശേഷം തുടർ തീരുമാനം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

• നിയമസഭാ സമ്മേളനത്തിന് ഇന്ന്  തുടക്കമാകും. സമ്മേളനത്തിന്റെ ആദ്യ ദിനം മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും പീരുമേട് എംഎൽഎയായിരുന്ന വാഴൂർ സോമനും അനുശോചനം രേഖപ്പെടുത്തി സഭ പിരിയും.

• നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. സമ്മേളനത്തിന്റെ ആദ്യ ദിനം മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും പീരുമേട് എംഎൽഎയായിരുന്ന വാഴൂർ സോമനും അനുശോചനം രേഖപ്പെടുത്തി സഭ പിരിയും.

• പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യാത്രയ്ക്കുപിന്നാലെ സംഘര്‍ഷം. മോഡിയുടെ യാത്രയ്ക്ക് ഒരുക്കിയ അലങ്കാരങ്ങള്‍ തകര്‍ത്തെന്ന് ആരോപിച്ച് ചുരാചന്ദ്പൂര്‍ ജില്ലയില്‍ നിന്ന് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സുരക്ഷാസേനയും സോമി യുവാക്കളും ഏറ്റുമുട്ടി.

• രാജ്യത്ത് ഭക്ഷ്യവിലക്കയറ്റം കുതിച്ചുയര്‍ന്നതോടെ ജീവിത ചെലവ് താങ്ങാനാവാതെ നെട്ടോട്ടമോടി ജനങ്ങള്‍. ജീവിത ചെലവ് കുത്തനെ വര്‍ധിച്ചതോടെ 40 ശതമാനം ജനങ്ങളും രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കടുത്ത യാതന അനുഭവിക്കുകയാണ് എന്ന്  വോയിസ് ഓഫ് ദി കണ്‍സ്യൂമര്‍ പുുറത്ത് വിട്ട് കണക്കുകൾ സൂചിപ്പിക്കുന്നു.

• ദക്ഷിണ റെയില്‍വേയിൽ ഹിന്ദി അടിച്ചേല്പിക്കാനുള്ള നീക്കം വീണ്ടും. ഇതിന്റെ ഭാഗമായി, മുന്‍ നിര്‍ദേശങ്ങൾ എത്രത്തോളം നടപ്പിലായെന്ന് ആവശ്യപ്പെടുന്ന സർക്കുലറുകൾ താഴെ തലങ്ങളിലേക്കെത്തി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 14 സെപ്റ്റംബർ 2025 | #NewsHeadlines

• അമീബിക് മസ്തിഷ്‌ക ജ്വര പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി കേരളം.  ആഗോളതലത്തില്‍ മരണനിരക്ക് 99% മാണ്. എന്നാല്‍ കേരളത്തില്‍ ഇത് വെറും 24% മാത്രമാണ്. അമീബിക് മസ്തിഷ്‌ക ജ്വരത്തെ പ്രതിരോധിക്കാന്‍ രാജ്യത്ത് ആദ്യമായി ചികിത്സാ മാര്‍ഗ്ഗരേഖ പുറത്തിറക്കിയ സംസ്ഥാനവും കേരളമാണ്.

• സൈബർ ആക്രമണങ്ങളിൽ പരാതിയുമായി നടി റിനി ആൻ ജോർജ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും ആണ് നടി പരാതി നൽകിയത്. സമൂഹമാധ്യമങ്ങൾ വഴി അപകീർത്തികരമായ പ്രചാരണം നടത്തുന്നുവെന്നാണ് പരാതി. രാഹുൽ ഈശ്വറിനെതിരെയും ഷാജൻ സ്കറിയക്കെതിരെയും പരാതി.

• സരോവരത്ത് വിജിലിനെ കുഴിച്ചുമൂടിയ കേസില്‍ രണ്ടാം പ്രതി പിടിയില്‍. രഞ്ജിത്താണ് പിടിയിലായത്. ആന്ധ്രയിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.

• പൊതുവിദ്യാഭ്യാസ വകുപ്പിന്‌ കീഴിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ പാഠപുസ്‌തക അച്ചടിക്കായി ഫണ്ട് അനുവദിച്ച് സര്‍ക്കാര്‍. 25.74 കോടി രൂപയാണ് ധനകാര്യ വകുപ്പ് അനുവദിച്ചത്. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

• മാതൃ വന്ദന യോജന പദ്ധതിക്ക്‌ 87.45 കോടി രൂപ അനുവദിച്ചു‍വെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പി എം മാതൃ വന്ദന യോജന പദ്ധതിയുടെ സംസ്ഥാന വിഹിതവും ചേർത്താണ് 87.45 കോടി ധനകാര്യ വകുപ്പ് അറിയിച്ചത്.

• അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ നിയമഭേദഗതിക്ക് സംസ്ഥാന സർക്കാർ. കരട് ബില്ലിന് പ്രത്യേക മന്ത്രിസഭായോഗം അംഗീകാരം നൽകി. 1972ലെ കേന്ദ്ര നിയമത്തിലാണ് സംസ്ഥാനം ഭേദഗതി കൊണ്ടുവരുന്നത്.

• അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ നിയമഭേദഗതിക്ക് സംസ്ഥാന സർക്കാർ. കരട് ബില്ലിന് പ്രത്യേക മന്ത്രിസഭായോഗം അംഗീകാരം നൽകി. 1972ലെ കേന്ദ്ര നിയമത്തിലാണ് സംസ്ഥാനം ഭേദഗതി കൊണ്ടുവരുന്നത്.

• ജി7 രാജ്യങ്ങളുടെ യോഗത്തിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരേ തീരുവ ചുമത്തണമെന്ന് ആവശ്യപ്പെട്ട് യു എസ് ഭരണകൂടം. റഷ്യയ്ക്ക് മേലുള്ള സമ്മര്‍ദം വര്‍ധിപ്പിക്കാൻ ഇന്ത്യയ്ക്കെതിരെ തങ്ങൾ ചുമത്തിയതിന് സമാനമായി ചുങ്കം ഏർപ്പെടുത്തണം എന്നാണ് ആവശ്യം.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 13 സെപ്റ്റംബർ 2025 | #NewsHeadlines

• അര്‍ബന്‍ കോണ്‍ക്ലേവ് ; ആഗോള, ദേശീയ പങ്കാളിത്തം കേരളത്തിന്റെ സുസ്ഥിര വളര്‍ച്ച, സാമൂഹിക പുരോഗതി, നവ കേരളം എന്നീ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ കൂടുതല്‍ സഹായിക്കും : മുഖ്യമന്ത്രി പിണറായി വിജയൻ.

• ദില്ലി ഹൈക്കോടതിയിൽ ബോംബ് ഭീഷണി. ഹൈക്കോടതിയുടെ മൂന്നിടങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശമാണ് ലഭിച്ചത്. ബോംബ് സ്ക്വാഡും സുരക്ഷാസേനയും നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് വ്യക്തമാക്കി.

• നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കി ചുമതലയേൽക്കും. സത്യപ്രതിജ്ഞ വെള്ളി രാത്രി ഒമ്പതിന്‌ നടക്കും. നിലവിലുണ്ടായിരുന്ന പാർലമെന്റ് പ്രസിഡന്റ് പിരിച്ചുവിട്ടു.

• പട്ടികജാതി പട്ടികവര്‍ഗ വിഭാഗം – പിന്നാക്ക വിദ്യാർത്ഥികൾക്ക് വിദേശ പഠനം സാധ്യമാക്കുന്ന ഉന്നതി ഓവർസീസ് സ്കോളർഷിപ്പ് പദ്ധതി ചരിത്ര നേട്ടത്തിലേക്ക്. ആയിരത്തിലേറെ വിദ്യാർത്ഥികളെ വിദേശ പഠനത്തിനയച്ചതിൻ്റെ
പ്രഖ്യാപനവും 2025-26 വർഷത്തെ സ്കോളർഷിപ്പ് വിതരണവും 15ന് മുഖ്യമന്ത്രി
പിണറായി വിജയൻ നിർവഹിക്കും.

• രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാഷ്ട്രപതി ഭവനിൽ ഇന്ന്ൽ ഇന്നലെയായിരുന്നു സത്യപ്രതിജ്ഞ.

• സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ മുന്നേറ്റം ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകം ഉറ്റുനോക്കുന്ന പല പദ്ധതികളും കേരളം യാഥാര്‍ത്ഥ്യമാക്കി. മൈക്രൊ ലെവല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനവും ഏറ്റെടുത്തുവെന്നും 5 ലക്ഷത്തോളം വീടുകള്‍ ലൈഫ് മിഷന്‍ വഴി ലഭ്യമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

• വാഹനാപകടത്തെ തുടർന്ന്‌ മസ്‌തിഷ്‌ക മരണം സംഭവിച്ച നെടുമ്പാശേരി വട്ടപറമ്പ് മള്ളുശേരി പാലമറ്റം വീട്ടിൽ ബിൽജിത്ത്‌ ബിജുവിന്റെ ഹൃദയം ഇനി കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയിൽ തുടിക്കും.

• കൊച്ചി മാതൃകയില്‍ മുംബൈയില്‍ വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കുന്നതിനുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാനുള്ള ടെന്‍ഡര്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് ലഭിച്ചു.



ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 11 സെപ്റ്റംബർ 2025 | #NewsHeadlines

• ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് വിജയ തുടക്കം. ആതിഥേയരായ യു എ ഇയെ ഇന്ത്യവീഴ്ത്തിയത് 9 വിക്കറ്റിന്. യു എ ഇയെ 57 റണ്‍സിന് എറിഞ്ഞൊതുക്കി ഇന്ത്യ.

• ഫ്രാന്‍സില്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധ കടല്‍. പാരീസിലും ഫ്രാന്‍സിന്റെ പലയിടങ്ങളിലുമായി പ്രതിഷേധകാര്‍ റോഡുകള്‍ ഉപരോധിക്കുകയും ബസ് കത്തിക്കുകയും ട്രെയിനുകള്‍ തടയുകയും ചെയ്തു.

• കൊച്ചിയില്‍ നടക്കുന്ന കേരള അര്‍ബന്‍ കോണ്‍ക്ലേവിന്റെ ഭാഗമായുള്ള പ്രദര്‍ശനത്തിന് ഇന്ന് മറൈന്‍ ഡ്രൈവില്‍ തുടക്കമാകും. വൈകിട്ട് മൂന്നിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.

• വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ സുഹൃത്തുക്കളെയും പ്രതി ചേർത്തതായി ക്രൈം ബ്രാഞ്ച് പ്രതി.

• രണ്ട്‌ പേർക്കുകൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലുള്ള അരീക്കോട്‌ ചെമ്രക്കാട്ടൂർ സ്വദേശിയായ 10 വയസ്സുകാരിക്കും സ്വകാര്യ ആശുപത്രിയിലുള്ള രാമനാട്ടുകര സ്വദേശിയായ 30കാരിക്കുമാണ് രോഗം. ഇതോടെ കോഴിക്കോട്‌ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 11 ആയി.

• സർവകലാശാല സിൻഡിക്കറ്റിന്റെ തീരുമാനം നടപ്പാക്കാൻ വൈസ് ചാൻസലർക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന്റെ സസ്പെൻഷൻ തുടരണോയെന്ന കാര്യത്തില്‍ സിന്‍ഡിക്കറ്റ് വിളിച്ചുചേർത്ത് വി സി തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് ടി ആർ രവി ഉത്തരവിട്ടു.

• നേപ്പാളിലെ ജെന്‍ സീ വിപ്ലവത്തിനിടെ കൂട്ട ജയില്‍ചാട്ടവും. കലാപം ജയിലുകളിലേക്കും വ്യാപിച്ചതോടെ 1500‑ലേറെ തടവുകാര്‍ ജയില്‍ചാടിയെന്നാണ് റിപ്പോര്‍ട്ട്.

• ബിഹാര്‍ വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണം പൂര്‍ത്തിയായാലുടന്‍ അതേ രീതിയില്‍ രാജ്യം മുഴുവൻ എസ്‌ഐആർ നടപ്പാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍. 2026ൽ അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഈ വർഷം അവസാനം എസ്‌ഐആർ തയ്യാറാക്കല്‍ ആരംഭിക്കുമെന്നാണ് സൂചന.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 10 സെപ്റ്റംബർ 2025 | #NewsHeadlines

• ഓണം വാരാഘോഷത്തിന് തലസ്ഥാനത്ത് ഔദ്യോഗിക സമാപനം. ഹരിതചട്ടം പൂര്‍ണമായും പാലിച്ചുകൊണ്ടാണ് ഈ വര്‍ഷത്തെ ഓണാഘോഷവും സമാപന ഘോഷയാത്രയും നടന്നത്.

• ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം. തലസ്ഥാനമായ ദോഹയില്‍ നിരവധി സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം ഇസ്രയേല്‍ സ്ഥിരീകരിച്ചു.

• രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസിൽ പരാതിക്കാരുടെ മൊഴിയെടുക്കൽ തുടരുന്നു. 10 പേരുടെ മൊഴിയാണ് അന്വേഷക സംഘം രേഖപ്പെടുത്തിയത്.

• ഇന്ത്യയുടെ 15ാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. 767 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

• നിർത്തിയിട്ടിരുന്ന ​ഗുഡ്സ് ട്രെയിനിന്റെ മുകളിൽ കയറിയ വിദ്യാർഥിക്ക് ഷോക്കേറ്റ് ​ഗുരുതരപരിക്ക്. എറണാകുളം കുമ്പളം ശ്രീനിലയത്തിൽ അദ്വൈതിനാണ് പൊള്ളലേറ്റത്.

• തിരുവനന്തപുരം– മംഗളൂരു റൂട്ടിൽ 20 കൊച്ചുള്ള പുതിയ വന്ദേഭാരത് ട്രെയിൻ ഓടിത്തുടങ്ങി.  നിലവിൽ ഓടിക്കൊണ്ടിരുന്ന 16 കോച്ചുള്ള ട്രെയിൻ മാറ്റിയാണ് 20 കൊച്ചുള്ള പുതിയ ട്രെയിൻ അനുവദിച്ചത്.  ഇതോടെ 312 സീറ്റ് അധികമുണ്ടാകും.

• നേപ്പാളില്‍ പാർലമെന്റ് മന്ദിരവും പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും മന്ത്രിമാരുടെയും ഔദ്യോഗിക വസതികളും സുപ്രീം കോടതി മന്ദിരവും തീയിട്ട് പ്രതിഷേധക്കാര്‍. പ്രക്ഷോഭത്തിന് പിന്നാലെ നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയും പ്രസിഡന്റ് രാം ചന്ദ്ര പൗഡലും രാജിവച്ചു.

• ഡ്രോണ്‍ ഭീഷണി ഉള്‍പ്പെടെയുള്ളവ നേരിടാന്‍ രാജ്യത്ത അതിര്‍ത്തികളില്‍ അത്യാധുനിക റഡാര്‍ സംവിധാനം സജ്ജമാക്കി കരസേന. ശത്രു സൈന്യത്തിന്റെ നീക്കം തിരിച്ചറിഞ്ഞ് പ്രതിരോധിക്കകുയാണ് ലക്ഷ്യം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0