• അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടിക്ക് രോഗമുക്തി. മലപ്പുറം ചേളാരി
സ്വദേശിയായ 11കാരി ഇന്നലെ ആശുപത്രി വിട്ടു. കുട്ടി പൂർണ ആരോഗ്യം
വീണ്ടെടുത്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇനി രോഗം ബാധിച്ച് കോഴിക്കോട്
ജില്ലയിൽ 10 പേരാണ് ചികിത്സയിലുള്ളത്. ആരുടെയും നില ഗുരുതരമല്ല.
• നിയമസഭയില്‍ അവതരിപ്പിച്ച വനം ഭേദഗതി ബില്ലും വനം വന്യജീവി സംരക്ഷണ ഭേദഗതി
ബില്ലും സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. പാമ്പുകളെ പിടിക്കാനും കൊല്ലാനും
നിയന്ത്രണമില്ലെന്ന് എ കെ ശശീന്ദ്രൻ സഭയിൽ പറഞ്ഞു.
• മുഖ്യമന്ത്രിയായിരുന്നപ്പോൾ ശിവഗിരിയിൽ പൊലീസിനെകയറ്റി നരനായാട്ട്
നടത്തിയ എ കെ ആന്റണിയുടെ ഇപ്പോഴത്തെ ഖേദപ്രകടനംകൊണ്ട് ശ്രീനാരായണീയരുടെ
ദുഃഖം മാറില്ലെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി
ശുഭാംഗാനന്ദ.
• ഷിപ്പിങ്, ലോജിസ്റ്റിക്സ്, ഫിഷറീസ്, വിദ്യാഭ്യാസം, പുനരുപയോഗ ഊർജം തുടങ്ങിയ
മേഖലകളിൽ കേരളത്തിന് വൻ വികസന സാധ്യതകളാണുള്ളതെന്ന് ഇന്ത്യയിലെ യൂറോപ്യൻ
യൂണിയൻ അംബാസഡർ ഹെർവ് ഡെൽഫിൻ.
• മലേഗാവ് സ്‌ഫോടന കേസിൽ കുറ്റവിമുക്തരാക്കപ്പെട്ട ഏഴ് പേർക്കും ദേശീയ
അന്വേഷണ ഏജൻസിക്കും നോട്ടീസ് അയച്ച് ബോംബെ ഹൈക്കോടതി. സ്ഫോടന ഇരകളുടെ
കുടുംബാംഗങ്ങൾ സമർപ്പിച്ച അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ,
ജസ്റ്റിസ് ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
• മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ ദേശീയ തിരിച്ചറിയൽ കാർഡ് റദ്ദാക്കിയതായി ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമ്മിഷൻ. അടുത്ത വർഷം
ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ഹസീനയ്ക്ക് വോട്ട്
ചെയ്യാനാകില്ല.
• ധർമ്മസ്ഥല ബങ്കലെഗുഡേ വനത്തിൽ നിന്ന് വീണ്ടും തലയോട്ടികളും അസ്ഥികൂടങ്ങളും
കിട്ടിയതായി റിപ്പോർട്ട്. ഇന്നലെ രണ്ട് തലയോട്ടികള്‍ കൂടി കണ്ടെടുത്തു.
സമീപത്തുനിന്ന് ഏഴു വർഷങ്ങൾക്കു മുമ്പ് കാണാതായ ഒരാളുടെ തിരിച്ചറിയൽ കാർഡും
കിട്ടി. ഇതോടെ രണ്ടുദിവസത്തെ തെരച്ചിലിൽ കിട്ടിയ തലയോട്ടികളുടെ എണ്ണം
ഏഴായി.