School News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
School News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പ്ലസ്ടു ഫലം നാളെ, ഫലം അറിയാൻ വിപുലമായ സജ്ജീകരണങ്ങൾ. #PlusTwoResults




തിരുവനന്തപുരം :
രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം നാളെ പ്രസിദ്ധീകരിക്കും. മന്ത്രി എൻ ഷംസുദ്ദീൻ പകൽ മൂന്നിന് ഫലപ്രഖ്യാപനം നടത്തും. വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും. 

nammudekeralam.kerala.gov.in 

www.results.hse.kerala.gov.in 

www.prd.kerala.gov.in 

results.kerala.gov.in 

results.digilocker.gov.in 

results.kite.kerala.gov.in 

examresults.kerala.gov.in

 കേരള പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന പ്ലസ് ടു (HSE, VHSE, THSE) പരീക്ഷാഫലങ്ങൾ ഇനി മുതൽ സംസ്ഥാന സർക്കാരിന്റെ ഏകീകൃത ഡിജിറ്റൽ സേവന പ്ലാറ്റ്ഫോമായ 'നമ്മുടെ കേരളം' ആപ്പിലൂടെയും തത്സമയം ലഭ്യമാകും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ വേഗത്തിലും എളുപ്പത്തിലും ഫലം പരിശോധിക്കാനുള്ള സൗകര്യമാണ് ആപ്പിൽ ഒരുക്കിയിരിക്കുന്നത്.

മെയ് 26-ന് ഉച്ചയ്ക്ക് 3 മണിക്ക് ഔദ്യോഗിക ഫലപ്രഖ്യാപനം നടന്നാലുടൻ ആപ്പിലെ പ്രത്യേക ലിങ്ക് വഴി വിവരങ്ങൾ തത്സമയം ലഭ്യമാകും. ഒരേസമയം ലക്ഷക്കണക്കിന് ആളുകൾ ലോഗിൻ ചെയ്യുമ്പോൾ ഔദ്യോഗിക വെബ്‌സൈറ്റുകൾ നേരിടാറുള്ള സാങ്കേതിക തടസ്സങ്ങളും കാലതാമസവും ഒഴിവാക്കി, വളരെ ലളിതമായി ഫലം അറിയാൻ ഈ മൊബൈൽ ആപ്പ് സഹായിക്കും.

മൊബൈൽ ആപ്പുകൾ: SAPHALAM2026, iExaMSKerala


പ്ലസ് വൺ പ്രവേശനം ഇന്ന് മുതൽ ആരംഭിക്കും; അപേക്ഷ ഓൺലൈനായി, ഈ സർട്ടിഫിക്കറ്റുകൾ ആവശ്യമില്ല.. #Plus_One_Admission


തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന നടപടികൾ തിങ്കളാഴ്ച ആരംഭിക്കും. വിദ്യാർഥികൾക്ക് ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. 

ഹയർ സെക്കൻഡറിയിൽ നിലവിൽ 3,61,044 സീറ്റുകളും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 33,030 സീറ്റുകളുമാണുള്ളത്. ഇതോടെ ആകെ 3,94,074 പ്ലസ് വൺ സീറ്റുകളാണ് സംസ്ഥാനത്ത് ലഭ്യമാകുന്നത്. 

ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ 4,10,456 വിദ്യാർഥികളാണ് വിജയിച്ചത്. അതായത്, നിലവിലെ സീറ്റുകൾ പ്രകാരം ഏകദേശം 16,382 വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിക്കാൻ സീറ്റ് ക്ഷാമം നേരിട്ടേക്കാം.

പ്ലസ് വൺ പ്രവേശനത്തിന് ആവശ്യമില്ലാത്ത സർട്ടിഫിക്കറ്റുകൾക്കായി വിദ്യാർഥികൾ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും കയറിയിറങ്ങുന്നു. പ്ലസ് വൺ പ്രവേശനത്തിന് നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ലെന്ന് നേരത്തേ സർക്കാരിന്റെ ഉത്തരവുണ്ട്.

2021 ഒക്ടോബർ ഏഴിന് പദ്ധതി നിർവഹണ, വിലയിരുത്തൽ നിരീക്ഷണവകുപ്പ് ഇത് സംബന്ധിച്ച് കൃത്യമായ മാർഗനിർദേശ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ ഇത് അറിയാത്ത പലരും ഇത്തരം സർട്ടിഫിക്കറ്റിനായി എത്തുകയാണ്.

നേറ്റിവിറ്റി, ജാതി എന്നിവ തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി ബുക്ക് മാത്രം മതി. സ്‌കോളർഷിപ്പ് ആനുകൂല്യം ലഭിക്കുന്നതിനായി എസ്.സി,എസ്.ടി, ഒ.ഇ.സി വിദ്യാർഥികൾക്ക് മാത്രമേ വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ആവശ്യമുള്ളൂ.

പ്ലസ് വൺ ഏകജാലക പ്രവേശന മാർഗനിർദേശം പ്രകാരം പ്രവേശന സമയത്ത് സർട്ടിഫിക്കറ്റുകളുടെ അസ്സൽ കോപ്പികൾ ഹാജരാക്കിയാൽ മതി. സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ കാലതാമസം നേരിടുന്നവർക്ക് അവ ഹാജരാക്കുന്നതിന് നിശ്ചിത സമയപരിധി അനുവദിക്കുന്നുണ്ട്. സംവരണാനുകൂല്യങ്ങൾക്കുള്ള രേഖകൾ പ്രവേശനത്തിനുശേഷം നൽകിയാൽ മതി.

സംസ്ഥാനത്ത് ജനിച്ചിട്ടുള്ളവർക്ക് ജനന സർട്ടിഫിക്കറ്റോ അഞ്ച് വർഷം ഇവിടെയുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിച്ചതിന്റെ രേഖയോ ഇത് കൂടാതെ സത്യപ്രസ്താവനയോ ഉണ്ടെങ്കിൽ നേറ്റീവ് ആയി പരിഗണിക്കാം. അപേക്ഷകന്റെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ ജാതി രേഖപ്പെടുത്തിയാൽ വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നിവർ നൽകുന്ന സർട്ടിഫിക്കറ്റിന് പകരമുള്ള അടിസ്ഥാന രേഖയായി ഇത് പരിഗണിക്കാം.

വിദ്യാഭ്യാസ രേഖയിൽ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മൈനോരിറ്റി സർട്ടിഫിക്കറ്റ് ആവശ്യമില്ല. അച്ഛനമ്മമാർ വ്യത്യസ്ത ജാതിയിൽ പെട്ടവരാണെങ്കിൽ അവരിൽ ഒരാളുടെ എസ്.എസ്.എൽ.സി രേഖയിലുള്ള ജാതി തെളിവായി പരിഗണിക്കാം.

വാട്സാപ്പ് മുഖേന വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുംവിധം പലവിധത്തിലുള്ള അറിയിപ്പുകൾ പ്രചരിക്കുന്നുണ്ട്. വിവിധ ജനസേവനകേന്ദ്രങ്ങളുടെ പേരിലും ഇത്തരം വ്യാജസന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; വിപുലമായ സംവിധാനങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, വാട്ട്സ്ആപ്പ് വഴിയും ഫലമറിയാം. #SSLC_Results

തിരുവനന്തപുരം: 2026ലെ എസ്എസ്എൽസി പരീക്ഷ ഫലം ഇന്ന് വൈകിട്ട് മൂന്നിന്. വിദ്യാഭ്യാസ മന്ത്രിയെ തിരഞ്ഞെടുക്കാത്തതിനാൽ വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് ആണ് ഫലം പ്രഖ്യാപിക്കുന്നത്.

ടി എച്ച് എസ് എൽ സി, ടി എച്ച് എസ് എൽ സി (ഹിയറിങ് ഇംപയേഡ്), എസ് എസ് എൽ സി (ഹിയറിങ് ഇംപയേഡ്), എ എച്ച് എസ് എൽ സി എന്നീ പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും.


വൈകുന്നേരം 3.30 മുതൽ വിവിധ വെബ്സൈറ്റുകളിലും സംസ്ഥാന ഐടി മിഷൻ്റെ 9188619958 എന്ന വാട്‌സാപ്പ് നമ്പറിലൂടെയും 'നമ്മുടെ കേരളം' മൊബൈൽ ആപ്പ് വഴിയും ഫലമറിയാം. വെബ്സൈറ്റ് വിവരങ്ങൾ ചുവടെ:


kbpe.kerala.gov.in

results.digilocker.gov.in

sslcexam.kerala.gov.in

thslcexam.kerala.gov.in

sslchiexam.kerala.gov.in

thslchiexam.kerala.gov.in

ahslcexam.kerala.gov.in

prd.kerala.gov.in

results.kite.kerala.gov.in

results.kerala.gov.in

examresults.kerala.gov.in

result.kerala.gov.in


ഓർക്കുക, വിജയവും പരാജയവും നമ്മുടെ പ്രയത്നത്തിന്റെ ഫലമാണ്, തോൽവി ഒന്നിന്റെയും അവസാനമോ, വിജയം ഒന്നിന്റെയും തുടക്കമോ അല്ല, മാനസിക സമ്മർദങ്ങൾ നിങ്ങളെ തളർത്തുന്നു എങ്കിൽ ദിശ ഹെൽപ്പ് ലൈൻ നമ്പറായ 1056 -ൽ വിളിക്കുക.

വിപുലമായ ഡിജിറ്റൽ സംവിധാനങ്ങൾ ഒരുങ്ങി; സംസ്ഥാന സ്കൂള്‍ കലോല്‍സവം ഹൈടെക്കാക്കി ‘കൈറ്റ്' #Youth_Festival


തൃശൂർ: തൃശ്ശൂരിൽ വെച്ച് നടക്കുന്ന 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം പൂർണ്ണമായും സ്‌മാർട്ട് ആക്കുന്നതിൻ്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻ്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) വിപുലമായ ഐ.ടി  സംവിധാനങ്ങള്‍ സജ്ജമാക്കി.

രജിസ്ട്രേഷൻ മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെയുള്ള എല്ലാ ഘട്ടങ്ങളും ഓൺലൈൻ പോർട്ടൽ വഴിയും മൊബൈൽ ആപ്പ് വഴിയും ഏകോപിപ്പിച്ചും സ്‌കൂൾവിക്കിയിൽ മുഴുവൻ സ്റ്റെജിതര മത്സരങ്ങളും ഉൾപ്പെടുത്തിയും കൈറ്റ് വിക്ടേഴ്‌സ് വഴി തത്സമയ സംപ്രേക്ഷണം ഒരുക്കിയിട്ടുണ്ട്.

'ഉത്സവം' പോർട്ടൽ


കലോത്സവത്തിൻ്റെ ആകെ നിയന്ത്രണം www.ulsavam.kite.kerala.gov.in എന്ന സൈറ്റിലൂടെയാണ് നിർവ്വഹിക്കുന്നത്. മത്സരാർത്ഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, പാർട്ടിസിപ്പൻ്റ് കാർഡ് ലഭ്യമാക്കുക, ടീം മാനേജർമാർക്കുളള റിപ്പോർട്ടുകൾ തയ്യാറാക്കുക, ഇവയെല്ലാം പൂർണ്ണമായും ഓൺലൈൻ രൂപത്തിലാക്കി.

സ്റ്റേജുകളിലെ മത്സരക്രമം അറിയിക്കുന്ന ടൈംഷീറ്റ്, കാള്‍ഷീറ്റ്, സ്‌കോർഷീറ്റ് എന്നിവയുടെ തയ്യാറെടുപ്പും ഇതിലൂടെയാണ് നടക്കുന്നത്. സർട്ടിഫിക്കറ്റുകളുടെ അധികാരികത ക്യൂ.ആർ.കോഡ് വഴി ഉറപ്പാക്കാനും ഡിജി ലോക്കർ വഴി ലഭ്യമാക്കാനും പോർട്ടലിൽ സൗകര്യമുണ്ട്.

കൂടാതെ, ഇത്തവണ ഹയര്‍ അപ്പീല്‍ ടോക്കണ്‍ രജിസ്ട്രേഷന്‍ സംവിധാനം ആപ്പിലൂടെ തന്നെ നടപ്പിലാക്കാൻ സാധിക്കുന്ന പുതിയ ഫീച്ചറും ഉൾപ്പെടുത്തിയതായി കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.

'ഉത്സവം'മൊബൈൽ ആപ്പ്


പൊതുജനങ്ങൾക്ക് മത്സരവിവരങ്ങൾ തത്സമയം ലഭ്യമാക്കാൻ 'KITE ഉൽസവം' എന്ന മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. 25 വേദികളിലേക്കും അനുബന്ധ ഓഫീസുകളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന ഡിജിറ്റൽ മാപ്പുകൾ ഈ ആപ്പിൻ്റെ പ്രധാന പ്രത്യേകതയാണ്.

വിവിധ വേദികളിലെ മത്സരങ്ങൾ തുടങ്ങുന്നതും അവസാനിക്കുന്നതുമായ സമയം തത്സമയം സ്കോറും ഈ ആപ്പിലൂടെ അറിയാൻ സാധിക്കും.

രചനകൾ സ്കൂൾ വിക്കിയിൽ

കഥ, കവിത, ചിത്രരചന, കാര്‍ട്ടൂണ്‍, പെയിന്റിങ്ങ് തുടങ്ങിയ രചനാ മത്സരങ്ങളുടെ ഫലപ്രഖ്യാപനത്തിനുശേഷം അവ സ്കൂള്‍ വിക്കിയില്‍ (www.schoolwiki.in) ലഭ്യമാക്കും.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്, ഉറുദു തുടങ്ങിയ എല്ലാ ഭാഷകളിലെയും രചനകൾ ലിറ്റില്‍ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെയാണ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത്. 2016 മുതലുള്ള കലോല്‍സവ രചനകളുടെ ഡിജിറ്റൽ ശേഖരവും ഇതിൽ ലഭ്യമാണ്.

കൈറ്റ് വിക്ടേഴ്‌സിൽ തത്സമയം

വിവിധ വേദികളില്‍ നടക്കുന്ന മത്സരങ്ങൾ കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ തത്സമയം നല്‍കും.‍ www.victers.kite.gov.in വഴിയും KITE VICTERS മൊബൈല്‍ ആപ് വഴിയും ഇത് കാണാം.

 

Summery : 

State School Kalolsavam goes high-tech with ‘Kite’ 




ഹയർ സെക്കന്ററി ഒന്നാം പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ഓഗസ്റ്റ് 18 മുതൽ ആരംഭിക്കും. #HigherSecondaryExam

തിരുവനന്തപുരം : ഈ അധ്യയന വർഷത്തെ ഹയർ സെക്കൻഡറി ഒന്നാം പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ഓഗസ്റ്റ് 18മുതൽ ആരംഭിക്കും. പരീക്ഷയുടെ ടൈം ടേബിൾ ഉടൻ പ്രസിദ്ധീകരിക്കും. പരീക്ഷ ഓഗസ്റ്റ് 18 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ നടത്താനാണ് നിർദ്ദേശം. എസ്.സി.ഇ.ആർ.ടി തലത്തിൽ തയ്യാറാക്കിയിട്ടുളള ചോദ്യപേപ്പർ ബാങ്കിന്റെ മാതൃകയിൽ ചോദ്യപേപ്പർ സ്കൂൾതലത്തിൽ തയ്യാറാക്കും. 

ഒന്നാം പാദവാർഷിക പരീക്ഷക്ക് മുൻപായി പൂർത്തിയാക്കേണ്ട പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും, കൂടാതെ വന്നിട്ടുളള സിലബസ്സിൽ വന്ന മാറ്റങ്ങൾക്കനുസൃതമായിട്ടുമായിരിക്കണം ചോദ്യപേപ്പർ തയ്യാറാക്കേണ്ടത്. ചോദ്യപേപ്പർ പ്രിൻ്റ് ചെയ്യുന്ന ആവശ്യത്തിലേക്ക് ഉണ്ടാകുന്ന ചെലവ് പി.ഡി അക്കൗണ്ടിൽ നീക്കിയിരിപ്പുളള തുക വിനിയോഗിക്കണമെന്ന് സ്കൂളുകൾക്ക് നിർദ്ദേശം നൽകി.

മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് യോഗ ; അന്താരാഷ്ട്ര യോഗാദിനം സമുചിതമായി ആചരിച്ച് രയരോം ഗവ. സ്ക്കൂൾ. #YogaDay

ആലക്കോട് : രയരോം ഗവ. ഹൈസ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.  എസ് പി സി യുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി പി ടി എ പ്രസിഡന്റ് ശ്രീ എം എ ജാബിർ ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപകൻ ശ്രീ മനോജ് ജോസഫ് അധ്യക്ഷത വഹിച്ചു. തടിക്കടവ് ഗവ.ഹൈസ്കൂൾ അധ്യാപകൻ ശ്രീ പി ശശിധരൻ സോദാഹരണ ക്ലാസ് നയിച്ചു. മനീഷ കെ വിജയൻ, ഷിനി ജെ എം, എൻ ബിജുമോൻ എന്നിവർ സംസാരിച്ചു.

പഠനോത്സവം: തളിപ്പറമ്പ് നോർത്ത് ബി.ആർ.സി പരിധിയില്‍ നടുവില്‍ പഞ്ചായത്ത് തല ഉദ്ഘാടനം തുരുമ്പി ഗവ. എൽ.പി സ്കൂളിൽ.. #Padanolsavam


 ആലക്കോട് :
2024-'25 വര്‍ഷം പൊതുവിദ്യാലയത്തിലെ കുട്ടികള്‍ നേടിയെടുത്ത അക്കാദമിക മികവുകള്‍ പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളവും സംയുക്തമായി പഠനോത്സവം സംഘടിപ്പിച്ചു. ഈ പരിപാടി സമഗ്രഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിൽ നടപ്പിലാക്കപ്പെടുന്നു. ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം തളിപ്പറമ്പ് നോര്‍ത്ത് ബി.ആര്‍.സി പരിധിയിലെ തുരുമ്പി ഗവൺമെന്റ് എല്‍.പി സ്കൂളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബേബി ഓടംപള്ളില്‍ ഉദ്ഘാടനം നിർവഹിച്ചു, പഞ്ചായത്തംഗം ശ്രീ സാജു ജോസഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.


 

പ്രധാനാധ്യാപിക ചന്ദ്രവതി വി, തളിപ്പറമ്പ് നോര്‍ത്ത് ബി.ആര്‍.സി കോര്‍ഡിനേറ്റര്‍ അനൂപ് കുമാര്‍, പി.ടി.എ പ്രസിഡന്റ് ശ്രീമതി ധന്യ ബിജേഷ്, അധ്യാപകരായ ശ്രീമതി ജോമോൾ തോമസ്, ശ്രീമതി സജിന കെ.വി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. ചടങ്ങിന്റെ സമാപനത്തിൽ സീനിയർ അധ്യാപകൻ ശ്രീ.രാജേഷ് എ നന്ദി രേഖപ്പെടുത്തി. മുഴുവന്‍ കുട്ടികളുടെയും പഠനമികവുകളുടെ വിവിധ തലങ്ങളായുള്ള അവതരണവും പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായിരുന്നു, ഇത് വിദ്യാർത്ഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ സ്വയംമേധാവിത്വം നേടുന്നതിനും സഹായകരമായി.

സമഗ്ര ശിക്ഷാ കേരളം സ്ക്കൂൾ പഠനോത്സവം അരങ് എൽപി സ്ക്കൂളിൽ ഉദ്‌ഘാടനം ചെയ്തു. #ArangLPSchool

കുടിയാൻമല : 
സമഗ്രശിക്ഷാ കേരളം
തളിപ്പറമ്പ് നോര്‍ത്ത് ബി.ആര്‍.സി
അരങ്ങ് ഗവണ്‍മെന്റ് എല്‍.പി സ്കൂള്‍ പഠനോത്സവം ബഹു: ഇരിക്കൂര്‍ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ: സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. നടുവില്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ജോസ് സെബാസ്റ്റ്യന്‍ ആലിലക്കുഴിയില്‍, 
തളിപ്പറമ്പ് നോര്‍ത്ത് ബി.പി.സി ശ്രീ ബിജേഷ് കെ, പ്രധാനാധ്യാപിക ശ്രീമതി സീന വിന്‍സന്റ്, പി.ടി.എ പ്രസിഡന്റ് ശ്രീമതി സുധ പള്ളത്ത്, സി.ആര്‍.സി.സി ശ്രീ അനൂപ് കുമാര്‍, എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീമതി ഗീത കുമാരി എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ പഠന മികവ് പ്രവര്‍ത്തന പ്രദര്‍ശനം, സ്കിറ്റ് തുടങ്ങിയവയും അരങ്ങേറി. രക്ഷിതാക്കള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍ പങ്കാളികളായി

തടിക്കടവ് ഗവ.ഹൈസ്കൂളിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും വാർഷികാഘോഷവും നടന്നു. #GHSThadikkadavu



ആലക്കോട് : തടിക്കടവ് ഗവ.ഹൈസ്കൂളിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം തോമസ് വക്കത്താനം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ - ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ പി വി ശ്രീജിനി ഉപഹാര സമർപ്പണം നിർവഹിച്ചു.


 

ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ വിദ്യാർത്ഥികൾക്കുള്ള പ്രൊഫിഷ്യൻസി അവാർഡുകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഉനൈസ് എരുവാട്ടി, പഞ്ചായത്ത് അംഗങ്ങളായ ആൻസി സണ്ണി, മനു തോമസ്, വി പി ഗോവിന്ദൻ, ജോസഫ് ഉഴുന്നുപാറ, പി കെ റെജി, വിദ്യാലയ വികസന സമിതി ചെയർമാൻ കെ ജെ ജോസഫ്, പി ടി എ പ്രസിഡന്റ് സുനിൽകുമാർ, എസ് എം സി ചെയർമാൻ സി എം ഹംസ, എം പി ടി എ പ്രസിഡന്റ് വിചിത്ര വിനോദ്, വി എ അന്നമ്മ ടീച്ചർ എന്നിവർ പ്രസംഗിച്ചു.

പ്രധാനാധ്യാപകൻ കെ മുനീർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ ബിജുമോൻ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

അനന്തപുരിയിൽ ഇനി കലയുടെ നാളുകൾ, സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയും.. #KeralaSchoolKalolsavam

കണ്ണിനും കാത്തിനും കലയുടെ കുളിർമഴയാകുവാൻ 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തുടക്കമാകും.   രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.   14 ജില്ലകളില് നിന്നായി 15,000 കലാകാരന്മാരാണ് കലോത്സവത്തിന് തലസ്ഥാനത്തെത്തുക.   ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമായി വയനാട് വെള്ളാർമല ജിഎച്ച്എസ്എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഘനൃത്തവും നടക്കും.   സ്വർണക്കപ്പ് ഘോഷയാത്ര ഇന്ന് തിരുവനന്തപുരത്തെത്തും.

  25 വേദികൾക്കും നദികളുടെ പേരുകൾ നൽകിയിട്ടുണ്ട്.   പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിന് ഭാരതപ്പുഴ എന്ന് പേരിട്ടെങ്കിലും എംടിയുടെ ബഹുമാനാർത്ഥം എംടി നിള എന്ന് പുനർനാമകരണം ചെയ്തു.   ഓരോ വേദിയിലും പെട്ടെന്ന് എത്തിച്ചേരാൻ ക്യുആർ കോഡ് സംവിധാനമുണ്ട്.
  എല്ലാ വേദികളിലും ഡോക്ടറുടെ സേവനവും ആംബുലൻസുമുണ്ട്.

  മത്സരഫലങ്ങൾ വേദികൾക്ക് സമീപം ഡിജിറ്റൽ സൗകര്യത്തോടെ പ്രദർശിപ്പിക്കും.   മത്സരങ്ങൾ വീക്ഷിക്കുന്നതിനും മത്സരത്തിൻ്റെ പുരോഗതി തത്സമയം അറിയുന്നതിനുമായി കൈറ്റ് ഉത്സവം എന്ന മൊബൈൽ ആപ്പ് തയ്യാറാക്കിയിട്ടുണ്ട്.

  കലോത്സവത്തിൻ്റെ ചരിത്രത്തിലാദ്യമായി തദ്ദേശീയരുടെ 5 നൃത്തരൂപങ്ങളും മത്സര ഇനങ്ങളാകും.   മംഗലംകളി, പണിയനൃത്തം, പാലിയനൃത്തം, മാലപ്പുലയ ആട്ടം, ഇരുള നൃത്തം എന്നിവ വേദിയിൽ അരങ്ങേറും.   സംസ്‌കൃതോത്സവവും അറബിക് കലോത്സവവും ഇതോടൊപ്പം നടക്കും.

പഠനത്തോടൊപ്പം വളർത്താം സമഗ്ര മേഖലകളിലെ വൈദഗ്ധ്യവും ; മാതൃകയായി നൈപുണി ക്യാമ്പ്.. #NaipuniCamp

ആലക്കോട് : സമഗ്രശിക്ഷാ കേരളം തളിപ്പറമ്പ് നോർത്ത് ബി.ആർ.സി തടിക്കടവ് ഗവൺമെന്റ്  ഹൈസ്കൂളിൽ സംഘടിപ്പിച്ച ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് തല നൈപുണി ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ് നിയോജക മണ്ഡലം എം.എൽ.എ എം.വി ഗോവിന്ദൻ മാസ്റ്ററുടെ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായിരുന്നു ക്യാമ്പ്. വാർഡ് മെമ്പർ  ആൻസി അധ്യക്ഷയായി. ബി.പി.സി ബിജേഷ് കെ, മനീഷ കെ വിജയൻ, പി.എൻ സുനിൽകുമാർ,  എൻ.ബിജുമോൻ എന്നിവർ സംസാരിച്ചു.
 
പാചകം, കൃഷി, പ്ലംബിങ് എന്നീ വിഷയങ്ങളിലൂന്നിയാണ് ക്യാമ്പ്. സി.ആർ.സി കോർഡിനേറ്റർമാരായ അനൂപ് കുമാർ, സജീവൻ സി എന്നിവർ നേതൃത്വം നൽകി.

അതിജീവനത്തിന്‍റെ പുതിയ പാഠം, മേപ്പാടി സ്ക്കൂളില്‍ നാളെ പ്രവേശനോത്സവം.. #MeppadiSchool

ഫയല്‍ ഫോട്ടോ | കടപ്പാട് : ഫെസ് ബുക്ക് പേജ്, മേപ്പാടി സ്ക്കൂള്‍.

 

വയനാട് : അതിജീവനത്തിൻ്റെ ആദ്യപാഠങ്ങളുമായി വയനാട് ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിലെ കുട്ടികൾക്കായി നാളെ മേപ്പാടി സ്കൂളിൽ പ്രവേശനോത്സവം നടക്കും. ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ, വെള്ളാർമല സ്‌കൂളിലെ 614 വിദ്യാർഥികൾ നാളെ മേപ്പാടി ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെത്തും.

വിദ്യാർഥികൾക്ക് യാത്രാസൗകര്യമുൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും സ്കൂൾ അധികൃതർ ഒരുക്കിയിട്ടുണ്ട്. ഒരു കാരണവശാലും വിദ്യാർഥികളുടെ അധ്യയന വർഷം നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് താൽക്കാലിക സൗകര്യങ്ങളോടെ ക്ലാസുകൾ ആരംഭിക്കുന്നത്.

മികച്ച വിദ്യാഭ്യാസം സൗജന്യമായി നേടാം ; ആറാം തരത്തിലേക്കുള്ള നവോദയ വിദ്യാലയ പ്രവേശനത്തിന്റെ പരിശീലനവുമായി തളിപ്പറമ്പ പ്രൊവിഡൻസ് അക്കാദമി.. #NavodayaSchool


കണ്ണൂർ : 2025 ജനുവരി 16 ന് നടക്കുന്ന ജവഹർ നവോദയ വിദ്യാലയത്തിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി തളിപ്പറമ്പിലെ പ്രമുഖ കോച്ചിംഗ് സ്ഥാപനമായ പ്രൊവിഡൻസ് അക്കാദമിയിൽ പരിശീലന ക്ലാസുകൾ ആരംഭിച്ചു. ഞായറാഴ്ചയും അവധി ദിവസങ്ങളിലുമാണ് ക്ലാസുകൾ. 25 വർഷത്തിലധികമായി തളിപ്പറമ്പിൽ പ്രവർത്തിക്കുന്ന പ്രൊവിഡൻസ് അക്കാദമിയിലൂടെ നിരവധി വിദ്യാർത്ഥികൾക്കാണ് ഇതിനോടകം നവോദയ വിദ്യാലയ പ്രവശനം ലഭിച്ചിട്ടുള്ളത്.
ഈ വർഷം അഞ്ചാം തരത്തിൽ പഠിക്കുന്ന കുട്ടികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക. കണ്ണൂർ ജില്ലയിൽ ചെണ്ടയാടാണ് നവോദയ വിദ്യാലയം പ്രവർത്തിക്കുന്നത്. പ്രവേശനം ലഭിച്ചാൽ ആറാം തരം മുതൽ +2 തലം വരെ തികച്ചും സൗജന്യവും ഗുണമേന്മയുള്ളതും ആയ പഠനമാണ് ലഭിക്കുക. അപേക്ഷ ഓൺലൈനായി നൽകാം. സെപ്തംബർ 16 വരെയാണ് അപേക്ഷിക്കാനുള്ള അവസരം. ഇതാണ് അപേക്ഷിക്കാനുള്ള സൈറ്റ് https://navodaya.gov.in

ഭാവിയിൽ USS, NMMS, NAS, വിവിധങ്ങളായ BANK പരീക്ഷകൾ തുടങ്ങിയവയെ ചെറുപ്പത്തിലെ അഭിമുഖീകരിക്കാൻ പ്രാപ്തമാക്കുന്ന തരത്തിൽ രൂപകല്പന ചെയ്തതാണ് ഇവരുടെ പഠനരീതി. മാതൃക പരീക്ഷകളും മുൻവർഷ ചോദ്യ പേപ്പർ വിശകലനവും നൽകിവരുന്നു. അഡ്മിഷന് പൂക്കോത്ത് കൊട്ടാരം റോഡിലുള്ള പ്രൊവിഡൻസ് അക്കാദമി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 9400357395

തോരാതെ പെരുമഴ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ.. #HeavyRainAlert

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.   തൃശൂർ, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.


  അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.   എന്നാൽ തൃശ്ശൂരിൽ വിദ്യാർത്ഥികൾ താമസിച്ച് പഠിക്കുന്ന റെസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക്/കോഴ്‌സുകൾക്ക് അവധി ബാധകമല്ല.   മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി. #SchoolOff

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ (20.07.2024) അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്റർ, അംഗൻവാടി ഉൾപ്പെടെയുള്ളവർക്കും അവധി ബാധകമാണ്. എന്നാൽ മോഡൽ റസിസൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

ലഹരി വിരുദ്ധ ദിനത്തിലെ വൈറൽ പ്രസംഗം ; തടിക്കടവ് ഗവ. ഹൈസ്കൂളിലെ അബ്നേർ ജോബിനെ ആദരിച്ച് എക്സൈസ് വകുപ്പ്.. #ThadikkadavuHSS


ആലക്കോട് : ആലക്കോട് എക്‌സൈസ് റേഞ്ചിന്റെയും കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ്‌ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും തടിക്കടവ് ഗവ. ഹൈസ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ 2024 ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ അഭിനന്ദനാർഹമായ രീതിയിൽ പ്രസംഗം നടത്തി ജനമനസ്സുകളിൽ ഇടം നേടിയ തടിക്കടവ് ഗവ. ഹൈസ്കൂളിലെ അഞ്ചാം തരം വിദ്യാർത്ഥിയായ അബ്നേർ ജോബിനെ അനുമോദിച്ചു. വാർഡ് മെമ്പർ ആൻസി സണ്ണി അധ്യക്ഷത വഹിച്ചു. ആലക്കോട് എക്സൈസ് റേഞ്ചിനെ പ്രതിനിധീകരിച്ച്  അസി. എക്സൈസ് ഇൻസ്‌പെക്ടർ തോമസ് ടി കെ അബ്നേർ ജോബിന് ഉപഹാരം നൽകി. കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ്‌ അസോസിയേഷനെ പ്രതിനിധീകരിച്ച് ജില്ലാ പ്രസിഡന്റ്‌ കെ രാജേഷ്, ജില്ലാ സെക്രട്ടറി കെ എ പ്രനിൽ കുമാർ എന്നിവർ ചേർന്ന് ഉപഹാരം നൽകി.
ഹെഡ്മിസ്ട്രസ് ഇൻ ചാർജ് മനീഷ കെ.വിജയൻ, സ്കൂൾ ലഹരി വിരുദ്ധ ക്ലബ്‌ സെക്രട്ടറി ശ്രീഹരി എ, വിമുക്തി ക്ലബ് കൺവീനർ ബിന്ദു തോമസ്, നൈജിൽ ലൂയിസ്, പ്രിവന്റീവ് ഓഫീസർ സുരേന്ദ്രൻ എം, സിവിൽ എക്സൈസ് ഓഫീസർമാരായ രാജീവ്‌ പി കെ, ഷൈജു കെ വി,
KSESA ജില്ലാ ട്രഷറർ രജിത്ത് കുമാർ എൻ, KSESA ജില്ലാ ജോയിന്റ് സെക്രട്ടറി റിഷാദ് സി എച്ച് എന്നിവർ സംസാരിച്ചു.  ചടങ്ങിൽ  അബ്നേർ ജോബും പിതാവായ സണ്ണിയും മറുപടി പ്രസംഗം നടത്തി.
തുടർന്ന്  തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ അസി. എക്സൈസ്  ഇൻസ്‌പെക്ടർ ഷാജി വി. വി ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0