കണ്ണിനും കാത്തിനും കലയുടെ കുളിർമഴയാകുവാൻ 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തുടക്കമാകും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. 14 ജില്ലകളില് നിന്നായി 15,000 കലാകാരന്മാരാണ് കലോത്സവത്തിന് തലസ്ഥാനത്തെത്തുക. ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമായി വയനാട് വെള്ളാർമല ജിഎച്ച്എസ്എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഘനൃത്തവും നടക്കും. സ്വർണക്കപ്പ് ഘോഷയാത്ര ഇന്ന് തിരുവനന്തപുരത്തെത്തും.
25 വേദികൾക്കും നദികളുടെ പേരുകൾ നൽകിയിട്ടുണ്ട്. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിന് ഭാരതപ്പുഴ എന്ന് പേരിട്ടെങ്കിലും എംടിയുടെ ബഹുമാനാർത്ഥം എംടി നിള എന്ന് പുനർനാമകരണം ചെയ്തു. ഓരോ വേദിയിലും പെട്ടെന്ന് എത്തിച്ചേരാൻ ക്യുആർ കോഡ് സംവിധാനമുണ്ട്.
എല്ലാ വേദികളിലും ഡോക്ടറുടെ സേവനവും ആംബുലൻസുമുണ്ട്.
മത്സരഫലങ്ങൾ വേദികൾക്ക് സമീപം ഡിജിറ്റൽ സൗകര്യത്തോടെ പ്രദർശിപ്പിക്കും. മത്സരങ്ങൾ വീക്ഷിക്കുന്നതിനും മത്സരത്തിൻ്റെ പുരോഗതി തത്സമയം അറിയുന്നതിനുമായി കൈറ്റ് ഉത്സവം എന്ന മൊബൈൽ ആപ്പ് തയ്യാറാക്കിയിട്ടുണ്ട്.
കലോത്സവത്തിൻ്റെ ചരിത്രത്തിലാദ്യമായി തദ്ദേശീയരുടെ 5 നൃത്തരൂപങ്ങളും മത്സര ഇനങ്ങളാകും. മംഗലംകളി, പണിയനൃത്തം, പാലിയനൃത്തം, മാലപ്പുലയ ആട്ടം, ഇരുള നൃത്തം എന്നിവ വേദിയിൽ അരങ്ങേറും. സംസ്‌കൃതോത്സവവും അറബിക് കലോത്സവവും ഇതോടൊപ്പം നടക്കും.