തൃശൂർ: തൃശ്ശൂരിൽ വെച്ച് നടക്കുന്ന 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം പൂർണ്ണമായും സ്‌മാർട്ട് ആക്കുന്നതിൻ്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻ്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) വിപുലമായ ഐ.ടി സംവിധാനങ്ങള്‍ സജ്ജമാക്കി.
രജിസ്ട്രേഷൻ മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെയുള്ള എല്ലാ ഘട്ടങ്ങളും ഓൺലൈൻ പോർട്ടൽ വഴിയും മൊബൈൽ ആപ്പ് വഴിയും ഏകോപിപ്പിച്ചും സ്‌കൂൾവിക്കിയിൽ മുഴുവൻ സ്റ്റെജിതര മത്സരങ്ങളും ഉൾപ്പെടുത്തിയും കൈറ്റ് വിക്ടേഴ്‌സ് വഴി തത്സമയ സംപ്രേക്ഷണം ഒരുക്കിയിട്ടുണ്ട്.
'ഉത്സവം' പോർട്ടൽ
കലോത്സവത്തിൻ്റെ ആകെ നിയന്ത്രണം www.ulsavam.kite.kerala.gov.in എന്ന സൈറ്റിലൂടെയാണ് നിർവ്വഹിക്കുന്നത്. മത്സരാർത്ഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, പാർട്ടിസിപ്പൻ്റ് കാർഡ് ലഭ്യമാക്കുക, ടീം മാനേജർമാർക്കുളള റിപ്പോർട്ടുകൾ തയ്യാറാക്കുക, ഇവയെല്ലാം പൂർണ്ണമായും ഓൺലൈൻ രൂപത്തിലാക്കി.
സ്റ്റേജുകളിലെ മത്സരക്രമം അറിയിക്കുന്ന ടൈംഷീറ്റ്, കാള്‍ഷീറ്റ്, സ്‌കോർഷീറ്റ് എന്നിവയുടെ തയ്യാറെടുപ്പും ഇതിലൂടെയാണ് നടക്കുന്നത്. സർട്ടിഫിക്കറ്റുകളുടെ അധികാരികത ക്യൂ.ആർ.കോഡ് വഴി ഉറപ്പാക്കാനും ഡിജി ലോക്കർ വഴി ലഭ്യമാക്കാനും പോർട്ടലിൽ സൗകര്യമുണ്ട്.
കൂടാതെ, ഇത്തവണ ഹയര്‍ അപ്പീല്‍ ടോക്കണ്‍ രജിസ്ട്രേഷന്‍ സംവിധാനം ആപ്പിലൂടെ തന്നെ നടപ്പിലാക്കാൻ സാധിക്കുന്ന പുതിയ ഫീച്ചറും ഉൾപ്പെടുത്തിയതായി കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.
'ഉത്സവം'മൊബൈൽ ആപ്പ്
പൊതുജനങ്ങൾക്ക് മത്സരവിവരങ്ങൾ തത്സമയം ലഭ്യമാക്കാൻ 'KITE ഉൽസവം' എന്ന മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. 25 വേദികളിലേക്കും അനുബന്ധ ഓഫീസുകളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന ഡിജിറ്റൽ മാപ്പുകൾ ഈ ആപ്പിൻ്റെ പ്രധാന പ്രത്യേകതയാണ്.
വിവിധ വേദികളിലെ മത്സരങ്ങൾ തുടങ്ങുന്നതും അവസാനിക്കുന്നതുമായ സമയം തത്സമയം സ്കോറും ഈ ആപ്പിലൂടെ അറിയാൻ സാധിക്കും.
രചനകൾ സ്കൂൾ വിക്കിയിൽ
കഥ, കവിത, ചിത്രരചന, കാര്‍ട്ടൂണ്‍, പെയിന്റിങ്ങ് തുടങ്ങിയ രചനാ മത്സരങ്ങളുടെ ഫലപ്രഖ്യാപനത്തിനുശേഷം അവ സ്കൂള്‍ വിക്കിയില്‍ (www.schoolwiki.in) ലഭ്യമാക്കും.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്, ഉറുദു തുടങ്ങിയ എല്ലാ ഭാഷകളിലെയും രചനകൾ ലിറ്റില്‍ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെയാണ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത്. 2016 മുതലുള്ള കലോല്‍സവ രചനകളുടെ ഡിജിറ്റൽ ശേഖരവും ഇതിൽ ലഭ്യമാണ്.
കൈറ്റ് വിക്ടേഴ്‌സിൽ തത്സമയം
വിവിധ വേദികളില്‍ നടക്കുന്ന മത്സരങ്ങൾ കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ തത്സമയം നല്‍കും. www.victers.kite.gov.in വഴിയും KITE VICTERS മൊബൈല്‍ ആപ് വഴിയും ഇത് കാണാം.
Summery :
State School Kalolsavam goes high-tech with ‘Kite’

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.