October 2025 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
October 2025 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 31 ഒക്ടോബർ 2025 | #NewsHeadlines

• പ്രവാസി ക്ഷേമത്തിന് മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാരാണിതെന്നും നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് ഏറെ ഗുണകരമാകുന്ന പദ്ധതിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഖത്തറിൽ പ്രവാസികൾ സംഘടിപ്പിച്ച മലയാളോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

• ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലെ ബെയ്റാ തുറമുഖത്തിനു സമീപം ബോട്ട് മറിഞ്ഞു കാണാതായ പിറവം സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയതായി നാട്ടിൽ വിവരം ലഭിച്ചു. പോത്തംകുടിലിൽ സന്തോഷിന്റെയും ഷീനയുടെയും മകൻ ഇന്ദ്രജിത്ത് ആണ് മരിച്ചത്. ഒക്ടോബർ 16 ന് പുലർച്ചെയായിരുന്നു അപകടം.

• കെഎസ്ആർടിസിയുടെ അഭിമാന പദ്ധതികളിലൊന്നായ ബജറ്റ് ടൂറിസം പദ്ധതിയിൽ ഇനിമുതൽ തീർഥാടന ടൂറിസവും. ബജറ്റ് ടൂറിസം പദ്ധതിയിലേക്കായി പ്രത്യേക ബസുകൾ പുറത്തിറക്കി. കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസുകളോട് സാമ്യം തോന്നുന്ന 10 ബസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിച്ചു.

• അദാനി ഗ്രൂപ്പിന്റെ കോർപ്പറേറ്റ്‌ തട്ടിപ്പുകൾ വാഷിങ്‌ടൺ പോസ്റ്റ്‌ പുറത്തുവിട്ടതിന്‌ പിന്നാലെ അനിൽ അംബാനി ഗ്രൂപ്പിന്റെ വമ്പൻ ക്രമക്കേടുകൾ വെളിപ്പെടുത്തി അന്വേഷണാത്മക വാർത്താപോർട്ടലായ കോബ്രപോസ്‌റ്റ്‌.

• സമഗ്ര ലബോറട്ടറി പരിശോധനകള്‍ താഴെത്തട്ടില്‍ ഉറപ്പ് വരുത്തുന്നതിനായി സര്‍ക്കാര്‍ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള നിര്‍ണയ ലബോറട്ടറി ശൃംഖലയുടെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.

• ചൈനയ്ക്ക് മേലുള്ള തീരുവ 57 ശതമാനത്തില്‍ നിന്ന് 47 ശതമാനമായി കുറയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം.

• ചൈനയ്ക്ക് മേലുള്ള തീരുവ 57 ശതമാനത്തില്‍ നിന്ന് 47 ശതമാനമായി കുറയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം.

• മുബൈയിൽ മാനസിക രോഗിയായ യുവാവ് ബന്ദികളാക്കിയ 17 കുട്ടികളെ രക്ഷപ്പെടുത്തി. പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. പൊവയ് മേഖലയിൽ ആയിരുന്നു സംഭവം.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 30 ഒക്ടോബർ 2025 | #NewsHeadlines

• സംസ്ഥാനത്ത് ക്ഷേമ പെൻഷൻ 2000 ആയി ഉയർത്തി സർക്കാർ. മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിലാണ് മാദ്രിയുടെ പ്രഖ്യാപനം. നാനൂറ് രൂപയാണ് വർധിപ്പിച്ചത്. ഇതിന് മുൻപ് 1600 രൂപയായിരുന്നു സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ആയി നൽകി വരുന്നത്.

• രാജ്യവ്യാപക എസ്ഐആർ നടപടികൾ പുരോഗമിക്കുന്നു. ബൂത്ത് ലെവൽ ഓഫീസർമാരുടെ പരിശീലനമാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്.  ഫോമുകൾ തയ്യാറാക്കുന്നതിൻ്റെ നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

• സ്ത്രീ സുരക്ഷയ്ക്ക് പുതിയ പദ്ധതി ആരംഭിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സാമൂഹ്യ ക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത ട്രാൻസ് വുമൺ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് എല്ലാ മാസവും സാമ്പത്തിക സഹായം ഈ പദ്ധതിയിലൂടെ ഉറപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

• അടിമാലി കൂമ്പൻപാറയിൽ മണ്ണിടിച്ചിലിൽ ഗുരുതര പരിക്കേറ്റ നെടുമ്പിള്ളിക്കുടി വീട്ടിൽ സന്ധ്യ ബിജുവിന്റെ ചികിത്സാച്ചെലവുകൾ പൂർണമായും നടൻ മമ്മൂട്ടി ഏറ്റെടുത്തു.

• സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ നടപ്പാക്കിയ സബ്ജക്ട് മിനിമം ഈ വര്‍ഷം ഒമ്പതിലും നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി.

• മ്പാദ്യ ശീലത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ലോകമെമ്പാടും ഉള്ള രാജ്യങ്ങൾ ഇന്ന് ലോക സമ്പാദ്യ ദിനം ആചരിക്കുന്നു. ആദ്യ ദിനാചരണം നടന്നത് ഇറ്റലിയിലെ മിലാനോയിലാണ്. ഇറ്റാലിയൻ പ്രൊഫസർ ഫിലിപ്പോ റാവിസ്സയാണ് ആദ്യ ലോക സമ്പാദ്യ ദിനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

• തീവ്ര ഭിന്നശേഷിയുള്ള കുട്ടികളുടെ കുടുംബങ്ങൾക്ക് ഒന്നിച്ചു താമസിക്കുന്നതിനുള്ള അസിസ്റ്റീവ് വില്ലേജുകൾ സംസ്ഥാനത്ത് നാല് ഇടങ്ങളിൽ ഒരുക്കുന്നതിനായി പ്ലാൻ തയ്യാറാക്കി പ്രാരംഭ നടപടി ആരംഭിച്ചതായി ഉന്നതവിഭ്യാഭ്യാസ — സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു.

• 900ലധികം സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത്, ഇ ഓഫീസുകള്‍: ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്.

• ‘മോന്‍ത’ ചുഴലിക്കാറ്റില്‍ ആന്ധ്രാപ്രദേശില്‍ വ്യാപക നാശനഷ്ടം. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും മഴക്കെടുതികളില്‍ ആന്ധ്രയില്‍ ആറ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 29 ഒക്ടോബർ 2025 | #NewsHeadlines

• സംസ്ഥാനത്ത് ഇന്നും മധ്യ തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

• 50 വർഷം പൂർത്തിയാകുന്ന വേളയില്‍ ഉപഭോക്താക്കൾക്ക് ഓഫറുകളും ആനുകൂല്യങ്ങളും ലഭ്യമാക്കാനൊരുങ്ങി സപ്ലൈകോ. നവംബർ ഒന്നു മുതലാണ് ഓഫറുകൾ ലഭ്യമായി തുടങ്ങുക.

• ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോൻതാ ചുഴലിക്കാറ്റ് ആന്ധ്രാ തീരംതൊട്ടു. അടുത്ത മൂന്ന് മുതൽ നാല് മണിക്കൂറിനുള്ളിൽ കാക്കിനാഡയ്ക്ക് ചുറ്റുമുള്ള മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ ചുഴലിക്കാറ്റെത്തും.

• ആവേശം നിറഞ്ഞ മത്സരങ്ങൾക്കൊടുവിൽ സംസ്ഥാന കായികമേളയ്ക്ക് സമാപനം. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ജില്ലയ്ക്കുള്ള സ്വർണക്കപ്പ് തിരുവനന്തപുരത്തിന് ലഭിച്ചു. അടുത്ത വർഷത്തെ സ്കൂൾ ഒളിമ്പിക്സ് കണ്ണൂരിൽ നടക്കും.

• കേരളത്തിലുൾപ്പെടെ 10 സംസ്ഥാനങ്ങളിലും രണ്ട്‌ കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന മൂന്ന്‌ ഘട്ടമായി മൂന്ന്‌ മാസത്തിനുള്ളിൽ നടപ്പാക്കാൻ ലക്ഷ്യമിട്ട്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ.

• ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി 2020) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചട്ടക്കൂട് അനുസരിച്ച് മാത്രമേ നടപ്പിലാക്കാന്‍ സാധിക്കൂ എന്ന് വിവരാവകാശരേഖ. ഇതുസംബന്ധിച്ച് വിവിധ സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയ ചോദ്യങ്ങളും ആശങ്കകളും കേന്ദ്രസര്‍ക്കാര്‍ പാടേ അവഗണിച്ചതായും രേഖ.

• വിവര സാങ്കേതിക മേഖലയിൽ 2031നകം അഞ്ച് ലക്ഷം തൊഴിൽ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഐ. ടി വിപണിയുടെ 10% കേരളത്തിന്റേതാകണമെന്നും ഇതിനുതകുന്ന തരത്തിൽ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളുടെ എണ്ണം 120ലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

• എട്ടാം കേന്ദ്ര ശമ്പള കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ക്ക് അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്.

• തൃശൂർ നിവാസികളുടെ ദീർഘകാലത്തെ സ്വപ്നം സാക്ഷാത്കരിച്ചുവെന്നും ഇതിന് കാരണം ജനങ്ങൾ സമ്മാനിച്ച തുടർഭരണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

• കരീബിയന്‍ ദ്വീപ് രാജ്യമായ ജമെെക്കയില്‍ നാശം വിതച്ച് മെലിസ ചുഴലിക്കാറ്റ്. മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ‑ക്ഷേമ മന്ത്രാലയം സ്ഥിരീകരിച്ചു. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 28 ഒക്ടോബർ 2025 | #NewsHeadlines

• സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന ദിവസമായ ഇന്ന് ഉച്ചയ്ക്കു ശേഷം തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സ്റ്റേറ്റ് സിലബസിലുള്ള സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

• കേരളം ഉൾപ്പെടെയുള്ള 12 സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന നടപ്പാക്കുന്നതിന്റെ നടപടികൾ ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ.

• സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

• ശബരിമല സ്വർണക്കൊള്ളയിലെ ഇടനിലക്കാരൻ‌ കൽ‌പേഷിനെ കണ്ടെത്തി. ചെന്നൈയിലെ സ്വർണ കടയിലെ ജീവനക്കാരനാണ് കൽപേഷ്.

• സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സൂര്യകാന്തിനെ നിലവിലെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായി ശുപാർശ ചെയ്തു. നിലവിൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജസ്റ്റിസ് ആണ് സൂര്യകാന്ത്.

• കാസർകോട് അനന്തപുരത്തെ പ്ലൈവുഡ് ഫാക്ടറിയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം.

• കാസർകോട് അനന്തപുരത്തെ പ്ലൈവുഡ് ഫാക്ടറിയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. ഇന്ന് രാത്രി ഏഴു മണിയോടെയാണ് സംഭവം.

• കരീബിയൻ മേഖലയെ വിറപ്പിച്ചുകൊണ്ട് മെലിസ ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്പെടുന്നു. കാറ്റഗറി നാല് കൊടുങ്കാറ്റായ മെലിസയെ, കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 27 ഒക്ടോബർ 2025 | #NewsHeadlines

• ഉണ്ണികൃഷ്ണൻ പോറ്റി കോടികളുടെ ഭൂമി ഇടപാടുകൾ നടത്തിയതായി കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ ഭൂമി ഇടപാടിന്‍റെ രേഖകൾ പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു. പലിശയ്ക്ക് പണം നൽകിയതിന്‍റെയും രേഖകൾ എസ് ഐ ടി കണ്ടെത്തി.

• സംസ്ഥാനത്ത് ഇന്ന് അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 3 ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കണ്ണൂർ കാസർഗോഡ് കോഴിക്കോട് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ്.

• സാന്റിയോഗോ ബെര്‍ണബ്യൂവില്‍ നടന്ന എല്‍ ക്ലാസിക്കോയില്‍ ചിരവൈരിയായ ബാഴ്‌സലോണയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയലിന്റെ ജയം. കിലിയന്‍ എംബാപ്പെയും ജൂഡ് ബെല്ലിങ്ഹാമുമാണ് ഗോളുകള്‍ നേടിയത്.

• രാജ്യത്ത്‌ ​2024–25 അധ്യയന വർഷം ഒരു വിദ്യാർഥിപോലും പ്രവേശനം നേടാത്ത 8000ത്തോളം സ്‌കൂളുകളുണ്ടെന്ന്‌ ഒ‍ൗദ്യോഗിക കണക്ക്‌. ഇ‍ൗ സ്‌കൂളുകളിലായി 20,817 അധ്യാപകരുണ്ടെടെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.

• പാകിസ്ഥാൻ- അഫ്​ഗാനിസ്ഥാൻ അതിർത്തിയിൽ സംഘർഷം. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ഏറ്റുമുട്ടലിൽ 25 തീവ്രവാദികൾ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ സൈന്യം അറിയിച്ചു.

• ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 'മൊൻ ത' ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക് നീങ്ങുന്നതിനാൽ ആന്ധ്രയിലും തെക്കൻ ഒഡിഷ തീരത്തും ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചു. കേരള - ലക്ഷദ്വീപ്- കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.

• പി എം ശ്രീ പദ്ധതി കേരളത്തിന് ആവശ്യം ഇല്ലെന്നും എസ് എസ് കെ ഫണ്ട് മതിയെന്നും മന്ത്രി വി ശിവൻകുട്ടി. ഏത് നിമിഷവും ധാരണാപത്രം റദ്ദാക്കാമെന്നും മന്ത്രി വി ശിവൻകുട്ടി. പിഎം ശ്രീയ പദ്ധതിയിൽ എംഒയുവിൽ നിന്ന് ഏത് നിമിഷവും പിന്മാറാം. ഇരുപക്ഷവും തമ്മില്‍ ആലോചിച്ചിട്ട് വേണം പിന്മാറേണ്ടത്. അങ്ങനെ ഒരു അവകാശം രണ്ട് കക്ഷികള്‍ക്കും ഉണ്ടെന്നും മന്ത്രി പറഞ്ഞു.

• കേരളം തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ വോട്ടര്‍പ്പട്ടികയുടെ തീവ്ര പുനപരിശോധന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടിവെച്ചേക്കുമെന്ന് സൂചന.തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ മറ്റൊരു ഘട്ടത്തിലാകും എസ്ഐആര്‍ നടത്തുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ നവംബര്‍-ഡിസംബര്‍ കാലയളവിലാണ് തദ്ദേശ തെരഞ്ഞെടുപ്പ്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 26 ഒക്ടോബർ 2025 | #NewsHeadlines

• തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,84,46,762 വോട്ടര്‍മാരാണുള്ളത്. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിങ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്.

• എല്ലാവരും ഇപ്പോള്‍ പ്രത്യാശയിലാണെന്നും കേരളത്തെ സംബന്ധിച്ച് അസാധ്യം എന്നൊന്നില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒമാനിലെ സലാലയിൽ പ്രവാസോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

• സ്കൂൾ ഒളിമ്പിക്സ് അത്ലറ്റിക് വിഭാഗത്തില്‍ ഇന്നലെ റെക്കോര്‍ഡുകളുടെ പെരുമഴ. 200 മീറ്റര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മത്സരത്തില്‍ നാല് റെക്കോര്‍ഡുകളാണ് പിറന്നത്.

• സംസ്ഥാന സ്കൂൾ കായികമേളയിൽ ഇരട്ട സ്വർണം കരസ്ഥമാക്കിയ മിന്നും താരം ദേവനന്ദയ്ക്ക് വീട് വെച്ച് നൽകുമെന്ന് ഉറപ്പ് നൽകി മന്ത്രി വി ശിവൻകുട്ടി.

• ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷിക്കുന്ന എസ് ഐ ടി സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയെയും കൊണ്ട് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷനിൽ എത്തി പരിശോധന നടത്തി.

• ദേശീയപാതയ്‌ക്കുസമീപം അടിമാലി കൂമ്പൻപാറയിൽ വീടിന്‌ മുകളിലേക്ക്‌ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. പ്രദേശവാസിയായ ബിജു ആണ് മരിച്ചത്. ഭാര്യ സന്ധ്യയെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

• 47-ാമത് ആസിയാൻ ഉച്ചകോടിക്ക്‌ ഞായറാഴ്‌ച മലേഷ്യയിലെ കോലാലംപുറിൽ തുടക്കമാകും. ഉച്ചകോടിക്ക്‌ മുന്നോടിയായി ശനിയാഴ്‌ച ആസിയാൻ രാജ്യങ്ങളിലെ വിദേശ മന്ത്രിമാരുടെ യോഗം ചേർന്നു.

• കേരളത്തില്‍ സ്പോര്‍ട്സ് ഇക്കോണമി വികസിപ്പിച്ചെടുക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. ഓരോ പഞ്ചായത്തിലും കളിക്കളങ്ങളുണ്ടാക്കി വിദഗ്ധരായ പരിശീലകരെ നിയമിക്കുമെന്നും മന്ത്രി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 25 ഒക്ടോബർ 2025 | #NewsHeadlines

• സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തൃശൂർ, പാലക്കാട് ജില്ലകൾ ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. തിരുവനന്തപുരം കൊല്ലം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടാണ്.

• ‘നാടിന്റെ ഓരോ ചലനത്തിലും ഭാഗമാകുന്നവരാണ് പ്രവാസി മലയാളികൾ’: ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ.

• കെ പി കേശവമേനോൻ സ്‌മാരക ട്രസ്റ്റിൻ്റെ വിശിഷ്ട വ്യക്‌തികൾക്കുള്ള കെ പി കേശവമേനോൻ പുരസ്‌കാരം മുൻ മന്ത്രി എ കെ ബാലന് സമ്മാനിക്കുമെന്ന്‌ ജൂറി വൈസ്‌ ചെയർമാൻ ഡോ. പി മുരളി.

• ശബരിമല സ്വർണ്ണക്കൊള്ളയില്‍ വൻ വ‍ഴിത്തിരിവ്. ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണ്ണം വിറ്റുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.

• ആനക്കൊമ്പ് കേസില്‍ മോഹൻലാലിന് തിരിച്ചടി. ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് മോഹൻലാലിന് അനുമതി നൽകിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഉത്തരവ് നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു.

• പിഎം ശ്രീയിൽ ഒപ്പിട്ടതോടെ കേരളം ദേശീയ വിദ്യാഭ്യാസ നയം പൂർണമായും അംഗീകരിച്ചുവെന്നത് തെറ്റാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.

• സൗരോർജവും ബാറ്ററി സംഭരണവും ഏകീകരിച്ച് 24 മണിക്കൂറും ഊർജം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ നവീകരണ ഊർജ പദ്ധതി യുഎഇയിൽ ആരംഭിച്ചു.

• കേരളത്തിലെ സ്ത്രീകൾ മികവിന്റെ മികച്ച മാതൃകകൾ സൃഷ്ടിച്ചവരാണെന്ന്‌ രാഷ്‌ട്രപതി ദ്ര‍ൗപദി മുർമു. വനിതകൾ നയിക്കുന്ന സമൂഹം കൂടുതൽ കാര്യക്ഷമവും മാനുഷികവുമായിരിക്കുമെന്നും എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളിൽ വിശിഷ്ടാതിഥിയായി സംസാരിക്കവെ രാഷ്‌ട്രപതി പറഞ്ഞു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 24 ഒക്ടോബർ 2025 | #NewsHeadlines

• കേരളപ്പിറവി ദിനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ അതിദാരിദ്ര്യമില്ലാത്ത രാജ്യത്തെ ആദ്യത്തെ സംസ്ഥാനമെന്ന അംഗീകാരം നമ്മുടെ നാടിന് സ്വന്തമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

• ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുരാരി ബാബുവിനെ റിമാൻഡിൽ. 14 ദിവസത്തേക്കാണ് മുരാരി ബാബുവിനെ റാന്നി കോടതി റിമാൻഡ് ചെയ്തത്.

• 2023-24ല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി തുടങ്ങിയ പി എം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിട്ടു. പൊതു വിദ്യാഭ്യാസ സെക്രട്ടറിയാണ് സംസ്ഥാനത്തിന് വേണ്ടി ഒപ്പ് വച്ചത്.

• കേന്ദ്ര കാലാവസ്ഥ വകുപ്പ് പുതുക്കിയ മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. മുന്നറിയിപ്പുകള്‍ പ്രകാരം കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഒക്ടോബര്‍ 27വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് നിര്‍ദേശം.

• സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സമഗ്ര പുനരധിവാസം ലക്ഷ്യമാക്കി സുശക്തി എന്ന പേരില്‍ സ്വയംസഹായ സംഘങ്ങള്‍ രൂപീകരിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു.

• അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് രാജ്യത്തിന് തന്നെ മാതൃക. ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന സര്‍ക്കാര്‍ ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കോളേജ് മാറി.

• മരണത്തിലും അമരനായി ജയിൽ ഉദ്യോഗസ്ഥനായ തിരുവനന്തപുരം സ്വദേശി എ. ആർ അനീഷ്. കോട്ടയം മെഡിക്കൽ കോളേജിൽ മസ്തിഷ്ക മരണം സംഭവിച്ച അനീഷ് ഇനി ഏട്ട് പേരിലൂടെ ജീവിക്കും. ഹ്യദയം ഉൾപ്പെടെ എട്ട് അവയവങ്ങളാണ് കുടുംബത്തിൻ്റെ സമ്മതത്തോടെ ദാനം ചെയ്തത്.

• സൗജന്യമായി ഭൂമി പതിച്ചു നൽകുന്നതിനുള്ള വരുമാന പരിധി നിലവിലുള്ള ഒരു ലക്ഷം രൂപയിൽ നിന്നും രണ്ടര ലക്ഷം രൂപയായി വർദ്ധിപ്പിച്ച് സർക്കാർ. ദീർഘകാലമായുള്ള ജനങ്ങളുടെ ഒരു ആവശ്യമാണ് ഇതോടെ നിറവേറ്റപ്പെട്ടത്. 2013 ലാണ് വരുമാന പരിധി ഒര ലക്ഷം രൂപയായി നിശ്ചയിച്ചത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 23 ഒക്ടോബർ 2025 | #NewsHeadlines

• 67-ാംമത് സ്കൂൾ ഒളിമ്പിക്സ് ​ഗെയിംസിൽ ആദ്യദിനം തിരുവനന്തപുരം ജില്ലയ്ക്ക് മുന്നേറ്റം. ഓവറോൾ പ്രകടനത്തിൽ 77 സ്വർണവും 57 വെള്ളിയും 79 വെങ്കലവും ഉൾപ്പടെ 663 പോയിന്റുമായാണ് തിരുവനന്തപുരം ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള കണ്ണൂരിന് 387 പോയിന്റാണ് ഉള്ളത്.

• അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം നവംബർ ഒന്നിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുമെന്ന് മന്ത്രി എം ബി രാജേഷ്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനം അതിദാരിദ്ര്യ മുക്തമാകുന്നതെന്നും മന്ത്രി.

• സഞ്ചാരികൾക്കായി തിരുവനന്തപുരത്തിന് ഇനി ഗ്ലാസ് ബ്രിഡ്ജും. തിരുവനന്തപുരം ആക്കുളത്ത് നിർമ്മിച്ച കണ്ണാടി പാലം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സർക്കാർ ചുമതലയിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ആദ്യത്തെ കണ്ണാടിപ്പാലമാണിത്.

• പമ്പയിൽ നിന്ന്‌ നിറച്ച ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറി രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ശബരിമല ക്ഷേത്രദർശനം പൂർത്തിയാക്കി. വാവരുസ്വാമിനടയും മാളികപ്പുറവും സന്ദർശിച്ച്‌ കാണിക്കയുമിട്ടാണ്‌ മടങ്ങിയത്‌. പമ്പയിൽനിന്ന്‌ സ്വാമി അയ്യപ്പൻ റോഡിലൂടെ പ്രത്യേക വാഹനത്തിലാണ് രാഷ്‌ട്രപതി സന്നിധാനത്തെത്തിയത്.

• പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയ സാഹചര്യത്തിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇന്ന്‌ ഷട്ടറുകൾ തുറക്കും.

• പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി നിയമനടപടികൾ കടുപ്പിച്ച്‌ യുഎഇ. പരിസ്ഥിതി നിയമം ലംഘിക്കുന്നവർക്ക് 20 ലക്ഷം ദിർഹംവരെ പിഴ ചുമത്തുമെന്ന്‌ നിയമത്തിൽ നിർദേശിക്കുന്നു.

• പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി നിയമനടപടികൾ കടുപ്പിച്ച്‌ യുഎഇ. പരിസ്ഥിതി നിയമം ലംഘിക്കുന്നവർക്ക് 20 ലക്ഷം ദിർഹംവരെ പിഴ ചുമത്തുമെന്ന്‌ നിയമത്തിൽ നിർദേശിക്കുന്നു.

• മുടങ്ങിക്കിടക്കുന്ന വ്യാപാരക്കരാറിലേക്ക് ഇന്ത്യയും,അമേരിക്കയും അടുക്കുന്നതായി സൂചന, ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്രമോഡിയുമായി താന്‍ സംസാരിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണവാങ്ങുന്നത് പരിമിതപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മോഡി തനിക്ക് ഉറപ്പ് തന്നുവെന്നും ട്രംപ്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 22 ഒക്ടോബർ 2025 | #NewsHeadlines

• രാഷ്ട്രപതി ദ്രൗപദി മുർമു 4 ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി. എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ 6.20 ആണ് വിമാനം ഇറങ്ങിയത്. ഗവർണർ, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, മേയർ തുടങ്ങിയവർ ആണ് തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതിയെ സ്വീകരിച്ചത്.

• സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു. ഇന്ന് സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.

• കേരള സ്കൂൾ ഒളിമ്പിക്സിന് തിരുവനന്തപുരത്ത് ഗംഭീര തുടക്കം. 67ാം സ്കൂൾ കായിക മേളയ്ക്കാണ് തുടക്കമായത്. മത്സരങ്ങൾ ഇന്ന് മുതൽ തുടങ്ങും. ഇനി എട്ട് നാൾ തലസ്ഥാനത്തിന് കായിക ആവേശം പകരും.

•  ഇടുക്കി, പാലക്കാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന്  അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. റെസിഡൻസ് സ്ക്കൂളുകൾ, കോളജുകൾ, നവോദയ വിദ്യാലയങ്ങൾക്കും അവധി ബാധകമല്ല.

• തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വയോധിക മരിച്ചു. കഴിഞ്ഞ 16ന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച പോത്തൻകോട് വാവറ അമ്പലം സ്വദേശിനി ഹബ്സാ ബീവി ആണ് മരിച്ചത്.

• നിർമിത ബുദ്ധി അഥവാ എഐയുടെ കടന്നുവരവോടെ രാജ്യത്തെ മുൻനിര ഐടി കമ്പനികളിൽ നിർബന്ധിത കൂട്ടപിരിച്ചുവിടൽ. ഒരു വർഷത്തിനിടെ വിവിധ ഐടി കമ്പനികളിലായി ഒരു ലക്ഷത്തോളം പേർക്ക്‌ തൊഴിൽ നഷ്‌ടമായെന്ന് റിപ്പോർട്ടുകൾ.

• ലോകത്തിലെ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്ന ലുവ്‌റെ മ്യൂസിയത്തിൽനിന്ന് അമൂല്യ ആഭരണങ്ങൾ കവർന്ന കൊള്ളയിൽ ഇരുട്ടിൽത്തപ്പി അന്വേഷകസംഘം. സംഭവം നടന്ന്‌ മൂന്നാംദിവസവും മോഷ്‌ടാക്കളെക്കുറിച്ച്‌ എന്തെങ്കിലും വിവരം പുറത്തുവിടാൻ അധികൃതർക്ക്‌ കഴിഞ്ഞില്ല.

• മുണ്ടക്കൈ–ചൂരൽമല ഉരുൾദുരന്ത അതിജീവിതർക്കായി സംസ്ഥാന സർക്കാർ കൽപ്പറ്റയിൽ ഒരുക്കുന്ന ട‍ൗൺഷിപ്പിൽ ഒന്പത്‌ വീടിന്റെകൂടി പ്രധാന വാർപ്പ്‌ പൂർത്തിയായി. വ്യാഴാഴ്ചയ്‌ക്കുള്ളിൽ രണ്ട്‌ വീടുകൾകൂടി വാർക്കും.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 21 ഒക്ടോബർ 2025 | #NewsHeadlines

• സ്കൂൾ ഒളിമ്പിക്സ് മേളയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി കഴിഞ്ഞിരിക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇന്ന് വൈകുന്നേരമാണ് ഉദ്ഘാടന ചടങ്ങ്. നാളെ രാവിലെ മത്സരങ്ങൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

• മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞ് തിങ്കൾ രാവിലെ ആറിന് 138.90 അടിയെത്തി. തലേദിവസം ജലനിരപ്പ് 139.35 അടിയായിരുന്നു. 0.45 അടിയാണ്‌ കുറഞ്ഞത്‌. കഴിഞ്ഞവർഷം ഇതേദിവസം അണക്കെട്ടിൽ 119.60 അടി വെള്ളമാണ് ഉണ്ടായിരുന്നത്.

• അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തുടർന്ന് അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

• റഷ്യയുമായുള്ള വ്യോമയുദ്ധം അതിവേഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, യുഎസിനോട് കൂടുതല്‍ ആയുധങ്ങള്‍ ആവശ്യപ്പെട്ട് ഉക്രെയ‍്ന്‍. 25 യുഎസ് പാട്രിയറ്റ് മിസൈൽ വിരുദ്ധ ബാറ്ററികൾ കൂടി വിതരണം ചെയ്യണമെന്ന് ഉക്രെയ‍്ന്‍ പ്രസിഡന്റ് വ്ലോഡിമര്‍ സെലന്‍സ്കി ആവശ്യപ്പെട്ടു.

• ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും. എസ്ഐടി അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും.

• നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗർപതി മുർമു ഇന്ന് കേരളത്തിൽ. വൈകീട്ട് ആറരയോടെ എത്തുന്ന രാഷ്ട്രപതി നാളെയാണ് ശബരിമല ദർശനം നടത്തുക.

• മൊസാബിക്കിലെ ബെയ്‌റ തുറഖമുഖത്തുണ്ടായ കപ്പല്‍ അപകടത്തെ തുടര്‍ന്ന് കണ്ടെത്തിയ മൃതശരീരം തിരിച്ചറിഞ്ഞു. അപകടത്തില്‍ കാണാതായ കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റേതാണ് തിരിച്ചറിഞ്ഞ മൃതദേഹമെന്ന് ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അധികൃതർ.

• സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി സീറ്റുകള്‍ അനുവദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിനാണ് സീറ്റുകള്‍ അനുവദിച്ചത്. രാജ്യത്ത് സ്റ്റേറ്റ് മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായാണ് ന്യൂക്ലിയര്‍ മെഡിസിന് പിജി പഠനം സാധ്യമാകുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 20 ഒക്ടോബർ 2025 | #NewsHeadlines

• സമാധാന കരാർ ലംഘിച്ച്‌ തെക്കൻ ഗാസയിൽ കടുത്ത ആക്രമണം അഴിച്ചുവിട്ട്‌ ഇസ്രയേൽ സൈന്യം. ആക്രമണങ്ങളിൽ കുറഞ്ഞത് 35 പലസ്തീൻകാർ കൊല്ലപ്പെട്ടതായി സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു.

•  ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളിയിലെയും വാതിൽപ്പടിയിലെയും സ്വർണം കവർന്ന കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അനധികൃത ഭൂമി ഇടപാടുകൾ അന്വേഷക സംഘം കണ്ടെത്തി.

• ഒളിമ്പിക്‌സ് മാതൃകയിലുള്ള സംസ്ഥാന സ്‌കൂൾ കായികമേളക്ക്‌ ചൊവ്വാഴ്‌ച തുടക്കമാകും. വൈകിട്ട്‌ നാലിന്‌ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. ഫുട്‌ബോൾ താരം ഐ എം വിജയൻ ദീപം തെളിക്കും.

• രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച്‌ മൂന്നു വൻകിട ബാങ്കുകളെ മാത്രം നിലനിർത്താനുള്ള മോദി സർക്കാരിന്റെ ‘മെഗാ ബാങ്ക്‌ ലയന പദ്ധതി’ ബാങ്കിങ്‌ മേഖലയെ ആശങ്കയിലാക്കുന്നതായി റിപ്പോർട്ട്.

• ലോകപ്രശസ്ത സസ്യശാസ്ത്ര പ്രൊഫസറും കാലിക്കറ്റ് സർവകലാശാല ബയോടെക് ഡിപ്പാർട്ടമെന്‌റ് സ്ഥാപകനുമായ വി ജെ ഫിലിപ് അന്തരിച്ചു. 87 വയസായിരുന്നു.

• ഇന്ത്യാ ടുഡേ നടത്തിയ നാഷണൽ ബിഹേവിയറൽ ഇൻഡക്സ് സർവേയിൽ സ്ത്രീ സുരക്ഷ, ആതിഥേയ മര്യാദ എന്നീ കാര്യങ്ങളിൽ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

• ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ വായുഗുണനിലവാരം മോശമായതോടെ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. വായുമലിനീകരണം അതീവ ഗുരുതരമായതോടെ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ 2 നടപ്പാക്കി.

• ചന്ദ്രനിൽ സൂര്യന്‍ ചെലുത്തുന്ന സ്വാധീനം തിരിച്ചറിഞ്ഞ് ഇന്ത്യയുടെ ചന്ദ്രയാന്‍ 2. ചന്ദ്രനെ വലംവയ്ക്കുന്ന പേടകത്തിലെ എക്സ്പ്ലോറർ‑2 വിന്റെ സഹായത്തോടെയാണ് നേട്ടം.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 19 ഒക്ടോബർ 2025 | #NewsHeadlines

• സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാസാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ മധ്യകേരളത്തിൽ മഴ കനക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ പ്രവചനം.

• ഇടുക്കി കുമളിയിൽ ഇന്നലെ രാത്രി കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ കടകളിലും വീടുകളിലും വെള്ളം  കയറി.  ഒന്നാം മൈൽ ഭാഗത്തെ കടകളിലാണ് വെള്ളം കയറിയത്.

• അഫ്‌ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ തനിക്ക്‌ എളുപ്പം കഴിയുമെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. മനുഷ്യർ കൊല്ലപ്പെടുന്നത് തടയാൻ താൻ ഇഷ്ടപ്പെടുന്നുവെന്നും ദശലക്ഷക്കണക്കിന് ജീവൻ താൻ രക്ഷിച്ചുവെന്നും ട്രംപ്‌ അവകാശപ്പെട്ടു.

• ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളിയിലെയും വാതിൽപ്പടിയിലെയും സ്വർണം കവർന്ന കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രതികളുടെ സാമ്പത്തിക, വസ്തു ഇടപാടുകളുടെ രേഖകളും അന്വേഷകസംഘത്തിന് ലഭിച്ചു.

• ലോകരാജ്യങ്ങളുമായി പത്തുവർഷമായുള്ള കാരാർ അവസാനിച്ച സാഹചര്യത്തിൽ തങ്ങളുടെ ആണവപരിപാടികൾക്ക്‌ ഇനി നിയന്ത്രണങ്ങളൊന്നുമില്ലെന്ന് ഇറാൻ.

• ഡേടൈം എമ്മി പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററായ ഡേവിഡ് അറ്റൻബറോ. നെറ്റ്ഫ്ലിക്സിന്റെ "സീക്രട്ട് ലൈവ്സ് ഓഫ് ഒറാങ്ങ് ഉട്ടാൻസിന്റെ" അവതാരകനാണ് ഡേവിഡ്.

• നവംബർ ഒന്നു മുതൽ സ്ത്രീ ഉപഭോക്താക്കൾക്ക് സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% വരെ വിലക്കുറവ് നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ.

• നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തം. 3.25 ലക്ഷം രൂപ പിഴയും വിധിച്ചു. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതിയാണ് ശിക്ഷവിധിച്ചത്. 2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായിരുന്ന സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 18 ഒക്ടോബർ 2025 | #NewsHeadlines

• മലയാളത്തെയും കേരളീയ സംസ്കാരത്തെയും നെഞ്ചോട് ചേർക്കുന്നവരാണ് പ്രവാസി മലയാളികളെന്നും പല സംഭാവനകൾ കൊണ്ടും ബഹ്റൈൻ പ്രവാസികൾ മാതൃകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ബഹ്റൈൻ കേരളീയ സമാജത്തിന്‍റെ പ്രവാസി മലയാളി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

• മൊസാംബിക്കിലെ ബെയ്റ തുറമുഖത്തിന് സമീപം ക്രൂ ചേഞ്ചിങ്ങിനിടെ ബോട്ട് മറിഞ്ഞ് മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. മലയാളിയടക്കം അഞ്ച് പേരെ കാണാതായി. എംടി സീ ക്വസ്റ്റ് എന്ന എണ്ണക്കപ്പലിലെ നാവികരെയാണ് കാണാതായത്.

• ശിരോവസ്ത്ര വിവാദത്തിൽ പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിന് ഹൈക്കോടതിയിൽ തിരിച്ചടി. ശിരോവസ്ത്രം ധരിച്ച് ക്ലാസ്സുകളിൽ പങ്കെടുക്കാൻ കുട്ടിയെ അനുവദിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സ്കൂളിൻ്റെ ആവശ്യം കോടതി തള്ളി.

• സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വിവിധ ജില്ലകളിൽ മഴ മുന്നറിപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

• തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശിയ പാളികൾ നട തുറന്ന ശേഷം പുനഃസ്ഥാപിക്കുവാൻ വേണ്ട നടപടികൾ പുരോഗമിക്കുകയാണ്.

• ശബരിമലയിലെ ശില്പപാളിയിലെ സ്വര്‍ണ മോഷണക്കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ 30 വരെ 14 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

• പാലിയേക്കരയിലെ പുനരാരംഭിക്കാൻ ഹൈക്കോടതിയുടെ അനുമതി. നിബന്ധനകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. പുതുക്കിയ ടോൾ നിരക്ക് ഈടാക്കാൻ പാടില്ല എന്നും പഴയ നിരക്ക് മാത്രമേ പിരിക്കാവൂ എന്നും കോടതി വ്യക്തമാക്കി.

• കോഴിക്കോട് പേരാമ്പ്രയിലെ സംഘര്‍ഷത്തിൽ കൂടുതൽ അറസ്റ്റ്. മൂന്ന് യു ഡി എഫ് പ്രവര്‍ത്തകരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പേരാമ്പ്രയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ട് ആയി ഉയർന്നു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 17 ഒക്ടോബർ 2025 | #NewsHeadlines

• ശബരിമല സ്വർണ്ണ തട്ടിപ്പ് കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ. 11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന.

• 500 കോടി രൂപയുടെ കെഐഎഡിബി ഭൂമി ക്രമക്കേടിൽ ബിജെപി കേരളാ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പങ്കെന്ന് റിപ്പോർട്ട്. സൗത്ത് ഫസ്റ്റ് ന്യൂസാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് പുറത്ത് വിട്ടത്.

• റഷ്യയിൽനിന്ന്‌ എണ്ണ വാങ്ങുന്നത്‌ ഇന്ത്യ തുടരുമെന്നുതന്നെയാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ റഷ്യൻ ഉപപ്രധാനമന്ത്രി അലക്‌സാണ്ടർ നൊവാക്‌ പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങുന്നത്‌ നിർത്തുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതായുള്ള ട്രംപിന്റെ പ്രഖ്യാപനത്തിന്‌ പിന്നാലെയാണ്‌ റഷ്യയുടെ പ്രതികരണം.

• ഗുജറാത്തിലെ ബിജെപി സർക്കാരിൽ മുഖ്യമന്ത്രി ഒഴികെ എല്ലാമന്ത്രിമാരെല്ലാം രാജിവെച്ചു. വെള്ളിയാഴ്ച നടക്കാനാരിക്കുന്ന മന്ത്രിസഭാ പുന:സംഘനയക്ക് മുന്നോടിയായാണ് കൂട്ടരാജി.

• ലോകമെമ്പാടുമുള്ള 16,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആഗോള ഭക്ഷ്യ ഭീമനായ നെസ്‌ലെ. അടുത്ത രണ്ട് വര്‍ഷത്തിനകം നിരവധി ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി അറിയിച്ചു.

• ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ വ്യോമാതിർത്തി നിരോധനം നവംബർ 23 വരെ നീട്ടി പാകിസ്ഥാന്‍. ഈ മാസം 23ന് അവസാനിക്കേണ്ടിയിരുന്ന വിലക്കാണ് പാകിസ്ഥാൻ ഏവിയേഷൻ അതോറിട്ടി നീട്ടിയത്.

• കോഴിക്കോട് താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യുമോണിയയാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

• സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ മറ്റാരും സഹായം നല്‍കിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. സംഭവത്തില്‍ ആറ് സഹതടവുകാരുടേയും ജയില്‍ ജീവനക്കാരുടേയും മൊഴിയെടുക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തതിന്റേയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.

• കണ്ണൂർ ജില്ലയിലെ സന്നദ്ധ രക്തദാനത്തിന്റെ മുഖമായി മാറിയ ജീവകാരുണ്യ പ്രവർത്തകൻ സികെ അജീഷ് അന്തരിച്ചു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 16 ഒക്ടോബർ 2025 | #NewsHeadlines

• അടുത്ത 24 മണിക്കൂറിൽ തുലാവർഷത്തിന് മുന്നോടിയായി പെയ്യുന്ന മഴ കേരളത്തിൽ നിന്നും പൂർണമായി പിൻവാങ്ങുമെന്നും തുലാവർഷത്തിന് തുടക്കമാകുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

•  തിരുവനന്തപുരം - മധുര അമൃത എക്‌സ്പ്രസ് മുതല്‍ രാമേശ്വരം വരെ നീട്ടി. ഇതുസംബന്ധിച്ച് റെയില്‍വേ ഉത്തരവ് ഇറക്കി.

• മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഏക സഹോദരി പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ വെന്തലത്തറ വീട്ടിൽ ആഴിക്കുട്ടി അന്തരിച്ചു.

• 'മഹാഭാരതം' പരമ്പരയില്‍ കര്‍ണനായി വേഷമിട്ട് ശ്രദ്ധേയനായ നടന്‍ പങ്കജ് ധീർ അന്തരിച്ചു.

• ഒളിമ്പിക്‌സ്‌ മാതൃകയിൽ സംഘടിപ്പിക്കുന്ന 67–ാം -മത് സംസ്ഥാന സ്‌കൂൾ കായികമേള 21ന്‌ വൈകിട്ട്‌ നാലിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ യൂണിവേഴ്സിറ്റി സ്‌റ്റേഡിയത്തിൽ ഉദ്ഘാടനംചെയ്യും.

• പുതിയ വ്യവസായ നയത്തിന്റെ തുടർച്ചയായുള്ള വ്യത്യസ്ത മേഖലകളെ സമഗ്രമായി ഉൾക്കൊള്ളുന്ന നാല് ഉപമേഖലാ നയങ്ങള്‍ കൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കയറ്റുമതി പ്രോത്സാഹനം, ലോജിസ്റ്റിക്സ്, ഹൈടെക് ഫ്രെയിംവർക്ക് 2025, ഇഎസ്ജി എന്നീ നയങ്ങളാണ് വ്യവസായ മന്ത്രി പി രാജീവ് പ്രത്യേകമായി പ്രഖ്യാപിച്ചത്.

• സംസ്ഥാനത്തെ തൊഴിലാളികളുടെ മിനിമം കാർഷിക‑വ്യാവസായിക വേതനത്തിലെ ഒരു പ്രധാന ഘടകമായ ക്ഷാമബത്ത  കാലോചിതമായി പുതുക്കി നിശ്ചയിക്കുന്നതിനുള്ള അടിസ്ഥാന രേഖ തയ്യാറാക്കുന്നതിനായി സുപ്രധാന ചുവടുവയ്പുമായി സർക്കാർ.

• ശബരിമല സ്വര്‍ണ്ണ കവര്‍ച്ചകേസില്‍ പ്രത്യേക അന്വേഷണ സംഘം പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി.നിലവിലെ അന്വേഷണ പുരോഗതി വിലയിരുത്തിയ സംഘം തുടര്‍ നടപടികള്‍ക്കും രൂപം നല്‍കി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 15 ഒക്ടോബർ 2025 | #NewsHeadlines

• രാജസ്ഥാനില്‍ ഓടുന്ന ബസിന് തീപിടിച്ച് 20 പേര്‍ മരിച്ചു. ജെയ്‌സാല്‍മീര്‍- ജോധ്പൂര്‍ ഹൈവേയിലാണ് സ്വകാര്യ ബസിന് തീ പിടിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം. അപകട സമയം 57 പേരാണ് ബസിലുണ്ടായിരുന്നത്.

• ഭിന്നശേഷി നിയമനത്തില്‍ സര്‍ക്കാര്‍ സമീപനം സ്വാഗതാര്‍ഹമെന്ന് ഓര്‍ത്തഡോക്‌സ് സഭ.

• കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്തിനുള്ള മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

• രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷം. വായു ​ഗുണനിലവാര സൂചികയിൽ ഇന്നലെ 211 എക്യുഐ ആണ് രേഖപ്പെടുത്തിയത്. 'ആരോഗ്യത്തിന് ഹാനികരം' എന്ന വിഭാഗത്തിലാണ് ഡൽഹിയിലെ വായു ഗുണനിലവാരം.

• തമിഴ്നാട് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷനെതിരായ ഇ ഡി അന്വേഷണം തടഞ്ഞ വിധി നീട്ടി സുപ്രീംകോടതി.

• ഇറ്റലിയിൽ ഫാംഹൗസിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് സൈനിക പൊലീസ് അം​ഗങ്ങൾ കൊല്ലപ്പെട്ടു. 13 പൊലീസ് ഉദ്യോ​ഗസ്ഥർക്ക് പരിക്കേറ്റു.

• മഡഗാസ്കറിൽ നേപ്പാൾ മാതൃകയിൽ കലാപം പടർന്നതോടെ  പ്രസിഡന്റ് ആൻഡ്രി രജോലിന രാജ്യം വിട്ടു. അഴിമതിക്കെതിരെ അന്റനാനരിവോയിൽ യുവാക്കൾ നയിച്ച മൂന്നാഴ്ചത്തെ പ്രതിഷേധത്തിന് തുടർച്ചയായാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

• നെന്മാറ പോത്തുണ്ടിയിലെ സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് കേസിൽ വിധി പ്രസ്താവിച്ചത്.

• ഗുരുതര പാർശ്വഫലങ്ങളുണ്ടാക്കിയേക്കുമെന്ന് കണ്ടെത്തിയതിന് പിന്നാലെ മൂന്ന് ഇന്ത്യൻ നിർമിത ചുമമരുന്നുകൾക്കെതിരെ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 14 ഒക്ടോബർ 2025 | #NewsHeadlines

• ശബരിമലയിലെ സ്വര്‍ണ്ണ കവര്‍ച്ച കേസില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്‍ എച്ച് വെങ്കിടേഷ് ഇന്ന് ശബരിമലയില്‍ എത്തും. പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗവും ചേരും.

• ഇസ്രയേലും ഹമാസും തടവുകാരെ പരസ്പരം കൈമാറിയതോടെ ഈജിപ്റ്റില്‍ ലോകനേതാക്കള്‍ ഗാസ സമാധാന കരാറില്‍ ഒപ്പുവെച്ചു. ഈജിപ്റ്റ്, ഖത്തര്‍, തുര്‍ക്കിയ, അമേരിക്കന്‍ എന്നീ മധ്യസ്ഥ രാജ്യങ്ങളാണ് കൈറോയില്‍ നടന്ന ഉച്ചകോടിയില്‍ കരാര്‍ ഒപ്പുവെച്ചത്.

• എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനം സംബന്ധിച്ച് സാമൂഹ്യനീതി ഉറപ്പാക്കുന്നതിൽ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വി ശിവൻകുട്ടി.

• പൊതുമരാമത്ത് വകുപ്പിന്റെ വിഷന്‍ 2031 ശില്‍പശാല ഒക്ടോബര്‍ 18ന് രാവിലെ 9 മണി മുതല്‍ കോഴിക്കോട് ആസ്പിന്‍ കോര്‍ട് യാര്‍ഡില്‍ നടക്കും.

• രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിയല്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയ കോടതി പരാതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി.

• ‘വിഷൻ 2031’ ൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സംസ്ഥാന തല വികസന സെമിനാറിന് തുടക്കമായി. സെമിനാർ ടാഗോർ തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ സെമിനാർ ഉദ്ഘാടനം ചെയ്തു.

• വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കേരള വനിതാ സംരംഭക സംഗമം പുതിയ ചരിത്രമായി. വിവിധ ജില്ലകളില്‍ നിന്നുള്ള 1200 വനിതാ സംരംഭകര്‍ പരിപാടിയിൽ പങ്കെടുത്തു.

• കേരളത്തില്‍ നടക്കുന്ന അര്‍ജന്റീന- ഓസ്‌ട്രേലിയ പോരാട്ടത്തിന്റെ മത്സരത്തീയതി പ്രഖ്യാപിച്ചു. നവംബര്‍ 17നാണ് ഫുട്‌ബോളിന്റെ മെസിയും  സംഘവും കേരള  മണ്ണില്‍ പന്തുതട്ടാനിറങ്ങുന്നത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 13 ഒക്ടോബർ 2025 | #NewsHeadlines

• ശബരിമലയിലെ തട്ടിപ്പ് കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനൊരുങ്ങി എസ്ഐടി. പ്രതിപട്ടികയിലുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും പിന്നാലെ ചോദ്യം ചെയ്യാനാണ് എസ് ഐ ടി തീരുമാനം.

• സംസ്ഥാനത്ത് മഴ കനക്കും. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴകനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

• സംരംഭകവർഷം പദ്ധതിയുടെ വിജയത്തിന് പിന്നാലെ, സംസ്ഥാനത്തെ വനിതാ സംരംഭകത്വ മേഖലയ്ക്ക് കൂടുതൽ ഉണർവ് നൽകാനായി വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന കേരള വനിതാ സംരംഭക കോൺക്ലേവ് ഇന്ന് നടക്കും.

• തദ്ദേശ തെരഞ്ഞെടുപ്പിന്റെ സംവരണവാർഡുകൾ തിങ്കളാഴ്ചമുതൽ അറിയാം. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ, പട്ടികജാതി, പട്ടികവർഗം എന്നീ സംവരണങ്ങളാണ്‌ നറുക്കെടുപ്പിലൂടെ നിശ്ചയിക്കുക.

• സംസ്ഥാനത്ത് ശിശുമരണനിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലെന്ന് ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴഞ്ചേരി സർക്കാർ ഹൈസ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

• സംസ്ഥാനത്ത് ശിശുമരണനിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലെന്ന് ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴഞ്ചേരി സർക്കാർ ഹൈസ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

• എല്ലാ മേഖലകളിലും സ്ത്രീശാക്തീകരണം ഉറപ്പാക്കുന്നതിനായി കേരള വനിതാ കമ്മിഷൻ മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു. മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടികൾ നാളെ ഇന്ന് ആരംഭമാകും.

• ചില സംസ്ഥാനങ്ങളിൽ പെൺ ഭ്രൂണഹത്യ മൂലമുണ്ടാകുന്ന ലിംഗാനുപാതം വഷളാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി ജസ്റ്റിസ് ബി വി നാഗരത്ന. പെൺകുട്ടികൾ അതിജീവിക്കുക മാത്രമല്ല, അഭിവൃദ്ധി പ്രാപിക്കുകയും വേണമെന്ന് ജസ്റ്റിസ് പറഞ്ഞു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 12 ഒക്ടോബർ 2025 | #NewsHeadlines

• സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. തെക്കുകിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്ന വടക്കൻ കേരളതീരത്തിനും മുകളിലായി നിലനിൽക്കുന്ന ചക്രവാതചുഴിയുടെ സ്വാധീന ഫലമായാണ് മഴ തുടരുന്നത്.

• ശബരിമലയിലെ സ്വർണ തട്ടിപ്പിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ നീക്കവുമായി പ്രത്യേക അന്വേഷണസംഘം. കഴിഞ്ഞ ദിവസമാണ് ദേവസ്വം നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്.

• കാഞ്ഞങ്ങാട് സ്വദേശികളായ ദമ്പതികളെ ഡിജിറ്റൽ അറസ്റ്റ് എന്ന സൈബർ തട്ടിപ്പിൽ പെടുത്തി 2 കോടി 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ 50 ലക്ഷം രൂപ കാസർഗോഡ് സൈബർ പൊലീസ് തിരിച്ചുപിടിച്ചു.

• ട്രോളിംഗ് സമയങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ കൈത്താങ്ങായി നടപ്പിലാക്കിവരുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവായതായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ.

• കേരളത്തില്‍ ഫുട്‌ബോൾ മത്സരത്തിനെത്തുന്ന അർന്റീനന്‍ ടീമിനെ പ്രഖ്യാപിച്ചു. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി തന്നെയാണ് ക്യാപ്റ്റന്‍. ലോകം വാഴ്ത്തുന്ന അര്‍ജന്റീനയുടെ നിരവധി മുന്‍ നിര താരങ്ങള്‍ സ്‌ക്വാഡിലുണ്ട്.

• കൊടുങ്ങല്ലൂര്‍ അഴീക്കോടില്‍ അന്യസംസ്ഥാന ബോട്ടുകൾ നിരോധിത പെലാജിക് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിനെ തുടര്‍ന്ന് കടലിൽ സംഘർഷം. രണ്ട് ബോട്ടുകൾ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പിടിച്ചെടുത്തു.

• സ്കൂൾ അധ്യാപക നിയമനത്തിലെ ഭിന്നശേഷി അധ്യാപക സംവരണപ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി. ഇതിനായി ബന്ധപ്പെട്ടവരുടെ യോഗം 13ന്‌ വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

• ജപ്പാനിൽ ഇൻഫ്ലുവൻസ (പകർച്ചപ്പനി) വ്യാപകം. കേസുകൾ പ്രതീക്ഷിച്ചതിലും വളരെ നേരത്തേ കുത്തനെ ഉയർന്നതോടെ രാജ്യം ആശങ്കാജനകമായ ആരോഗ്യ പ്രതിസന്ധി നേരിടുകയാണ്. രോഗവ്യാപനം തടയാനായി സ്കൂളുകളും മറ്റ് സ്ഥാപനങ്ങളും അടച്ചുപൂട്ടാൻ നിർബന്ധിതരായിരിക്കുകയാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0