National എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
National എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം; മൃതദേഹത്തിൽ ഭർത്താവിനാണ് നിയമാവകാശമെന്ന് ഹൈക്കോടതി #Dowry

 
കൊച്ചി : ഷാർജയിൽ കൊല്ലം സ്വ​ദേശിനിയും മകളും മരിച്ച സംഭവത്തിൽ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഹർജി പരി​ഗണിച്ച കോടതി മൃതദേഹത്തിൽ ഭർത്താവിനാണ് നിയമാവകാശമെന്ന് പറഞ്ഞു. മരണപ്പെട്ട വിപഞ്ചികയുടെ അമ്മയുടെ സഹോദരിയാണ് വിപഞ്ചികയുടെ അമ്മ ഷൈലജയ്ക്കു വേണ്ടി കോടതിയിൽ ഹർജി നൽകിയത്. സംഭവത്തിൽ ഭർത്താവിന്റെ ഭാ​ഗം കൂടി കേൾക്കണമെന്നും മൃതദേഹം കാണുന്നത് പോലെയല്ല അവകാശം ഉന്നയിക്കുന്നതെന്നും കോടതി പറഞ്ഞു. കുറ്റകൃത്യം ചെയ്തെന്നു കരുതി കുഞ്ഞിന്റെ മൃതദേഹത്തിൽ അവകാശമില്ലെന്ന് പറയാനാവില്ല. ഭർത്താവിനാണ് മൃതദേഹത്തിൽ നിയമാവകാശമെന്നു പറഞ്ഞ കോടതി എംബസിയുടെ നിലപാട് വ്യക്തമാക്കാനും ആവശ്യപ്പെട്ടു. കേസിൽ വിപഞ്ചികയുടെ ഭർത്താവ് നിധീഷിനെ കക്ഷി ചേർക്കാനും കോടതി ആവശ്യപ്പെട്ടു. ഹർജി വീണ്ടും നാളെ പരി​ഗണിക്കും.

ജസ്റ്റിസ് ന​ഗരേഷിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്. വിദേശത്തുവച്ച് നടന്ന സംഭവമായതിനാൽ അവിടെ പൊലീസ് അന്വേഷിക്കുമെന്നും അവിടുത്തെ രീതിയനുസരിച്ച് മൃതദേഹത്തിന് ഭർത്താവിനാണ് അവകാശമെന്നും അതിനാൽ അധികം ഇടപെടാൻ സാധിക്കില്ലെന്നുമാണ് കോടതി പറഞ്ഞത്. നാളെ മറുപടി വന്ന ശേഷം തീരുമാനമെടുക്കാമെന്നും കോടതി പറ‍ഞ്ഞു.


നിമിഷ പ്രിയ കേസ്; 'ഒത്തുതീർപ്പിനില്ല ' വധശിക്ഷയിൽ ഉറച്ച് യെമൻ കുടുംബം #Nimisha_Priya


 യെമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് വീണ്ടും വെല്ലുവിളി. നിമിഷപ്രിയക്ക് മാപ്പ് നൽകില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ കുടുബം. ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും വധശിക്ഷയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നും തലാലിന്റെ സഹോദരന്‍ അബ്ദൽഫെത്താ മെഹ്ദി ബിബിസിയോട് പ്രതികരിച്ചു.

അനുരഞ്ജന നീക്കങ്ങളിൽ ഞങ്ങൾ നിലപാട് വ്യക്തമാക്കിയതാണ്. ദൈവത്തിന്റെ നിയമം നടപ്പാക്കണമെന്നാണ് ആ​ഗ്രഹിക്കുന്നത്., അതിൽ കുറഞ്ഞൊന്നുമില്ല. തലാലിന്റെ ക്രൂരമായ കൊലപാതകംകൊണ്ട് മാത്രമല്ല, ദീർഘമായ നിയമനടപടികളാലും കുടുംബം ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു. കുറ്റകൃത്യത്തെ ന്യായീകരിക്കുകയും കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുകയും ചെയ്യുന്ന ഇന്ത്യൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. എത്രവലിയ കാരണത്താലായാലും ഒരു കൊലപാതകത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നും സഹോദരൻ ബിബിസി അറബിക്കിനോട് പറഞ്ഞു. നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ച ഉത്തരവ് പുറത്തുവരുന്നതിന് തൊട്ടുമുൻപായിരുന്നു കുടുംബത്തിന്റെ പ്രതികരണം.


നിമിഷപ്രിയയുടെ മോചനം: ചർച്ചകൾ ഇന്നും തുടരും #Nimisha_Priya

 
കോഴിക്കോട്: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചർച്ചകൾ ഇന്നും തുടരും. ദയാധനം സ്വീകരിക്കുന്നതിൽ കൂടി അന്തിമതീരുമാനത്തിൽ എത്തലാണ് അടുത്ത ഘട്ടം. വിഷയത്തിൽ ഇടപെട്ടതായി കാട്ടി കൂടുതൽ പേർ രംഗത്തെത്തുകയാണ്. 

കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായി സംസാരിച്ചതായി അവകാശപ്പെട്ട് സൗദിയിലെ മലയാളി വ്യവസായിയും രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളിലായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വഴി നടത്തിയ ചർച്ചകളും വധശിക്ഷ നീട്ടിവെക്കുന്നതിലേക്ക് നയിച്ചിരുന്നു. കേന്ദ്രസർക്കാർ ഇക്കാര്യം തള്ളുകയും ചെയ്തിരുന്നു. 

യെമനി പൗരൻ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയയുടെ വധശിക്ഷ ഇന്ന് നടപ്പാക്കാനാണ് നിശ്ചയിച്ചിരുന്നത്. ശിക്ഷ നടപ്പാക്കുന്നത് നീട്ടി വയ്ക്കാൻ ഇന്നലെയാണ് യെമനി കോടതിയുടെ ഉത്തരവ് ലഭിച്ചത്. ശിക്ഷ മാറ്റിവച്ചെന്ന കാര്യം കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. 

ദയാധനം സ്വീകരിച്ച് മാപ്പു നൽകാനുള്ള അധികാരം ശരീയ്യത്ത് നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിനാണുള്ളത്. എന്നാൽ പല ഗോത്രനേതാക്കളും കുടുംബാംഗങ്ങളും വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്. വധശിക്ഷയ്ക്ക് തൽക്കാലം പുതിയ തീയതി നിശ്ചയിക്കാത്തതിനാൽ ചർച്ചകൾക്ക് കുറച്ചു സമയം കിട്ടും എന്നത് ആശ്വാസമാണ്. 

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടി #Nimisha_Priya

 

ന്യൂഡൽഹി: യെമനിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു. ആക്ഷൻ കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്നും ചര്‍ച്ചകള്‍ നടന്നിരുന്നു. യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവൽ ജെറോ ഇക്കാര്യം സ്ഥീരികരിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും ഇക്കാര്യം സ്ഥിരീകരിച്ചു. 

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു നിമിഷപ്രിയ. നാളെയാണ് വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി നിശ്ചയിച്ചിരുന്നത്.  

കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വഴിയാണ് ചർച്ച നടക്കുന്നത്. നിമിഷ പ്രിയ വിഷയത്തിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്നുണ്ടായ ചർച്ചകൾ എല്ലാ വിധത്തിലും അനുകൂലമായി നീങ്ങുകയാണെന്ന് കാന്തപുരത്തിൻ്റെ ഓഫീസ് അറിയിച്ചു. 

നിമിഷ പ്രിയയുടെ വധശിക്ഷ: ഇന്ന് നിർണായകം #Nimisha_Priya


 

ന്യൂഡൽഹി: യമനിലെ ജയിലിൽ വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ നിമിഷ പ്രിയയുടെ മോചനത്തിനായുള്ള അവസാനവട്ട ചർച്ചകൾ തുടരുകയാണ്. ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ നേതൃത്വത്തിൽ ചർച്ചകൾ തുടരുകയാണ്. തിങ്കളാഴ്ച യെമനിൽ സുപ്രധാന യോഗം ചേർന്നിരുന്നു.

യെമൻ പൗരന്റെ കുടുംബവുമായി ഇതിനകം മൂന്ന് ചർച്ചകൾ പൂർത്തിയായി. സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ യെമൻ ഭരണകൂട പ്രതിനിധി, സുപ്രീം കോടതി ജഡ്ജി, കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ സഹോദരൻ എന്നിവർ പങ്കെടുത്തു. ദയാധനം സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കുന്നത് ഇന്നലത്തെ ചർച്ചയിൽ തലാലിന്റ കുടുംബം അം​ഗീകരിച്ചില്ല. നാളെയാണ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ നിശ്‍ചയിച്ചിരിക്കുന്നത്. അതിനാൽ ഇന്നത്തെ ചർച്ചകൾ അതീവ നിർണായകമാണ്.

നിമിഷ പ്രിയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങളിൽ നിന്ന് കേന്ദ്രം നേരത്തെ കൈയൊഴിഞ്ഞിരുന്നു. നിമിഷ പ്രിയയുടെ മോചനത്തിൽ നിസ്സഹായരാണെന്നാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചത്. നിമിഷ പ്രിയയുടെ മോചനത്തിനായി അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. വിദേശകാര്യ മന്ത്രി ജയശങ്കറിന്‌ കത്തയച്ചതിന്‌ പിന്നാലെയാണ്‌ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രി കത്തയച്ചത്‌. നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടുന്ന സന്നദ്ധപ്രവർത്തകർക്ക് സംസ്ഥാന സർക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പ് നൽകുന്നതായും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

തിങ്കൾ രാവിലെ പത്തരയ്‌ക്കും യെമനിലെ ഹൂതി വിമതരോട്‌ 16ന്‌ വധശിക്ഷ നടപ്പാക്കരുതെന്ന്‌ അഭ്യർഥിച്ചതായും എന്നാൽ പ്രയോജനം പ്രതീക്ഷിക്കുന്നില്ലന്നും അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി പറഞ്ഞു. നയതന്ത്ര ചർച്ച അതിന്റെ പരിധി വരെ കേന്ദ്രം നടത്തി. പ്രോസിക്യൂഷൻ മേധാവിയോടും ശിക്ഷ നടപ്പാക്കൽ മാറ്റിവയ്‌ക്കാൻ അഭ്യർഥിച്ചു. വധശിക്ഷ മാറ്റിവയ്‌ക്കുമെന്ന അനൗദ്യോഗിക വിവരം ലഭിച്ചുവെങ്കിലും പ്രതീക്ഷയില്ല. ഒരു പരിധിയിൽക്കൂടുതൽ ഒന്നും ചെയ്യാൻ പറ്റാനാവാത്ത ഇടമാണ്‌ യെമൻ –എജി പറഞ്ഞു.


ഇന്ന് ജൂലൈ 5; റിയോ തത്സുകിയുടെ ഭീകര പ്രവചനം ഫലിച്ചില്ല #prediction

 
ജൂലൈ അഞ്ചിന് രാവിലെ ജപ്പാനില്‍ വിനാശകരമായ സുനാമി ഉണ്ടാകുമെന്ന റിയോ തത്സുകിയുടെ പ്രവചനം തെറ്റി. ഇന്നു രാവിലെ 4.18-ന് ജപ്പാനില്‍ വിനാശകരമായ സുനാമി ഉണ്ടാകുമെന്നയാരുന്നു തത്സുകിയുടെ പ്രചവനം. തത്സുകിയുടെ പ്രവചനം മൂലം ജപ്പാനിലേക്കുള്ള വിമാനസര്‍വീസുകള്‍ പലതും റദ്ദാക്കപ്പെടുകയും വിനോദസഞ്ചാരികളുടെ വരവ് കുറയുകയും ചെയ്തിരുന്നു. പ്രവചനം യാഥാര്‍ത്ഥ്യമാകുമെന്ന ഭയം മൂലം ജപ്പാനിലേക്കുള്ള നിരവധി വിമാനയാത്രകള്‍ റദ്ദാക്കപ്പെട്ടിരുന്നു. തത്സുകിയുടെ പ്രവചനം മൂലം ജപ്പാന് 3.9 ബില്യണ്‍ ഡോളറിന്റെ നഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍

പ്രവചനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ജപ്പാനീസ് മാംഗ കലാകാരിയാണ് റിയോ തത്സുകി. എഴുപതുകാരിയായ റിയോ ‘പുതിയ ബാബ വാംഗ’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. താന്‍ കണ്ട സ്വപ്നങ്ങളെ അടിസ്ഥാനമാക്കി രചിച്ച ജാപ്പനീസ് മാംഗ അഥവാ ഗ്രാഫിക് ഇല്ലസ്‌ട്രേറ്റഡ് പുസ്തകങ്ങളിലൂടെയാണ് റിയോ പ്രശസ്തയായത്. 1975-ല്‍ മാംഗ കലാകാരിയായി അരങ്ങേറ്റം കുറിച്ച റിയോ തത്സുകി 1980 മുതലാണ് പ്രവചനാത്മകമായ സ്വപ്നങ്ങള്‍ കണ്ടുതുടങ്ങിയത്. 

2021-ല്‍ പുസ്തകം പുനപ്രസിദ്ധീകരിച്ചപ്പോഴാണ് 2025 ജൂലൈ അഞ്ചിന് രാവില 4.18ന് ജപ്പാന്റെ തെക്കുഭാഗത്ത് ജപ്പാനും ഫിലിപ്പെയ്ന്‍സിനും ഇടയില്‍ സമുദ്രത്തിനടിയില്‍ വലിയൊരു ഭൂകമ്പം ഉണ്ടാകുമെന്നും അത് 2011-ലെ സുനാമിയേക്കാള്‍ ഭീതിദമായിരിക്കുമെന്നും തത്സുകി പ്രവചിച്ചത്. പ്രവചനം യാഥാര്‍ത്ഥ്യമാകുമെന്ന ഭയം മൂലം യാത്രക്കാര്‍ പിന്മാറിയതിനാല്‍ പല വിമാന സര്‍വീസുകളും റദ്ദാക്കപ്പെട്ടു. നേരത്തെ ഡയാന രാജകുമാരിയുടെയും റോക്ക് ഗായകന്‍ ഫ്രെഡി മെര്‍ക്കുറിയുടെയും കോബെ ഭൂകമ്പവും മരണങ്ങളും കോവിഡ്-19 മഹാമാരിയും തത്സുകി പ്രവചിച്ചുവെന്ന് അവകാശവാദങ്ങളുണ്ട്.


മഴക്കെടുതി രൂക്ഷം: 63 മരണം, 400 കോടിയുടെ നാശനഷ്ടം #Himanchal_Rains

 
 

 

ന്യൂഡൽഹി: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഹിമാചല്‍പ്രദേശിൽ ഇതുവരെ 63 മരണവും 400 കോടിയുടെ നാശനഷ്ടവും ഉണ്ടായെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന. രക്ഷാപ്രവർത്തനം നടക്കുന്ന സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ജൂലൈ ഏഴുവരെ ദേശീയ കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

മാണ്ഡി, ഷിംല എന്നിവിടങ്ങളിലാണ് മഴക്കെടുതി വലിയ രീതിയില്‍ ബാധിച്ചത്. മാണ്ഡിയില്‍ 40 ലധികം പേരെ കാണാതായിട്ടുണ്ട്. ആഹാരം, വൈദ്യുതി, ഗതാഗതം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ പലയിടത്തും താറുമാറായി. ദുരന്തബാധിതര്‍ക്കായി ക്യാമ്പുകള്‍ തുറക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഷിംലയില്‍ ജനജീവിതം ദുരിതപൂര്‍ണമാണ്. സ്‌കൂളുകളില്‍ വെള്ളം കയറിയതോടെ വിദ്യാഭ്യാസ മേഖലയും പ്രതിസന്ധിയിലായി.മഴക്കെടുതിയില്‍ 37 മരണവും ഗതാഗതക്കുരുക്കിൽപ്പെട്ട് 26 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.250 റോഡുകള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. 500-ലധികം വൈദ്യുത ലൈനുകള്‍ പ്രവര്‍ത്തനരഹിതമാണ്. 700-ലധികം കുടിവെള്ള വിതരണ ലൈനുകളും തകരാറിലാണ്.  



 


ബ്രഹ്‌മാണ്ഡ ചിത്രം: രാമായണയുടെ ടൈറ്റിൽ ടീസർ പുറത്തിറങ്ങി #film_Ranbir_kappor

 

 

 

 

 


നിതീഷ് തിവാരിയുടെ സംവിധാനത്തിൽ ബ്രഹ്‌മാണ്ഡ ബജറ്റിൽ ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം രാമായണയുടെ അനൗൺസ്‌മെന്റ് ടീസർ റിലീസ് ചെയ്തു. 835 കോടി രൂപ മുതൽമുടക്കിൽ ഒരുക്കിയിരിക്കുന്ന ഇതിഹാസ കാവ്യത്തിന്റെ സിനിമാരൂപത്തിൽ രാമനായി രൺബീർ കപൂറും, രാവണനായി യാഷും ആണ് അഭിനയിക്കുന്നത്.

ഹോളിവുഡ് സംഗീത ഇതിഹാസം ഹാൻസ് സിമ്മറും, ഇസൈ പുയൽ എ.ആർ റഹ്മാനും ചേർന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ സായ് പല്ലവി സീതയായും, സണ്ണി ഡിയോൾ ഹനുമാനായും അഭിനയിക്കുന്നു. 8 ഓസ്കർ അവാർഡുകൾ നേടിയ ഹോളിവുഡ് വിഎഫ്എക്സ് കമ്പനിയായ dneg ആണ് ചിത്രത്തിനായി vfx വർക്കുകൾ കൈകാര്യം ചെയ്യുന്നത്.

ടീസർ ആരംഭിക്കുമ്പോൾ സൃഷ്ടി, സ്ഥിതി, സംഹാര മൂർത്തികളായ ബ്രാഹ്മണ, വിഷ്ണു, മഹേശ്വരന്മാരെ പരിചയപ്പെടുത്തുന്നുണ്ട്. പിന്നീട രാമനും രാവണനും തമ്മിലുള്ള വൈരത്തെക്കുറിച്ചും പോരാട്ടത്തെക്കുറിച്ചും, രാമായണവും ഭാരതീയരും തമ്മിലുള്ള ബന്ധവും എടുത്തു പറയുന്നതായി കാണാം.


സേവനങ്ങളെല്ലാം ഇനി വിരൽതുമ്പിൽ;സൂപ്പർ ആപ്പ് പുറത്തിറക്കി ഇന്ത്യൻ റെയിൽവേ #Indian_railway



 

 

 

ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് മുതൽ എല്ലാ സേവനങ്ങളും ഒറ്റ ക്ലിക്കിൽ ലഭ്യമാക്കുന്ന ‘റെയിൽ വൺ’ സൂപ്പർ ആപ്പ് ഇന്ത്യൻ റെയിൽവേ പുറത്തിറക്കി. ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്, റിസർവേഷൻ, പിഎൻആർ സ്റ്റാറ്റസ്, ട്രെയിൻ സ്റ്റാറ്റസ്, കോച്ച് പൊസിഷൻ കണ്ടെത്തൽ, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങൾ പുതിയ റെയിൽ വൺ ആപ്പിൽ ലഭ്യമാകും. യാത്രക്കാരുടെ റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങൾക്കും സേവനങ്ങൾക്കും ഒരു പ്ലാറ്റ്‌ഫോമിൽ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് ആരംഭിച്ചിരിക്കുന്നത്.

ആപ്പിന്റെ സഹായത്തോടെ, ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് യാത്ര എളുപ്പമാകും, കൂടാതെ ബുക്കിംഗിലോ മറ്റ് സേവനങ്ങളിലോ നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാനും ഇത് സഹായിക്കും. യാത്രക്കാർക്ക് ഫീഡ്‌ബാക്ക് നൽകാനുള്ള ഓപ്ഷനും ഇതിലുണ്ട്. യാത്രക്കാർ കൂടുതലും ടിക്കറ്റ് ബുക്കിംഗിനായി ഐആർസിടിസി ആപ്പ് ഉപയോഗിക്കുന്നു, ചിലപ്പോൾ ബുക്കിംഗുമായി ബന്ധപ്പെട്ട സേവനങ്ങളിൽ അവർക്ക് പ്രശ്‌നങ്ങൾ നേരിടേണ്ടിവരുന്നു. ഇതിനുള്ള പരിഹാരമായാണ് റെയിൽവേ പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വില കുറച്ചു #LPG_Gas_Price

 
 

 


 ന്യൂഡൽഹി: വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വില കുത്തനെ വെട്ടിക്കുറച്ചു. 57.5 രൂപയാണ് ഇതുപ്രകാരം കേരളത്തിൽ കുറവ് വരുന്നത്. ഡൽഹിയിൽ ഇത് 58.5 ആണ്. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിൽ വില വ്യത്യാസം ഇത്തവണയും ഇല്ല. ഏപ്രിലിൽ ഗാർഹിക സിലിണ്ടറുകൾക്ക് ഒറ്റയടിക്ക് 50 രൂപ വർധിപ്പിച്ചിരുന്നു.

വാണിജ്യ സിലിണ്ടറുകൾക്ക് കഴിഞ്ഞ ഏപ്രിലിൽ 43 രൂപയും മേയിൽ 15 രൂപയും ജൂണിൽ 25 രൂപയും കുറവ് വരുത്തിയിരുന്നതാണ്. ഇതിന് തുടർച്ചയായാണ് ഇപ്പോൾ 58.5 രൂപ കൂടി കുറവ് രേഖപ്പെടുത്തുന്നത്. രാജ്യത്തെ ഗ്യാസ് ഉപയോഗത്തിന്റെ 90 ശതമാനവും വീട്ടാവശ്യത്തിനായാണ് ചിലവഴിക്കപ്പെടുന്നത്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയില്‍ രേഖപ്പെടുത്തുന്ന മാറ്റങ്ങളെ പശ്ചാത്തലമാക്കിയാണ് ഇന്ത്യയില്‍ എൽപിജി വില പ്രതിദിനം പുതുക്കുന്നത്.ഇതിൽ വീട്ടാവശ്യത്തിനുള്ള ഗ്യാസ് വില ഉയർത്തി നിർത്തുന്ന തന്ത്രമാണ് പ്രയോഗിച്ച് വരുന്നത്.
സബ്സിഡിയും ഇല്ല വിലക്കുറവും ഇല്ല

കഴിഞ്ഞ വർഷം മാർച്ചിൽ ആസന്നമായ തെരഞ്ഞെടുപ്പുകൾ മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ഗാർഹിക സിലിണ്ടറുകൾക്ക് 100 രൂപയുടെ കുറവ് പ്രഖ്യാപിച്ചിരുന്നു. വനിതാ ദിന സമ്മാനം എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇത് തിരിച്ച് പിടിക്കാൻ ഈ വർഷം ഏപ്രിൽ 7ന് വീട്ടാവശ്യത്തിനുള്ള സിലിണ്ടറിനു 50 രൂപ ഒറ്റയടിക്ക് കൂട്ടി.


ഇന്ന് മുതൽ ട്രെയിനുകളിലെ ടിക്കറ്റ് നിരക്ക് വർധന #Price_hike

 


ന്യൂഡൽഹി: ദീർഘദൂര ട്രെയിനുകളിൽ ഇന്ന് മുതൽ നിരക്ക് വർധനവ് ഉണ്ടാകും. വന്ദേ ഭാരത്, ജൻ ശദാബ്ധി ഉൾപ്പെടെയുള്ള ട്രെയിനുകളിൽ നിരക്ക് വർധനവ് ഉണ്ടാകും. എസി കോച്ചുകളിൽ കിലോമീറ്ററിന് രണ്ട് പൈസയും നോൺ എസി കോച്ചുകളിൽ കിലോമീറ്ററിന് ഒരു പൈസയും വർദ്ധനവുണ്ടാകും. 500 കിലോമീറ്റർ വരെയുള്ള രണ്ടാം ക്ലാസ് ട്രെയിനുകളിൽ നിരക്ക് വർധനവ് ഉണ്ടാകില്ല. രണ്ടാം ക്ലാസ് ഓർഡിനറി ട്രെയിനുകളിൽ, ആദ്യത്തെ 501 മുതൽ 1500 കിലോമീറ്റർ വരെ 5 രൂപയും, 1,501 മുതൽ 2,500 കിലോമീറ്റർ വരെ 10 രൂപയും, 2,501 കിലോമീറ്റർ മുതൽ 3,000 കിലോമീറ്റർ വരെ 15 രൂപയും വർദ്ധനവുണ്ടാകും.

സ്ലീപ്പർ ക്ലാസ് ഓർഡിനറി, ഫസ്റ്റ് ക്ലാസ് ഓർഡിനറി ടിക്കറ്റുകൾക്ക് കിലോമീറ്ററിന് 50 പൈസയും, സെക്കൻഡ് ക്ലാസ് (മെയിൽ/എക്സ്പ്രസ്), സ്ലീപ്പർ ക്ലാസ് (മെയിൽ/എക്സ്പ്രസ്), ഫസ്റ്റ് ക്ലാസ് (മെയിൽ/എക്സ്പ്രസ്), എസി ചെയർ കാർ, എസി-3 ടയർ/3ഇ, എസി 2 ടയർ, എസി ഫസ്റ്റ് ക്ലാസ്/ഇസി/ഇഎ എന്നിവയ്ക്ക് കിലോമീറ്ററിന് 2 പൈസയുമാണ് നിരക്ക് വർധന.

രാജധാനി, ശദാബ്ധി, വന്ദേ ഭാരത് എന്നിവയ്ക്കും നിരക്ക് വർധന ബാധകമാകും. 2022 ന് ശേഷമുള്ള ആദ്യ നിരക്ക് വർധനയാണിത്. എന്നിരുന്നാലും, റിസർവേഷൻ ഫീസിൽ വർദ്ധനവുണ്ടാകില്ല. നിരക്ക് വർധന സംബന്ധിച്ച നിർദ്ദേശങ്ങൾ എല്ലാ ചീഫ് കൊമേഴ്‌സ്യൽ മാനേജർമാർക്കും നൽകിയിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു. സബർബൻ, സീസൺ ടിക്കറ്റുകൾക്ക് നിരക്ക് വർധന ബാധകമല്ല.

കിടിലൻ ഇ ബസ്സുകൾ നിരത്തിലിറക്കി തമിഴ്‌നാട് സർക്കാർ #Transporation

 

 

 

ചെന്നൈ: ചെന്നൈയില്‍ പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനായി മെട്രപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ (എംടിസി) വൈദ്യുത ബസുകള്‍ നിരത്തിലിറക്കി. വ്യാസര്‍പാടി ഡിപ്പോയില്‍ തിങ്കളാഴ്ച നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ 120 ലോ ഫ്‌ളോര്‍ ഇ-ബസുകള്‍ക്ക് പച്ചക്കൊടി വീശി. 47.50 കോടി ചെലവിട്ട് വ്യാസര്‍പാടിയില്‍ നവീകരിച്ച ഇ-ബസ് ഡിപ്പോയും ഉദ്ഘാടനംചെയ്തു.


ആദ്യഘട്ടത്തില്‍ 697 കോടി ചെലവില്‍ 625 ഇ-ബസുകളാവും പുറത്തിറക്കുക. 39 പേര്‍ക്ക് ബസില്‍ ഇരുന്നു യാത്രചെയ്യാം. ഒറ്റത്തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍വരെ ഓടും. വ്യാസര്‍പാടി ഡിപ്പോയില്‍ സമഗ്രമായ ചാര്‍ജിങ് സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.

ഡീസലില്‍ ഓടുന്ന ഒരുബസില്‍നിന്ന് ഒരുകിലോമീറ്ററിന് ശരാശരി 755 ഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നു. ഇ-ബസുകള്‍ ഇതിനു പരിഹാരമാകുമെന്ന് ഗതാഗതവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ഫണീന്ദ്ര റെഡ്ഡി പറഞ്ഞു.

ഇ- ബസിലെ സൗകര്യങ്ങള്‍

 വീല്‍ച്ചെയറിന് പ്രത്യേകഇടം
 ബസില്‍ കയറാന്‍ റാമ്പുകള്‍
 സിസിടിവി ക്യാമറകള്‍
 മൊബൈല്‍ ചാര്‍ജിങ്
 അടിയന്തര അലാറം
 സീറ്റ് ബെല്‍റ്റുകള്‍
 സ്റ്റോപ്പുകളറിയാന്‍ ഡിസ്പ്ലേ


അതിശക്തമായ മഴ; വെള്ളപ്പൊക്കത്തിനും സാധ്യത #Heavy_rain_red_alert

 
 

 

 

 മാണ്ഡി: ഹിമാചൽ പ്രദേശിൽ കനത്ത മഴ. റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴയെത്തുടർന്ന് ബിയാസ് നദിയിൽ വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ്‌ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്‌.

ഞായറാഴ്ച ഹിമാചൽ പ്രദേശിലെ പല ജില്ലകളിലും മിതമായതോതിൽ മഴ പെയ്യുമെന്ന് ഐഎംഡി പ്രവചിച്ചു.പല സ്ഥലങ്ങളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വളരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി മുന്നറിയിപ്പ് നൽകി. ജൂൺ 29 മുതൽ ഹിമാചൽ പ്രദേശിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ നിരവധി ജില്ലകളിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് വ്യാപകമായ മഴ ലഭിച്ചതായും ചില പ്രദേശങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്തിയതായും കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌.


ഹിമാചലിൽ മിന്നൽ പ്രളയത്തിൽ 7 മരണം #flood_heavy_rain

 
 

 


 ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. ഹിമാചലിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

കുളുവിൽ കാണാതായ മൂന്ന് പേരിൽ ഒരാളുടെ മൃതദേഹം ദുരന്ത നിവാരണ സംഘം നടത്തിയ തിരച്ചിലിനിടെ കണ്ടെത്തി. മറ്റ് രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്. ഇതോടെ, ഹിമാചലിൽ മാത്രം മഴയിൽ മരിച്ചവരുടെ എണ്ണം ഏഴായി. കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികൾക്കായി രക്ഷാപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.


പുരി രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പ്പെട്ട് 600 ലേറെ പേർക്ക് പരിക്ക് #Accident_puri_rath_yatra

 
 

 


 ഭുവനേശ്വർ: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിൽ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും 625 പേർക്ക് പരിക്കേറ്റു. നിരവധി പേരുടെ നില ഗുരുതരമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ത്രീകളും കുട്ടികളും ആശുപത്രിയിൽ ചികിത്സയിലാണ്. മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. രഥം വലിക്കുന്ന കയറുകൾ പിടിക്കാൻ നിരവധി ഭക്തർ എത്തിയതാണ് തിക്കിനും തിരക്കിനും കാരണമെന്ന് പറയപ്പെടുന്നു.   

പരിക്കേറ്റവരിൽ 70 ഓളം പേർ പുരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്, ഇവരിൽ ഒമ്പത് പേരുടെ നില ഗുരുതരമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബാക്കിയുള്ളവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.

മേഖലയിൽ ജനത്തിരക്ക് നിയയന്ത്രിക്കാനായി സായുധ പോലീസ് സേനയിലെ 8 ഗ്രൂപ്പുകൾ ഉൾപ്പെടെ പുരിയിലുടനീളം ഏകദേശം 10000 ഉദ്യോഗസ്ഥരെ അധികൃതർ വിന്യസിപ്പിച്ചിട്ടുണ്ട്.       

കുത്തനെ കുറഞ്ഞ് സ്വർണവില, ഞെട്ടിക്കുന്ന നിരക്ക് #Gold_Rate

 

 

 

 

സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുത്തനെ കുറഞ്ഞു.ഗ്രാമിന് 85 രൂപയും ഒരു പവൻ സ്വർണത്തിന് 680 രൂപയുമാണ് കുറഞ്ഞത്. 71880 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 8985 രൂപ നല്കണം. 

സ്വർണത്തിന്റെ രാജ്യാന്തര വില ,ഡോളറിനെതീരെ രൂപയുടെ വിനിമയ നിരക്ക് ,സ്വർണ്ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് ,കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വർണത്തിന്റെ വില നിർ ണ്ണയിക്കുന്നത്തിന്റെ അടിസ്ഥാന ഘടകങ്ങൾ. കഴിഞ്ഞ മാസങ്ങളിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ ത്തിലേക്ക് കൂടുതൽ ആളുകൾ എത്തിയതാണ് സ്വർണ വില കൂടാൻ ഇടയാക്കിയത്.        

ആക്സിയം4: ചരിത്ര താളുകളിൽ ശുഭാംശു #Axiom_mission4_launch_shubhanshu

 

 

 ചരിത്ര നിമിഷത്തിലേക്കുള്ള വാതിൽ തുറക്കാൻ മണിക്കൂറുകൾ മാത്രം.ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള ബഹിരാകാശയാത്രികരെ വഹിച്ചുകൊണ്ട് ഡ്രാഗൺ പേടകം വൈകുന്നേരം 4:30 ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തും. സ്റ്റേഷനിൽ എത്താൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ശുഭാംഷു ശുക്ല പ്രതികരിച്ചു.
'നമസ്‌കാരം' പറഞ്ഞുകൊണ്ടാണ് നാല് ബഹിരാകാശയാത്രികരുമായി ശുഭാംശു  തന്റെ വാക്കുകൾ ആരംഭിച്ചത്. യാത്രയ്ക്കായി താൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നുവെന്നും അത് അഭിമാനകരമായ നിമിഷമാണെന്നും ശുഭാംശു  പറഞ്ഞു. ഭാരമില്ലായ്മ അനുഭവിക്കാൻ കഴിയുന്നത് അത്ഭുതകരമാണെന്നും ഒരു കൊച്ചുകുട്ടിയെപ്പോലെ താൻ പഠിക്കുകയാണെന്നും ശുഭാംശു  പറഞ്ഞു. 

ഉത്തരാഖണ്ഡിൽ ബസ് നദിയിലേക്ക് മറിഞ്ഞു ; ഒരു മരണം നിരവധി പേരെ കാണാനില്ല #Accident

 
 

 


 ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചെന്നും 10 പേരെ കാണാനില്ലെന്നും റിപ്പോർട്ട്. ഇതുവരെ ഏഴ് പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാൽ നദി നിറഞ്ഞൊഴുകുകയാണ്. ഇതിനിടയിലാണ് അപകടം ഉണ്ടായത്.


നീറ്റ് യൂജി ഫലം പ്രഖ്യാപിച്ചു #Result

 

 

 

 


ന്യൂഡൽഹി : ഈ വർഷത്തെ നീറ്റ് യൂജി ഫലം പ്രഖ്യപിച്ചു.മെയ്നാലിനാണ് പരീക്ഷ നടന്നത് .രാജസ്ഥാൻ സ്വ ദേശിയായ മഹേഷ്കുമാറാണ് ഒന്നാമത്തെത്തിയത്.ആദ്യ പത്ത് റാങ്കിൽ ഒരുപെൺകൂട്ടി മാത്രമാണുള്ളത്.അതേസമയം കേരളത്തിൽ നിന്നുആരും ആദ്യ നൂറിൽ ഉൾപ്പെട്ടില്ല. മലയാളികളിൽ  കോഴിക്കോട് നിന്നു പരീക്ഷയെഴുതിയ ദീപ്നിയ ഡിബിയാണ്  ഒന്നാമത്തെത്തിയത്.109റാങ്ക്ണു അഖിലേന്ദിയാതലത്തിൽ നേടിയത്.      നാഷണൽ ടെസ്റ്റിങ് ഏജൻസി (ഏൻ   ടി എ) യുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in- ലാണ്ഫലം ലഭ്യമാണ്  .                                       

സിന്ധു നദീ ജല കരാർ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കാൻ ഇന്ത്യയ്ക്ക് വീണ്ടും കത്തെഴുതി പാകിസ്താൻ... #pehelgam_attack

സിന്ധു നദീ ജല കരാർ മരവിപ്പിച്ച നടപടിയിൽ ഇന്ത്യയ്ക്ക് വീണ്ടും കത്തെഴുതി പാകിസ്ഥാൻ. കരാർ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് കത്ത്. കരാർ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കാൻ തയ്യാറാണെന്നും കത്തിൽ പറയുന്നു. എന്നാൽ സിന്ധു നദീ ജല കരാറിൽ നിലവിൽ ചർച്ചകൾക്ക് താല്പര്യമില്ല എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കരാർ മരവിപ്പിച്ച നടപടി തുടരുമെന്നും മന്ത്രാലയം അറിയിച്ചു.


ഏപ്രിൽ‌ 22ന് നടന്ന പഹൽ‌​ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ കരാർ മരവിപ്പിച്ചത്. കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നാല് കത്തുകളാണ് പാകിസ്താൻ ഇന്ത്യയ്ക്ക് അയച്ചിരിക്കുന്നത്. ലോകബാങ്കിനോട് വിഷയത്തിൽ ഇടപെടണമെന്ന് പാകിസ്താൻ‌ അഭ്യർ‌ത്ഥിച്ചു. എന്നാൽ, ലോകബാങ്ക് വിഷയത്തിൽ ഇടപെടാൻ വിസമ്മതിച്ചു.


പാക് ജലമന്ത്രാലയം സെക്രട്ടറി സെയ്ദ് അലി മുർതാസയാണ് വിഷയത്തിൽ ജൽ ശക്തി മന്ത്രാലയത്തിന് കത്തുകളയയ്ക്കുകയും ആ കത്തുകൾ വിദേശകാര്യമന്ത്രാലയത്തിന് കൈമാറുകയും ചെയ്തതു. വെള്ളവും രക്തവും ഒരുമിച്ച് ഒഴുകാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പാകിസ്താനോട് വ്യക്തമാക്കിയിരുന്നു
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0