latestnews എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
latestnews എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം...#latestnews






അമേരിക്കൻ ആക്രമണത്തിന് തിരിച്ചടി തുടങ്ങി ഇറാൻ. ഇസ്രയേൽ നഗരങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈൽ തൊടുത്തു. ടെൽ അവീവിലും ഹൈഫയിലും ജറുസലേമിലും ഉഗ്ര സ്ഫോടനങ്ങൾ ഉണ്ടായി. ഇസ്രയേലിലെ
പത്തിടങ്ങളിൽ ഇറാന്റെ മിസൈലുകൾ പതിച്ചെന്നാണ് റിപ്പോർട്ടുകൾ.


ഇറാൻ – ഇസ്രയേൽ സംഘർഷം തുടങ്ങി പത്താം നാൾ ആണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തിയത്.
എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് ഇപ്പോൾ വ്യക്തമല്ല. ഇതിനിടെ തങ്ങളുടെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ഇന്ന് പുലര്‍ച്ചെ നടന്ന ആക്രമണം ഇറാന്‍ ആണവോര്‍ജ സമിതി സ്ഥിരീകരിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നുമാണ് ഇറാന്‍ ആണവോര്‍ജ സമിതി വ്യക്തമാക്കിയിരിക്കുന്നത്.

ഇതിനിടെ ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയ അമേരിക്കന്‍ നടപടിയില്‍ പ്രതികരണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തുവന്നു. പിടിച്ചെടുക്കേണ്ടതാണ് സമാധാനമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രതികരിച്ചു. എന്‍റെയും ട്രംപിന്‍റെയും നിലപാട് ഇതാണ്. സമാധാനത്തിനായിയുഎസ് പ്രവര്‍ത്തിച്ചെന്നും നെതന്യാഹു പറഞ്ഞു.

ലോകത്തിലെ ഏറ്റവും അപകടകരമായ ഭരണകൂടത്തെ, ആയുധങ്ങളെ ട്രംപ് നിഷേധിച്ചുവെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയെ സമാധാനത്തിലേക്ക് നയിക്കുന്ന നടപടിയെന്നും നെതന്യാഹു പറഞ്ഞു. ശക്തിയിലൂടെ സമാധാനം എന്ന് ട്രംപും ഞാനും എപ്പോഴും പറയാറുണ്ട്. ആദ്യം ശക്തികാണിക്കാനും പിന്നീട് സമാധാനത്തിനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇന്ന് രാത്രി ട്രംപ് ഇന്ന് രാത്രി, പ്രസിഡന്റ് ട്രംപും അമേരിക്കയും വളരെയധികം ശക്തിയോടെ പ്രവര്‍ത്തിച്ചു. പ്രസിഡന്റ് ട്രംപ്, ഞാന്‍ നിങ്ങളോട് നന്ദി പറയുന്നു. ഇസ്രയേലിലെ ജനങ്ങള്‍ നിങ്ങളോട് നന്ദി പറയുന്നു. അമേരിക്കയേയും ഇസ്രയേലിനേയും ഞങ്ങളുടെ അചഞ്ചലമായ സഖ്യത്തെയും തകര്‍ക്കാനാകാത്ത വിശ്വാസത്തെയും ദൈവം അനുഗ്രഹിക്കട്ടെ – നെതന്യാഹു പറഞ്ഞു.

യോഗ ലോകത്തെ ഒന്നിപ്പിക്കുന്നു’; വിശാഖപട്ടണത്ത് 3 ലക്ഷം പേരുടെ സംഗമം ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി... #yoga_day

പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണ ആഘോഷങ്ങളിലാണ് രാജ്യം. വിശാഖപട്ടണത്ത് മൂന്ന് ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുന്ന യോഗാ സംഗമ പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോദി
ഉദ്ഘാടനം ചെയ്തു.


യോഗ ലോകത്തെ ഒന്നിപ്പിക്കുന്നുവെന്നും തുടർച്ചയായി പതിനൊന്നാം തവണയാണ് യോഗയിലൂടെ ലോകം ഒന്നിക്കുന്നതെന്നും പ്രധാനമത്രി ചൂണ്ടിക്കാട്ടി. ഇന്ന് കോടികണക്കിന് പേരുടെ ജീവിതത്തിന്റെ ഭാഗമാണ് യോഗ. ഞാൻ എന്നതിൽ നിന്ന് നമ്മൾ എന്ന ഭാവവും ഭാരത സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച രീതിയിൽ വിശാഖപട്ടണത്ത് യോഗസംഗമം സംഘടിപ്പിച്ച ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും മന്ത്രി നര ലോകേഷിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.


യോഗാ സംഗമം പരിപാടിയുടെ ഭാഗമായി ഒരേസമയം രാജ്യത്തെ 10 ലക്ഷത്തിൽ അധികം സ്ഥലങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കും.ഡൽഹിയിൽ റെഡ് ഫോർട്ട്, കുത്തബ് മിനാർ, കർത്തവ്യപഥ് തുടങ്ങി 109 സ്ഥലങ്ങളിൽ യോഗ ദിനത്തോടനുബന്ധിച്ച് പരിപാടികൾ നടക്കും.

കൊച്ചി ബോൾഗാട്ടിയിൽ കേന്ദ്ര ടൂറിസം വകുപ്പിന്റെ യോഗ പരിപാടിയിൽ പങ്കെടുക്കാൻ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെത്തി. യോഗാദിനാചരണം സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരിൽ മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിച്ചെന്ന് പാക് സ്ഥിരീകരണം... #operation_sindhoor

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിച്ചെന്ന് പാകിസ്താന്റെ സ്ഥിരീകരണം. വ്യോമതാവളങ്ങൾ ഇന്ത്യ ആക്രമിച്ചതോടെ വെടിനിർത്തൽ ആവശ്യപ്പെടേണ്ടിവന്നെന്ന് പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ധാറിന്റെ വെളിപ്പെടുത്തൽ. ജിയോ ന്യൂസിലെ ടെലിവിഷൻ ചർച്ചയിലാണ് തുറന്നുപറച്ചിൽ.


ഏപ്രിൽ 22-ന് പഹൽഗാമിൽ 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായാണ് ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ പാകിസ്താനിൽ ആക്രമണം നടത്തിയത്. ഇന്ത്യ റാവൽപിണ്ഡിയിലെ നൂർഖാൻ വ്യോമതാവളവും പഞ്ചാബ് പ്രവിശ്യയിലെ ഷോർകോട്ട് വ്യോമതാവളവും ആക്രമിച്ചതിനെ തുടർന്ന്, പാകിസ്താൻ അമേരിക്കയുടെ ഇടപെടലിനായും സൗദി അറേബ്യയിൽ നിന്നുള്ള സഹായത്തിനായും അഭ്യർത്ഥിച്ചുവെന്ന് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ധർ വ്യക്തമാക്കി.


മേയ് 10-ന് ഇന്ത്യ നൂർഖാൻ വ്യോമതാവളവും ഷോർകോട്ട് വ്യോമതാവളവും ആക്രമിച്ചതിനെ തുടർന്ന് സൗദി രാജകുമാരനായ ഫൈസൽ തന്നെ വിളിച്ചു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി താൻ നടത്തിയ സംഭാഷണത്തെപ്പറ്റി അറിഞ്ഞുവെന്ന് ഫൈസൽ രാജകുമാരൻ പറഞ്ഞുവെന്നും ധർ പറയുന്നു. ഇന്ത്യ ആക്രമണം നിർത്തുന്ന പക്ഷം പാകിസ്ഥാനും ആക്രമണം അവസാനിപ്പിക്കാൻ തയാറാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് ആവശ്യപ്പെടാൻ തന്നെ അധികാരപ്പെടുത്തുമോയെന്ന് ഫൈസൽ ചോദിച്ചുവെന്നും ധർ പറയുന്നു. താനതിന് സമ്മതം മൂളിയെന്നും ജയശങ്കറിനെ വിവരം അറിയിച്ചശേഷം ഫൈസൽ രാജകുമാരൻ തന്നെ ആ വിവരം അറിയിച്ചുവെന്നും ധർ വ്യക്തമാക്കി.

ഔദ്യോഗിക സൈനിക ഹോട്ട്‌ലൈൻ ഉപയോഗിച്ച് ഇന്ത്യയുമായി ബന്ധപ്പെടാൻ അമേരിക്ക പാകിസ്ഥാനോട് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് മേയ് 10-ന് പാകിസ്ഥാൻ ഡിജിഎംഒ മേജർ ജനറൽ കാസിഫ് അബ്ദുള്ള ഇന്ത്യൻ ഡിജിഎംഒ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായുമായി ബന്ധപ്പെടുകയായിരുന്നുവെന്നും ഔദ്യോഗിക വിവരം. ഇക്കാര്യം പിന്നീട് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താസമ്മേളനത്തിലൂടെ സ്ഥിരീകരിച്ചിരുന്നു.

പത്തനംതിട്ടയിൽ കടകൾക്ക് തീപിടിച്ചു; രണ്ട് കടകൾ കത്തിനശിച്ചു, കെട്ടിടത്തിൻ്റെ മുമ്പിലുണ്ടായിരുന്ന കാറിൻ്റെ മുൻവശം ഉരുകി.... #latestnews

പത്തനംതിട്ട തണ്ണിത്തോട് കടകൾക്ക് തീപിടിച്ചു. രണ്ട് കടകൾക്കാണ് തീ പിടിച്ചത്. ഫയർഫോഴ്സ് എത്തി അണച്ചു. അപകടത്തിൽ കെട്ടിടത്തിനു മുന്നിൽ ഉണ്ടായിരുന്ന കാറിന്റെ മുൻവശവും ഉരുകി. പുലർച്ചെ 3.15 ഓടെയാണ് തീപിടിത്തം ഉണ്ടായത്.


രണ്ട് യൂണിറ്റ് ഫയർഫോഴ്സെത്തി തീ അണച്ചു. തീപിടുത്തത്തിലുള്ള കാരണം വ്യക്തമല്ല. പൊലീസും ഫയർഫോഴ്‌സും സംഭവ സ്ഥലത്തെത്തി. തീ അണച്ചു. കടയ്ക്കുള്ളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല. ഷോട്ട് സർക്ക്യൂട്ടാണ് തീ പിടുത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം

വെജ് റൈസ്, ബിരിയാണി റൈസ്, ലെമണ്‍ റൈസ്’; മാറ്റങ്ങളുമായി സ്കൂൾ ഉച്ചഭക്ഷണ മെനു... #kerala_midday_mealscheme

സംസ്ഥാനത്തെ സ്കൂള്‍ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിഷ്കരിച്ചതായി മന്ത്രി വി.ശിവന്‍കുട്ടി. ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം മെനു പരിഷ്‌കരണത്തിന്‍റെ ഭാഗമായി മെനു പ്ലാനിംഗ് നടത്തുമ്പോൾ ഒരു ദിവസത്തെ കറികളിൽ ഉപയോഗിക്കുന്ന പച്ചക്കറിയ്ക്ക് ബദലായി മറ്റ് അധിക പച്ചക്കറികൾ നൽകേണ്ടതാണ്. 

ഇലക്കറി വർഗ്ഗങ്ങൾ കറികളായി ഉപയോഗിക്കുമ്പോൾ അവയിൽ പയർ അല്ലെങ്കിൽ പരിപ്പ് വർഗ്ഗമോ ചേർക്കുന്നു. ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ് അരി വച്ച് വിവിധയിനം ചോറിന്റെ (വെജിറ്റബിൾ ഫ്രൈഡ്‌റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി) വിഭവങ്ങൾ തയ്യാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവയോടൊപ്പം എന്തെങ്കിലും വെജിറ്റബിൾ കറികൾ (കൂട്ടുകറി, കുറുമ) നൽകുന്നു. 


വിദഗ്ധ സമിതിയുടെ അഭിപ്രായത്തിൽ പച്ചക്കറിക്ക് ബദലായി മാസത്തിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മൈക്രോ ഗ്രീൻസ് മെനുവിൽ ഉൾപ്പെടുത്താവുന്നതാണ്. പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ചമ്മന്തി കൊടുക്കുന്ന കാര്യം പരിഗണിച്ചിട്ടുണ്ട്.  

വ്യത്യസ്തതയ്ക്കായി ഇവ വെജ് റൈസ്, ബിരിയാണി, ലെമൺ റൈസ് എന്നിവയുടെ കൂടെ തൊടുകറിയായി വിളമ്പാവുന്നതാണ്. ചെറുധാന്യങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾക്ക് ആഴ്ചയിൽ റാഗി ഉപയോഗിച്ചു റാഗി ബാൾസ്, മിതമായ അളവിൽ ശർക്കരയും തേങ്ങയും ചേർത്ത റാഗി കൊഴുക്കട്ട, ഇലയട, അവിൽ കുതിർത്തത് (വിളയിച്ചത്), പാൽ ഉപയോഗിച്ച് ക്യാരറ്റ് പായസം, റാഗിയോ മറ്റ് മില്ലറ്റുകളോ ഉപയോഗിച്ചുള്ള പായസം എന്നീ വ്യത്യസ്ത വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏഴാം
 ദിവസം : ചോറ്, തീയൽ, ചെറുപയർ തോരൻ
എട്ടാം ദിവസം : ചോറ്, എരിശ്ശേരി, മുതിര തോരൻ
ഒമ്പതാം ദിവസം : ചോറ്, പരിപ്പ് കറി, മുരിങ്ങയില തോരൻ
പത്താം ദിവസം : ചോറ്, സാമ്പാർ, മുട്ട അവിയൽ
പതിനൊന്നാം ദിവസം : ചോറ്, പൈനാപ്പിൾ പുളിശ്ശേരി, കൂട്ടുക്കൂറി
പന്ത്രണ്ടാം ദിവസം : ചോറ്, പനീർ കറി, ബീൻസ് തോരൻ
പതിമൂന്നാം ദിവസം : ചോറ്, ചക്കക്കുരു പുഴുക്ക്, അമരയ്ക്ക തോരൻ
പതിനാലാം ദിവസം : ചോറ്, വെള്ളരിക്ക പച്ചടി, വൻപയർ തോരൻ
പതിനഞ്ചാം ദിവസം : ചോറ്, വെണ്ടയ്ക്ക മപ്പാസ്, കടല മസാല
പതിനാറം ദിവസം : ചോറ്, തേങ്ങാചമ്മന്തി, വെജിറ്റബിൾ കുറുമ
പതിനേഴാം ദിവസം : ചോറ് /എഗ്ഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി
പതിനെട്ടാം ദിവസം : ചോറ് / കാരറ്റ് റൈസ്, കുരുമുളക് മുട്ട റോസ്റ്റ്
പത്തൊമ്പതാം ദിവസം : ചോറ്, പരിപ്പ് കുറുമ, അവിയൽ
ഇരുപതാം ദിവസം : ചോറ് / ലെമൺ റൈസ്, കടല മസാല

ഒമാൻ കടലിൽ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം; 24 പേരെ രക്ഷപ്പെടുത്തി... #oman_ship_accident

ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം. കപ്പലിൽ ഉണ്ടായിരുന്ന 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ നാഷണൽ ഗാർഡ് അറിയിച്ചു. അഡലിൻ എണ്ണക്കപ്പലില്‍ നിന്നുള്ള 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായാണ് പത്രക്കുറിപ്പിൽ അറിയിച്ചത്. യുഎഇയുടെ 24 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം ഉണ്ടായത്.



അധ്യാപികയുടെ കാർ ഇടിച്ച് വിദ്യാർഥിക്ക് ​ഗുരുതര പരുക്ക്; മലപ്പുറത്ത് സ്കൂളിൽ വിദ്യാർഥി പ്രതിഷേധം... #latestnews

മലപ്പുറം എംഎസ്പി ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥി പ്രതിഷേധം. സ്കൂൾ ഗ്രൗണ്ടിൽ അധ്യാപികയുടെ കാർ വിദ്യാർത്ഥിയെ ഇടിച്ച് പരുക്കേൽപ്പിച്ചു എന്നാണ് പരാതി. ആശുപത്രിയിൽ അപകട വിവരം മറച്ചുവെച്ചു എന്നും വിദ്യാർത്ഥികൾ പറഞ്ഞു. പരുക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിക്കാൻ കാലതാമസം ഉണ്ടായെന്ന് കുട്ടികൾ ആരോപിച്ചു.


കേസില്ലെന്ന് ഒപ്പിട്ട് കൊടുക്കണമെന്ന് അധ്യാപിക ആവശ്യപ്പെട്ടതായി വിദ്യാർഥികൾ പറയുന്നു. പരുക്കേറ്റ വിദ്യാർഥിയുടെ ഒരു ശസ്ത്രക്രിയ നടത്തിയെന്നും ഇനിയും ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് വിദ്യാർഥികൾ പറയുന്നത്. കഴിഞ്ഞ 13-ാം തീയതിയാണ് അപകടം നടക്കുന്നത്. സ്കൂളിലെ വോളിബോൾ ​ഗ്രൗണ്ടിന് സമീപമായിരുന്നു അപകടം നടന്നത്. 15കാരിയായ മിർസ ഫാത്തിമയ്ക്കാണ് ​​ഗുരുതര പരുക്കേറ്റത്.

വിദ്യാർഥിയുടെ രണ്ട് കാലുകൾക്കും ​ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. തലയ്ക്ക് ക്ഷതവും ഏറ്റിട്ടുണ്ട്. കോയമ്പത്തൂരിലുള്ള ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. സംഭവത്തിൽ ഇന്ന് രാവിലെ മുതലാണ് ക്ലാസിൽ കയറാതെ വിദ്യാർഥികൾ പ്രതിഷേധവുമായി രം​ഗത്തെത്തിയത്. ശക്തമായ നടപടിയാണ് വിഷയത്തിൽ വേണ്ടതെന്ന് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്.

ഇറാൻ -ഇസ്രായേൽ സംഘർഷം; ടെഹ്റാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നു; ഹെൽപ്‌ലൈൻ നമ്പർ തുടങ്ങി... #latestnews

ഇറാൻ -ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ടെഹ്റാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നു. 600 വിദ്യാർത്ഥികളെ ടെഹ്റാനിൽ നിന്നും ക്വോമിലെക്ക് മാറ്റി. ഉർമിയയിൽ നിന്നും 110 വിദ്യാർത്ഥികളെ അർമെനിയൻ അതിർത്തിയിലേക്കും മാറ്റിയിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് ഇറാനിലെ ഇന്ത്യൻ എംബസി. ടെഹ്റാനിൽ ജോലി ചെയ്യുന്നത് പതിനായിരത്തോളം ഇന്ത്യക്കാരാണ്.


ഇറാനിലെ ഇന്ത്യക്കാർക്കായി വിദേശകാര്യ മന്ത്രാലയം ഹെൽപ്‌ലൈൻ നമ്പർ തുടങ്ങി. +98 9128109115, +98 9128109109 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ഇന്നലെ ഇറാൻ ദേശീയ ടെലിവിഷൻ ആസ്ഥാനവും ടെഹ്‌റാനിലെ വിവിധയിടങ്ങളും ഇസ്രയേൽ ആക്രമിച്ചിരുന്നു. ഇസ്രയേലിലെ ടെൽ അവീവും ഹൈഫയും ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ഡ്രോൺ ആക്രമണം തുടരുന്നു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് ജനങ്ങൾ അടിയന്തരമായി ഒഴിയണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു.

പെരുമഴ: സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടുന്നു.... #indianrailway


കനത്ത മഴയെ തുടർന്ന് ട്രെയിനുകൾ വൈകിയോടുന്നു. പലയിടങ്ങളിലും ട്രാക്കിൽ മരം വീണതായി സൂചന. തിരുവനന്തപുരത്തുനിന്ന് 5.20ന് പുറപ്പെടേണ്ട വേണാട് എക്സ്പ്രസ്സ് രണ്ടു മണിക്കൂർ വൈകിയാകും സർവീസ് ആരംഭിക്കുക. ചെന്നൈ എഗ്മോർ എക്സ്പ്രസ് 50 മിനിറ്റ് വൈകിയോടുന്നു. തിരുവനന്തപുരം അമൃത എക്സ്പ്രസ് 51 മിനിറ്റ് വൈകി ഓടുന്നു.

തിരുവനന്തപുരം ലോകമാന്യത്തിലക് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 3 മണിക്കൂർ അഞ്ച് മിനിറ്റ് വൈകിയാണ് സർവീസ് ആരംഭിച്ചത്. തിരുനെൽവേലിയിൽ നിന്നും രാവിലെ 5:05ന് പുറപ്പെടേണ്ടിയിരുന്ന തിരുനെൽവേലി – ജാംനഗർ എക്സ്പ്രസിന്റെ(ട്രെയിൻ നമ്പർ 19577) സമയം പുനഃക്രമീകരിച്ചു. 9 മണിക്കൂർ 55 മിനിറ്റ് വൈകി ഉച്ച കഴിഞ്ഞ് 3 മണിയ്ക്കേ തിരുനെൽവേലിയിൽ നിന്നും പുറപ്പെടൂ. തിരുനെൽവേലിയിൽ എത്തിച്ചേരേണ്ട 19578 ജാംനഗർ – തിരുനെൽവേലി എക്സ്പ്രസ്സ്‌ വൈകിയതാണ് കാരണം.

ശബരിമല സന്നിധാനത്തും പമ്പയിലും കനത്ത മഴ; പമ്പാ സ്നാനത്തിന് താത്കാലിക നിയന്ത്രണം... #sabarimala

ശബരിമല സന്നിധാനത്തും പമ്പയിലും അതിശക്തമായ മഴ. പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഭക്തർ പമ്പാ ത്രിവേണിയിൽ കുളിക്കുന്നതിനും നദിയിൽ ഇറങ്ങുന്നതിനും ജില്ലാ കളക്ടർ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. പമ്പ ത്രിവേണിയിലെ വാഹന പാർക്കിങ്ങിനും താത്കാലിക നിയന്ത്രണമുണ്ട്. പമ്പാ- സന്നിധാനം പാതയിൽ ശക്തമായ മഴ പെയ്യുന്നതിനാൽ മലകയറുമ്പോൾ ഭക്തർ ജാഗ്രത പുലർത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും.ഇന്നും നാളെയും വടക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു.
തീര മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചു.

ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടം; ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു... #latestnews

ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റർ അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു. ഗൗരികുണ്ടിലെ ഉൾപ്രദേശത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് അപകടമുണ്ടായത്. പൈലറ്റടക്കം ഏഴ് പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്.

കേദാർനാഥിൽ നിന്ന് ഗുപ്തകാശിയിലേക്ക് പോകുകയായിരുന്നു സംഘമാണ് അപകടത്തിൽപ്പെട്ടത്. സംഘത്തിൽ ഒരു കുട്ടിയും ഉണ്ടായിരുന്നു. ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്.

ആര്യൻ ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ട്. സംസ്ഥാന ദുരന്തനിവാരണ സേനയും പൊലീസും ഫയർഫോഴ്സുമടക്കം രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. അപകടത്തിൽപ്പെട്ടവർക്കായി പ്രാർത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പ്രതികരിച്ചു.

മഴ മുന്നറിയിപ്പില്‍ മാറ്റം; വടക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത... #keralaweatherupdate




സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ പരക്കെ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. അഞ്ചു ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി,കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ നാളെയും റെഡ് അലര്‍ട്ടാണ്

നിലമ്പൂരില്‍ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനത്തില്‍ പൊലീസ് പരിശോധന; പെട്ടി തുറന്ന് പരിശോധിച്ചു... #politics

നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാഹനത്തില്‍ പരിശോധന. ഇന്നലെ രാത്രിയാണ് ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ വാഹനത്തില്‍ പരിശോധന നടന്നത്. ഷാഫി പറമ്പിലാണ് വാഹനം ഓടിച്ചിരുന്നത്. ഒപ്പം രാഹുല്‍ മാങ്കൂട്ടത്തിലുമുണ്ടായിരുന്നു. നിലമ്പൂര്‍ നഗരത്തിലേക്ക് വരികയായിരുന്നു ഇരുവരും. വാഹനത്തിലെ പെട്ടിയില്‍ വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് ഉണ്ടായിരുന്നത്. ഏകപക്ഷീയമായ പരിശോധനയെന്ന് നേതാക്കള്‍ ആരോപിക്കുന്നു.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു പരിശോധന. നിലമ്പൂര്‍ വടപുറത്ത് വച്ചായിരുന്നു നടപടി. വാഹനത്തില്‍ ഉണ്ടായിരുന്ന പെട്ടി തുറന്ന് പരിശോധന നടത്തി. വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് പെട്ടിയില്‍ ഉണ്ടായിരുന്നത്.

പരിശോധന വേളയില്‍ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും പൊലീസിനോട് കയര്‍ത്തു. കോണ്‍ഗ്രസ് നേതാക്കളുടെ വാഹനങ്ങളിലും റൂമുകളിലും മാത്രമാണല്ലോ പരിശോധന എന്നായിരുന്നു പറഞ്ഞത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്വാഭാവികമായ പരിശോധന എന്നാണ് വിശദീകരണം.

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. വടക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.... #keralaweatherupdate


സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. വടക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പും
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.

ചൊവ്വാഴ്ച വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. മലയോര – തീരമേഖലകളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു.


ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ചൊവ്വാഴ്ച വരെ മീന്‍പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തി. കേരളതീരത്ത് ഉയര്‍ന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

ദുരന്തത്തിൽ മരിച്ച രഞ്ജിതക്കെതിരെ സമൂഹമാധ്യമത്തിലൂടെ മോശം പരാമർശം; ഡെപ്യൂട്ടി തഹസില്‍ദാർ പവിത്രനെ സസ്‌പെന്റ് ചെയ്‌തു.... #latestnews




വിമാന അപകടത്തില്‍ മരണമടഞ്ഞ രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയര്‍ സൂപ്രണ്ട് എ പവിത്രനെ സസ്‌പെന്റ് ചെയ്തതായി റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഈ പോസ്റ്റ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി സസ്‌പെന്റ് ചെയ്യുവാന്‍ മന്ത്രി ഉത്തരവിടുകയായിരുന്നു.

രഞ്ജിതക്കെതിരെ സമൂഹമാധ്യമത്തിലൂടെ ആക്ഷേപിച്ചത് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ പവിത്രൻ എ എന്നയാളാണ്. ഇയാൾ മുൻപും സമാന കേസുകളിൽ ഉൾപ്പെട്ടു. കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരനെതിരെ മോശം പരാമർശം നടത്തിയതിന് സസ്പെൻഷനിലായിരുന്നു. ജോയിന്റ് കൗൺസിൽ മുൻ സംസ്ഥാന നേതാവാണ്. വിവാദമായതോടെ ഇയാൾ കമൻ്റ് പിൻവലിച്ചു. വിഷയത്തിൽ റവന്യൂ വകുപ്പ് നടപടി എടുക്കുന്നതിന് കാസർകോട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

അതേസമയം അപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയുടെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് ശേഷം നാട്ടിലേയ്ക്ക് എത്തിക്കും. അതിനായി രജ്ഞിതയുടെ സഹോദരങ്ങളായ രഞ്ജിത്തും രതീഷും അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് പോകും. തിരുവല്ല തഹസിൽദാറിൽ നിന്ന് രേഖകൾ കൈപ്പറ്റിയശേഷമായിരിക്കും അഹമ്മദാബാദിലേക്ക് യാത്ര തിരിക്കുക.

സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് അതിൻ്റെ നടപടിക്രമങ്ങൾക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്. സർക്കാർ ജോലിയെന്ന സ്വപ്നം പൂവണിഞ്ഞതിൻ്റെ സന്തോഷത്തിലായിരുന്നു രഞ്ജിത. ലണ്ടനിൽ തിരികെയെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി വീണ്ടും നാട്ടിലെത്തി സർക്കാർ ജോലിയിൽ പ്രവേശിക്കാനായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്.

വീണ്ടും യുദ്ധഭീതി; ഇറാനിൽ ഇസ്രയേലിന്റെ വൻ ആക്രമണം..#latestnews



പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേലിന്റെ വൻആക്രമണം. ഇറാന്റെ സൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായി ഇസ്രയേൽ വ്യക്തമാക്കി. അഞ്ച് സ്ഥലങ്ങളിൽ സ്ഫോടനം നടന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ ആക്രമണത്തിൽ ഇറാനിയൻ റെവല്യൂഷ്ണറി ഗാർഡിന്റെ മുതിർന്ന കമാൻഡർമാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

ആക്രമണ സാധ്യത കണക്കിലെടുത്ത് ഇസ്രയേലിൽ രാജ്യവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണം ഇറാന്റെ ആണവ ഭീഷണി ഇല്ലാതാക്കാനെന്ന് ഇസ്രയേൽ. ആക്രമണത്തിൽ ഇറാന്റെ സൈനിക തലവൻമാരെ ലക്ഷ്യമിട്ടതായും ഇസ്രയേൽ വ്യക്തമാക്കി.ഇറാൻ സൈനിക കമാൻഡർമാർ താമസിച്ചിരുന്ന ഫ്ലാറ്റ് തകർന്നു.

ഓപ്പറേഷൻ റൈസിങ് ലയൺ എന്ന പേര് നൽകിയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ഇസ്രായേൽ ഉടൻ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു ആക്രമണം. ഇറാനിലെ മുൻനിര ആണവ ശാസ്ത്രജ്ഞരെ തങ്ങൾ ലക്ഷ്യം വച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയുടെ ഹൃദയം തകർത്തതായും ഇസ്രയേൽ പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം ഇസ്രയേൽ ആക്രമണത്തിന് അമേരിക്കൻ പിന്തുണ ഉണ്ടായിരുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഇറാന്റെ പ്രത്യാക്രമണം പ്രതീക്ഷിക്കുന്നതായി കാറ്റ്‌സ് മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ മുഴുവൻ ആഭ്യന്തര മേഖലയിലും അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നതിനുള്ള പ്രത്യേക ഉത്തരവിൽ അദ്ദേഹം ഒപ്പുവച്ചു. ഇസ്രയേലുമായുള്ള സംഘർഷം വർദ്ധിച്ചതിനെത്തുടർന്ന് രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം പൂർണ്ണ ജാഗ്രതയിലാണെന്ന് ഇറാന്റെ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

കോഴിക്കോട് വടകരയിൽ‌ KSRTC ബസിൽ തീ പിടുത്തം... #ksrtc

കെഎസ്ആർടിസി ബസിൽ തീ പിടുത്തം. കോട്ടയം-കാസർഗോഡ് മിന്നൽ ബസ് ആണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് വടകരയിലാണ് അപകടം. തീപിടിച്ച് ടയർ പൊട്ടുകയായിരുന്നു. ബസിലെ യാത്രക്കാർ സുരക്ഷിതരാണ്. മുപ്പതോളം യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ ആണ് വൻ ദുരന്തം ഒഴിവായത്.


മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഇന്ത്യയിലേക്ക് തിരിച്ച് പറക്കുന്നു.... #latestnews




മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഇന്ത്യയിലേക്ക് മടങ്ങുന്നു. AIC 129 വിമാനമാണ് മടങ്ങിവരുന്നത്. ഇന്ന് രാവിലെ പുറപ്പെട്ട വിമാനമാണ് മടങ്ങിവരുന്നത്. കാരണം എന്താണെന്ന് വ്യക്തമല്ല. ഫ്‌ലൈറ്റ് റഡാർ പ്രകാരമാണ് വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. വാർത്താ ഏജൻസിയായ പിടിഐയാണ് വാർത്താ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതേസമയം അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണസംഖ്യ 290 ആയി. വിമാനയാത്രക്കാരിൽ 241 പേർ മരിച്ചെന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ് മരിച്ചത്. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രക്കാർക്ക് പുറമേ മെഡിക്കൽ വിദ്യാർത്ഥികളും പ്രദേശവാസികളും അടക്കം 49 പേർ മരിച്ചു. എയർ ഇന്ത്യയുടെ AI 171 വിമാനമാണ് ടേക്ക് ഓഫിനിടെ മേഘാനി നഗറിലെ ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് തകർന്നുവീണത്.

ഗുജറാത് വിമാനപകടം;അത്ഭുതകരമായി ഒരാൾ രക്ഷപ്പെട്ടു... #latestnews

രാജ്യത്തെ നടുക്കി ഗുജാറാത്തിലെ അഹമ്മദാബാദിൽ വൻ വിമാനദുരന്തം. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യാ വിമാനത്തിലെ 241 പേർ മരിച്ചു. എമർജൻസി എക്സിറ്റിലൂടെ പുറത്തുചാടിയ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റൽ തകർന്ന് അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ചെന്നും റിപ്പോർട്ടുണ്ട്.

ഉച്ചയ്ക്ക് 1.38ന് പറന്നുയര്‍ന്ന വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ 1.40ന് തകര്‍ന്നുവീണ് തീഗോളമായി മാറുകയായിരുന്നു. മേഘാനി നഗറില്‍ ജനവാസ മേഖലയോട് ചേര്‍ന്നാണ് എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകര്‍ന്നുവീണത്. അപകട കാരണം വ്യക്തമല്ല.

230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യക്കാരും 53 പേര്‍ ബ്രിട്ടീഷുകാരും 7 പേര്‍ച്ചുഗീസുകാരും ഒരു കനേഡിയന്‍ പൗരനുമാണ്. വിമാനാപകടത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിയും കൊല്ലപ്പെട്ടു. 11 A സീറ്റിൽ ഇരുന്ന ബ്രിട്ടീഷ് പൌരനായ ഇന്ത്യൻ വംശജൻ രമേഷ് വിശ്വാസ്കുമാർ ആണ് എമർജൻസി എക്സിറ്റിലൂടെ രക്ഷപ്പെട്ടത്.

ഗുജറാത് വിമാനാപകടം; ബിജെ മെഡിക്കല്‍ കോളജിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു... #flashnews


എയര്‍ ഇന്ത്യ വിമാനം ഇടിച്ചുകയറി അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളജിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു. നാല് ഡിഗ്രി വിദ്യാര്‍ഥിയും ഒരു പിജി വിദ്യാര്‍ഥിയുമാണ് മരിച്ചത്. മെഡിക്കല്‍ കോളജ് ഹോസ്റ്റലിലേക്കാണ് വിമാനം ഇടിച്ചുകയറിയത്. ക്യാന്റീനില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന കുട്ടികളാണ് മരിച്ചത്. കെട്ടിടം ഭാഗികമായി തകര്‍ന്നിട്ടുമുണ്ട്. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ ഹോസ്റ്റലിന് ഉള്ളിലായിരുന്നു
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0