World എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
World എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

നിമിഷപ്രിയയുടെ മോചനം: ഹർജി എട്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ സുപ്രീംകോടതി #Nimisha_priya


 ന്യൂഡൽഹി: യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാൻ  സുപ്രീംകോടതി. അടിയന്തര സാഹചര്യം ഉണ്ടായാൽ വീണ്ടും പരാമർശിക്കാനും നിർദേശം നൽകി. വധശിക്ഷയുടെ തിയ്യതി മാറ്റിയ കാര്യം നിമിഷപ്രിയയ്ക്കായി ഹാജരായ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കോടതിയെ അറിയിച്ചു. 

അപ്പോഴാണ് അടിയന്തര സാഹചര്യമുണ്ടായാൽ അറിയിക്കാൻ കോടതി ആവശ്യപ്പെട്ടത്. നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടാണ് ഹർജി. നിമിഷ പ്രിയയുടെ മോചന ശ്രമത്തിനായി യെമനിലെക്ക് പോകാൻ അനുവദിക്കണമെന്ന ആക്ഷൻ കൗൺസിലിന്‍റെ അപേക്ഷ കേന്ദ്ര സർക്കാർ നേരത്തെ തള്ളിയിരുന്നു. 

സുരക്ഷാ പ്രശ്നങ്ങളുള്ളതിനാല്‍ യാത്രയ്ക്ക് അനുമതി നൽകാനാകില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്‍റെ വിശദീകരണം. സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസില്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വന്നത്. 

അതേസമയം വധശിക്ഷയിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. വധശിക്ഷയ്ക്ക് പുതിയ തിയ്യതി നിശ്ചയിക്കണമെന്ന ആവശ്യം ആവർത്തിക്കുകയാണ് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താ മെഹദി. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പുതിയ തിയ്യതി ആവശ്യപ്പെട്ട് അറ്റോർണി ജനറലിനെ കണ്ടതായി അബ്ദുൽ ഫത്താ മെഹദി വെളിപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. മധ്യസ്ഥ ശ്രമങ്ങൾക്കോ ചർച്ചകൾക്കോ ഉള്ള എല്ലാ ശ്രമങ്ങളെയും തള്ളുന്നുവെന്നും പറഞ്ഞു. 

കുവൈത്ത് വിഷമദ്യ ദുരന്തം: പലരുടെയും നില ഗുരുതരം #hooch_tragedy

 
 കുവൈത്ത്: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വിഷ മദ്യ ദുരന്തത്തെ തുടർന്ന് 40 ഇന്ത്യക്കാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. പലരുടെയും നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.

ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ, വിഷ മദ്യം കഴിച്ച് ഇതുവരെ പതിമൂന്ന് പ്രവാസി തൊഴിലാളികൾ മരിച്ചു. അഹ്മദിയ, ഫർവാനിയ ഗവർണറേറ്റുകളുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മദ്യം കഴിച്ചവരെ ഫർവാനിയ, അദാൻ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വിഷ മദ്യം കഴിച്ച് അവശരായവർ ഞായറാഴ്ച മുതൽ ആശുപത്രിയിൽ ചികിത്സ തേടുന്നുണ്ട്. 21 പേർക്ക് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോർട്ടുണ്ട്. മരിച്ചയാളുടെ പൗരത്വവുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

മദ്യത്തിന് സമ്പൂർണ നിരോധനമുള്ള കുവൈറ്റിൽ വ്യാജ മദ്യ നിർമ്മാണത്തിനെതിരെ അധികൃതർ കർശന നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് സംഭവം. ഒരേ കേന്ദ്രത്തിൽ നിന്ന് ആളുകൾ മദ്യം വാങ്ങി വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് കുടിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. മരിച്ചവരിൽ മലയാളികളും ഉണ്ടെന്ന് സംശയിക്കുന്നു.
മെയ് മാസത്തിൽ, വിഷം കലർന്ന മദ്യം കഴിച്ച് രണ്ട് നേപ്പാൾ പൗരന്മാർ കുവൈറ്റിൽ മരിച്ചു.

കുവൈത്ത് മദ്യദുരന്തം: 40ഓളം ഇന്ത്യക്കാർ ആശുപത്രിയിൽ #hooch_tragedy

 

കുവൈത്ത്: മദ്യദുരന്തത്തിൽ 40 ഓളം ഇന്ത്യക്കാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇതിൽ ചിലർ അത്യാഹിത നിലയിലാണ്. വിഷയത്തിൽ എംബസി ഏകോപനം നടത്തിവരികയാണ്. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയും ഉദ്യോഗസഥരും ആശുപത്രികളിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായും ആശുപ്രതികളുമായും എംബസി എകോപനം നടത്തിവരികയാണ്. 

പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ചു കഴിഞ്ഞ ഞായറാഴ്ച‌ ഫർവാനിയ, അദാൻ ആശുപ്രതികളിൽ നിരവധി പ്രവാസികളെ പ്രവേശിപ്പിച്ചിരുന്നു. മരിച്ചവരിൽ മലയാളികളും ഉൾപ്പെട്ടതായാണ് വിവരം. എന്നാൽ മരിച്ചവരുടെ വിവരങ്ങൾ, രാജ്യം എന്നിവ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 

വിവരങ്ങൾ അറിയുന്നതിനായി എംബസി ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്. വിവരങ്ങൾക്ക് +96565501587 നമ്പരിൽ വാട്സാപ്പിലും റഗുലർ കോളിലും ബന്ധപ്പെടാം. 

പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ച് 13 പേർ മരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. മെഥനോൾ കലർന്ന പാനീയം കഴിച്ചതിനെ തുടർന്ന് ശനിയാഴ്ച‌ മുതൽ രാജ്യത്തെ വിവിധ ആശുപത്രികളിൽ 63 പേരാണ് ചികിത്സ തേടിയത്. ഇതിൽ 13 പേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. മരണപ്പെട്ടവരെല്ലാം  ഏഷ്യൻ പൗരന്മാരാണ്. 

കുവൈത്തിൽ വിഷമദ്യ ദുരന്തം, മലയാളികൾ ഉൾപ്പെടെ പത്ത് മരണം #Hooch_Tragedy

 
 കുവൈറ്റിൽ വിഷ മദ്യം കഴിച്ച് പത്ത് പ്രവാസികൾ മരിച്ചതായി റിപ്പോർട്ട്. ദുരന്തത്തിന് ഇരയായവരിൽ മലയാളികളും തമിഴ്‌നാട് സ്വദേശികളും ഉണ്ടെന്നാണ് സൂചന.  വിഷ മദ്യം കഴിച്ചവരെ ഞായറാഴ്ച ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

മദ്യം കഴിച്ച നിരവധി പേർ ഇപ്പോഴും ചികിത്സയിലാണ്. അവരിൽ പത്ത് പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കുവൈറ്റ് അധികൃതരിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
 

പരിശോധനയിൽമദ്യത്തിൽ വിഷം കലർന്നതാണെന്ന് സ്ഥിരീകരിച്ചു. ജലീബ് ബ്ലോക്ക് 4 ൽ നിന്ന് മദ്യം വാങ്ങിയ പ്രവാസികളാണ് ദുരന്തത്തിന് ഇരയായതെന്ന് റിപ്പോർട്ട്.വിഷ ബാധയേറ്റ ആളുകളെ  ഫർവാനിയ, അദാൻ ആശുപത്രികളിൽ ചികിത്സയിലാണ്. രണ്ട് ആശുപത്രികളിലുമായി 15 ഓളം പ്രവാസികളെ പ്രവേശിപ്പിച്ചു. ഇവരിൽ പത്തുപേരാണ് കഴിഞ്ഞ ദിവസങ്ങളലായി മരണപ്പെട്ടത്.

അഹമ്മദി ഗവര്‍ണറേറ്റിലും നിരവധി പേർക്ക് വിഷബാധയേറ്റതായി പറയുന്നുണ്ട്. മദ്യനിരോധനം നിലവിലുള്ള രാജ്യമാണ് കുവൈത്ത്. വിഷബാധയേറ്റവർ എല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് എന്നും അറബ് ദിനപത്രം പറയുന്നു.

വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും ആഞ്ഞടിച്ച്‌ സുനാമി തിരമാലകള്‍; ഫുക്കുഷിമ ആണവനിലയം ഒഴിപ്പിച്ചു #latest_news

 

 റഷ്യയുടെ കിഴക്കൻ മേഖലയിലുണ്ടായ വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകള്‍ ആഞ്ഞടിച്ചു.8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണിത്. വടക്കൻ പസഫിക് മേഖലയിലാണ് സുനാമിയുണ്ടായത്. അലാസ്ക, ഹവായ്, ന്യൂസിലൻഡിന് തെക്ക് തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്. ഹോണോലുലുവില്‍ സുനാമി മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങുകയും ആളുകള്‍ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറുകയും ചെയ്തു. ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയം ഒഴിപ്പിച്ചു. എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് ഇപ്പോള്‍ വ്യക്തമല്ല.

ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ കണക്കനുസരിച്ച്‌ ഏകദേശം 30മീറ്റർ ഉയരമുള്ള സുനാമി തിരമാലകള്‍ ഹൊക്കൈഡോയുടെ കിഴക്കൻ തീരത്തുള്ള നെമുറോയില്‍ ആഞ്ഞടിച്ചു. റഷ്യയുടെ കുറില്‍ ദ്വീപുകളിലെ പ്രധാന വാസസ്ഥലമായ സെവെറോ-കുരില്‍സ്കിന്‍റെ തീരപ്രദേശത്ത് സുനാമി തിരമാലകള്‍ ആഞ്ഞടിച്ചതായി പ്രാദേശിക ഗവർണർ വലേരി ലിമാരെങ്കോ അറിയിച്ചു. ആളുകള്‍ സുരക്ഷിതരാണെന്നും ഭീഷണി അവസാനിക്കുന്നത് വരെ ഉയർന്ന സ്ഥലങ്ങളില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഹവായ്, ചിലി, ജപ്പാൻ, സോളമൻ ദ്വീപുകളിലെ ചില തീരപ്രദേശങ്ങളില്‍ കടല്‍നിരപ്പില്‍ നിന്ന് 1 മുതല്‍ 3 മീറ്റർ വരെ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. റഷ്യയുടെയും ഇക്വഡോറിന്റെയും ചില തീരപ്രദേശങ്ങളില്‍ 3 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്. ജനങ്ങളെ സുരക്ഷിതരാക്കാൻ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. റഷ്യയിലെ കംചട്ക ഉപദ്വീപിലാണ് ഭൂകമ്ബമുണ്ടായത്.

ജപ്പാൻ, റഷ്യ തീരങ്ങളിൽ സുനാമി #Tsunami


റഷ്യയുടെ കാംചാക്ക തീരത്തെ വൻ ഭൂചലനത്തിന് പിന്നാലെ ജപ്പാൻ, റഷ്യ തീരങ്ങളിൽ സുനാമി. തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അമേരിക്കൻ തീരങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജപ്പാനിൽ രണ്ടിടങ്ങളിലായി തീരത്ത് വലിയ കൂറ്റൻ തിരമാലകൾ ആഞ്ഞടിച്ചു. ഫുക്കുഷിമ ആണവ നിലയവും ഒഴിപ്പിച്ചു. ഇവിടുത്തെ വൈദ്യുതി ബന്ധം പൂർണമായി നിലച്ചിരിക്കുന്നുവെന്നാണ് വിവരം.

ഒരു കിൻഡർ ഗാർഡൻ പൂർണമായും തകർന്നതിനെ തുടർന്ന് ഒരു കുട്ടിയെ കാണാതായെന്നും വിവരമുണ്ട്. അമേരിക്കയിലും ചില പ്രദേശങ്ങളിലൊക്കെ തന്നെ സുനാമി തിരമാലകൾ ആഞ്ഞടിക്കാനുള്ള സാധ്യതയുണ്ട്. ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് മൂന്ന് മീറ്റർ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചതായി ജപ്പാൻ കാലാവസ്ഥ ഏജൻസി അറിയിച്ചു.

റഷ്യയുടെ കാംചാക്ക തീരത്താണ് വൻ ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തി. പെട്രോപാവ്‍ലോസ്കിൽ നിന്ന് 134 കിലോമീറ്റർ തെക്ക് കിഴക്കൻ ഭാഗത്താണ് പ്രഭവ കേന്ദ്രം. 74 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ്ജിഎസ് അറിയിച്ചു. 2011ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനമാണിതെന്നാണ് റിപ്പോർട്ട്.


നിമിഷപ്രിയയുടെ വധശിക്ഷ; റദ്ദാക്കിയേക്കുമെന്ന് അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ് #latest_news

 
 

കോഴിക്കോട്: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത യമൻ പണ്ഡിതർ അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ്. ദയാധനത്തിന്റെ കാര്യത്തിൽ അന്തിമ ധാരണയായിട്ടില്ല. എന്നാൽ മാപ്പു നൽകാമെന്ന് ചർച്ചയിൽ ധാരണയായി. അന്തിമ ധാരണ ഏതാനും മണിക്കൂറുകൾക്കകം ഉണ്ടാകുമെന്നാണ് പണ്ഡിതർ അറിയിച്ചതെന്ന് കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കി. 

അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ രംഗത്തെത്തിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നതിൽ പുതിയ തിയതി നിശ്ചയിക്കണം എന്നാവശ്യപ്പെട്ടു കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് കത്ത് നൽകി. ഈ കത്ത് തലാലിൻ്റെ സഹോദരൻ ഫേസ്ബുക്കിൽ പങ്കുവെച്ചു. നേരത്തേയും, സഹോദരൻ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. 

കേരളത്തിൽ നിന്നുള്ള മധ്യസ്ഥ സംഘത്തിൻ്റെയുൾപ്പെടെ ഇടപെടലിലാണ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത്. എന്നാൽ മാറ്റിവെച്ച തിയ്യതി അറിയിച്ചിരുന്നില്ല. 

ലോക ചെസ് കിരീടം ദിവ്യ ദേശ്മുഖിന്; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി #chess_champion

 

 ബാത്തുമി (ജോര്‍ജിയ): ഫിഡെ ലോക വനിതാ ചെസ് ലോകകപ്പ് കിരീടം ഇന്ത്യയുടെ 19-കാരി ദിവ്യ ദേശ്മുഖിന്. ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ദിവ്യ. ഇന്ത്യന്‍ താരം തന്നെയായ കൊനേരു ഹംപിയെ ടൈബ്രേക്കറില്‍ തോല്‍പ്പിച്ചാണ് ദിവ്യയുടെ കിരീട നേട്ടം. ജോര്‍ജിയയിലെ ബാത്തുമിയിലാണ് മത്സരം നടക്കുന്നത്.

നേരത്തേ ജേതാവിനെ കണ്ടെത്താനുള്ള രണ്ടാംഗെയിമും സമനിലയായതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടത്. ടൈബ്രേക്കറിലെ ആദ്യ റാപ്പിഡ് മത്സരം സമനിലയില്‍ അവസാനിച്ചു. രണ്ടാം മത്സരത്തില്‍ കറുത്ത കരുക്കലുമായി കളിച്ചാണ് ദിവ്യ, കൊനേരു ഹംപിയെ കീഴടക്കി കിരീടമണിഞ്ഞത്. ഇതോടെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും ദിവ്യയെ തേടിയെത്തി.


മാഗ്നസ് കാള്‍സനെ പരാജയപ്പെടുത്തി ഇന്ത്യയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രഗ്നാനന്ദ #Chess

 
 വാഷിങ്ടണ്‍: ലാസ് വെഗാസില്‍ നടന്ന ഫ്രീസ്റ്റൈല്‍ ചെസ് ഗ്രാന്‍ഡ്സ്ലാമില്‍ ബുധനാഴ്ച ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ പരാജയപ്പെടുത്തി ഇന്ത്യയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രഗ്നാനന്ദ. വെറും 39 നീക്കങ്ങളിലൂടെയാണ് പ്രഗ്നാനന്ദ കാള്‍സനെ തറപറ്റിച്ചത്. നാലാം റൗണ്ട് മത്സരത്തിലാണ് പ്രഗ്നാനന്ദയുടെ വിജയം. വെള്ളക്കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ തുടക്കംമുതല്‍ ഒടുക്കംവരെ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി.


ചരിത്രം കുറിച്ച് ശുഭാംശു; ദൗത്യം പൂർത്തികരിച്ച് ഇന്നു മടക്കം #Axiom 4

 
 ചരിത്രം കുറിച്ച പതിനെട്ട് ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കി ആക്‌സിയം ഫോര്‍ സംഘം ഇന്ന് ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങും. വൈകിട്ട് 4.35ന് ആണ് മടക്കയാത്ര ആരംഭിക്കുക. നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ശുഭാംശു ശുക്ലയും സംഘവും ഭൂമി തൊടും.

സര്‍ക്കാര്‍ സഹായത്തോടെയുള്ള ലോകത്തെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണ് പൂര്‍ത്തിയാകുന്നത്. അമേരിക്ക ആസ്ഥാനമായുള്ള ആക്‌സിയം സ്‌പേസും സ്‌പേസ് എക്‌സും ഐഎസ്ആര്‍ഒയും നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ചേര്‍ന്നുള്ള സംയുക്ത ദൗത്യമാണിത്. കഴിഞ്ഞ ജൂണ്‍ 25ന് ആണ് കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് നാലംഗ സംഘം ഉള്‍ക്കൊള്ളുന്ന ഡ്രാഗണ്‍ പേടകത്തെയും വഹിച്ച് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ജൂണ്‍ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ നാല് ദിവസം അധികം നിലയത്തില്‍ ചെലവഴിച്ചാണ് ഭൂമിയിലേക്ക് മടങ്ങുന്നത്.

ഭാവി ബഹിരാകാശ യാത്രകള്‍ക്കും ശാസ്ത്ര ഗവേഷണങ്ങള്‍ക്കും മുതല്‍ക്കൂട്ടാകുന്ന അറുപത് പരീക്ഷണങ്ങളാണ് സംഘം പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയാണ് ദൗത്യത്തിന്റെ പൈലറ്റ്. ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു. രാകേഷ് ശര്‍മയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ എന്ന നേട്ടവും ശുഭാംശു സ്വന്തമാക്കി.

മടക്കയാത്രക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായെന്ന് ആക്‌സിയം സ്‌പേസ് വ്യക്തമാക്കി. ഉച്ചയ്ക്ക് 2.50ന് യാത്രികര്‍ പേടകത്തിന് അകത്ത് കയറുകയും ഹാച്ച് അടക്കപ്പെടുകയും ചെയ്യും. 4.35ന് പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക് ചെയ്യപ്പെടും. ഒന്നര മണിക്കൂറോളം സമയമെടുത്ത് നിലയത്തില്‍ നിന്ന് സുരക്ഷിത അകലത്തില്‍ എത്തിയ ശേഷമാകും ഭൂമിയെ ലക്ഷ്യമാക്കി അതിവേഗ യാത്ര തുടങ്ങുക. 22 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രക്കൊടുവില്‍ കാലിഫോര്‍ണിയക്കടുത്ത് പസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്യും. കപ്പലില്‍ എത്തി വിദഗ്ധര്‍ പേടകത്തെയും യാത്രികരെയും കരയിലേക്ക് മാറ്റും. 

ശുഭാംശുവിന്റെ തിരിച്ച് വരവ് വൈകും #Axiom_mission_4



 ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുംഭാംശു ശുക്ലയുടെയും സംഘത്തിന്റെയും ഭൂമിയിലേക്കുള്ള തിരിച്ച് വരവ് വൈകും. ആക്‌സിയം 4 ബഹിരാകാശ ദൗത്യം പൂര്‍ത്തിയായി. എങ്കിലും ഏതാനും ദിവസം കൂടി കഴിഞ്ഞാവും തിരിച്ചു വരവ് എന്നാണ് സൂചനകൾ. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.  

14 ദിവസത്തെ ദൗത്യത്തിനാണ് ആക്‌സിയം 4 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ പേടകത്തില്‍ ജൂണ്‍ 26 നാണ് സംഘം നിലയത്തിലെത്തിയത്. ദൗത്യത്തിനായി നിശ്ചയിച്ച ദിവസങ്ങൾ ബുധനാഴ്ച പൂർത്തിയായി.
ആക്‌സിയം 4 സംഘം തിരിക്കാന്‍ ജൂലായ് 14 വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി പുറത്ത് വിട്ടിരിക്കുന്ന വിവരം. തിരിച്ചു വരവ് തീയ്യതി വ്യക്തമാക്കിയിട്ടില്ല. നാല് ദിവസം എങ്കിലും വൈകാം.
ടെക്സസിലെ ഹ്യൂസ്റ്റൺ ആസ്ഥാനമായുള്ള ബഹിരാകാശ കമ്പനിയായ ആക്സിയം സ്പേസ് നിയോഗിച്ച ചരിത്ര ദൗത്യത്തിൽ ശുഭാംശു ശുക്ല, മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍, ഗ്രൂപ്പ് കാപ്റ്റന്‍ ശുഭാംശു ശുക്ല, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ സ്ലാവോസ് ഉസ്‌നാന്‍സ്‌കി-വിസ്‌നിയേവ്‌സ്‌കി, ടൈബോര്‍ കാപു എന്നിവരാണ് ഉൾപ്പെടുന്നത്.



ഒമാനിൽ വാഹനാപകടം; നാലു വയസുകാരി മരിച്ചു #Accident

 
 

മസ്കറ്റ്: ഒമാനിൽ ആദമിൽ വെച്ച്  ചുഴിക്കാറ്റിൽ വാഹനം നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടത്തിൽ നാലു വയസുകാരി മരിച്ചു. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണ കണ്ണൂർ മാണിയൂർ തരിയേരിയിലെ നവാസിൻ്റെയും റസിയയുടെയും ഇളയമകൾ ജസാ ഹയറ ആണ് മരണപ്പെട്ടത്. മറ്റുള്ളവർ നിസ്സാര പരിക്കുകളോടെ ആദം ആശുപത്രിയിൽ ചികിത്സയിലാണ്. സലാലയിൽ നിന്നുമുള്ള മടക്കയാത്രയിലായിരുന്നു അപകടം. ബംഗളൂരു കെ. എം.സി.സി ഓഫീസ് സെക്രട്ടറി മൊയ്തു മാണിയൂരിൻ്റെ മകളുടെ മകളാണ് മരിച്ച ജസാ ഹയറ.
 

മിന്നൽ പ്രളയം; 24 മരണം, നിരവധി പേരെ കാണാതായി #Flood_Alert

 
ടെക്സസ് : അമേരിക്കയിലെ ടെക്സസിൽ നാശം വിതച്ച് മിന്നൽ പ്രളയം. പ്രളയക്കെടുതിയിൽ 24 പേർ മരിച്ചു. 20ലധികം പേരെ കാണാതായെന്നാണ് വിവരം. പ്രദേശത്ത് വേനൽക്കാല ക്യാമ്പിൽ പങ്കെടുക്കാനെത്തിയ 23 പെൺകുട്ടികളടങ്ങിയ സംഘത്തെപ്പറ്റി വിവരമില്ലെന്നും റിപ്പോർട്ടുകളുണ്ട്.

ടെക്സസ് ഹിൽ കൺട്രിയിലാണ് മണിക്കൂറുകൾക്കുള്ളിൽ കനത്ത മഴയുണ്ടായത്. 25 സെന്റിമീറ്ററിലധികം മഴ ഇവിടെ ലഭിച്ചു. മഴയെത്തുടർന്ന്  പെട്ടന്നുണ്ടായ  വെള്ളപ്പൊക്കമാണ്  മിന്നൽ പ്രളയത്തിന് കാരണമായത്.അധികൃതർക്ക് മുന്നറിയിപ്പ് പുറപ്പെടുവിക്കാൻ കഴിയുന്നതിനു മുമ്പുതന്നെ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായത്  മരണസംഖ്യ ഉയരാൻ കാരണമായി.ബോട്ടിലും ഹെലികോപ്റ്ററിലുമായി പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഗ്വാഡലൂപ്പ് നദി കരകവിഞ്ഞൊഴുകുകയാണ്. ഇതുവരെ 237 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 167 പേരെ ഹെലികോപ്റ്ററിലാണ് മാറ്റിയത്. പ്രതികൂല കാലാവസ്ഥ കാരണം രക്ഷാപ്രവർത്തനത്തിന് തടസങ്ങൾ നേരിടുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതായും ലാറി ലീത്ത വ്യക്തമാക്കി. മരണമടഞ്ഞവരിൽ കുട്ടികളുമുണ്ട്. ആരെയും തിരിച്ചറി‍ഞ്ഞിട്ടില്ല. വീടുകളും വാഹനങ്ങളും മരങ്ങളും വെള്ളത്തിൽ ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പലയിടത്തും വൈദ്യുതി മുടങ്ങിയിട്ടുണ്ട്.





ഇന്ന് ജൂലൈ 5; റിയോ തത്സുകിയുടെ ഭീകര പ്രവചനം ഫലിച്ചില്ല #prediction

 
ജൂലൈ അഞ്ചിന് രാവിലെ ജപ്പാനില്‍ വിനാശകരമായ സുനാമി ഉണ്ടാകുമെന്ന റിയോ തത്സുകിയുടെ പ്രവചനം തെറ്റി. ഇന്നു രാവിലെ 4.18-ന് ജപ്പാനില്‍ വിനാശകരമായ സുനാമി ഉണ്ടാകുമെന്നയാരുന്നു തത്സുകിയുടെ പ്രചവനം. തത്സുകിയുടെ പ്രവചനം മൂലം ജപ്പാനിലേക്കുള്ള വിമാനസര്‍വീസുകള്‍ പലതും റദ്ദാക്കപ്പെടുകയും വിനോദസഞ്ചാരികളുടെ വരവ് കുറയുകയും ചെയ്തിരുന്നു. പ്രവചനം യാഥാര്‍ത്ഥ്യമാകുമെന്ന ഭയം മൂലം ജപ്പാനിലേക്കുള്ള നിരവധി വിമാനയാത്രകള്‍ റദ്ദാക്കപ്പെട്ടിരുന്നു. തത്സുകിയുടെ പ്രവചനം മൂലം ജപ്പാന് 3.9 ബില്യണ്‍ ഡോളറിന്റെ നഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍

പ്രവചനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ജപ്പാനീസ് മാംഗ കലാകാരിയാണ് റിയോ തത്സുകി. എഴുപതുകാരിയായ റിയോ ‘പുതിയ ബാബ വാംഗ’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. താന്‍ കണ്ട സ്വപ്നങ്ങളെ അടിസ്ഥാനമാക്കി രചിച്ച ജാപ്പനീസ് മാംഗ അഥവാ ഗ്രാഫിക് ഇല്ലസ്‌ട്രേറ്റഡ് പുസ്തകങ്ങളിലൂടെയാണ് റിയോ പ്രശസ്തയായത്. 1975-ല്‍ മാംഗ കലാകാരിയായി അരങ്ങേറ്റം കുറിച്ച റിയോ തത്സുകി 1980 മുതലാണ് പ്രവചനാത്മകമായ സ്വപ്നങ്ങള്‍ കണ്ടുതുടങ്ങിയത്. 

2021-ല്‍ പുസ്തകം പുനപ്രസിദ്ധീകരിച്ചപ്പോഴാണ് 2025 ജൂലൈ അഞ്ചിന് രാവില 4.18ന് ജപ്പാന്റെ തെക്കുഭാഗത്ത് ജപ്പാനും ഫിലിപ്പെയ്ന്‍സിനും ഇടയില്‍ സമുദ്രത്തിനടിയില്‍ വലിയൊരു ഭൂകമ്പം ഉണ്ടാകുമെന്നും അത് 2011-ലെ സുനാമിയേക്കാള്‍ ഭീതിദമായിരിക്കുമെന്നും തത്സുകി പ്രവചിച്ചത്. പ്രവചനം യാഥാര്‍ത്ഥ്യമാകുമെന്ന ഭയം മൂലം യാത്രക്കാര്‍ പിന്മാറിയതിനാല്‍ പല വിമാന സര്‍വീസുകളും റദ്ദാക്കപ്പെട്ടു. നേരത്തെ ഡയാന രാജകുമാരിയുടെയും റോക്ക് ഗായകന്‍ ഫ്രെഡി മെര്‍ക്കുറിയുടെയും കോബെ ഭൂകമ്പവും മരണങ്ങളും കോവിഡ്-19 മഹാമാരിയും തത്സുകി പ്രവചിച്ചുവെന്ന് അവകാശവാദങ്ങളുണ്ട്.


വേണ്ടെന്നു വെക്കാം വേണ്ടപ്പെട്ടവർക്കായ് : ഇന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് വിരുദ്ധ ദിനം #Anti_Drug_Campaign

 

 

 


 ഇന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് വിരുദ്ധ ദിനം. മയക്കുമരുന്ന് ദുരുപയോഗത്തിന്റെ ഭീകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും പ്രതിരോധം വളർത്തുന്നതിനുമുള്ള ഒരു ആഗോള ആഹ്വാനമാണ് ഈ ദിവസം. 
മയക്കുമരുന്ന് ഉപയോഗവും നിയമവിരുദ്ധ വ്യാപാരവും വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും ഗുരുതരമായി ബാധിക്കുന്ന ഒരു ആഗോള വിപത്താണ്.  ഓരോ വർഷവും ഓരോ തീമിന്റെ അടിസ്ഥാനത്തിലാണ് ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത് 'പ്രീവെൻഷൻ ട്രീറ്റ്മെന്റ് ആൻഡ് ജസ്റ്റിസ് സിസ്റ്റംസ്' എന്ന തീമിന്റെ അടിസ്ഥാനത്തിലാണ് 2025 -ലെ ലഹരിവിരുദ്ധ ദിനം ആചരിക്കുന്നത്.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ വർഷം 300 ദശലക്ഷത്തിലധികം ആളുകൾ ലോകത്തിൽ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ട്. അതിൽ 15 വയസുമുതൽ ഉള്ള കുട്ടികളും ഉൾപ്പെടുന്നുണ്ട്. അതുപോലെ സമൂഹത്തിൽ കഞ്ചാവിന്റെ ഉപയോഗം 25 ശതമാനം വർധിച്ചു. ഫെന്റനൈൽ, മെത്താംഫെറ്റാമൈൻ എന്നീ മാരക മരുന്നുകളുടെ ഉപയോഗം സമൂഹത്തിൽ വർധിച്ചു വരുന്നത് കൊണ്ട് ആശങ്കകൾ കൂടുതലാണ്.
ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത് 23 ദശലക്ഷം പേർ കൊക്കെയ്ൻ ഉപയോക്താക്കളും 20 ദശലക്ഷത്തിലധികം പേർ എംഡിഎംഎ ഉപയോക്താക്കളുമാണെന്ന്. ആഗോളതലത്തിൽ മയക്കുമരുന്നുകളുടെ വില്പന കൊണ്ട് 400 ബില്യൺ ഡോളറിൽ അധികം സമ്പാദിക്കുണ്ട്.

ഇറാൻ-ഇസ്രായേൽ വെടിനിർത്തൽ പ്രാബല്യത്തിൽ #iran _isreal _conflict



 

 

ദിവസങ്ങൾ നീണ്ട ആക്രമണങ്ങൾക്ക് ശേഷം, ഇറാനും ഇസ്രായേലും വെടിനിർത്തലിന് സമ്മതിച്ചു. കനത്ത നാശനഷ്ടങ്ങൾ വരുത്തിയ 12 ദിവസത്തെ നേരിട്ടുള്ള ആക്രമണങ്ങൾക്ക് ശേഷമാണ് കരാർ. ഇന്ത്യൻ സമയം രാവിലെ 9 മണിക്കാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ഇതുസംബന്ധിച്ച നിർണായക പ്രഖ്യാപനം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തി. വെടിനിർത്തൽ പ്രഖ്യാപനം ലംഘിക്കരുതെന്ന് ട്രംപ് പറഞ്ഞു.

രണ്ട് ഘട്ടങ്ങളിലായി പൂർണ്ണമായ വെടിനിർത്തലിന് ഇരു രാജ്യങ്ങളും സമ്മതിച്ചതായി ട്രംപ് പറഞ്ഞിരുന്നു. ഇറാൻ ആദ്യം വെടിനിർത്തും. 12 മണിക്കൂറിനുശേഷം ഇസ്രായേലും വെടിനിർത്തൽ നടത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഖത്തറിന്റെ സഹായത്തോടെ യുഎസ് ഇറാനുമായി ധാരണയിലെത്തിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം, വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പ് വരെ ഇറാനും ഇസ്രായേലും കനത്ത ആക്രമണങ്ങൾ നടത്തിയിരുന്നു. ഇസ്രായേലിലെ ബീർഷെബയിൽ ഇറാനിയൻ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ടെഹ്‌റാനെ ലക്ഷ്യമിട്ട് ഇസ്രായേൽ കനത്ത ആക്രമണങ്ങൾ നടത്തി. ഖത്തറിലെയും ഇറാഖിലെയും വ്യോമതാവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് ശേഷമാണ് ഡൊണാൾഡ് ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം.

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം...#latestnews






അമേരിക്കൻ ആക്രമണത്തിന് തിരിച്ചടി തുടങ്ങി ഇറാൻ. ഇസ്രയേൽ നഗരങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈൽ തൊടുത്തു. ടെൽ അവീവിലും ഹൈഫയിലും ജറുസലേമിലും ഉഗ്ര സ്ഫോടനങ്ങൾ ഉണ്ടായി. ഇസ്രയേലിലെ
പത്തിടങ്ങളിൽ ഇറാന്റെ മിസൈലുകൾ പതിച്ചെന്നാണ് റിപ്പോർട്ടുകൾ.


ഇറാൻ – ഇസ്രയേൽ സംഘർഷം തുടങ്ങി പത്താം നാൾ ആണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തിയത്.
എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് ഇപ്പോൾ വ്യക്തമല്ല. ഇതിനിടെ തങ്ങളുടെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ഇന്ന് പുലര്‍ച്ചെ നടന്ന ആക്രമണം ഇറാന്‍ ആണവോര്‍ജ സമിതി സ്ഥിരീകരിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നുമാണ് ഇറാന്‍ ആണവോര്‍ജ സമിതി വ്യക്തമാക്കിയിരിക്കുന്നത്.

ഇതിനിടെ ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയ അമേരിക്കന്‍ നടപടിയില്‍ പ്രതികരണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തുവന്നു. പിടിച്ചെടുക്കേണ്ടതാണ് സമാധാനമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രതികരിച്ചു. എന്‍റെയും ട്രംപിന്‍റെയും നിലപാട് ഇതാണ്. സമാധാനത്തിനായിയുഎസ് പ്രവര്‍ത്തിച്ചെന്നും നെതന്യാഹു പറഞ്ഞു.

ലോകത്തിലെ ഏറ്റവും അപകടകരമായ ഭരണകൂടത്തെ, ആയുധങ്ങളെ ട്രംപ് നിഷേധിച്ചുവെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയെ സമാധാനത്തിലേക്ക് നയിക്കുന്ന നടപടിയെന്നും നെതന്യാഹു പറഞ്ഞു. ശക്തിയിലൂടെ സമാധാനം എന്ന് ട്രംപും ഞാനും എപ്പോഴും പറയാറുണ്ട്. ആദ്യം ശക്തികാണിക്കാനും പിന്നീട് സമാധാനത്തിനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇന്ന് രാത്രി ട്രംപ് ഇന്ന് രാത്രി, പ്രസിഡന്റ് ട്രംപും അമേരിക്കയും വളരെയധികം ശക്തിയോടെ പ്രവര്‍ത്തിച്ചു. പ്രസിഡന്റ് ട്രംപ്, ഞാന്‍ നിങ്ങളോട് നന്ദി പറയുന്നു. ഇസ്രയേലിലെ ജനങ്ങള്‍ നിങ്ങളോട് നന്ദി പറയുന്നു. അമേരിക്കയേയും ഇസ്രയേലിനേയും ഞങ്ങളുടെ അചഞ്ചലമായ സഖ്യത്തെയും തകര്‍ക്കാനാകാത്ത വിശ്വാസത്തെയും ദൈവം അനുഗ്രഹിക്കട്ടെ – നെതന്യാഹു പറഞ്ഞു.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ പങ്കാളികളായി അമേരിക്കയും; ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം #Iran Isreal conflict

 

 

 

 

 

 



ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ പങ്കാളികളായി അമേരിക്കയും. ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്കയുടെ ആക്രമണം. ഫോര്‍ഡോ, നതാന്‍സ്, എസ്ഫഹാന്‍ എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത്. ആക്രമണം വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പ്രതികരിച്ചത്.

അമേരിക്കയുടെ എല്ലാ വിമാനങ്ങളും ഇറാന്‍ വ്യോമാതിര്‍ത്തിക്ക് പുറത്താണെന്നും അമേരിക്കയിലേക്ക് മടങ്ങുകയാണെന്നും ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പ്രതികരിച്ചു. കഴിഞ്ഞയാഴ്ച വൈറ്റ്ഹൗസ് വ്യക്തമാക്കിയിരുന്നത് ഇറാനെ ആക്രമിക്കുന്നതില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു തീരുമാനം എന്നതാണ്.

ഫോര്‍ഡോയിലെ ആക്രമണം ഇറാന്‍ സ്ഥിരീകരിച്ചു. ആണവ കേന്ദ്രങ്ങള്‍ ഒഴിപ്പിച്ചെന്ന് ഇറാന്‍ വ്യക്തമാക്കി. റേഡിയേഷന് കാരണമാകുന്ന ഒന്നും ഈ കേന്ദ്രങ്ങളില്‍ ഇല്ലെന്ന് ഇറാന്‍ വ്യക്തമാക്കി.

ഫോര്‍ഡോ, നതാന്‍സ് ആണവ നിലയകേന്ദ്രങ്ങള്‍ ഇറാനിലെ ഏറ്റവും വലിയ ആണവ കേന്ദ്രങ്ങളാണ്. പ്രാദേശിക സമയം ഏതാണ് 2.30 ഓട് കൂടിയാണ് ആക്രമണം നടന്നത് എന്നാണ് ഇറാന്റെ ഭാഗത്ത് നിന്നുള്ള സ്ഥിരീകരിക്കാത്ത ചില റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ ബി – ടു ബോംബറുകളാണ് ഉപയോഗിച്ചതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. 30000 പൗണ്ട് ഭാരമുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകളാണ് ഇവ. അമേരിക്കയുടെ മറ്റേതെങ്കിലും യുദ്ധ വിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കാളികളായോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ നിലവില്‍ വ്യക്തമല്ല.


ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിച്ചെന്ന് പാക് സ്ഥിരീകരണം... #operation_sindhoor

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിച്ചെന്ന് പാകിസ്താന്റെ സ്ഥിരീകരണം. വ്യോമതാവളങ്ങൾ ഇന്ത്യ ആക്രമിച്ചതോടെ വെടിനിർത്തൽ ആവശ്യപ്പെടേണ്ടിവന്നെന്ന് പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ധാറിന്റെ വെളിപ്പെടുത്തൽ. ജിയോ ന്യൂസിലെ ടെലിവിഷൻ ചർച്ചയിലാണ് തുറന്നുപറച്ചിൽ.


ഏപ്രിൽ 22-ന് പഹൽഗാമിൽ 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായാണ് ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ പാകിസ്താനിൽ ആക്രമണം നടത്തിയത്. ഇന്ത്യ റാവൽപിണ്ഡിയിലെ നൂർഖാൻ വ്യോമതാവളവും പഞ്ചാബ് പ്രവിശ്യയിലെ ഷോർകോട്ട് വ്യോമതാവളവും ആക്രമിച്ചതിനെ തുടർന്ന്, പാകിസ്താൻ അമേരിക്കയുടെ ഇടപെടലിനായും സൗദി അറേബ്യയിൽ നിന്നുള്ള സഹായത്തിനായും അഭ്യർത്ഥിച്ചുവെന്ന് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ധർ വ്യക്തമാക്കി.


മേയ് 10-ന് ഇന്ത്യ നൂർഖാൻ വ്യോമതാവളവും ഷോർകോട്ട് വ്യോമതാവളവും ആക്രമിച്ചതിനെ തുടർന്ന് സൗദി രാജകുമാരനായ ഫൈസൽ തന്നെ വിളിച്ചു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി താൻ നടത്തിയ സംഭാഷണത്തെപ്പറ്റി അറിഞ്ഞുവെന്ന് ഫൈസൽ രാജകുമാരൻ പറഞ്ഞുവെന്നും ധർ പറയുന്നു. ഇന്ത്യ ആക്രമണം നിർത്തുന്ന പക്ഷം പാകിസ്ഥാനും ആക്രമണം അവസാനിപ്പിക്കാൻ തയാറാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് ആവശ്യപ്പെടാൻ തന്നെ അധികാരപ്പെടുത്തുമോയെന്ന് ഫൈസൽ ചോദിച്ചുവെന്നും ധർ പറയുന്നു. താനതിന് സമ്മതം മൂളിയെന്നും ജയശങ്കറിനെ വിവരം അറിയിച്ചശേഷം ഫൈസൽ രാജകുമാരൻ തന്നെ ആ വിവരം അറിയിച്ചുവെന്നും ധർ വ്യക്തമാക്കി.

ഔദ്യോഗിക സൈനിക ഹോട്ട്‌ലൈൻ ഉപയോഗിച്ച് ഇന്ത്യയുമായി ബന്ധപ്പെടാൻ അമേരിക്ക പാകിസ്ഥാനോട് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് മേയ് 10-ന് പാകിസ്ഥാൻ ഡിജിഎംഒ മേജർ ജനറൽ കാസിഫ് അബ്ദുള്ള ഇന്ത്യൻ ഡിജിഎംഒ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായുമായി ബന്ധപ്പെടുകയായിരുന്നുവെന്നും ഔദ്യോഗിക വിവരം. ഇക്കാര്യം പിന്നീട് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താസമ്മേളനത്തിലൂടെ സ്ഥിരീകരിച്ചിരുന്നു.

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി #IndianStudentCanada


ഒട്ടാവ : കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി മരണപ്പെട്ടു. ഡൽഹി സ്വദേശിനിയായ തന്യ ത്യാഗിയെയാണ് മരിച്ച നിലയിൽ  കണ്ടെത്തിയത്. മരണകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. കാനഡയിലെ കാൽഗറി സർവകലാശാലയിലെ വിദ്യാർത്ഥിനിയായിരുന്നു തന്യ.വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് വിദ്യാർത്ഥിനിയുടെ മരണം സ്ഥിരീകരിച്ചു. കാനഡയിലെ ഇന്ത്യൻ എംബസി കനേഡിയൻ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും തന്യയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അറിയിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0