landslide എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
landslide എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മഴക്കെടുതി രൂക്ഷം: 63 മരണം, 400 കോടിയുടെ നാശനഷ്ടം #Himanchal_Rains

 
 

 

ന്യൂഡൽഹി: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഹിമാചല്‍പ്രദേശിൽ ഇതുവരെ 63 മരണവും 400 കോടിയുടെ നാശനഷ്ടവും ഉണ്ടായെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന. രക്ഷാപ്രവർത്തനം നടക്കുന്ന സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ജൂലൈ ഏഴുവരെ ദേശീയ കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

മാണ്ഡി, ഷിംല എന്നിവിടങ്ങളിലാണ് മഴക്കെടുതി വലിയ രീതിയില്‍ ബാധിച്ചത്. മാണ്ഡിയില്‍ 40 ലധികം പേരെ കാണാതായിട്ടുണ്ട്. ആഹാരം, വൈദ്യുതി, ഗതാഗതം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ പലയിടത്തും താറുമാറായി. ദുരന്തബാധിതര്‍ക്കായി ക്യാമ്പുകള്‍ തുറക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഷിംലയില്‍ ജനജീവിതം ദുരിതപൂര്‍ണമാണ്. സ്‌കൂളുകളില്‍ വെള്ളം കയറിയതോടെ വിദ്യാഭ്യാസ മേഖലയും പ്രതിസന്ധിയിലായി.മഴക്കെടുതിയില്‍ 37 മരണവും ഗതാഗതക്കുരുക്കിൽപ്പെട്ട് 26 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.250 റോഡുകള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. 500-ലധികം വൈദ്യുത ലൈനുകള്‍ പ്രവര്‍ത്തനരഹിതമാണ്. 700-ലധികം കുടിവെള്ള വിതരണ ലൈനുകളും തകരാറിലാണ്.  



 


അർജുന്റെ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മനാഫ്, 'എത്ര ക്രൂശിച്ചാലും ഞാൻ ചെയ്തതെല്ലാം നിലനിൽക്കും'... #Manaf

കോഴിക്കോട്: അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്. എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്ന് മനാഫ് പറഞ്ഞു. തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞ് കൊന്നോട്ടെ.തന്റെ യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടുമെന്നും മനാഫ് പറഞ്ഞു. കൂടാതെ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും മനാഫ് വിശദമാക്കി. യൂട്യൂബ് ചാനൽ തുടങ്ങുന്നതില്‍ എന്താണ് തെറ്റെന്നും മനാഫ് ചോദിച്ചു. 

ഷിരൂരിൽ എത്തിയ ശേഷമാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. യൂട്യൂബ് ചാനലിൽ  ഇഷ്ടമുള്ളത് ഇടും. അത് ചോദ്യം ചെയ്യാൻ ആർക്കാണ് അവകാശമെന്ന് ചോദിച്ച മനാഫ് അർജുന്റെ ചിത അണയും മുമ്പ്  ക്രൂശിക്കുന്നത് എന്തിനാണെന്നും ചോദിച്ചു.
താൻ കുടുംബത്തിന് പണം കൊടുത്തിട്ടില്ലെന്നും മനാഫ് ആവര്‍ത്തിച്ചു പറഞ്ഞു. ഒരിക്കല്‍ ഉസ്താദിനു ഒപ്പം കുടുംബത്തെ കാണാന്‍ പോയപ്പോൾ അദ്ദേഹം പണം കൊടുത്തിരുന്നു. അതാകും കുടുംബം ഉദ്ദേശിച്ചത്. തനിക്ക് ആരോടെങ്കിലും സംസാരിക്കണം എന്ന് കരുതിയാണ് യൂട്യൂബ് ചാനൽ തുടങ്ങിയതെന്നായിരുന്നു മനാഫിന്‍റെ വിശദീകരണം. 

അർജുനെ കിട്ടും വരെ ഉപയോഗിക്കാനാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. 

ഇനി യൂട്യൂബ് ചാനൽ  ഉഷാറാക്കും. അർജുന്റെ അമ്മ എന്റെയും അമ്മയാണ്. അമ്മയെ അഭിമുഖം ചെയ്തിട്ടില്ല. യൂട്യൂബ് ചാനൽ നോക്കിയാൽ അത് മനസ്സിലാകും. എന്നെ തള്ളി പറഞ്ഞാലും കുഴപ്പമില്ല. അർജുന്റെ കുടുംബത്തിന് ആവശ്യം വന്നാൽ ഇനിയും കൂടെ ഉണ്ടാകുമെന്നും മനാഫ് പറഞ്ഞു. എന്റെ ലോറിക്ക് അർജുന്റെ പേരിടുമെന്നും കാര്യമായ തർക്കം കുടുംബവുമായി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊന്നും തന്നെ ബാധിക്കില്ലെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. 

അർജുൻ്റെ പേരിൽ ഫണ്ട് പിരിക്കുന്നു, ഞങ്ങൾക്ക് ആരുടെയും പണം വേണ്ട’; ലോറിയുടമ മനാഫിനെതിരെ കുടുംബം... #Kerala

കോഴിക്കോട്: അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന്‍റെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയാണ് ലഭിച്ചതെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തിന്‍റെ വൈകാരികത മാര്‍ക്കറ്റ് ചെയ്തുവെന്നും അര്‍ജുനെ കണ്ടെത്തിയശേഷം സഹോദരി അ‍ഞ്ജു നടത്തിയ പ്രതികരണത്തിൽ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നടന്നുവെന്നും ജിതിൻ ആരോപിച്ചു. ഇത്തരത്തിൽ വൈകാരികമായ മാര്‍ക്കറ്റിങ് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും കുടുംബം പ്രതികരിച്ചു. 

ലോറിയുടമ മനാഫ് അർജുന്റെ പേരിൽ ഫണ്ട് പിരിവ് നടത്തുന്നുവെന്ന് കുടുംബം ആരോപിച്ചു. ഫണ്ട് പിരിവിൻ്റെ ആവശ്യം കുടുംബത്തിന് ഇല്ല. ജീവിക്കാനുള്ള സാഹചര്യം ഞങ്ങൾക്ക് ഉണ്ട്. പൊള്ളയായ കാര്യങ്ങൾ ആണ് നടക്കുന്നത്. ഞങ്ങളെ കുത്തി നോവിക്കരുത്. പൈസ അർഹതപ്പെട്ടവർക്ക് ലഭിക്കട്ടെ. മനാഫും സംഘവും പൈസയുമായി വീട്ടിൽ വന്നിരുന്നു. 2000 രൂപയാണ് മനാഫ് തന്നത്. അത് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു. 

വൈകാരികത ചൂഷണം ചെയ്ത് മാർക്കറ്റ് ചെയ്യുന്നു. ഈ രീതിയിൽ മുന്നോട്ട് പോയാൽ ഞങ്ങൾക്ക് പ്രതികരിക്കേണ്ടിവരും. അർജുന്റെ പേരിൽ മനാഫ് നടത്തുന്ന ഫണ്ട് പിരിവ് നിർത്തണമെന്ന് കുടുബം ആവശ്യപ്പെട്ടു.
അർജുന് 75,000 രൂപ സാലറി ഇല്ല. യൂട്യൂബ് ചാനലുകൾ സൈബർ ആക്രമണം നടത്തുന്നുവെന്നും കമൻ്റുകൾ ഏറെ വേദനിപ്പിക്കുന്നുവെന്നും കുടുംബം പറഞ്ഞു. സർക്കാർ അർജുൻ്റെ ഭാര്യക്കും, മകനും ജീവിക്കാനുള്ള അവസരം ഉണ്ടാക്കിയിട്ടുണ്ടെന്നും ജിതിൻ കൂട്ടിച്ചേർത്തു.
മനാഫിന് അമ്മയുമായും കുടുംബവുമായും ഒരുപാട് ബന്ധമുണ്ടെന്നത് പച്ചക്കള്ളമാണ്. അമ്മയെ ഉപയോഗിച്ച് മാർക്കറ്റ് ചെയ്യുകയാണ്. ഈശ്വര്‍ മല്‍പേയും, മനാഫും ചേർന്ന് നാടകം കളിക്കുകയായിരുന്നു. മനാഫ് യൂട്യൂബ് ചാനൽ നടത്തി കാഴ്ചക്കാരുടെ എണ്ണം എടുക്കുകയായിരുന്നു. ട്രഡ്ജർ കൊണ്ടുവരില്ലെന്ന് പറഞ്ഞ് ഞങ്ങളെ നിരുത്സാഹപ്പെടുത്തി. 

ലോറിയുടെ കൃത്യമായ സ്ഥാനം ജില്ലാ ഭരണകൂടം കുടുംബത്തെ അറിയിച്ചിരുന്നു. പക്ഷെ മാധ്യമങ്ങളോട് ഈ കാര്യങ്ങൾ പറയുന്നതിൽ വിലക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അത് പറയാതിരുന്നത്. കാർവാർ എസ്പി മനാഫിനെതിരെ പരാതി നൽകാൻ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം ഇത് മുഴുവൻ വഴിത്തിരിച്ച് വിടാൻ ശ്രമിക്കുകയാണെന്ന് എസ് പിയും പറഞ്ഞിരുന്നുവെന്ന് അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു. 

അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും; കയർ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ച് പരിശോധന... #Arjun_Missing

 


 കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നാളെ പുനരാരംഭിക്കും. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ ട്രക്കിൽ മരത്തടികൾ ബന്ധിപ്പിക്കാൻ ഉപയോഗിച്ച കയറുകൾ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചായിരിക്കും നാളത്തെ തിരച്ചിൽ. കയറും ലോഹ ഭാഗങ്ങളും കണ്ടെത്തിയ 20 മീറ്റർ ചുറ്റളവുള്ള സ്‌പോട്ട് നാവികസേന മാർക്ക് ചെയ്തിട്ടുണ്ട്. ഗോവയിൽ നിന്ന് തിങ്കളാഴ്ച്ചയോടെ ഡ്രഡ്ജർ എത്തിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പുഴയിൽ മാർക്ക് ചെയ്ത ഭാഗത്തെ മണ്ണും കല്ലുകളും നീക്കം ചെയ്‌തില്ലെങ്കിൽ തിരച്ചിൽ ദുഷ്കരമാകുമെന്ന് ദൗത്യ സംഘം അറിയിച്ചിരുന്നു.

നേവി ഇന്നലെ നടത്തിയ തിരച്ചിലിലാണ് അര്‍ജുന്റെ ലോറിയില്‍ തടി കെട്ടിയിരുന്ന കയര്‍ കണ്ടെത്തിയത്. കയര്‍ തന്റെ ലോറിയിലേതാണെന്ന് ഉടമ മനാഫും സ്ഥിരീകരിച്ചു. എന്നാല്‍ നേവി കണ്ടെത്തിയ യന്ത്രഭാഗങ്ങള്‍ തന്റെ ലോറിയുടേത് അല്ലെന്ന് മനാഫ് പറഞ്ഞു. അത് ഒലിച്ചുപോയ ടാങ്കറിന്റെതാകാമെന്നാണ് മനാഫ് പറയുന്നത്. തിരച്ചിലില്‍ കണ്ടെത്തിയ ലോഹഭാഗങ്ങളുടെ ചിത്രങ്ങള്‍ നേവി പങ്കുവച്ചു.

അതേസമയം പുഴയുടെ അടിത്തട്ടില്‍ അടിഞ്ഞ് കൂടിയ മണ്ണും മരങ്ങളും പുഴയില്‍ മുങ്ങിയുള്ള തിരച്ചിലിന് തടസം സൃഷ്ടിക്കുന്നുവെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സൈല്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട തിരച്ചില്‍ ഒന്നും കണ്ടെത്താനായില്ലെന്നും പാറയും മണ്ണും തടസമാകുന്നുവെന്നും ഈശ്വര്‍ മാല്‍പേ പ്രതികരിച്ചു.

അടിഞ്ഞ് കൂടിയ മണ്ണ് മാറ്റാതെ മുങ്ങല്‍ വിദഗ്ധര്‍ക്ക് പുഴയുടെ അടിത്തട്ടില്‍ പരിശോധന നടത്താനാകില്ലെന്നും ഗോവയില്‍ നിന്ന് ഡ്രെഡ്ജര്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിയെന്നും എംഎല്‍എ എകെഎം അഷ്റഫ് പറഞ്ഞു. പുഴയിലെ മണ്ണ് നീക്കാതെയുള്ള തിരച്ചില്‍ പ്രായോഗികമല്ലെന്നും മണ്ണും മരങ്ങളും നീക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ് പറഞ്ഞു.

അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും: നാവികസേനയുടെ മുങ്ങൽ വിദഗ്ധരും ദൗത്യത്തിന്റെ ഭാഗമാകും... #Arjun_Missing

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയ്ക്കും സംഘത്തിനുമൊപ്പം നാവികസേനയുടെ മുങ്ങൽ വിദഗ്ധരും എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളും ദൗത്യത്തിന്റെ ഭാഗമാകും. ഗംഗാവലിപുഴയിലെ അടിയൊഴുക്ക് കുറഞ്ഞതാണ് തിരച്ചിലിന് അനുകൂലമായത്.

ഈശ്വർ മാൽപെ ഇന്നലെ നടത്തിയ തിരച്ചിലിൽ അർജുന്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയിരുന്നു.‌ ഹൈഡ്രോളിക് ജാക്കിക്കൊപ്പം അപകടത്തിൽപെട്ട ടാങ്കർ ലോറിയുടെ രണ്ട് ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിനോടകം മൂന്ന് വസ്തുക്കളാണ് കണ്ടെത്തിയത്. വൈകിട്ട് നാലേ കാലോടെയാണ് ഈശ്വർ മൽപെ പുഴയിലിറങ്ങിയുള്ള തെരച്ചിൽ ആരംഭിച്ചത്. നിരവധി തവണയാണ് പുഴയിലിറങ്ങിയുള്ള പരിശോധന നടത്തിയത്.
ലോറിയുടെ പിൻഭാഗത്ത് ടൂൾസ് ബോക്സിലാണ് ജാക്കി സൂക്ഷിച്ചിരുന്നതെന്നും പുതിയ ജാക്കി തന്നെയാണ് കണ്ടെത്തിയതെന്നും അർജുൻ ഓടിച്ചിരുന്ന ഭാരത് ബെൻസ് ലോറിയിലുണ്ടായിരുന്നതാണ് ഇതെന്നും ഇക്കാര്യത്തിൽ യാതൊരു സംശയവും ഇല്ലെന്നും മനാഫ് പറഞ്ഞു. മനാഫും അർജുൻറെ സഹോദരി ഭർത്താവ് ജിതിനും സ്ഥലത്തുണ്ട്. ലോറി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അടിയിൽ ഒഴുക്ക് കുറഞ്ഞിട്ടുണ്ടെന്നും മുങ്ങിതാഴുമ്പോൾ അടിഭാഗം കാണാനാകുന്നുണ്ടെന്നും ഈശ്വർ മൽപെ പറഞ്ഞിരുന്നു.

രക്ഷയ്ക്കായി കാത്ത്: ചെളിയിൽ പുതഞ്ഞ് ഒരു ജീവൻ‌; ദുരന്തത്തിൽ വിറങ്ങലിച്ച് നാട്... #

 


വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുകയാണ്. മരണം 43 ആയി. രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. മുണ്ടക്കൈ മേഖല ഒറ്റപ്പെട്ട നിലയിലാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

ഇതിനിടെ കഴുത്തറ്റം ചെളിയിൽ പുതഞ്ഞ നിലയിൽ ഒരു മനുഷ്യൻ രക്ഷതേടുന്ന ദൃശ്യങ്ങൾ‌ പുറത്തുവന്നു. തലയും കൈയുടെ ഒരുഭാഗം മാത്രമാണ് പുറത്തുള്ളത്. രക്ഷാപ്രവർത്തകർക്ക് അദ്ദേഹത്തിന്റെ അടുത്തേക്ക് എത്താൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് പ്രദേശവാസിയായ ജംഷീർ ട്വന്റിഫോറിനോട് പറഞ്ഞു. മഴ ശക്തമായതിനാൽ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായിട്ടുണ്ട്. അതിനാൽ അക്കരെ ഭാഗത്തേക്ക് കടക്കുക എന്നത് ബുദ്ധിമുട്ടേറിയത്. എയർലിഫ്റ്റ് ചെയ്യാൻ സാധിക്കുമെങ്കിൽ ഒരു ജീവൻ രക്ഷിക്കാൻ കഴയുമെന്ന് ജംഷീർ പറഞ്ഞു. ചെളിയിൽ കുടുങ്ങിയ ആളുടെ അടുത്തേക്ക് എത്താൻ പരമാവധി ശ്രമം നടത്തുന്നുണ്ട് ജംഷീർ പറഞ്ഞു.

പ്രതികൂല കാലാവസ്ഥ കാരണം എയർ ലിഫ്റ്റിങ്ങ് പ്രായോഗികമാവില്ല എന്നാണ് വിലയിരുത്തൽ കോപ്റ്ററുകൾ കോഴിക്കോട് ലാൻഡ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. വെള്ളാർമല സ്കൂൾ തകർന്നു. ഇവിടെ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചിരുന്നായും വിവരങ്ങൾ പുറത്തുവന്നിരുന്നു. വെള്ളാർമല സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽനിന്ന് രാത്രി ഒരു മണിയോടെ ആളുകൾ ഒഴിഞ്ഞിരുന്നു. 14 കുടുംബങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്.

രക്ഷാദൗത്യം അനിശ്ചിതത്വത്തില്‍; ഷിരൂരിൽ പരിശോധനക്ക് എത്തിയ നേവി സംഘം മടങ്ങി... #Arjun_Missing

മണ്ണിടിച്ചിലുണ്ടായ ഷിരൂരിൽ രക്ഷാപ്രവർത്തനം പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം. നേവി സംഘം പുഴയിൽ പരിശോധന നടത്താതെ മടങ്ങി. രക്ഷാപ്രവർത്തനം പൂർണമായി അവസാനിപ്പിച്ചുവെന്ന് അർജുന്റെ കുടുംബം ആരോപിച്ചു. രക്ഷാപ്രവർത്തനം താത്കാലികമായി അവസാനിപ്പിച്ചാലും ദൗത്യ സംഘങ്ങൾ മേഖലയിൽ തുടരുമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പ്. എന്നാൽ അപകട സ്ഥലത്തുള്ളത് ദേശീയ പാതയിലെ മണ്ണ് നീക്കം ചെയുന്ന ഒരു ജെസിബിയും, മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും മാത്രമാണ്.

ഇതിനിടെ ഷിരൂരിൽ കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് ദൗത്യം തുടരണമെന്ന് റിട്ട. മേജർ എം. ഇന്ദ്രബാലൻ പറഞ്ഞു. ഡ്രഡ്ജിങ് യന്ത്രം ഉപയോഗിക്കാനുള്ള സാധ്യത പരിശോധിക്കാൻ തൃശൂരിൽ നിന്നുള്ള ടെക്നിക്കൽ സംഘം ഷിരൂരിൽ എത്തും. ആറ് നോട്ടിൽ കൂടുതൽ അടിയൊഴുക്കുള്ള ഗംഗാവലിയിൽ ഡ്രഡ്ജർ ഉപയോഗിച്ചുള്ള മണ്ണ് നീക്കത്തിനും വെല്ലുവിളികളേറെയാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ രക്ഷാ ദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ കർണാടകയ്ക്ക് താത്പര്യമില്ലെന്ന് എം വിജിൻ എംഎൽഎ പ്രതികരിച്ചു. രക്ഷാ ദൗത്യം പൂർണമായും ഉപേക്ഷിച്ച നിലയിലെന്നും എം വിജിൻ വ്യക്തമാക്കി. നേവി സംഘം പരിശോധന നടത്താതെ മടങ്ങി. എന്‍.ഡി.ആര്‍.എഫിന്റേയും നാവികസേനയുടേയും സംഘം സംഭവസ്ഥലത്തുനിന്ന് മടങ്ങി.

അതേസമയം അർജുനയുള്ള തിരച്ചിൽ 14-ാം ദിനത്തിലേക്ക് കടക്കുമ്പോഴും പ്രതികൂല കാലാവസ്ഥ വെല്ലുവിളി ഉയർത്തുകയാണ്. പുഴയിലെ കുത്തൊഴുക്കും ചെളിയും ദൗത്യത്തിന് പ്രതിസന്ധിയാണ്. അനുകൂല കാലാവസ്ഥയാണെങ്കിൽ മാത്രം ഇന്ന് നദിയിൽ പരിശോധന നടത്തുമെന്നാണ് അറിയിപ്പ്. അതേസമയം ഷിരൂരിൽ വീണ്ടും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ ഗതാഗത നിയന്ത്രണം തുടരും. തൽക്കാലം ദേശീയപാതയിലെ ഗതാഗതം തൽക്കാലം പുനഃസ്ഥാപിക്കില്ല.

ഷിരൂരിൽ രക്ഷാദൗത്യം തുടങ്ങുന്നത് വൈകും; പുഴയിലെ മണ്ണ് നീക്കം ചെയ്യാൻ ആലോചന... #Arjun_Missing



ഷിരൂരിൽ താത്കാലികമായി അവസാനിപ്പിച്ച രക്ഷാദൗത്യം പുനരാരംഭിക്കുന്നത് വൈകും. പുഴയിലെ മണ്ണ് നീക്കം ചെയ്യാൻ തൃശൂരിൽ നിന്ന് ആഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീന്‍ എത്തിക്കാനാണ് നീക്കം. എന്നാൽ യന്ത്രം എപ്പോൾ എത്തുമെന്നതിൽ നിലവിൽ വ്യക്തത വന്നിട്ടില്ല. തെരച്ചിൽ പുനരാരംഭിക്കാൻ കേരളം സമ്മർദ്ദം ശക്തമാക്കും. കേരളത്തിൽ നിന്നുള്ള എം എൽ എമാർ ജില്ലാ കളക്ടറുമായി ഇന്ന് വീണ്ടും കൂടിക്കാഴ്ച്ച നടത്തും. തെരച്ചിൽ അവസാനിപ്പിച്ചതോടെ ദേശീയപാതയിൽ ഉടൻ ഗതാഗതം പുനസ്ഥാപിക്കും. വരുന്ന 21 ദിവസം മഴ പ്രവചിച്ചത്തിനാലാണ് കാലാവസ്ഥ അനുകൂലമായൽ മാത്രം തെരച്ചിൽ നടത്താനുള്ള നീക്കം.

അർജനായുള്ള തെരച്ചിൽ നിർത്തരുതെന്ന് അർജുൻ്റെ കുടുംബം ഇന്നലെ പ്രതികരിച്ചിരുന്നു. ഒരു കാരണവശാലും തെരച്ചിൽ നിർത്തരുതെന്ന് അർജുന്റെ സഹോദരി അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തെരച്ചിൽ തുടരണം. പെട്ടെന്ന് തെരച്ചിൽ നിർത്തുക എന്നത് ഉൾക്കൊള്ളാൻ പറ്റുന്നില്ല. സംസ്ഥാന സർക്കാരും കർണാടക സർക്കാരും ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും സഹോദരി പറഞ്ഞു.

കേരളത്തില്‍ നിന്ന് യന്ത്രം എത്തിച്ച് അത് പുഴയിലിറക്കാന്‍ സാധിക്കുമോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും തെരച്ചില്‍ വീണ്ടും ആരംഭിക്കുക. കാലാവസ്ഥ പൂര്‍ണ്ണമായി മാറി, തെളിഞ്ഞുനിന്നാല്‍ മാത്രമേ തെരച്ചില്‍ നടത്താന്‍ സാധിക്കൂ എന്നാണ് കാര്‍വാര്‍ എംഎല്‍എയുടെ വിശദീകരണം. എന്നാല്‍ 21ാം തീയതി വരെ ഇവിടെ മഴ പ്രവചനമുണ്ട്. ഇതുവരെയുള്ള 13 ദിവസങ്ങളില്‍ സാധ്യമായതെല്ലാം ചെയ്തു എന്നാണ് എംഎല്‍എ പറയുന്നത്.

അർജുനായി തിരച്ചിൽ‌ 13-ാം ദിനം; ഈശ്വർ മാൽപെ പുഴയിലിറങ്ങി തിരച്ചിൽ നടത്തുന്നതിൽ അവലോകനയോ​ഗത്തിൽ തീരുമാനമെടുക്കും... #Arjun_Missing

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തെരച്ചിൽ പതിമൂന്നാം ദിവസത്തിലേക്ക്. ​ഗം​ഗാവലിപ്പുഴയിൽ തെരച്ചിലിനായി മുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മാൽപെയും സംഘവും ഇറങ്ങുന്നതിൽ രാവിലെയോടെ തീരുമാനമുണ്ടാകും. രാവിലെ 9 മണിക്ക് അവലോകന യോ​ഗം ചേരും. കാർവാർ എംഎൽഎയുടെ നിർദേശപ്രകാരം മാൽപെയുടെ സംഘം സ്വന്തം റിസ്കിൽ പുഴയിലിറങ്ങി തിരച്ചിൽ നടത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

ഇന്നലെ ഏഴ് തവണയാണ് ഈശ്വർ മാൽപെ ​ഗം​ഗാവലിയിൽ‌ പരിശോധന നടത്തിയത്. ആദ്യഘട്ടത്തിൽ നദിയിലേക്ക് ഇറങ്ങിയ ഈശ്വർ മാൽപെയുമായി ബന്ധിപ്പിച്ച കയർ പൊട്ടി 150 മീറ്ററിലേറെ ഒഴുകിപ്പോയിരുന്നു. മൂന്നാമത്തെ ഡൈവിലായിരുന്നു ഈശ്വർ മാൽപെ ഒഴുക്കിൽപ്പെട്ടത്. രക്ഷാപ്രവർത്തകരുടെ ഡെങ്കി ബോട്ടുകൾക്ക് പുറമെ മത്സ്യത്തൊഴിലാളികളുടെ ബോട്ടും നദിയിലിറക്കിയായിരുന്നു പരിശോധന.
പരിശോധനകളിൽ അടിത്തട്ടിലെത്താൻ സാധിച്ചിരുന്നില്ല. ചെളിയും മണ്ണും കല്ലും പ്രതിസന്ധി ഉയർത്തിയിരുന്നത്. മാൽപെയുടെ പരിശോധനയിൽ മൺകൂനയുടെ താഴെ മരങ്ങൾ കണ്ടെത്തിയിരുന്നു. അതേസമയം ഡ്രഡ്ജിങ് സാധ്യത പരീക്ഷിക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. ഡ്രഡ്ജർ എത്തിക്കാൻ പാലങ്ങളുടെ നീളം പരിശോധിച്ചെന്ന് സതീഷ് കൃഷ്ണ സെയിൽ പറർഞ്ഞു. ​

അർജുനായുള്ള തെരച്ചിൽ ഒൻപതാം ദിവസത്തിലേക്ക്; പുതിയ സിഗ്നൽ കണ്ടെത്തിയ സ്ഥലത്ത് ഇന്ന് പരിശോധന... #Arjun

 


ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ അർജുനായുള്ള തെരച്ചിൽ ഒൻപതാം ദിവസത്തിലേക്ക്. തെരച്ചിലിന് ഇന്ന് ആധുനിക സംവിധാനങ്ങൾ എത്തിക്കും. ഇന്നലെ സിഗ്നൽ കണ്ടെത്തിയ പുഴയിലെ മൺകൂനയിൽ ഇന്ന് വിശദമായി പരിശോധന നടത്തും. ആഴത്തിൽ ലോഹ ഭാഗങ്ങൾ കണ്ടെത്താൻ സാധിക്കുന്ന ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷൻ സിസ്റ്റം ഇന്ന് എത്തിക്കും. ആഴത്തിൽ മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്താനാകുന്ന ഹിറ്റാച്ചി ബൂമർ യന്ത്രം എത്തിച്ചിട്ടുണ്ട്.

പുഴയിലെ ആഴത്തിലുള്ള തെരച്ചിലിനായി കൂടുതൽ സംവിധാനങ്ങൾ എത്തിച്ചതായി കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ 24നോട്‌ പറഞ്ഞു. ലോറി ഇന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. അർജുന്റെ ബന്ധുക്കളുമായി സംസാരിച്ചു. ബന്ധുക്കൾക്ക് ഇപ്പോഴുള്ള രക്ഷാപ്രവർത്തനത്തിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേവിയുടെ കൂടുതൽ സംവിധാനങ്ങൾ എത്തിച്ചാണ് ഗംഗാവലിയുടെ ആഴങ്ങളിൽ ഇന്നലെ പരിശോധന നടത്തിയത്. പുഴയിലെ തെരച്ചിൽ ദുഷ്കരമായി തുടരുന്നുവെങ്കിലും, ഗംഗാവലിയിലെ മൺകൂനയിൽ സൈന്യത്തിന്റെ റഡാർ പരിശോധനയിൽ ലഭിച്ച പുതിയ സിഗ്നൽ വീണ്ടും പ്രതീക്ഷ നൽകുകയാണ്.

അതേസമയം അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യവുമായി ബന്ധപ്പെട്ട കേസ് കര്‍ണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രക്ഷാദൗത്യം ഗൗരവമുള്ള വിഷയമാണെന്ന് കര്‍ണാടക ഹൈക്കോടതി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി അയച്ച നോട്ടീസിന് അവർ ഇന്ന് മറുപടി അറിയിക്കും. അര്‍ജുനായുള്ള തിരച്ചില്‍ ഒൻപതാം ദിവസവും തുടരുകയാണ്.
ഇതുവരെയുള്ള രക്ഷാദൗത്യത്തിന്റെ വിവരങ്ങള്‍ കര്‍ണാടക ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. രണ്ട് മലയാളി അഭിഭാഷകരാണ് സംഭവത്തില്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇന്നലെ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ആയിരുന്നു ഹര്‍ജി പരിഗണിച്ചത്.

അരുണാചലില്‍ വന്‍ മണ്ണിടിച്ചില്‍ ചൈനീസ് അതിർത്തിയുമായി ബന്ധിപ്പിക്കുന്ന റോഡ് ഒലിച്ചുപോയി ... #Landslide


 അരുണാചൽ പ്രദേശിൽ വൻ മണ്ണിടിച്ചിൽ. ചൈനീസ് അതിർത്തിയുമായി ബന്ധിപ്പിക്കുന്ന റോഡ് ഒലിച്ചുപോയി. ജില്ലയെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ദിഭാംഗ് താഴ്‌വരയിലെ ഏക റോഡ് കൂടിയാണിത്.

പ്രാഥമിക വിവരം അനുസരിച്ച്, ഹുൻലിക്കും അനിനിക്കും ഇടയിലുള്ള റോയിംഗ് അനിനി ഹൈവേയിൽ റോഡിന് വ്യാപകമായ തകരാർ സംഭവിച്ചതായി  റിപ്പോർട്ട് ചെയ്തു.സംഭവത്തിൽ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു അനുശോചനം രേഖപ്പെടുത്തി.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0