നീറ്റ് പരീക്ഷാ വിവാദം; ദില്ലി പ്രക്ഷോഭം ആളിക്കത്തുന്നു. മെട്രോ അടച്ച് കേന്ദ്രം, ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി #DelhiProtest

Post Image
രാജ്യതലസ്ഥാനത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന യുവജന പ്രതിഷേധം 33-ാം ദിവസത്തിലേക്ക് കടന്നു. സിജെപിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിലേക്ക് ആയിരക്കണക്കിന് യുവാക്കളാണ് ഒഴുകിയെത്തുന്നത്. കേന്ദ്രസർക്കാർ ചർച്ചക്ക് തയ്യാറായെങ്കിലും ജന്തർ മന്തറിൽ വെച്ച് മാത്രം ചർച്ച എന്ന നിലപാടിൽ സിജെപി ഉറച്ചുനിന്നതോടെ അനുനയ നീക്കങ്ങൾ പാളി.

പ്രതിഷേധം ശക്തമായതോടെ കൂടുതൽ പേർ ദില്ലി ജന്തർ മന്തറിലേക്ക് എത്തുന്നത് തടയാൻ കേന്ദ്രസർക്കാർ സുരക്ഷാനിയന്ത്രണങ്ങൾ ശക്തമാക്കി. തിരക്കേറിയ 16 മെട്രോ സ്റ്റേഷനുകൾ മുന്നറിയിപ്പില്ലാതെ അടച്ചതോടെ നിരവധി യാത്രക്കാർ ബുദ്ധിമുട്ടിലായി. ജന്തർ മന്തറിലേക്കുള്ള റോഡുകളിൽ പ്രതിഷേധക്കാരെ പൊലീസ് ഭീഷണിപ്പെടുത്തി മടക്കി അയക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ബംഗാളിൽ നിന്ന് 20 കമ്പനി സിആർപിഎഫ് ഉദ്യോഗസ്ഥരെയും ദില്ലിയിൽ എത്തിച്ചിട്ടുണ്ട്.

അതേസമയം, കഴിഞ്ഞദിവസം പ്രതിഷേധക്കാർക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിനെതിരെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താൽപര്യ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചത് പ്രതിഷേധക്കാർക്കിടയിൽ അമർഷം ഉണ്ടാക്കിയിട്ടുണ്ട്. പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങളുണ്ടെന്ന് ഹർജിക്കാരൻ അറിയിച്ചപ്പോൾ, അത് കാണാൻ താല്പര്യമില്ലെന്നും സമയം പാഴാക്കരുതെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ മറുപടി.

ദില്ലിയിലേത് രാഷ്ട്രീയം ലക്ഷ്യമിട്ടുള്ള കരിങ്കൊടി പ്രതിഷേധമല്ല, വിദ്യാർത്ഥികളുടെ അവകാശ സംരക്ഷണത്തിനായുള്ള സമരമാണെന്ന് സിജെപി നേതാക്കൾ ആവർത്തിച്ചു. കേന്ദ്രവുമായി അനുരഞ്ജന ചർച്ചകൾക്ക് തയ്യാറാണെന്ന് അറിയിച്ചെങ്കിലും, ജന്തർ മന്തറിൽ നിന്ന് പുറത്തുപോയി ചർച്ചയില്ലെന്ന് സിജെപി വക്താക്കൾ വ്യക്തമാക്കി. ഇതോടെ രാജ്യതലസ്ഥാനത്തെ പ്രക്ഷോഭം എങ്ങുമെത്താതെ തുടരുകയാണ്.


Hashtags: #ദില്ലിപ്രക്ഷോഭം #യുവജനസമരം #ധർമ്മേന്ദ്രപ്രധാൻ #സുപ്രീംകോടതി #ജന്തർമന്തർ #കേന്ദ്രസർക്കാർ #വിദ്യാർത്ഥിസമരം #ഡൽഹി #IndianPolitics #DharmendraPradhan #SupremeCourt #JantarMantar #YouthProtest #CJP
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0