ന്യൂഡൽഹി: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഹിമാചല്‍പ്രദേശിൽ ഇതുവരെ 63 മരണവും 400 കോടിയുടെ നാശനഷ്ടവും ഉണ്ടായെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന. രക്ഷാപ്രവർത്തനം നടക്കുന്ന സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ജൂലൈ ഏഴുവരെ ദേശീയ കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മാണ്ഡി, ഷിംല എന്നിവിടങ്ങളിലാണ് മഴക്കെടുതി വലിയ രീതിയില്‍ ബാധിച്ചത്. മാണ്ഡിയില്‍ 40 ലധികം പേരെ കാണാതായിട്ടുണ്ട്. ആഹാരം, വൈദ്യുതി, ഗതാഗതം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ പലയിടത്തും താറുമാറായി. ദുരന്തബാധിതര്‍ക്കായി ക്യാമ്പുകള്‍ തുറക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഷിംലയില്‍ ജനജീവിതം ദുരിതപൂര്‍ണമാണ്. സ്‌കൂളുകളില്‍ വെള്ളം കയറിയതോടെ വിദ്യാഭ്യാസ മേഖലയും പ്രതിസന്ധിയിലായി.മഴക്കെടുതിയില്‍ 37 മരണവും ഗതാഗതക്കുരുക്കിൽപ്പെട്ട് 26 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.250 റോഡുകള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. 500-ലധികം വൈദ്യുത ലൈനുകള്‍ പ്രവര്‍ത്തനരഹിതമാണ്. 700-ലധികം കുടിവെള്ള വിതരണ ലൈനുകളും തകരാറിലാണ്.