Narendra Modi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Narendra Modi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മറുപടിയില്ല! കോടിക്കണക്കിന് രൂപയുടെ ഫണ്ട് വന്ന പിഎം കെയേഴ്‌സിനെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കരുത് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. #PMCares

ന്യൂഡൽഹി: ലോക്‌സഭയിൽ പിഎം കെയേഴ്‌സ് ഫണ്ടിനെക്കുറിച്ചുള്ള ചോദ്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് നിരോധിച്ചു.

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട്, പിഎം കെയേഴ്‌സ് ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കരുതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്‌സഭ സെക്രട്ടേറിയറ്റിനെ അറിയിച്ചു.

ജനുവരി 30 ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ലോക്സഭാ നിയമങ്ങളിലെ സെക്ഷൻ 41(2) (vii), 41(2)(xvii) പ്രകാരം മൂന്ന് ഫണ്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾ അനുവദിക്കാൻ കഴിയില്ലെന്ന് ഉത്തരവിൽ പറയുന്നു.

സർക്കാരിന്റെ പരിഗണനയിലില്ലാത്തതോ സർക്കാരിന് പ്രാഥമിക ഉത്തരവാദിത്തമില്ലാത്തതോ ആയ സ്ഥാപനങ്ങളെയും വ്യക്തികളെയും കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കരുതെന്ന് ഈ നിയമം പറയുന്നു.

 ഈ പദ്ധതികൾക്കായി ഉപയോഗിക്കുന്ന ഫണ്ടുകൾ കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നുള്ളതല്ലെന്നും പൂർണ്ണമായും വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും മറ്റും ലഭിക്കുന്ന സംഭാവനകളാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം നൽകി.

സീറോ അവറിൽ ഈ മൂന്ന് ഫണ്ടുകളെക്കുറിച്ച് ചോദ്യങ്ങളോ നോട്ടീസുകളോ ലഭിച്ചാൽ, അവ അനുവദിക്കുന്നതിന് നിർദ്ദേശങ്ങളിലെ വ്യവസ്ഥകൾ പാലിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കോവിഡ് പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ പണം സ്വരൂപിക്കുന്നതിനുള്ള ഒരു ചാരിറ്റബിൾ ട്രസ്റ്റാണ് പിഎം കെയേഴ്‌സ്. 2020 മാർച്ച് 7 മുതൽ പിഎം കെയേഴ്‌സ് ഫണ്ട് പ്രവർത്തനം ആരംഭിച്ചത്.

വിവിധ സഹായങ്ങൾക്ക് എന്ന പേരിൽ ഈ ഫണ്ടിൽ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചിട്ടുണ്ട്.

എന്നിരുന്നാലും, പിഎം കെയേഴ്‌സ് ഫണ്ട് ഒരു പൊതു അതോറിറ്റിയല്ലെന്നും അതിനാൽ വിവരാവകാശ നിയമപ്രകാരം ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ബാധ്യസ്ഥരല്ലെന്നുമാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണ്.

പഹല്‍ഗം ഭീകരാക്രമണം;രാജ്യം ഒറ്റക്കെട്ടാണെന്നും ഓരോ പൗരന്റെ ഹൃദയത്തിലേറ്റ മുറിവ് മറക്കില്ലെന്നും പ്രധാനമന്ത്രി.#narendra_modi

 


പഹൽഗാമിലെ ഭീകരാക്രമണം രാജ്യത്തെ ഓരോ പൗരന്റെയും ഹൃദയം തകർത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭീകരതയ്‌ക്കെതിരെ രാജ്യം ഒറ്റക്കെട്ടാണെന്നും തന്റെ ഹൃദയത്തിൽ അഗാധമായ വേദനയുണ്ടെന്നും പ്രധാനമന്ത്രി മാൻ കി ബാത്തിൽ പറഞ്ഞു. ഭീകരാക്രമണം നടത്തിയവർക്കും ഗൂഢാലോചനക്കാർക്കും ഏറ്റവും കഠിനമായ ശിക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു. നീതി നടപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, പാകിസ്ഥാൻ വീണ്ടും നിയന്ത്രണ രേഖയെ ലക്ഷ്യം വച്ചു. റാംപൂർ സെക്ടറിലെ തുത്മാരി ഗാലിയിലാണ് വെടിവയ്പ്പ് നടന്നത്. തുടർച്ചയായ മൂന്നാം ദിവസവും ഇന്ത്യൻ പോസ്റ്റുകൾ ലക്ഷ്യമിട്ടാണ് ആക്രമണം. ഇന്ത്യ ശക്തമായ മറുപടി നൽകി. ഷോപ്പിയാനിലും പുൽവാമയിലും രണ്ട് ഭീകരരുടെ വീടുകൾ കൂടി പ്രാദേശിക ഭരണകൂടം തകർത്തു. കശ്മീർ താഴ്‌വരയിൽ അറസ്റ്റ് ചെയ്യേണ്ട 14 പ്രാദേശിക ഭീകരരുടെ പട്ടിക സുരക്ഷാ സേന തയ്യാറാക്കിയിട്ടുണ്ട്. 14 പേരിൽ മൂന്ന് പേർ സുരക്ഷാ സേനയുടെ ടോപ്പ് ഹിറ്റ് ലിസ്റ്റിലുണ്ട്.

പഹൽഗാമിൽ ഭീകരാക്രമണം നടത്താൻ 15 തദ്ദേശീയർ സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ആയുധങ്ങൾ വാങ്ങാൻ അവർ സഹായിച്ചതായും സൈന്യം കണ്ടെത്തിയിട്ടുണ്ട്. ഭീകരരെ സഹായിച്ച അഞ്ച് പ്രധാന ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്ന് ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തി. ഭീകരാക്രമണം നടന്ന ദിവസം അഞ്ച് പ്രതികളുടെയും ഫോൺ സിഗ്നലുകൾ പഹൽഗാമിൽ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ജമ്മു കശ്മീരിലെ അദ്ദേഹത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ഭീകരർ വെടിവച്ചുകൊല്ലുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

വയനാട് സന്ദർശനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തി... #Kerala

 


വയനാട് സന്ദർശനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തി. പ്രധാനമന്ത്രി കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ടു. എയർ ഫോഴ്‌സിന്റെ മൂന്ന് ഹെലികോപ്പ്റ്ററുകളാകും വയനാട്ടിലേക്ക് പുറപ്പെടുക. കൽപറ്റ SKMJ സ്കൂളിൽ പ്രത്യേകം സജ്ജികരിച്ച ഹെലിപാഡിൽ ഹെലികോപ്പ്റ്ററുകൾ ഇറങ്ങും. 12 മണിമുതൽ 3 മണിവരെ ദുരന്ത ബാധിത മേഖല സന്ദർശിക്കും. മുഖ്യമന്ത്രി ഗവർണർ ചീഫ് സെക്രട്ടറി കേന്ദ്രമന്ത്രി സുരേഷ് ഗോപി തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പം ഉണ്ട്.

എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. 12.15ഓടെ ഹെലികോപ്ടർ വയനാട്ടിലെത്തുമെന്നാണു കരുതപ്പെടുന്നത്. ദുരന്തം നടന്ന മുണ്ടക്കൈയും ചൂരൽമലയും മോദി ഹെലികോപ്ടറിൽ ചുറ്റിക്കാണും. തുടർന്ന് കൽപറ്റയിലെ എസ്.കെ.ജെ.എം സ്‌കൂൾ ഗ്രൗണ്ടിൽ ഇറങ്ങും. ഇവിടെനിന്ന് റോഡ് മാർഗം മേപ്പാടിയിലേക്കു പോകും. ദുരിതാശ്വാസ ക്യാംപുകളും ആശുപത്രികളും സന്ദർശിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വയനാട് സന്ദർശിക്കും: ദുരിതാശ്വാസ ക്യാമ്പിലും ആശുപത്രികളിലും കഴിയുന്നവരെ നേരിൽ കാണും... #Narendra_Modi

 


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉരുൾപൊട്ടലുണ്ടായ വയനാട് സന്ദർശിക്കും. രാവിലെ 11 ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗം വയനാട്ടിലേക്ക് പോകും. ഉച്ചയ്ക്ക് 12.10 വരെ ദുരന്തമുണ്ടായ പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തും. തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലും ആശുപത്രികളിലും കഴിയുന്നവരെ നേരിൽ കാണും.

വൈകീട് 3.30ഓടെ പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങുമെന്നാണ് വിവരം. കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിയ്‌ക്കൊപ്പം ഡൽഹിയിൽ നിന്ന് കണ്ണൂരേക്ക് എത്തും എന്നാണ് വിവരം. ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം. 2000 കോടി രൂപയുടെ അടിയന്തര സഹായമാണ് ഇന്നലെ എത്തിയ കേന്ദ്ര സംഘത്തിന് മുന്നിൽ സംസ്ഥാനം ആവശ്യപ്പെട്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത ബാധിത പ്രദേശം സന്ദർശിക്കുന്നതിന്റെ ഭാഗമായി രാവിലെ 10 മണി മുതൽ ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. കൽപ്പറ്റ, മേപ്പാടി ടൗണുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ഇവിടേക്ക് ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങളെ മാത്രമേ കയറ്റിവിടൂ.

ടാക്സി, ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ രാവിലെ 11 മുതൽ പ്രധാനമന്ത്രി സന്ദർശനം കഴിഞ്ഞ് മടങ്ങുന്നത് വരെ കൽപ്പറ്റ-കൈനാട്ടി ബൈപാസ് ജങ്ഷൻ മുതൽ മേപ്പാടി വിംസ് ആശുപത്രി വരെയും, മേപ്പാടി ടൗൺ മുതൽ ചൂരൽമല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്യാൻ പാടില്ല. കൽപ്പറ്റ ജനമൈത്രി ജങ്ഷൻ മുതൽ കെ.എസ്.ആർ.ടി.സി ഗാരേജ് ജങ്ഷൻ വരെയും പാർക്കിംഗ് നിയന്ത്രണം ബാധകമാണ്.

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ആന്ധ്രയ്ക്കും ബിഹാറിനും കൈനിറയെ പദ്ധതികള്‍... #Budget_2024

 


ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ആന്ധ്രയ്ക്കും ബിഹാറിനും കൈനിറയെ പദ്ധതികള്‍. ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ബിഹാര്‍, ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക പദ്ധതികളുണ്ട്. ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഒഡിഷ, ആന്ധപ്രദേശ് സംസ്ഥാനങ്ങള്‍ക്കായി പൂര്‍വോദയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.

അടിസ്ഥാന സൗകര്യവികസനത്തിന് ബിഹാറിന് കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ വിമാനത്താവളങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, കായിക സ്ഥാപനങ്ങള്‍ എന്നിവ ബിഹാറില്‍ നിര്‍മിക്കും. വെള്ളപ്പൊക്ക പ്രതിരോധത്തിനായി 11,500 കോടി അനുവദിച്ചു. ബിഹാറില്‍ രണ്ട് ക്ഷേത്ര ഇടനാഴിക്ക് പദ്ധതി. നളന്ദ സര്‍വകലാശാലയുടെ വികസനത്തിന് മുന്‍ഗണന നല്‍കും.

ബിഹാറില്‍ ദേശീയ പാത വികസനത്തിന് 26,000 കോടി രൂപയാണ് അനുവദിച്ചത്. പട്‌ന- പൂര്‍ണിയ, ബക്‌സര്‍- ബദല്‍പുര്‍, ബോധ്ഗയ- വൈശാലി എന്നീ മൂന്ന് എക്‌സ്പ്രസ് വേകളും ഗംഗാനദിക്ക് കുറുകെ ബക്‌സറില്‍ പുതിയ രണ്ടുവരി പാലവും ബിഹാറിൽ പ്രഖ്യാപിച്ചു. പിര്‍പൈന്തിയില്‍ 2400 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതപദ്ധതിയും പുതിയതായി പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറിന് വിവിധപദ്ധതികള്‍ക്കായി ആകെ നീക്കിവെച്ചിരിക്കുന്നത് 37,500 കോടി രൂപയാണ്.

ആന്ധ്രപ്രദേശില്‍ തലസ്ഥാന നഗര വികസനത്തിന് ധനസഹായം, സംസ്ഥാനത്തിന് 15,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്‌, ആന്ധ്രയുടെ പിന്നാക്കമേഖലയുടെ വികസനത്തിന് സാമ്പത്തിക സഹായവുമുണ്ട്. ആന്ധ്രയിലെ പോളാവരം ജലസേചന പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നും അതിനായുള്ള സാമ്പത്തികസഹായം നല്‍കുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി. ആന്ധ്രയുടെ ജീവനാഡിയെന്ന് അറിയപ്പെടുന്ന പദ്ധതി രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. വന്‍ പദ്ധതികളും ഫണ്ടും ഉൾപ്പെടെ സംസ്ഥാനങ്ങൾക്ക് ബജറ്റിൽ കോളടിച്ചു. അമൃത്സര്‍-കൊല്‍ക്കത്ത വ്യവസായ ഇടനാഴിയില്‍ ബിഹാറിലെ ഗയയിലെ വ്യവസായ പദ്ധതി, ഹൈദരബാദ്-ബെംഗളൂരു വ്യവസായ ഇടനാഴി, വിശാഖപട്ടണം വ്യവസായ ഇടനാഴി തുടങ്ങിയവയിൽ വമ്പൻ പദ്ധതികളും ബജറ്റിലുണ്ട്.

സ്വർണം, വെള്ളി,പ്ലാറ്റിനം വില കുറയും; പ്ലാസ്റ്റിക്കിന് കൂടും: അറിയാം നിത്യോപയോഗ സാധനങ്ങളിലെ ബജറ്റ് ഇടപെടൽ... #Budget_2024

 


ബജറ്റ് പ്രഖ്യാപനത്തിൽ സ്വര്‍ണം, വെള്ളി,പ്ലാറ്റിനം വില കുറയും. സ്വർണ്ണത്തിന്‍റെയും വെള്ളിയുടെയും കസ്റ്റംസ് തിരുവ 6 ശതമാനം കുറച്ചുവെന്നും ധനമന്ത്രി പറഞ്ഞു. ലെതര്‍ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വില കുറയും. പ്ലാസ്റ്റിക്കിൻ്റെ കസ്റ്റംസ് തിരുവ കൂട്ടും. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില ഉയരും. സമുദ്രോൽപന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാൻ നികുതിയിളവ് നൽകും.

മത്സ്യങ്ങൾക്കുള്ള തീറ്റ ഉൾപ്പടെ 3 ഉല്‍പന്നങ്ങള്‍ക്ക് നികുതി കുറയ്ക്കും. ചെമ്മീൻ തീറ്റയ്ക്ക് ഉൾപ്പടെ വില കുറയ്ക്കും.ക്യാൻസർ ചികിത്സയ്ക്ക് ആവശ്യമായ 3 മരുന്നുകളുടെ കസ്റ്റംസ് തിരുവ ഒഴിവാക്കി. മൊബൈൽ ഫോൺ ചാർജറുകൾ എന്നിവയുടെ വില കുറയും. അമോണിയം നൈട്രേറ്റിന് വില കുറയും. 20 ധാതുക്കളുടെ കസ്റ്റംസ് തിരുവ കുറച്ചു. എക്സ്റേ ടൂബുകൾക്കും മെഷീനുകൾക്കും വില കൂടും.

കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധന വിനിമയത്തെ നികുതിയിൽ നിന്ന് ഒഴിവാക്കും.നികുതിദായകരിൽ മൂന്നിൽ 2 പേരും പുതിയ നികുതി സമ്പ്രദായം സ്വീകരിച്ചു. ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടികൾ സ്വീകരിക്കില്ലെന്നും മന്ത്രി അറിയിച്ചു.

കേരളത്തിന് നിരാശ: കേന്ദ്ര ബജറ്റിൽ പ്രഖ്യാപനങ്ങൾ ഒന്നുമില്ല... #Budget_2024

 



കേന്ദ്ര ബജറ്റിൽ കേരളത്തിന് വീണ്ടും നിരാശ. കേരളത്തിന്റെ ആവശ്യങ്ങളിൽ പ്രഖ്യാപനങ്ങളൊന്നമുണ്ടായില്ല. കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നും തന്നെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനം 24,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നു. കേരളത്തിന് പുതിയ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ല.

പ്രളയ ദുരിതം നേരിടാനുള്ള സഹായ പ്രഖ്യാപനങ്ങളിലും കേരളത്തിനെ ഉൾപ്പെടുത്തിയിട്ടില്ല. ബിഹാ‍‍ർ, അസം, ഹിമാചൽ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്. വ്യവസായിക ഇടനാഴികളുടെ പ്രഖ്യാപനത്തിലും സംസ്ഥാനത്തെ ഉൾപ്പെടുത്തിയിട്ടില്ല. വിഴിഞ്ഞം പദ്ധതിക്കും പാക്കേജ് പ്രഖ്യാപിച്ചില്ല. അതേസമയം ചെന്നൈ – വിശാഖപട്ടണം – ബംഗളൂരു – ഹൈദരാബാദ് പ്രത്യാക വ്യാവസായിക ഇടനാഴി പ്രഖ്യാപിച്ചിട്ടുണ്ട്.

പകർച്ചവ്യാധി പരിശോധന സംവിധാനങ്ങളുടെ ആധുനിക സ്ഥാപനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ജലജന്യരോഗങ്ങളുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടുകൾ രോഗനിർണയ കേന്ദ്രങ്ങൾ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും അനുവദിച്ചിട്ടില്ല എന്നത് സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയിൽ തിരിച്ചടി നേരിടുന്നതാണ്.

മൊബൈൽ ഫോണുകൾക്കും, ചാർജറുകൾക്കും വിലകുറയും, പ്രഖ്യാപനവുമായി ധനമന്ത്രി... #Budget_2024

 


ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകളുടെയും ചാര്‍ജറുകളുടേയും കസ്റ്റംസ് തീരുവകുറച്ച് ധനമന്ത്രി നിര്‍മലസീതാരാമന്‍. ഈ വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനത്തിലാണ് പുതിയ തീരുമാനം. ഇത് ഇന്ത്യന്‍ റീട്ടെയില്‍ വിപണിയില്‍ മൊബൈല്‍ ഫോണുകളുടെ വിലകുറയുന്നതിന് വഴിവെച്ചേക്കും. കസ്റ്റംസ് തീരുവയില്‍ 15 ശതമാനം കിഴിവാണ് പ്രഖ്യാപിച്ചത്.

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു... #Narendra_Modi

 


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തുടര്‍ച്ചയായ തന്റെ ഏഴാം ബജറ്റ് അവതരണമാണ് നടത്തുന്നത്. തുടര്‍ച്ചയായി ഏറ്റവുംകൂടുതല്‍ ബജറ്റ് അവതരണം നടത്തിയതിന്റെ റെക്കോര്‍ഡും ഇതോടെ നിര്‍മലയുടെ പേരിലായി.കഴിഞ്ഞ രണ്ട് സര്‍ക്കാരുകളെ അപേക്ഷിച്ച് ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത മൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

മദ്യത്തിന്റെ ഹോം ഡെലിവറി പരിഗണിച്ച് കേന്ദ്ര സർക്കാർ; കേരളം പരിഗണനയിൽ... #Kerala_News

 


കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മദ്യത്തിന്റെ ഹോം ഡെലിവറി പരിഗണിച്ച് കേന്ദ്ര സർക്കാർ. പൈലറ്റ് പദ്ധതി കേരളം, തമിഴ്‌നാട്, ഡൽഹി,ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ്. ബിയർ വൈൻ എന്നിവ ഓൺലൈൻ ആപ്പുകൾ വഴി വീട്ടിലെത്തിക്കാനുള്ള ആലോചന അന്തിമഘട്ടത്തിൽ. നിലവിൽ മദ്യത്തിന് ഹോം ഡെലിവറി ഉള്ളത് ഒഡിഷയിലും പശ്ചിമ ബംഗാളിലും ആണ്.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ സ്വിഗ്ഗി, സൊമാറ്റോ, ബിഗ് ബാസ്കറ്റ് തുടങ്ങിയ ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷനുകൾ വഴി മദ്യം ഡെലിവറി ആരംഭിച്ചേക്കുമെന്ന് വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ച് എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കേരളത്തെ സംബന്ധിച്ച് ഡെലിവറി പ്‌ളാറ്റ്‌ഫോം കമ്പനികളുടെ നിര്‍ദേശത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമാണ് നിര്‍ണായകമാകുക.

ബിയർ, വൈൻ അടക്കം കുറഞ്ഞ അളവിൽ ലഹരിയടങ്ങിയ മദ്യമായിരിക്കും ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക.ഓൺലൈൻ വഴിയുള്ള മദ്യ വിൽപ്പന നടപ്പിലാക്കുമ്പോൾ സുരക്ഷ ഉറപ്പു വരുത്തുമെന്നും പ്രായപരിധി ഉറപ്പാക്കപ്പെടുമെന്നും സ്വിഗ്ഗി കോർപ്പറേറ്റ് അഫയേഴ്സ് വൈസ് പ്രസിഡന്റ് വക്താവ് ദിങ്കെർ വശിഷ്ഠ് പറഞ്ഞു.

ഇന്ത്യക്ക് വൻ നയതന്ത്ര വിജയം; റഷ്യൻ സൈന്യത്തിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരെ മോചിപ്പിക്കും... #India

പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തിൽ ഇന്ത്യക്ക് വൻ നയതന്ത്ര വിജയം. റഷ്യൻ സൈന്യത്തിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരെ മോചിപ്പിക്കും. ഇന്ത്യക്കാരെ തിരികെ അയക്കുമെന്ന് റഷ്യ ഉറപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി- റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ കൂടിക്കാഴ്ചയിലാണ് തീരുമാനം.

ജോലി തട്ടിപ്പിനിരയായി നിരവധി ഇന്ത്യക്കാർ റഷ്യയിലെ സൈന്യത്തിൽ നിർബന്ധിത സേവനനം ചെയ്യേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ റഷ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ കുടുംബങ്ങൾ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കേരളത്തിൽ നിന്നുൾപ്പെടെയുള്ളവർ ജോലി തട്ടിപ്പിനിരയായി റഷ്യയിൽ കുടുങ്ങിയിരുന്നു. യാതൊരു പരിശീലനവും നൽകാതെയാണ് ഇവരെ റഷ്യൻ സൈന്യത്തോടൊപ്പം ചേർത്ത് യുക്രൈൻ യുദ്ധ മേഖലയിൽ വിന്യസിപ്പിച്ചിരുന്നത്.
ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി റഷ്യയിലെത്തിയത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മോദി റഷ്യയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ പ്രധാനമന്ത്രിയും റഷ്യൻ പ്രസിഡൻ്റും തമ്മിൽ കൂടിക്കാഴ്ചകളും നടന്നിട്ടില്ല. യുക്രൈൻ- റഷ്യ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് മോദി റഷ്യയിലെക്ക് പോകുന്നത്. രണ്ട് ദിവസത്തെ റഷ്യൻ സന്ദർശനം പൂർത്തിയാക്കി മോദി ഓസ്ട്രിയയയും സന്ദർശിക്കും.

മോദി 3.0 : സത്യപ്രതിജ്ഞ ചെയ്യുവാൻ 68 പേർ, സന്നിഹിതരാവുക ലോകത്തിലെ പ്രമുഖർ. #Modi3.0

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉള്ള സർക്കാർ ഇന്ന് രാത്രി 7.15ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 68 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.   നിയുക്ത മന്ത്രിമാർക്കുള്ള ചായ സൽക്കാരത്തിൽ 63 പേർ പങ്കെടുത്തു.   അമിത് ഷാ, രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി എന്നിവർ മോദി മന്ത്രിസഭയിൽ തുടരും.   അർജുൻ മേഘ്‌വാൾ, ചിരാഗ് പാസ്വാൻ, ജയന്ത് ചൗധരി എന്നിവർ മന്ത്രിമാരാകും.   എച്ച്എഎം നേതാവ് ജിതിൻ റാം മാഞ്ചിയും സുഭാഷ് മഹാതോയും മന്ത്രിസഭയിലെത്തും.

  ടിഡിപിക്ക് രണ്ട് മന്ത്രിസ്ഥാനങ്ങളുണ്ടാകും.   രാംമോഹൻ നായിഡു ക്യാബിനറ്റ് മന്ത്രിയും പി ചന്ദ്രശേഖരൻ സഹമന്ത്രിയും ആയിരിക്കും.   സിആർ പാട്ടീൽ, ഗിരിരാജ് സിങ്, ജെപി നദ്ദ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.   ശോഭ കരന്ദലജെ, രവ്‌നീത് സിങ് ബിട്ടു, ഹർഷ് മൽഹോത്ര എന്നിവരും മന്ത്രിമാരാകും. കൂടാതെ മനോഹർ ലാൽ ഖട്ടറിനും പ്രഹ്ലാദ് ജോഷിക്കും ലഭിക്കും.

  പിയൂഷ് ഗോയൽ, എസ് ജയശങ്കർ, അശ്വിനി വൈഷ്ണവ്, ധർമേന്ദ്ര പ്രധാൻ എന്നിവർ മന്ത്രിമാരായി തുടരും.   സർബാനന്ദ സോനോവാൾ, ഗജേന്ദ്ര സിങ് ഷെഖാവത്ത്, ഗിരിരാജ് സിങ് ചൗഹാൻ, ജിതേന്ദ്ര സിങ്, ബിപ്ലവ് ദേബ് എന്നിവരും മന്ത്രസഭയിൽ പങ്കെടുക്കും.   മൻസുഖ് മാണ്ഡവ്യ, കിരൺ റിജിജു, കമൽജിതച്ച് ഷെരാവത്ത, നിർമല സീതാരാമൻ, അന്നപൂർണാദേവി, ജിതിൻ പ്രസാദ, അനുപ്രിയ പട്ടേൽ, ബന്ദി സഞ്ജയ്, കിഷൻ റെഡ്ഡി, എച്ച്‌ഡി കുമാരസ്വാമി, ഹർഷ് പുരി, നിത്യാനന്ദ റായ്, റാവു ഇന്ദർജിത് എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

  അജയ് തംദ, രാംദാസ് അഥേവാലെ, ജുവൽ ഓറം, ജ്യോതിരാദിത്യ സിന്ധ്യ, ശന്തനു താക്കൂർ, പിആർ ജാദവ് മോഹൻ, നായിഡു എന്നിവരും മന്ത്രിമാരാകും.  സഖ്യകക്ഷികളിലെ 13 പേർ ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.   ഇതിൽ 16 എംപിമാരുള്ള ടിഡിപിയിൽ നിന്ന് രണ്ടുപേരും 12 എംപിമാരുള്ള ജെഡിയുവും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.   മറ്റ് ഒമ്പത് പാർട്ടികളിൽ നിന്ന് ഒരാൾ വീതം മന്ത്രിമാരാകും.

ഇനി ധ്യാന നിമിഷം : പ്രധാന മന്ത്രി നരേന്ദ്ര മോഡി കന്യാകുമാരിയില്‍ എത്തി, ഇനി മൂന്നു ദിവസം ധ്യാനം, അതീവ സുരക്ഷയില്‍ പ്രദേശം. #Narendra_Modi

 


കന്യാകുമാരി : ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെത്തി. നിശ്ചയിച്ചതിലും ഒരു മണിക്കൂർ വൈകിയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് വ്യോമസേനയുടെ സാങ്കേതിക മേഖലയിൽ ഇറങ്ങിയത്. മൂന്ന് ദിവസത്തേക്കാണ് പ്രധാനമന്ത്രി കന്യാകുമാരിയിലുള്ളത്.

കന്യാകുമാരി ഗസ്റ്റ് ഹൗസിൽ വിശ്രമിച്ച ശേഷം പ്രധാനമന്ത്രി ദേവീക്ഷേത്രം സന്ദർശിച്ച ശേഷം ബോട്ടിൽ വിവേകാനന്ദപാറയിലേക്ക് പോകും. പിന്നെ ഇവിടെ ധ്യാനിക്കും.

കാലാവസ്ഥ അനുകൂലമായതിനാൽ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ കന്യാകുമാരിയിലേക്ക് പുറപ്പെട്ടു. രണ്ട് ഹെലികോപ്റ്ററുകൾ പിന്തുടർന്നു. പ്രതികൂല കാലാവസ്ഥയിൽ റോഡ് മാർഗം പോകാനുള്ള ക്രമീകരണംവും ഏർപ്പെടുത്തിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് മാസത്തിലേറെയായി നടക്കുന്ന പ്രചാരണ റാലികളിൽ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി കന്യാകുമാരിയിലെത്തുന്നത്.

പൊതുതെരഞ്ഞെടുപ്പ് അതിൻ്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. ഏഴാം ഘട്ട വോട്ടെടുപ്പ് ജൂൺ ഒന്നിന് നടക്കും. പരസ്യ പ്രചാരണം ഇന്ന് അവസാനിച്ചു. ഈ അവസരത്തിലാണ് പ്രധാനമന്ത്രി കന്യാകുമാരിയിലെത്തുന്നത്.

വിവാദത്തിനിടെ കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി ... #Narendra_Modi


 കോവിഷീൽഡ് വാക്സിൻ വിവാദത്തിനിടെ കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻ്റെ ഭാഗമായാണ് ചിത്രം നീക്കം ചെയ്തതെന്നാണ് വിശദീകരണം.

CoviShield വാക്സിൻ സ്വീകരിച്ച അപൂർവ്വം ആളുകൾക്ക് TTS എന്ന അവസ്ഥ ഉണ്ടാകാം, ഇത് രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുന്നതിനും കാരണമാകുമെന്ന് അസ്ട്രസെനെക്ക യുകെയിലെ കോടതിയിൽ പറഞ്ഞു.

CoviShield എന്ന പേരിൽ ഇന്ത്യയിൽ അവതരിപ്പിച്ച കൊവിഡ് വാക്സിൻ ഗുരുതരമായ പാർശ്വഫലങ്ങളുള്ളതാണെന്ന് വാക്സിൻ കമ്പനിയായ ആസ്ട്രസെനെക്ക കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കോവിഷീൽഡ് വാക്സിൻ എടുത്ത് ഹൃദയാഘാതം മൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

നേരത്തെ കൊവിഡ് സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രത്തിനെതിരെ പ്രതിഷേധവും വിമർശനവും ഉയർന്നിരുന്നുവെങ്കിലും കേന്ദ്രസർക്കാർ ഇത്   തള്ളിക്കളയുകയായിരുന്നു.

ശക്തമായ ഇന്ത്യകെട്ടിപ്പടുക്കാൻ കോൺഗ്രസ്സിന് കഴിവില്ല, വിമർശനവുമായി നരേന്ദ്ര മോഡി. #NarendraModi

കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.  ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കാൻ കോൺഗ്രസിന് കഴിയില്ലെന്നാണ് വിമർശനം.  യുപിഎ സർക്കാരിൻ്റെ കാലത്ത് രാഹുൽ ഗാന്ധി ഓർഡിനൻസ് കീറിമുറിച്ചതിനെ പരാമർശിച്ച മോദി, കോൺഗ്രസിൻ്റെ മുഖം കാണാൻ പോലും ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ആരോപിച്ചു.

  സോണിയാ ഗാന്ധിയെ വിമർശിച്ച പ്രധാനമന്ത്രി, തിരഞ്ഞെടുപ്പ് പരാജയം ഭയന്നാണ് കോൺഗ്രസ് നേതാക്കൾ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്നും കോൺഗ്രസ് സ്വന്തം തെറ്റുകളുടെ ഫലം അനുഭവിക്കുകയാണെന്നും ആരോപിച്ചു.  രാജസ്ഥാനിലെ ജലോറിൽ നടന്ന റാലിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

പ്രധാന മന്ത്രിയുടെ പ്രചാരണ സുരക്ഷക്കായി കെട്ടിയ കയർ കുരുങ്ങി സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം. #Accident

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഇലക്ഷൻ പ്രചാരണത്തിന്റെ  ഭാഗമായി കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണി മരിച്ചത്. 

ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം. ഇലക്ഷൻ പ്രചാരണത്തിനായി നരേന്ദ്ര മോഡി എത്തുന്നതിനോട് അനുബന്ധിച്ചതാണ് കയർ കെട്ടി തടഞ്ഞത്. റോഡിൽ തലയിടിച്ച് വീണ മനോജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍ ; രാഹുല്‍ ഗാന്ധിയും പ്രകാശ്‌ കാരാട്ടും ഡി രാജയും പ്രചാരണത്തിന് എത്തും...#ElectionNews


 തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ. ആലത്തൂർ, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവർത്തകരെ അഭിസംബോധന ചെയ്യും. കോഴിക്കോട്ട് നടക്കുന്ന യുഡിഎഫ് മഹാറാലിയിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും. പ്രകാശ് കാരാട്ട്, ഡി രാജ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയ ദേശീയ നേതാക്കൾ ഇന്ന് വിവിധ മണ്ഡലങ്ങളിൽ പ്രചാരണം നടത്തും.
പ്രചാരണം അവസാനിക്കാൻ ഒമ്പത് ദിവസം മാത്രം ബാക്കി നിൽക്കെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം തകൃതിയായി. പ്രചാരണത്തിന് ആവേശം പകരാൻ താരപ്രചാരകർ ഇന്ന് കേരളത്തിലെത്തും. എൻഡിഎയുടെ താരപ്രചാരകൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി കൊച്ചിയിലെത്തി. രാവിലെ 10.30ന് ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തും ഉച്ചയ്ക്ക് 1.30ന് ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലും നടക്കുന്ന പൊതുയോഗങ്ങളിൽ നരേന്ദ്രമോദി പങ്കെടുക്കും. സമീപ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളും രംഗത്തിറങ്ങും.


ഇന്നു മുതൽ 22 വരെ ഒരാഴ്ചത്തെ വിപുലമായ പ്രചാരണ പരിപാടികളാണ് രാഹുൽ ഗാന്ധിക്കുള്ളത്. വൈകിട്ട് കോഴിക്കോട്ട് നടക്കുന്ന യുഡിഎഫ് മഹാറാലിയിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും. മലബാർ മേഖലയിലെ യു.ഡി.എഫ് സ്ഥാനാർഥികൾ വേദിയിലെത്തും. ഇന്നും നാളെയും സ്വന്തം മണ്ഡലമായ വയനാട്ടിൽ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രിക്ക് പുറമെ
ഇടതുമുന്നണിയുടെ താരപ്രചാരകനായ മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് തൃശൂർ ജില്ലയിലുണ്ട്. ഇരിങ്ങാലക്കുട, തൃശൂർ, ഗുരുവായൂർ എന്നിവിടങ്ങളിലെ പ്രചാരണ പരിപാടികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പേരൂർക്കട, സിപിഐഎം പോളിംഗ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പാപ്പനം എന്നിവരെ അഭിസംബോധന ചെയ്ത് വോട്ട് അഭ്യർത്ഥിക്കും. വരും ദിവസങ്ങളിൽ കൂടുതൽ ദേശീയ നേതാക്കൾ കേരളത്തിലെത്തി പ്രചാരണം ശക്തമാക്കും.

ഐഎഎസും ഐപിഎസും വേണ്ട, തന്ത്ര പ്രധാന തസ്തികകൾ സ്വകാര്യവൽക്കരിക്കാൻ മോഡി സർക്കാർ.. #Privatisation

കേന്ദ്രസർക്കാരിലെ പ്രധാന തസ്തികകളിലേക്ക് സ്വകാര്യമേഖലയിൽ നിന്നുള്ളവരെ നിയമിക്കാൻ നരേന്ദ്രമോദി സർക്കാർ.  ജോയിൻ്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി എന്നീ തസ്തികകളിലേക്കാണ് നിയമനം.  പൊതുവെ അഖിലേന്ത്യാ സർവീസുകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ അതായത് ഐഎഎസ്, ഐപിഎസ് എന്നിവരെയാണ് പ്രസ്തുത തസ്തികകളിലേക്ക് പരിഗണിക്കുന്നത്.  എന്നാൽ ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്ക് മൂന്ന് പേരെയും ഡയറക്ടർ/ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്ക് 22 പേരെയും സ്വകാര്യ മേഖലയിൽ നിന്ന് നിയമിക്കാൻ കേന്ദ്രം തീരുമാനിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.  നിലവിൽ 25 പേരുടെ നിയമനത്തിന് പ്രധാനമന്ത്രി അധ്യക്ഷനായ ക്യാബിനറ്റിൻ്റെ അപ്പോയിൻ്റ്‌മെൻ്റ് കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്.
  ലാറ്ററൽ എൻട്രി എന്ന നിലയിൽ ഈ വിദഗ്ധരെ സർക്കാർ സേവനങ്ങളിൽ ഉൾപ്പെടുത്താനാണ് നീക്കം.  2018-ലാണ് സർക്കാർ സേവനങ്ങളിലേക്കുള്ള ലാറ്ററൽ എൻട്രി ആദ്യമായി ആരംഭിച്ചത്. ജോയിൻ്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി എന്നീ തസ്തികകൾ സർക്കാരിൻ്റെ നയരൂപീകരണത്തിൽ വലിയ പങ്കുവഹിക്കുന്ന സ്ഥാനങ്ങളാണ്.  ഈ തസ്തികകളിലേക്കുള്ള നിയമനങ്ങൾ പൊതുവെ UPAC ആണ് നടത്തുന്നത്.  ഈ തസ്തികകളിലേക്ക് കൂടുതൽ കഴിവുള്ള പുതിയ ഉദ്യോഗാർത്ഥികളുടെ ആവശ്യകത കണക്കിലെടുത്ത് ലാറ്ററൽ എൻട്രി വഴി സ്വകാര്യ മേഖലയിൽ നിന്നുള്ളവരെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

2018 ജൂണിൽ പേഴ്‌സണൽ മന്ത്രാലയം 10 ​​ജോയിൻ്റ് സെക്രട്ടറി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു.  UPAC തന്നെയാണ് ഈ പോസ്റ്റിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്നത്.  പിന്നീട് 2021 ഒക്ടോബറിൽ കമ്മീഷൻ വീണ്ടും 31 ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് ശുപാർശ ചെയ്തു.  അതിൽ നിന്ന് ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്ക് 3 പേരെയും ഡയറക്ടർ സ്ഥാനത്തേക്ക് 19 പേരെയും ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്ക് 9 പേരെയും തിരഞ്ഞെടുത്തു.  2018 മുതൽ സർക്കാർ തസ്തികകളിലേക്ക് സ്വകാര്യ മേഖലയിൽ നിന്നുള്ള 38 വിദഗ്ധരെ നിയമിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. അവരിൽ 10 പേരെ ജോയിൻ്റ് സെക്രട്ടറിയായും 28 പേരെ ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറിയായും നിയമിച്ചു.  ഇവരിൽ 33 പേർ ഇപ്പോഴും സർവീസിലുണ്ട്.

  ലാറ്ററൽ എൻട്രി വഴി റിക്രൂട്ട് ചെയ്യുന്ന തസ്തികകൾ പൂർണ്ണമായും ചില പ്രത്യേക മേഖലയിൽ വൈദഗ്ധ്യം ആവശ്യമുള്ള വകുപ്പുകളിലാണ്.  ഇതിനായി സ്വകാര്യമേഖലയിൽ നിന്നോ സംസ്ഥാന സർക്കാരുകളിൽ നിന്നും സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ നിന്നോ ആളുകളെ തിരഞ്ഞെടുക്കുന്നു.

ഇന്ത്യ ഉടൻ 6G യുഗത്തിലേക്ക്, സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി.. #6GININDIA

ഇന്ത്യ ഉടൻ 6ജി യുഗത്തിലേക്ക് കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ചു.
  ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുന്നതിനു പുറമേ, ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ ഡാറ്റ പ്ലാനുകളുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.  6ജി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്നും ഇന്ത്യ ഉടൻ 5ജിയിൽ നിന്ന് 6ജിയിലേക്ക് മാറുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

  പ്രതീക്ഷിച്ചതിലും വേഗത്തിൽ 5ജി സേവനങ്ങൾ രാജ്യത്തുടനീളം വ്യാപിച്ചതായി പ്രധാനമന്ത്രി അവകാശപ്പെട്ടു.  രാജ്യത്തിന്റെ 22 മേഖലകളിൽ 5G സേവനങ്ങൾ വിജയകരമായി അവതരിപ്പിച്ചുവെന്ന ജിയോയുടെ പ്രഖ്യാപനവും ഇതിനോട് ചേർത്തിട്ടുണ്ട്.  വൈവിധ്യമാർന്ന റേഡിയോ ഫ്രീക്വൻസികൾ വഴി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും അതിവേഗ വയർലെസ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമെന്ന് ജിയോ അവകാശപ്പെടുന്നു.  ഡാറ്റാ ഹൈവേകളിലൂടെയും വ്യത്യസ്ത സ്പെക്ട്രം ബാൻഡുകളിലൂടെയും ഇത് സാധ്യമാക്കുന്നു.  ആഗസ്റ്റ് 11-നകം ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ആവശ്യമായ എല്ലാ പരിശോധനകളും പൂർത്തിയാക്കിയെന്നും കമ്പനി അവകാശപ്പെട്ടു. ജിയോയ്ക്ക് ശേഷം ഭാരതി എയർടെലും രാജ്യത്തുടനീളം 5G സേവനങ്ങൾ നൽകാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്.

  ഇതിനകം തന്നെ സൂപ്പർഫാസ്റ്റ് ഇന്റർനെറ്റ് നൽകുന്ന 5G-യെക്കാൾ 100 മടങ്ങ് വേഗതയുള്ളതാണ് 6G.  സെക്കൻഡിൽ 10 ജിഗാബൈറ്റ്‌സ് വരെ വേഗത കൈവരിക്കാൻ 5Gയ്ക്ക് കഴിയും.  അതേസമയം, 6G-യിൽ ഇത് സെക്കൻഡിൽ ഒരു ടെറാബൈറ്റ് വരെയാണ്.  ഫാക്ടറികളെ വിദൂരമായി നിയന്ത്രിക്കാനാകുമെന്നും പരസ്പരം സംസാരിക്കുന്ന കാറുകൾ, ഡ്രൈവറില്ലാ കാറുകൾ, വികാരങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന ധരിക്കാവുന്ന ഗാഡ്‌ജെറ്റുകൾ 6ജി യാഥാർത്ഥ്യമാകുന്നതോടെ യാഥാർത്ഥ്യമാകുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.  6ജിയുടെ വരവോടെ സുസ്ഥിരത സാധ്യമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോഡി തുറന്നുവിട്ട ചീറ്റപുലികൾ ചത്തൊടുങ്ങുന്നു ; വിഷയത്തിൽ ഇടപെട്ട് സുപ്രീം കോടതി.. #SupremeCourt

മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി തുറന്നുവിട്ട ചീറ്റപ്പുലികൾ തുടർച്ചയായി ചത്തൊടുങ്ങുന്നതിൽ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി.  ഒരു വർഷത്തിനുള്ളിൽ 40 ശതമാനം ചീറ്റകളും ചത്തൊടുങ്ങുന്നുണ്ടെന്നും പദ്ധതി രാജ്യത്തിൻ്റെ അഭിമാന പ്രശ്‌നമാക്കി മാറ്റരുതെന്നും ജസ്റ്റിസുമാരായ ബിആർ ഗവായ്, ജെബി പർദിവാല, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

  മരണകാരണം കാലാവസ്ഥയാണോ അതോ വൃക്ക, ശ്വാസകോശ സംബന്ധമായ തകരാറാണോ എന്ന് കോടതി ആരാഞ്ഞു.  അണുബാധ മരണത്തിലേക്ക് നയിക്കുമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി പറഞ്ഞു.  ചീറ്റപ്പുലികളെ കൂട്ടമായി നിർത്തി മറ്റൊരു ആവാസ വ്യവസ്ഥയിലേക്ക് മാറ്റേണ്ടതല്ലേ എന്നും ചോദിച്ചിരുന്നു.  ചീറ്റപ്പുലികളുടെ സംരക്ഷണത്തിന് ആവശ്യമായ നടപടികൾ എത്രയും വേഗം സ്വീകരിക്കാനും കേന്ദ്രത്തിന് നിർദേശം നൽകി.
  എന്നിരുന്നാലും, അവയുടെ സ്വാഭാവിക അന്തരീക്ഷത്തിൽ നിന്ന് നീക്കം ചെയ്യുമ്പോൾ ഇത്തരം പ്രശ്നങ്ങൾ സ്വാഭാവികമാണെന്നും നമീബിയയിൽ നിന്ന് കൊണ്ടുവരുന്ന ചീറ്റകളിൽ 50 ശതമാനവും ചത്തൊടുങ്ങുമെന്ന് വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.  കുനോ നാഷണൽ പാർക്കിൽ നാല് മാസത്തിനിടെ എട്ട് ചീറ്റകൾ ആണ് ചത്തത്.  ആഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന 20 ചീറ്റകളിൽ 15 എണ്ണം അവശേഷിക്കുന്നു.  ഇതോടെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനെതിരെ വൻ പ്രതിഷേധമാണ് പല കോണുകളിൽ നിന്നും ഉയർന്നിരിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0